വിപത്ത് ആഞ്ഞടിക്കുമ്പോൾ
വൻ വിപത്തുകൾ 20-ാം നൂറ്റാണ്ടിന്റെ മുഖമുദ്രയായിരുന്നിട്ടുണ്ട്. അവയിൽ മിക്കവയും മനുഷ്യനുണ്ടാക്കിയതായിരുന്നു. എന്നാൽ ചിലത് അങ്ങനെയായിരുന്നില്ല. നമ്മുടെ നാളുകളെക്കുറിച്ചു മുൻകൂട്ടിപ്പറയവേ യേശു പറഞ്ഞു: “ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിർക്കും; ക്ഷാമവും ഭൂകമ്പവും അവിടവിടെ ഉണ്ടാകും.” (മത്തായി 24:7) യുദ്ധങ്ങളുടെയും ഭക്ഷ്യദൗർലഭ്യങ്ങളുടെയും ഉത്തരവാദി മനുഷ്യനാണെന്നുള്ളതു സത്യംതന്നെ. എന്നാൽ ഭൂകമ്പങ്ങൾക്ക് ഉത്തരവാദി അവനല്ല. സമാനമായി, വിപത്ക്കരങ്ങളായ ചില വെള്ളപ്പൊക്കങ്ങൾക്കു കാരണം മനുഷ്യന്റെ പ്രവർത്തനമായിരുന്നിട്ടുണ്ടെങ്കിലും ഭൂകമ്പങ്ങൾക്ക് ഉത്തരവാദി അവനല്ല. കൊടുങ്കാറ്റുകളോ അഗ്നിപർവതസ്ഫോടനങ്ങളോ ഉണ്ടാകുന്നതും മനുഷ്യന്റെ കുഴപ്പംകൊണ്ടല്ല.
അവയുടെ കാരണമെന്തായാലും പ്രകൃതി വിപത്തുകൾ മനുഷ്യന്റെ ഒന്നുമില്ലായ്മയെയും ഭയാനകമായ പ്രകൃതി ശക്തികളെ നേരിടുമ്പോഴുള്ള അവന്റെ കഴിവില്ലായ്മയെയും കാണിക്കുന്നു. നമ്മുടെ ഭവനമായ ഈ ഭൂമി സാധാരണഗതിയിൽ വളരെ ഭദ്രവും ശക്തവുമായി കാണപ്പെടുന്നു. എന്നാൽ, അത് ഒരു ഭൂകമ്പത്താൽ ആടിയുലയുമ്പോൾ, പ്രളയംമൂലം വെള്ളത്തിനടിയിൽ ആകുമ്പോൾ, സ്ഫോടനത്തിന്റെ ശക്തിയാലെന്നപോലെ ക്രൂരമായ കാറ്റുകൾ അതിൻമേൽ നിർദയമായി ആഞ്ഞുവീശുമ്പോൾ, ആ സുരക്ഷിതത്വബോധം നമ്മിൽനിന്ന് അപ്രത്യക്ഷമാകുന്നു.
പ്രകൃതി വിപത്തുകൾ 20-ാം നൂറ്റാണ്ടിൽ വൻനാശത്തിനും വമ്പിച്ച നഷ്ടത്തിനും ഇടയാക്കിയിരിക്കുന്നു. ഇത് ഒഴിവാക്കാൻ കഴിയുമായിരുന്നോ? വിപത്കരമായ ഫലങ്ങൾ കുറയ്ക്കാൻ എന്തെങ്കിലും ചെയ്യാൻ കഴിയുമോ? വ്യക്തികളെന്നനിലയിൽ, നമ്മെത്തന്നെ സംരക്ഷിക്കാൻ നമുക്ക് എന്തു ചെയ്യാൻ കഴിയും? വിപത്ത് ആഞ്ഞടിക്കുമ്പോൾ നാം തീർത്തും നിസ്സഹായരാണോ? ഈ രീതിയിൽ മനുഷ്യവർഗം എല്ലായ്പോഴും ഇരയായിരിക്കുമോ? പിൻവരുന്ന ലേഖനങ്ങൾ ഈ ചോദ്യങ്ങൾ ചർച്ചചെയ്യും.