ലോകാവസാനത്തെക്കുറിച്ചുള്ള ഭാവികഥനങ്ങൾ
“ലോകം അവസാനിക്കാറായിരിക്കുന്നുവെന്നു വിഷണ്ണതയുടെ പ്രവാചകൻമാർ ആയിരക്കണക്കിനു വർഷങ്ങളായി പ്രവചിച്ചുകൊണ്ടാണിരിക്കുന്നത്.”—മുന്നറിയിപ്പുകൾ: ഭാവിയിലേക്കുള്ള ഒരു കുതിച്ചുചാട്ടം. (ഇംഗ്ലീഷ്)
യേശുവിന്റെ മരണത്തിനുശേഷം കൃത്യം 1,000 വർഷം പിന്നിട്ട് 1033-ൽ വന്നെത്തിയിരുന്നു. ആ വർഷം ഫ്രാൻസിലെ ബർഗണ്ടിയിലുള്ള നിവാസികൾ വളരെ ഭയാകുലരായിരുന്നു, കാരണം ആ വർഷം ലോകം അവസാനിക്കുമെന്നു മുൻകൂട്ടി പറയപ്പെട്ടിരുന്നു. പതിവില്ലാതെ കൂടുതൽ തവണ നാശകരമായ ഇടിമിന്നലോടുകൂടിയ, ശക്തിയേറിയ മഴയും കാറ്റും ഉണ്ടാകുകയും കടുത്ത ക്ഷാമം ബാധിക്കുകയും ചെയ്തപ്പോൾ ന്യായവിധി ഉണ്ടാകുമെന്ന പ്രതീക്ഷകൾ പ്രബലപ്പെട്ടു. വലിയ ജനതതികൾ അനുതാപത്തിന്റെ പരസ്യപ്രകടനങ്ങളിൽ ഏർപ്പെട്ടു.
ഏതാനും ദശകത്തിനു മുമ്പ്, (അക്കാലത്തു സ്വീകരിച്ചുപോന്ന കാലഗണനപ്രകാരം) യേശു ജനിച്ചതുമുതലുള്ള ആയിരം വർഷം അടുത്തുവന്നപ്പോൾ ലോകാവസാനം സമീപമാണെന്നു പലരും വിശ്വസിച്ചു. യൂറോപ്പിലുള്ള സന്ന്യാസി മഠങ്ങളിലെ കലാപരവും സാംസ്കാരികവുമായ പ്രവർത്തനം ഏതാണ്ടൊന്നു നിലച്ചതായി പറയപ്പെടുന്നു. ജ്യോതിഷവും ഭാവികഥനവും (ഇംഗ്ലീഷ്) എന്ന തന്റെ ഗ്രന്ഥത്തിൽ എറിക് റസ്സൽ ഇങ്ങനെ നിരീക്ഷിച്ചു: “‘ലോകാവസാനം ഇപ്പോൾ അടുത്തുവരികയാണെന്നു കാണുന്നതുകൊണ്ട്’ എന്ന പ്രയോഗം, പത്താം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ഉണ്ടാക്കപ്പെട്ട വിൽപ്പത്രങ്ങളിൽ തികച്ചും സാധാരണമായിരുന്നു.”
16-ാം നൂറ്റാണ്ടിൽ പ്രൊട്ടസ്റ്റൻറ് നവോത്ഥാനപ്രസ്ഥാനം ആരംഭിച്ച മാർട്ടിൻ ലൂഥർ തന്റെ നാളിൽ ലോകാവസാനം ആസന്നമാണെന്നു മുൻകൂട്ടി പറഞ്ഞു. ഒരു പ്രാമാണികൻ പറയുന്നതനുസരിച്ച്, അദ്ദേഹം ഇങ്ങനെ പ്രസ്താവിച്ചു: “എന്റെ അഭിപ്രായത്തിൽ ന്യായവിധിനാൾ വളരെ അടുത്തിരിക്കുന്നുവെന്ന് എനിക്ക് ഉറപ്പുണ്ട്.” മറ്റൊരു എഴുത്തുകാരൻ ഇപ്രകാരം വിശദീകരിച്ചു: “ചരിത്രസംഭവങ്ങളും ബൈബിൾ പ്രവചനങ്ങളും പരസ്പര ബന്ധമുള്ളതാണെന്നു കാട്ടിക്കൊണ്ട്, അന്തിമവിപത്തിന്റെ സാമീപ്യത്തെക്കുറിച്ചു പ്രസ്താവിക്കാൻ ലൂഥറിനു കഴിഞ്ഞു.”
അഡ്വെൻറിസ്റ്റ് സഭ സ്ഥാപിച്ചുവെന്നു പൊതുവേ ബഹുമതിയുള്ള വില്യം മില്ലർ, 1843 മാർച്ചിനും 1844 മാർച്ചിനും ഇടയിൽ എപ്പോഴെങ്കിലുമൊരു സമയത്തു ക്രിസ്തു മടങ്ങിവരുമെന്ന് 19-ാം നൂറ്റാണ്ടിൽ മുൻകൂട്ടി പറഞ്ഞു. തത്ഫലമായി, അപ്പോൾ തങ്ങൾ സ്വർഗത്തിലേക്ക് എടുക്കപ്പെടുമെന്നു ചിലർ പ്രതീക്ഷിക്കുകയുണ്ടായി.
കുറേക്കൂടെ അടുത്ത കാലത്ത്, ഉക്രെയിനിൽ ആരംഭിച്ച ഗ്രേറ്റ് വൈറ്റ് ബ്രദർഹുഡ് എന്ന ഒരു മതം, ലോകാവസാനം 1993 നവംബർ 14-ന് ഉണ്ടാകുമെന്നു മുൻകൂട്ടി പറഞ്ഞു. ലോകാവസാനം 1994 സെപ്റ്റംബറിൽ വരുമെന്ന് യു.എസ്.എ.,യിൽ, ഒരു റേഡിയോ സുവിശേഷകനായ ഹാരോൾഡ് ക്യാമ്പിങ് പറഞ്ഞു. ലോകാന്ത്യത്തിന്റെ തീയതികൾ സംബന്ധിച്ച ഈ ഭാവികഥനങ്ങൾ തെറ്റായിരുന്നു എന്നതു വളരെ വ്യക്തം.
ലോകം ഒരിക്കലും അവസാനിക്കുകയില്ലെന്നു വിശ്വസിക്കാൻ ഇത് ആളുകളെ പ്രേരിപ്പിച്ചിട്ടുണ്ടോ? വാസ്തവം നേരേമറിച്ചാണ്. “2000 എന്ന വർഷത്തിൽ ഒരു പുതിയ സഹസ്രാബ്ദത്തിന്റെ സമീപനം ന്യായവിധി ദിവസത്തെക്കുറിച്ചുള്ള പ്രവചനങ്ങളുടെ ഒരു പ്രളയംതന്നെ അഴിച്ചുവിട്ടിരിക്കുകയാണ്,” 1994 ഡിസംബർ 19-ലെ യു.എസ്.ന്യൂസ് ആൻഡ് വേൾഡ് റിപ്പോർട്ട് അഭിപ്രായപ്പെട്ടു. “ഭാവിയിൽ ഏതെങ്കിലുമൊരു സമയത്തു ലോകം അവസാനിക്കുമെന്ന് ഏതാണ്ട് 60 ശതമാനം അമേരിക്കക്കാർ കരുതുന്നു; ഏതാനും ദശകങ്ങൾക്കുള്ളിൽ അത് അവസാനിക്കുമെന്ന് അവരിൽ ഏറെക്കുറെ മൂന്നിലൊന്നു പേർ കരുതുന്ന”തായി ആ മാസിക റിപ്പോർട്ടു ചെയ്തു.
ലോകാവസാനത്തെക്കുറിച്ച് അനേകം ഭാവികഥനങ്ങൾ ഉണ്ടായിരുന്നിട്ടുള്ളത് എന്തുകൊണ്ടാണ്? ലോകം അവസാനിക്കുമെന്നു വിശ്വസിക്കാൻ സാധുവായ കാരണമുണ്ടോ?