ഫ്രാൻസിലെ മതയുദ്ധങ്ങൾ
ആയിരത്തഞ്ഞൂറ്ററുപത്തിരണ്ട് മാർച്ച് 1 ഒരു ഞായറാഴ്ചയായിരുന്നു. അന്ന്, ഫ്രഞ്ച് കത്തോലിക്കാ മതത്തിന്റെ രണ്ടു മുന്നണിപ്പോരാളികളായ ഗിസിലെ ഡ്യൂക്കും അദ്ദേഹത്തിന്റെ സഹോദരനായിരുന്ന ലൊറേനിലെ കർദിനാൾ ചാൾസും സായുധ അംഗരക്ഷകരോടൊപ്പം പാരീസിനു കിഴക്കുള്ള വാസി ഗ്രാമത്തിലേക്കു യാത്ര ചെയ്യുകയായിരുന്നു. വാസി പള്ളിയിൽ കുർബാന കൂടുന്നതിനായി അവിടെ യാത്ര നിർത്താൻ അവർ തീരുമാനിച്ചു.
പെട്ടെന്ന് അവർ കീർത്തനാലാപം കേട്ടു. ആരാധനയ്ക്കായി ഒരു ധാന്യപ്പുരയിൽ സമ്മേളിച്ച നൂറുകണക്കിനു പ്രൊട്ടസ്റ്റൻറുകാരുടേതായിരുന്നു ആ ആലാപനം. പട്ടാളക്കാർ അവിടേക്കു തള്ളിക്കയറി. തുടർന്നുണ്ടായ ബഹളത്തിൽ പരസ്പരം ചീത്തവിളിയും കല്ലേറുമുണ്ടായി. പട്ടാളക്കാർ നിറയൊഴിച്ചു. ഡസൻകണക്കിനു പ്രൊട്ടസ്റ്റൻറുകാർ മരിച്ചുവീണു, നൂറുകണക്കിന് ആളുകൾക്കു പരിക്കേറ്റു.
ഈ കൂട്ടക്കൊലയ്ക്കു നിദാനമായ സംഭവങ്ങൾ എന്തൊക്കെയായിരുന്നു? പ്രൊട്ടസ്റ്റൻറുകാർ ഇതിനോട് എങ്ങനെയാണു പ്രതികരിച്ചത്?
ചരിത്ര പശ്ചാത്തലം
16-ാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ സമ്പത്സമൃദ്ധമായ, നിരവധി ആളുകൾ പാർത്തിരുന്ന ഒരു രാഷ്ട്രമായിരുന്നു ഫ്രാൻസ്. സാമ്പത്തികോന്നമനത്തിനും ജനസംഖ്യാവർധനവിനുമൊപ്പം കൂടുതൽ ആത്മീയതയും സാഹോദര്യവുമുള്ള കത്തോലിക്കാമതം ആചരിക്കാനുള്ള ശ്രമങ്ങളും നടക്കുകയുണ്ടായി. സമ്പന്നത കുറഞ്ഞതും പവിത്രത കൂടിയതുമായ ഒരു സഭയുണ്ടായിരിക്കാനാണ് ആളുകൾ ആഗ്രഹിച്ചത്. ഉന്നതാധികാരത്തിലുള്ള ബിഷപ്പുമാരുടെ ദുഷ്ചെയ്തികളെയും താഴ്ന്ന നിലയിലുള്ള പുരോഹിതന്മാരുടെ അയോഗ്യതയെയും ചെറുക്കാൻ മതപരമായ പരിഷ്കാരങ്ങൾ വേണമെന്നു ചില പുരോഹിതന്മാരും ചരിത്ര-സാഹിത്യ പണ്ഡിതന്മാരും ആവശ്യപ്പെട്ടു. നവീകരണത്തിനു വേണ്ടി ഉദ്യമിച്ചയാളായിരുന്നു ഗിയോം ബ്രിസോണി എന്ന കത്തോലിക്കാ ബിഷപ്പ്.
തന്റെ രൂപതയായ മോയിൽ തിരുവെഴുത്തുകൾ വായിക്കാൻ ബ്രിസോണി എല്ലാവരെയും പ്രോത്സാഹിപ്പിച്ചു. ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകൾ ഫ്രഞ്ച് ഭാഷയിലേക്കു പുതുതായി പരിഭാഷപ്പെടുത്തുന്നതിന് അദ്ദേഹം സാമ്പത്തിക ചെലവു വഹിക്കുകപോലും ചെയ്തു. പെട്ടെന്നുതന്നെ, കത്തോലിക്കാ യാഥാസ്ഥിതികത്വത്തിന്റെ സംരക്ഷകനായ പാരീസിലെ സോർബോൺ ദൈവശാസ്ത്ര സർവകലാശാലയുടെ ക്രോധം അദ്ദേഹത്തിന്റെ നേർക്കായി. അങ്ങനെ അദ്ദേഹത്തിന്റെ ഉദ്യമങ്ങൾക്കു വിഘ്നം നേരിട്ടു. എന്നാൽ ആ ബിഷപ്പിന്, 1515 മുതൽ 1547 വരെ, ഫ്രാൻസിലെ രാജാവായിരുന്ന ഫ്രാൻസിസ് I-ാമന്റെ സംരക്ഷണമുണ്ടായിരുന്നു. അക്കാലത്ത്, ആ രാജാവ് നവീകരണത്തെ അനുകൂലിച്ചിരുന്നു.
എന്നാൽ, പൊതു ക്രമസമാധാനത്തിനും ദേശീയ അഖണ്ഡതയ്ക്കും ഭീഷണിയാകാതിരുന്ന ഘട്ടത്തോളം മാത്രമേ ഫ്രാൻസിസ് I-ാമൻ സഭയുടെ വിമർശനം സഹിച്ചിരുന്നുള്ളൂ. 1534-ൽ പ്രൊട്ടസ്റ്റൻറ് തീവ്രവാദികൾ കത്തോലിക്കാ കുർബാനയെ വിഗ്രഹാരാധനയായി അപലപിച്ച പോസ്റ്ററുകൾ പതിക്കുകയുണ്ടായി. രാജകൊട്ടാരത്തിലെ പള്ളിയറവാതിലിൽപോലും അവർ പോസ്റ്റർ പതിച്ചു. തത്ഫലമായി, ഫ്രാൻസിസ് I-ാമൻ തന്റെ മനോഭാവത്തിനു മാറ്റം വരുത്തി ഒരു കടുത്ത അടിച്ചമർത്തൽ പോരാട്ടംതന്നെ അഴിച്ചുവിടുകയുണ്ടായി.
മൃഗീയമായ അടിച്ചമർത്തൽ
താമസിയാതെ, പ്രൊട്ടസ്റ്റൻറുകാരെ സ്തംഭത്തിൽ ചുട്ടെരിക്കാൻ തുടങ്ങി. അനവധി ചരിത്ര-സാഹിത്യ പണ്ഡിതന്മാരും അനുഭാവികളും പറക്കമുറ്റാത്ത പ്രൊട്ടസ്റ്റൻറ് മതത്തിന്റെ അനുവർത്തകരും രാജ്യം വിട്ടോടി. അധികാരികൾ പുസ്തകങ്ങൾ സെൻസർ ചെയ്യാനും അധ്യാപകരെയും പുസ്തകപ്രസാധകരെയും അച്ചടിക്കാരെയും നിയന്ത്രിക്കാനും തുടങ്ങി.
ഔദ്യോഗികമായ സമ്പൂർണ എതിർപ്പു നേരിട്ടത് വാൾഡെൻസുകാർക്കായിരുന്നു. രാജ്യത്തിന്റെ തെക്കുകിഴക്കുള്ള ദരിദ്ര ഗ്രാമങ്ങളിൽ പാർത്തിരുന്ന ഒരു ബൈബിളോന്മുഖ ന്യൂനപക്ഷ ജനസമൂഹമായിരുന്നു അവർ. അവരിൽ ചിലരെ സ്തംഭത്തിൽ ചുട്ടെരിച്ചു. നൂറുകണക്കിനാളുകളെ കൂട്ടക്കൊല ചെയ്തു. അവരുടെ 20-ഓളം ഗ്രാമങ്ങൾ നശിപ്പിക്കപ്പെട്ടു.—6-ാം പേജിലെ ചതുരം കാണുക.
സഭയ്ക്കുള്ളിൽ പരിവർത്തനം ആവശ്യമാണെന്നു മനസ്സിലാക്കി കത്തോലിക്കാ ബിഷപ്പുമാരുടെ ഒരു സുന്നഹദോസ് 1545 ഡിസംബറിൽ ഇറ്റലിയിലെ ട്രെൻറിൽ നടക്കുകയുണ്ടായി. 1563-ൽ ആ സുന്നഹദോസ് അവസാനിച്ചപ്പോൾ, ദ കേംബ്രിഡ്ജ് മോഡേൺ ഹിസ്റ്ററി പറയുന്നപ്രകാരം, അതുളവാക്കിയ “പൊതുവായ ഫലം . . . പ്രൊട്ടസ്റ്റൻറ് മതത്തെ വേരോടെ പിഴുതെറിയാൻ ദൃഢനിശ്ചയം ചെയ്തവരുടെ കരങ്ങൾക്കു ശക്തി പകരുക എന്നതായിരുന്നു.”
യുദ്ധകാഹളം
പരിവർത്തനങ്ങൾക്കു വേണ്ടി കാത്തിരുന്നു മടുത്ത് കത്തോലിക്കാ സഭയ്ക്കുള്ളിലെ നവീകരണ പ്രസ്ഥാനത്തിലെ പല അംഗങ്ങളും പ്രൊട്ടസ്റ്റൻറ് മതത്തിന്റെ പക്ഷം ചേർന്നു. 1560 ആയപ്പോഴേക്കും, അനവധി ഫ്രഞ്ച് കുലീനരും അവരുടെ പിന്തുണക്കാരും ഹ്യൂഗനോട്ടുകളോടു ചേർന്നു. അങ്ങനെയാണു പ്രൊട്ടസ്റ്റൻറുകാർ പിന്നീടു വിളിക്കപ്പെട്ടത്. ഹ്യൂഗനോട്ടുകൾ കൂടുതലായി കാര്യങ്ങൾ തുറന്നുപറയാൻ തുടങ്ങി. അവരുടെ പൊതുയോഗങ്ങൾ ചിലപ്പോഴൊക്കെ പ്രകോപനത്തിന്റെയും കൊടുംപകയുടെയും ഉറവിടമായിരുന്നു. ഉദാഹരണത്തിന്, 1558-ൽ ആയിരക്കണക്കിനു ഹ്യൂഗനോട്ടുകൾ തുടർച്ചയായ നാലു ദിവസം പാരീസിൽ സമ്മേളിച്ച് കീർത്തനങ്ങൾ ആലപിച്ചു.
ഇതെല്ലാം കത്തോലിക്കാ സഭയിലെ പ്രബലരായ പ്രഭുക്കന്മാരെയും അതുപോലെതന്നെ കത്തോലിക്കാ ജനങ്ങളെയും കുപിതരാക്കി. തന്റെ പിതാവായ ഫ്രാൻസിസ് I-ാമനുശേഷം അധികാരത്തിൽ വന്ന ഹെൻട്രി II-ാമൻ രാജാവ്, ലൊറേനിലെ കർദിനാളായ ചാൾസിന്റെ പ്രേരണയെ തുടർന്ന് 1559 ജൂണിൽ ഏയ്ക്കൂവാൻ കൽപ്പന പുറപ്പെടുവിച്ചു. അതിന്റെ പ്രഖ്യാപിത ഉദ്ദേശ്യം “കുപ്രസിദ്ധ ലൂഥറൻ അവശിഷ്ടത്തെ” ഉന്മൂലനം ചെയ്യുക എന്നതായിരുന്നു. ഇതു ഹ്യൂഗനോട്ടുകൾക്കെതിരെ പാരീസിൽ നടന്ന ഭീതിദമായ പോരാട്ടത്തിലേക്കു നയിച്ചു.
ഒരു മല്ലയുദ്ധത്തിൽ മുറിവേറ്റതിനെത്തുടർന്ന് ഏതാനും ആഴ്ചകൾ കഴിഞ്ഞപ്പോൾ ഹെൻട്രി II-ാമൻ മരണമടഞ്ഞു. അദ്ദേഹത്തിന്റെ പുത്രനായ ഫ്രാൻസിസ് II-ാമൻ, ഗിസ് കുടുംബത്തിന്റെ പ്രേരണയാൽ, പ്രൊട്ടസ്റ്റൻറുകാരായി തുടരുന്നവർക്കു മരണശിക്ഷ വിധിച്ചുകൊണ്ടുള്ള ആ കൽപ്പന പുതുക്കി. പിറ്റേ വർഷം ഫ്രാൻസിസ് II-ാമൻ മരിച്ചു. അദ്ദേഹത്തിന്റെ പത്തു വയസ്സുള്ള സഹോദരനായ ചാൾസ് IX-ാമന്റെ സ്ഥാനത്ത്, അമ്മ കാത്റിൻ ഡെ മേഡിസിസ് ഭരണം നടത്തി. കാത്റിന്റെ അനുരഞ്ജനനയം പ്രൊട്ടസ്റ്റൻറ് മതത്തെ പാടേ ഇല്ലായ്മ ചെയ്യാൻ കച്ചകെട്ടിയിറങ്ങിയ ഗിസുകാർക്ക് ഇഷ്ടമായില്ല.
1561-ൽ പാരീസിനടുത്തുള്ള പ്വാസിയിൽ കാത്റിൻ ഒരു സെമിനാർ സംഘടിപ്പിച്ചു. അവിടെ കത്തോലിക്കാ, പ്രൊട്ടസ്റ്റൻറ് വേദപണ്ഡിതന്മാർ സമ്മേളിച്ചു. 1562 ജനുവരിയിൽ പുറപ്പെടുവിച്ച കൽപ്പനയിൽ, നഗരത്തിനു വെളിയിൽ ആരാധനയ്ക്കായി കൂടിവരാൻ കാത്റിൻ പ്രൊട്ടസ്റ്റൻറുകാർക്കു സ്വാതന്ത്ര്യം നൽകി. ഇതിൽ കത്തോലിക്കർ കുപിതരായി! രണ്ടു മാസം കഴിഞ്ഞു സംഭവിച്ചതിന്റെ—മുമ്പ് വിവരിച്ചതുപോലെ വാസി ഗ്രാമത്തിലെ ധാന്യപ്പുരയിൽ പ്രൊട്ടസ്റ്റൻറുകാരെ കശാപ്പു ചെയ്തതിന്റെ—നാന്ദിയായിരുന്നു ഇത്.
ആദ്യത്തെ മൂന്നു യുദ്ധങ്ങൾ
1562 മുതൽ 1590-കളുടെ മധ്യംവരെ നീണ്ടുനിന്ന ഭീതിദമായ അരുംകൊലയിലേക്ക് ഫ്രാൻസിനെ തള്ളിവിട്ട എട്ടു മതപോരാട്ടങ്ങളുടെ പരമ്പരയിൽ ആദ്യത്തേതായിരുന്നു വാസിയിലെ ഈ കൂട്ടക്കൊല. രാഷ്ട്രീയ, സാമൂഹിക വിവാദവിഷയങ്ങളും ഉൾപ്പെട്ടിരുന്നെങ്കിലും ഈ രക്തച്ചൊരിച്ചിലിന്റെ മുഖ്യ പ്രേരകഘടകം മതമായിരുന്നു.
6,000 പേരുടെ ജീവഹാനിക്കിടയാക്കിയ, 1562 ഡിസംബറിലെ ഡ്രെർ യുദ്ധത്തിനുശേഷം ആദ്യത്തെ മതയുദ്ധം അവസാനിച്ചു. 1563-ൽ ഒപ്പുവെച്ച ആൻബ്വാസ്സ് സമാധാന ഉടമ്പടിയുടെ ഫലമായി ഹ്യൂഗനോട്ട് കുലീനർക്കു ചില സ്ഥലങ്ങളിൽ പരിമിതമായ ആരാധനാസ്വാതന്ത്ര്യം ലഭിച്ചു.
“ഒരു സാർവദേശീയ കത്തോലിക്കാ ഗൂഢാലോചന സംബന്ധിച്ച ഹ്യൂഗനോട്ടുകളുടെ ഭയം നിമിത്തമുണ്ടായതാണ് രണ്ടാമത്തെ യുദ്ധം,” ദ ന്യൂ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക പറയുന്നു. അക്കാലത്ത്, കേവലം ഹ്യൂഗനോട്ടുകൾ ആയിരുന്നതിന്റെ പേരിൽ പൗരന്മാരെ കത്തോലിക്കാ ജഡ്ജിമാർ തൂക്കിലേറ്റുക സാധാരണമായിരുന്നു. 1567-ൽ ചാൾസ് IX-ാമൻ രാജാവിനെയും അദ്ദേഹത്തിന്റെ അമ്മ കാത്റിനെയും പിടിക്കാനുള്ള ഹ്യൂഗനോട്ടുകളുടെ ശ്രമം രണ്ടാമത്തെ യുദ്ധത്തിനു തിരി കൊളുത്തി.
പാരീസിനു വെളിയിൽ സാൻഡെനിൽവെച്ചു നടന്ന രക്തപങ്കിലമായ പോരാട്ടത്തെക്കുറിച്ചു പ്രതിപാദിച്ചശേഷം ചരിത്രമെഴുത്തുകാരായ വിൽ ഡൂറൻറും ഏരിയൽ ഡൂറൻറും ഇപ്രകാരം എഴുതി: “അത്തരം കൂട്ടക്കുരുതിയിലേക്കു മനുഷ്യരെ തള്ളിവിട്ട മതം ഏതു തരത്തിലുള്ളതാണെന്നോർത്ത് ഫ്രാൻസ് വീണ്ടും അമ്പരന്നു.” അതിനുശേഷം താമസിയാതെ, 1568 മാർച്ചിലെ ലോൺഷ്യൂമോ സമാധാന ഉടമ്പടി, മുമ്പ് ആൻബ്വാസ്സ് സമാധാന ഉടമ്പടിക്കാലത്ത് തങ്ങൾ ആസ്വദിച്ചിരുന്ന മിതമായ സ്വാതന്ത്ര്യം ഹ്യൂഗനോട്ടുകൾക്കു നൽകി.
എന്നിരുന്നാലും, കോപിഷ്ഠരായ കത്തോലിക്കർ സമാധാന ഉടമ്പടിയിലെ വ്യവസ്ഥകൾ പാലിക്കാൻ വിസമ്മതിച്ചു. അങ്ങനെ, 1568 സെപ്റ്റംബറിൽ മൂന്നാമത്തെ മതയുദ്ധം പൊട്ടിപ്പുറപ്പെട്ടു. തുടർന്നുണ്ടായ സമാധാന ഉടമ്പടി ഹ്യൂഗനോട്ടുകൾക്കു കൂടുതലായ ഇളവുകൾ നൽകുകയുണ്ടായി. ലാറൊഷെൽ തുറമുഖം ഉൾപ്പെടെ കെട്ടിയുറപ്പിക്കപ്പെട്ട പട്ടണങ്ങൾ അവർക്കു ലഭിച്ചു. തന്നെയുമല്ല, ഒരു പ്രധാന പ്രൊട്ടസ്റ്റൻറ് പ്രഭുവായ അഡ്മിറൽ ഡെ കോളിൻയി, രാജാവിന്റെ ബുദ്ധ്യുപദേശക സമിതിയിൽ നിയുക്തനായി. കത്തോലിക്കർ വീണ്ടും കുപിതരായി.
ബാർത്തോലാമ്യൂ “പുണ്യവാള”ന്റെ തിരുനാളിലെ കൂട്ടക്കൊല
പിന്നീട്, ഏതാണ്ട് ഒരു വർഷം കഴിഞ്ഞ് 1572 ആഗസ്റ്റ് 22-ന് ലൂവ്ർ കൊട്ടാരത്തിൽനിന്നു തന്റെ വസതിയിലേക്ക് നടന്നുപോകുമ്പോൾ പാരീസിൽ അരങ്ങേറിയ ഒരു വധശ്രമത്തെ കോളിൻയി അതിജീവിച്ചു. പെട്ടെന്നുതന്നെ നീതി നടപ്പാക്കിയില്ലെങ്കിൽ തങ്ങൾത്തന്നെ കടുത്ത പ്രതികാര നടപടികൾ സ്വീകരിക്കുമെന്നു കുപിതരായ പ്രൊട്ടസ്റ്റൻറുകാർ ഭീഷണി മുഴക്കി. യുവാവായ ചാൾസ് IX-ാമൻ രാജാവും അദ്ദേഹത്തിന്റെ അമ്മ കാത്റിൻ ഡെ മേഡിസിസും അനവധി പ്രഭുക്കന്മാരും ചേർന്നു സ്വകാര്യ ചർച്ച നടത്തി കോളിൻയിയെ ഇല്ലാതാക്കാൻ തീരുമാനിച്ചു. ഏതെങ്കിലും തരത്തിലുള്ള പ്രതികാരനടപടികൾ ഉണ്ടാകാതിരിക്കുന്നതിന്, പ്രൊട്ടസ്റ്റൻറുകാരനായ നവാറിലെ ഹെൻട്രിയുടെയും കാത്റിന്റെ പുത്രി വാൽവായിലെ മാർഗരിറ്റിന്റെയും വിവാഹച്ചടങ്ങിൽ സംബന്ധിക്കാൻ വന്ന പ്രൊട്ടസ്റ്റൻറുകാരെയെല്ലാം കൊലപ്പെടുത്താൻ അവർ ഉത്തരവു നൽകി.
ആഗസ്റ്റ് 24-ന് രാത്രിക്ക്, ലൂവ്റിന് എതിർവശത്തുള്ള സാൻഷർമൻ-ലോസർവാ പള്ളിയിലെ മണികൾ മുഴങ്ങി. കൂട്ടക്കൊല തുടങ്ങുന്നതിനുള്ള മുന്നറിയിപ്പായിരുന്നു അത്. കോളിൻയി ഉറങ്ങിക്കിടന്നിരുന്ന കെട്ടിടത്തിലേക്ക് ഗിസിലെ ഡ്യൂക്കും അദ്ദേഹത്തിന്റെ ആൾക്കാരും പാഞ്ഞുകയറി. കോളിൻയിയെ കൊന്ന് ജാലകത്തിലൂടെ വലിച്ചെറിഞ്ഞു, അദ്ദേഹത്തിന്റെ ശവശരീരം തുണ്ടം തുണ്ടമാക്കി. കത്തോലിക്കാ ഡ്യൂക്ക് ഈ കൽപ്പന പുറപ്പെടുവിച്ചിരുന്നു: “അവരെയെല്ലാം കൊല്ലുക. ഇതു രാജകൽപ്പനയാണ്.”
ആഗസ്റ്റ് 24 മുതൽ 29 വരെ പാരീസ് തെരുവീഥികളിൽ ഭീതിദമായ രംഗങ്ങൾ നടമാടി. കശാപ്പു ചെയ്യപ്പെട്ട ആയിരക്കണക്കിനു ഹ്യൂഗനോട്ടുകളുടെ രക്തംകൊണ്ട് സേയ്ൻ നദിയുടെ നിറം ചുവപ്പായി എന്ന് ചിലർ അവകാശപ്പെട്ടു. മറ്റു പട്ടണങ്ങളും രക്തച്ചൊരിച്ചിലിനു സാക്ഷ്യം വഹിച്ചു. മരണസംഖ്യ എത്രയെന്നു തിട്ടമില്ല, 10,000-ത്തിനും 1,00,000-ത്തിനും ഇടയിൽ ആകാം. എങ്കിലും, മരണസംഖ്യ ചുരുങ്ങിയത് 30,000 എങ്കിലും വരുമെന്ന് മിക്കവരും സമ്മതിക്കുന്നു.
“കൂട്ടക്കൊലപോലെ ഭയാനകമായ ഒരു വസ്തുതയായിരുന്നു അതോടൊപ്പമുണ്ടായ സന്തോഷിക്കലും,” ഒരു ചരിത്രകാരൻ റിപ്പോർട്ടു ചെയ്തു. കൂട്ടക്കൊലയെക്കുറിച്ചു കേട്ടപ്പോൾ, ഗ്രിഗറി XIII-ാമൻ പാപ്പാ ഒരു കൃതജ്ഞതാ പ്രകാശന ചടങ്ങ് സംഘടിപ്പിക്കാൻ ഉത്തരവു പുറപ്പെടുവിക്കുകയും കാത്റിൻ ഡെ മേഡിസിസിനെ അനുമോദനം അറിയിക്കുകയും ചെയ്തു. ഹ്യൂഗനോട്ടുകളെ കശാപ്പു ചെയ്തതിന്റെ സ്മരണയ്ക്കായി ഒരു പതക്കം കൊത്തിയുണ്ടാക്കാൻ അദ്ദേഹം കൽപ്പന പുറപ്പെടുവിക്കുകയും “കോളിൻയിയുടെ വധത്തെ പാപ്പാ അംഗീകരിക്കുന്നു” എന്ന വാക്കുകൾ വഹിക്കുന്ന, കൂട്ടക്കൊലയുടെ ഒരു ചിത്രം വരയ്ക്കാൻ അംഗീകാരം നൽകുകയും ചെയ്തു.
കൂട്ടക്കൊലയ്ക്കുശേഷം, ചാൾസ് IX-ാമൻ അതിന്റെ ഇരകളെക്കുറിച്ചു പേടിസ്വപ്നങ്ങൾ കണ്ടതായി പറയപ്പെടുന്നു. അദ്ദേഹം നഴ്സിനോട് ഇങ്ങനെ വിളിച്ചുപറയുമായിരുന്നു: “എത്രയോ ദുഷ്ടമായ ആലോചനയാണു ഞാൻ നടപ്പിലാക്കിയത്! എന്റെ ദൈവമേ, എന്നോടു ക്ഷമിക്കേണമേ!” 1574-ൽ, 23-ാമത്തെ വയസ്സിൽ അദ്ദേഹം മരിച്ചതിനെത്തുടർന്ന് അദ്ദേഹത്തിന്റെ സഹോദരൻ ഹെൻട്രി III-ാമൻ രാജാവായി.
മതയുദ്ധങ്ങൾ തുടരുന്നു
അതിനിടെ, ഹ്യൂഗനോട്ടുകൾക്കെതിരെ കത്തോലിക്കാ നേതാക്കന്മാർ അവരുടെ ആൾക്കാരെ ഇളക്കിവിട്ടു. ടുളൂസിൽ കത്തോലിക്കാ പുരോഹിതന്മാർ അവരുടെ അനുഗാമികളെ ഇങ്ങനെ ഉദ്ബോധിപ്പിച്ചു: “എല്ലാവരെയും കൊല്ലുക, കൊള്ളയിടുക; ഞങ്ങൾ നിങ്ങളുടെ പിതാക്കന്മാരാണ്. നിങ്ങളെ സംരക്ഷിച്ചുകൊള്ളാം.” അക്രമാസക്തമായ അടിച്ചമർത്തലിലൂടെ രാജാവും ഭരണസഭയും ഗവർണർമാരും മേധാവികളും മാതൃക വെച്ചു, കത്തോലിക്കാ ജനങ്ങൾ അത് അനുകരിച്ചു.
എന്നാൽ, ഹ്യൂഗനോട്ടുകൾ തിരിച്ചടിച്ചു. ബാർത്തോലാമ്യൂ “പുണ്യവാള”ന്റെ തിരുനാളിലെ കൂട്ടക്കൊല കഴിഞ്ഞ് രണ്ടു മാസത്തിനുള്ളിൽ നാലാമത്തെ മതയുദ്ധം തുടങ്ങി. പ്രൊട്ടസ്റ്റൻറുകാർ കത്തോലിക്കരെക്കാൾ കൂടുതലുണ്ടായിരുന്ന സ്ഥലങ്ങളിൽ അവർ കത്തോലിക്കാ പള്ളികളിലെ പ്രതിമകളും ക്രൂശിതരൂപങ്ങളും അൾത്താരകളും നശിപ്പിക്കുക മാത്രമല്ല കൊലപാതകവും നടത്തി. “പട്ടണങ്ങളെയോ ആളുകളെയോ വെറുതേ വിടാൻ ദൈവം ആഗ്രഹിക്കുന്നില്ല,” ഫ്രഞ്ച് പ്രൊട്ടസ്റ്റൻറ് മതനേതാവായ ജോൺ കാൽവിൻ സത്യവിശ്വാസം നിലനിർത്താനുള്ള പ്രഖ്യാപനം (ഇംഗ്ലീഷ്) എന്ന തന്റെ ലഘുലേഖയിൽ പ്രഖ്യാപിച്ചു.
നാലു മതയുദ്ധങ്ങൾ കൂടി അരങ്ങേറി. അഞ്ചാമത്തെ യുദ്ധം അവസാനിച്ചത് 1576-ലായിരുന്നു. ആ വർഷം, ഫ്രാൻസിലെവിടെയും ഹ്യൂഗനോട്ടുകൾക്ക് സമ്പൂർണ ആരാധനാസ്വാതന്ത്ര്യം നൽകിയ ഒരു സമാധാന ഉടമ്പടിയിൽ ഹെൻട്രി III-ാമൻ രാജാവ് ഒപ്പുവെക്കുകയുണ്ടായി. പാരീസ് നഗരത്തിൽ ഭൂരിപക്ഷവും കത്തോലിക്കരായിരുന്നു. ഒടുവിൽ അവർ വിപ്ലവം നടത്തി ഹെൻട്രി III-ാമനെ അവിടെനിന്നു തുരത്തി. ഹ്യൂഗനോട്ടുകളെ അങ്ങേയറ്റം പ്രീണിപ്പിക്കുന്നവനായാണ് അവർ അദ്ദേഹത്തെ കണ്ടത്. കത്തോലിക്കർ ഗിസിലെ ഹെൻട്രിയുടെ നേതൃത്വത്തിൽ കത്തോലിക്കാ വിശുദ്ധ സഖ്യം എന്ന നാമധേയത്തിലുള്ള ഒരു പ്രതിപക്ഷ ഗവൺമെൻറ് രൂപീകരിച്ചു.
ഒടുവിൽ, മൂന്നു ഹെൻട്രിമാരുടെ യുദ്ധമായ എട്ടാമത്തെ യുദ്ധത്തിന് അരങ്ങൊരുങ്ങി. (കത്തോലിക്കനായ) ഹെൻട്രി III-ാമൻ തന്റെ പിൻഗാമിയായ നവാറിലെ (പ്രൊട്ടസ്റ്റൻറുകാരനായ) ഹെൻട്രിയുമായി സഖ്യമുണ്ടാക്കി (കത്തോലിക്കനായ) ഗിസിലെ ഹെൻട്രിയോടു പോരാടി. ഗിസിലെ ഹെൻട്രിയെ വധിക്കുന്നതിൽ ഹെൻട്രി III-ാമൻ വിജയിച്ചു. എന്നാൽ 1589 ആഗസ്റ്റിൽ ഹെൻട്രി III-ാമനെ ഒരു ഡൊമിനിക്കൻ സന്ന്യാസി വധിക്കുകയുണ്ടായി. അങ്ങനെ, 17 വർഷം മുമ്പ് ബാർത്തോലാമ്യൂ “പുണ്യവാള”ന്റെ തിരുനാളിലെ കൂട്ടക്കൊലയിൽനിന്നു രക്ഷപ്പെട്ട നവാറിലെ ഹെൻട്രി, ഹെൻട്രി IV-ാമൻ രാജാവായി.
ഹെൻട്രി IV-ാമൻ ഒരു ഹ്യൂഗനോട്ടായിരുന്നു. അദ്ദേഹത്തിനു കീഴടങ്ങിയിരിക്കാൻ പാരീസ് ജനത വിസമ്മതിച്ചു. കത്തോലിക്കാ വിശുദ്ധ സഖ്യം രാജ്യത്തെമ്പാടും അദ്ദേഹത്തിനെതിരെ സായുധ പോരാട്ടം സംഘടിപ്പിച്ചു. ഹെൻട്രി പല യുദ്ധങ്ങളിലും വിജയിച്ചെങ്കിലും സ്പാനിഷ് സൈന്യം കത്തോലിക്കരുടെ പിന്തുണയ്ക്കെത്തിയപ്പോൾ അദ്ദേഹം ഒടുവിൽ പ്രൊട്ടസ്റ്റൻറ് മതം ഉപേക്ഷിച്ച് കത്തോലിക്കാ വിശ്വാസം സ്വീകരിക്കുകയുണ്ടായി. 1594 ഫെബ്രുവരി 27-ന് സിംഹാസനസ്ഥനായ ഹെൻട്രി പാരീസിൽ പ്രവേശിച്ചു. അവിടെ യുദ്ധംകൊണ്ടു പൊറുതിമുട്ടിയ ജനങ്ങൾ അദ്ദേഹത്തെ രാജാവായി വാഴ്ത്തി.
അങ്ങനെ, കത്തോലിക്കരും പ്രൊട്ടസ്റ്റൻറുകാരും ഇടയ്ക്കിടയ്ക്കു പരസ്പരം കൊന്നൊടുക്കിക്കൊണ്ട്, 30-ലധികം വർഷം പിന്നിട്ടു. അതിനുശേഷം ഫ്രഞ്ച് മതയുദ്ധങ്ങൾ അവസാനിച്ചു. 1598 ഏപ്രിൽ 13-ന് ചരിത്രപ്രസിദ്ധമായ നാൻസ് ഉത്തരവു പുറപ്പെടുവിച്ചു. അതിൻപ്രകാരം, പ്രൊട്ടസ്റ്റൻറുകാർക്കു മനസ്സാക്ഷി സ്വാതന്ത്ര്യവും ആരാധനാ സ്വാതന്ത്ര്യവും ലഭിച്ചു. പാപ്പായുടെ അഭിപ്രായത്തിൽ, ആ കൽപ്പന “സങ്കൽപ്പിക്കാവുന്നതിലേക്കുംവെച്ച് ഏറ്റവും മോശമായിരുന്നു. കാരണം, അത് സകലർക്കും മനസ്സാക്ഷി സ്വാതന്ത്ര്യം നൽകി. അതു ലോകത്തിലെ ഏറ്റവും ഭയങ്കരമായ സംഗതിയായിരുന്നു.”
കത്തോലിക്കരുടെ വിശ്വാസപ്രമാണത്തെ പിന്താങ്ങുമെന്നുള്ള ഹെൻട്രിയുടെ വാഗ്ദാനലംഘനമായിരുന്നു ആ കൽപ്പനയെന്നു ഫ്രാൻസി ലെങ്ങുമുള്ള കത്തോലിക്കർക്കു തോന്നി. ഏകദേശം ഒരു നൂറ്റാണ്ടിനുശേഷം ലൂയി XIV-ാമൻ നാൻസ് കൽപ്പന റദ്ദാക്കുന്നതുവരെ സഭയ്ക്കു വിശ്രമമുണ്ടായിരുന്നില്ല. അതു ഹ്യൂഗനോട്ടുകൾ മുമ്പത്തേതിനെക്കാൾ തീവ്രമായ പീഡനം അനുഭവിക്കുന്നതിൽ കലാശിച്ചു.
യുദ്ധങ്ങളുടെ അനന്തരഫലം
16-ാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും, ഫ്രാൻസിന്റെ സമൃദ്ധി അപ്രത്യക്ഷമായിക്കഴിഞ്ഞിരുന്നു. രാജ്യത്തിന്റെ പകുതിയും ഉപരോധിക്കപ്പെട്ടു, കൊള്ളയടിക്കപ്പെട്ടു, മറുവിലയായി നൽകപ്പെട്ടു, അല്ലെങ്കിൽ താറുമാറാക്കപ്പെട്ടു. സൈനികർ ആളുകളെ അങ്ങേയറ്റം ചൂഷണം ചെയ്തു. അതു കാർഷികവിപ്ലവത്തിനു വഴിയൊരുക്കി. മരണവിധി, കൂട്ടക്കൊല, നാടുകടത്തൽ, തള്ളിപ്പറച്ചിൽ എന്നിവ നിമിത്തം പ്രൊട്ടസ്റ്റൻറുകാരുടെ എണ്ണം വളരെയധികം കുറഞ്ഞു. 17-ാം നൂറ്റാണ്ടിൽ പ്രൊട്ടസ്റ്റൻറുകാരുടെ എണ്ണം വളരെ പരിമിതമായിരുന്നു.
പ്രത്യക്ഷത്തിൽ, ഫ്രഞ്ച് മതയുദ്ധങ്ങളിൽ കത്തോലിക്കർ വിജയം നേടി. എന്നാൽ അവരുടെ വിജയത്തെ ദൈവം അനുഗ്രഹിച്ചോ? വ്യക്തമായും ഇല്ല. ദൈവത്തിന്റെ പേരിലുള്ള ഈ കൊലപാതകങ്ങളെല്ലാം കണ്ടു മടുത്ത പല ഫ്രഞ്ചുകാർക്കും മതവിശ്വാസം നഷ്ടപ്പെട്ടു. 18-ാം നൂറ്റാണ്ടിലെ ക്രിസ്തീയവിരുദ്ധ ചിന്താധാര എന്നു വിളിക്കപ്പെട്ടതിന്റെ മുന്നോടികളായിരുന്നു അവർ.
[9-ാം പേജിലെ ആകർഷകവാക്യം]
“പട്ടണങ്ങളെയോ ആളുകളെയോ വെറുതേ വിടാൻ ദൈവം ആഗ്രഹിക്കുന്നില്ല.”—ഫ്രഞ്ച് പ്രൊട്ടസ്റ്റൻറ് മതനേതാവു പ്രഖ്യാപിച്ചു
[6-ാം പേജിലെ ചതുരം/ചിത്രം]
വാൾഡെൻസുകാർ അചഞ്ചലരായി നിന്നു—ഫലമോ?
പിയെർ വാൾഡിസ അഥവാ പീറ്റർ വാൾഡോ 12-ാം നൂറ്റാണ്ടിൽ ഫ്രാൻസിലുണ്ടായിരുന്ന ഒരു സമ്പന്ന വ്യാപാരിയായിരുന്നു. റോമൻ കത്തോലിക്കാ സഭ മനപ്പൂർവം ആളുകളെ ബൈബിൾ സംബന്ധിച്ച അജ്ഞതയിൽ നിർത്തിയ കാലത്ത് വാൾഡോ സുവിശേഷങ്ങളും മറ്റു ബൈബിൾ പുസ്തകങ്ങളും തെക്കുകിഴക്കൻ ഫ്രാൻസിലെ സാധാരണക്കാരായ ആളുകളുടെ ഭാഷയിലേക്കു പരിഭാഷപ്പെടുത്തുന്നതിന്റെ സാമ്പത്തികച്ചെലവു വഹിക്കുകയുണ്ടായി. അദ്ദേഹം പിന്നീട് തന്റെ ബിസിനസ് ഉപേക്ഷിച്ച് സുവിശേഷപ്രസംഗത്തിനു സ്വയം അർപ്പിച്ചു. പെട്ടെന്നുതന്നെ പലരും അദ്ദേഹത്തോടു ചേർന്നു. 1184-ൽ അദ്ദേഹത്തെയും സഹകാരികളെയും ലൂഷിയസ് III-ാമൻ പാപ്പാ സമുദായഭ്രഷ്ടരാക്കി.
കാലക്രമേണ, ബൈബിളോന്മുഖ പ്രസംഗകരുടെ ഈ സംഘങ്ങൾ വാൾഡെൻസുകാർ എന്നറിയപ്പെടാൻ തുടങ്ങി. ആദിമ ക്രിസ്ത്യാനിത്വത്തിന്റെ വിശ്വാസങ്ങളിലേക്കും ആചാരങ്ങളിലേക്കും മടങ്ങിപ്പോകണമെന്ന് അവർ വാദിച്ചു. പരമ്പരാഗത കത്തോലിക്കാ ആചാരങ്ങളെയും വിശ്വാസങ്ങളെയും അവർ തള്ളിക്കളഞ്ഞു. അവയിൽ ദണ്ഡവിമോചനപത്രങ്ങൾ, മരിച്ചവർക്കു വേണ്ടിയുള്ള പ്രാർഥനകൾ, ശുദ്ധീകരണസ്ഥലം, മറിയാരാധന, “പുണ്യവാളന്മാരോടുള്ള” പ്രാർഥനകൾ, ശിശുസ്നാനം, കുരിശാരാധന, അപ്പവീഞ്ഞുകളുടെ അത്ഭുതകരമായ രൂപാന്തരണം തുടങ്ങിയവ ഉൾപ്പെട്ടിരുന്നു. തത്ഫലമായി, വാൾഡെൻസുകാരെ കത്തോലിക്കാ സഭ അതികഠിനമായി പീഡിപ്പിക്കുകയുണ്ടായി. കത്തോലിക്കരല്ലാത്തവർക്കെതിരെ ഫ്രാൻസിസ് I-ാമൻ രാജാവ് ഒരു പോരാട്ടത്തിനു തുടക്കമിട്ടപ്പോഴത്തെ അവസ്ഥയെ ചരിത്രകാരനായ വിൽ ഡൂറൻറ് വിവരിക്കുന്നു:
“വാൾഡെൻസുകാർ ഗവൺമെൻറിനെതിരെ വഞ്ചകമായ ഗൂഢാലോചന നടത്തുന്നുവെന്ന് ആരോപിച്ചുകൊണ്ടു കർദിനാൾ ഡെ ടൂർനോൻ രോഗിയും ചഞ്ചലചിത്തനുമായ രാജാവിനെക്കൊണ്ട്, പാഷണ്ഡതയ്ക്കു കുറ്റക്കാരനെന്നു കണ്ടെത്തുന്ന എല്ലാ വാൾഡെൻസുകാരെയും വധിക്കണമെന്നു പ്രസ്താവിക്കുന്ന ഒരു കൽപ്പനയിൽ (ജനുവരി 1, 1545) ഒപ്പിടുവിച്ചു. . . . ഒരാഴ്ചയ്ക്കുള്ളിൽ (ഏപ്രിൽ 12-18) അനവധി ഗ്രാമങ്ങൾ കത്തിച്ചാമ്പലായി; അവയിലൊന്നിൽ 800 സ്ത്രീപുരുഷന്മാരും കുട്ടികളും കൂട്ടക്കൊലയ്ക്കിരയായി; രണ്ടു മാസംകൊണ്ട് 3,000 പേർ വധിക്കപ്പെട്ടു, ഇരുപത്തിരണ്ടു ഗ്രാമങ്ങൾ അഗ്നിക്കിരയായി, 700 പുരുഷന്മാരെ കപ്പലിൽ തണ്ടു വലിക്കാൻ അയച്ചു. പേടിച്ചുവിറച്ച് ഒരു ഗുഹയിൽ അഭയം തേടിയ ഇരുപത്തഞ്ചു സ്ത്രീകളെ ഗുഹാമുഖത്ത് തീകൂട്ടി ശ്വാസം മുട്ടിച്ചു കൊന്നു.”
അത്തരം ചരിത്രസംഭവങ്ങളെക്കുറിച്ച് ഡൂറൻറ് ഇങ്ങനെ അഭിപ്രായപ്പെട്ടു: “ഈ പീഡനങ്ങൾ ഫ്രാൻസിസിന്റെ ഭരണത്തിന്റെ ഏറ്റവും വലിയ പരാജയമായിരുന്നു.” രാജാവിന്റെ അനുമതിയോടെ നടന്ന പീഡനകാലത്ത് വാൾഡെൻസുകാരുടെ നിശ്ചയദാർഢ്യത്തെ നിരീക്ഷിച്ചവരുടെമേൽ അതിന് എന്തു ഫലമാണുണ്ടായിരുന്നത്? ഡൂറൻറ് എഴുതി: “രക്തസാക്ഷികളുടെ ധീരത അവർ പറ്റിനിന്ന തത്ത്വത്തിന് അന്തസ്സും മഹത്ത്വവുമേകി; അതു കാഴ്ചക്കാരായ ആയിരക്കണക്കിനാളുകളിൽ മതിപ്പുളവാക്കുകയും അവരുടെ മനസ്സാക്ഷിയെ അസ്വസ്ഥമാക്കുകയും ചെയ്തിരിക്കാം. ഒരുപക്ഷേ ഈ ശ്രദ്ധേയമായ വധനിർവഹണങ്ങൾ ഇല്ലായിരുന്നെങ്കിൽ അവർ ഒരിക്കലും തങ്ങളുടെ പരമ്പരാഗത മതവിശ്വാസങ്ങൾ മാറ്റുകയില്ലായിരുന്നിരിക്കാം.”
[5-ാം പേജിലെ ചിത്രം]
വാസിയിലെ കൂട്ടക്കൊല മതയുദ്ധങ്ങൾക്കു നാന്ദി കുറിച്ചു
[കടപ്പാട്]
Bibliothèque Nationale, Paris
[7-ാം പേജിലെ ചിത്രം]
ബാർത്തോലാമ്യൂ “പുണ്യവാള”ന്റെ തിരുനാളിലെ കൂട്ടക്കൊലയിൽ കത്തോലിക്കർ ആയിരക്കണക്കിനു പ്രൊട്ടസ്റ്റൻറുകാരെ കശാപ്പു ചെയ്തു
[കടപ്പാട്]
Photo Musée cantonal des Beaux-Arts, Lausanne
[8-ാം പേജിലെ ചിത്രങ്ങൾ]
പ്രൊട്ടസ്റ്റൻറുകാർ കത്തോലിക്കരെ കൊല്ലുകയും പള്ളിസ്വത്തുകൾ നശിപ്പിക്കുകയും ചെയ്തു
(മുകളിലും താഴെയും)