ഉറക്കംതൂങ്ങി ഡ്രൈവറേ, ജാഗ്രത
അത് ഓരോ വർഷവും ഐക്യനാടുകളിൽ ഏതാണ്ട് 6,00,000 അപകടങ്ങൾക്കും 12,000 ഹൈവേ മരണങ്ങൾക്കും ഇടയാക്കുന്നു. സമീപ വർഷങ്ങളിൽ ന്യൂയോർക്ക് സ്റ്റേറ്റ് ത്രൂവേയിലെ മാരകമായ കൂട്ടിയിടികളിൽ 40 ശതമാനത്തിനും കാരണം അതാണെന്ന് ആരോപിക്കപ്പെടുന്നു. ഈ കുഴപ്പമെല്ലാം ഉണ്ടായതു മയക്കുമരുന്നിന്റെയോ ലഹരിപദാർഥത്തിന്റെയോ സ്വാധീനത്തിൽ വാഹനമോടിച്ചതുകൊണ്ടായിരുന്നില്ല, പിന്നെയോ ഉറക്കംതൂങ്ങി വണ്ടിയോടിച്ചതുകൊണ്ടായിരുന്നു. ഈ പ്രശ്നം വേരൂന്നിയിരിക്കുന്നതു ശ്വാസംമുട്ടൽ അല്ലെങ്കിൽ ഉറക്കമില്ലായ്മ പോലുള്ള ഉറക്കക്രമക്കേടുകളിലല്ല, പിന്നെയോ 1990-കളിലെ ജീവിതരീതിയിലാണെന്നു ചില വിദഗ്ധർ വിശ്വസിക്കുന്നു. “ഇന്ന് അമേരിക്കക്കാർക്ക് ഏതാനും വർഷം മുമ്പത്തെക്കാൾ വളരെയധികം ഉറക്കം നഷ്ടപ്പെടുന്നു” എന്ന് സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി ഉറക്ക ഗവേഷണ കേന്ദ്രത്തിലെ ഡോ. വില്യം ഡെമെൻറ് പറയുന്നു. അമേരിക്കൻ ഓട്ടോമൊബൈൽ അസോസിയേഷൻ ഫൗണ്ടേഷൻ ഫോർ ട്രാഫിക് സൊസൈറ്റിയുടെ എക്സിക്യുട്ടിവ് ഡയറക്ടറായ ഡേവ് വില്ലിസ് ഇങ്ങനെ പറയുന്നു: “ആളുകൾ മെഴുകുതിരിയുടെ രണ്ടറ്റവും കത്തിക്കുകയാണ്.”
ഉറക്കംതൂങ്ങുന്ന പല ഡ്രൈവർമാരും തങ്ങൾ ഉറക്കത്തിലേക്കു വഴുതിവീഴുന്നതും ഉറക്കം തെളിയുന്നതും അറിയുന്നില്ല എന്നതാണ് പ്രത്യേകിച്ചും അസ്വസ്ഥമാക്കുന്ന ഒരു വസ്തുത. “ഏറ്റവും ഹ്രസ്വമായ ഉറക്കം” (“microsleep”) എന്നാണ് വിദഗ്ധർ അതിനെ വിളിക്കുന്നത്. അത് ഏതാനും സെക്കൻഡുകൾ മാത്രമായിരിക്കാം നീണ്ടുനിൽക്കുന്നത്, എന്നാൽ വർധിച്ചുവരുന്ന അതിന്റെ ഫലങ്ങൾ ഭീതിജനിപ്പിക്കുന്നതായിരിക്കാൻ കഴിയും. ഒരു ഡ്രൈവർ ഇപ്രകാരം വിവരിക്കുന്നു: “17-ാമത്തെ നിർഗമനമാർഗം കടന്നുപോയത് ഞാൻ ഓർക്കുന്നുണ്ട്, പിന്നെ കാണുന്നത് 21-ാമത്തെ നിർഗമനമാർഗത്തിന്റെ അടയാളങ്ങളാണ്. ഞാൻ ഇങ്ങനെ ചിന്തിക്കുമായിരുന്നു, ഇടയ്ക്കുള്ള നിർഗമനമാർഗങ്ങൾ കടന്നുപോന്നപ്പോൾ ഞാൻ എവിടെയായിരുന്നു? നിങ്ങൾ വാഹനമോടിച്ചുകൊണ്ടിരിക്കുന്നിടംവരെ എത്തിയതുപോലും ഒരത്ഭുതമാണെന്നു നിങ്ങൾ തിരിച്ചറിയുന്നു.”
വാഹനമോടിക്കുമ്പോഴുള്ള ക്ഷീണത്തോടു പോരാടുന്നതിനുള്ള ഏറ്റവും നല്ല മാർഗം വാഹനം നിർത്തി വിശ്രമിക്കുന്നതാണ്. സുരക്ഷിതമായ ഒരു സ്ഥലത്തുവെച്ച് 10-ഓ 20-ഓ മിനിറ്റു നേരത്തേക്കുള്ള മയക്കമായിരിക്കാം ആകപ്പാടെ വേണ്ടിയിരിക്കുന്നത്. അതിലും മെച്ചമായി, ഒരു യാത്രയ്ക്ക് ആസൂത്രണം ചെയ്യുമ്പോൾ വാസ്തവികബോധമുള്ളവനായിരിക്കുക. നിങ്ങൾക്കു കഴിയുന്നതിലേറെ ദൂരം വാഹനമോടിച്ചുതീർക്കാൻ തുനിയരുത്. മാത്രമല്ല, രാത്രിയിൽ അമിതമായി ഡ്രൈവിങ് ചെയ്യുന്നത് ഒഴിവാക്കിക്കൊണ്ടും യാത്ര തുടങ്ങുന്നതിനു മുമ്പ് വേണ്ടുവോളം വിശ്രമമെടുത്തുകൊണ്ടും നിങ്ങളുടെ ശരീരത്തിലെ ആന്തരിക ഘടികാരത്തോട് ആദരവു കാട്ടുക. ഏറ്റവും പ്രധാനമായി, ഉറക്കംതൂങ്ങുമ്പോൾ വാഹനമോടിക്കുന്നതിന്റെ അപകടത്തെ ഒരിക്കലും നിസ്സാരമായെടുക്കരുത്. ന്യൂയോർക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ട്രാഫിക് സേഫ്റ്റി മാനേജ്മെൻറ് ആൻഡ് റിസേർച്ചിലെ മാർക്ക് ഹാമർ ഇങ്ങനെ പറയുന്നു: “[അത്] അഞ്ചു കുപ്പി മദ്യം അകത്താക്കിയിട്ട് കാറിൽ കയറുന്നതുപോലെ തന്നെ മോശമാണ്.”