ഞങ്ങളുടെ വായനക്കാരിൽ നിന്ന്
കോടതിക്കേസ് “ക്രിസ്ത്യാനികൾ യെരുശലേമിലെ ഹൈക്കോടതിയെ വീണ്ടും അഭിമുഖീകരിക്കുന്നു” (നവംബർ 8, 1994) എന്ന ലേഖനത്തോട് എനിക്കുള്ള വിലമതിപ്പു പ്രകടിപ്പിക്കുന്നതു വച്ചുതാമസിപ്പിക്കാൻ എനിക്കു കഴിയില്ല. ഞാൻ അതു പലയാവർത്തി വായിച്ചു, നടന്ന സംഭവങ്ങളിൽ ആവേശംകൊണ്ടു. കാരണം ഏരിയൽ ഫെൽഡ്മാൻ നീതിക്കുവേണ്ടി ഒരു ഉറച്ച നിലപാടു സ്വീകരിച്ചു, അതുകൊണ്ട് വിസ്മയകരമായ ഒരു സാക്ഷ്യം കൊടുക്കപ്പെടുകയും ചെയ്തു.
എ. ഐ. ബി., ബ്രസീൽ
ബാറ്ററികൾ ഞാൻ ഒരു ഉപജീവനമാർഗത്തിനു വേണ്ടി ബാറ്ററികളുപയോഗിച്ചു ജോലിചെയ്യുന്നയാളാണ്. “ലോകത്തെ വീക്ഷിക്കൽ” എന്ന പംക്തിയിലെ “അപകടകാരികളായ ബാറ്ററികൾ” (ആഗസ്റ്റ് 22, 1994) എന്ന ഇനത്തിനു വേണ്ടി നിങ്ങളോടു നന്ദി പറയാൻ ഞാനാഗ്രഹിക്കുന്നു. എന്നാൽ സ്നോ കൺട്രി എന്ന മാഗസിനിൽനിന്നുള്ള ജംപ്-സ്റ്റാർട്ടിംഗ് നിർദേശങ്ങളിൽനിന്ന് പ്രധാനപ്പെട്ട ഒരു വിശദാംശം വിട്ടുപോയിരുന്നു, അതായത് അവസാനമായി ബന്ധിപ്പിക്കേണ്ടത് കറുത്ത കേബിളായിരിക്കണം.
പി. ആർ., കാനഡ
സുരക്ഷാ സൂചനക്കു നന്ദി.—പത്രാധിപർ
ഉണരുക! ആശ്വാസം തരുന്നു “പ്രായോഗിക സഹായം നൽകുന്ന മാസികകൾ” എന്ന ലേഖനം (ജനുവരി 8, 1995) ഞാൻ വായിച്ചു. ഉണരുക!യുടെ മുൻ ലക്കങ്ങൾ സമർപ്പിക്കുന്നതിൽ എനിക്കും വിജയമുണ്ടായി. തങ്ങളുടെ പ്രശ്നങ്ങൾ സംബന്ധിച്ചു ലഭിക്കാവുന്ന ഏതു സഹായത്തിനും ആളുകൾ പൊതുവേ നന്ദിയുള്ളവരാണ്. തന്റെ മകന് ശ്രദ്ധക്കുറവ് അമിത ചുറുചുറുക്ക് ക്രമക്കേട് ഉണ്ടായിരുന്നുവെന്ന് ഒരു സ്ത്രീ എന്നോടു പറഞ്ഞു. ഞാൻ അവർക്ക് “കുഴപ്പക്കാരായ കുട്ടികളെ മനസ്സിലാക്കൽ” എന്ന മാസിക കൊടുത്തു, (നവംബർ 22, 1994) അവർ സുഹൃത്തുക്കൾക്കു കൊടുക്കാൻവേണ്ടി വേറെ 30 പ്രതികൾകൂടി ആവശ്യപ്പെട്ടു!
ഡി. ക്യു., ഐക്യനാടുകൾ
“പ്രായോഗിക സഹായം നൽകുന്ന മാസികകൾ” എന്ന ലേഖനം വായിച്ചശേഷം പ്രൊഫഷണലുകൾക്കു കൊടുക്കാൻ പറ്റിയ ഏതെങ്കിലും കണ്ടുപിടിക്കാൻ സാധിക്കുമോ എന്നറിയാൻവേണ്ടി ഞാൻ എന്റെ പഴയ മാസികകളെല്ലാം പരിശോധിച്ചു നോക്കി. ഇതിനോടകം ഞാൻ ഒരു ഡേ കെയർ സെന്ററും ശവസംസ്കാരത്തിനായി ശവശരീരങ്ങൾ ഒരുക്കുന്ന പല സ്ഥാപനങ്ങളും ഒരു ദുർഗുണപരിഹാരപാഠശാലയും ഒരു പബ്ലിക് സ്കൂളും ഒരു ജില്ലാ വിദ്യാഭ്യാസ ബോർഡും സന്ദർശിച്ചുകഴിഞ്ഞു. പെട്ടെന്നുതന്നെ എന്റെ മാസികകളെല്ലാം തീർന്നുപോയി!
ഡി. ആർ., ഐക്യനാടുകൾ
ഏകാകിത്വം “ബൈബിളിന്റെ വീക്ഷണം: ഏകാകിത്വം ഒരു വരമായിരിക്കുമ്പോൾ” (ഫെബ്രുവരി 8, 1995) എന്ന ലേഖനത്തിനു ഞാൻ നന്ദി പറയുന്നു. എന്റെ സ്ഥലത്ത് വിവാഹം എന്നതൊരു വലിയ സംഗതിയാണ്; ക്രിസ്തീയ സഹോദരീസഹോദരൻമാർ നിങ്ങളെ അതിനുവേണ്ടി പ്രോത്സാഹിപ്പിക്കും. എനിക്കു 30 വയസ്സാകുന്നതുവരെ ഞാൻ വിവാഹത്തെക്കുറിച്ച് അധികമൊന്നും ചിന്തിച്ചിരുന്നേയില്ല. അതിനുശേഷം ഒരു പങ്കാളിയുടെ ആവശ്യം എനിക്കു തോന്നിത്തുടങ്ങി. എനിക്ക് ഇനിയും പിടിച്ചുനിൽക്കാനാവില്ലെന്നു തോന്നിയ അവസരത്തിൽ തന്നെ ഈ ലേഖനം പ്രദാനം ചെയ്തതിനു ഞാൻ യഹോവയോടു നന്ദിയുള്ളവളാണ്.
ഇ. എം. എ., ഐക്യനാടുകൾ
രണ്ടു വർഷങ്ങൾക്കുമുമ്പ് ഞാൻ ഒരു പയനിയർ, അതായത് ഒരു മുഴുസമയ സുവിശേഷകയായിത്തീർന്നു. കാലം കടന്നുപോകുന്നതനുസരിച്ച് യഹോവയെ “ശ്രദ്ധാശൈഥില്യങ്ങളില്ലാതെ” സേവിക്കുന്നത് എത്ര സംതൃപ്തികരമാണെന്നു ഞാൻ കൂടുതൽ കൂടുതൽ തിരിച്ചറിയുന്നു. ഞാൻ ഏകാകിയായിരിക്കാൻ തീരുമാനിച്ചു—ലേഖനം കൃത്യസമയത്താണ് എത്തിയത്.
ജി. വി., ഇറ്റലി
ഭ്രമങ്ങൾ “യുവജനങ്ങൾ ചോദിക്കുന്നു . . . ഭ്രമങ്ങൾ—ഞാൻ അവയുടെ തേരിലേറണമോ?” (ഡിസംബർ 8, 1994) എന്ന നിങ്ങളുടെ ലേഖനത്തിൽ നിങ്ങൾ പച്ചകുത്തലിനെ പരാമർശിച്ചു. ലേവ്യപുസ്തകം 19:28-ലെ “മെയ്മേൽ പച്ചകുത്തരുത്” എന്ന കല്പനയെപ്പറ്റി നിങ്ങൾ പരാമർശിക്കാതിരുന്നതിൽ ഞാൻ അതിശയിച്ചുപോയി.
എൽ. ഡി., ഐക്യനാടുകൾ
ഈ വാക്കുകൾ തീർച്ചയായും ഈ വസ്തുത സംബന്ധിച്ച യഹോവയുടെ ചിന്താഗതിയെക്കുറിച്ച് ഉൾക്കാഴ്ച നൽകുന്നുണ്ട്. തീർച്ചയായും, ക്രിസ്ത്യാനികൾ മോശൈക ന്യായപ്രമാണത്തിൻ കീഴിലല്ല. (കൊലൊസ്സ്യർ 2:14) എങ്കിലും, ഇതു സംബന്ധിച്ച് എന്തു ചെയ്യണമെന്നു തീരുമാനിക്കുമ്പോൾ വ്യക്തികൾ ഈ തിരുവെഴുത്തു മനസ്സിൽ വെക്കുന്നതു നന്നായിരിക്കും. റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുള്ള ആരോഗ്യപരമായ അപകടങ്ങളും ശരീരത്തിൽ പച്ചകുത്തിയിരിക്കുന്നതു മറ്റുള്ളവരിൽ ഉണ്ടാക്കുന്ന ധാരണയും ക്രിസ്ത്യാനികൾ ഗൗരവപൂർവം തൂക്കിനോക്കേണ്ട കൂടുതലായ ഘടകങ്ങളാണ്.—പത്രാധിപർ
ആറു മാസം മുമ്പു ഞാൻ ഭ്രമത്തിന്റെ തേരിൽ ചാടിക്കയറി, എന്റെ കണങ്കാലിൽ പച്ചകുത്തുകയും ചെയ്തു. എന്റെ കണങ്കാലിലേക്കു നോക്കുമ്പോഴെല്ലാം എന്റെ ഈ തീരുമാനത്തെക്കുറിച്ച് എനിക്ക് ഓർമ വരുന്നു. എന്റെ സ്വഭാവത്തെപ്പറ്റി മറ്റുള്ളവർക്ക് എന്തൊക്കെ സംശയങ്ങളായിരിക്കാം ഉള്ളതെന്നു ഞാൻ സന്ദേഹിക്കുന്നു. സഭയിലെ മറ്റുള്ളവർക്കു ഞാനൊരു ഇടർച്ചയായിരുന്നിരിക്കുമോ എന്നു ചിന്തിച്ചു വിഷമിക്കുകയും ചെയ്യുന്നു. ഭ്രമത്തേര് അടുത്ത തവണ എന്റെ സമീപത്തേക്കു വരുമ്പോൾ ഞാൻ കൂടുതൽ ശ്രദ്ധാപൂർവം ചിന്തിക്കും.
എസ്. സി., ഐക്യനാടുകൾ