അവൾ അനേകം ജീവിതങ്ങളെ സ്പർശിച്ചു
കാത്തി റോബേഴ്സൺ 1994, നവംബർ 19-ന് തന്റെ 26-ാമത്തെ വയസ്സിൽ മരണമടഞ്ഞു. അവൾ തന്റെ മരണത്തിന്റെ ആ ആഴ്ചവരെ ക്രിസ്തീയ യോഗങ്ങളിൽ വിശ്വസ്തമായി പങ്കെടുത്തിരുന്നു. ഒൻപതാമത്തെ വയസ്സു മുതലുള്ള അവളുടെ കാൻസറിനോടുള്ള പോരാട്ടം 1994, ആഗസ്റ്റ് 22-ലെ ഉണരുക!യിൽ “ജീവിതം ദുഷ്കരം ആയിരിക്കുമ്പോൾ” എന്ന തലക്കെട്ടിൻ കീഴിൽ രേഖപ്പെടുത്തിയിരുന്നു. ആ ലേഖനം വായിച്ചതിനുശേഷം, ലോകത്തിനു ചുറ്റുനിന്നും അനേകർ തപാൽവഴി പ്രതികരിക്കുകയും കാത്തിയുടെ ധീര മാതൃക തങ്ങളെ ആഴത്തിൽ സ്പർശിച്ച വിധം വർണിക്കുകയും ചെയ്തു.
ദൈവത്തെ സേവിക്കാൻ പ്രോത്സാഹിതരായിത്തീർന്ന യുവജനങ്ങൾ
സ്പെയിനിൽനിന്നുള്ള ലോയ്ഡ ഇപ്രകാരം എഴുതി: “എനിക്ക് 16 വയസ്സു പ്രായമുണ്ട്. കാത്തിയുടെ സഹിഷ്ണുതയെപ്പറ്റിയുള്ള അനുഭവം വായിച്ചപ്പോൾ ഞാൻ കരഞ്ഞുപോയി. ഞാൻ മരണത്തെക്കുറിച്ചു പേടിയുള്ളവളായിരുന്നു. എന്നാൽ ഈ ലേഖനത്തിന്റെ സഹായത്തോടെ, അവൾ പറഞ്ഞതുപോലെ, ‘നാമിപ്പോൾ ജീവിക്കുന്നുവോ മരിക്കുന്നുവോ എന്നതല്ല യഥാർഥത്തിൽ പ്രധാനം, പിന്നെയോ നിത്യജീവൻ നൽകാൻ പ്രാപ്തിയുള്ള യഹോവയാം ദൈവത്തിന്റെ അനുഗ്രഹം നാം നേടുമോ എന്നതാണെന്ന്’ ഞാൻ മനസ്സിലാക്കുന്നു.”
ജപ്പാനിൽനിന്നുള്ള മാരി ഇപ്രകാരം എഴുതി: “എനിക്ക് കാത്തിയുടെ അടുത്ത പ്രായമായതുകൊണ്ടും ഞങ്ങൾ ഒരേ ദിവസം സ്നാപനമേറ്റതുകൊണ്ടും അവളുടെ അനുഭവം വായിച്ചപ്പോൾ ഒരു അടുത്ത സുഹൃത്തിന്റെ പ്രോത്സാഹജനകമായ കത്ത് വായിക്കുന്നതുപോലെ തോന്നി. തങ്ങളുടെ ആരോഗ്യം വൃഥാവായ അനുധാവനങ്ങളിൽ ഉപയോഗിക്കുന്നതിനു പകരം യഹോവയുടെ സേവനത്തിൽ ജ്ഞാനപൂർവം ഉപയോഗിക്കുന്നതിന് തന്റെ കഥ അനേകരെ പ്രോത്സാഹിപ്പിക്കുമെന്ന അവളുടെ വിശ്വാസം, നിരന്തര പയനിയറിങ് [മുഴുസമയസേവനം] ഉടൻതന്നെ ആരംഭിക്കാൻ പോകുകയായിരുന്ന എന്റെ ഹൃദയത്തെ ആവേശംകൊള്ളിച്ചു.”
യുവജനങ്ങൾ തങ്ങളുടെ ആരോഗ്യം വൃഥാ അനുധാവനങ്ങളിൽ ഉപയോഗിക്കുന്നതിനുപകരം യഹോവയുടെ സേവനത്തിൽ ജ്ഞാനപൂർവം ഉപയോഗിക്കണമെന്നുള്ള കാത്തിയുടെ ആഗ്രഹം “ഞാനുൾപ്പെടെയുള്ള ആയിരക്കണക്കിനു ചെറുപ്പക്കാർക്ക് ഒരു പ്രോത്സാഹനമായിരിക്കും” എന്നു പറഞ്ഞുകൊണ്ട് ഇറ്റലിയിൽനിന്നുള്ള നൊയേമിയും സമാനമായി എഴുതി. നൊയേമി ഇപ്രകാരം കൂട്ടിച്ചേർത്തു: “ഇക്കാര്യങ്ങളെല്ലാം കഴിഞ്ഞകാല സംഗതികളായിത്തീരുന്ന പുതിയ ലോകത്തിൽ അവളെ കാണാനായി എനിക്കു കാത്തിരിക്കാൻ വയ്യ. ഹൈസ്കൂൾ പഠനം പൂർത്തിയാക്കിയാലുടൻതന്നെ ഞാൻ പയനിയറിങ് ആരംഭിക്കാൻ പോകുകയാണ്.”
യു.എസ്.എ.,യിലെ ഫ്ളോറിഡായിൽനിന്നുള്ള റഷെൽ ഇപ്രകാരം എഴുതി: “എനിക്ക് 18 വയസ്സുണ്ട്. ഇപ്പോൾ കുറച്ചധികം നാളായിട്ട് ഞാൻ പയനിയർ വേലയെക്കുറിച്ചു പരിചിന്തിച്ചുകൊണ്ടിരിക്കുകയാണ്. ‘ജീവിതം ദുഷ്കരം ആയിരിക്കുമ്പോൾ’ എന്ന ലേഖനം വായിച്ചപ്പോൾ എന്നെപ്പോലെയുള്ള ഒരു ചെറുപ്പക്കാരി അത്തരം കഷ്ടത സഹിക്കുന്നതു കാണുന്നത് വലിയ പ്രോത്സാഹനമായി എനിക്കു തോന്നി. അവൾ പറഞ്ഞതുപോലെ, എന്റെ ആരോഗ്യം ‘വൃഥാവായ അനുധാവനങ്ങളിൽ ഉപയോഗിക്കുന്നതിനു പകരം യഹോവയുടെ സേവനത്തിൽ ജ്ഞാനപൂർവം ഉപയോഗിക്കുന്നതിന്’ കാത്തി എന്നെ പ്രേരിപ്പിച്ചു.”
മൈക്രോനേഷ്യയിലെ ചൂക്ക് ദ്വീപിലുള്ള ചില മിഷനറിമാർ ഇപ്രകാരം എഴുതി: “ഇവിടെയുള്ള ഞങ്ങളുടെ പയനിയർമാർ ഭൗതികമായി പാപ്പരാണ്. എന്നിരുന്നാലും, റോബേഴ്സൺ സഹോദരിയുടെ അനുഭവം തങ്ങൾക്കുള്ളതു വിലമതിക്കാൻ അവരെ സഹായിച്ചു. തങ്ങൾ ഭൗതികമായി പാപ്പരാണെങ്കിലും യഹോവയെ മുഴുസമയം സേവിക്കാൻ തങ്ങളെ പ്രാപ്തരാക്കുന്ന ആരോഗ്യമുള്ള ശരീരങ്ങളാൽ തങ്ങൾ അനുഗൃഹീതരാണെന്ന് അവർ തിരിച്ചറിഞ്ഞു. തങ്ങൾക്കുള്ളതിൽ നന്ദിയുള്ളവരായിരിക്കുന്നതിനും തങ്ങളുടെ ശക്തി യഹോവയുടെ സേവനത്തിൽ ഉപയോഗിക്കുന്നതിനും അത് അവർക്കൊരു നല്ല ഓർമിപ്പിക്കലായിരുന്നു.”
ഫ്രാൻസിലെ പയനിയർ സ്കൂളിൽ പങ്കെടുക്കുന്ന 16 വിദ്യാർഥികളുടെ ഒരു സംഘം ഈ പ്രോത്സാഹനവാക്കു സഹിതം കാത്തിക്ക് ലില്ലി പൂക്കളുടെ ഒരു ഫോട്ടോ അയച്ചുകൊടുക്കാൻ നിർബന്ധിതരായി: “നമ്മുടെ സമയം നമ്മുടെ മഹദ് സ്രഷ്ടാവിനുവേണ്ടി ഉപയോഗിക്കാനുള്ള നിങ്ങളുടെ ഉദ്ബോധനം ഞങ്ങൾ മറക്കില്ല.”
ഫ്രാൻസിൽനിന്നുള്ള മറ്റൊരു യുവതി എഴുതി: “ചെറുപ്പക്കാരും സാത്താന്റെ മുഖ്യ ലക്ഷ്യസ്ഥാനങ്ങളുമായിരിക്കുന്ന നമുക്ക് യഹോവയോടു വിശ്വസ്തമായി നിൽക്കാൻ ചിലപ്പോൾ ബുദ്ധിമുട്ടു തോന്നുന്നു. പക്ഷേ അത്തരം മികച്ചുനിൽക്കുന്നതും പ്രേരണാത്മകവുമായ കഥകൾ നാം വായിക്കുമ്പോൾ കാത്തിയെപ്പോലുള്ള മറ്റു യുവാക്കൾ കഷ്ടപ്പാടിനെ ഗണ്യമാക്കാതെ തങ്ങളുടെ നിർമലത നിലനിർത്തുന്നു എന്നറിയവേ നമുക്ക് പുതുക്കം പ്രാപിച്ച ശക്തിയും ഉത്സാഹവും ലഭിക്കുന്നു. എന്തോരു മനോഹര ദൃഷ്ടാന്തം!”
“യു.എസ്.എ. ഒഹായോയിൽ നിന്നുള്ള നെയ്ഡിൻ ഇപ്രകാരം എഴുതി: “ഏകദേശം നിങ്ങളുടെ പ്രായമുള്ള ഞാൻ നല്ല ആരോഗ്യവതിയാണ്. നിസ്സാരമായ കാര്യങ്ങൾ യഹോവയ്ക്കുള്ള എന്റെ സേവനത്തെ തടസ്സപ്പെടുത്താൻ ഞാൻ പലതവണ അനുവദിച്ചു. എന്റെ ജീവിതത്തെ നന്നായൊന്നു പരിശോധിക്കാനും എത്രയോ സമയം ഞാൻ പാഴാക്കിക്കളഞ്ഞുവെന്നു മനസ്സിലാക്കാനും നിങ്ങളുടെ കഥയുടെ വായന എന്നെ സഹായിച്ചു. നിങ്ങൾ എനിക്ക് ഒരു പ്രചോദനമായിരുന്നിട്ടുണ്ട്.”
ബ്രസീലിൽനിന്നുള്ള ഒരു ചെറുപ്പക്കാരി ഇപ്രകാരം പറഞ്ഞു: “അവളെന്റെ ഹൃദയത്തെ സ്പർശിക്കുകയും ദൈവത്തെ കൂടുതൽ തികവോടെ സേവിക്കുന്നതിനുള്ള എന്റെ ആഗ്രഹത്തെ വർധിപ്പിക്കുകയും ചെയ്തു.”
കാനഡയിൽനിന്നുള്ള ഒരു ചെറുപ്പക്കാരി ഇപ്രകാരമെഴുതി: “എനിക്ക് 15 വയസ്സുണ്ട്. സ്വയം പ്രതിരോധശക്തിയുള്ള ഹെപ്പറ്റൈറ്റിസ് എന്നെ ബാധിച്ചിരിക്കുകയാണെന്ന് രണ്ടു വർഷങ്ങൾക്കു മുമ്പ് ഞാൻ മനസ്സിലാക്കി. കാത്തി റോബേഴ്സണിന്റെ അനുഭവം നിമിത്തം പൂർണ സുഖപ്പെടലിനായി ദൈവത്തിന്റെ വാഗ്ദാനം ചെയ്യപ്പെട്ട പുതിയ വ്യവസ്ഥിതിക്കുവേണ്ടി കാത്തിരിക്കവേ ശേഷിച്ച സമയത്ത് ആരോഗ്യാവസ്ഥ ഗണ്യമാക്കാതെ എനിക്കും യഹോവയെ വിശ്വസ്തമായി സേവിക്കാൻ കഴിയുമെന്നു ഞാൻ തിരിച്ചറിഞ്ഞു.”
യു.എസ്.എ., ന്യൂ ജേഴ്സിയിൽനിന്നുള്ള ജെന്നെറ്റ് ഇപ്രകാരം എഴുതി: “അവൾ അനുഭവിച്ച പ്രതിബന്ധങ്ങളും അവൾ പ്രകടമാക്കിയ വിശ്വാസവും നമുക്കുണ്ടായേക്കാവുന്ന ഏതു വൈഷമ്യങ്ങളെയും ഗണ്യമാക്കാതെ യഹോവയുടെ സേവനത്തിൽ കൂടുതൽ ചെയ്യുന്നതിന് തുടർച്ചയായി യത്നിക്കാൻ ദൃഢതീരുമാനമെടുക്കുന്നതിനു ഞങ്ങളെയെല്ലാം സഹായിക്കുന്നു. സ്കൂൾ ബിരുദം പൂർത്തിയാക്കുമ്പോൾ പയനിയർ സേവനമെന്ന ലക്ഷ്യംവെക്കാൻ എന്റെ ചില ബൈബിൾ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുന്നതിന് അവളുടെ അനുഭവം ഉപയോഗിക്കാൻ ഞാൻ പദ്ധതിയിടുകയാണ്.”
മുതിർന്നവരും പ്രോത്സാഹിപ്പിക്കപ്പെട്ടു
യു.എസ്.എ., കാലിഫോർണിയയിലുള്ള ഒരു സ്ത്രീ ഇപ്രകാരമെഴുതി: “നീ ഞങ്ങളുടെ ജീവിതത്തിലെ എല്ലാ നിസ്സാര പ്രശ്നങ്ങളെയും അപ്രധാനമായി തള്ളി, ജീവിതത്തിൽ അടിസ്ഥാനപരമായി മുഖ്യ പ്രാധാന്യമർഹിക്കുന്നതെന്താണെന്ന്—യഹോവയുമായുള്ള നമ്മുടെ ബന്ധം—നിശ്ചയമായും കാണിച്ചുതന്നിരിക്കുന്നു.” അവൾ ഇപ്രകാരം കൂട്ടിച്ചേർത്തു: “ഞാൻ യൗവനം പിന്നിട്ടിട്ട് വളരെയായെങ്കിലും നിന്റെ അനുഭവങ്ങളും വീക്ഷണഗതിയും എന്നെ ആഴത്തിൽ സ്പർശിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. എന്റെ മുൻഗണനകൾ പുനഃപരിശോധിക്കാൻ അതെന്നെ സഹായിച്ചു.”
കാലിഫോർണിയയിൽനിന്നുള്ള മറ്റൊരു കത്ത് ഇപ്രകാരം പറഞ്ഞു: “ജർമനിയിലെയും മലാവിയിലെയും ഞാൻ വായിച്ചിട്ടുള്ള മറ്റു സ്ഥലങ്ങളിലെയും സഹോദരീസഹോദരൻമാർ അനുഭവിച്ചിട്ടുള്ള ഏതൊരു പരിശോധനയോളം തന്നെ വലുതാണ് നീ അനുഭവിച്ചിരിക്കുന്ന പരിശോധനയും. ഇപ്പോൾ 68 വയസ്സുള്ള ഞാൻ വളരെയധികം അനുഭവങ്ങൾ കാണുകയും കേൾക്കുകയും വായിച്ചറിയുകയും ചെയ്തിട്ടുണ്ട്. നിന്റെ കഥ ചെറുപ്പക്കാർക്കും പ്രായമായവർക്കുമൊരുപോലെ ഒരു അനുഗ്രഹമായിരിക്കും.”
യു.എസ്.എ., സൗത്ത് കരോളിനയിലെ ഒരു സ്ത്രീ ഇപ്രകാരം സമ്മതിച്ചുപറഞ്ഞു: “ഞാനൊരു കൊച്ചുകുട്ടിയല്ല. എനിക്ക് ഏതാണ്ട് 70 വയസ്സ് പ്രായമുണ്ട്.” അവർ വിലമതിപ്പോടെ ഇങ്ങനെയെഴുതി: “നീ മറ്റൊരു ഇയ്യോബാണ്. നിന്റെ സഹിഷ്ണുത ചെറുപ്പക്കാരും പ്രായമായവരുമായ എല്ലാവരാലും ശ്രദ്ധിക്കപ്പെടുമെന്നു ഞാൻ പ്രത്യാശിക്കുന്നു.”
മറ്റൊരു കത്ത് ഇപ്രകാരം പറഞ്ഞു: “കാത്തിയുടെ വിശ്വാസവും ദൃഢനിശ്ചയവും എന്റെ ഹൃദയത്തെ സ്പർശിച്ചു. എനിക്ക് ഏകദേശം 57 വയസ്സുണ്ട്. ജോലിയിൽനിന്നു വിരമിക്കുമ്പോൾ യഹോവയുടെ സേവനത്തിൽ കൂടുതൽ സമയം ചെലവഴിക്കുകയെന്നത് എന്റെ ലക്ഷ്യങ്ങളിലൊന്നായിരുന്നു. എന്നാൽ എനിക്ക് കാൻസറാണെന്ന് അടുത്തയിടെ രോഗനിർണയം വെളിപ്പെടുത്തി. കൂടുതൽ ചെറുപ്പവും ആരോഗ്യവുമുണ്ടായിരുന്നപ്പോൾ യഹോവയുടെ സേവനത്തിൽ അധികം ചെയ്യാതിരുന്നതിൽ ഞാൻ എത്ര ഖേദിക്കുന്നു! ഗുരുതരമായ ഒരു രോഗം വന്ന് എപ്പോഴാണ് ആ പദവി എടുത്തുകൊണ്ടു പോകുന്നതെന്ന് നമുക്കാർക്കും മുൻകൂട്ടിപ്പറയാൻ കഴിയില്ല.”
ഒരു ക്രിസ്തീയ മൂപ്പൻ ഇപ്രകാരം എഴുതി: “വിശ്വാസത്തെ പരീക്ഷിച്ചേക്കാവുന്ന അപ്രതീക്ഷിതമായ കാര്യങ്ങൾ ജീവിതത്തിൽ സംഭവിക്കുമ്പോൾ വായിക്കാൻ വേണ്ടി ഞാൻ ഈ ലേഖനം ഒരു പ്രത്യേക ഫയലിൽ സൂക്ഷിക്കാൻ പോകുകയാണ്. ഞാൻ ഈ ലേഖനം ഇടയസന്ദർശനത്തിനുപയോഗിക്കുന്ന ഫയലിലും വെക്കാൻ പോകുകയാണ്, ഈ വ്യവസ്ഥിതി അതിന്റെ അവസാനത്തോടടുക്കവേ ബുദ്ധിമുട്ടുകളാൽ ഞെരുങ്ങുന്ന പ്രിയപ്പെട്ട സുഹൃത്തുക്കളെ പ്രോത്സാഹിപ്പിക്കാൻ അത് ഉപയോഗപ്രദമാകും.”
വാസ്തവത്തിൽ, നമ്മുടെ ലോകവ്യാപക സഹോദരവർഗത്തിലെ എല്ലാ അംഗങ്ങളുടെയും വിശ്വാസത്താലും ധൈര്യത്താലും നാം ശക്തീകരിക്കപ്പെടുന്നു. (1 പത്രൊസ് 5:9) “ഇനി മരണം ഉണ്ടാ”യിരിക്കുകയില്ലാത്ത ഒരു സമയത്തെക്കുറിച്ചുള്ള ബൈബിൾ വാഗ്ദാനത്തിന്റെ നിവൃത്തിക്കുവേണ്ടി കാത്തിയെപ്പോലെ നാമെല്ലാവരും നോക്കിപ്പാർത്തിരിക്കുകയാണ്. (വെളിപ്പാടു 21:3, 4) “എനിക്കു ദീനം എന്നു യാതൊരു നിവാസിയും പറകയി”ല്ലാത്തപ്പോൾ അതെന്തൊരു മഹത്തായ സമയമായിരിക്കും.—യെശയ്യാവു 33:24.
[20-ാം പേജിലെ ചിത്രം]
കാത്തി റോബേഴ്സൺ