സെർക്സിസിനേറ്റ കനത്ത പരാജയം
ഗ്രീസിലെ ഉണരുക! ലേഖകൻ
ചരിത്രമുറങ്ങുന്ന മണ്ണിനെ കുറിച്ച് അജ്ഞനായിരുന്ന ഒരു സഞ്ചാരി. ചൂടുറവകളും ഗന്ധകവാതകം തുപ്പുന്ന ഉഷ്ണജലപ്രവാഹങ്ങളും അദ്ദേഹത്തിന്റെ താത്പര്യം തൊട്ടുണർത്തുന്നു. “ചൂടു കവാടങ്ങൾ” എന്ന് അർഥം വരുന്ന തെർമോപ്പില എന്ന ഈ തീരദേശസമതലസ്ഥാനം, പണ്ടു തീരെ വീതി കുറഞ്ഞതും ദുർഗമവുമായ ഒരു പ്രദേശമായിരുന്നു എന്നറിയുന്നത് അദ്ദേഹത്തെ അമ്പരപ്പിച്ചേക്കാം. പക്ഷേ ഇവിടെയും, കുറെക്കൂടി തെക്കോട്ടു മാറി സലാമീസ് ദ്വീപിന് സമീപത്തും ബൈബിൾ പ്രവചനങ്ങൾ കൃത്യമായി നിവൃത്തിയേറിയതിന്റെ ഈടുറ്റ തെളിവു കണ്ടെത്താനാകും എന്ന തിരിച്ചറിവ് അദ്ദേഹത്തിൽ അതിലേറെ താത്പര്യം ഉണർത്തിയേക്കാം.
തീർച്ചയായും, ചരിത്രത്തിന്റെ ഏടുകൾ പരിശോധിക്കുമ്പോഴും പ്രവചന നിവൃത്തിയുടെ വെളിച്ചത്തിൽ വീക്ഷിക്കുമ്പോഴും, ഈ പ്രദേശങ്ങളോടു ബന്ധപ്പെട്ടു ദാനീയേൽ എന്ന ബൈബിൾ പുസ്തകത്തിലുള്ള ചില പ്രവചനങ്ങളുടെ വിശദാംശങ്ങൾ ശരിക്കും അത്ഭുതസ്തബ്ധമാക്കുന്നവയാണ്. ബൈബിൾ ദൈവവചനമാണ് എന്നതിന്റെ ബോധ്യപ്പെടുത്തുന്ന തെളിവ് അവ പ്രദാനം ചെയ്യുന്നു. ദാനീയേൽ പതിനൊന്നാം അധ്യായത്തിൽ നമുക്ക് ഒരു ശ്രദ്ധേയമായ ദൃഷ്ടാന്തം കാണാൻ കഴിയും. “മേദ്യനായ ദാര്യാവേശിന്റെ ഒന്നാം ആണ്ടിൽ”, പൊ.യു.മു. ഏതാണ്ട് 538-ലാണ് ദാനീയേലിന് ഈ പ്രാവചനിക വിവരം നൽകപ്പെട്ടത്. (ദാനീയേൽ 11:1) പക്ഷേ അന്നു വെളിപ്പെടുത്തപ്പെട്ട പ്രവചനം നിവൃത്തിയേറിയത് അനേകം നൂറ്റാണ്ടുകൾക്കു ശേഷമാണ്.
ഒരു പ്രത്യേക പേർഷ്യൻ രാജാവിനെ കുറിച്ചു ദാനീയേൽ 11:2 മുൻകൂട്ടി പറഞ്ഞു: “പാർസിദേശത്തു ഇനി മൂന്നു രാജാക്കന്മാർ എഴുന്നേല്ക്കും; നാലാമത്തവൻ എല്ലാവരിലും അധികം ധനവാനായിരിക്കും; അവൻ ധനംകൊണ്ടു ശക്തിപ്പെട്ടുവരുമ്പോൾ എല്ലാവരെയും യവനരാജ്യത്തിന്നു നേരെ ഉദ്യോഗിപ്പിക്കും [“എഴുന്നേൽപ്പിക്കും,” NW].”
കോരെശ് (സൈറസ്) രണ്ടാമൻ, കാംബൈസിസ് രണ്ടാമൻ, ദാര്യാവേശ് ഒന്നാമൻ എന്നിവരെ തുടർന്നു വന്ന ‘നാലാമത്തെ രാജാവ്’ വാസ്തവത്തിൽ സെർക്സിസ് ഒന്നാമനായിരുന്നു. തെളിവനുസരിച്ച്, അദ്ദേഹമാണ് ബൈബിൾ പുസ്തകമായ എസ്ഥേറിൽ വിവരിച്ചിരിക്കുന്ന അഹശ്വേരോശ് രാജാവ്. അദ്ദേഹം യഥാർഥത്തിൽ ‘എല്ലാവരെയും യവനരാജ്യത്തിനു നേരെ എഴുന്നേൽപ്പിച്ചോ’? അതിന്റെ പരിണതഫലം എന്തായിരുന്നു?
സെർക്സിസ്—കീഴടക്കാൻ ദൃഢചിത്തനായി
തന്റെ പിതാവായ ദാര്യാവേശിന്റെ സൈന്യത്തിനു മാരത്തോണിൽ വെച്ച് ഏറ്റ പരാജയത്തിന്റെ പരിണതഫലങ്ങളുമായി സെർക്സിസിനു പൊരുത്തപ്പെടേണ്ടതുണ്ടായിരുന്നു.a അങ്ങനെ, തന്റെ ഭരണത്തിന്റെ ആദ്യവർഷങ്ങൾ സാമ്രാജ്യത്തിലെ വിപ്ലവങ്ങളെ അടിച്ചമർത്തുന്നതിനും “ധനംകൊണ്ടു ശക്തി” പ്രാപിക്കുന്നതിനും അദ്ദേഹം വിനിയോഗിച്ചു.
എന്നിരുന്നാലും, തന്റെ ഉത്കർഷേച്ഛുക്കളായ കൊട്ടാര ഉദ്യോഗസ്ഥർ എരിവു കേറ്റിയതിന്റെ ഫലമായി ഗ്രീസിനെ കീഴടക്കുക എന്ന ആഗ്രഹം സെർക്സിസിന്റെ മനസ്സിൽ തങ്ങിനിൽക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് പൊ.യു.മു. 484-ൽ തുടങ്ങി മൂന്നു വർഷം കൊണ്ട് അദ്ദേഹം എല്ലാ പേർഷ്യൻ ഗവർണർമാരുടെയും (സേട്രാപ്പുകൾ) അധികാര അതിർത്തിയിൽ ഉള്ള ജില്ലകളിൽ നിന്നും പേർഷ്യൻ നിയന്ത്രണത്തിലുള്ള സംസ്ഥാനങ്ങളിൽ നിന്നും സൈനികരെ കൂട്ടിച്ചേർത്തു. ഭൂമുഖത്തു മാർച്ചു ചെയ്തിട്ടുള്ളതിൽ വെച്ച് അതിബൃഹത്തായ സൈന്യങ്ങളിൽ ഒന്നായിരുന്നു ഇത് എന്നു പറയപ്പെടുന്നു. ഗ്രീക്കു ചരിത്രകാരനായ ഹിറോഡോട്ടസ് പറയുന്നത്, 26,41,610 എന്ന അവിശ്വസനീയ സംഖ്യയാണ് സെർക്സിസിന്റെ കരസേനയിലും നാവികസേനയിലുമായി ഉണ്ടായിരുന്നത് എന്നാണ്.b
ഇതേസമയം, ഗ്രീക്കുകാർ തങ്ങളുടേതായ രീതിയിൽ തയ്യാറെടുപ്പുകൾ നടത്താൻ തുടങ്ങിയിരുന്നു. പതിവായി സമുദ്രയാത്ര നടത്തുന്നവരായിരുന്നെങ്കിലും ദുർബലമായ ഒരു നാവികപ്പട ആയിരുന്നു അവർക്ക് ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ, പേർഷ്യക്കാരിൽ നിന്നുള്ള കടുത്ത ആക്രമണ ഭീഷണി ഉണ്ടായതിനാലും ഡെൽഫിയിൽ നിന്നുള്ള ഒരു വെളിച്ചപ്പാട് ‘മര മതിലുകളാൽ’ തങ്ങളെത്തന്നെ സംരക്ഷിക്കാൻ ഉപദേശിച്ചതിനാലും, ഏഥൻസുകാർ ശക്തമായ ഒരു നാവികപ്പട രൂപീകരിക്കാൻ തുടങ്ങി.
ലോറിയത്തിലെ സർക്കാർ വക ഖനികളിൽ വെള്ളി നിക്ഷേപം സമൃദ്ധമായി ഉണ്ടായിരുന്നു. 200 ട്രൈറിമുകൾ അടങ്ങുന്ന ഒരു നാവിക വ്യൂഹം രൂപീകരിക്കാനായി ഈ ഖനികളിൽ നിന്നുള്ള മുഴുലാഭവും ഉപയോഗിക്കാൻ ഏഥൻസിലെ ഒരു പ്രമുഖ രാഷ്ട്രതന്ത്രജ്ഞനായിരുന്ന തെമിസ്തോക്ലിസ് അസംബ്ലിയെ ശക്തമായി പ്രേരിപ്പിച്ചു. ആദ്യം അൽപ്പം മടിച്ചെങ്കിലും, 30-തോളം ഗ്രീക്കു നഗരരാഷ്ട്രങ്ങൾ അടങ്ങുന്ന യവന സഖ്യം രൂപീകരിക്കുന്നതിനു സ്പാർട്ട നേതൃത്വം നൽകി.
ഇതേസമയം, സെർക്സിസ് തന്റെ ആക്രമണോത്സുകമായ വിനാശക സേനയെ യൂറോപ്പിലേക്കു നയിക്കുകയായിരുന്നു—വെല്ലുവിളി നിറഞ്ഞ ഒരു സംരംഭം തന്നെ. വഴിമധ്യേ ഉള്ള നഗരങ്ങളായിരുന്നു ഭക്ഷണം പ്രദാനം ചെയ്യേണ്ടിയിരുന്നത്. മുഴു സൈന്യത്തിന്റെയും ഒരൊറ്റ നേരത്തെ ആഹാരത്തിന് ഒരു ദിവസം 400 താലന്ത് സ്വർണം മുടക്കേണ്ടിയിരുന്നു. രാജഭോജനത്തിനു വേണ്ട ആടുമാടുകൾ, പക്ഷികൾ, ധാന്യം എന്നിവ ഒരുക്കേണ്ടതിനു മാസങ്ങൾക്കു മുമ്പു തന്നെ രാജകിങ്കരന്മാരെ അയയ്ക്കുകയുണ്ടായി. സെർക്സിസിനു മാത്രമാണ് ഒരു കൂടാരം ഉണ്ടായിരുന്നത്. ശേഷം സൈന്യം മുഴുവൻ വെളിമ്പ്രദേശത്താണു കിടന്നുറങ്ങിയിരുന്നത്.
ഈ ബൃഹത്തായ സൈന്യത്തിന് ആദ്യം, ഏഷ്യയെ യൂറോപ്പിൽ നിന്നു വേർതിരിക്കുന്ന ഒരു ഇടുങ്ങിയ കടലിടുക്കായ ഹെലസ്പോന്റ് (ഇപ്പോൾ ഡാർഡനെൽസ് എന്നു വിളിക്കപ്പെടുന്നു) മുറിച്ചു കടക്കേണ്ടിയിരുന്നു. ഒരു കൊടുങ്കാറ്റിൽ പെട്ടു രണ്ടു തോണിപ്പാലങ്ങൾ തകർന്നപ്പോൾ ഭ്രാന്തമായ കോപാവേശത്തിൽ സെർക്സിസ് ഹെലസ്പോന്റിലെ വെള്ളത്തെ 300 പ്രാവശ്യം ചാട്ടയ്ക്കു പ്രഹരിക്കാനും ചങ്ങലയിൽ തളയ്ക്കാനും അതിൽ ഇരുമ്പു ചുട്ടുപഴുപ്പിച്ചു വെക്കാനും ഉത്തരവിട്ടു. അവ നിർമിച്ച എഞ്ചിനീയർമാരെ അദ്ദേഹം ശിരച്ഛേദം ചെയ്യിക്കുകയും ചെയ്തു. ഹെലസ്പോന്റിനു മുകളിലൂടെ വീണ്ടും രണ്ടു പാലങ്ങൾ കൂടി നിർമിക്കുകയുണ്ടായി. മുഴു സൈന്യവും ആ പാലങ്ങളിലൂടെ അക്കരെ കടക്കാൻ ഒരാഴ്ച എടുത്തു.
തെർമോപ്പില—ദുർഗമമായ ഒരു ഇടുങ്ങിയ പ്രദേശം
പൊ.യു.മു. 480-ന്റെ മധ്യത്തോടടുത്തു പേർഷ്യൻ സാമ്രാജ്യത്തിന്റെ കരസേന—ഒപ്പം നാവികസേനയും—തെസ്സാലി തീരത്തു കൂടെ മുന്നേറി. നീണ്ടു കിടക്കുന്നതെങ്കിലും ഇടുങ്ങിയ പ്രദേശമായിരുന്ന തെർമോപ്പിലയിൽ നിലയുറപ്പിക്കാൻ ഗ്രീക്കു സഖ്യസേന അവസാനം തീരുമാനിച്ചു. വൻകരയിലെ ചെങ്കുത്തായ പർവതങ്ങളുടെ അടിവാരത്തുള്ള ആ കടലോരപാതയ്ക്ക് അന്നു 15 മീറ്റർ പോലും വീതിയുണ്ടായിരുന്നില്ല.c
പേർഷ്യൻ സൈന്യത്തിലെ തീരെ കുറച്ചു പടയാളികൾക്കു മാത്രമേ ഒരേ സമയം ഈ ഇടുങ്ങിയ പ്രദേശത്തു കൂടെ മുന്നേറാൻ ആകുമായിരുന്നുള്ളു. അതുകൊണ്ട്, ദൃഢഗാത്രരായ ഏതാനും ഗ്രീക്കു പടയാളികൾ വിചാരിച്ചാൽ അവരെ തടഞ്ഞുനിർത്താൻ സാധിക്കുമായിരുന്നു. സ്പാർട്ടയിലെ രാജാവായിരുന്ന ലിയാണിഡസിന്റെ നേതൃത്വത്തിൽ 7,000 ഗ്രീക്കുകാർ അടങ്ങുന്ന ഒരു സൈന്യം നേരത്തെ തന്നെ വന്നു തെർമോപ്പിലയ്ക്ക് അടുത്തുള്ള കടലിടുക്കുകൾക്കു സമീപം സ്ഥാനം പിടിച്ചിരുന്നു. ഇതേ സമയം, പേർഷ്യക്കാരെ ചതിയിൽ പരാജയപ്പെടുത്തുന്നതിനായി 270 യുദ്ധക്കപ്പലുകൾ അടങ്ങുന്ന ഗ്രീക്കു നാവികസേന ആർത്തേമിസിയം തീരത്തിന് അകലെയായി നങ്കൂരമുറപ്പിച്ചിരുന്നു.
ആഗസ്റ്റ് ആരംഭത്തിൽ സെർക്സിസ് തെർമോപ്പിലയിൽ എത്തി, തന്റെ വൻ സൈന്യം ഗ്രീക്കുകാരെ നിശ്ശേഷം തോൽപ്പിക്കും എന്ന ആത്മവിശ്വാസത്തോടെ. എന്നാൽ ഗ്രീക്കുകാർ വിട്ടുകൊടുക്കാതായപ്പോൾ അവരെ തുരത്താനായി അദ്ദേഹം മേദ്യരെയും സിസിയരെയും പറഞ്ഞയച്ചു; പക്ഷേ ഈ സേനകൾക്കു കനത്ത തിരിച്ചടിയേറ്റു. സേട്രാപ്പ് ഹിഡാർനെസിന്റെ നേതൃത്വത്തിൻ കീഴിൽ സെർക്സിസ് പറഞ്ഞയച്ച “ഇമ്മോർട്ടൽസ്”-ന്റെയും (അതിനിപുണരായ പോരാളികളുടെ ഒരു സംഘം) ഗതി മറ്റൊന്നായിരുന്നില്ല.
എഫിയാൽറ്റിസ്, ഒരു പേക്കിനാവ്
പേർഷ്യക്കാരുടെ വിജയത്തിനുള്ള സർവസാധ്യതകളും അസ്തമിച്ചു എന്നു തോന്നിയപ്പോഴാണ് ദുരാഗ്രഹിയായ ഒരു തെസ്സാലിയൻ കർഷകൻ എഫിയാൽറ്റിസ് (ഗ്രീക്കിൽ “പേക്കിനാവ്” എന്ന് അർഥം) കുന്നുകളുടെ മുകളിൽ കൂടി അവരെ ഗ്രീക്കു സേനയുടെ പിൻഭാഗത്ത് എത്തിക്കാമെന്നു വാഗ്ദാനം ചെയ്തത്. പിറ്റേന്നു പ്രഭാതത്തിൽ, ഗ്രീക്കുകാരെ പിമ്പിൽ നിന്ന് ആക്രമിക്കത്തക്ക വിധത്തിൽ പേർഷ്യക്കാർ അവരെ വളഞ്ഞു. തങ്ങളുടെ പതനം ആസന്നമായെന്നു മനസ്സിലാക്കിയ സ്പാർട്ടക്കാർ കടുത്ത വീറോടും വാശിയോടും കൂടെ പൊരുതി. ശത്രു നിരകളിലേക്ക് ഇറങ്ങിച്ചെന്നു പോരാടാൻ സൈനികമേധാവികളാൽ നിർബന്ധിതരാക്കപ്പെട്ട പേർഷ്യക്കാരിൽ അനേകരും ചവിട്ടേറ്റു മരിക്കുകയോ കടലിൽ തള്ളപ്പെടുകയോ ചെയ്തു. എന്നിരുന്നാലും അവസാനം, ലിയാണിഡസ് രാജാവും അദ്ദേഹത്തിന്റെ കൂടെ അപ്പോൾ ഉണ്ടായിരുന്ന 1,000 സൈനികരും കൊല്ലപ്പെട്ടു. ഇങ്ങനെ ഹിഡാർനെസ് ആ സ്പാർട്ടക്കാരുടെ മേൽ വിജയം വരിച്ചു.
പേർഷ്യൻ കരസേനയും പേർഷ്യൻ നാവികപ്പടയിൽ ശേഷിച്ചവരും ചേർന്ന് ഏഥൻസുകാരെ അവരുടെ വീടുകളിലേക്കു തുരത്തിയോടിച്ചു. കണ്ണിൽ കണ്ടതെല്ലാം കൊള്ളയിട്ടും തീവെച്ചും കൊണ്ടു സെർക്സിസ് ആറ്റിക്കയിലേക്കു മാർച്ചു ചെയ്തു. ഏഥൻസുകാർ എല്ലാം ഇട്ടെറിഞ്ഞ് സമീപത്തുള്ള സലാമീസ് ദ്വീപിലേക്ക് പോയി. ഗ്രീക്കു നാവികപ്പടയാകട്ടെ, ഏഥൻസിനും സലാമീസിനും ഇടയ്ക്കു നിലയുറപ്പിച്ചു. ഏഥൻസിലെ അക്രോപ്പൊലിസ് നിലംപരിചാക്കാൻ രണ്ടാഴ്ച വേണ്ടി വന്നു. അതിലെ കാവൽക്കാരെല്ലാം വധിക്കപ്പെട്ടു, ദേവാലയങ്ങൾ കൊള്ളയടിക്കപ്പെട്ടു. എന്നിട്ടും മതിവരാതെ, അവയെ തകർത്തുതരിപ്പണമാക്കി തീവെച്ചു ചുട്ടു കളയുകയും ചെയ്തു.
സലാമീസ—“മര മതിലുകൾ” പ്രവർത്തനത്തിൽ
തെർമോപ്പിലയ്ക്കു സമീപം ഗ്രീക്കു യുദ്ധക്കപ്പലുകൾ പേർഷ്യൻ നാവികപ്പടയുമായി ഉഗ്രമായ, എന്നാൽ പ്രത്യേക യുദ്ധതന്ത്രങ്ങളൊന്നും ഉപയോഗിക്കാഞ്ഞ ധാരാളം ഏറ്റുമുട്ടലുകൾ നടത്തിയിരുന്നു. ഇപ്പോഴാകട്ടെ, കരസേന പിൻവാങ്ങിയതിനാൽ ഗ്രീക്കു നാവികപ്പടയും തെക്കോട്ടേക്കു പിൻവാങ്ങിയിരുന്നു. സലാമീസ് ഉൾക്കടലിൽ നാവികപ്പട വീണ്ടും ഒരുമിച്ചു ചേർന്നു. ഇവിടെ വെച്ചു തെമിസ്തോക്ലിസ് ഒരു യുദ്ധതന്ത്രം മെനയാൻ തുടങ്ങി.
പേർഷ്യൻ നാവികപ്പടയുടെ ശക്തികേന്ദ്രമായി വർത്തിച്ച 300 ഫിനിഷ്യൻ കപ്പലുകൾ വലിപ്പമുള്ളവയെങ്കിലും, ചെറുതും ബലിഷ്ഠവുമായിരുന്ന ഗ്രീക്കു ട്രൈറിമുകളോടുള്ള താരതമ്യത്തിൽ ഓടിക്കാൻ കൂടുതൽ എളുപ്പമുള്ളവയായിരുന്നു എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. പേർഷ്യൻ നാവികവ്യൂഹത്തിൽ ഏകദേശം 1,200 കപ്പലുകൾ ഉണ്ടായിരിക്കെ ഗ്രീക്കു സേനക്കു വെറും 380 കപ്പലുകൾ മാത്രമാണ് ഉണ്ടായിരുന്നത്. കൂടാതെ, ഗ്രീക്കു നാവികർ പേർഷ്യൻ യുദ്ധക്കപ്പലുകളിലെ നാവികരുടെ അത്രയും പരിചയസമ്പന്നരും അല്ലായിരുന്നു. എന്നാൽ സലാമീസിനും ആറ്റിക്ക തീരത്തിനും ഇടയിലുള്ള നീർച്ചാൽ ഇടുങ്ങിയതായിരുന്നു. വെറും 50 കപ്പലുകൾക്കു മാത്രമേ ഒരുമിച്ച് അതിലൂടെ മുന്നേറാൻ സാധിക്കുമായിരുന്നുള്ളു. ഗ്രീക്കുകാർക്കു പേർഷ്യക്കാരെ ഈ പ്രകൃതിദത്തമായ ചോർപ്പിലേക്ക് എങ്ങനെയെങ്കിലും എത്തിക്കാൻ സാധിച്ചാൽ, ഓടിക്കാൻ വളരെ എളുപ്പമായ അനേകം കപ്പലുകൾ ഉണ്ടെന്നുള്ള പേർഷ്യൻ മേധാവിത്വം തകരുമായിരുന്നു. ഗ്രീക്കു നാവികസേന പലായനം ചെയ്യുന്നതിനു മുമ്പേ അവരെ ആക്രമിക്കാൻ പ്രലോഭിപ്പിച്ചു കൊണ്ടുള്ള ഒരു വഞ്ചനാകരമായ സന്ദേശം സെർക്സിസിന് അയച്ചുകൊണ്ട് തെമിസ്തോക്ലിസ് യുദ്ധം എത്രയും പെട്ടെന്ന് ആരംഭിക്കാൻ ഇടയാക്കിയതായി പറയപ്പെടുന്നു.
അങ്ങനെ, ഒടുവിൽ അതു സംഭവിച്ചു. പേർഷ്യൻ നാവികവ്യൂഹം ആറ്റിക്കയുടെ മുനമ്പു ചുറ്റിവളഞ്ഞു നീർച്ചാൽ ലക്ഷ്യമാക്കി കുതിച്ചു. സർവസന്നാഹങ്ങളോടും കൂടി എത്തിയ ഓരോ യുദ്ധക്കപ്പലിലും തുഴക്കാരും യുദ്ധം ചെയ്യുന്നതിനായി വില്ലാളികളും കുന്തം ഏന്തിയ പോരാളികളും നിരന്നിരുന്നു. വിജയം സുനിശ്ചിതമാണെന്നു വിശ്വസിച്ച സെർക്സിസ്, യുദ്ധം നടക്കുന്നതു സ്വസ്ഥമായിരുന്നു കാണാൻ വേണ്ടി ഒരു മലയുടെ മുകളിൽ തന്റെ സിംഹാസനം സ്ഥാപിച്ചിരുന്നു.
കനത്ത പരാജയം
ആ ഇടുങ്ങിയ നീർച്ചാലിലേക്കു പേർഷ്യക്കാർ തള്ളിക്കയറിയപ്പോൾ അവിടമാകെ ബഹളമയമായി. പൊടുന്നനെ, സലാമീസ് ദ്വീപിന്റെ ഉയരങ്ങളിൽ എവിടെയോ നിന്ന് ഒരു കാഹളശബ്ദം മുഴങ്ങി കേട്ടു. ഗ്രീക്കു കപ്പലുകൾ നിരനിരയായി ശരവേഗത്തിൽ മുന്നോട്ടു കുതിച്ചു. ട്രൈറിമുകൾ പേർഷ്യൻ കപ്പലുകളിൽ ഇടിച്ചു അവയുടെ പള്ള തകർക്കുകയും ആ കപ്പലുകൾ തമ്മിൽ കൂട്ടി ഇടിക്കുന്നതിന് ഇടയാക്കുകയും ചെയ്തു. തകർക്കപ്പെട്ട ശത്രു കപ്പലുകളിലേക്കു വാളേന്തിയ ഗ്രീക്കു യോദ്ധാക്കൾ ചാടിക്കയറി.
ആറ്റിക്കയുടെ തീരത്തെങ്ങും തടിക്കഷണങ്ങളും ശരീരഭാഗങ്ങളും ചിതറി വീണു. ഈ ദുരന്തനാടകത്തെ തുടർന്ന് അവശേഷിച്ച കപ്പലുകളുമായി സെർക്സിസ് സ്വരാജ്യത്തേക്കു തിരിച്ചു. ആ വർഷത്തേക്കുള്ള അദ്ദേഹത്തിന്റെ സൈനിക പ്രവർത്തനങ്ങളെല്ലാം അതോടെ അവസാനിച്ചു. എന്നിരുന്നാലും, ഗണ്യമായ ഒരു കൂട്ടം സൈനികരെ ശൈത്യകാലം കഴിയുന്നതു വരെ തന്റെ സ്യാലനായ മാർഡോണിയസിന്റെ കീഴിൽ നിർത്തിയിട്ടാണ് അദ്ദേഹം അവിടെ നിന്നും പോയത്.
ഉത്സുകരായ ബൈബിൾ വിദ്യാർഥികൾക്ക്, സലാമീസിലെ പരാജയം, ദാനീയേൽ പ്രവചനത്തിൽ പരാമർശിച്ചിരിക്കുന്ന മേദോപേർഷ്യയാകുന്ന “രണ്ടു കൊമ്പുള്ള ആട്ടുകൊറ്റ”ന്റെ മേൽ ഗ്രീസ് എന്ന “കോലാട്ടുകൊറ്റൻ” നേടുന്ന ആത്യന്തിക മേധാവിത്വത്തിന്റെ വളരെ നേരത്തേയുള്ള ഒരു സൂചനയായിരുന്നു. (ദാനീയേൽ 8:5-8) അതിലും പ്രധാനമായി, അധികാരത്തിനു വേണ്ടിയുള്ള മനുഷ്യന്റെ നിഷ്ഫലമായ പോരാട്ടങ്ങൾക്കു രാജാവായ യേശുക്രിസ്തുവിന്റെ ഭരണാധിപത്യം ഒരു പരിസമാപ്തി കുറിക്കും എന്ന ഉറപ്പാണു ബൈബിൾ പ്രവചനങ്ങൾ ദൈവദാസർക്കു നൽകുന്നത്.—യെശയ്യാവു 9:6; ദാനീയേൽ 2:44.
[അടിക്കുറിപ്പുകൾ]
a കൂടുതൽ വിശദാംശങ്ങൾക്കായി 1995 മേയ് 8 ലക്കം ഉണരുക!യിലെ “മാരത്തോൺ യുദ്ധം—ഒരു ലോകശക്തിയുടെ അവമാനം,” കാണുക.
b മറ്റ് അനേകം പുരാതന യുദ്ധങ്ങളുടെയും കാര്യത്തിൽ സത്യമായിരിക്കുന്നതു പോലെ, പേർഷ്യൻ സൈന്യത്തിന്റെ സംഖ്യാബലത്തിന്റെ കാര്യവും തർക്കവിധേയമാണ്. ചരിത്രകാരനായ വിൽ ഡുറാന്റ് ഹിറോഡോട്ടസിന്റെ ഈ കണക്ക് ഉദ്ധരിക്കുമ്പോൾ മറ്റു പരാമർശ കൃതികളിൽ 2,50,000-ത്തിന്റെയും 4,00,000-ത്തിന്റെയും ഇടയ്ക്കുള്ള ഒരു സംഖ്യയാണു കാണുന്നത്.
c എക്കൽ വന്നടിഞ്ഞതിന്റെ ഫലമായി ഇപ്പോൾ കടലോരത്തിന്റെ വീതി കൂടിയിരിക്കുന്നു. ഇന്ന് അതു 2.4 മുതൽ 4.8 വരെ കിലോമീറ്റർ വീതിയുള്ള ഒരു ചതുപ്പു സമതലമാണ്.
[25-ാം പേജിലെ ചതുരം/ചിത്രം]
ട്രൈറിം—ഒരു മാരക കപ്പൽ
പൊ.യു.മു. അഞ്ചാം നൂറ്റാണ്ടിൽ ഇജിയനിൽ വെച്ച് ഏഥൻസുകാർ നേടിയ നാവികവിജയത്തിന്റെ പിമ്പിലുള്ള ശക്തി ട്രൈറിമായിരുന്നു. സാധാരണഗതിയിൽ പായയുടെ സഹായത്താൽ സഞ്ചരിച്ചിരുന്ന വീതി കുറഞ്ഞ ആ കപ്പൽ നാവിക യുദ്ധങ്ങളുടെ സമയത്തു തുഴക്കാർ തുഴഞ്ഞിരുന്നു. ഓരോ തുഴക്കപ്പലിലും ഒരു ചെറു സംഘം സൈനികർ ഉണ്ടായിരുന്നു. പക്ഷേ ശത്രുകപ്പലുകളിൽ ചാടിക്കയറി ആക്രമിക്കുക എന്നതിനെക്കാൾ ട്രൈറിമിന്റെ ലോഹം കൊണ്ടുള്ള കൂർത്ത മുന്നഗ്രത്താൽ ശത്രുകപ്പലുകളെ തകർക്കുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം. 170 തുഴക്കാരായിരുന്നു ട്രൈറിമിൽ ഉണ്ടായിരുന്നത്.
[കടപ്പാട്]
Hellenic Maritime Museum/ ഫോട്ടോ: P. Stolis
[26-ാം പേജിലെ ഭൂപടം]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
സെർക്സിസിന്റെ സേനകൾ
തെസ്സാലി
ആർത്തേമിസിയം
തെർമോപ്പില
ആറ്റിക്ക
സലാമീസ്
മാരത്തോൺ
ഏഥൻസ്
ലോറിയം
സ്പാർട്ട
ഹെലസ്പോന്റ്
[കടപ്പാട്]
Mountain High Maps® Copyright © 1997 Digital Wisdom, Inc.