ഞങ്ങളുടെ വായനക്കാരിൽ നിന്ന്
ആത്മഹത്യ “യുവജനങ്ങൾ ചോദിക്കുന്നു . . . ആത്മഹത്യയാണോ പരിഹാരം?” (ഏപ്രിൽ 8, 1994) എന്ന ലേഖനം ഞാൻ വായിച്ചതു ഭയപ്പാടോടും ഉദ്വേഗത്തോടും കൂടെയാണ്. 20 വയസ്സുള്ള ഞാൻ ഇപ്പോൾ ഒരു മുഴുസമയ ശുശ്രൂഷകയാണ്. എന്നാൽ ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ചു ഞാൻ ചിന്തിച്ചിട്ടു വളരെ കാലമായില്ല. യഹോവ എന്നെ സഹായിച്ചിരിക്കുന്നു, അവൻ എന്നെ തുടർന്നും കൈപിടിച്ചു നടത്തുന്നു. ഏതാനും ദിവസങ്ങൾക്കു മുമ്പ് എന്റെ അടുത്ത ഒരു സുഹൃത്ത് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതിനെക്കുറിച്ച് എന്നോടു പറഞ്ഞു. നിരാശപ്പെടാതിരിക്കാൻ അവളെ സഹായിക്കുന്നതിനുള്ള പ്രായോഗിക ബുദ്ധ്യുപദേശത്തിനു വേണ്ടി ഞാൻ പരതി. ഈ ലേഖനം എന്റെ പ്രാർഥനകൾക്കുള്ള ഉത്തരമായിരുന്നു.
എ. സി., ഇററലി
കഴിഞ്ഞ വാരം, ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ചുള്ള ചിന്തകൾ എന്റെ ഹൃദയത്തിൽ വളരെ തീവ്രമായിരുന്നു. ഒരു ക്രിസ്തീയ മൂപ്പനും അദ്ദേഹത്തിന്റെ ഭാര്യയും എനിക്കു രഹസ്യങ്ങൾ തുറന്നുപറയാൻ കഴിയുന്ന അടുത്ത സ്നേഹിതരായി, എന്റെ പ്രശ്നത്തെ തരണം ചെയ്യാൻ അവർ എന്നെ സഹായിച്ചു. വിഷാദത്തെക്കുറിച്ചുള്ള നിങ്ങളുടെ പല ലേഖനങ്ങളും എന്നെ സംബന്ധിച്ചിടത്തോളം ജീവരക്ഷാകരമായിരുന്നിട്ടുണ്ട്.
ഡി. ജെ., ഐക്യനാടുകൾ
ആ ലേഖനത്തിന് എന്റെ ഏററവും ആഴമായ നന്ദി ഞാൻ പ്രകടിപ്പിക്കേണ്ടിയിരിക്കുന്നു. എനിക്ക് ഓർക്കാൻ കഴിയുന്ന വേറൊരു മുൻലേഖനവും അത്തരം വികാരങ്ങൾ എന്നിൽ ഒരിക്കലും ഉളവാക്കിയിട്ടില്ല. നിങ്ങൾക്കറിയാമോ, ഏതാനും വർഷങ്ങൾക്കു മുമ്പ് ആത്മഹത്യ—അസഹനീയമെന്നു തോന്നുന്ന സാഹചര്യത്തിൽനിന്നു രക്ഷപെടാനുള്ള ഒരു മാർഗം—എനിക്കു തിരഞ്ഞെടുക്കാവുന്ന ഒരു സംഗതിയാണെന്നു ഞാൻ വിശ്വസിച്ചിരുന്നു. എന്നാൽ, മാതാപിതാക്കളുടെയും സ്നേഹിതരുടെയും സഹായത്താൽ, ജീവനോടിരിക്കുന്നതിന് എനിക്ക് ഉത്തമ കാരണമുണ്ടെന്നു ഞാൻ മനസ്സിലാക്കാനിടയായി—ഞാൻ ജീവനോടിരിക്കാൻ യഹോവ ആഗ്രഹിച്ചു.
എം. വി., ഐക്യനാടുകൾ
വളരെ നന്നായി എഴുതിയിരിക്കുന്ന ഈ ലേഖനം ഒട്ടധികം വിവരങ്ങളെ സ്പർശിക്കുന്നതാണെന്നു ഞാൻ മനസ്സിലാക്കി. ആത്മഹത്യ ചെയ്യുവാനുള്ള ചിന്തകളെ താലോലിക്കുന്ന ഏതൊരാളെയും സഹായിക്കുന്നതിന് അങ്ങേയററം മൂല്യമുള്ള ഒരുപകരണമാണ് ഇതെന്ന് എനിക്കു തോന്നുന്നു. ഉൾക്കൊള്ളിച്ചിരുന്ന എല്ലാ ദൃഷ്ടാന്തങ്ങളും എന്നെ സ്പർശിച്ചു.
എൽ. എസ്., ഐക്യനാടുകൾ
സൗജന്യസവാരി ചെയ്യുന്ന ഒരു ഹിപ്പി റിച്ചാർഡ് ഫ്ളീററിനെക്കുറിച്ചുള്ള “സൗജന്യസവാരി ചെയ്യുന്ന ഒരു ഹിപ്പി തെക്കേ അമേരിക്കയിലെ ഒരു മിഷനറിയായി” (മാർച്ച് 22, 1994, ഇംഗ്ലീഷ്) എന്ന ലേഖനത്തിനു നന്ദി പറയാനാഗ്രഹിക്കുന്നു. ഞങ്ങളുടെ വിവാഹത്തെ തുടർന്ന് ഹംഗറിയിലെ പ്രസംഗപ്രവർത്തനത്തിൽ സഹായിക്കാൻ അവിടേക്കു മാറിപ്പാർക്കാൻ ഞാനും എന്റെ പ്രതിശ്രുതവധുവും ആസൂത്രണം ചെയ്യുകയാണ്. ജീവിതരീതിയിലെ സമ്പൂർണ മാററത്തെയും ഒരു പുതിയ ഭാഷ പഠിക്കുന്നതിനെയും കുറിച്ച് ഇതുവരെയും എനിക്കു ഭയം തോന്നിയിരുന്നു. പ്രധാനമായിരിക്കുന്നതു വ്യക്തിപരമായ ഭയാശങ്കകളല്ല, പിന്നെയോ നാം പ്രസംഗിക്കുന്ന ആളുകളാണെന്ന് ആ ലേഖനം വ്യക്തമായി കാട്ടിത്തന്നു.
എസ്. എച്ച്., ജർമനി
ഏകാകികളായ എല്ലാവരും ഈ ലേഖനം വായിച്ച്, ഒരു ഇണയെക്കൂടാതെ യഹോവയുടെ ദാസനായിരിക്കുക മാത്രമല്ല സന്തുഷ്ടനായിരിക്കാനും കഴിയുമെന്നു മനസ്സിലാക്കണമെന്നു ഞാൻ കരുതുന്നു. ഏകാകിയായ ഒരു മനുഷ്യൻ മത്തായി 6:33 തന്റെ ജീവിതത്തിൽ പൂർണമായി ഉപയോഗിച്ചത് എങ്ങനെയെന്നു വായിക്കുന്നതു രസാവഹമാണ്. രണ്ടര വർഷം മുമ്പ് ഒരു മുഴുസമയ ശുശ്രൂഷകനായി സേവിക്കാൻ തുടങ്ങിയതു മുതൽ റിച്ചാർഡ് ഫ്ളീററിന്റേതിനോടു സമാനമായ സന്തോഷം ഞാൻ അനുഭവിച്ചറിഞ്ഞിട്ടുണ്ട്.
ഡി. എം., ഐക്യനാടുകൾ
പിതാവില്ലാത്ത ബാലൻമാരോട് അനുകമ്പയുള്ള പുരുഷൻമാർ ഉണ്ട് എന്ന അറിവ് എന്നെ ആഴമായി സ്പർശിച്ചു. ഭർത്താവില്ലാത്ത ഒരു അമ്മയാണു ഞാൻ, നാല് ആൺകുട്ടികളുമുണ്ട്. ഒരു ക്രിസ്തീയ സഹോദരൻ ഞങ്ങളിൽ താത്പര്യമെടുത്തു, ഇപ്പോൾ ഒരു മകൻ സ്നാപനപ്പെടാൻ ഒരുങ്ങുകയാണ്. പിതാവില്ലാത്തവരെ സഹായിക്കാൻ ആരെങ്കിലും ഒരുമ്പെടുമ്പോൾ അതു വളരെയധികം വിലമതിക്കപ്പെടുന്നു.
പി. ററി., ഐക്യനാടുകൾ
ചിലി 1994 മേയ് 8 ലക്കം ഞാനിപ്പോൾ വായിച്ചതേയുള്ളൂ, “ചിലി—അനുപമ രാജ്യം, അനുപമ കൺവെഷൻ” എന്ന ലേഖനം ഞാൻ പ്രത്യേകിച്ച് ആസ്വദിച്ചു. ഞാൻതന്നെ ആ സമ്മേളനത്തിൽ പങ്കെടുത്തതുപോലെ എനിക്കു തോന്നി. പരിപാടി അവസാനിച്ചപ്പോൾ മനസ്സില്ലാമനസ്സോടെ വിട്ടുപോരുന്ന അനുഭവം പോലും എനിക്കുണ്ടായി.
കെ. കെ., ജപ്പാൻ
കോംപാക്ററ് ഡിസ്കുകൾ “കോംപാക്ററ് ഡിസ്ക്—അത് എന്താണ്?” (ഏപ്രിൽ 22, 1994) എന്ന ലേഖനത്തിനു നന്ദി. അത് ഈ ഡിസ്കുകളെ സംബന്ധിച്ച എന്റെ സംശയം ദൂരീകരിച്ചു. ഒരു സുഹൃത്തിന്റെ കോംപാക്ററ് ഡിസ്ക് സിസ്ററം കേട്ടതിനുശേഷം മററു സംഗീത പുനരുത്പാദന സിസ്ററത്തെക്കാൾ ഇതിനുള്ള മേൻമയിൽ ഞാൻ അത്ഭുതപ്പെട്ടു.
എസ്. ഡി., നൈജീരിയ