ഞങ്ങളുടെ വായനക്കാരിൽ നിന്ന്
ക്രിസ്ത്യാനിയായി മാറിയ പടയാളി “കൊല്ലാൻ പരിശീലിപ്പിക്കപ്പെട്ട ഞാൻ ഇപ്പോൾ ജീവൻ വാഗ്ദാനം ചെയ്യുന്നു” എന്ന ലേഖനം വായിച്ചപ്പോൾ എന്റെ കണ്ണു നിറഞ്ഞുപോയി. (സെപ്റ്റംബർ 8, 1994) ഒരു പാലസ്തീൻകാരൻ ഒരു യഹൂദനെ “സഹോദരൻ” എന്നു വിളിക്കുക—യഹോവയുടെ സ്ഥാപനത്തിൽ മാത്രമേ അത്തരം ഐക്യം കണ്ടെത്താൻ കഴിയൂ!
കെ. റ്റി. ഒ., മലേഷ്യ
നിങ്ങളുടെ ചാപ്പ “നിങ്ങളുടെ ചാപ്പ—നിങ്ങളുടെ ഒപ്പ്” എന്ന രസകരമായ ലേഖനത്തിനു നന്ദി. (മേയ് 22, 1994) ഞാനും എന്റെ ഭർത്താവും തയ്വാനിൽനിന്നുള്ള ഒരു ബുദ്ധമത സന്ന്യാസിയോടൊപ്പം ബൈബിൾ പഠിക്കുന്നുണ്ട്. ആ ലേഖനം എത്ര കൃത്യമായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു! അദ്ദേഹം തയ്വാനിലുള്ള തന്റെ അമ്മയ്ക്കെഴുതുകയും ഞങ്ങളുടെ പേര് കൊത്തിയ ഒരു ചാപ്പ അവർ ഞങ്ങൾക്കയച്ചു തരുകയും ചെയ്തു. ഞങ്ങൾ പുളകിതരായി!
കെ. ജെ., ഐക്യനാടുകൾ
വിരസത “നിങ്ങളുടെ ജീവിതം വിരസമോ? നിങ്ങൾക്കതു മാറ്റിയെടുക്കാൻ കഴിയും!” എന്ന പരമ്പര ഞാൻ വായിച്ചുകഴിഞ്ഞതേയുള്ളൂ. (ജനുവരി 22, 1995) അത് എന്നെ എത്രമാത്രം സഹായിച്ചുവെന്ന് എനിക്കു നിങ്ങളോടു പറയേണ്ടതുണ്ട്. എനിക്ക് വിരസത അനുഭവപ്പെടുന്നതായി ഞാൻ ഒരിക്കലും വിചാരിച്ചിരുന്നില്ല. എന്നാൽ ഒരേ രീതിയിലുള്ള ദിനക്രമം നിമിത്തം എനിക്കെന്റെ ജീവിതത്തോടു വളരെയധികം അസംതൃപ്തി തോന്നിയിരുന്നു. കാര്യങ്ങളെ തീർത്തും പുതിയ ഒരു വീക്ഷണഗതിയിൽ കാണാൻ ലേഖനം എന്നെ പ്രേരിപ്പിച്ചു.
എസ്. വി., ഐക്യനാടുകൾ
കാനറി ദ്വീപുകൾ “കാനറി ദ്വീപുകൾ—അനുയോജ്യ കാലാവസ്ഥ, വശീകരിക്കുന്ന പ്രകൃതിദൃശ്യം” എന്ന 1994 സെപ്റ്റംബർ 22 ലേഖനം വായിച്ചു കഴിഞ്ഞപ്പോൾ ആ ലേഖനത്തോടും ഉണരുക!യിലെ സമാനമായ മറ്റു ലേഖനങ്ങളോടുമുള്ള എന്റെ വിലമതിപ്പു പ്രകടിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നമ്മുടെ മനോഹരമായ ഭൂമിയെക്കുറിച്ചും യഹോവയുടെ വൈവിധ്യമാർന്ന സൃഷ്ടികളെക്കുറിച്ചുമുള്ള നമ്മുടെ അറിവും വിലമതിപ്പും അവ വർധിപ്പിക്കുന്നു. ഞങ്ങളെ ആവേശഭരിതമായ ഈ “പര്യടനങ്ങൾ”ക്കു കൊണ്ടുപോകുന്നതിനു നന്ദി.
ഡി. ജി., ഐക്യനാടുകൾ
മിഷനറിമാർ “മിഷനറിമാർ—വെളിച്ചത്തിന്റെ ദൂതൻമാരോ അതോ ഇരുട്ടിന്റേതോ?” എന്ന അതിവിശിഷ്ടമായ പരമ്പര, പ്രത്യേകിച്ച് “ഇന്നു യഥാർഥ ശിഷ്യരെ ഉളവാക്കൽ” എന്ന അതിന്റെ ആറാം ഭാഗം ഞാൻ വളരെയധികം വിലമതിച്ചു. (ഡിസംബർ 22, 1994) ഗിലെയാദ് പരിശീലനം ലഭിച്ച ഒരു മിഷനറി ദമ്പതികളോടൊപ്പം പ്രവർത്തിക്കുന്നതിൽനിന്നു ഞങ്ങളുടെ സഭ വളരെയേറെ പ്രയോജനമനുഭവിച്ചിരിക്കുന്നു. മുഴുസമയശുശ്രൂഷ എന്റെ ജീവിതവൃത്തിയാക്കാൻ അവരുടെ ജ്ഞാനപൂർവകമായ ഉപദേശവും തീക്ഷ്ണതയും എന്നെ സ്വാധീനിച്ചിരിക്കുന്നു.
ജെ. കെ., ബോട്ട്സ്വാനാ
നാസിസത്തെ ചെറുക്കൽ “ഞങ്ങൾ ഹിറ്റ്ലറുടെ യുദ്ധത്തെ പിന്താങ്ങിയില്ല” എന്ന ലേഖനം എന്നെ സ്പർശിച്ചു. (ഒക്ടോബർ 22, 1994) നാസിസത്തെ പിന്തുണയ്ക്കാനുള്ള ആറ് ഓസ്ട്രിയൻ ബിഷപ്പുമാരുടെ “വിശുദ്ധ പ്രഖ്യാപന”ത്തിന്റെ ചിത്രം അതിലുണ്ടായിരുന്നു. ആ ബിഷപ്പുമാരിൽ ഒരാൾ 1928-ൽ ഞാനൊരു ജെസ്യൂട്ട് വിദ്യാർഥിയായിരുന്നപ്പോൾ എന്നെ സ്ഥൈര്യലേപനപ്പെടുത്തിയ ബിഷപ്പു തന്നെയായിരുന്നു. ക്രിസ്തീയ വിശ്വാസത്തിൽ തന്നെത്താൻ ഉറച്ചുനിൽക്കാൻ അറിയാൻമേലാത്ത ഒരാളിൽനിന്നുള്ള അത്തരം “സ്ഥിരപ്പെടുത്ത”ലിനെ ഞാൻ അപഹസിക്കുന്നു! ആ യുദ്ധം കത്തോലിക്കാ സഭയിലെ എന്റെ അംഗത്വത്തിനു വിരാമമിട്ടു. ഞാൻ എന്റെ സ്വദേശവും വിട്ടു. ഞാൻ യുദ്ധത്തെ എന്റേതായ രീതിയിൽ ചെറുക്കാൻ ശ്രമിച്ചെങ്കിലും എനിക്ക് വോൾഫാർട്ടുമാരുടെ അത്രയും ധൈര്യമില്ലായിരുന്നു. ആയുധങ്ങളേന്താൻ വിസമ്മതിച്ച രണ്ടു യഹോവയുടെ സാക്ഷികളെ ഞാനിപ്പോഴുമോർക്കുന്നു. അവർ തത്ക്ഷണം വധിക്കപ്പെട്ടു. അത്തരമാളുകളെ ഞാൻ അത്യധികം ആദരിക്കുന്നു.
പി. കെ., ചിലി
യുവജനങ്ങൾ ചോദിക്കുന്നു “യുവജനങ്ങൾ ചോദിക്കുന്നു . . . എനിക്ക് എന്റെ വസ്ത്രശേഖരം എങ്ങനെ മെച്ചപ്പെടുത്താനാവും?” എന്ന ലേഖനത്തിനു നന്ദി. (ജനുവരി 22, 1995) എഴുന്നേറ്റു ചെന്ന് നിറഞ്ഞുകവിഞ്ഞുകിടന്ന എന്റെ സ്വകാര്യമുറി ക്രമപ്പെടുത്താൻ അതെന്നെ പ്രേരിപ്പിച്ചു. വളരെയധികം വസ്ത്രമുണ്ടെങ്കിലും ധരിക്കാൻ എന്തെങ്കിലും കണ്ടുപിടിക്കുന്നത് ദിവസവും എനിക്കൊരു പ്രശ്നമായിരുന്നു. സഹായകമായ നിങ്ങളുടെ നുറുങ്ങുകൾക്കു നന്ദി. ധരിക്കാൻ എന്തെങ്കിലും കണ്ടുപിടിക്കുന്നത് ഇപ്പോൾ വളരെയേറെ എളുപ്പമാണ്.
റ്റി. ബി., ഹവായ്
“ഭ്രമങ്ങൾ—അവയുടെ ആകർഷണം എന്താണ്?” “ഭ്രമങ്ങൾ—ഞാൻ അവയുടെ തേരിലേറണമോ?” എന്നീ ലേഖനങ്ങളിൽ അടങ്ങിയിരുന്ന അതിവിശിഷ്ടമായ ആശയങ്ങൾക്കു നന്ദി. (1994 നവംബർ 22-ഉം ഡിസംബർ 8-ഉം) ഒരു ക്രിസ്തീയ മൂപ്പനെന്ന നിലയിൽ എന്റെ നിലവാരങ്ങൾ മറ്റുള്ളവരുടെമേൽ അടിച്ചേൽപ്പിക്കുന്നത് ഒഴിവാക്കുക എല്ലായ്പോഴും എളുപ്പമല്ലെന്നു ഞാൻ സമ്മതിക്കുന്നു. എന്നാൽ “മറ്റുള്ളവരുടെ വികാരങ്ങളും മനോഭാവങ്ങളും പരിഗണിക്കുക,” “മറ്റുള്ളവർ അങ്ങേയറ്റത്തേതായി വീക്ഷിച്ചേക്കാവുന്ന വസ്ത്ര, സ്വഭാവ ശൈലികൾ ഒഴിവാക്കൽ” എന്നിങ്ങനെയുള്ള ശൈലികൾ ഹൃദയത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നു.
ഡി. സി., ക്രൊയേഷ്യ