നാൻസ് ശാസനം—മതസഹിഷ്ണുതയ്ക്കുള്ള അവകാശപത്രികയോ?
“ഇത് എനിക്കു പൊറുക്കാനാവില്ല,” 1598-ൽ ഫ്രാൻസിലെ രാജാവായിരുന്ന ഹെൻട്രി നാലാമൻ, നാൻസ് ശാസനം ഒപ്പു വെച്ചതിനെ കറിച്ചു കേട്ടപ്പോൾ ക്ലെമന്റ് എട്ടാമൻ പാപ്പാ പൊട്ടിത്തെറിച്ചു. നാനൂറു വർഷത്തിനു ശേഷം അമർഷവും എതിർപ്പും ഉയർത്തുന്നതിനു പകരം, സഹിഷ്ണുതയുടെ പ്രകടനമെന്ന നിലയിലും എല്ലാവർക്കും മതപരമായ അവകാശം ഉറപ്പുവരുത്തുന്നതിനുള്ള ഒരു സുപ്രധാന പടിയെന്ന നിലയിലും ഈ ശാസനം സ്മരിക്കപ്പെടുന്നു. നാൻസ് ശാസനം എന്തായിരുന്നു? അതു വാസ്തവമായും മതസഹിഷ്ണുതയ്ക്കു വേണ്ടിയുള്ള ഒരു അവകാശപത്രിക ആയിരുന്നോ? ഇന്നു നമുക്ക് അതിൽനിന്ന് എന്തു പാഠം ഉൾക്കൊള്ളാൻ കഴിയും?
യുദ്ധ കലുഷിതമായ യൂറോപ്പ്
നിണച്ചാലുകളൊഴുക്കിയ മതയുദ്ധങ്ങളും അസഹിഷ്ണുതയും 16-ാം നൂറ്റാണ്ടിലെ യൂറോപ്പിന്റെ പ്രത്യേകതകളായിരുന്നു. “‘നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്നേഹം ഉണ്ടായിരിക്കണം’ എന്ന ക്രിസ്തുവിന്റെ പഠിപ്പിക്കൽ 16-ാം നൂറ്റാണ്ടിലേതുപോലെ മുമ്പൊരിക്കലും അവന്റെ അനുഗാമികളാൽ അത്രയധികം പരിഹസിക്കപ്പെട്ടിട്ടില്ല” എന്ന് ഒരു ചരിത്രകാരൻ അഭിപ്രായപ്പെടുന്നു. സ്പെയിനും ഇംഗ്ലണ്ടും പോലുള്ള ചില രാജ്യങ്ങൾ ന്യൂനപക്ഷ മതസമുദായങ്ങളെ നിർദാക്ഷിണ്യം വേട്ടയാടിയിരുന്നു. ജർമനി പോലുള്ള ചില രാജ്യങ്ങളാകട്ടെ “കൂയുസ് റെഗ്യോ, ഏയുസ് റെലിജ്യോ”—അതായത്, ഒരു പ്രദേശത്ത് ഏതു മതം ആചരിക്കപ്പെടണമെന്നു തീരുമാനിക്കുന്നത് അവിടത്തെ ഭരണാധികാരി ആണ്—എന്ന തത്ത്വം സ്വീകരിച്ചു. ഭരണാധിപൻ തിരഞ്ഞെടുത്ത മതത്തോട് ആർക്കെങ്കിലും വിയോജിപ്പുണ്ടെങ്കിൽ അയാൾ ആ പ്രദേശം വിട്ടു പോകണമായിരുന്നു. തമ്മിലടിക്കാതിരിക്കാൻ മതങ്ങളെ അകറ്റി നിർത്തിയിരുന്നു. മത സഹവർത്തിത്വത്തിനു വേണ്ടി യാതൊരു ശ്രമങ്ങളും നടന്നിരുന്നില്ലെന്നുതന്നെ പറയാം.
ഫ്രാൻസ് മറ്റൊരു ഗതിയാണ് സ്വീകരിച്ചത്. ഭൂമിശാസ്ത്രപരമായി അത്, പ്രൊട്ടസ്റ്റന്റുകാർ മേധാവിത്വം പുലർത്തിയിരുന്ന വടക്കൻ യൂറോപ്പിനും കത്തോലിക്കരുടെ സാമ്രാജ്യമായിരുന്ന തെക്കൻ യൂറോപ്പിനും ഇടയ്ക്കാണു സ്ഥിതി ചെയ്തിരുന്നത്. 1500-കളുടെ മധ്യത്തോടെ ഈ കത്തോലിക്കാ രാജ്യത്ത് പ്രൊട്ടസ്റ്റന്റുകാർ ശ്രദ്ധേയമായ ഒരു മതന്യൂനപക്ഷമായി മാറിയിരുന്നു. ഒന്നിനുപുറകേ ഒന്നായി അരങ്ങേറിയ മതയുദ്ധങ്ങൾ നിലവിലുണ്ടായിരുന്ന സ്ഥിതിവിശേഷത്തെ ഒന്നുകൂടെ വഷളാക്കി.a ‘കുഴപ്പങ്ങൾ ശമിപ്പിക്കാൻ വേണ്ടിയുള്ള ശാസനങ്ങൾ’ എന്നു വിളിക്കപ്പെട്ട നിരവധി സമാധാന ഉടമ്പടികൾ സ്ഥാപിക്കപ്പെട്ടെങ്കിലും സമാധാനപൂർവകമായ മത സഹവർത്തിത്വം കൈവരുത്തുന്നതിൽ അവ പരാജയപ്പെട്ടു. അയൽ യൂറോപ്യൻ രാജ്യങ്ങളെ അനുകരിക്കുന്നതിനു പകരം ഫ്രാൻസ് എന്തുകൊണ്ടാണ് സഹിഷ്ണുതയുടെ വഴി തിരഞ്ഞെടുത്തത്?
സമാധാനത്തിനു വേണ്ടിയുള്ള രാഷ്ട്രീയ നയം
മതപരമായ അസഹിഷ്ണുത വ്യാപകമായിരുന്നിട്ടും മത ഐക്യം ഉണ്ടെങ്കിലേ സമാധാനം ഉണ്ടാകൂ എന്നില്ലെന്ന ആശയം ഉടലെടുത്തു. പൊതുവേ മതവിശ്വാസവും രാഷ്ട്രത്തോടുള്ള കൂറും തമ്മിൽ അഭേദ്യമായ ബന്ധമുള്ള ഒരു കാലമായിരുന്നു അത്. കത്തോലിക്കാ സഭയിൽ അംഗമല്ലാതെ ഒരു ഫ്രഞ്ചുകാരൻ ആയിരിക്കാൻ കഴിയുമോ? കഴിയും എന്നു ചിലർ വിചാരിച്ചിരുന്നെന്നു സ്പഷ്ടം. 1562-ൽ, ഒരു ഫ്രഞ്ച് രാജ്യതന്ത്രജ്ഞനായിരുന്ന മിഷെൽ ദെ ലൊസ്പിറ്റൽ ഇപ്രകാരം എഴുതി: “മതത്തിൽനിന്നു പുറത്താക്കപ്പെട്ടാലും ഒരുവൻ രാജ്യത്തെ പൗരനല്ലാതായി തീരുന്നില്ല.” ലേ പൊളിറ്റിക്ക് (ദ പൊളിറ്റിക്കൽസ്) എന്ന ഒരു കത്തോലിക്കാ വിഭാഗവും ഇതേ ന്യായവാദം ഉന്നയിച്ചു.
ഫ്രാൻസിൽ ഒപ്പുവെച്ച, വിജയം കാണാതെപോയ സമാധാന ഉടമ്പടികളിലും ഈ പുതിയ ആശയങ്ങളിൽ ചിലത് ഉണ്ടായിരുന്നു. ഭാവി കെട്ടിപ്പടുക്കാനുള്ള ഒരു മാർഗമെന്ന നിലയിൽ കഴിഞ്ഞകാലം മറക്കുകയെന്ന ആശയത്തെ അവ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഉദാഹരണത്തിന്, 1573-ലെ ബൊളോൺ ശാസനം ഇപ്രകാരം പറഞ്ഞു: “ഇതുവരെ സംഭവിച്ചതെല്ലാം . . . വിസ്മൃതിയിൽ ആണ്ടുപോകട്ടെ.”
ഫ്രാൻസിന് മറക്കാൻ ഒരുപാടു കാര്യങ്ങൾ ഉണ്ടായിരുന്നു. 1589-ൽ ഹെൻട്രി നാലാമൻ രാജാവാകുന്നതിനു മുമ്പ്, ഏറ്റവും അധികം കാലം നീണ്ടുനിന്നതായി അറിയപ്പെട്ട സമാധാന ഉടമ്പടിക്കുപോലും 8 വർഷത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. സാമ്പത്തികമായും സാമൂഹികമായും ഫ്രാൻസ് ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. ആഭ്യന്തര സ്ഥിരത ഉണ്ടായിരിക്കേണ്ടത് മർമപ്രധാനമായിരുന്നു. മതവും രാഷ്ട്രീയവുമായി ഒരുപോലെ പരിചിതനായിരുന്നു ഹെൻട്രി നാലാമൻ. പ്രൊട്ടസ്റ്റന്റ് സഭയിലേക്കും തിരിച്ച് കത്തോലിക്കാ സഭയിലേക്കും ഒട്ടേറെ തവണ അദ്ദേഹം കാലുമാറ്റം നടത്തിയിട്ടുണ്ട്. 1597-ൽ സ്പെയിൻകാരുമായി സമാധാനം സ്ഥാപിക്കുകയും 1598-ൽ ആഭ്യന്തര കലഹങ്ങൾ അടിച്ചമർത്തുകയും ചെയ്തപ്പോൾ അദ്ദേഹം പ്രൊട്ടസ്റ്റന്റുകാരുടെയും കത്തോലിക്കരുടെയും മേൽ സമാധാനം അടിച്ചേൽപ്പിക്കാനുള്ള ഒരു സ്ഥാനത്ത് ആയിത്തീർന്നു. 1598-ൽ, ഫ്രാൻസിൽ 30 വർഷത്തിലധികം നീണ്ടുനിന്ന മതയുദ്ധത്തിനു ശേഷം ഹെൻട്രി നാലാമൻ രാജാവ് നാൻസ് ശാസനത്തിൽ ഒപ്പുവെച്ചു.
“ഫ്രഞ്ച് സ്റ്റൈലിലുള്ള അവകാശ പത്രിക”
ഹെൻട്രി ഒപ്പുവെച്ച നാൻസ് ശാസനത്തിന് 92-ഓ 95-ഓ വകുപ്പുകൾ ഉൾക്കൊള്ളുന്ന പ്രധാന ഭാഗവും പ്രൊട്ടസ്റ്റന്റുകാരുടെ അവകാശങ്ങളെയും കടമകളെയും കുറിച്ചു പറയുന്ന 56 രഹസ്യ, അല്ലെങ്കിൽ “പ്രത്യേക“ വകുപ്പുകളും ഉൾപ്പടെ നാല് അടിസ്ഥാന ഭാഗങ്ങളുണ്ടായിരുന്നു. മുൻ സമാധാന ഉടമ്പടികളായിരുന്നു കരാറിന്റെ അടിസ്ഥാന ഘടനയ്ക്ക് ആധാരം. വകുപ്പുകളുടെ മൂന്നിൽ രണ്ടു ഭാഗവും അവ തന്നെയായിരുന്നു. എങ്കിലും മുൻ ഉടമ്പടികളിൽനിന്നു വ്യത്യസ്തമായി ഈ ശാസനം തയ്യാറാക്കാൻ കുറേ കാലം വേണ്ടി വന്നു. അതിന്റെ അസാധാരണ വലുപ്പം കാണിക്കുന്നത് അത് ഓരോ പ്രശ്നവും സകല വിശദാംശങ്ങളും സഹിതം പരിശോധിച്ചു എന്നാണ്. ഈ മേഖലയിൽ പരിചയമില്ലാത്തവർ കൂടിയാലോചിച്ച് തയ്യാറാക്കിയതാണോ എന്നു തോന്നുമാറ് അത്രയധികം വിശദാംശങ്ങൾ അതിൽ നൽകിയിരുന്നു. ശാസനം വാഗ്ദാനം ചെയ്ത ചില അവകാശങ്ങൾ എന്തെല്ലാമാണ്?
ശാസനം ഫ്രഞ്ച് പ്രൊട്ടസ്റ്റന്റുകാർക്ക് പൂർണ മനസ്സാക്ഷി സ്വാതന്ത്ര്യം നൽകി. അവകാശങ്ങളും പദവികളും ഉള്ള ഒരു ആദരണീയ ന്യൂനപക്ഷം എന്ന സ്ഥാനവും അത് അവർക്കു നൽകി. രഹസ്യ വകുപ്പുകളിൽ ഒന്ന്, അന്യ രാജ്യങ്ങളിലേക്കു യാത്ര ചെയ്യുമ്പോൾ മതവിചാരണയ്ക്കെതിരെയുള്ള സംരക്ഷണം പോലും അവർക്ക് ഉറപ്പു നൽകുകയുണ്ടായി. ഇതിനു പുറമേ, രാജ്യത്തിനുള്ളിൽ പ്രൊട്ടസ്റ്റന്റുകാർക്ക് കത്തോലിക്കരുടെ അതേ പദവി നൽകപ്പെട്ടു. മാത്രമല്ല, ഗവൺമെന്റ് തസ്തികകളിൽ സേവനം അനുഷ്ഠിക്കാനുള്ള അവസരവും അവർക്കു ലഭിച്ചു. എന്നാൽ ശാസനം വാസ്തവമായും മതസഹിഷ്ണുതയ്ക്കു വേണ്ടിയുള്ള ഒരു അവകാശപത്രിക ആയിരുന്നോ?
ശാസനം എത്രത്തോളം സഹിഷ്ണുത പ്രകടമാക്കി?
മറ്റു രാജ്യങ്ങൾ ന്യൂനപക്ഷ മതസമുദായങ്ങളോടു പെരുമാറിയതു കണക്കിലെടുക്കുമ്പോൾ നാൻസ് ശാസനം “അസാധാരണ രാഷ്ട്രീയ ജ്ഞാനം പ്രകടമാക്കിയ ഒരു പ്രമാണം” ആയിരുന്നു എന്ന് ചരിത്രകാരിയായ എലിസബത്ത് ലബ്രൂസ് പറയുന്നു. പ്രൊട്ടസ്റ്റന്റുകാർ തിരിച്ച് കത്തോലിക്കാ അണിയിലേക്കു മടങ്ങിവരുന്നതു കാണുകയായിരുന്നു ഹെൻട്രിയുടെ ആത്യന്തിക ലക്ഷ്യം. ആ ലക്ഷ്യം പ്രാപിക്കുന്നതുവരെ മത സഹവർത്തിത്വം അനുവദിച്ചത് ഒരു വിട്ടുവീഴ്ച എന്ന നിലയിൽ മാത്രമായിരുന്നു—“നമ്മുടെ എല്ലാ പ്രജകൾക്കും ദൈവത്തോട് പ്രാർഥിക്കാനും അവനെ ആരാധിക്കാനും സാധിക്കു”ന്നതിനുള്ള ഏക വഴി, ഹെൻട്രി പറഞ്ഞു.
വാസ്തവത്തിൽ ശാസനം കത്തോലിക്കാ മതത്തെ അനുകൂലിച്ചുകൊണ്ട് ഉള്ളതായിരുന്നു. പ്രമുഖ മതം അതാണെന്നും രാജ്യത്ത് ഉടനീളം അതു പുനഃസ്ഥിതീകരിക്കപ്പെടേണ്ടത് ആണെന്നും ശാസനത്തിൽ പ്രഖ്യാപിച്ചിരുന്നു. പ്രൊട്ടസ്റ്റന്റുകാർ കത്തോലിക്കാ സഭയ്ക്കു ദശാംശം നൽകണമായിരുന്നെന്നു മാത്രമല്ല, കത്തോലിക്കരുടെ വിശേഷ ദിവസങ്ങളെയും വിവാഹം സംബന്ധിച്ച നിബന്ധനകളെയും ആദരിക്കുകയും ചെയ്യണമായിരുന്നു. പ്രൊട്ടസ്റ്റന്റുകാരുടെ ആരാധനാ സ്വാതന്ത്ര്യം ചില പ്രത്യേക പ്രദേശങ്ങളിൽ മാത്രം ഒതുക്കി നിർത്തപ്പെട്ടു. തന്നെയുമല്ല, പ്രൊട്ടസ്റ്റന്റുകാരുടെയും കത്തോലിക്കരുടെയും സഹവർത്തിത്വത്തെ കുറിച്ചു മാത്രമേ ശാസനത്തിൽ പറഞ്ഞിരുന്നുള്ളൂ, മറ്റു ന്യൂനപക്ഷ മതസമുദായങ്ങളെ ഉൾപ്പെടുത്തിയിരുന്നില്ല. ഉദാഹരണത്തിന്, 1610-ൽ മുസ്ലീങ്ങളെ ഫ്രാൻസിൽ നിന്നു നാടുകടത്തുകയുണ്ടായി. ശാസനം മതസഹിഷ്ണുതയ്ക്കു വലിയ പ്രാധാന്യമൊന്നും കൽപ്പിക്കാഞ്ഞ സ്ഥിതിക്ക് എന്തിനാണ് ഇന്ന് ഈ ശാസനത്തിന്റെ സ്മരണ കൊണ്ടാടുന്നത്?
പ്രധാന പരിണതഫലങ്ങൾ
അക്കാലത്തെ ചരിത്ര രേഖകളിൽ ശാസനത്തെക്കുറിച്ചുള്ള അധികം പരാമർശങ്ങളൊന്നും ഇല്ല. “പ്രതീക്ഷ നിറവേറ്റാഞ്ഞ ഒന്ന്” എന്നാണ് ചരിത്രകാരന്മാർ അതിനെ വിശേഷിപ്പിക്കുന്നത്. എങ്കിലും ഇന്ന് രാഷ്ട്രീയ നയത്തിന്റെ ഒരു മകുടോദാഹരണം ആയിട്ടാണ് അതു കണക്കാക്കപ്പെടുന്നത്. ശാസനം പ്രൊട്ടസ്റ്റന്റ് മതത്തെ പാഷണ്ഡ വിഭാഗം എന്നതിനു പകരം മതം എന്നു വിളിച്ചു. കത്തോലിക്കാ മതം അല്ലാത്ത ഒരു മതത്തെ ആദരിക്കുന്നത് മതേതരത്വത്തിനു വഴിയൊരുക്കി. ഒരു ചരിത്രകാരൻ പറയുന്നതനുസരിച്ച് ഇത് “ഫ്രാൻസിൽ കത്തോലിക്കരെ പോലെതന്നെ പ്രൊട്ടസ്റ്റന്റുകാരെയും പിടികൂടിയിരുന്ന മതഭ്രാന്തിന്റെ ജ്വാല കെടുത്തിക്കളയാൻ ഇടയാക്കി.” രാഷ്ട്രത്തോടുള്ള കൂറോ ദേശീയ പൈതൃകമോ നിർണയിക്കുന്ന ഘടകം മതം അല്ല എന്ന് ശാസനം സമ്മതിച്ചു പറഞ്ഞു. കൂടാതെ, നിയമ നടപടിക്കുള്ള അടിസ്ഥാനം ഏതെങ്കിലും മതത്തിലുള്ള അംഗത്വം അല്ല പിന്നെയോ കുറ്റകൃത്യം ആണെന്നും അതിൽ രേഖപ്പെടുത്തിയിരുന്നു. ഈ ആശയങ്ങൾ കുറേക്കൂടെ വലിയ മാറ്റങ്ങളെ അർഥമാക്കി.
ശാസനത്തിൽ ഒപ്പുവെച്ചപ്പോൾ ഹെൻട്രി രാജാവിന്റെ മുഖ്യ താത്പര്യം ആഭ്യന്തര ഐക്യമായിരുന്നു. ഇത് ഉറപ്പാക്കാൻ ശാസനം ആഭ്യന്തര ഐക്യത്തെ മതപരമായ ഐക്യത്തിൽനിന്നു വേർതിരിച്ചു നിർത്തി. “അത് ലൗകികവത്കരണത്തിന്റേതായ ഒരു പ്രക്രിയയ്ക്ക് . . . രാഷ്ട്രവും മതവും പര്യായ പദങ്ങൾ അല്ല എന്ന തിരിച്ചറിവിനു തുടക്കമിട്ടു,” ഒരു ചരിത്രകാരൻ പറയുന്നു. കത്തോലിക്കാ സഭയ്ക്ക് ഒരളവുവരെ അധികാരം ഉണ്ടായിരുന്നെങ്കിലും രാഷ്ട്രത്തിനു കൂടുതൽ അധികാരം ലഭിച്ചു. സംഘട്ടനങ്ങൾ ഉണ്ടാകുമ്പോൾ രാജാവ് ആയിരുന്നു വിധിയാളായി വർത്തിച്ചിരുന്നത്. മതപരമായ പ്രശ്നങ്ങൾക്കുള്ള രാഷ്ട്രീയമോ നിയമപരമോ ആയ പരിഹാരങ്ങൾ രാഷ്ട്രീയ ശക്തിക്ക് മതത്തിന്റെമേൽ നിയന്ത്രണം ഉണ്ടെന്ന് അർഥമാക്കി. അതുകൊണ്ടാണ് ഒരു ചരിത്രകാരൻ ശാസനത്തെ “സഭയുടെ ഭാഗധേയത്തിന്മേലുള്ള രാഷ്ട്രീയ ശക്തിയുടെ വിജയം” എന്നു വിളിച്ചത്. അതു “രാഷ്ട്രത്തെ ഇന്നത്തെ അവസ്ഥയിലെത്തിക്കുന്നതിൽ ഒരു നിർണായക പങ്കു വഹിച്ചു” എന്നു മറ്റൊരാൾ പറയുന്നു.
ഇന്നത്തെ പ്രസക്തി
നാൻസ് ശാസനത്തിൽ നൽകിയിരിക്കുന്ന നടപടിക്രമങ്ങളിൽ ചിലതു പിന്നീട് മറ്റു ഗവൺമെന്റുകളും സ്വീകരിക്കുകയുണ്ടായി. കാലാന്തരത്തിൽ, പല രാജ്യങ്ങളും രാഷ്ട്രത്തിന്റെ അധികാരത്തിന് പുതിയ ഒരു അടിത്തറ നൽകിക്കൊണ്ട് മതവും രാഷ്ട്രവും തമ്മിലുള്ള ബന്ധത്തിന് ഒരു പുതിയ മാനം നൽകി. ഫ്രാൻസ് ഏറ്റവും ഒടുവിൽ (1905-ൽ) കൈക്കൊണ്ട നടപടി സഭയെയും രാഷ്ട്രത്തെയും പൂർണമായി വേർതിരിക്കുക എന്നതായിരുന്നു. പ്രശസ്ത ചരിത്ര-സാമൂഹ്യശാസ്ത്ര പ്രൊഫസർ ഷാൻ ബോബേറോ പറയുന്നതനുസരിച്ച്, അസഹിഷ്ണുത വർധിച്ചുവരുന്ന അന്തരീക്ഷത്തിൽ “ന്യൂനപക്ഷ സമുദായങ്ങളെ സംരക്ഷിക്കാനുള്ള ഏറ്റവും നല്ല മാർഗം” ആണ് ഈ ക്രമീകരണം. മറ്റു രാജ്യങ്ങളാകട്ടെ, ഒരു ദേശീയ മതത്തോടു പറ്റിനിൽക്കുമ്പോൾ തന്നെ തങ്ങളുടെ ഭരണഘടനയിൻ കീഴിലുള്ള എല്ലാവർക്കും മതസ്വാതന്ത്ര്യം നൽകാനും സമത്വം ഉറപ്പുവരുത്താനും ഉള്ള തീരുമാനം കൈക്കൊണ്ടിരിക്കുന്നു.
എങ്കിലും മതസ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്നതിൽ ഇനിയും പുരോഗമിക്കേണ്ടതുണ്ടെന്നു പലരും കരുതുന്നു. നാം “നൂറ്റാണ്ടിൽ ഒരിക്കൽ നാൻസ് ശാസനത്തിന്റെ സ്മരണ ആചരിക്കുകയും മറ്റു സമയങ്ങളിൽ അതിലെ നിർദേശങ്ങൾ ലംഘിക്കുകയും ചെയ്യുന്നു” എന്ന് പത്രപ്രവർത്തകനായ അല്ലാൻ ദ്യൂഹമെൽ വിലപിക്കുന്നു. ഉദാഹരണത്തിന്, എല്ലാ ന്യൂനപക്ഷ മതസമുദായങ്ങളെയും സ്വേച്ഛാപരമായി “അവാന്തര വിഭാഗങ്ങൾ” എന്നു മുദ്രകുത്തി മാറ്റിനിർത്തുന്നതിലൂടെ അസഹിഷ്ണുതയാണ് പ്രകടമാകുന്നതെന്ന് അഭിജ്ഞരായ ചില ഭാഷ്യകാരന്മാർ ചൂണ്ടിക്കാട്ടുന്നു. മുൻവിധിയില്ലാതെ സമാധാനത്തോടെ ഒരുമിച്ചു ജീവിക്കുക എന്നത് 400 വർഷം മുമ്പ് പഠിക്കേണ്ടിയിരുന്ന മർമപ്രധാനമായ ഒരു പാഠമായിരുന്നു. എന്നാൽ ഇന്നും ആ പാഠം പ്രസക്തമാണ്.
അപകടസാധ്യതകൾ
അധികൃതർ സ്വേച്ഛാപരമായി ചില മതങ്ങളെ അനുകൂലിക്കുകയും മറ്റുള്ളവയെ അനുകൂലിക്കാതിരിക്കുകയും ചെയ്യുമ്പോൾ മതസ്വാതന്ത്ര്യം നിലനിൽക്കുന്നുവെന്നു പറയാൻ കഴിയില്ല. ഫ്രാൻസിൽ, ചില ഭരണനിർവഹണ വിഭാഗങ്ങൾ യഹോവയുടെ സാക്ഷികൾക്ക് ഒരു മതത്തിന്റെ പദവി നൽകുന്നുണ്ടെങ്കിലും മറ്റുള്ളവ അതു ചെയ്യുന്നില്ല. ഏതാണു മതം എന്നും ഏതാണു മതം അല്ലാത്തത് എന്നും നിർവചിക്കുന്നത് ഒരു മതേതര രാഷ്ട്രമാണ് എന്നതു വിരോധാഭാസംതന്നെ. വിവേചനത്തിൽനിന്ന് ആരംഭിക്കുന്ന ഈ നടപടി പീഡനത്തിലാണ് ചെന്ന് അവസാനിക്കുക. അതിലുപരി, “വിവിധ രാജ്യങ്ങളിലേക്കും മത സമിതികളിലേക്കും ഇതു പടർന്നുപിടിച്ചേക്കാം” എന്ന് യൂറോപ്യൻ പാർലമെന്റ് അംഗമായ റൈമോ ഈലാസ്കിവി പറയുന്നു. അതുകൊണ്ടാണ് നിയമ അധ്യാപകനായ ഷാൻ മാർക്ക് ഫ്ളൊറൻ ഇങ്ങനെ ഉപസംഹരിച്ചത്: “ഫ്രാൻസിനും സ്വാതന്ത്ര്യം വിനിയോഗിക്കലിനും എതിരെയുള്ള ഒരു കനത്ത പ്രഹരമാണ് ഇത്. ഒരു കത്തോലിക്കനെന്ന നിലയിൽ ഇത് എന്നെ ഉത്കണഠാകുലനാക്കുന്നു.” ചരിത്രത്തിൽനിന്നു പാഠങ്ങൾ ഉൾക്കൊള്ളാൻ സാധിക്കും, പക്ഷേ പഠിക്കാൻ താത്പര്യമുള്ളവർക്കു മാത്രം.
“നമ്മുടെ നാളിൽ മതങ്ങൾക്കുള്ള സ്ഥാനത്തെ കുറിച്ചു ചിന്തിക്കുകയാണ് നാൻസ് ശാസനത്തിന്റെ സ്മരണ കൊണ്ടാടാനാകുന്ന വിധങ്ങളിൽ ഒന്ന്” എന്ന് അടുത്ത കാലത്തു നടന്ന ഐക്യരാഷ്ട്ര വിദ്യാഭ്യാസ, ശാസ്ത്രീയ, സാംസ്കാരിക സംഘടനയുടെ സമ്മേളനത്തിൽവെച്ച് ഒരു പ്രസംഗകൻ വാദിച്ചു. അതേ, എല്ലാവരുടെ കാര്യത്തിലും യഥാർഥ മതസ്വാതന്ത്ര്യം സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് നാൻസ് ശാസനത്തിന്റെ സ്മരണ കൊണ്ടാടാനുള്ള ഏറ്റവും നല്ല മാർഗം!
[അടിക്കുറിപ്പുകൾ]
[20, 21 പേജുകളിലെ ചതുരം/ചിത്രങ്ങൾ]
ഫ്രാൻസിലെ മതസ്വാതന്ത്ര്യം ഇന്ന്
കഴിഞ്ഞകാലങ്ങളിൽ നിന്നു പഠിച്ച പാഠങ്ങൾ ചിലപ്പോൾ വിസ്മരിക്കപ്പെടുന്നു. നാൻസ് ശാസനത്തിനു വേണ്ടി വാദിക്കുമ്പോൾ ഹെൻട്രി നാലാമൻ പ്രഖ്യാപിച്ചു: “കത്തോലിക്കനെന്നോ ഹ്യൂഗനോട്ടെന്നോ ഉള്ള വേർതിരിവ് മേലാൽ പാടില്ല.” 1905 മുതൽ ഫ്രാൻസിൽ “നിയമപ്രകാരം എല്ലാ മതങ്ങൾക്കും വിശ്വാസങ്ങൾക്കും അവാന്തര വിഭാഗങ്ങൾക്കും തുല്യ സ്ഥാനമാണ് ഉള്ളത്” എന്ന് പാരിസ് XII യൂണിവേഴ്സിറ്റിയിലെ സീനിയർ നിയമാധ്യാപകനായ ഷാൻ മാർക്ക് ഫ്ളൊറൻ ഫ്രഞ്ച് പത്രമായ ല ഫിഗാറോയിൽ വിശദമാക്കി. വിവേചനവും മുൻവിധിയും കഴിഞ്ഞകാല സംഗതികൾ ആയിരിക്കേണ്ടതാണ്.
എന്നാൽ വിരോധാഭാസമെന്നു പറയട്ടെ, 1998-ൽ, അതായത് നാൻസ് ശാസനത്തിന്റെ നാനൂറാം വാർഷികാഘോഷ സമയത്ത് അതിലെ പാഠം—എല്ലാ പൗരന്മാർക്കും മതസ്വാതന്ത്ര്യവും സമത്വവും ഉറപ്പാക്കേണ്ടതാണെന്നത്—വിസ്മരിക്കപ്പെട്ടിരിക്കുന്നതായി കാണപ്പെടുന്നു. ഫ്രാൻസിലെ മൂന്നാമത്തെ വലിയ ക്രിസ്തീയ മത സമുദായമായ യഹോവയുടെ സാക്ഷികൾ അവിടെ തങ്ങളുടെ മതം ആചരിക്കാൻ തുടങ്ങിയിട്ട് ഏതാണ്ട് നൂറു വർഷമായി. എന്നാൽ യഹോവയുടെ സാക്ഷികളുടേത് നിയമാംഗീകാരമുള്ള ഒരു മതം ആണെന്ന വസ്തുത ഫ്രഞ്ച് പാർലമെന്റ് തയ്യാറാക്കിയ ഒരു റിപ്പോർട്ട് നിഷേധിക്കുകയുണ്ടായി. ഇതിന്റെ ഫലമായി, സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ ചില ഫ്രഞ്ച് അധികൃതർ യഹോവയുടെ സാക്ഷികളോട് തുടർച്ചയായി വിവേചനം കാട്ടുന്നു. ഉദാഹരണത്തിന്, കുട്ടിയുടെ സംരക്ഷണാവകാശം സംബന്ധിച്ച തർക്കങ്ങളിൽ സംരക്ഷണ ചുമതല യഹോവയുടെ സാക്ഷിയായ മാതാവിനെയോ പിതാവിനെയോ ഏൽപ്പിക്കുന്നതിനെ ഫ്രാൻസിലെ ജഡ്ജിമാർ പലപ്പോഴും ചോദ്യം ചെയ്യുന്നു. മാതാവോ പിതാവോ പ്രസ്തുത മതത്തിൽ അംഗമായതിന്റെ പേരിൽ മാത്രമാണ് അവർ ഈ തടസ്സവാദം ഉന്നയിക്കുന്നത്. കൂടാതെ, യഹോവയുടെ സാക്ഷികളായതുകൊണ്ട് ചില വളർത്തു മാതാപിതാക്കൾക്ക് തങ്ങളുടെ സംരക്ഷണയിലുള്ള കുട്ടികളെ നഷ്ടമാകാനുള്ള സാധ്യതയും വർധിച്ചുവരികയാണ്.
അടുത്ത കാലത്ത്, യഹോവയുടെ സാക്ഷികൾ തങ്ങളുടെ സഭകൾക്കു നൽകുന്ന സംഭാവനകളുടെ മേൽ നികുതി ചുമത്തുമെന്ന് ഫ്രഞ്ച് അധികൃതർ ഭീഷണിപ്പെടുത്തിയിരിക്കുന്നു. സ്വേച്ഛാപരമായ ഒരു നടപടി ആണിത്. അതിരുകളില്ലാത്ത മനുഷ്യാവകാശങ്ങൾ എന്ന ഗവൺമെന്റ് പങ്കാളിത്തമില്ലാത്ത സംഘടന പറയുന്ന പ്രകാരം, യൂറോപ്യൻ മനുഷ്യാവകാശ കോടതി പാസ്സാക്കിയ പ്രമേയങ്ങൾ ഇനിയും ലംഘിക്കപ്പെടുമെന്നുള്ളതിന്റെ “അപകടകരമായ മുൻകുറി” ആണ് ഇത്. അതേ, യൂറോപ്യൻ യൂണിയൻ മതസ്വാതന്ത്ര്യം ഉറപ്പു നൽകുന്നു. യൂറോപ്യൻ കോടതി യഹോവയുടെ സാക്ഷികളെ ഒരു “അറിയപ്പെടുന്ന മതം” ആയി കൂടെക്കൂടെ അംഗീകരിച്ചിട്ടുള്ളതുകൊണ്ട് ഫ്രാൻസിലെ ചില അധികൃതരുടെ ഈ നടപടി മനസ്സിലാക്കാൻ ഏറെ ബുദ്ധിമുട്ടു തോന്നുന്നു.
ഫ്രാൻസിൽ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനം തുടങ്ങിയിട്ട് ഏതാണ്ട് നൂറു വർഷമായി
മുകളിൽ വലത്ത്: ഫ്രാൻസിൽ പല കുടുംബങ്ങളും തലമുറകളായി യഹോവയുടെ സാക്ഷികളാണ്
മുകളിൽ ഇടത്ത്: റൂബേ സഭ, 1913
താഴെ ഇടത്ത്: ഫ്രാൻസിന്റെ വടക്കു ഭാഗത്തുള്ള സാക്ഷികൾ, 1922
[കടപ്പാട്]
© Cliché Bibliothèque Nationale de France, Paris
[19-ാം പേജിലെ ചിത്രം]
ഫ്രാൻസിലെ രാജാവായിരുന്ന ഹെൻട്രി നാലാമൻ