ഞങ്ങളുടെ വായനക്കാരിൽ നിന്ന്
ഡ്രൈവിങ് അപകടം “സ്ററിയറിങ് തിരിച്ചു മടുത്തു” (“ലോകത്തെ വീക്ഷിക്കൽ,” ഫെബ്രുവരി 22, 1994) എന്ന വിഷയം വായിച്ചപ്പോൾ എന്റെ ഓർമയിലേക്കു വന്നത് ഏതാണ്ട് 20 വർഷങ്ങൾക്കു മുമ്പ് ഞാൻ ഒരു ലോറി (ട്രക്ക്) ഡ്രൈവർ ആയിരുന്നപ്പോഴത്തെ ഓർമകളാണ്. സുദീർഘമായ ഒരു ദിവസം മുഴുവനും സ്ററിയറിങ് തിരിച്ചുകഴിഞ്ഞ് വീട്ടിലേക്കു വണ്ടിയോടിച്ചു വരവേ ഞാൻ ഉറങ്ങിപ്പോയി. പെട്ടെന്ന് വലിയൊരു ചാട്ടം ചാടിയപ്പോൾ ഞാൻ ഉണർന്നു. വഴിയുടെ തെററായ വശത്തുകൂടെയാണ് ഞാൻ ഓടിച്ചിരുന്നത് എന്ന സംഗതി എന്നെ ഭീതിപ്പെടുത്തി. പാതയരികിലെ അതിരിൽ ചെന്ന് ഞാൻ ഇടിച്ചുകഴിഞ്ഞിരുന്നു. എന്നാൽ കാറുകളോ കാൽനടയാത്രക്കാരെയോ ഒന്നും കാണാനില്ലായിരുന്നു. ആപത്തൊന്നും കൂടാതെ ഞാൻ രക്ഷപ്പെട്ടു. എന്നാൽ അതു ഞാൻ ഒരിക്കലും മറക്കില്ലാത്ത പാഠമായിരുന്നു. ആവശ്യമായിരുന്നപ്പോൾ ബ്രേക്ക് ചവിട്ടാഞ്ഞതുകൊണ്ടു മാത്രം ആരെങ്കിലും കൊല്ലപ്പെടുമായിരുന്നു. എന്റെ ഉപദേശമോ? ഉണരുക!യിലെ ആ വിഷയം വായിച്ച് ഉപദേശം അനുസരിക്കുക!
എം. വൈ., ഇംഗ്ലണ്ട്
അമിതതൂക്കം ഏപ്രിൽ 22, 1994-ലെ “യുവജനങ്ങൾ ചോദിക്കുന്നു . . . എനിക്ക് ഇത്ര വണ്ണം എന്തുകൊണ്ട്?” എന്ന ലേഖനത്തിനു പ്രത്യേകം നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് ശരാശരി വണ്ണമേ ഉള്ളൂവെന്ന് തൂക്കത്തിന്റെ ചാർട്ടുകൾ കാണിച്ചെങ്കിലും 13 വയസ്സുകാരിയായ ഞാൻ എന്നെ എല്ലായ്പോഴും വണ്ണമുള്ളവളായി കണക്കാക്കി. എന്റെ ഈ മനോഭാവം കാരണം എനിക്ക് ആത്മവിശ്വാസം നഷ്ടമാകുകയും വിഷാദം അനുഭവപ്പെടുകയും ചെയ്തു. മരിച്ചിരുന്നെങ്കിൽ എന്ന് ഒരിക്കൽ ആഗ്രഹിക്കുകപോലും ചെയ്തു. അതു ഭ്രാന്തമായി തോന്നിയേക്കാം. എന്നാൽ അതാണ് എനിക്ക് അനുഭവപ്പെട്ടത്. യഹോവയ്ക്കും ലേഖനത്തിനും നന്ദി. ഇപ്പോൾ എനിക്കു വിഷാദത്തെ മെച്ചമായി കൈകാര്യം ചെയ്യാൻ കഴിയുന്നു.
സി. എസ്., ജർമനി
യുവ കാൻസർ രോഗി കാത്തി റോബേഴ്സൺ പറഞ്ഞപ്രകാരമുള്ള “ജീവിതം ദുഷ്കരം ആയിരിക്കുമ്പോൾ” എന്ന ലേഖനം ഇപ്പോൾ വായിച്ചുകഴിഞ്ഞതേയുള്ളൂ. (ആഗസ്ററ് 22, 1994) അത് എന്നെ യഥാർഥത്തിൽ സ്പർശിക്കുക തന്നെ ചെയ്തു എന്നു പറയേണ്ടിയിരിക്കുന്നു. മനോഹരമായ അത്തരമൊരു ലേഖനത്തിനുവേണ്ടിയുള്ള ആഴമായ വിലമതിപ്പ് എനിക്ക് എഴുതി വിവരിച്ചേ മതിയാകൂ എന്നായി. എനിക്ക് 14 വയസ്സുണ്ട്. യഹോവയുടെ സാക്ഷികളിലൊരാൾ ആയിരിക്കുന്നതുകൊണ്ട് എനിക്ക് സ്കൂളിൽ പീഡനം അനുഭവപ്പെട്ടിട്ടുണ്ട്. എന്റെ അവസ്ഥ കാത്തി റോബേഴ്സണിന്റെ അത്രയും പീഡാകരമല്ല. എന്നാൽ യഹോവ അവളെ പരിശോധനയിലുടനീളം നിലനിർത്തിയ വിധം കാണുന്നത് ഒരു പ്രചോദനമായിരുന്നു.
സി. ജി., ഐക്യനാടുകൾ
എന്തോരു മഹത്തായ ലേഖനം! ഒൻപതാമത്തെ വയസ്സിൽ ഞാനും അങ്ങേയററം രോഗിയായിത്തീർന്നു. ഒടുവിൽ അനേക മാസങ്ങൾ ആശുപത്രിയിൽ ചെലവഴിക്കുകയും ചെയ്തു. എന്നിരുന്നാലും, ഹൈസ്കൂളിലേക്കു കടന്നപ്പോഴേക്കും എനിക്ക് നല്ല ആരോഗ്യം തിരികെ കിട്ടിയിരുന്നു. രോഗം ആവർത്തിച്ച് ആവർത്തിച്ച് ഉണ്ടായപ്പോൾ അതിനെ നേരിടാൻ കാത്തി റോബേഴ്സണ് എന്തൊരു പ്രയാസമായിരുന്നിരിക്കണം. അവളുടെ മനോഭാവവും കരുത്തും കൂടുതൽ ക്രിയാത്മകമായ ഒരു മാനസിക ചട്ടക്കൂട് ഉണ്ടായിരിക്കാൻ എന്നെ സഹായിച്ചിരിക്കുന്നു.
ഡി. വി., ഐക്യനാടുകൾ
മുലയൂട്ടൽ ഞങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനെ ഞാൻ മൂന്നു മാസങ്ങൾക്കുള്ളിൽ പ്രസവിക്കും. അതുകൊണ്ട് ഉണരുക!യുടെ ആഗസ്ററ് 22, 1994 ലക്കം കിട്ടിയപ്പോൾ അതിൽ “മുലയൂട്ടൽ സംബന്ധിച്ച അടിസ്ഥാന വസ്തുതകൾ” എന്ന ലേഖനം കണ്ടതേ ഞാൻ ആനന്ദാതിരേകത്തിലായി. ജീവന്റെ ഉത്പാദകന് അർഹമായ ബഹുമതിയും സ്തുതിയും കൊടുക്കുന്ന ഒരു ലേഖനം വായിക്കുന്നത് യഥാർഥത്തിൽ നവോൻമേഷപ്രദമായിരുന്നു. തന്റെ കുഞ്ഞിനെ പോഷിപ്പിക്കാൻ ഒരമ്മ ഇത്രയും സൗകര്യപ്രദമായി സജ്ജീകൃതയായിരിക്കുന്ന വിധം ഒരുവൻ പരിഗണിക്കുമ്പോൾ ജ്ഞാനിയും സ്നേഹവാനുമായ ഒരു സ്രഷ്ടാവ് ഉണ്ടെന്നുള്ള കാര്യം അയാൾക്ക് എങ്ങനെ നിഷേധിക്കാനാവുമെന്ന് എനിക്കു മനസ്സിലാകുന്നില്ല.
എൽ. കെ., ഐക്യനാടുകൾ
ഈ ലേഖനത്തിന്റെപേരിൽ വളരെയധികം കൃതജ്ഞതാക്കത്തുകൾ നിങ്ങൾക്കു ലഭിക്കുമെന്ന് എനിക്കുറപ്പുണ്ട്. ഞങ്ങളുടെ മൂന്നു കുട്ടികളെയും മുലയൂട്ടിയത് എന്തൊരു അനുഗ്രഹവും പ്രായോഗിക തിരഞ്ഞെടുപ്പും ആയിരുന്നു എന്നു ഞാൻ ഓർത്തുപോകയാണ്. അമ്മമാർക്കും അമ്മയാകാൻ പോകുന്നവർക്കും ഈ ലേഖനം പ്രോത്സാഹനമാകും എന്ന് എനിക്കറിയാം.
സി. എസ്., ഐക്യനാടുകൾ
ഫലവത്തായ കലാവേല ജൂൺ 8, 1994 ലക്കത്തിലെ പുനരുത്ഥാനത്തിന്റെ ചിത്രം കണ്ടപ്പോൾ എന്റെ ഉള്ളു തുടിച്ചുപോയി. അത്ഭുതകരമായ പുനരുത്ഥാന പ്രത്യാശയെക്കുറിച്ചുള്ള എന്റെ വിലമതിപ്പിന് ആഴമേറി. ഭാവി പറുദീസയിൽ എന്റെ ഇളയ സഹോദരിയെ എനിക്കു കാണാൻ കഴിയുമ്പോൾ എന്റെ സന്തോഷത്തെ തീർച്ചയായും വാക്കുകൾക്കൊന്നും വിവരിക്കാനാവില്ല.
എം. യു., ജപ്പാൻ
പണസ്നേഹം “പണസ്നേഹം—വളരെയധികം ദുഷ്ടതയുടെ മൂലകാരണം” എന്ന ലേഖനത്തിനു നന്ദി. (മാർച്ച് 22, 1994, ഇംഗ്ലീഷ്) എന്റെ രാജ്യത്ത് കൊള്ളയിടലും കുത്തിക്കവർച്ചയും പൊതു ശല്യങ്ങളും വളരെയധികമാണ്—എല്ലാം പണത്തിനുവേണ്ടി. അങ്ങനെ ഈ മാസിക സമയാനുസൃതവും അനുയോജ്യവുമായിരുന്നു. ഈ ലക്കം മററുള്ളവർക്കു സമർപ്പിക്കുന്നതിൽ ഞാൻ വളരെ സന്തോഷം കണ്ടെത്തി. വാസ്തവത്തിൽ, എനിക്ക് വേണ്ടുവോളം പ്രതികൾ ഇല്ലാതിരുന്നതുകൊണ്ട് ചില അപ്പക്കച്ചവടക്കാർ അതിനു വേണ്ടി വഴക്കടിച്ചു!
എ. എഫ്. എസ്., പശ്ചിമാഫ്രിക്ക