യുവജനങ്ങൾ ചോദിക്കുന്നു. . .
എനിക്കു യഥാർഥത്തിൽ ദൈവത്തിന്റെ ഒരു സുഹൃത്തായിരിക്കാൻ കഴിയുമോ?
ദൈവത്തിന്റെ ഒരു സുഹൃത്തായിരിക്കുകയോ? അസാധ്യം. അതാണ് 20 വയസ്സുകാരി ഡോറിസിന്റെ വിശ്വാസം. ഈ ചെറുപ്പക്കാരി ഇപ്രകാരം വിലപിക്കുന്നു: “ആർക്കെങ്കിലും എന്നോട് ഇഷ്ടംതോന്നാൻ കഴിയാത്തവിധം ഞാൻ അത്രമാത്രം നിസ്സാരയും അയോഗ്യയുമായിരിക്കുന്നതായി എനിക്കു തോന്നുന്നു. യഹോവയാം ദൈവത്തോടു പ്രാർഥിക്കുന്നതുപോലും ഞാൻ ഒഴിവാക്കുന്നു. എന്തുകൊണ്ടെന്നാൽ അവന്റെ സന്നിധിയിൽ ആയിരിക്കുന്നതിന് എനിക്ക് അർഹതയുണ്ടെന്നു ഞാൻ വിചാരിക്കുന്നില്ല.” തങ്ങൾ ദൈവത്തിന്റെ സൗഹൃദത്തിനു തീർത്തും അയോഗ്യരാണെന്നു ചില ചെറുപ്പക്കാർക്ക് ഉള്ളിന്റെ ഉള്ളിൽ അനുഭവപ്പെടുന്നു. ദൈവത്തിന്റെ സുഹൃത്തായിരിക്കുക എന്ന ആശയത്തെ അവർ താലോലിച്ചേക്കാമെങ്കിലും അങ്ങനെയൊന്നു തങ്ങൾക്ക് അപ്രാപ്യമാണെന്ന് അവർ വിചാരിക്കുന്നു. നിങ്ങൾക്ക് എപ്പോഴെങ്കിലും ഇങ്ങനെ തോന്നിയിട്ടുണ്ടോ?
ചിലപ്പോൾ, സ്വന്തം ബലഹീനതകൾ താൻ ദൈവത്തെ സമീപിക്കുന്നതിനുപോലും അയോഗ്യനാണെന്നുള്ള തോന്നൽ ഒരു യുവാവിന് ഉളവാക്കിയേക്കാം. ഉദാഹരണത്തിന്, യുവാവായ മൈക്കിളിന്റെ കാര്യമെടുക്കുക. ദൈവത്തിന്റെ വഴികൾ വിലമതിക്കാനിടയാകുന്നതിനു മുമ്പ് താൻ “പാപപൂർണവും ഉപദ്രവകരവുമായ മിക്കവാറും എല്ലാത്തരം ചിന്തയാലും പ്രവർത്തനത്താലും ബാധിക്കപ്പെട്ടി”രുന്നുവെന്ന് അവൻ പറയുന്നു. എന്നാൽ, ബൈബിളിന്റെ പഠനത്തിൽനിന്നു മനസ്സിലാക്കിയ കാര്യങ്ങൾ താൻ ദൈവത്തെ എത്രമാത്രം ദുഃഖിപ്പിക്കുകയും നിരാശപ്പെടുത്തുകയും ചെയ്യുന്നുവെന്നു തിരിച്ചറിയാൻ അവനെ സഹായിച്ചു. അവൻ ഇങ്ങനെ വിശദീകരിച്ചു: “ഓരോ സഭായോഗവും കുറഞ്ഞത് എന്റെ ഓരോരോ കുറ്റങ്ങളെ എനിക്കു കാണിച്ചുതന്നു. . . . എനിക്കുതന്നെ എന്നോടു ക്ഷമിക്കാൻ കഴിയാത്തപ്പോൾ അവസാനമില്ലാത്തതായി കാണപ്പെടുന്ന എന്റെ പാപങ്ങൾ യഹോവ ക്ഷമിച്ചുതരുമെന്ന് എനിക്കു മുൻകൂട്ടിക്കാണാൻ കഴിഞ്ഞില്ല.”
മറ്റുചില കേസുകളിൽ, മറ്റുള്ളവർ ഒരു യുവാവിനോട് ഇടപെടുന്ന വിധം താൻ യഹോവയുടെ സൗഹൃദത്തിനു യോഗ്യനല്ല എന്ന തോന്നൽ അയാളിലുളവാക്കുന്നു. ഉദാഹരണത്തിന്, മുൻപ് ഉദ്ധരിച്ച ഡോറിസ് ഒരു കൊച്ചു കുട്ടിയായിരുന്നപ്പോൾ അവളുടെ അമ്മ അവളെ ഉപേക്ഷിച്ചതാണ്. അവൾ ഇപ്രകാരം വെളിപ്പെടുത്തി: “എന്നെ ആരെങ്കിലും സ്നേഹിക്കുന്നുണ്ടെന്ന് എനിക്കു തോന്നുന്നില്ല. എന്റെ സ്വന്തം അമ്മയും കുടുംബവും എന്നെ ഉപേക്ഷിച്ചെങ്കിൽപ്പിന്നെ മറ്റാരെങ്കിലും എന്നെക്കുറിച്ചു ചിന്തിക്കാൻ എന്തു സാധ്യതയാണുള്ളത്?” ദൈവത്തിനു തന്നെ ഒരിക്കലും സുഹൃത്തായി ആവശ്യമില്ലെന്ന്, ബാല്യംമുതൽ നിന്ദ്യവും ദ്രോഹപൂർവകവുമായ പെരുമാറ്റം അനുഭവിച്ചിരിക്കുന്ന ഒരു യുവാവ് വിചാരിച്ചേക്കാം.
അതേസമയംതന്നെ, മുൻപ് ദൈവവുമായി സൗഹൃദം ഉണ്ടായിരുന്ന ഒരാൾ ബലഹീനതമൂലം ഗുരുതരമായ പാപത്തിലേക്കു വഴുതിവീണേക്കാം. ഇതാണ് ട്രേസിക്കു സംഭവിച്ചത്. “എനിക്കു വല്ലാത്ത ലജ്ജ തോന്നുന്നു. എന്റെ വേദനയും കുറ്റബോധവും അസഹനീയമാണ്. ഞാൻ എന്റെ പിതാവായ യഹോവയെ വളരെയധികം മുറിപ്പെടുത്തിയിരിക്കുന്നു” എന്ന് ഈ 21 വയസ്സുകാരി വിലപിക്കുന്നു.
മേൽപരാമർശിച്ച ഏതെങ്കിലുമൊന്നിനോടു സമാനമായ ഒരു സാഹചര്യത്തിൽ ഒരുപക്ഷേ നിങ്ങൾ നിങ്ങളെത്തന്നെ കണ്ടെത്തുന്നുണ്ടാവും. എന്നാൽ ആശക്കു വകയുണ്ട്: നിങ്ങൾക്കു ദൈവത്തെ നിങ്ങളുടെ സുഹൃത്താക്കാൻ കഴിയും!
നിങ്ങൾക്കു ദൈവത്തിന്റെ സുഹൃത്തായിരിക്കാൻ കഴിയുന്നതിന്റെ കാരണം
പാപപൂർണമായ പ്രവൃത്തികൾ ദൈവത്തിന്റെ സുഹൃത്തായിരിക്കുന്നതിൽനിന്ന് ഒരുവനെ തടയുമെന്നതു സത്യമാണ്. അനുഗ്രഹകരമെന്നു പറയട്ടെ, നമ്മുടെ സ്നേഹവാനായ പിതാവ് നമ്മെ സഹായിക്കാൻ മുൻകൈ എടുത്തിരിക്കുന്നു. “ക്രിസ്തുവോ നാം പാപികൾ ആയിരിക്കുമ്പോൾ തന്നേ നമുക്കു വേണ്ടി മരിക്കയാൽ ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ പ്രദർശിപ്പിക്കുന്നു” എന്ന് അപ്പോസ്തലനായ പൗലോസ് എഴുതി. (റോമർ 5:8) മരണത്തിലൂടെ യേശു പാപത്തിന്റെ പൂർണ അധീനതയിൽനിന്നു വിലമതിപ്പുള്ളവരെ വിടുവിക്കുന്നതിനുള്ള മറുവില അർപ്പിച്ചു. (മത്തായി 20:28) അതുകൊണ്ട് അപ്പോസ്തലൻ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “നാം ദൈവത്തിന്റെ ശത്രുക്കളായിരുന്നു, എന്നാൽ തന്റെ പുത്രന്റെ മരണം മുഖേന അവൻ നമ്മെ തന്റെ സുഹൃത്തുക്കളാക്കി.”—റോമർ 5:10, റ്റുഡേയ്സ് ഇംഗ്ലീഷ് വേർഷൻ.
യഹോവയുടെ നിലവാരങ്ങളെ മനസ്സിലാക്കാൻ ഇടയാകുന്നതിനുമുമ്പ്, നേരത്തെ പരാമർശിച്ച മൈക്കിളിനെപ്പോലെയുള്ള ചില യുവജനങ്ങൾ ഘോരമായ തെറ്റിൽ ഏർപ്പെട്ടിരുന്നിരിക്കാം. എന്നാൽ, ഒരുവന്റെ മുൻകാല പാപങ്ങൾ എത്ര ഗുരുതരമായിരുന്നാലും യേശുവിന്റെ മറുവില യാഗം മുഖേന അവ അവനോടു ക്ഷമിക്കും. ബൈബിൾ പിൻവരുന്ന ഹൃദയോഷ്മളമായ ഉറപ്പു നൽകുന്നു: “നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു.” (1 യോഹന്നാൻ 1:9) എന്നാൽ അത്തരം ശുദ്ധീകരണത്തെ താൻ വിലമതിക്കുന്നു എന്നു ദൈവത്തെ കാണിക്കാനായി ഒരു വ്യക്തി പടികൾ സ്വീകരിക്കേണ്ടതുണ്ട്. ബാധകമാക്കാൻ കഴിയുന്ന ഒരു തത്ത്വം അപ്പോസ്തലനായ പൗലോസ് പ്രസ്താവിക്കുന്നു: ‘“അശുദ്ധമായതു ഒന്നും തൊടരുതു; എന്നാൽ ഞാൻ നിങ്ങളെ കൈക്കൊണ്ടു നിങ്ങൾക്കു പിതാ”വ് “ആയിരിക്കും”’ എന്നു യഹോവ പറയുന്നു. (2 കൊരിന്ത്യർ 6:17, 18) ഒരു വ്യക്തി അത്തരം തെറ്റു വിട്ടുതിരിയുകയും ആത്മാർഥമായി അനുതപിക്കുകയും ചെയ്യുന്നെങ്കിൽ അവനെ ഒരു സുഹൃത്തെന്നനിലയിലുള്ള തന്റെ പ്രീതിയിലേക്കു സ്വീകരിക്കാൻ ദൈവം മനസ്സൊരുക്കമുള്ളവനാണെന്നറിയുന്നത് എത്ര ഹൃദയസ്പർശിയാണ്.
ദ്രോഹപൂർവകമായ ചുറ്റുപാടിൽ വളർന്നുവന്ന യുവജനങ്ങളെ സംബന്ധിച്ചെന്ത്? തങ്ങളുടെ ഇഷ്ടത്തിനു വിരുദ്ധമായി കാര്യങ്ങൾ സംഭവിച്ചിട്ടുള്ള ആളുകളെ ദൈവം കുറ്റക്കാരായി കണക്കാക്കുകയില്ലെന്നു മനസ്സിലാക്കുക. പാപത്തിൽ ഭാഗഭാക്കുകളായിരുന്നതിനു പകരം അത്തരക്കാർ പാപത്തിന് ഇരകളായിരുന്നു. ഒരു വ്യക്തിയെന്നനിലയിലുള്ള നിങ്ങളുടെ യോഗ്യത മറ്റൊരാൾ എന്തു വിധിക്കുന്നു എന്നതിനെയല്ല ആശ്രയിച്ചിരിക്കുന്നതെന്നും ഓർമിക്കുക. നിങ്ങളുടെ സാഹചര്യങ്ങൾ എന്തായിരുന്നാലും യഹോവക്കു നിങ്ങളുടെ സുഹൃത്തായിരിക്കാൻ കഴിയും. തന്റെ കുടിയനായ പിതാവു മൂലം അക്രമം നിറഞ്ഞ ഒരു ഭവനത്തിൽ ക്രിസ്തീയ മാതാവിനാലാണ് മോറീൻ വളർത്തപ്പെട്ടത്. അവൾ ഇങ്ങനെ പറഞ്ഞു: “ഈ കുഴപ്പങ്ങളുടെയെല്ലാം നടുവിൽ യഹോവയുമായി ഒരു ബന്ധം വളർത്തിയെടുക്കാൻ എങ്ങനെയോ എനിക്കു കഴിഞ്ഞു. എന്നെ ഒരിക്കലും ഉപേക്ഷിക്കാത്ത ഒരുവനാണ് അവനെന്നു ഞാൻ തിരിച്ചറിഞ്ഞു.”
നിങ്ങൾ ഗുരുതരമായ പാപത്തിലേക്കു വഴുതിവീഴുന്നെങ്കിലെന്ത്?
ദൈവഭയമുള്ള മാതാപിതാക്കളാൽ വളർത്തപ്പെട്ട ഡഗ് 18-ാമത്തെ വയസ്സിൽ ലൈംഗിക അധാർമികതയിൽ ഏർപ്പെട്ടു. ഇത് അവന്റെ മോശമായ സഹവാസങ്ങൾ മൂലമായിരുന്നു. “അത് തെറ്റാണെന്ന് എനിക്കറിയാമായിരുന്നു, എന്നാൽ ഞാൻ അത് ചെയ്തുകൊണ്ടേയിരുന്നു, എന്തുകൊണ്ടെന്നാൽ ഞാൻ രസിക്കാൻ ആഗ്രഹിച്ചു,” ഡഗ് സമ്മതിച്ചുപറഞ്ഞു. കുറേനാൾ കഴിഞ്ഞപ്പോൾ ഡഗ് തന്റെ ഗതിയുടെ വ്യർഥത മനസ്സിലാക്കി. അവൻ ഇപ്രകാരം സമ്മതിച്ചുപറഞ്ഞു: “എന്റെ കൂട്ടുകാരെന്നുംപറഞ്ഞു നടന്നവരെല്ലാം കേവലം പണത്തിനും സുഖത്തിനും വേണ്ടി എന്നെ ഉപയോഗിക്കുകയായിരുന്നുവെന്നു ഞാൻ മനസ്സിലാക്കി തുടങ്ങി.” യഹോവയുമായുള്ള സൗഹൃദം പുനഃസ്ഥാപിക്കുന്നതിന് അപ്പോൾ അവൻ പടികൾ സ്വീകരിച്ചു തുടങ്ങി. എന്നാൽ ഒരു വൻതടസ്സം അവന്റെ പുരോഗതിക്കു വിലങ്ങുതടിയായിരുന്നു.
“മടങ്ങിവരുന്നതു വളരെയധികം വിഷമമാക്കിത്തീർത്ത മുഖ്യ സംഗതി എനിക്കു തീരെ യോഗ്യതയില്ലെന്നു തോന്നിയതായിരുന്നു. ഞാൻ ചെയ്തതെല്ലാം യഹോവയുടെ ദൃഷ്ടിയിൽ മോശമായിരുന്നു എന്ന് എനിക്കു തോന്നി. അവൻ എത്ര നല്ലവനാണെന്നും എന്നോട് എത്രമാത്രം സഹനം പ്രകടമാക്കിയിരിക്കുന്നുവെന്നും അറിഞ്ഞപ്പോൾ അവൻ എന്നോടു ക്ഷമിക്കുന്നതിനുള്ള ഒരു സാധ്യതയും ഞാൻ കണ്ടില്ല. എന്തുകൊണ്ടെന്നാൽ ഞാൻ അത്രയ്ക്കു മോശമായിരുന്നു,” ഡഗ് തുറന്നുപറഞ്ഞു. എന്നാൽ, ഒരു സഭാമൂപ്പന്റെ സഹായത്താലും മനശ്ശെയുടെ ബൈബിൾ വിവരണം ശ്രദ്ധാപൂർവം പരിചിന്തിച്ചതിനാലും ഡഗിന് ഈ പ്രതിബന്ധം തരണം ചെയ്യാൻ കഴിഞ്ഞു.
ആരായിരുന്നു മനശ്ശെ? പുരാതന യഹൂദ്യയിലെ ഒരു രാജാവായിരുന്നു അദ്ദേഹം. തന്റെ ദൈവഭക്തനായ പിതാവ് യെഹിസ്കീയാവിനാൽ അദ്ദേഹം യഹോവയെ സ്നേഹിക്കാൻ പഠിപ്പിക്കപ്പെട്ടിരുന്നുവെന്നു ബൈബിൾ സൂചിപ്പിക്കുന്നു. എന്നാൽ പിതാവു മരിച്ചുപോകയും 12-ാമത്തെ വയസ്സിൽ രാജാവായിത്തീരുകയും ചെയ്തതോടെ തന്റെ ഇഷ്ടംപോലെ നടക്കാമെന്ന് അദ്ദേഹം വിചാരിച്ചു. അദ്ദേഹം യഹോവയെ ഉപേക്ഷിച്ചു ബാലിനെ ആരാധിച്ചു. അങ്ങേയറ്റം അധാർമികവും അനിയന്ത്രിതവുമായ ലൈംഗിക മദ്യക്കൂത്തുകൾ അത്തരം ആരാധനയുടെ പ്രത്യേകതയായിരുന്നു. മനശ്ശെ “യഹോവെക്കു അനിഷ്ടമായുള്ളതു പലതും ചെയ്തു അവനെ കോപിപ്പിച്ചു.” വിശ്വസ്തരായ വക്താക്കൾമുഖേന “യഹോവ മനശ്ശെയോടും അവന്റെ ജനത്തോടും സംസാരിച്ചു; എങ്കിലും അവർ ശ്രദ്ധിച്ചില്ല.” അങ്ങനെയിരിക്കെ യഹോവയുടെ ന്യായവിധിയുടെ ഒരു പ്രകടനമെന്നനിലയിൽ മനശ്ശെയെ ബാബിലോനിലേക്കു വിലങ്ങുവെച്ചു കൊണ്ടുപോയി.—2 ദിനവൃത്താന്തം 31:20, 21; 33:1-6, 10, 11.
മനശ്ശെ തന്റെ കഴിഞ്ഞകാല പ്രവൃത്തികളെക്കുറിച്ച് ഓർക്കുകയും യഹോവയുടെ നിയമങ്ങളെക്കുറിച്ച് ഓർമയിൽവന്നതുമായി അവയെ താരതമ്യപ്പെടുത്തുകയും ചെയ്തപ്പോൾ കുറ്റബോധം അവനെ അടിപ്പെടുത്തി, അവൻ ക്ഷമക്കായി കെഞ്ചിയപേക്ഷിച്ചു. അവൻ ദൈവത്തിന്റെ മുമ്പിൽ തന്നെത്താൻ താഴ്ത്തുകയും “അവനോടു പ്രാർത്ഥി”ച്ചുകൊണ്ടേയിരിക്കുകയും ചെയ്തു. ദൈവം അവനെ “കൈക്കൊണ്ടു അവന്റെ യാചന കേട്ടു അവനെ വീണ്ടും യെരൂശലേമിൽ അവന്റെ രാജത്വത്തിന്നു തിരിച്ചു വരുത്തി.” അതെ, ‘മനസ്സലിവുള്ള പിതാവ്’ മനസ്താപമുള്ള ഈ പാപിയെ തന്റെയടുത്തേക്കു വീണ്ടും അടുത്തുവരാൻ അനുവദിക്കുന്നതിനു തയ്യാറായിരുന്നു. ഇങ്ങനെ ദയ ലഭിച്ചപ്പോൾ വ്യക്തിപരമായ അനുഭവത്തിൽനിന്ന്, “യഹോവതന്നേ ദൈവം എന്നു മനശ്ശെക്കു ബോധമായി.”—2 ദിനവൃത്താന്തം 33:12, 13; 2 കൊരിന്ത്യർ 1:3.
യഹോവയ്ക്കു മനശ്ശെയെ തിരിച്ചെടുക്കാമെങ്കിൽ വഴിതെറ്റിപ്പോയ ഒരു യുവാവിനെയും, അവൻ മനസ്താപം പ്രകടമാക്കുന്നപക്ഷം, തന്നോടു വീണ്ടും ബന്ധംപുലർത്താൻ യഹോവ തീർച്ചയായും അനുവദിക്കും. സഭയിലെ ആത്മീയ ഇടയൻമാരുടെ സഹായത്തോട് ഡെഗ് പ്രതികരിച്ചു. ദൈവം “എല്ലായ്പോഴും ഭർത്സിക്കയില്ല; എന്നേക്കും കോപം സംഗ്രഹിക്കയുമില്ല” എന്നു വ്യക്തമായി മനസ്സിലാക്കാൻ അവൻ സഹായിക്കപ്പെട്ടു.—സങ്കീർത്തനം 103:9.
ദൈവത്തിന്റെ സുഹൃത്തായി നിലനിൽക്കുക
ദൈവം നിങ്ങളുടെ സുഹൃത്തായി കഴിഞ്ഞാൽപ്പിന്നെ അതു നിലനിർത്താൻ തക്കവണ്ണം നിങ്ങൾ ആ ബന്ധത്തെ താലോലിക്കേണ്ടതുണ്ട്. സ്നാപനമേറ്റ ഒരു 18 വയസ്സുകാരി ഒരു അവിവാഹിത മാതാവായിത്തീർന്നു. എന്നിട്ടും, യഹോവയുമായി കാര്യങ്ങൾ നേരെയാക്കാൻ അവൾക്കു സഹായം ലഭിച്ചു. (കാണുക: യെശയ്യാവു 1:18.) അവളുടെ സുഖംപ്രാപിക്കലിലെ വഴിത്തിരിവ് എന്തായിരുന്നു? “യഹോവ സ്നേഹവാനായ ഒരു പിതാവായിരുന്നെന്നും ഒരു വധനിർവാഹകൻ അല്ലായിരുന്നുവെന്നും ഞാൻ മനസ്സിലാക്കി. ഞാൻ ചെയ്തത് അവനെ മുറിപ്പെടുത്തിയെന്നു ഞാൻ തിരിച്ചറിഞ്ഞു. ഭക്തി ആവശ്യപ്പെടുന്നതെങ്കിലും ഒരിക്കലും യഥാർഥ സ്നേഹം പ്രകടിപ്പിക്കാത്ത വെറും ഒരു ആത്മാവ് ആയല്ലാതെ ഒരു സുഹൃത്തായി, വികാരങ്ങൾ ഉള്ള ഒരാളായി ദൈവത്തിലേക്കു നോക്കേണ്ടതു പ്രധാനമാണ്,” അവൾ വിശദീകരിച്ചു. യഹോവയുടെ സേവനത്തിൽ പൂർണമായും ഉൾപ്പെടാൻ മനശ്ശെയെപ്പോലെ അവളും പ്രേരിതയായി. (2 ദിനവൃത്താന്തം 33:14-16) ഇത് അവൾക്കൊരു സംരക്ഷണമാണെന്നു തെളിഞ്ഞു. അവൾ മറ്റു യുവജനങ്ങളെ ഇങ്ങനെ ഉപദേശിക്കുന്നു: “സാഹചര്യം മോശമായിത്തീരുന്നെങ്കിലും യഹോവയെ സ്തുതിക്കാൻ കഠിനശ്രമം ചെയ്യുന്നതിൽ തുടരുക. ഒരിക്കൽക്കൂടെ യഹോവ നിങ്ങളുടെ പാതകളെ സ്നേഹപൂർവം നേരെയാക്കും.”
ദൈവത്തിന്റെ സുഹൃത്തുക്കളായിരിക്കുന്നവരുമായി സൗഹൃദം സ്ഥാപിക്കുന്നതും പ്രധാനമാണ്. എന്നാൽ, ദൈവികതത്ത്വങ്ങളോടു തീർത്തും ബഹുമാനമില്ലാത്തവരെ ഒരു മഹാവ്യാധിപോലെ ഒഴിവാക്കുക. (സദൃശവാക്യങ്ങൾ 13:20) യുവതിയായ ലിൻഡ ഒരു യുവാവുമായി ലൈംഗിക അധാർമികതയിൽ ഏർപ്പെട്ടു. അയാളുടെ സൗഹൃദം അവൾക്ക് “മറ്റെന്തിനെക്കാളും പ്രധാനമായിരുന്നു.” ആത്മീയ സുഖംപ്രാപിക്കലിനുശേഷം ലിൻഡ ഇപ്രകാരം സമ്മതിച്ചുപറഞ്ഞു: “യഹോവയുമായുള്ള ആ വ്യക്തിപരമായ ബന്ധം ഇല്ലാതിരിക്കുന്നതിനാൽ നിങ്ങൾക്ക് നിങ്ങളുടെ മുഴു ജീവിതവും നശിപ്പിക്കാൻ കഴിയും.”
നിങ്ങൾക്ക് അങ്ങനെയൊരു ബന്ധമുണ്ടോ? ഇല്ലെങ്കിൽ, അതു നേടുന്നതിനു കഠിനശ്രമം ചെയ്യുക. ഇങ്ങനെ പറഞ്ഞുകൊണ്ട് ലിൻഡ ദൈവവുമായുള്ള സൗഹൃദത്തിന്റെ മൂല്യം ചുരുക്കി അവതരിപ്പിക്കുന്നു: “മുഴു ലോകത്തിലുംവെച്ച് ഏറ്റവും പ്രധാനമായ സംഗതി യഹോവയുമായുള്ള ഒരു വ്യക്തിപരമായ ബന്ധമാണ്. ഒരു പെൺകുട്ടിയോ ആൺകുട്ടിയോ ലോകത്തിലെ മറ്റെന്തുമോ അതിനെക്കാൾ പ്രധാനമല്ല. യഹോവയുമായുള്ള സൗഹൃദം ഇല്ലെങ്കിൽ മറ്റെന്തെല്ലാമുണ്ടെങ്കിലും കാര്യമില്ല.”
[15-ാം പേജിലെ ചിത്രം]
ദൈവത്തിന്റെ സുഹൃത്തായിരിക്കാൻ തങ്ങൾക്കു യോഗ്യതയില്ലെന്നു ചില യുവജനങ്ങൾക്കു തോന്നിയേക്കാം