പാരീസിലെ ഭൂഗർഭ ലോകം
ഫ്രാൻസിലെ ഉണരുക! ലേഖകൻ
ആരെങ്കിലും ഫോൺ ഒന്ന് എടുക്കണേ എന്ന അതിയായ ആഗ്രഹത്തോടെ ഞാൻ ഒരു നമ്പർ ഡയൽ ചെയ്തു. “ഹലോ! ഹലോ!” ഞാൻ വിളിച്ചു. “എന്റെ കാറിന്റെ താക്കോൽക്കൂട്ടം അഴുക്കുചാലിൽ വീണുപോയി! ദയവായി ഉടൻ വരിക!” അഴുക്കുചാൽ പണിക്കാരുടെ ഒരു പ്രത്യേക സംഘം പെട്ടെന്ന് എത്തി. അവരുടെ ജോലി അഴുക്കുചാലുകളിലെ പ്രവാഹം നിറുത്തി, വെള്ളം വറ്റിച്ച്, അവയിൽ—പാരീസിൽ ഇത്തരം 18,000 അഴുക്കുചാലുകൾ ഉണ്ട്—വീണുപോകാറുള്ള താക്കോലുകളും കണ്ണടകളും പേഴ്സുകളും, എന്തിന്, ഓമനമൃഗങ്ങളെ പോലും പുറത്തെടുക്കുക എന്നതാണ്. അവർ എന്റെ താക്കോലുകൾ എടുത്തു തന്നു. ആശ്വാസത്തിന്റെ നെടുവീർപ്പോടെ ഞാൻ അവർക്ക് ഹൃദയംഗമമായി നന്ദി പറഞ്ഞു.
അടുത്ത ദിവസം സെയ്ൻ നദിയുടെ ലെഫ്റ്റ് ബാങ്കിലുള്ള മ്യൂസേ ദെ ഏയ്ഗൂ (അഴുക്കുചാൽ മ്യൂസിയം) സന്ദർശിക്കാൻ ഞാൻ തീരുമാനിച്ചു. നദിയിലെ പ്രസിദ്ധമായ [വിനോദസഞ്ചാര] ബോട്ടുജെട്ടിക്ക് എതിർവശത്തായി ഈഫൽ ഗോപുരത്തിനു സമീപമാണ് അതു സ്ഥിതി ചെയ്യുന്നത്. 130-ഓളം വർഷമായി, ഇവിടത്തെ ഭൂഗർഭ ലോകം പ്രദർശിപ്പിക്കുന്നതിൽ പാരീസ് അഭിമാനിക്കുന്നു. അതിന്റെ കാരണം കണ്ടെത്താൻ, ഓരോ വർഷവും ഈ അസാധാരണ മ്യൂസിയം സന്ദർശിക്കുന്ന ജിജ്ഞാസുക്കളായ 90,000 പേരെപ്പോലെ ഞാനും അവിടെയെത്തി. 19-ാം നൂറ്റാണ്ടിലെ പ്രസിദ്ധ ഫ്രഞ്ച് എഴുത്തുകാരനായ വിക്ടർ ഹ്യൂഗോ “ലിവ്യാഥാന്റെ കുടലുകൾ” എന്നു വിശേഷിപ്പിച്ച പാരീസിലെ അഴുക്കുചാലുകൾ നമുക്കൊന്ന് അടുത്തു പരിശോധിക്കാം.
കടന്നുചെല്ലാവുന്ന “കുടലുകൾ”
അഞ്ചു മീറ്റർ അടിയിലേക്കു ചെല്ലുമ്പോൾ സ്റ്റഫ് ചെയ്തു വെച്ചിരിക്കുന്ന ഒരു എലിയെ കാണാം, മ്യൂസിയത്തിലെ ആദ്യ പ്രദർശനവസ്തുവാണ് അത്. ഭയപ്പെടുത്തുന്ന ഒരു കാഴ്ചതന്നെ! പാരീസ് നിവാസികളുടെ എണ്ണത്തിന്റെ മൂന്ന് ഇരട്ടി വരും അവിടെയുള്ള എലികളുടെ എണ്ണം എന്നു പറയപ്പെടുന്നു. അതിശക്തമായ വിഷപദാർഥങ്ങൾ തിന്നാൽ പോലും അവയ്ക്ക് ഒന്നും സംഭവിക്കുന്നില്ല. നല്ല ശാപ്പാടു കിട്ടുന്നുണ്ട് അവയ്ക്ക്. ആ എലികൾ ഓരോ ദിവസവും 100 ടൺ പദാർഥങ്ങൾ അകത്താക്കുന്നുണ്ടത്രേ. അത് അഴുക്കുചാലുകളിലെ മാലിന്യത്തിന്റെ മൂന്നിലൊന്നു വരും.
അഴുക്കുജലത്തിന്റെയും മഴവെള്ളത്തിന്റയും പ്രവാഹത്തിൽ പെട്ട് കല്ലുകളും ആണികളും താക്കോലുകളും ഭാരമുള്ള മറ്റു വസ്തുക്കളുമൊക്കെ ഈ അഴുക്കുചാലുകളിൽ വന്നടിയുന്നു. വെള്ളം ഇറ്റിറ്റു വീഴുന്ന ശബ്ദം കേൾക്കവെ, 2,100 കിലോമീറ്റർ നീളമുള്ള ബൃഹത്തായ ഈ ‘കുടലിൽ’നിന്നു മാലിന്യങ്ങൾ നീക്കം ചെയ്യുന്ന യന്ത്രങ്ങൾ ഞാൻ നിരീക്ഷിച്ചു. ആയിരത്തോളം വരുന്ന അഴുക്കുചാൽ പ്രവർത്തകർ പ്രതിവർഷം 15,000 ഘനമീറ്റർ മാലിന്യങ്ങൾ നീക്കം ചെയ്യുന്നു. പുകമഞ്ഞും കുത്തിവീഴുന്ന അഴുക്കുവെള്ളവും ഭിത്തികളിൽ പറ്റിപ്പിടിക്കുന്ന വഴുവഴുപ്പുള്ള പദാർഥങ്ങളും ജലനിരപ്പിന്റെ പെട്ടെന്നുള്ള ഉയർച്ചയുമൊക്കെ അഴുക്കുചാൽ പ്രവർത്തകരുടെ ജോലി ദുഷ്കരമാക്കുന്നു.
അഴുക്കുചാലുകളുടെ മച്ചിനോട് ചേർന്ന് വളഞ്ഞുപുളഞ്ഞ് പോകുന്ന പാത്തികൾക്കുള്ളിൽ ശുദ്ധജല പൈപ്പുകളും ടെലിഫോൺ കമ്പികളും ട്രാഫിക് ലൈറ്റുകളുടെ വയറുകളുമൊക്കെയാണ് ഉള്ളത്.
തുടക്കമിട്ടത് റോമാക്കാർ
പാരീസിൽ അഴുക്കുചാൽ സംവിധാനത്തിനു തുടക്കമിട്ടത് റോമാക്കാരാണ്. ലാറ്റിൻ ക്വാർട്ടർ എന്ന പ്രദേശത്ത് റോമാക്കാർ നിർമിച്ച ഉഷ്ണജല സ്നാനസ്ഥലങ്ങളുടെ അവശിഷ്ടങ്ങൾക്ക് അടിയിലായി അവർ ഉണ്ടാക്കിയ അഴുക്കുചാലുകളുടെ 18 മീറ്റർ ഭാഗം ഇപ്പോഴുമുണ്ട്. എന്നാൽ റോമാ സാമ്രാജ്യം നിലംപൊത്തിയതോടെ ആളുകൾ ശുചിത്വത്തിനു പ്രാധാന്യം കൽപ്പിക്കാതായി. തുടർന്ന്, നൂറ്റാണ്ടുകളോളം പാരീസ് വൃത്തിഹീനമായ, അനാരോഗ്യകരമായ ഒരു നഗരമായി തുടർന്നു. ദ്രാവക മാലിന്യങ്ങൾ ഒഴുക്കിക്കളയാനുള്ള അഴുക്കുചാലുകൾ (തെരുവിനു മധ്യേയുള്ള പാത്തികൾ) അല്ലെങ്കിൽ ഓടകൾ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. സദാ ദുർഗന്ധം വമിച്ചിരുന്ന ഈ ഓടകൾ രോഗങ്ങളുടെ വിളനിലം ആയിത്തീർന്നു. മൂടിയില്ലാതെ കിടന്നിരുന്ന ഒരു അഴുക്കുചാലിൽ വീണതിനെ തുടർന്ന് ലൂയി ആറാമൻ രാജാവിന്റെ മൂത്ത മകൻ 1131-ൽ രോഗം പിടിപെട്ടു മരണമടഞ്ഞു.
തുറന്നു കിടന്നിരുന്ന ഓടകളിലും മൂടികൾ സഹിതം പുതുതായി ഉണ്ടാക്കിയ ഏതാനും ഓടകളിലും ആളുകൾ ചപ്പുചവറുകൾ നിക്ഷേപിച്ചിരുന്നതിന്റെ ഫലമായി അവ പെട്ടെന്നുതന്നെ അടഞ്ഞുപോയി. സെയ്ൻ നദിയിൽ വെള്ളം പൊങ്ങുമ്പോൾ ഈ അഴുക്കുചാലുകളിലെ ദുർഗന്ധം വമിക്കുന്ന ചെളിയും മാലിന്യങ്ങളും പുറത്തേക്കു തള്ളിവരുമായിരുന്നു. അക്കാലത്ത് പാരീസിലെ അഴുക്കുചാൽ സംവിധാനം തീരെ അപര്യാപ്തമായിരുന്നു. 1636-ൽ 4,15,000 പേരുടെ ഉപയോഗത്തിനായി ആകെ ഉണ്ടായിരുന്നത് 23 കിലോമീറ്റർ നീളം വരുന്ന ഈ അഴുക്കുചാൽ സംവിധാനം ആയിരുന്നു. ഒന്നര നൂറ്റാണ്ടു കഴിഞ്ഞപ്പോഴും അതിന്റെ നീളത്തിലുണ്ടായ വർധനവ് കേവലം മൂന്നു കിലോമീറ്റർ മാത്രമായിരുന്നു. നെപ്പോളിയന്റെ കാലത്ത് ഈ അഴുക്കുചാലുകൾ വളരെയധികം അടഞ്ഞുപോയിരുന്നു.
പത്തൊമ്പതാം നൂറ്റാണ്ടിൽ, അതുവരെ ഉണ്ടായിരുന്ന അഴുക്കുചാലുകൾ പരിശോധിച്ച് അവയുടെ സ്കെച്ചുകൾ ഉണ്ടാക്കി. മൊത്തം ഇരുന്നൂറോളം ടണലുകൾ ഉള്ളതായി കണ്ടെത്തി, അവയിൽ പലതും മുമ്പ് അറിയപ്പെടാതെ കിടന്നതായിരുന്നു. നൂറ്റാണ്ടുകളായി അടിഞ്ഞുകൂടിയ ടൺ കണക്കിനു ചെളി എങ്ങനെ നീക്കം ചെയ്യാനാകുമായിരുന്നു? പാരീസിലെ തെരുവുകൾക്ക് അടിയിൽ വിലപിടിപ്പുള്ള പല വസ്തുക്കളും കണ്ടെത്താൻ സാധിക്കുമെന്ന വാർത്ത എങ്ങും പരന്നതോടെ, ആർത്തി പൂണ്ട നിധിവേട്ടക്കാർ അവിടെയെത്തി അഴുക്കുചാലുകളിലെ ചെളി മുഴുവൻ അരിച്ചുപെറുക്കി. നാണയങ്ങളും ആഭരണങ്ങളും ആയുധങ്ങളുമൊക്കെ അവർക്കു കിട്ടി.
അഴുക്കുചാലുകൾ കൂട്ടിയോജിപ്പിക്കുന്നു
ഒടുവിൽ ഈ അഴുക്കുചാൽ സംവിധാനം കൂട്ടിയോജിപ്പിച്ച്, ആധുനികവത്കരിച്ച്, വ്യാപിപ്പിച്ച് ഓരോ വീടുമായി ബന്ധിപ്പിച്ചു. അപ്രതീക്ഷിത വെള്ളപ്പൊക്കം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് വലിപ്പമുള്ള കുഴലുകൾ സ്ഥാപിച്ചു. 1878-ൽ 650 കിലോമീറ്റർ നീളത്തിൽ സഞ്ചാരയോഗ്യമായ കനാലുകൾ കൂറ്റൻ കമാനങ്ങൾക്കു കീഴെ കൂടി ഒഴുകിയിരുന്നു. “അഴുക്കുചാൽ വൃത്തിയായി, . . . അവൾ പുത്തനാട അണിഞ്ഞു,” വിക്ടർ ഹ്യൂഗോ എഴുതി.
ഇരുപതാം നൂറ്റാണ്ടിൽ ഈ അഴുക്കുചാലുകൾ ഇരട്ടിപ്പിച്ചു. അവ നഗരത്തിന്റെതന്നെ പകർപ്പായി മാറി. ഏതു വിധത്തിൽ? ഓരോ അഴുക്കുചാലിനും അത് ഒഴുകുന്ന തെരുവിന്റെ പേരും അതിനു മുകളിലുള്ള കെട്ടിടത്തിന്റെ നമ്പരും കിട്ടി. 1991-ൽ, 33 കോടി ഡോളറിന്റെ ഒരു നവീകരണ പദ്ധതി തുടങ്ങിവെച്ചതോടെ കൂടുതൽ പുരോഗതി ഉണ്ടായി. ദിവസവും 12 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകിപ്പോകുന്ന ഈ അഴുക്കുചാലുകളുടെ ദശവത്സര നവീകരണ പദ്ധതിയിൽ ശുചീകരണം നടത്തുന്ന ഓട്ടോമാറ്റിക് യന്ത്രങ്ങളും കമ്പ്യൂട്ടർവത്കൃത നിയന്ത്രണ സംവിധാനങ്ങളും സ്ഥാപിക്കുന്നത് ഉൾപ്പെടുന്നു.
അവിടത്തെ എന്റെ സന്ദർശനം അവസാനിക്കാറായിരുന്നു. എങ്കിലും, എന്റെ ഭൂഗർഭ സന്ദർശനം കഴിഞ്ഞിരുന്നില്ല. “പാരീസിന്റെ അധോഭാഗങ്ങൾ കാണണമെങ്കിൽ, ഭൂഗർഭ സെമിത്തേരികളിലേക്കു പോകണം,” സ്മരണികകൾ വിൽക്കുന്ന ഒരാൾ അഭിപ്രായപ്പെട്ടു. “ഇരുപതു മീറ്റർ അടിയിലായി ഭൗമാന്തർഭാഗത്ത് 60 ലക്ഷം ആളുകളുടെ അസ്ഥികൾ കൂട്ടിയിട്ടിരിക്കുന്ന സ്ഥലമാണ് അത്.” അവ എവിടെനിന്നു വന്നു?
പള്ളികൾ അന്തരീക്ഷത്തെ മലിനീകരിക്കുന്നു
പാരീസിലെ ഭൂഗർഭ സെമിത്തേരികൾക്ക് അസ്ഥികൾ ലഭിച്ചത് 18-ാം നൂറ്റാണ്ടിലാണ്. മധ്യയുഗങ്ങൾ മുതൽ, ആളുകളെ പള്ളികളിലോ അവയ്ക്കു സമീപമോ ആണ് അടക്കിയിരുന്നത്. പള്ളിക്കു പണം കിട്ടിയിരുന്നെങ്കിലും അത് അനാരോഗ്യകരമായ ഒരു സംഗതി ആയിരുന്നു. ഈ സെമിത്തേരികൾ നഗരത്തിന്റെ ഹൃദയഭാഗത്ത് ആയിരുന്നു. പാരീസിലെ ഏറ്റവും വലിയ സെമിത്തേരിയായ സെയ്ന്റ്സ്-ഇന്നസെന്റ്സ് ചുറ്റുപാടുമുള്ളവർക്ക് ഒരു പേടിസ്വപ്നം ആയിത്തീർന്നു. 20-ഓളം പള്ളികളിൽ നിന്നുള്ള മരിച്ചവരുടെ ശരീരങ്ങളും അതുപോലെതന്നെ തിരിച്ചറിയാൻ കഴിയാത്ത ശവശരീരങ്ങളും മഹാമാരിയാൽ മരിച്ചവരുടെ ശരീരങ്ങളുമൊക്കെ 7,000 ചതുരശ്ര മീറ്റർ വരുന്ന ആ സെമിത്തേരിയിലാണ് സംസ്കരിച്ചിരുന്നത്.
1418-ൽ, ‘കറുത്ത മരണം’ എന്നു വിളിക്കപ്പെട്ട പ്ലേഗുരോഗത്താൽ മരിച്ച 50,000-ത്തോളം പേരുടെ ശരീരങ്ങൾ അവിടെയാണു സംസ്കരിച്ചത്. 1572-ൽ ‘ബാർത്തോലാമ്യൂ പുണ്യവാളന്റെ തിരുനാളിലെ’ കൂട്ടക്കൊലയിൽ മരിച്ചവരുടെ ശരീരങ്ങളും സെയ്ന്റ്സ്-ഇന്നസെന്റ്സിലേക്കു കൊണ്ടുവന്നു.a പിന്നീട്, ഈ സെമിത്തേരി അടച്ചുപൂട്ടണമെന്ന മുറവിളി ഉയർന്നു. ഇരുപതു ലക്ഷത്തോളം വരുന്ന ശവശരീരങ്ങൾ പത്തു മീറ്ററോളം ആഴത്തിൽ കൂട്ടിയിട്ടിരുന്നതിന്റെ ഫലമായി തറനിരപ്പ് രണ്ടു മീറ്ററിലധികം ഉയർന്നുവന്നു. രോഗങ്ങളുടെ ഒരു വിളനിലം ആയിരുന്നു ഈ സെമിത്തേരി. അതിൽനിന്ന് വമിച്ചിരുന്ന ദുർഗന്ധം നിമിത്തം പാലും വീഞ്ഞുമൊക്കെ പുളിച്ചുപോകുമെന്നു പറയപ്പെട്ടിരുന്നു. എന്നിരുന്നാലും, പുരോഹിതവർഗം ആ സെമിത്തേരി അടച്ചുപൂട്ടുന്ന കാര്യത്തെ എതിർത്തു.
1780-ൽ അവിടത്തെ ഒരു സമൂഹ കല്ലറ പൊട്ടിപ്പിളർന്ന് അതിനുള്ളിലെ ശവശരീരങ്ങൾ അടുത്തുള്ള അറകളിലേക്കു ചിതറിവീണു. അതുകൂടി ആയപ്പോഴേക്കും പൊതുജനങ്ങൾക്കു പൊറുതി മുട്ടി! ആ സെമിത്തേരി അടച്ചുപൂട്ടുകയും പാരീസിൽ ശവസംസ്കാരം നിരോധിക്കുകയും ചെയ്തു. പൊതുകല്ലറകളിൽ ഉണ്ടായിരുന്ന അസ്ഥികളും മറ്റും ടൊൺബ്-ഇസ്വാർ ക്വാറികളിലേക്കു മാറ്റി. ഓരോ രാത്രിയിലും അവിടെനിന്ന് അസ്ഥികൾ വണ്ടികളിൽ കൊണ്ടുപോകുന്നത് ഭീതിപ്പെടുത്തുന്ന ഒരു കാഴ്ചയായിരുന്നു. 15 മാസത്തോളം അതു തുടർന്നു. മറ്റു 17 സെമിത്തേരികളുടെയും 300 ആരാധനാ സ്ഥലങ്ങളുടെയും കാര്യത്തിലും ഇതു നടപ്പാക്കാൻ തീരുമാനമായി. 17.5 മീറ്റർ നീളമുള്ള ഒരു ഷാഫ്റ്റ് വഴിയാണ് ആ അസ്ഥികൾ താഴേക്ക് ഇട്ടത്. ആ ഷാഫ്റ്റ് ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ തെരുവിൽനിന്ന് ഭൂഗർഭ സെമിത്തേരിയിലേക്കു നയിക്കുന്ന ഒരു പടിക്കെട്ടാണുള്ളത്.
പാരീസിലെ ഭൂഗർഭ സെമിത്തേരികൾ സന്ദർശിക്കൽ
പാരീസിലെ ലാറ്റിൻ ക്വാർട്ടറിന്റെ തൊട്ടു വടക്കായാണ് ദാൻഫെർ-റൊഷ്രോ നഗരവീഥി. അവിടെനിന്ന് 91 പടികളിറങ്ങി ഞാൻ ഭൂഗർഭ സെമിത്തേരിയിൽ എത്തി. 1787-ൽ തീപ്പന്തങ്ങളുടെ വെളിച്ചത്തിൽ ഈ ഭൂഗർഭ ശ്മശാനം ആദ്യം കാണാനെത്തിയവരിൽ രാജകൊട്ടാരത്തിലെ പ്രഭ്വിമാർ പോലും ഉണ്ടായിരുന്നു. ഇന്ന്, ഓരോ വർഷവും 1,60,000 പേർ ഇവിടം കാണാനെത്തുന്നു.
പടിക്കെട്ട് ഇറങ്ങിച്ചെല്ലുമ്പോൾ, അന്തമില്ലാതെ നീണ്ടുകിടക്കുന്നതെന്നു തോന്നിക്കുന്ന ഇടനാഴികളുടെ ഒരു ശൃംഖല കാണാം, അതിന് ഇരുവശങ്ങളിലുമായാണ് മൃതശരീരങ്ങൾ വെച്ചിരുന്നത്. ഈ ഭൂഗർഭ സെമിത്തേരിയുടെ വിസ്തൃതി 11,000 ചതുരശ്ര മീറ്ററിലധികം വരുമെന്ന വസ്തുത ഓർത്തുകൊണ്ട് ഞാൻ ജാഗ്രതയോടെ അതിലൂടെ നടന്നു. ഫിലിബെർ അസ്പെർ എന്നൊരാൾ നൂറുകണക്കിനു കിലോമീറ്റർ ദൈർഘ്യം വരുന്ന ഈ ഇടനാഴികളിലൂടെ സഞ്ചരിച്ചു വഴി കണ്ടെത്താൻ ശ്രമിച്ചെങ്കിലും, അയാൾക്ക് അതിനു കഴിഞ്ഞില്ല. 1793-ൽ ആ ഇടനാഴികളിൽ എവിടെയോ വെച്ച് അയാൾക്കു വഴി തെറ്റി. 11 വർഷത്തിനു ശേഷം അയാളുടെ അസ്ഥികൂടം കണ്ടെത്തി, ധരിച്ചിരുന്ന വസ്ത്രങ്ങളും കൈവശമുണ്ടായിരുന്ന താക്കോലും കണ്ടാണ് ആളെ തിരിച്ചറിഞ്ഞത്.
പാരീസ് നഗരത്തിന്റെ അടിയിലെ 30 ശതമാനം പ്രദേശവും പാറമടകളാണ്. പാറ പൊട്ടിച്ചുമാറ്റുന്ന പ്രവർത്തനം ദീർഘകാലം അനിയന്ത്രിതമായി തുടർന്നു. എന്നാൽ, 1774-ൽ റ്യൂ ദെൻഫറിന്റെ (നരകത്തെരുവ്, ഇപ്പോൾ ദാൻഫെർ-റൊഷ്രോ) 300 മീറ്റർ പ്രദേശം ഇടിഞ്ഞുവീണതിന്റെ ഫലമായി 30 മീറ്റർ ആഴമുള്ള ഒരു ഗർത്തം ഉണ്ടായി. പാരീസ് താഴേക്ക് ഇടിഞ്ഞുവീഴും എന്ന അവസ്ഥയിലായി. “നാം മുകളിൽ കാണുന്ന” ശിലാനിർമിതികളുടെ “അടിഭാഗം പൊള്ളയാണ്,” ഒരു എഴുത്തുകാരൻ അഭിപ്രായപ്പെട്ടു. ഈ ഭൂഗർഭ ഇടനാഴികളെ താങ്ങിയുറപ്പിക്കാൻ, മനോജ്ഞമായ കമാനങ്ങൾ പണിയുകയുണ്ടായി.
“ഈ ഇടനാഴികൾ നിർമിച്ചപ്പോൾ കല്ലു പാകാഞ്ഞതു കഷ്ടമായി,” ചെളി പുരണ്ട കാലുകളിലേക്കു നോക്കി ഞാൻ വിലപിച്ചു. കാലുകൾ ചെളിയിൽ തെന്നിയപ്പോൾ ഞാൻ കനത്ത ഒരു വെങ്കല വാതിലിൽ കടന്നുപിടിച്ചു. ആ വാതിലിന് അപ്പുറം ഒരു ഇടനാഴിയുണ്ട്, അതിന്റെ ഭിത്തികൾ നിർമിച്ചിരിക്കുന്നത് മനുഷ്യരുടെ അസ്ഥികൾ കൊണ്ടാണ്. നിരനിരയായും കുരിശുകളുടെയും റീത്തുകളുടെയുമൊക്കെ ആകൃതിയിലും വെച്ചിരിക്കുന്ന വികൃതമായ തലയോട്ടികളും ദുർബലമായ കാലസ്ഥികളും ബീഭത്സമായ ഒരു കാഴ്ചയാണ്. ബൈബിൾ വാക്യങ്ങളും കാവ്യശകലങ്ങളും കൊത്തിവെച്ചിരിക്കുന്ന സ്ലാബുകളും അങ്ങിങ്ങായി കാണാം, ജീവിതത്തിന്റെയും മരണത്തിന്റെയും അർഥത്തെ കുറിച്ചുള്ള മനുഷ്യന്റെ ചിന്തകളെ പ്രതിഫലിപ്പിക്കുന്നതാണ് അവ.
ഭൂഗർഭ സെമിത്തേരിയിൽനിന്നു പുറത്തു കടന്നപ്പോൾ ഞാൻ ഷൂസിലെ ചെളി ഓടയിലേക്കു കുടഞ്ഞിട്ടു. ഇത്തവണ താക്കോൽക്കൂട്ടം ഓടയിൽ വീഴാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചു! പാരീസിലെ വിസ്മയകരമായ ഭൂഗർഭ ലോകത്ത് നടത്തിയ സന്ദർശനം ഒരു അനുഭവംതന്നെ ആയിരുന്നു, ഞാനത് പെട്ടെന്നൊന്നും മറക്കില്ല. നിസ്സംശയമായും, പുറമേ കാണുന്നതിലുമേറെ കാര്യങ്ങൾ പാരീസിലുണ്ട്.
[അടിക്കുറിപ്പുകൾ]
a 1997 ഏപ്രിൽ 22 ലക്കം ഉണരുക!യുടെ 7-8 പേജുകൾ കാണുക.
[25-ാം പേജിലെ ചിത്രം]
പാരീസിലെ അഴുക്കുചാലുകളുടെ ഒരു ഭാഗത്തിന്റെ പ്രവേശനദ്വാരം
[കടപ്പാട]
Valentin, Musée Carnavalet, © Photothèque des Musées de la Ville de Paris/Cliché: Giet
[25-ാം പേജിലെ ചിത്രം]
അഴുക്കുചാൽ സംവിധാനം സന്ദർശിക്കുന്നു
[കടപ്പാട]
J. Pelcoq, The Boat, Musée Carnavalet, © Photothèque des Musées de la Ville de Paris/Cliché: Giet
[25-ാം പേജിലെ ചിത്രം]
പാരീസിലെ അഴുക്കുചാൽ സംവിധാനത്തിന്റെ പരിച്ഛേദം
[കടപ്പാട]
Ferat, Musée Carnavalet, © Photothèque des Musées de la Ville de Paris/Cliché: Briant
[26-ാം പേജിലെ ചിത്രം]
വികൃതമായ തലയോട്ടികളും ദുർബലമായ കാലസ്ഥികളും നിരനിരയായും കുരിശുകളുടെയും റീത്തുകളുടെയുമൊക്കെ ആകൃതിയിലും വെച്ചിരിക്കുന്നു
[26-ാം പേജിലെ ചിത്രം]
ബഹിർഗമന മാർഗത്തിനു മുമ്പായുള്ള ഒരു ആലേഖനം: “മരണത്തിന്റെ വിഷമുള്ളു പാപം”—1 കൊരിന്ത്യർ 15:56.
[26-ാം പേജിലെ ചിത്രം]
അഴുക്കുചാലുകൾ വൃത്തിയാക്കുന്ന യന്ത്രങ്ങൾ
[24-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Map background on pages 24-7: Encyclopædia Britannica/9th Edition (1899)