ചെറുപ്പക്കാർ ചോദിക്കുന്നു . . .
ഞാൻ ആധുനിക ഭ്രമം അനുകരിക്കണമോ?
ബ്രെയ്ക്ക് ഡാൻസ് എന്ന് അറിയപ്പെടുന്ന ആധുനിക ഭ്രമത്തെക്കുറിച്ച് നിരവധി ചെറുപ്പക്കാർ ഇപ്രകാരം അഭിപ്രായപ്പെട്ടു: “അവർ അത് സ്കൂളിലും കായികാഭ്യാസകളരികളിലും ഹോളുകളിലും നടത്തുന്നു.” “അവർ അത് സ്കൂളിലെ ബഞ്ചുകളിലും മേശകളിലും നടത്തുന്നത് ഞാൻ കണ്ടിട്ടുണ്ട്.” അതുപോലെ പങ്ക് എന്ന് അറിയപ്പെടുന്ന കേശാലങ്കാര രീതി ഉൾപ്പെടെ, അങ്ങോട്ടുമിങ്ങോട്ടും ചലിക്കുന്ന ആധുനിക കേശാലങ്കാരങ്ങളും വസ്ത്രധാരണരീതികളും പ്രചാരത്തിലിരിക്കുന്ന ഭ്രമങ്ങളാണ്. തേഞ്ഞ സ്പോർട്ട്സ് ഷൂസ്കൾക്കും ബിസിനസ്സ് സ്യൂട്ടുകൾക്കും വീഡിയോ ഗെയിംസിനും ജനസമ്മിതി നേടിയ ഭ്രമങ്ങളെന്നനിലയിൽ പ്രാമുഖ്യതയുണ്ട്. അതെ, നമ്മുടേത് ഭ്രമങ്ങളുടെ ഒരു യുഗമാണ്. എന്നാൽ എന്തുകൊണ്ട്? ഭ്രമങ്ങൾ ഉത്ഭവിക്കുന്നത് എവിടെ നിന്ന്?
ഒരു ഭ്രമം എന്നത് അത്യാസക്തിയോടെ അനുകരിക്കുന്നതും എന്നാൽ അധികം നാൾ നിലനിൽക്കാത്തതുമായ ഒരു അനുഷ്ഠാനം അല്ലെങ്കിൽ ഒരു ഇഷ്ടകാര്യമാണ്. ഉദാഹരണത്തിന് ഹുല്ലാ ഹൂപ്പ് എന്ന് അറിയപ്പെടുന്ന കളിപ്പാട്ടത്തിന്റെ ചുരുങ്ങിയ കാലത്തെ പ്രചാരത്തെക്കുറിച്ച് ചിന്തിക്കുക. 1983 ഡിസംബർ 12-ലെ ന്യൂസ് വീക്ക് ഇപ്രകാരം കുറിക്കൊണ്ടു: “ഹുല്ലാ ഹൂപ്പിനെപ്പോലെ വലിയ അളവിൽ മറ്റ് യാതൊരു കളിപ്പാട്ടവും ‘ഭ്രാന്ത്’ ഉളവാക്കിയിട്ടില്ല. പ്ലാസ്റ്റിക്ക് വളയം ചുറ്റിയ ഈ കളിപ്പാട്ടം 1958-ൽ പുറത്തിറങ്ങിയപ്പോൾ അതിന് 20 രൂപയായിരുന്നു. 3 കോടി അമേരിക്കക്കാർ അതിയായ താല്പര്യത്തോടെ അത് വാങ്ങി. എന്നാൽ എത്രയും പെട്ടെന്നുതന്നെ മൂന്നടി വരുന്ന ഹൂപ്പിലെ അവരുടെ താല്പര്യം നഷ്ടപ്പെട്ടു. ആ വർഷാവസാനത്തോടെ ആ ഭ്രമം നശിക്കുകയും ചെയ്തു.”
ആദ്യഘട്ടത്തിൽതന്നെ ഭ്രമങ്ങൾക്ക് ഇത്രമാത്രം പ്രചാരം ലഭിക്കുന്നതെങ്ങനെ? ചില സംഗതിയിൽ ആളുകളുടെ സംസാരമാണ് അത് പ്രചരിപ്പിക്കുന്നത്. എന്നാൽ പലപ്പോഴും ഗായകരും സിനിമകളിലെയും നാടകങ്ങളിലെയും നടീനടൻമാരും കായികതാരങ്ങളും നിർമ്മാതാക്കളും സമുദായങ്ങളും മറ്റുള്ളവരും ഭ്രമങ്ങൾ പ്രചരിപ്പിക്കുന്നു. ആകർഷകമായ പരസ്യങ്ങളോ ടെലിവിഷൻ ദൃശ്യങ്ങളോ യുവജനങ്ങളുടെ ശ്രദ്ധപിടിച്ചുപറ്റുന്നതിനുവേണ്ടി വിശേഷാൽ തയ്യാർ ചെയ്തവയാണ്. എന്നാൽ എല്ലായ്പ്പോഴും പരസ്യക്കാർ യുവജനങ്ങളെ ലക്ഷ്യം വയ്ക്കുന്നതെന്തുകൊണ്ട്?
യുവജനങ്ങൾ ഭ്രമങ്ങൾ പിൻതുടരുന്നതെന്തുകൊണ്ട്?
മറ്റുള്ളവരാൽ അംഗീകരിക്കപ്പെടാനുള്ള ആഗ്രഹം സ്വാഭാവികം മാത്രമാണ്. പ്രത്യേകിച്ച് ചെറുപ്പക്കാർക്ക് അത്തരം ഒരാഗ്രഹമുണ്ട്. ഇത് നന്നായി മനസ്സിലാക്കിക്കൊണ്ട് ചില വ്യാപാരികൾ ഒരു ഭ്രമം പരസ്യപ്പെടുത്തുന്നതിനുവേണ്ടി ഇതിൽനിന്ന് മുതലെടുക്കുന്നു. പരസ്യങ്ങൾ പലപ്പോഴും, ചെറുപ്പക്കാർ ഒരു പ്രത്യേക ഉല്പന്നം ഉപയോഗിക്കുകയോ ശ്രദ്ധിക്കുകയോ ധരിക്കുകയോ ചെയ്യുന്നതിനാൽ സന്തുഷ്ടരാണെന്നോ വിജയപ്രദരാണെന്നോ പ്രശസ്തരാണെന്നോ ചിത്രീകരിച്ചു കാണിക്കുന്നു. യു. എസ്. ന്യൂസ് ആൻഡ് വേൾഡ് റിപ്പോർട്ട് ഇൻറർവ്യൂ ചെയ്ത ഒരു മനുഷ്യൻ ഇപ്രകാരം പറഞ്ഞു: “ഭ്രമങ്ങൾ എവിടെ തുടങ്ങിയാലും അത് ഒരു പ്രത്യേക സ്ഥാനം പിടിക്കുന്നു. . . . പുതിയ എന്തിന്റെയെങ്കിലും ഭാഗമായിരിക്കാനുള്ള ആളുകളുടെ താല്പര്യത്തെ ഭ്രമങ്ങൾ ആകർഷിക്കുന്നു.”
പതിനെട്ട് വയസ്സുള്ള നെയിൽ സമ്മതിക്കുന്നു. യുവാക്കൾ ഭ്രമങ്ങളുടെ പിന്നാലെ പോകുന്നതിന്റെ കാരണം വിവരിച്ചുകൊണ്ട് അവൻ ഇങ്ങനെ പറയുന്നു: “എല്ലാവരും മറ്റുള്ളവരാൽ അംഗീകരിക്കപ്പെടുന്നതിന് ആഗ്രഹിക്കുന്നു.” യുവാക്കൾ “തങ്ങളുടെ കൂട്ടുകാരുടെ ആദരവ് നേടുന്നതിനുവേണ്ടി” വ്യാപാരമുദ്രയുള്ള വസ്ത്രം ധരിക്കാൻ ഇഷ്ടപ്പെട്ടേക്കാമെന്ന് 18 വയസ്സുള്ള മറ്റൊരു യുവാവായ ജെറാൾഡ് പറയുന്നു. 13 വയസ്സുള്ള പാം ഇപ്രകാരം പറഞ്ഞപ്പോൾ തരപ്പടിക്കാരുടെ സമ്മർദ്ദശക്തി നന്നായി പ്രതിപാദിച്ചു. “നിങ്ങളുടെ കൂട്ടുകാർ അത് ധരിക്കുന്നത് നിങ്ങൾ കാണുമ്പോൾ നിങ്ങൾക്കും അത് വേണം.”
ഒരു പ്രത്യേക ഫാഷൻ പിൻപറ്റുന്ന ചില ചെറുപ്പക്കാരെ നിങ്ങൾക്കറിയാമായിരിക്കാം. അവർക്ക് വ്യക്തിപരമായി അത് ആകർഷകമായിരിക്കുന്നതിനാലായിരിക്കയില്ല മറിച്ച് അത് ഒരു ആവശ്യ സംഗതിയായി കണക്കാക്കുന്നതിനാലായിരിക്കാം അവർ അത് പിൻപറ്റുന്നത്. നിങ്ങൾക്ക് എന്നെങ്കിലും അങ്ങനെ തോന്നിയിട്ടുണ്ടോ? എന്നിരുന്നാലും നിങ്ങൾ ഒരുപക്ഷേ ഇപ്രകാരം ചിന്തിച്ചിട്ടുണ്ടായിരിക്കാം. . . .
എല്ലാ ഭ്രമങ്ങളും മോശമാണോ?
അവശ്യം ആയിരിക്കുന്നില്ല. ഉദാഹരണത്തിന് അടുത്ത കാലങ്ങളിൽ കൂടുതൽ പ്രചാരത്തിലിരിക്കുന്ന ഒരു പ്രവർത്തനമാണ് ഓട്ടം. ഇത് മിതമായ അളവിൽ പിൻപറ്റിയവർ തങ്ങളുടെ ആരോഗ്യം മെച്ചപ്പെടാൻ ഇത് സഹായിച്ചതായി പറയുകയുണ്ടായി.
എന്നാൽ ഭ്രമങ്ങൾ എല്ലായ്പ്പോഴും അത്ര ആരോഗ്യദായകമല്ല. ബ്രെയ്ക്ക് ഡാൻസിനെക്കുറിച്ച് ചിന്തിക്കുക. അതിനെ “കായികാഭ്യാസങ്ങളുടെ ഫലപ്രദമായ ഒരു മിശ്രിതം,” “കായികാഭ്യാസങ്ങളും നൃത്തങ്ങളും സംഗീതങ്ങളുമടങ്ങിയ സർവ്വസമ്മതമായ മൂലകങ്ങളുടെ ഒരു മിശ്രിതം” എന്ന് വർണ്ണിച്ചിട്ടുണ്ട്. നിശ്ചയമായും നൃത്തത്തിന് ശുദ്ധവും ആരോഗ്യദായകവുമായ ഹരം പകരാൻ കഴിയും.
എന്നാൽ ബ്രെയ്ക്ക് ഡാൻസിന്റെ ചില രീതികൾ അപകടകരമാണെന്ന് റിപ്പോർട്ട് ചെയ്തതായി കുറിക്കൊള്ളുക. ബ്രെയ്ക്ക് ഡാൻസിന് അമേരിക്കൻ കുടുംബ ഡോക്ടർ വിളിക്കുന്ന “ബ്രെയ്ക്ക് ഡാൻസ് ബാക്ക് സിൻഡ്രോം” എന്ന രോഗത്തിന്റെ ലക്ഷണങ്ങളായ പുറംവേദനയും കുനിയുന്നതിൽ ബുദ്ധിമുട്ടും ഉളവാക്കാൻ കഴിയുമെന്ന് പറയപ്പെട്ടിരിക്കുന്നു. തലചുഴറ്റൽ വിശേഷാൽ അപകടകരമാണ്. ഏഷ്യാവീക്ക് പറയുന്നതനുസരിച്ച് മലേഷ്യയിലെ ഒരു യുവാവ് ബ്രെയ്ക്ക് ഡാൻസിന്റെ സമയത്ത് കഴുത്ത് ഒടിക്കുകയും അങ്ങനെ മരിക്കുകയും ചെയ്തതായി പറയുകയുണ്ടായി. ഇൻഡോനേഷ്യയിലെ ജക്കാർത്തയിൽ ഗവൺമെൻറ് ഡാൻസിന്റെ അധികം അപകടമില്ലാത്ത കാര്യങ്ങൾ അനുവദിച്ചിരിക്കെ തലചുഴറ്റൽ നിരോധിച്ചത് അതിശയമല്ല. അതുകൊണ്ട് നിങ്ങളുടെ ആരോഗ്യത്തെ, അല്ലെങ്കിൽ നിങ്ങളുടെ ജീവനെപ്പോലും അപകടപ്പെടുത്തുന്ന ഒരു പ്രവർത്തനത്തിൽ ഏർപ്പെടുന്നത് ബുദ്ധിയായിരിക്കുമോ?—1 ദിനവൃത്താന്തം 11:17-19 താരതമ്യപ്പെടുത്തുക.
ഞാൻ ആ ഭ്രമം പിൻപറ്റണമോ?
ചിലർ തങ്ങൾക്കുവേണ്ടി വേണ്ടതും വേണ്ടാത്തതും നിർണ്ണയിക്കുന്നതിന് മറ്റുള്ളവരെ അനുവദിക്കുന്നു. ഫലത്തിൽ അവർ ഒരടിമയെക്കാൾ അല്പം കടന്നുപോകുന്നു. റോമർ 6:16 പറയുന്നപ്രകാരം: “നിങ്ങൾ ആരെയെങ്കിലും അനുസരിക്കാൻ അടിമകളായി നിങ്ങളെത്തന്നെ ഏൽപ്പിച്ചുകൊടുത്തുകൊണ്ടിരിക്കുന്നുവെങ്കിൽ നിങ്ങൾ അയാളെ അനുസരിക്കുന്നതിനാൽ നിങ്ങൾ അയാളുടെ അടിമകളാണെന്ന് നിങ്ങൾ അറിയുന്നില്ലേ?” രസകരമെന്ന് പറയട്ടെ, മക്കോൾസ് മാസിക ഇപ്രകാരം പറയുകയുണ്ടായി: “ഏതാണ്ട് സകലതും—ഭക്തണം, വിനോദം, പുസ്തകങ്ങൾ, ശൈലികൾ, ഉപകരണങ്ങൾ, വളർത്തുമൃഗങ്ങൾ, ആളുകൾ, സ്ഥലങ്ങൾ—ഫാഷന് അടിമയായിരിക്കയാണ്.” എന്നാൽ നിങ്ങൾ ഭക്ഷിക്കേണ്ടതും വാങ്ങേണ്ടതും പോകേണ്ടതും സംബന്ധിച്ച് തീരുമാനമെടുക്കാൻ മറ്റുള്ളവരെ അനുവദിച്ചുകൊണ്ട് മറ്റുള്ളവരുടെ ഒരു “അടിമ”യാകുന്നത് ബുദ്ധിയാണോ?
ബൈബിളിലെ ഒരു സദൃശവാക്യം ഇങ്ങനെ പറയുന്നു: “അല്പബുദ്ധി ഏതുവാക്കും വിശ്വസിക്കുന്നു; സൂക്ഷമബുദ്ധിയോ തന്റെ നടപ്പ് സൂക്ഷിച്ചുകൊള്ളുന്നു.” (സദൃശവാക്യം 14:15) ആ ബുദ്ധിയുപദേശത്തിന് ചേർച്ചയിൽ ശരിയും തെറ്റും സംബന്ധിച്ച് തീരുമാനമെടുക്കാൻ മറ്റുള്ളവരെ അനുവദിക്കുന്നതിൽ ജാഗ്രതയുള്ളവരായിരിക്കുക. നിങ്ങളുടെ ജീവിതരീതിയുടെ, ഭക്ഷണത്തിന്റെ അല്ലെങ്കിൽ വസ്ത്രധാരണരീതിയുടെ ഭാഗമായിത്തീരുന്നത് സംബന്ധിച്ച് ഉപദേശം നൽകാൻ മറ്റുള്ളവരെ അനുവദിക്കുന്നതിൽ തിടുക്കം കൂട്ടാതിരിക്കുക.
ഒരു ഭ്രമം അനുകരിക്കുന്നതിനുമുമ്പ് പരിചിന്തിക്കേണ്ട മറ്റൊരു സംഗതി അത് പിൻപറ്റുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നവരുടെ ജീവിതരീതിയാണ്. പലപ്പോഴും ഈ വ്യക്തികൾ അധാർമ്മിക ജീവിതം നയിക്കുന്നവരാണ്. അതുകൊണ്ട് അവരുടെ ഫാഷനിലും അത് പ്രതിഫലിപ്പിക്കും. ചിലർ തങ്ങൾ അനുകരിക്കുന്ന ഭ്രമത്താൽ തങ്ങളുടെ എതിർപ്പും മത്സരവും പ്രകടിപ്പിക്കുന്നു. അതുകൊണ്ട് ബൈബിൾ തത്വങ്ങൾക്കനുയോജ്യമായി തങ്ങളുടെ ജീവിതം ക്രമപ്പെടുത്താൻ ആഗ്രഹിക്കുന്ന ക്രിസ്തീയ ചെറുപ്പക്കാർ ഒരു പ്രത്യേക ഭ്രമം ഫിലിപ്യർ 4:8-ൽ ബൈബിൾ പറയുന്നതിനോട് എങ്ങനെ യോജിക്കുന്നുവെന്ന് പരിചിന്തിക്കാൻ ആഗ്രഹിക്കും: “സത്യമായ ഏതു കാര്യങ്ങളും ഗൗരവാവഹമായ ഏതു കാര്യങ്ങളും നീതിനിഷ്ഠമായ ഏതു കാര്യങ്ങളും നിർമ്മലമായ ഏതു കാര്യങ്ങളും പ്രിയങ്കരമായ ഏതു കാര്യങ്ങളും പ്രശംസിക്കപ്പെടുന്ന ഏതു കാര്യങ്ങളും ഏതു സൽഗുണവും ഏത് സ്തുത്യർഹമായ കാര്യവും ഇവ പരിചിന്തിക്കുന്നതിൽ തുടരുക.” ഒരു ഭ്രമം ഈ ലിസ്റ്റിനോട് അനുയോജ്യമല്ലെങ്കിൽ അത് പിൻപറ്റുന്നത് ബുദ്ധിയായിരിക്കുമോ?
പരിഗണിക്കേണ്ട മറ്റ് സംഗതികൾ: (1) നിങ്ങളുടെ മാതാപിതാക്കൾ ഇത് എങ്ങനെ വീക്ഷിക്കുന്നു? നിങ്ങളുടെ മാതാപിതാക്കൾ പഴഞ്ചരാണെന്നോ ‘കാലത്തിനൊത്ത് പുരോഗമിച്ചവരല്ലെന്നോ’ പരിഗണിക്കുന്നതിനു മുമ്പ് സദൃശവാക്യം 23:22-ലെ ബൈബിൾ ബുദ്ധിയുപദേശം മനസ്സിൽ പിടിക്കുക: “നീ ജനിക്കാനിടയാക്കിയ നിന്റെ അപ്പനെ കേട്ടനുസരിക്കുക, നിന്റെ അമ്മ വൃദ്ധയായിരിക്കുന്നതുകൊണ്ടുമാത്രം അവളെ അവഹേളിക്കരുത്.”
(2) നിങ്ങളെയും നിങ്ങൾ പ്രതിനിധാനം ചെയ്യുന്നതിനെയും കുറിച്ചുള്ള മറ്റുള്ളവരുടെ വീക്ഷണത്തെ ഇത് എങ്ങനെ ബാധിക്കും? മറ്റുള്ളവർ ചിന്തിക്കുന്നത് യഥാർത്ഥത്തിൽ പ്രധാനമാണോ? ഒന്നാം നൂറ്റാണ്ടിലെ ചില ക്രിസ്ത്യാനികൾ തങ്ങളുടെ സഹക്രിസ്ത്യാനികളുടെ വീക്ഷണം പരിഗണിക്കാൻ കടപ്പാടുള്ളവരായിരുന്നു. അപ്പോസ്തലനായ പൗലോസ് ഇത് സംബന്ധിച്ച് ന്യായവാദം ചെയ്യേണ്ടതിന്റെ ആവശ്യം കാണുകയുണ്ടായി. അവൻ ഇപ്രകാരം പറഞ്ഞു: “ആകയാൽ ആഹാരം എന്റെ സഹോദരന് ഇടർച്ച വരുത്തുന്നെങ്കിൽ, എന്റെ സഹോദരന് ഇടർച്ചവരുത്താതിരിക്കേണ്ടതിന് ഞാൻ വീണ്ടും ഒരിക്കലും മാംസം തിന്നുകയില്ല.”—1 കൊരിന്ത്യർ 8:13.
(3) അത് നിങ്ങളെ ആത്മീയമായും ശാരീരികമായും എങ്ങനെ ബാധിക്കും? ഒരു പ്രത്യേക ഭ്രമം അനുകരിക്കുന്നതിന് മുമ്പ് നിങ്ങളോടുതന്നെ ചോദിക്കുക: അത് അനുകരിക്കുന്നത് “സുബോധം” പ്രകടിപ്പിക്കുമോ? (2 തിമൊഥെയോസ് 1:7) അത് എന്റെ ആരോഗ്യം, ഒരുപക്ഷേ ജീവൻപോലും അപകടപ്പെടുത്തുമോ? നിങ്ങളെ ശാരീരികമായി അപകടപ്പെടുത്താത്തതും നിങ്ങളുടെ ആത്മീയ പുരോഗതിയെ നശിപ്പിക്കുന്നതുമായ കാര്യങ്ങൾ പിൻതുടരുന്നതിൽ നിങ്ങളുടെ സമയം ചെലവഴിക്കുന്നത് എത്ര നന്നായിരിക്കും?
അതുകൊണ്ട് പല ചെറുപ്പക്കാരും ആധുനിക ഭ്രമങ്ങൾ അനുകരിക്കുന്നതിനുവേണ്ടി പരക്കം പായുമ്പോൾ നിങ്ങൾക്ക് വ്യത്യസ്തരായിരിക്കാൻ കഴിയും. നിങ്ങളെക്കുറിച്ചുതന്നെ ചിന്തിക്കുന്നതിനും നിങ്ങൾക്ക് ബുദ്ധിപൂർവ്വകമായ തീരുമാനങ്ങൾ ചെയ്യുന്നതിനും കഴിയും. “ഈ ലോകത്തിന്റെ ദൃശ്യം മാറിക്കൊണ്ടിരിക്കയാണ്” എന്ന് ബൈബിൾ പറയുന്നു. (1 കൊരിന്ത്യർ 7:31) എന്ത് ധരിക്കണം എന്ത് ചെയ്യണം എന്തു പറയണം എന്നത് സംബന്ധിച്ച് ഉൽക്കണ്ഠപ്പെടുന്ന നിരവധി ആളുകൾ അകപ്പെട്ടിരിക്കുന്ന ഒഴുക്കിൽപ്പെടേണ്ടയാവശ്യം നിങ്ങൾക്കില്ല. (മത്തായി 6:31, 32 താരതമ്യപ്പെടുത്തുക.) ദൈവാംഗീകാരം നേടുന്നത് നിങ്ങളുടെ ജീവിതത്തിന്റെ കേന്ദ്രമാക്കുക. ദൈവത്തെ പ്രസാദിപ്പിക്കുന്ന ഗുണങ്ങൾ വികസിപ്പിക്കുന്നത് യഥാർത്ഥ കൂട്ടുകാരെ സമ്പാദിക്കാൻ നിങ്ങളെ സഹായിക്കുകയും ചെയ്യും. അവർ നിങ്ങളെ അംഗീകരിക്കുന്നത് നിങ്ങളുടെ വ്യക്തിത്വം നിമിത്തമായിരിക്കും—മറിച്ച് ഏതെങ്കിലും ആധുനിക ഭ്രമം അനുകരിക്കുന്നതിനാലല്ല. (g86 8/8)
[12-ാം പേജിലെ ആകർഷകവാക്യം]
പരസ്യങ്ങൾ പലപ്പോഴും, ചെറുപ്പക്കാർ ഒരു പ്രത്യേക ഭ്രമം പിൻപറ്റുന്നതിനാൽ സന്തുഷ്ടരാണെന്നോ പ്രശസ്തരാണെന്നോ ചിത്രീകരിച്ചുകാണിക്കുന്നു
[13-ാം പേജിലെ ചിത്രങ്ങൾ]
നിങ്ങൾ ഹൂല്ലാ ഹൂപ്പ് ഓർക്കുന്നുണ്ടോ?
ബ്രെയ്ക്ക് ഡാൻസിനെക്കുറിച്ച് നിങ്ങൾ എന്ത് വിചാരിക്കുന്നു?