ഭൂഗർഭ സെമിത്തേരികൾ—അവ എന്തായിരുന്നു?
ഇറ്റലിയിലെ ഉണരുക! ലേഖകൻ
പുരാതന റോമിന്റെ ഉള്ളറകളിൽ, ഇരുളടഞ്ഞ വഴികളിൽ ഒളിഞ്ഞിരിക്കുന്നവയാണു ഭൂഗർഭ സെമിത്തേരികൾ. അവ കൃത്യമായി എന്താണ്? അവയെന്തിനാണു പണിതത്?
അടിസ്ഥാനപരമായി പറഞ്ഞാൽ, ശവകുടീരങ്ങളായി ഉപയോഗിക്കുന്നതിനു പാറകൾ തുരന്നുണ്ടാക്കിയ തുരങ്കങ്ങളാണു ഭൂഗർഭ സെമിത്തേരികൾ. ഒരു അനിശ്ചിത അർഥമുള്ള (സാധ്യതയനുസരിച്ച്, “ഗഹ്വരങ്ങളിൽ”) “ഭൂഗർഭ സെമിത്തേരികൾ” എന്ന പദം റോമിനു സമീപം ആപ്പിയൻ പാതയിലുള്ള ഒരു പ്രത്യേക സെമിത്തേരിയെ വർണിക്കുന്ന സ്ഥലപ്പേരായിരുന്നുവെന്നാണു കരുതപ്പെടുന്നത്. ക്രമേണ അത് എല്ലാ ഭൂഗർഭ സെമിത്തേരികൾക്കും ബാധകമാക്കി. മെഡിറ്ററേനിയൻ സമുദ്രത്തിന്റെ ചുറ്റുമുള്ള രാജ്യങ്ങളുടെ പല ഭാഗങ്ങളിലും ഭൂഗർഭ സെമിത്തേരികൾ ഉണ്ടെങ്കിലും ഏറ്റവും കൂടുതൽ അറിയപ്പെടുന്നതും ഏറ്റവും വലുതും റോമിലുള്ളവയാണ്—അവയുടെ മൊത്തം നീളം നൂറുകണക്കിനു കിലോമീറ്റർ വരുമെന്നു കണക്കാക്കപ്പെടുന്നു. 60-ഓളം എണ്ണം തിരിച്ചറിയപ്പെട്ടിരിക്കുന്നു. ഇവയെല്ലാം ചരിത്രപ്രധാനമായ നഗരമധ്യത്തിന് ഏതാനും കിലോമീറ്റർ വെളിയിലായി, റോമിലെ മുഖ്യ മജിസ്ട്രേറ്റുമാർക്കു ചുമതലപ്പെട്ടിരുന്നതും റോമിനെ അതിന്റെ പ്രവിശ്യകളുമായി ബന്ധിപ്പിച്ചിരുന്നതുമായ പ്രധാനനിരത്തുകളിലുടനീളമാണു കാണപ്പെടുന്നത്.
ഒന്നാം നൂറ്റാണ്ടിൽ റോമാക്കാരായ ക്രിസ്ത്യാനികൾക്കു സ്വന്തമായി സെമിത്തേരികൾ ഇല്ലാതിരുന്നതിനാൽ അവർ തങ്ങളുടെ മരിച്ചവരെ പുറജാതീയരുടെകൂടെ അടക്കിയിരുന്നതായി കാണുന്നു. രണ്ടാം നൂറ്റാണ്ടിന്റെ പകുതിയോടെ നാമധേയ ക്രിസ്ത്യാനികൾ പുറജാതി ചിന്തയാൽ സ്വാധീനിക്കപ്പെടാൻ തുടങ്ങിയപ്പോൾ ധനികരായ മതപരിവർത്തകർ “ക്രിസ്ത്യാനികളുടെ” സെമിത്തേരികൾക്കുവേണ്ടി വസ്തു നൽകി. നഗരത്തിൽനിന്നു വളരെയകലെ പോകാതെ സ്ഥലത്തിന്റെ പ്രശ്നം പരിഹരിക്കുന്നതിനുവേണ്ടി കുഴിക്കൽ ആരംഭിച്ചു.
ഭൂഗർഭ സെമിത്തേരികളുടെ ചരിത്രം
സാധ്യതയനുസരിച്ച് ആദ്യത്തെ കുഴിക്കലുകൾ നടത്തിയതു കുന്നിൻചെരിവുകളിലും ഉപേക്ഷിക്കപ്പെട്ട കൽമടകളിലുമാണ്. ഭൂഗർഭ സെമിത്തേരികളെക്കുറിച്ചുള്ള തങ്ങളുടെ പുസ്തകത്തിൽ ലുഡ്വിഗും ഹെർട്ലിങ്ങും എഞ്ചെൽബെർട്ടും ഇപ്രകാരം വിശദീകരിക്കുന്നു: “പിന്നീട് ഒരാൾപൊക്കം മാത്രമുള്ള ഒരു ഭൂഗർഭഗുഹയിലെ പാതയുടെ പണിയാരംഭിച്ചു. വലത്തേക്കും ഇടത്തേക്കും പാർശ്വ തുരങ്കങ്ങൾ കുഴിച്ചു. ഇവയുടെ അറ്റം പിന്നീട് ആദ്യത്തേതിനു സമാന്തരമായി പോകുന്ന മറ്റൊരു ഭൂഗർഭപാതയുമായി ബന്ധിപ്പിക്കാമായിരുന്നു. അങ്ങനെ ലളിതവും ക്രമേണ വലുതും കൂടുതൽ സങ്കീർണവുമായ ഒരു ശൃംഖല രൂപംകൊണ്ടു.”
ഏറ്റവും മഹത്തായ വികസനം ഉണ്ടായതു മൂന്നും നാലും നൂറ്റാണ്ടുകളിലാണ്. അപ്പോഴേക്കും ക്രിസ്തീയമതം എന്നു പേരു പറയപ്പെട്ടിരുന്നതു പുറജാതീയ പഠിപ്പിക്കലുകളാലും ആചാരങ്ങളാലും പൂർണമായും മലിനപ്പെട്ടിരുന്നു. പൊ.യു. (പൊതുയുഗം) 313-ലെ കോൺസ്റ്റന്റൈന്റെ മതപരിവർത്തനം എന്നു വിളിക്കപ്പെടുന്നതു നടന്നതോടെ ഭൂഗർഭ സെമിത്തേരികൾ റോമിലെ സഭയുടെ വസ്തുവായിത്തീർന്നു. അവയിൽ ചിലത് അവസാനം ഭീമമായ വലിപ്പമുള്ളവയായിത്തീർന്നു. റോമിലെ ഭൂഗർഭ സെമിത്തേരികൾ എല്ലാംകൂടി കോടിക്കണക്കിന് ഇല്ലെങ്കിലും ലക്ഷക്കണക്കിനു ശവക്കല്ലറകൾ ഉൾക്കൊള്ളുമായിരുന്നു.
ഈ കാലഘട്ടത്തിൽ സെമിത്തേരികൾ അലങ്കരിക്കുകയും അവയുടെ വിസ്താരം വർധിപ്പിക്കുകയും ചെയ്തു. വർധിച്ച അളവിൽ പ്രവഹിച്ചുകൊണ്ടിരിക്കുന്ന കാണികൾക്ക് എളുപ്പമാക്കിത്തീർക്കുന്നതിനുവേണ്ടി പുതിയ ഗോവണിപ്പടികൾ പണിതു. കൂട്ടമായുള്ള തീർഥാടനങ്ങളുടെ ലക്ഷ്യം ഭൂഗർഭ സെമിത്തേരികൾ കാണുക എന്നതായിരിക്കുംവിധം പാപ്പാമാരുടെയും രക്തസാക്ഷികളുടെയും എന്ന് കരുതപ്പെടുന്ന ശവകുടീരങ്ങളുടെ ഖ്യാതി അത്രമാത്രം വ്യാപിച്ചിരുന്നു (പ്രത്യേകിച്ചു വടക്കൻ യൂറോപ്പിൽ). റോം കീഴടങ്ങുകയും അഞ്ചാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ അപരിഷ്കൃതർ ആദ്യമായി ആക്രമണങ്ങൾ നടത്തുകയും ചെയ്തതോടെ ആ പ്രദേശം മൊത്തം അങ്ങേയറ്റം അപകടകരമായിത്തീർന്നു. ഭൂഗർഭ സെമിത്തേരികൾ സെമിത്തേരികളായി ഉപയോഗിക്കുന്ന രീതി നിന്നുപോയി.
എട്ടാം നൂറ്റാണ്ടിൽ ആക്രമണ സൈന്യങ്ങൾ മാത്രമല്ല, ഹെർട്ലിങ്ങും കിർസ്ച്ബവ്മും പറയുന്നതനുസരിച്ച് “ദാക്ഷിണ്യ മനസ്കരായ റോമൻ ഇടനിലക്കാരും” ശവക്കല്ലറകൾ കവർച്ചചെയ്യുകയും കൊള്ളയടിക്കുകയും ചെയ്തു. അതോടെ അവയ്ക്കു വല്ലാത്ത ക്ഷതം സംഭവിച്ചു. ദാക്ഷിണ്യ മനോഭാവമുള്ള ഈ റോമൻ ഇടനിലക്കാർ, കത്തീഡ്രലുകളുടെയും സന്ന്യാസിമഠങ്ങളുടെയും പ്രചാരത്തിനും പ്രശസ്തിക്കും വേണ്ടി “ഭൗതികാവശിഷ്ടങ്ങൾ ശേഖരിക്കുന്നതിൽ മഹാ കുതുകികളായ ജർമനിയിലെയും ഫ്രാൻസിലെയും മഠാധിപർ”ക്കു വളരെയധികം വിശുദ്ധ സ്മാരകവസ്തുക്കൾ നൽകി. ഭൂഗർഭ സെമിത്തേരികൾ പുനഃസ്ഥാപിക്കാനോ സംരക്ഷിക്കാനോ കഴിയാതെ, പോൾ 1-ാമൻ പാപ്പാ അവശേഷിച്ച അസ്ഥികൾ മിക്കവയും നഗരഭിത്തിക്കുള്ളിലെ സുരക്ഷിതസ്ഥാനത്തേക്ക് എടുത്തുകൊണ്ടുപോയി. അവിടെ പിന്നീട് “വിശുദ്ധ രക്തസാക്ഷികളു”ടെ അവശിഷ്ടങ്ങൾ എന്നു വിശ്വസിക്കപ്പെടുന്നവയുടെ മേലെ വലിയ ബസിലിക്കകൾ പണികഴിപ്പിച്ചു. എന്നാൽ ഭൂഗർഭ സെമിത്തേരികൾ ഉപേക്ഷിക്കപ്പെടുകയും വിസ്മൃതിയിലാണ്ടുപോകുകയും ചെയ്തു.
പ്രസിദ്ധമായ ശവക്കല്ലറകളിലേക്കു കാണികളെ നയിക്കാനായി തയ്യാറാക്കിയിരുന്ന അഞ്ചുമുതൽ ഒൻപതുവരെ നൂറ്റാണ്ടുകളിലെ പുരാതന സഞ്ചാരമാർഗദർശക ഗ്രന്ഥങ്ങൾ, കെട്ടിടാവശിഷ്ടങ്ങളാലും സസ്യലോകത്താലും മൂടപ്പെട്ട സെമിത്തേരികൾ തിരഞ്ഞ്, തിരിച്ചറിഞ്ഞ്, കുഴിച്ചുകണ്ടുപിടിക്കാൻ തുടങ്ങിയ 17-ാം നൂറ്റാണ്ടിലെയും 19-ാം നൂറ്റാണ്ടിലെയും പണ്ഡിതൻമാർക്കു വിലപ്പെട്ട സൂചനകൾ നൽകി. അന്നുമുതൽ വളരെയധികം ഗവേഷണവും പുനഃസ്ഥാപനവും നടന്നിരിക്കുന്നു. സ്മരണകളുണർത്തുന്ന ഈ സ്ഥലങ്ങളിൽ പലതും സന്ദർശിക്കുക ഇന്നു സാധ്യമാണ്.
ഒരു ഭൂഗർഭ സെമിത്തേരി സന്ദർശനം
അപ്പോസ്തലനായ പൗലോസിനെ ഒരു തടവുകാരനായി റോമിലേക്കു കൊണ്ടുപോയ ആപ്പിയൻ പാതയിലൂടെയാണു നാം സഞ്ചരിക്കുന്നത്. (പ്രവൃത്തികൾ 28:13-16) പുരാതനമായ നഗരഭിത്തികൾക്കു വെളിയിലേക്ക് നാം വെറും മൂന്നു കിലോമീറ്ററേ സഞ്ചരിച്ചുള്ളൂ, അപ്പോഴേക്കും തുറസ്സായ ഗ്രാമപ്രദേശത്ത് നാം എത്തിക്കഴിഞ്ഞു. ഒരിക്കൽ തിരക്കേറിയ പ്രധാനനിരത്തായിരുന്ന ഇതിലെ സ്മാരകങ്ങളുടെയും അവശിഷ്ടങ്ങളുടെയും ഇടയിലായി വളർന്നുവരുന്ന മനോജ്ഞമായ പൈൻ മരങ്ങളാലും സൈപ്രസ് മരങ്ങളാലും ഇതു ചുറ്റപ്പെട്ടിരിക്കുന്നു.
പ്രവേശന ടിക്കറ്റ് വാങ്ങിയശേഷം നാം ഏതാണ്ട് 12 മീറ്റർ താഴേക്കു കുത്തനെ പടിയിറങ്ങുന്നു. ഈ ഭൂഗർഭ സെമിത്തേരി 30 മീറ്റർ ആഴത്തിൽ, അഞ്ചു വ്യത്യസ്ത തലങ്ങളിൽ ക്രമീകരിക്കപ്പെട്ടിരിക്കുന്നതായും അതിനു താഴെ വെള്ളം കണ്ടതായും ഗൈഡ് വിശദീകരിക്കുന്നു. വാസ്തവത്തിൽ, റോമിനു ചുറ്റും അഗ്നിപർവത കരിങ്കല്ലിന്റെ, അതായത് മൃദുവും സുതാര്യവുമായ അഗ്നിപർവത പാറയുടെ വിപുലമായ നിക്ഷേപങ്ങൾ കാണാം. ഇതു കുഴിക്കുന്നതിന് എളുപ്പവും, അതേസമയംതന്നെ ബലവും ഉറപ്പും ഉള്ളതുമാണ്.
ഒരു മീറ്റർ വീതിയും രണ്ടര മീറ്ററോളം ഉയരവുമുള്ള ഒരു വീതികുറഞ്ഞ ഇടനാഴിയിലൂടെ നാം സഞ്ചരിക്കുന്നു. ഇരുണ്ട തവിട്ടുനിറമുള്ള ഭിത്തികൾ പരുപരുത്തതും നനവുള്ളതുമാണ്. ശവക്കുഴിതോണ്ടിയവരുടെ, അതായത് ഈ ഇടുങ്ങിയ തുരങ്കങ്ങൾ കുഴിച്ച പണിക്കാരുടെ കൂന്താലി പാടുകൾ അവയിൽ വ്യക്തമായി കാണാം. രണ്ടു വശങ്ങളിലുമുള്ള ശവക്കല്ലറകൾ തുറന്നു കൊള്ളയടിക്കപ്പെട്ടിട്ടു ദീർഘനാളായെങ്കിലും ചിലതിൽ ഇപ്പോഴും ചെറിയ അസ്ഥിക്കഷണങ്ങൾ കാണാം. ഇരുട്ടിലൂടെ മുമ്പോട്ടു നീങ്ങുമ്പോൾ നാം ആയിരക്കണക്കിനു ശവക്കല്ലറകളാൽ ചുറ്റപ്പെട്ടിരിക്കുന്നതായി മനസ്സിലാക്കുന്നു.
മരിച്ചവരെ സംസ്കരിക്കുന്നതിനുള്ള ഏറ്റവും ചെലവു കുറഞ്ഞതും പ്രായോഗികവുമായ മാർഗം ഭിത്തികളിൽ ഒന്നിനു മേലെ ഒന്നായി ദീർഘചതുരാകൃതിയിൽ പൊത്തുകൾ ഉണ്ടാക്കുന്നതായിരുന്നു. സാധാരണമായി ഈ പൊത്തുകളിൽ ഒരു ശരീരമേ വെച്ചിരുന്നുള്ളൂ, എന്നാൽ ചിലപ്പോൾ രണ്ടും മൂന്നും വെച്ചിരുന്നു. അവ ഇഷ്ടികകൊണ്ടോ മാർബിൾ പലകകൊണ്ടോ റ്റെറാ-കോട്ടാ ടൈൽസുകൊണ്ടോ അടച്ചിട്ട് കുമ്മായം ഉപയോഗിച്ച് സീൽ ചെയ്യുന്നു. പലതിലും എഴുത്തുകളില്ല. വെളിയിൽ വെച്ചിരിക്കുന്ന ചെറിയ സാധനങ്ങൾ മുഖേനയാണ് അവയെ തിരിച്ചറിയുന്നത്: ഉണങ്ങുന്നതിനുമുമ്പ് കുമ്മായത്തിൽ പതിച്ചുവെച്ച നാണയമോ കക്കാത്തോടോ ആയിരിക്കും അത്. അല്ലെങ്കിൽ പ്രിസ്കില്ലയുടെ ശവക്കല്ലറയിലേതുപോലെ അസ്ഥികൊണ്ടുണ്ടാക്കിയ ഒരു പാവക്കുട്ടിയായിരിക്കും. തങ്ങളുടെ മകളുടെ അകാല നഷ്ടത്തിൽ വിലപിക്കുന്ന ദുഃഖാർത്തരായ മാതാപിതാക്കൾ വെച്ചിട്ടുപോയതാണ് അതെന്ന് ഊഹിക്കാവുന്നതാണ്. പല ശവക്കല്ലറകളും തീരെ ചെറുതാണ്, നവജാതശിശുക്കളെ മാത്രമേ അവയിൽ കിടത്താനൊക്കൂ.
“നമുക്ക് ഭൂഗർഭ സെമിത്തേരികളുടെ കാലപ്പഴക്കം എങ്ങനെയാണ് അറിയാൻ കഴിയുക?” നാം ചോദിക്കുന്നു. “അതിനെക്കുറിച്ച് ഒരു ഊഹാപോഹത്തിന്റെയും ആവശ്യമില്ല,” ഗൈഡ് മറുപടി പറയുന്നു. “നിങ്ങൾ ഈ അടയാളം കണ്ടോ?” നാം കുനിഞ്ഞ്, പൊത്തുകളിലൊന്ന് സീൽ ചെയ്യാൻ ഉപയോഗിച്ചിരിക്കുന്ന ഒരു വലിയ റ്റെറാ-കോട്ട ടൈലിലെ അടയാളം പരിശോധിക്കുന്നു. “ടൈൽ ഉണ്ടാക്കിയ സമയത്തു പതിപ്പിച്ചതാണ് ഈ മുദ്ര. സാമ്രാജ്യത്തിന്റെ വക പല ഫാക്ടറികളും, അവ നിർമിച്ച ഇഷ്ടികകളിലും ടൈൽസിലും വിവരങ്ങൾ പതിപ്പിച്ചിരുന്നു. കളിമണ്ണ് എടുത്ത സ്ഥലം, പണിയാലയുടെയും മേസ്തിരിയുടെയും പേര്, ആ വർഷം അധികാരത്തിലിരുന്ന കൺസലുകളുടെ (മുഖ്യ മജിസ്ട്രേറ്റുമാരുടെ) പേര് തുടങ്ങിയവ സംബന്ധിച്ച് ആ വിവരങ്ങൾ സൂചന നൽകി. ശവക്കല്ലറകളുടെ കൃത്യമായ തീയതി നിർണയിക്കുന്നതിന് ഏറ്റവും ഉപയോഗപ്രദമായ ഒരു ഘടകമാണ് ഇത്. പൊ.യു. രണ്ടാം നൂറ്റാണ്ടിന്റെ മധ്യത്തിലേതാണ് ഏറ്റവും പഴക്കമുള്ളത്, ഏറ്റവും പുതിയത് ഏതാണ്ട് പൊ.യു. 400-ലെയും.”
ആശയങ്ങളുടെ ഒരു മിശ്രിതം
തെളിവനുസരിച്ച്, ഈ സ്ഥലങ്ങൾ ഉപയോഗപ്പെടുത്തിയിരുന്ന ചിലർക്ക് വിശുദ്ധ തിരുവെഴുത്തുകളെക്കുറിച്ച് ഒരളവോളം പരിജ്ഞാനമുണ്ടായിരുന്നു. എന്തുകൊണ്ടെന്നാൽ അനവധി ശവക്കല്ലറകൾ ബൈബിൾ ദൃശ്യങ്ങൾക്കൊണ്ട് അലങ്കരിക്കപ്പെട്ടിരിക്കുന്നു. എന്നാൽ, ക്രൂശിക്കപ്പെടൽ എന്നു പറയപ്പെടുന്നതുപോലുള്ള പിൽക്കാലത്തെ “വിശുദ്ധ” കലയിൽ വളരെ സാധാരണമായിരുന്ന മറിയാരാധനയുടെയും മറ്റു വിഷയങ്ങളുടെയും ഒരു സൂചനയും അവിടെയില്ല.
ബൈബിളിനോടു യാതൊരു ബന്ധവുമില്ലാത്ത ചിത്രങ്ങളും നാം കാണുന്നു. “അതു ശരിയാണ്, ഇവയിലെയും മറ്റു ഭൂഗർഭ സെമിത്തേരികളിലെയും പല ദൃശ്യങ്ങളും പുറജാതി കലയിൽനിന്നു കടമെടുത്തവയാണ്. ഗ്രീസ്-റോമാ അർധദേവൻ, വീരനായ ഓർഫ്യൂസ്; ജീവിയുടെ ഈ ജീവിതത്തിലെയും അടുത്തതിലെയും ഭാഗധേയത്തെ പ്രതിനിധാനം ചെയ്യുന്ന കാമദേവനായ ക്യൂപ്പിഡ്, സൈക്ക്; ജീവിതാനന്തരമുള്ള ആനന്ദതിമിർപ്പിന്റെ പ്രശസ്തമായ ഡയോനിസ്യൻ പ്രതീകമായ വീഞ്ഞ്, മുന്തിരി വിളവെടുപ്പ് തുടങ്ങിയവ നിങ്ങൾക്കു കാണാൻ കഴിയും. ജെസ്യൂട്ട് പണ്ഡിതനായ അന്റോണിയോ ഫെറുവാ പറയുന്നതനുസരിച്ച്, പൂർണമായും വിഗ്രഹാരാധനാപരമായ കലയിൽനിന്ന് എടുത്തിട്ടുള്ള ഇവ അമൂർത്ത വസ്തുക്കളുടെ മൂർത്തിമദ്ഭാവമാണ്: നാലു ഋതുക്കൾ കാമദേവൻമാരാൽ പ്രതിനിധാനം ചെയ്യപ്പെടുന്നു; ചോളവും ലില്ലിപുഷ്പങ്ങളും കിരീടമണിയിച്ചിരിക്കുന്ന വേനൽക്കാലത്തിന്റെ ദൃശ്യത്തെപോലെ കൂടുതൽ സങ്കീർണമായ ദൃശ്യങ്ങൾ വർഷത്തിലെ നാലു ഋതുക്കളെ ചിത്രീകരിക്കുന്നു,” ഗൈഡ് സമ്മതിച്ചുപറയുന്നു.
ആവർത്തിച്ചുവരുന്ന വിഷയങ്ങൾ: മയിലിന്റെ മാംസം അഴുകാത്തതായി കരുതപ്പെട്ടിരുന്നതുകൊണ്ട് അമർത്ത്യതയുടെ പ്രതീകമായ മയിൽ; വെന്തെരിഞ്ഞു ചാരത്തിൽനിന്ന് എഴുന്നേറ്റുവരുന്നതായി പറയപ്പെടുന്ന, അമർത്ത്യതയെ പ്രതീകവത്കരിക്കുന്ന പുരാണകഥയിലെ ഫീനിക്സ് പക്ഷി; മരണാനന്തരം പക്ഷികളാലും പൂക്കളാലും പഴങ്ങളാലും ചുറ്റപ്പെട്ട് വിരുന്നുണ്ണുന്ന മരിച്ചവരുടെ ദേഹികൾ എന്നിവയാണ്. പുറജാതീയ ആശയങ്ങളുടെയും ബൈബിൾ ആശയങ്ങളുടെയും ഒരു യഥാർഥ മിശ്രിതം തന്നെ!
ചില എഴുത്തുകൾ വിശ്വാസം ധ്വനിക്കുന്ന ഹൃദയസ്പർശിയായ വാക്കുകളാണ്. പുനരുത്ഥാനത്തിനുവേണ്ടി നോക്കിപ്പാർത്തുകൊണ്ട് മരിച്ചവർ ഉറങ്ങുകയാണെന്നുള്ള ബോധ്യത്തെ അവ പ്രതിഫലിപ്പിക്കുന്നതായി കാണുന്നു: “അക്വിലീന സമാധാനമായി ഉറങ്ങുന്നു.” (യോഹന്നാൻ 11:11, 14) തിരുവെഴുത്തു പഠിപ്പിക്കലുകൾക്കു വിരുദ്ധമായി മറ്റ് എഴുത്തുകൾ മരിച്ചവർക്കു ജീവിച്ചിരിക്കുന്നവരെ സഹായിക്കാൻ അല്ലെങ്കിൽ അവരുമായി ആശയവിനിയമം നടത്താൻ കഴിയുമെന്നുള്ള ആശയത്തെ പ്രതിഫലിപ്പിക്കുന്നു: “നിങ്ങളുടെ ഭർത്താവിനെയും കുട്ടികളെയും ഓർക്കേണമേ”; “ഞങ്ങൾക്കുവേണ്ടി പ്രാർഥിക്കേണമേ”; “ഞാൻ നിങ്ങൾക്കുവേണ്ടി പ്രാർഥിക്കാം”; “ഞാൻ സമാധാനമായി കഴിയുന്നു.”
എന്നാൽ തിരുവെഴുത്തുപരവും പുറജാതീയവുമായ ചിന്തകളുടെ ഈ മിശ്രിതം എന്തുകൊണ്ട്? ചരിത്രകാരനായ ജെ. സ്റ്റീവെൻസൻ ഇപ്രകാരം പറയുന്നു: “തങ്ങളുടെ പഴയ പുറജാതി മതങ്ങളിൽനിന്നുള്ള ആശയങ്ങൾ ചില ക്രിസ്ത്യാനികളുടെ ക്രിസ്ത്യാനിത്വത്തിലേക്കു നുഴഞ്ഞുകയറിവന്നു.” വ്യക്തമായി പറഞ്ഞാൽ റോമിലെ “വിശ്വസ്തർ” യേശുവിന്റെ യഥാർഥ ശിഷ്യൻമാർ കൈമാറിത്തന്ന പരിജ്ഞാനത്തിനു യോജിപ്പിൽ മേലാൽ പ്രവർത്തിക്കുന്നില്ലായിരുന്നു.—റോമർ 15:14.
നാം നമ്മുടെ സന്ദർശനം തുടരവേ, മരിച്ചവരോടുള്ള തിരുവെഴുത്തധിഷ്ഠിതമല്ലാത്ത ഭക്തി ചെലുത്തിയ സ്വാധീനം അധികമധികം വ്യക്തമായിവരുന്നു. രക്തസാക്ഷിയായി കണക്കാക്കപ്പെട്ടിരുന്ന ആരുടെയെങ്കിലുമടുത്തു സംസ്കരിക്കപ്പെടാൻ പലരും ആഗ്രഹിച്ചു. സ്വർഗീയ പരമാനന്ദത്തിന്റെ അവസ്ഥയിലായിരിക്കുന്ന രക്തസാക്ഷിക്ക് താഴ്ന്ന അവസ്ഥയിലായിരിക്കുന്ന വ്യക്തിയെ അതേ പ്രതിഫലം നേടാൻ സഹായിക്കാനാവും എന്ന ആശയം നിമിത്തമായിരുന്നു അത്.
ഭൂഗർഭ സെമിത്തേരികൾ നഗരത്തിന്റെ നേരെ അടിയിലായിരുന്നുവെന്നാണു പലരുടെയും സങ്കൽപ്പം. എന്നാൽ അതു ശരിയല്ല. നഗരമധ്യത്തിന് ഏതാനും കിലോമീറ്റർ വെളിയിലായാണ് അവയെല്ലാം സ്ഥിതിചെയ്യുന്നത്. നഗര ഭിത്തികൾക്കുള്ളിൽ ശവം സംസ്കരിക്കുന്നതു വാസ്തവത്തിൽ റോമൻ നിയമനിർമാണം വിലക്കിയിരുന്നു. പൊ.യു.മു. (പൊതുയുഗത്തിനുമുമ്പ്) അഞ്ചാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ട ലോ ഓഫ് ദ ട്വെൽവ് ടേബിൾസ് ഇങ്ങനെ പ്രസ്താവിച്ചു: ഹൊമിനെം മോർട്ടൂം ഇൻ അർബ് നി സെപെലിറ്റൊ നിവ് യുറിറ്റൊ (മരിച്ചവരെ നഗരത്തിനുള്ളിൽ സംസ്കരിക്കുകയോ ദഹിപ്പിക്കുകയോ അരുത്).
ഗൈഡ് ഇപ്രകാരം നിരീക്ഷിക്കുന്നു: “ഈ സെമിത്തേരികളെക്കുറിച്ച് അധികാരികൾക്കു നന്നായി അറിയാമായിരുന്നു. വലേറിയൻ ചക്രവർത്തി അഴിച്ചുവിട്ട പീഡനത്തിന്റെ സമയത്ത് ക്രിസ്ത്യാനികൾ ഭൂഗർഭ സെമിത്തേരികളിൽ കടക്കുന്നതു നിരോധിച്ചിരുന്നു, അതിൽവെച്ചു കണ്ടെത്തിയ സിക്സ്റ്റസ് II-ാമൻ പാപ്പായെ വധിക്കുകയും ചെയ്തു (പൊ.യു. 258). അത്രമാത്രം പ്രശസ്തമായിരുന്നു അവ.”
ഊടുപാടുള്ള പാതയുടെ മറ്റൊരു മൂല തിരിയുമ്പോൾ ദിവസത്തിന്റെ അരണ്ട വെളിച്ചം ഇടനാഴിയുടെ അങ്ങേയറ്റത്തെ പ്രകാശമാനമാക്കുന്നതു നാം കാണുന്നു. നമ്മുടെ സന്ദർശനം അവസാനിച്ചിരിക്കുന്നുവെന്നു നാം മനസ്സിലാക്കുന്നു. രസകരമായ വിവരങ്ങൾക്കായി നന്ദിപറഞ്ഞുകൊണ്ട് നാം നമ്മുടെ ഗൈഡിനോടു വിടപറയുന്നു. ഉപരിതലത്തിലേക്കു മടങ്ങുന്നതിനായി കുത്തനെയുള്ള മറ്റൊരു പടി കയറുമ്പോൾ കണ്ടതിനെക്കുറിച്ച് ഓർമിക്കാതിരിക്കാൻ നമുക്കു കഴിയുന്നില്ല.
ഇവ യഥാർഥ ക്രിസ്ത്യാനിത്വത്തിന്റെ അവശിഷ്ടങ്ങളാണോ? ഒരിക്കലുമല്ല. അപ്പോസ്തലൻമാർ മരിച്ചുകഴിഞ്ഞാലുടൻതന്നെ യേശുവും അവന്റെ ശിഷ്യൻമാരും പഠിപ്പിച്ച പഠിപ്പിക്കലുകൾ മലിനീകരിക്കപ്പെട്ടു തുടങ്ങുമെന്നു തിരുവെഴുത്തുകൾ പ്രവചിച്ചു. (2 തെസ്സലൊനീക്യർ 2:3, 7) മരിച്ചവരുടെയും രക്തസാക്ഷികളുടെയും മതവിശ്വാസത്തെക്കുറിച്ചും അമർത്ത്യ ദേഹിയുടെ ആശയത്തെക്കുറിച്ചും നാം കണ്ട തെളിവുകൾ യേശുവിന്റെ പഠിപ്പിക്കലുകളിൽ അധിഷ്ഠിതമായ വിശ്വാസത്തിന്റേതല്ല, പിന്നെയോ നമ്മുടെ പൊതുയുഗത്തിന്റെ രണ്ടുമുതൽ നാലുവരെ നൂറ്റാണ്ടുകളിൽ വിശ്വാസത്യാഗികളായ റോമൻ ക്രിസ്ത്യാനികളുടെയിടയിൽ കടന്നുകൂടിക്കഴിഞ്ഞിരുന്ന ശക്തമായ പുറജാതി സ്വാധീനത്തിന്റെ വാചാലമായ തെളിവാണ്.
[18-ാം പേജിലെ ആകർഷകവാക്യം]
പാപ്പാമാരുടെ ശവകുടീരങ്ങൾ എന്നു കരുതിപ്പോരുന്നത് കൂട്ടമായുള്ള തീർഥാടനങ്ങളുടെ ലക്ഷ്യമായിത്തീർന്നു
[19-ാം പേജിലെ ആകർഷകവാക്യം]
അഞ്ചു വ്യത്യസ്ത തലങ്ങളുള്ള, നൂറടി താഴെ എത്തുന്ന ഒരു ഭൂഗർഭ സെമിത്തേരി
[20-ാം പേജിലെ ആകർഷകവാക്യം]
ബൈബിൾ സത്യത്തിൽനിന്നുണ്ടാകുമെന്നു മുൻകൂട്ടിപ്പറയപ്പെട്ട വിശ്വാസത്യാഗത്തിന്റെ സ്വാധീനം ഭൂഗർഭ സെമിത്തേരികൾ പ്രകടമാക്കുന്നു
[17-ാം പേജിലെ ചിത്രങ്ങൾ]
വലത്ത്: ചില പക്ഷികൾ അമർത്ത്യതയുടെ പ്രതീകങ്ങളായി ഉപയോഗിക്കപ്പെട്ടിരുന്നു
[കടപ്പാട്]
Archivio PCAS
വലത്ത് മാറി: ഊടുപാടു വഴികളോടുകൂടിയ ചില റോമൻ ഭൂഗർഭ സെമിത്തേരികളുടെ പ്ലാൻ
താഴെ വലത്ത്: ശവക്കല്ലറകളുടെ തീയതി നിശ്ചയിക്കുന്നതിന് ഉപയോഗപ്രദമായ മണവാട്ടി മുദ്ര
[കടപ്പാട്]
Soprintendenza Archeologica di Roma
താഴെ: പാപ്പാമാരുടെ നിലവറ