വല്ല്യമ്മവല്ല്യപ്പൻമാർക്ക് എന്തു സംഭവിച്ചുകൊണ്ടിരിക്കുന്നു?
ഇറ്റലിയിലെ ഉണരുക! ലേഖകൻ
“ഒരു വല്ല്യപ്പൻ എന്നനിലയിൽ എന്നോട് പേരക്കിടാങ്ങൾ ഇത്രയധികം അലിവു കാണിക്കുന്നത് എനിക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല. അവർ ഒരു സമ്മാനമാണ്—സ്നേഹബന്ധങ്ങളെ ഊട്ടിയുറപ്പിക്കുന്നതിനുള്ള ഓമനത്വമുള്ള, നിഷ്കളങ്കരായ പ്രതിനിധികൾ.”—വല്ല്യപ്പനായ എറ്റോറെ.
മേൽ പരാമർശിച്ച ആരോഗ്യകരമായ ബന്ധം ഉണ്ടെങ്കിലും ഈ നാളുകളിൽ വല്ല്യമ്മവല്ല്യപ്പൻമാരും മാതാപിതാക്കളും പേരക്കിടാങ്ങളും എല്ലായ്പോഴും ഒത്തുപോകുന്നില്ല. സഹകരിച്ചുപോകുന്നതിനു പകരം ഈ മൂന്നു തലമുറകളും മിക്കപ്പോഴും ഏറ്റുമുട്ടുന്നു. ഫലമോ? പ്രായംചെന്നവരുടെ, അതായത് വല്ല്യമ്മവല്ല്യപ്പൻമാരുടെ ഇടയിലെ വർധിച്ചുവരുന്ന ഏകാന്തതയും അസന്തുഷ്ടിയും. മിക്കപ്പോഴും ഏറ്റവുമധികം വ്രണപ്പെടുന്നവരും ഒറ്റപ്പെടുന്നവരും ഈ കുടുംബാംഗങ്ങളാണ്, സാമ്പത്തിക പരാധീനതകൾ ഉണ്ടാകുമ്പോൾ കുടുംബാംഗങ്ങൾ സഹായം ചോദിക്കുന്നതും ഇവരോടുതന്നെ. നിങ്ങളുടെ കുടുംബത്തിലെ സ്ഥിതി എന്താണ്? വല്ല്യമ്മവല്ല്യപ്പൻമാർ യഥാർഥത്തിൽ വിലമതിക്കപ്പെടുന്നുവോ?
ലോകവ്യാപകമായി ഉണ്ടായ ശ്രദ്ധേയമായ പരിവർത്തനങ്ങൾ കഴിഞ്ഞ ഏതാനും ദശകങ്ങളായി കുടുംബത്തെയും അതിലെ ബന്ധങ്ങളെയും ബാധിച്ചിരിക്കുന്നു. ഇത് ഗോത്രപിതാക്കൻമാരുടെ കുടുംബം മിക്കവാറും പൂർണമായി അപ്രത്യക്ഷമാകുന്നതിന് ഇടയാക്കിയിരിക്കുന്നു. യൂറോപ്പിൽ പ്രായംചെന്നവരുടെ വെറും 2 ശതമാനമേ മക്കളോടൊപ്പം പാർക്കുന്നുള്ളൂ. എന്നാൽ, ശരാശരി ആയുർദൈർഘ്യം ഇപ്പോൾ വർധിച്ചിരിക്കുന്നതു നിമിത്തവും ജനനങ്ങൾ കുറഞ്ഞതു നിമിത്തവും വ്യവസായവത്കൃത രാഷ്ട്രങ്ങളിൽ സാധാരണ ജനസംഖ്യയോടുള്ള അനുപാതത്തിൽ വല്ല്യമ്മവല്ല്യപ്പൻമാരുടെ എണ്ണം സ്ഥിരം വർധിച്ചുകൊണ്ടിരിക്കയാണ്. യൂറോപ്പിലെ ജനസംഖ്യയുടെ 26 ശതമാനവും വല്യമ്മമാരും വല്യപ്പൻമാരും ഉൾക്കൊള്ളുന്നതാണ്. യൂറോപ്യൻ യൂണിയൻ പ്രസിദ്ധീകരിച്ച ഒരു സർവേ അനുസരിച്ച് ഈ സംഖ്യ “തീർച്ചയായും വർധിക്കാനാണു സാധ്യത.” “പ്രായംചെന്ന പൗരൻമാരെ പരിപാലിക്കുന്നതു സംബന്ധിച്ചുള്ള അതിന്റെ പാരമ്പര്യത്തിൽ” ജപ്പാൻ “അഭിമാനം കൊള്ളുന്നു” എന്ന് ആസാഹി ഈവനിങ് ന്യൂസ് പറയുന്നു. എന്നിരുന്നാലും, അവിടെ കൂടുതൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന ഒരു ശീലമുണ്ട്, പ്രത്യേകിച്ചു നഗരങ്ങളിൽ. ആശുപത്രിയിൽ ആക്കേണ്ട യഥാർഥ ആവശ്യമൊന്നുമില്ലാത്തപ്പോൾപ്പോലും വല്ല്യമ്മവല്ല്യപ്പൻമാരെ ആശുപത്രികളിലും പ്രത്യേക ക്ലിനിക്കുകളിലും മറ്റും ഉപേക്ഷിക്കുന്ന രീതി. പരമ്പരാഗതമായി പ്രായംചെന്നവരോടു മാന്യമായി ഇടപെടുന്ന ദക്ഷിണാഫ്രിക്കയിലും ഇപ്പോൾ പ്രായംചെന്നവരെ ഉപേക്ഷിക്കുന്നതിനുള്ള നികൃഷ്ടമായ പ്രവണതയുണ്ടെന്നു കേപ്പ് ടൗണിലെ പത്രമായ ദ കേപ്പ് ടൈംസ് പറയുന്നു. കുടുംബങ്ങൾ “ജീവിതം പരമാവധി ആസ്വദിക്കാൻ” ആഗ്രഹിക്കുന്നു. “വല്യമ്മയെ ഒരു സംരക്ഷണ സ്ഥാപനത്തിൽ സുരക്ഷിതമായി ആക്കിയശേഷം അവർ തങ്ങളുടെ കടമ നിറവേറ്റിയെന്നു ധരിച്ചുകൊണ്ടു സ്വയം വഞ്ചിക്കുകയാണ്,” റിപ്പോർട്ടു ചൂണ്ടിക്കാട്ടുന്നു.
മൂന്നു മക്കൾ “സഹായവും നിരന്തര സന്ദർശനവും വാഗ്ദാനം ചെയ്തുകൊണ്ട്” വൃദ്ധയായ വല്യമ്മയെ പ്രായമായവർക്കുവേണ്ടിയുള്ള ഒരു മികച്ച വിശ്രമമന്ദിരത്തിൽ ആക്കിയ ഒരു പ്രത്യേക സംഭവത്തെക്കുറിച്ച് അതേ പത്രം പറയുന്നു. എന്നാൽ അവർക്ക് എന്തു സംഭവിക്കുന്നു? “ആദ്യമൊക്കെ എന്നും സന്ദർശിക്കുന്നു. ഏതാനും ആഴ്ചകൾ കഴിയുമ്പോൾ സന്ദർശനം ആഴ്ചയിൽ മൂന്നു പ്രാവശ്യമാകുന്നു. പിന്നെ ആഴ്ചയിൽ ഒന്ന്. ഒരു വർഷം കഴിയുമ്പോൾ മാസത്തിൽ രണ്ടോ മൂന്നോ, ക്രമേണ വർഷത്തിൽ അഞ്ചോ ആറോ ആകുന്നു. ഒടുവിൽ സന്ദർശനമേ ഇല്ല.” അന്തമില്ലാത്ത തന്റെ നാളുകൾ ഈ വല്ല്യമ്മ എങ്ങനെയാണു ചെലവഴിച്ചത്? ഹൃദയഭേദകമായ വിവരണം ഇങ്ങനെ പറയുന്നു: “അവളുടെ മുറിയിൽ ഒരു ജനലുണ്ടായിരുന്നു. അതിന്റെ നേരെ ഒരു മരവും. അവളുടെ ആകെയുള്ള ജീവനുള്ള കൂട്ടുകാർ അതിൽ വന്നിരിക്കുന്ന പ്രാവുകളും മൈനകളുമായിരുന്നു. ഉറ്റ ബന്ധുക്കളെയെന്നപോലെ അവൾ അവയുടെ വരവിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.”
നഗരങ്ങളിൽ ജോലിതേടാൻ അനേകരെ പ്രേരിപ്പിക്കുന്ന ദക്ഷിണാഫ്രിക്കൻ ജീവിതശൈലികളുടെ പാശ്ചാത്യവൽക്കരണത്തിന്റെ ഫലമായി ഗോത്ര കുടുംബങ്ങളിലും ഇതുതന്നെ സംഭവിക്കുന്നു. മാറിക്കൊണ്ടിരിക്കുന്ന സാമൂഹികാവസ്ഥകൾ കൂടാതെ മറ്റു കാരണങ്ങളും വല്ല്യമ്മവല്ല്യപ്പൻമാരുടെ ഉപേക്ഷണത്തിലേക്കു നയിക്കുന്നു. സാമൂഹികവും കുടുംബപരവുമായ സന്തുഷ്ട ജീവിതത്തെ പ്രോത്സാഹിപ്പിക്കുന്ന മനുഷ്യത്വപരമായ ഗുണങ്ങളായ നന്മ, അയൽക്കാരനോടുള്ള ആദരവ്, കുടുംബസ്നേഹം എന്നിവയുടെ തിരോധാനവും സ്വാർഥത, ആനന്ദൈകവാദം, അഹന്ത, മത്സരം എന്നിവയുടെ വ്യാപനവുമാണ് അവ. തിരുവെഴുത്തുകൾ പറയുന്നതനുസരിച്ച്, ഇത്തരത്തിലുള്ള ധാർമിക അധഃപതനം നാം “അവസാന നാളുകളിൽ” ആണു ജീവിക്കുന്നത് എന്നതിന്റെ ഒരു അടയാളമാണ്. (2 തിമോത്തി 3:1-5, NW) അതുകൊണ്ട്, വല്ല്യമ്മവല്ല്യപ്പൻമാരെ പരിപുഷ്ടിയുടെയും സ്ഥിരതയുടെയും ഒരു ഉറവായി ആദരിക്കുന്നതിനു പകരം മക്കളും പേരക്കുട്ടികളും മിക്കപ്പോഴും അവരെ ദ്രുതഗതിയിലുള്ള സാമൂഹിക മാറ്റത്തിനൊത്തു മുന്നേറാത്ത ഒരു വൻ പ്രതിബന്ധമായി കണക്കാക്കുന്നു.a
തലമുറവിടവ് കൂടുതൽ കൂടുതൽ വലുതായിക്കൊണ്ടിരിക്കുകയാണ്. ഇത് ഗണ്യമായ പിരിമുറുക്കത്തിന് ഇടയാക്കുന്നു. പ്രായംചെന്നവർ തങ്ങളുടെ കുടുംബങ്ങളോടൊത്തു താമസിക്കുമ്പോൾ ഇത് വർധിക്കാൻ ഇടയാകുന്നു. എന്നാൽ വല്ല്യമ്മവല്ല്യപ്പൻമാരുടെ സംഭാവന വളരെയധികം പ്രയോജനകരമായിരിക്കാൻ കഴിയും! അങ്ങനെയെങ്കിൽ, വല്ല്യമ്മവല്ല്യപ്പൻമാരും മക്കളും പേരക്കുട്ടികളും തമ്മിലുള്ള സ്നേഹപൂർവകമായ ബന്ധങ്ങളെ തടസ്സപ്പെടുത്തുന്ന തലമുറകളുടെ ഇടയിലുള്ള ചില മുഖ്യ പ്രശ്നങ്ങൾ എന്തെല്ലാമാണ്? വല്ല്യമ്മവല്ല്യപ്പൻമാർക്കു കുടുംബവൃത്തത്തിനുള്ളിലെ തങ്ങളുടെ മൂല്യവത്തായ പങ്ക് എങ്ങനെ പുനഃസ്ഥാപിക്കാൻ കഴിയും?
[അടിക്കുറിപ്പുകൾ]
a വാർധക്യസഹജമായ ക്ഷീണവും വലിയ ആരോഗ്യ പ്രശ്നങ്ങളുമുള്ള ചില കേസുകളിൽ പ്രായംചെന്ന മാതാപിതാക്കൾക്കുള്ള ഏറ്റവും സ്നേഹപൂർവകവും പ്രായോഗികവുമായ കരുതൽ ജോലിക്കാരുള്ള ഒരു നഴ്സിംഗ് ഹോമാണെന്നു മനസ്സിലാക്കേണ്ടതുണ്ട്.