യുവജനങ്ങൾ ചോദിക്കുന്നു. . .
ഭ്രമങ്ങൾ—ഞാൻ അവയുടെ തേരിലേറണമോ?
‘അതാണ് ഇപ്പോഴത്തെ ഫാഷൻ!’ ‘ഇപ്പോൾ അതിന്റെ കാലമാണ്!’ നിങ്ങൾ ഏററവും പുതിയ ഫാഷൻ അനുവർത്തിക്കുന്നതു കൂട്ടുകാർ കാണുമ്പോൾ പിന്നെ അഭിനന്ദനങ്ങളുടെ കളിയായിരിക്കും. അതേ, ഭ്രമങ്ങൾക്കു ശ്രദ്ധപിടിച്ചെടുക്കുന്ന, ശക്തമായ പ്രതികരണങ്ങൾ ഉതിർത്തുവിടുന്ന ഒരു രീതിയുണ്ട്.
എന്നിരുന്നാലും, ഭ്രമങ്ങൾ കാലാവസ്ഥ മാറുന്നതുപോലെ മാറുന്നതും ഒട്ടും നിലനിൽക്കാത്തതുമാണ്. ഒരു മാർക്കററിങ് സർവേ പറയുന്നതനുസരിച്ച് ഒരു ഭ്രമം ആദ്യം ഒന്നിനും മടിയില്ലാത്ത സാധാരണക്കാരല്ലാത്ത യുവാക്കളുടെ ചെറിയ സംഘങ്ങൾക്കിടയിൽ കാലുറപ്പിക്കുന്നു. എന്നാൽ അതു വ്യാപിച്ചു തുടങ്ങുമ്പോൾ നിർമാതാക്കളും പരസ്യക്കാരും മാസികയിലൂടെയും ടിവിയിലൂടെയും റേഡിയോ പരസ്യങ്ങളിലൂടെയും അതിനെ പ്രോത്സാഹിപ്പിച്ചു തുടങ്ങുന്നു. അംഗീകാരം കൊടുത്തുകൊണ്ട് അതിന് ആദരണീയതയും പ്രശസ്തിയും പകരാൻ സംഗീതജ്ഞർക്കും പ്രശസ്തരായ ആളുകൾക്കും പണം കൊടുക്കുന്നു. വലിയ ഉത്സാഹത്തോടെ യുവാക്കൾ തന്നെ അതിനെ പ്രോത്സാഹിപ്പിച്ചേക്കാം. ആളുകൾക്കു പിടിക്കുന്ന പക്ഷം അത് “കൗമാരക്കാരുടെ വൻ ഭൂരിപക്ഷ”ത്തിനിടയിൽ ഒരു അഭിനിവേശം ആയി മാറുകയായി.
എന്നിരുന്നാലും, അവസാനം ആ ഭ്രമം ആകർഷണം നശിച്ചു മങ്ങിപ്പോകുന്നു. (അമേരിക്കൻ ഡെമോഗ്രാഫിക്സ്) എന്നാൽ അപ്പോഴേക്കും ഒരു പുതിയ സ്റൈറലോ ഡാൻസോ ഉപകരണമോ രംഗത്തിറങ്ങിയിരിക്കും. പിന്നെ അതിനോട് ഇഴുകിച്ചേരാൻ നിങ്ങൾക്കു കടുത്ത സമ്മർദം തോന്നുകയായി. പലർക്കും 15 വയസ്സുകാരനായ കിമ്മിനെപ്പോലെയാണു തോന്നുന്നത്: “വ്യത്യസ്തനായി നിന്നാൽ ഒരു ജാതിഭ്രഷ്ടനെപ്പോലെയാണ് ആളുകൾ നമ്മെ കാണുക.”
ഭ്രമങ്ങളുടെ തേരിലേറുന്നതു ചെലവേറിയ ഒരു സംരംഭമായിരുന്നേക്കാം. ഉദാഹരണത്തിന്, ഏതാനും വർഷങ്ങൾക്കു മുമ്പ് ഫ്രഞ്ചു യുവാക്കളുടെയിടയിൽ പൊട്ടിപ്പുറപ്പെട്ട മൊട്ടുസൂചി ഭ്രമത്തിന്റെ കാര്യമെടുക്കുക. ദ ന്യൂയോർക്ക് ടൈംസിന്റെ 1991-ലെ ഒരു ലേഖനം ഇപ്രകാരം പറയുന്നു: “നിങ്ങളുടെ ബേസ്ബോൾ തൊപ്പിയിലോ വസ്ത്രത്തിന്റെ ചുരുക്കുകളിലോ ഡോമിനോ കളിയിലെ പൊട്ടിന്റെ വലിപ്പത്തിലുള്ളതും നിറപ്പകിട്ടുള്ളതുമായ തിളങ്ങുന്ന പരന്ന മൊട്ടുകളോടുകൂടിയ മൊട്ടുസൂചികൾ പതിക്കേണ്ടത് ഡെ റിഗ്യുർ (ഒഴിച്ചുകൂടാൻ വയ്യാത്തത്) ആണ്.” ഈ ഭ്രമം അത്ര ഉപദ്രവകരമല്ലാത്തതായി തോന്നി. എന്നാൽ രൂപഭംഗിയുള്ള ആ മൊട്ടുസൂചിക്ക് തീ വിലയായിരുന്നു, ഒരെണ്ണത്തിന് 12 ഡോളർ.
“ഫാഷനു”ള്ളവനായിരിക്കുന്നതിൽ കേവലം പണം വാരിയെറിയുന്നതിലധികം ഉൾപ്പെട്ടിരിക്കുന്നുവെന്നും ഒരു യുവാവ് കണ്ടെത്തിയേക്കാം. ബേസ്ബോൾ തൊപ്പി ധരിക്കുന്നതു ഫാഷനായിരിക്കുന്ന ചില സംഘങ്ങളെ സംബന്ധിച്ചിടത്തോളം ശരിയായ ടീമിനെ പ്രതിനിധീകരിക്കുന്ന ശരിയായ നിറത്തിലുള്ള തൊപ്പി തിരഞ്ഞെടുക്കേണ്ടതുണ്ട്. തൊപ്പി ധരിക്കുന്ന വിധംതന്നെ ഭ്രമത്തിന്റെ ഒരു ഭാഗമാണ്.
മിക്ക യുവാക്കൾക്കും ഇതു ഗൗരവമേറിയ സംഗതിയാണ്. ചില ഭ്രമങ്ങൾ അനുവർത്തിക്കുന്നതു പദവിയും അംഗീകാരവും നേടാനുള്ള താക്കോലായി അവർ കാണുന്നു. എന്നിരുന്നാലും, ഭ്രമങ്ങളുടെ തേരിലേറുന്നതല്ല എല്ലായ്പോഴും മിടുക്കായിരിക്കുന്നത് എന്നു നാം കാണാൻ പോകുകയാണ്.
നിങ്ങളുടെ നടപ്പു സൂക്ഷിക്കൽ
ഭ്രമങ്ങളെ ബൈബിൾ ഒന്നടങ്കം കുററംവിധിക്കുന്നില്ല. ജനപ്രീതിയാർജിച്ച ചില പ്രവർത്തനങ്ങൾ സ്വതേ ഭ്രമങ്ങളായിരുന്നേക്കാമെങ്കിലും അവ ഉചിതമായിരുന്നേക്കാം. ഉദാഹരണത്തിന്, പതുക്കെയുള്ള ഓട്ടം (jogging) കുറച്ചു വർഷങ്ങൾക്കു മുമ്പ് ജനപ്രീതിയാർജിച്ചപ്പോൾ ചിലർ അതിനെ ഒരു ഭ്രമമായി കണക്കാക്കിയിരുന്നു. എന്നാൽ ആരോഗ്യാവഹവും മിതവുമായ വ്യായാമത്തിന്റെ പ്രയോജനങ്ങളെ ആർക്കു നിരസിക്കാനാവും?—താരതമ്യം ചെയ്യുക: 1 തിമൊഥെയൊസ് 4:8.
എന്നിരുന്നാലും, നിസ്സാരം തുടങ്ങി തികച്ചും അപകടകരങ്ങളായവ വരെയുള്ള ഭ്രമങ്ങളുണ്ട്. അങ്ങനെ ഒരു പുരാതന സദൃശവാക്യം തരുന്ന ഈ മുന്നറിയിപ്പ് ഉചിതമാണ്: “അല്പബുദ്ധി ഏതു വാക്കും വിശ്വസിക്കുന്നു; സൂക്ഷ്മബുദ്ധിയോ തന്റെ നടപ്പു സൂക്ഷിച്ചുകൊള്ളുന്നു.” (സദൃശവാക്യങ്ങൾ 14:15) സൂക്ഷ്മബുദ്ധിയുള്ളയാൾ ബുദ്ധിമാനാണ്, വകതിരിവുള്ളവനാണ്. ജനപ്രീതിയുള്ളതുകൊണ്ടു മാത്രം അയാൾ ഏതെങ്കിലും ഒരു പുതിയ പ്രവണതയെ അന്ധമായി പിന്തുടരുന്നില്ല. പിന്നെയോ തന്റെ നടപടികളുടെ പരിണതഫലങ്ങൾ അയാൾ ജ്ഞാനപൂർവം തൂക്കിനോക്കുന്നു.
പരിഗണിക്കേണ്ട മറെറാരു സംഗതിയായിരുന്നേക്കാം ചെലവ്. ഒരു ഫാസ്ററ്-ഫുഡ് റെസ്റററൻറിൽ ജോലിനോക്കുന്ന കൗമാരപ്രായക്കാരിയായ ഒരു പെൺകുട്ടിയെക്കുറിച്ചു കാനഡയിലെ ഒരു മാസിക പറയുന്നു. എല്ലുമുറിയെ പണിചെയ്തു സമ്പാദിക്കുന്ന പണത്തിന്റെ പകുതിയിലധികവും ചെലവഴിക്കുന്നത് ഏററവും ആധുനികമായ വസ്ത്ര ഭ്രമങ്ങൾക്കുവേണ്ടിയാണ്. ‘ദ്രവ്യം ഒരു ശരണ’മാണെന്ന്, അതായത് അത് ആവശ്യമുള്ള, ഉപയോഗപ്രദമായ ഒരു ഉപകരണമാണെന്ന് ബൈബിൾ പറയുന്നു. (സഭാപ്രസംഗി 7:12) “ഒന്നോ രണ്ടോ സീസണുകൾക്കുള്ളിൽ കാലഹരണപ്പെട്ടുപോകാൻ രൂപകൽപ്പനചെയ്യപ്പെട്ടിരിക്കുന്ന”തെന്ന് ഒരു എഴുത്തുകാരൻ വിവരിച്ച ഇനങ്ങൾക്കുവേണ്ടി പണം ധൂർത്തടിക്കാൻ നിങ്ങൾക്കുണ്ടോ?
ശാരീരിക അപകടം പരിചിന്തിക്കേണ്ട മറെറാരു ഘടകമാണ്. കുറച്ചുകാലം മുമ്പ് ബ്രേക്ക് ഡാൻസ് വലിയ ജനപ്രീതിയാർജിച്ചിരുന്നു. എന്നാൽ അത് അനേകം പേർക്ക് നടുവിനു ക്ഷതമേൽപ്പിച്ചു. ഇന്നാണെങ്കിലോ? റോളിങ് സ്റേറാൺ എന്ന മാഗസിനിലെ ഒരു ലേഖനം “സ്റേറജിൽനിന്നുള്ള ഡൈവിങ്” (സന്തോഷിച്ചാർക്കുന്ന ആരാധകരുടെ കരങ്ങളിലേക്ക് സ്റേറജിൽനിന്നുള്ള ചാട്ടം), “ഇടിക്കൽ,” “കൂട്ടിമുട്ടൽ” എന്നിങ്ങനെ ഡാൻസു ക്ലബ്ബുകളിലും പാട്ടുകച്ചേരികളിലും നടക്കുന്ന ക്രൂരമായ കോമാളിച്ചേഷ്ടകളെക്കുറിച്ചു പറയുന്നു. അതായത്, സംഗീതതാളലയത്തിനൊത്തുള്ള, യഥാർഥത്തിൽ അക്രമം തന്നെയായ “നൃത്ത” ക്രിയകൾ. “ഈ സംഗതി വല്ലാതെ പിടിവിട്ടുപോയിരിക്കയാണ്. ഞാൻ കാര്യമായിട്ടാണ് പറയുന്നത്,” ഒരു യുവതിയുടെ പരാതി. “നൃത്തവേദിയിലേക്കു പെട്ടെന്നു കയറിവന്ന്, നിർഭാഗ്യവശാൽ അടുത്തെങ്ങാനും ആരെങ്കിലും നിൽപ്പുണ്ടെങ്കിൽ അയാളെ നിർദയമായി ഇടിച്ചുവീഴ്ത്തിക്കൊണ്ട്, ഏററവും ഭയങ്കരമായ നീർച്ചുഴിപോലെ ഇളകിമറിഞ്ഞു തകർത്തുവാരുന്ന” ഭ്രാന്തൻ “തുള്ളൽക്കാരെ”ക്കുറിച്ച് അവൾ വിശദീകരിക്കുന്നു. അത്തരം പെരുമാററം നിങ്ങളുടെ കൂട്ടുകാരിൽ ചിലർക്ക് ഇഷ്ടപ്പെട്ടേക്കാം. എന്നാൽ അത്തരം സ്ഥലങ്ങളിൽ ആയിരിക്കുന്നതോ അത്തരം കാര്യങ്ങൾ ചെയ്യുന്നതോ “ഭക്തികേടും പ്രപഞ്ചമോഹങ്ങളും വർജ്ജിച്ചിട്ടു . . . സുബോധത്തോ”ടുകൂടി ജീവിക്കാൻ ക്രിസ്ത്യാനികളോടു കൽപ്പിക്കുന്ന ദൈവത്തിന്റെ പ്രീതി സമ്പാദിക്കുന്നുവോ?—തീത്തൊസ് 2:13.
യുവാക്കൾക്കിടയിൽ ജനപ്രീതിയാർജിക്കുന്ന ശരീരം കുത്തിത്തുളയ്ക്കലിന്റെയും പച്ചുകുത്തിന്റെയും ആരോഗ്യവിപത്തുകൾ സംബന്ധിച്ചെന്ത്? ആരോഗ്യസംരക്ഷണം സംബന്ധിച്ച നടപടികൾ സ്വീകരിച്ചില്ലെങ്കിൽ പച്ചകുത്തിന് ഹെപ്പാറൈറററിസും ഒരുപക്ഷേ എയ്ഡ്സും പോലെയുള്ള ആരോഗ്യാപകടങ്ങൾ ഉണ്ടാക്കാൻ കഴിയുമെന്നു ഡോക്ടർമാർ പറയുന്നു. കൂടാതെ, ശരീരത്തെ സ്ഥിരമായി അലങ്കരിച്ചുവയ്ക്കുന്ന ഈ ഭ്രമം മേലാൽ ഫാഷനല്ലാതിരിക്കുന്ന ഒരു കാലവും ഉണ്ടായേക്കാം. ചിലതരം പച്ചകുത്തുകൾ ലേസർ ഉപയോഗിച്ചു നീക്കം ചെയ്യാമെന്നുള്ളതു സത്യമാണ്. എന്നാൽ ആയിരക്കണക്കിനു രൂപവീതം ചെലവു വരുന്ന പലതവണത്തെ വേദനാകരമായ ലേസർ ചികിത്സ നടത്തേണ്ടതുണ്ട്.
ഇതിലെല്ലാം വെച്ച് ഏററവും മാരകം ചില ഭ്രമങ്ങൾ അനുവർത്തിക്കുന്നതുകൊണ്ടുണ്ടാകുന്ന ആത്മീയ ക്ഷതമാണ്. അവയിൽ പലതും നടീനടൻമാർ, സ്പോർട്സുകാർ, സംഗീതജ്ഞർ എന്നിങ്ങനെ പ്രശസ്തരായ ആളുകളെ കേന്ദ്രീകരിച്ചുള്ളതാണ്. അപ്പപ്പോൾ പൊതുജനശ്രദ്ധാകേന്ദ്രമായിരിക്കുന്ന ആരെയെങ്കിലും പോലെ വസ്ത്രധാരണം ചെയ്യുന്നതും പ്രവർത്തിക്കുന്നതും “ഫാഷനാ”യിത്തീരുന്നു. എന്നാൽ അത്തരം വീരകഥാപാത്രങ്ങളെ ആരാധിക്കുന്നതിനെ യഹോവയാം ദൈവം എങ്ങനെ വീക്ഷിക്കും? വിഗ്രഹാരാധനയുടെ ഒരു രൂപമായിട്ട്. ബൈബിൾ ഇപ്രകാരം മുന്നറിയിപ്പു നൽകുന്നു: “വിഗ്രഹാരാധന വിട്ടോടുവിൻ.” (1 കൊരിന്ത്യർ 10:14) ബൈബിളിന്റെ ധാർമിക നിലവാരങ്ങൾ എന്തുതന്നെയായിരുന്നാലും പ്രശസ്തരായ അനേകർക്കും അവയോട് ഒരു ആദരവുമില്ല. (1 കൊരിന്ത്യർ 6:9-11) സംഗതി അങ്ങനെയായിരിക്കുമ്പോൾ, ഫലത്തിൽ അത്തരം ആളുകൾക്ക് ആരാധന കൊടുക്കുന്ന രീതികളിൽ നിങ്ങൾ പ്രവർത്തിക്കുകയോ വസ്ത്രം ധരിക്കുകയോ ചെയ്യുന്നതു ദൈവത്തിന് ഇഷ്ടമായിരിക്കുമോ?
നിങ്ങൾ മററുള്ളവർക്കു നൽകുന്ന ധാരണ
മാതാപിതാക്കളെ ബഹുമാനിക്കാനും ബൈബിൾ യുവാക്കളോടു കൽപ്പിക്കുന്നു. (എഫെസ്യർ 6:2) ശരീരം മുഴുവനും ആഭരണങ്ങളും പച്ചകുത്തുകളുമായി നിങ്ങൾ വീട്ടിൽ വന്നുകയറുമ്പോൾ അത് അവരെ അനാദരിക്കുകയല്ലേ? നിങ്ങളുടെ സഹപാഠികളെ പോലെയുള്ള മററുള്ളവരെ സംബന്ധിച്ചെന്ത്? നിങ്ങളൊരു ക്രിസ്ത്യാനിയാണെങ്കിൽ പിന്നീടു നിങ്ങൾ അവരുമായി വിശ്വാസം പങ്കുവെയ്ക്കുമ്പോൾ നിങ്ങൾ പറയുന്നതു ഗൗരവമായെടുക്കാൻ അവർക്കു പ്രയാസം തോന്നുമോ?—താരതമ്യം ചെയ്യുക: 2 കൊരിന്ത്യർ 6:3.
റാപ്പ് സംഗീതജ്ഞരിലൂടെ ജനപ്രീതിയാർജിച്ച ചില സ്റൈറലുകൾ സ്വീകരിക്കുന്നതു സംബന്ധിച്ചും ഇതുതന്നെ പറയാം. പല സ്ഥലങ്ങളിലും ബേസ്ബോൾ തൊപ്പി തലമൂടുന്നതിനുവേണ്ടി മാത്രമുള്ളതാണ് എന്നതു വാസ്തവം തന്നെ. എന്നാൽ ചില അയൽ നഗരങ്ങളിൽ “സാമൂഹിക രാഷ്ട്രീയം ചില തൊപ്പികളുടെ പ്രചാരത്തിൽ ഇപ്പോൾ മുഖ്യപങ്കു വഹിക്കുന്നു.” (വിനോദ വാരിക, ഇംഗ്ലീഷ്) ചിലതരം തൊപ്പികളും ജാക്കററുകളും സ്പോർട്സ് ഷൂകളും മററ് ഹിപ്പ്-ഹോപ്പ് ആടയാഭരണങ്ങളും ധരിക്കുമ്പോൾ അത്, നിങ്ങൾ റാപ്പ് ജീവിതരീതി അവലംബിക്കുന്നു എന്ന ധാരണ നൽകിയേക്കുമോ? ക്രിസ്തീയ സ്നേഹം “അയോഗ്യമായി” അഥവാ ഹീനമായ രീതിയിൽ “നടക്കുന്നില്ല” എന്നോർമിക്കുക.—1 കൊരിന്ത്യർ 13:5.
നാട്ടുകാരുടെ വികാരങ്ങളെ നിന്ദിച്ചുകൊണ്ട് “ഹിപ്പ്-ഹോപ്പ് സ്റൈറലിലുള്ള വസ്ത്രങ്ങൾ” ധരിച്ച് സ്കൂളിൽ പോയ യാഥാസ്ഥിതിക പട്ടണത്തിലെ ഒരു കൂട്ടം കൗമാരപ്രായക്കാരായ പെൺകുട്ടികൾക്ക് എന്തു സംഭവിച്ചുവെന്നു പരിചിന്തിക്കുക. ഒരു പെൺകുട്ടി ഇപ്രകാരം വിശദീകരിച്ചു: “ഞങ്ങൾ ഈ വസ്ത്രങ്ങൾ എംടിവിയിൽ (മ്യൂസിക് വീഡിയോകൾ വിശേഷവത്കരിക്കുന്ന ഒരു കേബിൾ ടിവി സ്റേറഷൻ) കാണാറുണ്ട്. അവ കാണാൻ നല്ലതാണെന്നു ഞാൻ വിചാരിച്ചു.” എന്നിരുന്നാലും ആ അങ്ങേയററത്തെ ഫാഷൻ വസ്ത്രം വിവാദത്തിനും വർഗീയ അക്രമത്തിനും തിരികൊളുത്തി.
അതുകൊണ്ട് ക്രിസ്ത്യാനികളെന്ന നിലയിൽ നാം ‘ലജ്ജാശീലത്തോടും സുബോധത്തോടുംകൂടെ സ്വയം അലങ്കരിക്കേണം.’ (1 തിമൊഥെയൊസ് 2:9) മററുള്ളവരുടെ വികാരങ്ങളും മനോഭാവങ്ങളും പരിഗണിക്കുന്നതും സ്വന്തം തിരഞ്ഞെടുപ്പിന് ഊന്നൽ നൽകാതിരിക്കുന്നതും ഇതിലുൾപ്പെടുന്നു. മററുള്ളവർ അതിരുകടന്നതായി വീക്ഷിക്കുന്ന രീതിയിലുള്ള വസ്ത്രവും പെരുമാററവും ഒഴിവാക്കുന്നതിനെയും ഇത് അർഥമാക്കുന്നു.
ജാഗ്രതയുടെ ആവശ്യം
തീർച്ചയായും, ഓരോ ഭ്രമത്തെയും അതിന്റേതായ സവിശേഷതകളുടെ അടിസ്ഥാനത്തിൽ വിലയിരുത്തേണ്ടതുണ്ട്. എന്നിരുന്നാലും, പിശാചായ സാത്താനാണ് ഈ ലോകത്തിന്റെ ഭരണാധികാരിയെന്നും “ആരെ വിഴു”ങ്ങണമെന്നുള്ളതാണ് അവന്റെ ലക്ഷ്യമെന്നും ഓർമിക്കുക. (1 പത്രൊസ് 5:8; യോഹന്നാൻ 12:31; 1 യോഹന്നാൻ 5:19) യുവാക്കളെ ദൈവത്തിൽനിന്നു വ്യതിചലിപ്പിക്കാനും അകററാനുമായി സാത്താൻ ജനപ്രീതിയുള്ള ചില ഭ്രമങ്ങൾ ഉപയോഗിച്ചിരിക്കുന്നുവെന്നതിന് ഒരു സംശയവുമില്ല. അതുകൊണ്ട് ജാഗ്രത ഉചിതമാണ്.
ഏതെങ്കിലും പുതിയ പ്രവണതയോ ഭ്രമമോ ആദ്യം പിൻപററുന്നവരിൽ പെടുന്നതു സാധാരണമായി ബുദ്ധിയല്ല. യാഥാസ്ഥിതിക ചായ്വുള്ളതാണ് ഏറെ സുരക്ഷിതം. അതേസമയം “അതിനീതിമാനായിരി”ക്കുന്നതിനെതിരെയും ബൈബിൾ മുന്നറിയിപ്പു നൽകുന്നു. (സഭാപ്രസംഗി 7:16) തീർച്ചയായും അങ്ങേയററം പഴഞ്ചനായും വിചിത്രമായും ഭ്രാന്തമായും കാണപ്പെടത്തക്കവിധം നിങ്ങൾ സ്റൈറലിലുള്ള മാററങ്ങളെ അത്രമാത്രം തള്ളിക്കളയേണ്ടതില്ല.
ഒരു ഭ്രമം ബൈബിൾ തത്ത്വങ്ങളെയോ സുബോധത്തെയോ വ്യക്തമായി അതിലംഘിക്കുമ്പോൾ അത് ഒഴിവാക്കുന്നതാണു ബുദ്ധി. നിങ്ങളുടെ കൂട്ടുകാരിൽനിന്നു വ്യത്യസ്തരായിരിക്കുന്നത് എളുപ്പമല്ല എന്നതു സത്യം തന്നെ. എന്നാൽ വേണ്ട എന്നു പറയുകയും നിങ്ങളുടെ സുഹൃത്തുക്കളെ നിലനിർത്തുകയും ചെയ്യേണ്ട വിധം (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ എഴുത്തുകാരി ഷാരൻ സ്കോട്ട് ഇപ്രകാരം ചോദിക്കുന്നു: “നിങ്ങൾക്കുവേണ്ടി തീരുമാനങ്ങളെടുക്കത്തക്കവിധം അത്ര ബുദ്ധിമാൻമാരും നിങ്ങളെ അത്ര നന്നായി അറിയാവുന്നവരുമായ ഏതെങ്കിലും സുഹൃത്തുക്കൾ നിങ്ങൾക്കുണ്ടോ? ഉണ്ടാകാൻ സാധ്യതയില്ല!” നിങ്ങളുടെ മാതാപിതാക്കളുടെ അഭീഷ്ടങ്ങളാലും നിങ്ങളുടെ ബൈബിൾ പരിശീലിത മനസ്സാക്ഷിയാലും നയിക്കപ്പെടുന്നതായിരിക്കില്ലേ മെച്ചം? അങ്ങനെ ചെയ്യുന്നത് നിങ്ങളുടെ കൂട്ടുകാരുടെയെല്ലാം അംഗീകാരം നേടിത്തരുകയില്ലായിരിക്കാം. എന്നാൽ അത് യഹോവയുടെ അംഗീകാരം നേടിത്തരും. അത് ഒരു കൂട്ടം ഭ്രമങ്ങളെപ്പോലെയല്ല, നിലനിൽക്കുന്നതാണ്!—സങ്കീർത്തനം 41:12; സദൃശവാക്യങ്ങൾ 12:2.
[16-ാം പേജിലെ ചിത്രം]
ഒരു പ്രത്യേക ഭ്രമം പിൻപററുന്നെങ്കിൽ നിങ്ങളുടെ മാതാപിതാക്കൾ എങ്ങനെ പ്രതികരിക്കും?