യുവജനങ്ങൾ ചോദിക്കുന്നു. . .
ഭ്രമങ്ങൾ—അവയുടെ ആകർഷണം എന്താണ്?
മുദ്രാവാക്യങ്ങളുള്ള (slogan) ററി-ഷർട്ടു ധരിക്കാനുള്ള സർവസാധാരണമായ ഭ്രമത്താൽ ശക്തമായി സ്വാധീനിക്കപ്പെട്ടിട്ടുള്ള ആയിരക്കണക്കിന്—ഒരുപക്ഷേ ലക്ഷക്കണക്കിനു—യുവാക്കളിൽ ഒരാൾ മാത്രമാണ് എവെരി. വാസ്തവത്തിൽ, മുദ്രാവാക്യങ്ങളുള്ള ററി-ഷർട്ടുകൾ ദീർഘനാളായി നിലവിലുണ്ട്; ചെറുപ്പമായിരുന്നപ്പോൾ നിങ്ങളുടെ മാതാപിതാക്കളും അവ ധരിച്ചിട്ടുണ്ടാവും. എന്നിരുന്നാലും, ന്യൂസ്വീക്ക് മാഗസിൻ പറയുന്നതനുസരിച്ച് ഈ ഭ്രമത്തിന് ഒരു മാററം സംഭവിച്ചിരിക്കുന്നു. ഇപ്പോൾ ചില യുവാക്കൾ “തികച്ചും അശ്ലീലമായ സന്ദേശങ്ങളുള്ള ററി-ഷർട്ടുകൾ ധരിച്ചു കറങ്ങിനടക്കുന്നു.”
പുതുതായി ഇറങ്ങുന്ന മിക്ക ഷർട്ടുകളിലെയും മുദ്രാവാക്യങ്ങൾ അച്ചടിച്ചു പ്രസിദ്ധപ്പെടുത്താൻ പററിയതല്ലത്രേ. വർഗീയ അപവാദങ്ങൾ മുതൽ സ്ത്രീകളെക്കുറിച്ചുള്ള അശ്ലീല വിവരണങ്ങൾ വരെ അവയിലുൾപ്പെടും. മാതാപിതാക്കൾ ഉൾപ്പെടെ മററുള്ളവർക്ക് വൃത്തികെട്ട ഈ മുദ്രാവാക്യങ്ങളെക്കുറിച്ച് എന്തു തോന്നും എന്നതു സംബന്ധിച്ച് ഈ ഭ്രമക്കാർക്ക് ഒരു ചിന്തയുമില്ലെന്നു തോന്നുന്നു. പ്രത്യേക തരത്തിലുള്ള ഒരു വെറുപ്പിക്കുന്ന ഷർട്ട് ധരിക്കുന്നതെന്തുകൊണ്ടെന്ന് 18 വയസ്സുകാരിയായ ആൻഡ്രിയ ഒരു യുവാവിനോടു ചോദിച്ചപ്പോൾ “‘അത് പുതിയ ഫാഷനാണ്, എല്ലാവരുമിടുന്നതാണ്’ എന്നിങ്ങനെ ഓരോ ഒഴികഴിവു പറഞ്ഞതല്ലാതെ എന്തു പറയണമെന്ന് അവന് അറിയില്ലായിരുന്നു.”
കഴിഞ്ഞ പതിററാണ്ടുകളിൽ, നൂറുകണക്കിനു ഭ്രമങ്ങൾ യുവാക്കളുടെ ശ്രദ്ധ പിടിച്ചുപററി. എല്ലാ കാലത്തെയും ഏററവും പ്രസിദ്ധവും ലാഭകരവുമായ ഭ്രമങ്ങളിലൊന്ന് 1950-കളിൽ ഐക്യനാടുകളിൽ പ്രസിദ്ധിയാർജിച്ച ഹൂല-ഹൂപ്പ് ഭ്രമമായിരുന്നു. കുറച്ചു വർഷങ്ങൾ പിന്നോട്ടു പോയാൽ, സ്വർണമത്സ്യം വിഴുങ്ങുന്നതും ഒരു ടെലിഫോൺ ബൂത്തിൽ എത്ര പേർക്കു നിൽക്കാൻ കഴിയുമെന്നു നോക്കുന്നതും ആയിരുന്നു ജനപ്രീതിയാർജിച്ചിരുന്ന സംഗതികൾ. കഴിഞ്ഞ വർഷങ്ങളിൽ ബ്രേക്ക് ഡാൻസിങ്, നരച്ച ജീൻസ്, സ്കേററ്ബോർഡുകൾ എന്നിവയും “ഹ്രസ്വദൂരം ഓടു”ന്നതും (പൊതുസ്ഥലത്തുകൂടെ നഗ്നമായി ഓടുക) ജനപ്രീതിയാർജിച്ച സമയങ്ങളുണ്ടായിരുന്നു. ഒരു ബൈബിൾ എഴുത്തുകാരൻ ഇപ്രകാരം നിരീക്ഷിച്ചു: “ഈ ലോകത്തിന്റെ രൂപഭാവങ്ങൾ മാറിമറിഞ്ഞുകൊണ്ടിരിക്കുന്നു.” (1 കോറിന്തോസ് 7:31, പി.ഒ.സി. ബൈബിൾ) മൂഢത്വങ്ങൾ മുതൽ അപകടകരമായവ വരെ വരുന്ന ഡസൻ കണക്കിനു ഭ്രമങ്ങൾ ഇന്ന് യുവാക്കളുടെയിടയിൽ പരിഷ്കാരങ്ങളാണ്.
യുവാക്കളും അവരുടെ വസ്ത്ര ഭ്രമങ്ങളും
ഉദാഹരണത്തിന്, വസ്ത്രത്തിന്റെ സംഗതി എടുക്കുക. ടൈം മാസിക പറയുന്നതനുസരിച്ച് “മൈക്രോചിപ്പ് കഴിഞ്ഞാൽ ഇപ്പോൾ ലോകവ്യാപക യുവജന സംസ്കാരത്തിനിടയിൽ സർവത്ര വ്യാപിക്കുന്നതും വാസ്തവത്തിൽ അധികാരം സ്ഥാപിക്കുന്നതുമായ” (ഹിപ്പ്-ഹോപ്പ് എന്ന് പലപ്പോഴും അറിയപ്പെടുന്ന) റാപ്പ് സംഗീതമാണ് “സാധ്യതയനുസരിച്ച് ഏററവും വിജയകരമായ അമേരിക്കൻ കയററുമതി ഉത്പന്നം.” എന്നാൽ നിങ്ങൾക്കു നന്നായി അറിയാവുന്നതുപോലെ റാപ്പ്, സംഗീതത്തെക്കാൾ വളരെ കൂടിയതാണ്. ടൈം ഇപ്രകാരം കൂട്ടിച്ചേർക്കുന്നു; “റാപ്പ് ഒരു ലോകവ്യാപക ഫാഷൻ ചരക്കു കൂടിയാണ്. അയഞ്ഞ പാൻറുകൾ, വിലയേറിയ സ്പോർട്സ് ഷൂകൾ, തലമൂടിയുള്ള സ്വെററ് ഷർട്ടുകൾ, മിന്നുന്ന ആഭരണങ്ങൾ എന്നിങ്ങനെ അമേരിക്കയിലെ മുഖ്യ തെരുവുവസ്ത്രങ്ങളിലുണ്ടാകുന്ന പ്രാദേശിക മാററങ്ങൾ എല്ലായിടത്തും കാണാം.” പ്രസിദ്ധിയാർജിച്ച ഗ്രൂപ്പുകളും സംഗീത വീഡിയോകളും നൽകുന്ന വമ്പിച്ച പ്രോത്സാഹനം ഹിപ്പ്-ഹോപ്പ് സ്റെറലുകളുടെ ആവശ്യം പെട്ടെന്നു വർധിക്കാൻ ഇന്ധനമേകി.
അയഞ്ഞ പാൻറിട്ടുള്ള ആ നടപ്പ് കാഴ്ചക്കു തരംതാഴ്ന്നതാണ്. കണങ്കാലിന് മുകളുവരെ പൊങ്ങിനിൽക്കുന്ന സ്പോർട്സ് ഷൂകൾ തന്നെ പലപ്പോഴും വളരെ ചെലവേറിയവയാണ്! എന്നാൽ അത് വിലയ്ക്കു തക്ക മൂല്യമുള്ളതാണെന്നു മിക്ക യുവാക്കളും വിചാരിക്കുന്നു. മാർക്കസ് എന്നു പേരുള്ള ഒരു യുവാവ് പറയുന്നത് ഇങ്ങനെയാണ്: “അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുന്നില്ലെങ്കിൽ ഹിപ്പ്-ഹോപ്പ് സംസ്കാരത്തിൽ സ്ഥാനമില്ല.”
അത് പ്രസിദ്ധമായ “ഗ്രഞ്ച്” ആകാരത്തോട് വാസനയുള്ളവർക്കു നല്ലതാണ്. ഈ വസ്ത്ര ഭ്രമത്തെ വിശേഷവത്കരിക്കുന്ന കീറിപ്പറിഞ്ഞ ജീൻസും വരയും കുറിയുമൊക്കെയുള്ള ഷർട്ടുകളും ചില അമേരിക്കൻ അധോലോക റോക്ക് സംഘങ്ങളാൽ പ്രസിദ്ധിയാർജിച്ചതാണ്. “ദാരിദ്രത്തിന്റെ നാട്യമെന്നാ”ണ് ഒരു എഴുത്തുകാരൻ “ഗ്രഞ്ച്” യൂണിഫോമിനെ വിളിച്ചത്. അതേ, തീർച്ചയായും നാട്യം തന്നെ. അലക്ഷ്യമായ ഫാഷൻ തരംതാഴ്ന്നതല്ലാതെ മറെറാന്നുമല്ല. പിന്നെയുമുണ്ട് “പിന്തിരിപ്പൻ സ്റെറൽ.” കാനഡായിലെ മാഗസിനായ മക്ക്ളിൻസ് പറയുന്നതനുസരിച്ച് ഇവ “1960-കളുടെ അവസാനത്തിലും 1970-കളുടെ ആദ്യവും ഉണ്ടായിരുന്ന ഭ്രമങ്ങളെ വീണ്ടും പ്രചാരത്തിൽ കൊണ്ടുവരുന്ന ഫാഷനുക”ളാണ്. ഡിസ്കോ മ്യൂസിക്കുപോലെ കാലഹരണപ്പെട്ട പ്ലാററ്ഫോം ഷൂകൾ, ബെൽ-ബോട്ടം പാൻറുകൾ എന്നിങ്ങനെയുള്ള ആടയാഭരണങ്ങൾക്കുവേണ്ടി യുവാക്കൾ പണം വാരിയെറിയുന്നതു കണ്ട് മുതിർന്നവർ കൗതുകപൂർവം അതിശയിച്ചുപോകുന്നു.
ഉയർന്ന സാങ്കേതികവിദ്യയിലുള്ള ഉയർന്ന ഫാഷൻ
ഭാവനാശക്തിയുള്ള യുവാക്കൾക്കു സത്യത്തിൽ എന്തിനെയും ഉയർന്ന ഫാഷനാക്കിത്തീർക്കാൻ കഴിയും എന്നതിന്റെ മറെറാരു ഉദാഹരണമാണ് ഇലക്ട്രോണിക് പോക്കററ് പേജേഴ്സ് അഥവാ ബീപ്പേഴ്സ്. എപ്പോഴും ക്ഷണം സ്വീകരിച്ചുകൊണ്ടിരിക്കുന്ന ഡോക്ടർമാരും മററ് ഉദ്യോഗസ്ഥൻമാരും മാത്രം ആദ്യം ഉപയോഗിച്ചുകൊണ്ടിരുന്ന ബീപ്പറുകൾ നഗരപ്രാന്തങ്ങളിലെ മയക്കുമരുന്നിടപാടുകാരുടെ ഇടയിൽ പെട്ടെന്നു പ്രസിദ്ധിയാർജിച്ചു. സാധ്യതയുള്ള ഇടപാടുകാരുമായി കൂടിക്കാഴ്ചകൾ നടത്തുന്നത് ബീപ്പറുകൾ മൂലം മയക്കുമരുന്നു വിൽപ്പനക്കാർക്ക് എളുപ്പമായിത്തീർന്നു. ദ ന്യൂയോർക്ക് ടൈംസ് പറയുന്നതനുസരിച്ച്, “മയക്കുമരുന്നു സംസ്കാരത്തിന്റെ ഒരു പര്യായമായിത്തീരത്തക്കവിധം അവയുടെ [പോക്കററ് പേജേഴ്സ്] ഉപയോഗം അത്ര വ്യാപകമായിരുന്നു.” അപ്പോൾപ്പിന്നെ ദേശമൊട്ടാകെയുള്ള വിദ്യാഭ്യാസ ബോർഡുകൾ ഈ ചെറിയ ബീപ്പറുകൾ സ്കൂളിൽ നിരോധിച്ചു തുടങ്ങിയതിൽ അതിശയമില്ല!
എന്നിരുന്നാലും വലിയ പ്രയോജനമൊന്നുമുണ്ടായില്ല. നഗരത്തിലെ യുവാക്കളുടെയിടയിൽ ബീപ്പറുകൾ വൻതോതിൽ പ്രചാരത്തിലായി. വാർത്താവിനിമയ ഉപാധിയായുള്ള അവയുടെ ഉദ്ദിഷ്ട ഉപയോഗത്തിനുവേണ്ടിയാണു ചിലർ അവ ഉപയോഗിക്കുന്നത്. അതായത്, മാതാപിതാക്കൾക്ക് അവരുടെ കുട്ടികൾ എവിടെയെന്ന് അറിയുന്നതിനും അടിയന്തിര ഘട്ടത്തിൽ ബന്ധപ്പെടുന്നതിനും ഇതു സഹായിക്കുന്നു. എന്നാൽ മററുചില യുവാക്കളുടെ കയ്യിൽ ഇത് ഫാഷനായി എപ്പോഴുമുണ്ട്. ടൈംസ് മാസിക പറയുന്നതനുസരിച്ച്, “കൗമാരപ്രായക്കാർ പൊക്കണങ്ങളിലും കോട്ടിന്റെ പോക്കററുകളിലും ബൽററുകളിലും ബീപ്പറുകൾ തിരുകിവെക്കുന്നു. ബീപ്പർ വാച്ചുകളും ബീപ്പർ ടൈകളും ബീപ്പർ പേനകളും ഉണ്ട്. നീല, പിങ്ക്, ചുമപ്പ് എന്നീ നിറങ്ങളിലുള്ള ബീപ്പറുകളുമുണ്ട്. സാധാരണരീതിയിലുള്ള പഴയ വെറും കറുപ്പും തവിട്ടും നിറങ്ങളിലുള്ള ബീപ്പറുകളുമുണ്ട്.” ചില മുതിർന്നവർ ബീപ്പറുകളെ മയക്കുമരുന്ന് ഉപയോഗവുമായി സ്വതവേ ബന്ധപ്പെടുത്തുമ്പോൾ ന്യൂയോർക്ക് സിററിയിലെ ഒരു പൊലീസ് ഓഫീസർ ഇപ്രകാരം പറയുന്നു: “അത് കേവലം ചൂടോടെ വിററഴിയുന്ന ഒരിനമാണ്. ഇത് കൈവശമുള്ള ഏതാനും കുട്ടികൾ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഭൂരിപക്ഷവും ഉപയോഗിക്കുന്നില്ല. അതൊരു ഭ്രമം മാത്രമാണ്.”
ഭ്രമങ്ങൾ—വിചിത്രവും അപകടകരവും
വസ്ത്രധാരണ ഭ്രമങ്ങൾ ഏററവും നല്ലതായിരിക്കുമ്പോൾ സഹനീയവും ഏററവും മോശമായിരിക്കുമ്പോൾ നിന്ദ്യവുമായിരിക്കേ പ്രസിദ്ധമായ ചില ഭ്രമങ്ങൾ സാമാന്യബോധത്തിന്റെ എല്ലാ നിയമങ്ങളെയും അതിലംഘിക്കുന്നതായി കാണുന്നു. പ്രസിദ്ധരായ ചില മോഡലുകളുടെ ശോഷിച്ച ആകാരം സമ്പാദിക്കാനായി പല യുവതികളും ഭക്ഷണക്രമ ഭ്രമങ്ങളിലേക്കു തിരിയുന്നു. ആരോഗ്യത്തിലും ക്ഷേമത്തിലും അതുണ്ടാക്കുന്ന ഫലങ്ങളെക്കുറിച്ച് അവർ ചിന്തിക്കുന്നില്ല. “ഭക്ഷണക്രമം നോക്കൽ ഒരു ദേശീയ ഒഴിയാബാധയാണ്. ഏററവും കൂടുതൽ വിൽപ്പനയുള്ള ഏതു 10 പുസ്തകങ്ങളുടെ ലിസ്ററു നോക്കിയാലും സാധാരണമായി നിങ്ങൾ അതിൽ ഭക്ഷണക്രമത്തെക്കുറിച്ചു പ്രതിപാദിക്കുന്ന ഒരു പുസ്തകം കണ്ടെത്തും,” അൽവിൻ റോസെൻബാം പറയുന്നു. പ്രസിദ്ധമായ ഈ പുസ്തകങ്ങളിൽ പലതും പ്രയോജനകരമോ എന്നു സംശയിക്കേണ്ടിയിരിക്കുന്ന ആഹാരക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നു എന്ന് റോസെൻബാം ചൂണ്ടിക്കാട്ടുന്നു. കൗമാരപ്രായക്കാരുടെ ഇടയിൽ കണ്ടുവരുന്ന അനോറെക്സിയ നെർവോസ പോലെയുള്ള ഭക്ഷണ ക്രമക്കേടുകളുടെ ഉപദ്രവകരമായ വർധനവിനു കാരണമായി മിക്ക വിദഗ്ധരും മെലിയൽ ഭ്രമത്തെ കുററപ്പെടുത്തുന്നു.a
വേഷഭൂഷാദികൾക്കൊണ്ട് അലങ്കരിക്കപ്പെട്ട വ്യക്തിപരമായ ആകാരത്തിന്റെ മററു ഭ്രമംപൂണ്ട രീതികളും തുല്യമായി അപകടകരവും വിചിത്രവുമായിരിക്കാം. ന്യൂസ്വീക്കിലെ ഒരു ലേഖനം പറയുന്നതനുസരിച്ച്, “പുരാതന ആളുകളുടെയും നിയമഭ്രഷ്ടരുടെയും കലയായ പച്ചകുത്ത് ഫാഷന്റെ മുഖ്യധാരയിലേക്കു ക്രമേണ നീങ്ങുകയാണ്.” ചലച്ചിത്ര പ്രശസ്തരുടെയും ഹെവി-മെററൽ റോക്ക് സംഗീതജ്ഞരുടെയും മാതൃകകളാൽ ഉത്തേജിതരായ ചില യുവാക്കൾ തങ്ങളുടെ ശരീരത്തിൽ വലിപ്പത്തിൽ പച്ചകുത്താൻ ആഗ്രഹിക്കുന്നു. ഹെപ്പാറൈറററിസും പച്ചകുത്തുന്ന മഷിയിൽനിന്ന് അലെർജിക് റിയാക്ഷനുകളും ഉണ്ടാകുമെന്ന ഡോക്ടർമാരുടെ മുന്നറിയിപ്പുകളൊന്നും അവർക്ക് ഒരു പ്രശ്നവുമല്ല.
ശരീരം കുത്തിത്തുളയ്ക്കുന്നതുപോലെയുള്ള മന്ത്രവാദപരമായ ഭ്രമങ്ങളെ സംബന്ധിച്ചെന്ത്? ചില സംസ്കാരങ്ങളിൽ സ്ത്രീകൾ കാതു തുളയ്ക്കുന്നത് നാട്ടുനടപ്പാണെങ്കിലും ചിലർ എല്ലാ ന്യായബോധവും വിട്ട് നാക്കും മൂക്കും എല്ലാം തുളച്ച് ആഡംബരപൂർണമായ ആഭരണങ്ങൾ തൂക്കിയിട്ടിട്ടുണ്ട്. ഏതെങ്കിലും ഒരു യുവതിക്കോ യുവാവിനോ മാതാപിതാക്കളെ വെറുപ്പിക്കണമെന്നുണ്ടെങ്കിൽ അതിന് ഏററവും പററിയത് ഒരു വലിയ മൂക്കുത്തിയാണ്.
ഭ്രമങ്ങൾ—അവയുടെ പിന്നിലെന്താണ്?
“അവിടവിടെയായി കണ്ടുവരുന്നതും ചുരുങ്ങിയ കാലഘട്ടത്തേക്കു മാത്രം നിൽക്കുന്നതും ഭക്തിപൂജയോടു വളരെ ബന്ധപ്പെട്ടതുമായ ഫാഷൻ” എന്ന് താരുണ്യപ്രായക്കാരും ചെറുപ്പക്കാരും (ഇംഗ്ലീഷ്) എന്ന പുസ്തകം ഭ്രമത്തെ നിർവചിക്കുന്നു. “നിർവചനമനുസരിച്ച് ഭ്രമം താത്കാലികവും പ്രവചനാതീതവുമാണ്, യുവാക്കളുടെയിടയിൽ വിശേഷിച്ച് പ്രബലവുമാണ്.” അയഞ്ഞ ജീൻസ് ധരിക്കാനും ബീപ്പറുകൾ കൊണ്ടുനടക്കാനും ലക്ഷക്കണക്കിനു യുവാക്കളെ പെട്ടെന്നു പ്രേരിപ്പിക്കുന്നത് എന്താണ്? ആ ചോദ്യത്തിന് ഒരു ശാസ്ത്രീയമായ ഉത്തരം ലഭിക്കാൻ നിർമാതാക്കളും പരസ്യക്കാരും കൊതിക്കുകയാണ്. ദ ഇക്കണോമിസ്ററ് എന്ന ബ്രിട്ടീഷ് മാഗസിനിലെ ഒരു ലേഖനം ഇപ്രകാരം സമ്മതിച്ചുപറഞ്ഞു: “ഭ്രമങ്ങളും ഫാഷനുകളും സയുക്തികമായ വിശദീകരണങ്ങളെ വെല്ലുവിളിക്കുന്നതായി തോന്നുന്നു.”
എന്നിരുന്നാലും, താരുണ്യപ്രായക്കാരും ചെറുപ്പക്കാരും എന്ന പുസ്തകം ഇങ്ങനെ പറഞ്ഞുകൊണ്ട് രണ്ടും കൽപ്പിച്ചൊരു വിശദീകരണം കൊടുക്കുന്നു: “ഭ്രമങ്ങളുടെ പ്രസിദ്ധിക്കു പല കാരണങ്ങളുണ്ട്; ശ്രദ്ധയാകർഷിക്കാനുള്ള ആഗ്രഹം; കൂട്ടുകാർ വിലകൽപ്പിക്കുന്ന കാര്യങ്ങളോട് അനുരൂപപ്പെടാനുള്ള വ്യഗ്രത; വ്യക്തികളെന്ന നിലയിലും പ്രത്യേക പ്രായഗ്രൂപ്പുകളിൽപ്പെട്ടവരെന്ന നിലയിലും വ്യതിരിക്തത ലഭിക്കേണ്ടയാവശ്യം; അസാധാരണമായ കാര്യങ്ങളോടുള്ള ആകർഷണം.” ഒരു കൗമാരപ്രായക്കാരൻ അത് ലളിതമായി ഇപ്രകാരം പറഞ്ഞു: “ഭ്രമം കാണിക്കാനും അത് ഉപേക്ഷിച്ചുപോരാനുമുള്ള ഒരു നല്ല സമയമാണ് ഹൈസ്കൂൾ [സെക്കണ്ടറി സ്കൂൾ] പ്രായം.”
യുവസഹജമായ സ്വഭാവത്തെ ബൈബിൾ കുററപ്പെടുത്തുന്നില്ല. വാസ്തവത്തിൽ അത് ഇങ്ങനെ പറയുന്നു: “യൗവനക്കാരേ, നിങ്ങളുടെ യൗവനം ആസ്വദിക്കുക. യുവാക്കളായിരിക്കെ സന്തോഷിക്കുക. നിങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നതു ചെയ്യുക, നിങ്ങളുടെ ഹൃദയത്തിലെ ആഗ്രഹം പോലെ പ്രവർത്തിച്ചുകൊൾക.” ബൈബിൾ ആ ഉപദേശത്തോടൊപ്പം ഈ മുന്നറിയിപ്പു കൂടി നൽകുന്നു: “എന്നാൽ നിങ്ങൾ എന്തു ചെയ്താലും ദൈവം ന്യായംവിധിക്കുമെന്ന് ഓർക്കുക.” (സഭാപ്രസംഗി 11:9, ററുഡേയ്സ് ഇംഗ്ലീഷ് വേർഷൻ) സമചിത്തതയോടുകൂടിയ ഈ ബുദ്ധ്യുപദേശത്തിന്റെ വീക്ഷണത്തിൽ ഒരു ക്രിസ്തീയ യുവാവ് അത്യാധുനികമായ ഭ്രമങ്ങളോട് എങ്ങനെ പ്രതികരിക്കണം? ഭ്രമമാകുന്ന തേരിലേറുന്ന ആദ്യത്തെ വ്യക്തി നിങ്ങളായിരിക്കണമോ? ഈ പരമ്പരയിലെ ഞങ്ങളുടെ അടുത്ത ലേഖനം ഈ വശങ്ങളിൽ സഹായകരമായ ചില ബുദ്ധ്യുപദേശങ്ങൾ നൽകുന്നതായിരിക്കും.
[അടിക്കുറിപ്പുകൾ]
a ഭക്ഷണ ക്രമക്കേടുകളെപ്പററിയുള്ള വിവരങ്ങൾക്കായി 1990, ഡിസംബർ 22 ഉണരുക! (ഇംഗ്ലീഷ്) കാണുക. തൂക്കം കുറയ്ക്കുന്നതിനെ സംബന്ധിച്ചുള്ള സന്തുലിതമായ വിവരങ്ങൾക്കായി 1994 ഏപ്രിൽ 22, മേയ് 8 തുടങ്ങിയ ലക്കങ്ങളിലെ “യുവജനങ്ങൾ ചോദിക്കുന്നു . . .” എന്ന ലേഖനങ്ങളും കാണുക.
[14-ാം പേജിലെ ആകർഷകവാക്യം]
“ഈ ഷർട്ടുകൾ . . . അവ എല്ലാവരുമിടുന്നതാണ്.” 17 വയസ്സുകാരൻ എവെരി
[15-ാം പേജിലെ ചിത്രം]
ശരീരം കുത്തിത്തുളയ്ക്കുന്നതും പച്ചകുത്തുന്നതും വളരെ പ്രസിദ്ധിയാർജിച്ചിരിക്കുന്നു