പണം മരങ്ങളിൽത്തന്നെ ഇരിക്കുന്നിടം
പണം മരങ്ങളിൽ വളരുന്നുവെന്നും നിങ്ങൾക്ക് അത്തരമൊരു മരം ഉണ്ടെന്നും സങ്കൽപ്പിക്കുക. നിങ്ങളുടെ ഡസ്സൻകണക്കിന് അയൽക്കാർ ദിവസവും യാത്ര ചെയ്യുന്ന ഒരു വഴിയോരത്താണ് ആ മരം നട്ടുപിടിപ്പിച്ചിരിക്കുന്നതെന്നും കരുതുക. മരത്തിൽ പണം എത്രകാലം ഉണ്ടായിരിക്കുമെന്നാണു നിങ്ങൾ കരുതുന്നത്?
നിങ്ങളുടെ അയൽക്കാരെല്ലാം യഹോവയുടെ സാക്ഷികളാണെങ്കിൽ നിങ്ങളുടെ പണമരം സുരക്ഷിതമായിരിക്കും. എന്തുകൊണ്ടാണു ഞങ്ങൾ അങ്ങനെ പറയുന്നത്? എന്തുകൊണ്ടെന്നാൽ എല്ലാ കാര്യങ്ങളിലും സത്യസന്ധരായി നടക്കാനുള്ള ബൈബിൾ ഉദ്ബോധനത്തെ യഹോവയുടെ സാക്ഷികൾ പിൻപറ്റുന്നു. (എബ്രായർ 13:18) അടുത്ത കാലത്തെ ഒരു സംഭവം അതു ചിത്രീകരിക്കുന്നു.
പശ്ചിമാഫ്രിക്കയിലെ നൈജീരിയയിൽ വാച്ച് ടവർ സൊസൈറ്റിയുടെ ബ്രാഞ്ച് ഓഫീസ് സമുച്ചയത്തിന്റെ ഏറ്റവുമടുത്ത കെട്ടിടത്തിൽനിന്നും നൂറു മീറ്റർ അകലെയുള്ള ഒരു റോഡിൽക്കിടന്ന് അഞ്ച് നൈറയുടെ ഒരു നോട്ട് കിട്ടുകയുണ്ടായി. കണ്ടെത്തിയ ആൾ അത് അടുത്തുള്ള ഒരു തെങ്ങിന്റെ ഓലയിൽ കെട്ടിയിട്ടു, പണം നഷ്ടപ്പെട്ടയാൾ അതു തേടി വരുമെന്ന് അയാൾ കരുതി.
ദിവസവും അതിലെ കടന്നുപോയ ഡസ്സൻകണക്കിനു യഹോവയുടെ സാക്ഷികൾക്ക് അതു വ്യക്തമായി കാണാൻ കഴിയുമായിരുന്നെങ്കിലും അവരിലാരും അതു തന്റേതാണെന്ന് അവകാശപ്പെട്ടില്ല. പല ദിവസങ്ങൾ കഴിഞ്ഞപ്പോൾ അതു നീക്കം ചെയ്ത് സൊസൈറ്റിയുടെ സംഭാവനപ്പെട്ടിയിൽ ഇട്ടു.