ഇതു നിങ്ങൾക്കുവേണ്ടിയുള്ള കളിയാണോ?
“ഒരുവന്റെ ഗ്രഹണപ്രാപ്തിയെ ആശ്രയിച്ച്, ഡൂം ഒന്നുകിൽ കമ്പ്യൂട്ടർ കളികളെ സാങ്കേതിക സങ്കീർണതയുടെ ഒരു പുതിയ നിലവാരത്തിൽ എത്തിക്കുന്നതും ഒരുവന്റെ ഹൃദയമിടിപ്പ് കൂട്ടുന്നതുമായ വെടിവെപ്പുകൾ അടങ്ങുന്നതാണ്, അല്ലെങ്കിൽ കമ്പ്യൂട്ടർ കളികളെ ഒരു പുതിയ അധമാവസ്ഥയിൽ എത്തിക്കുന്ന അക്രമ ചിത്രീകരണത്തിന്റെ ഒരു കൂത്തരങ്ങാണ്.” ദ ന്യൂയോർക്ക് ടൈംസിന്റെ “സ്വകാര്യ കമ്പ്യൂട്ടർ” കോളത്തിൽ പീറ്റർ ലൂയിസ് അപ്രകാരം എഴുതി. പല കമ്പ്യൂട്ടർ കളികളും ലോലമായി മറച്ച അക്രമമോ രക്തരൂക്ഷിതമായ കൂട്ടക്കൊലകളോ പച്ചയായ അശ്ലീലം പോലുമോ ആണ്. പുതിയ ആവേശമായ ഡൂം II ഏറ്റവും കൂടുതൽ വില്പനയുള്ളതായിത്തീരുമെന്നു പ്രതീക്ഷിക്കപ്പെടുന്നു. അതിന്റെ വില 69.95 ഡോളർ ആയിരുന്നിട്ടും. ഇത്തരം കളി സമാധാനപ്രിയരായ ക്രിസ്ത്യാനികൾക്ക് ഉചിതമാണോ? ലൂയിസിന്റെ തുടർന്നുള്ള വർണന തീരുമാനമെടുക്കാൻ നിങ്ങളെ സഹായിച്ചേക്കാം.
“കളിക്കാരൻ ചൊവ്വാഗ്രഹത്തിന്റെ ഉപഗ്രഹങ്ങളിലൊന്നിൽ നിലയുറപ്പിച്ചിരിക്കുന്ന ഒരു നാവിക ഭടനാണു താൻ എന്നു സങ്കൽപ്പിക്കുന്നു, അപ്പോൾ ഒരു വ്യാവസായിക അപകടം നരകത്തിലേക്കുള്ള ഒരു ഇടനാഴി തുറക്കുന്നു. . . . നാവികന് മിക്കവാറും എല്ലാ വളവിലും നിൽക്കുന്ന ഭൂതങ്ങളെയും മുൻ മനുഷ്യരെയും ഇടിച്ചിട്ടുകൊണ്ടും വെടിവെച്ചുകൊണ്ടും വറത്തുപൊരിച്ചുകൊണ്ടും അറത്തുമുറിച്ചുകൊണ്ടും വളഞ്ഞുപുളഞ്ഞ വഴികളിലൂടെ പോരാടി കടന്നു പോകേണ്ടതുണ്ട്. . . .
“ഡൂം II-ലെ പുരോഗമനങ്ങൾ ഇപ്രകാരം എളുപ്പം ക്രോഡീകരിച്ചിരിക്കുന്നു: കൂടുതൽ ഭൂതങ്ങളും കൂടുതൽ ഏകാന്തമായ ഇടനാഴികളും കൂടുതൽ ആയുധങ്ങളും കൂടുതൽ രക്തച്ചൊരിച്ചിലും.”
നെവേദയിലെ ലാസ് വെഗാസിൽ നടന്ന ഒരു കമ്പ്യൂട്ടർ കൺവെൻഷനെക്കുറിച്ച് അഭിപ്രായംപറഞ്ഞുകൊണ്ട് ദ ന്യൂയോർക്ക് ടൈംസ് ഇപ്രകാരം പ്രസ്താവിച്ചു: “ഈ വർഷത്തെ ഏറ്റവും പ്രകടമായ പുതുമ ബഹുമാധ്യമ അശ്ലീലമാണ് . . . അതു കോൺഫറൻസിലെ വലിയ ജനക്കൂട്ടത്തിൽ കുറേപേരെ ആകർഷിച്ചു.”
ബൈബിളെഴുത്തുകാരനായ യാക്കോബ് പറഞ്ഞു: “ഉയരത്തിൽനിന്നുള്ള ജ്ഞാനമോ ഒന്നാമതു നിർമ്മലവും പിന്നെ സമാധാനവും ശാന്തതയും അനുസരണവുമുള്ളതും കരുണയും സൽഫലവും നിറഞ്ഞതും” ആകുന്നു. (യാക്കോബ് 3:17) മാതാപിതാക്കളേ, നിങ്ങളുടെ മക്കൾ രാത്രിവൈകി ഉപയോഗിക്കുന്ന സ്വകാര്യ കമ്പ്യൂട്ടർ കളികൾ നിങ്ങൾ പരിശോധിച്ചിട്ടുണ്ടോ? ഞങ്ങൾ കൂടുതൽ പറയേണ്ടതുണ്ടോ?