സ്വാതന്ത്ര്യത്തിലേക്കുള്ള ഹ്യൂഗനോട്ടുകളുടെ പലായനം
“രാജാവും രാജ്ഞിയും എന്ന നിലയിൽ, . . . ഞങ്ങൾ ഇതിനാൽ പ്രഖ്യാപിക്കുന്നത് എന്തെന്നാൽ, ഞങ്ങളുടെ രാജ്യത്ത് അഭയം തേടുന്ന, വന്നുചേരുന്ന, സകല ഫ്രഞ്ച് പ്രൊട്ടസ്റ്റന്റുകാർക്കും രാജകീയ സംരക്ഷണം മാത്രമല്ല ഉണ്ടായിരിക്കുക . . . മറിച്ച് അവരെ സഹായിക്കാനും തുണയ്ക്കാനുമായി, . . . ഈ രാജ്യത്തെ അവരുടെ ജീവിതവും താമസവും സുഖപ്രദവും ആയാസരഹിതവും ആക്കാനായി സകല വിധത്തിലും അർഥത്തിലും ഞങ്ങൾ ശ്രമിക്കുകതന്നെ ചെയ്യും.”
ഇംഗ്ലണ്ടിലെ രാജാവും രാജ്ഞിയും ആയിരുന്ന വില്യമിന്റെയും മേരിയുടെയും 1689-ലെ പ്രഖ്യാപനം അപ്രകാരം വായിക്കപ്പെടുന്നു. ഹ്യൂഗനോട്ടുകൾ എന്ന് അറിയപ്പെട്ട ഫ്രഞ്ച് പ്രൊട്ടസ്റ്റന്റുകാർക്കു ഫ്രാൻസിനു പുറത്ത് അഭയവും സംരക്ഷണവും തേടേണ്ടിവന്നത് എന്തുകൊണ്ട്? ഏതാണ്ട് 300 വർഷം മുമ്പ് അവർ ഫ്രാൻസിൽ നിന്ന് പലായനം ചെയ്തത് നമുക്ക് ഇന്ന് താത്പര്യജനകം ആയിരിക്കേണ്ടത് എന്തുകൊണ്ട്?
പതിനാറാം നൂറ്റാണ്ടിലെ യൂറോപ്പ് യുദ്ധത്താലും മതത്തെ ചൊല്ലിയുള്ള പോരാട്ടങ്ങളാലും ദുരിതം അനുഭവിച്ചു. ഫ്രാൻസ് ആ പ്രക്ഷുബ്ധതയ്ക്ക് ഒരു അപവാദമായിരുന്നില്ല. കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകാരും തമ്മിലുള്ള മത യുദ്ധങ്ങൾ (1562-1598) അവിടെയും അരങ്ങേറി. എന്നാൽ 1598-ൽ ഫ്രാൻസിലെ രാജാവായ ഹെൻറി നാലാമൻ പ്രൊട്ടസ്റ്റന്റ് ഹ്യൂഗനോട്ടുകൾക്കു കുറച്ചൊക്കെ മതസ്വാതന്ത്ര്യം നൽകിക്കൊണ്ട് നാന്റിസ് ശാസനം എന്ന ഒരു സഹിഷ്ണുതാ ശാസനത്തിൽ ഒപ്പു വെച്ചു. രണ്ടു മതങ്ങൾക്കുള്ള ഈ നിയമപരമായ അംഗീകാരം യൂറോപ്പിനെ സംബന്ധിച്ചിടത്തോളം ഒരു അസാധാരണ സംഗതിയായിരുന്നു. 16-ാം നൂറ്റാണ്ടിലെ ഫ്രാൻസിനുമേൽ 30-ലധികം വർഷത്തെ കളങ്കം ചാർത്തിയ മതപരമായ പ്രക്ഷുബ്ധതയ്ക്ക് കുറേ കാലത്തേക്ക് അത് അറുതി വരുത്തി.
“ശാശ്വതവും റദ്ദാക്കാനാവാത്തതും” ആയിരിക്കാൻ ഉദ്ദേശിക്കപ്പെട്ടിരുന്നെങ്കിലും, 1685-ൽ നാന്റിസ് ശാസനം ഫോണ്ടെയ്ൻബ്ലോ ശാസനത്താൽ റദ്ദാക്കപ്പെട്ടു. പിൽക്കാലത്ത് ഫ്രഞ്ച് തത്ത്വചിന്തകനായ വോൾട്ടയർ ഈ റദ്ദാക്കലിനെ “ഫ്രാൻസിലെ ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്ന്” എന്നു വിളിച്ചു. ഹ്രസ്വ കാലംകൊണ്ട് 2,00,000 ഹ്യൂഗനോട്ടുകൾ മറ്റു രാജ്യങ്ങളിലേക്കു പലായനം ചെയ്യാൻ അത് കാരണമായി. പക്ഷേ അതിന്റെ പ്രത്യാഘാതങ്ങൾ ദീർഘ കാലം നീണ്ടുനിന്നു. എന്നാൽ മത സഹിഷ്ണുതയ്ക്ക് അനുകൂലമായ ആ ആദിമ ശാസനം റദ്ദാക്കപ്പെട്ടത് എന്തുകൊണ്ടായിരുന്നു?
തുടക്കം മുതലേ എതിർക്കപ്പെട്ടത്
നാന്റിസ് ശാസനം ഏകദേശം 90 വർഷം ഔദ്യോഗികമായി പ്രാബല്യത്തിൽ ഉണ്ടായിരുന്നെങ്കിലും, “മരിച്ചുകൊണ്ടിരിക്കെയാണ് അത് 1685-ൽ വധിക്കപ്പെട്ടത്” എന്ന് ഒരു ചരിത്രകാരൻ പറയുന്നു. തീർച്ചയായും, ആ ശാസനം ശക്തമായ അടിസ്ഥാനങ്ങളിന്മേൽ അല്ല പണിയപ്പെട്ടത്. കത്തോലിക്കാ പുരോഹിത വർഗവും അവർ “ആർ.പി.ആർ.” (പരിഷ്കൃത മതം എന്നു വിളിക്കപ്പെടുന്നത്) എന്നു നാമകരണം ചെയ്ത മതവുമായുള്ള “ശീത സമരം” എന്നു വിവരിക്കപ്പെട്ട പേരാട്ടത്തിന് അതു തുടക്കം മുതലേ കാരണമായി. നാന്റിസ് ശാസനം പുറപ്പെടുവിക്കപ്പെട്ട 1598 മുതൽ ഏകദേശം 1630 വരെ അതിനോടുള്ള എതിർപ്പ് പ്രൊട്ടസ്റ്റന്റുകാരും കത്തോലിക്കരും തമ്മിലുള്ള പൊതു സംവാദങ്ങളെയും സഭാ സാഹിത്യ കൃതികളുടെ പ്രസിദ്ധീകരണത്തെയും കേന്ദ്രീകരിച്ചായിരുന്നു. എന്നാൽ അസഹിഷ്ണുതയ്ക്ക് അനേകം മുഖങ്ങൾ ഉണ്ടായിരുന്നു.
1621 മുതൽ 1629 വരെ പ്രൊട്ടസ്റ്റന്റുകാരോടു പൊരുതിയ ശേഷം, തുടർച്ചയായ അടിച്ചമർത്തൽ നടപടികളിലൂടെ അവരെ കത്തോലിക്കാ അണിയിലേക്കു ബലം പ്രയോഗിച്ചു കൊണ്ടുവരാൻ ഫ്രഞ്ച് ഗവൺമെന്റ് ശ്രമിച്ചു “സൂര്യ രാജാവ്” ആയ ലൂയി പതിനാലാമന്റെ കീഴിൽ ആ പീഡനം രൂക്ഷമായി. അദ്ദേഹത്തിന്റെ പീഡന നയം നാന്റിസ് ശാസനം റദ്ദാക്കുന്നതിലേക്കു നയിച്ചു.
വിലക്കുകൾ കർക്കശമാക്കുന്നു
വിലക്കുകൾ കർക്കശമാക്കിയതിന്റെ ഭാഗമായി പ്രൊട്ടസ്റ്റന്റുകാരുടെ പൗരാവകാശങ്ങൾ ഒന്നൊന്നായി നീക്കം ചെയ്യപ്പെട്ടു. 1657-നും 1685-നും ഇടയ്ക്ക് ഹ്യൂഗനോട്ടുകൾക്ക് എതിരെ ഏതാണ്ട് 300 ഉത്തരവുകൾ പുറപ്പെടുവിച്ചു, അവയിൽ മിക്കവയും പുരോഹിതന്മാരുടെ നിർദേശപ്രകാരം ആയിരുന്നു. ഹ്യൂഗനോട്ടുകളുടെ ജീവിതത്തിന്റെ എല്ലാ വശങ്ങളെയും ആ ഉത്തരവുകൾ ആക്രമിച്ചു. ദൃഷ്ടാന്തത്തിന്, വൈദ്യം, നീതിന്യായ രംഗത്തെ ഉദ്യോഗങ്ങൾ തുടങ്ങി വലിയൊരു കൂട്ടം തൊഴിലുകൾ അവർക്കു നിഷേധിക്കപ്പെട്ടു, എന്തിന് സൂതികർമം പോലും. സൂതികർമത്തിന്റെ കാര്യത്തിൽ ഒരു ചരിത്രകാരൻ ഇങ്ങനെ ന്യായവാദം ചെയ്തു: “നിലവിലുള്ള വ്യവസ്ഥാപിത ക്രമത്തെ തകർക്കാൻ ലക്ഷ്യമിട്ടിരിക്കുന്ന ഒരു പാഷണ്ഡിയുടെ കൈകളിൽ ഒരുവന്റെ ജീവനെ എങ്ങനെ വിശ്വസിച്ച് ഏൽപ്പിക്കാനാകും?”
1677-ൽ അടിച്ചമർത്തൽ കൂടുതൽ കഠിനമായി. കത്തോലിക്കനെ മതപരിവർത്തനം ചെയ്യിക്കാൻ ശ്രമിച്ചതിന് പിടിക്കപ്പെടുന്ന ഏതൊരു ഹ്യൂഗനോട്ടിനും ആയിരം ഫ്രഞ്ച് പൗണ്ട് പിഴയിടുമായിരുന്നു. ഭാരിച്ച നികുതിയിൽ നിന്നും ലഭിക്കുന്ന ദേശീയ ഫണ്ടുകൾ ഹ്യൂഗനോട്ടുകളെ മതപരിവർത്തനം ചെയ്യിക്കാൻ ഉപയോഗിച്ചിരുന്നു. 1675-ൽ കത്തോലിക്കാ പുരോഹിതവർഗം ലൂയി പതിനാലാമന് 45 ലക്ഷം ഫ്രഞ്ച് പൗണ്ട് കൊടുത്ത ശേഷം ഇങ്ങനെ പറഞ്ഞു: “അധികാരം ഉപയോഗിച്ച് പാഷണ്ഡികളെ പാടേ തൂത്തെറിഞ്ഞുകൊണ്ട് താങ്കൾ കൃതജ്ഞത പ്രകടമാക്കണം.” പരിവർത്തിതരെ “വിലയ്ക്കു വാങ്ങുന്ന” ഈ തന്ത്രത്തിന്റെ ഫലമായി മൂന്നു വർഷംകൊണ്ട് 10,000 പേർ കത്തോലിക്കാ മതത്തിലേക്കു പരിവർത്തനം ചെയ്തു.
1663-ൽ പ്രൊട്ടസ്റ്റന്റു മതത്തിലേക്കുള്ള പരിവർത്തനം നിയമ വിരുദ്ധമാക്കി. ഹ്യൂഗനോട്ടുകൾക്ക് എവിടെ താമസിക്കാം എന്നതിലും നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു. നടപടികൾ അതിരുകടന്നവ ആയിരുന്നു. ദൃഷ്ടാന്തത്തിന്, കുട്ടികൾക്ക് ഏഴാമത്തെ വയസ്സിൽ മാതാപിതാക്കളുടെ സമ്മതം കൂടാതെ കത്തോലിക്കർ ആകാൻ കഴിയുമായിരുന്നു. ജെസ്യൂട്ടുകളോ മറ്റ് കത്തോലിക്കാ പ്രബോധകരോ മക്കൾക്കു നൽകുന്ന മത വിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായം ചെയ്യാൻ പ്രൊട്ടസ്റ്റന്റുകാരായ മാതാപിതാക്കൾ ബാധ്യസ്ഥരായിരുന്നു.
ഹ്യൂഗനോട്ടുകളെ അടിച്ചമർത്താനുള്ള മറ്റൊരു ആയുധമായിരുന്നു രഹസ്യ കോൺപാനി ഡ്യൂ സാൻ-സാക്രമാൻ (വിശുദ്ധ കൂദാശാ സംഘം). ഒരു കത്തോലിക്കാ സംഘടന ആയിരുന്ന അത് ഫ്രാൻസ് മുഴുവൻ വ്യാപിച്ചു കിടന്ന ഒരു “ബൃഹത്തായ ശൃംഖല”യ്ക്കു തുല്യമായിരുന്നു എന്ന് ചരിത്രകാരനായ ഷാനിൻ ഗരിസോൺ പറയുന്നു. സമൂഹത്തിലെ കുലീന വർഗത്തിന് ഇടയിൽ കടന്നുകയറാൻ അതിന് പണത്തിനോ രഹസ്യ വിവരങ്ങൾക്കോ കുറവുണ്ടായിരുന്നില്ല. അതിന്റെ തന്ത്രങ്ങൾ പലവിധമായിരുന്നു എന്ന് ഗരിസോൺ വിവരിക്കുന്നു. “പ്രൊട്ടസ്റ്റന്റ് സമൂഹത്തെ ദുർബലമാക്കാൻ സമ്മർദം മുതൽ തടസ്സപ്പെടുത്തൽ വരെ, ദുരുപായം മുതൽ കുറ്റാരോപണം വരെ ഏതു മാർഗവും കോൺപാനി സ്വീകരിച്ചു. എന്നിരുന്നാലും മിക്ക ഹ്യൂഗനോട്ടുകളും ഈ പീഡന കാലത്തു ഫ്രാൻസിൽതന്നെ താമസിച്ചു. ചരിത്രകാരനായ ഗരിസോൺ പറയുന്നു: “പ്രൊട്ടസ്റ്റന്റുകാരോടുള്ള ശത്രുത ക്രമേണ വർധിച്ചപ്പോൾ അവർ കൂട്ടമായി രാജ്യം വിട്ടു പോകാതിരുന്നത് എന്തുകൊണ്ടെന്ന് മനസ്സിലാക്കാൻ സാധിക്കുന്നില്ല.” എന്നാൽ സ്വാതന്ത്ര്യത്തിലേക്കുള്ള പലായനം കാലക്രമേണ അനിവാര്യമായിത്തീർന്നു.
വീണ്ടും ഒന്നു മുതൽ
നോമേഗൻ സമാധാന ഉടമ്പടിയുടെയും (1678) റാറ്റിസ്ബോൺ യുദ്ധവിരാമ കരാറിന്റെയും (1684) ഫലമായി ലൂയി പതിനാലാമൻ രാജാവ് മറ്റു രാജ്യങ്ങളുമായുള്ള യുദ്ധങ്ങളിൽനിന്നു സ്വതന്ത്രനായി. ഇംഗ്ലീഷ് കനാലിന് അപ്പുറത്ത്, 1685 ഫെബ്രുവരിയിൽ ഒരു കത്തോലിക്കൻ രാജാവായി. ലൂയി പതിനാലാമന് ഈ പുതിയ സാഹചര്യം മുതലെടുക്കാൻ കഴിഞ്ഞു. ഏതാനും വർഷം മുമ്പ്, ഫ്രാൻസിലെ കത്തോലിക്കാ പുരോഹിതവർഗം പാപ്പായുടെ അധികാരം പരിമിതപ്പെടുത്തിക്കൊണ്ടുള്ള ഗാലിക്കൻ ചതുർ വ്യവസ്ഥകൾ കൊണ്ടുവന്നിരുന്നു. അപ്പോൾ ഇന്നസെന്റ് പതിനൊന്നാമൻ പാപ്പാ “ഫ്രഞ്ച് സഭയെ വിഭജന പ്രവണതയുള്ളതായി വീക്ഷിച്ചു.” തത്ഫലമായി, നാന്റിസ് ശാസനം റദ്ദാക്കുകവഴി ലൂയി പതിനാലാമന് തന്റെ സത്പേര് വീണ്ടെടുക്കാനും പാപ്പായുമായി സാധാരണഗതിയിലുള്ള ബന്ധങ്ങൾ പുനഃസ്ഥാപിക്കാനും കഴിഞ്ഞു.
പ്രൊട്ടസ്റ്റന്റുകാരോടുള്ള രാജാവിന്റെ നയം തികച്ചും വ്യക്തമായി. മൃദുവായ സമീപനം (പ്രേരിപ്പിക്കലും നിയമനിർമാണവും) സ്പഷ്ടമായും വിലപ്പോയില്ല. നേരേമറിച്ച്, സൈന്യത്തെ ഉപയോഗിച്ചുള്ള പുതിയ പീഡന നടപടികൾ (dragonnades)a വിജയകരമായിരുന്നു. അതുകൊണ്ട് 1685-ൽ ലൂയി പതിനാലാമൻ നാന്റിസ് ശാസനം റദ്ദാക്കിക്കൊണ്ട് ഫോണ്ടെയ്ൻബ്ലോ ശാസനത്തിൽ ഒപ്പു വെച്ചു. ഈ റദ്ദാക്കലിനോടു ബന്ധപ്പെട്ട അക്രമം ഹ്യൂഗനോട്ടുകളെ നാന്റിസ് ശാസനത്തിനു മുമ്പ് ഉണ്ടായിരുന്നതിലും മോശമായ ഒരു സാഹചര്യത്തിലാക്കി. അവർ ഇനി എന്തു ചെയ്യുമായിരുന്നു?
ഒളിച്ചു പാർക്കുമോ, പോരാടുമോ അതോ പലായനം ചെയ്യുമോ?
ചില ഹ്യൂഗനോട്ടുകൾ രഹസ്യമായി ആരാധന നടത്താൻ തീരുമാനിച്ചു. അവരുടെ യോഗ സ്ഥലങ്ങൾ നശിപ്പിക്കുകയും പരസ്യ ആരാധന നിരോധിക്കുകയും ചെയ്തതോടെ അവർ ‘ഉപേക്ഷിതരുടെ സഭ’യിലേക്ക് അഥവാ രഹസ്യ ആരാധനയിലേക്ക് തിരിഞ്ഞു. 1686-ൽ പാസാക്കിയ നിയമം അനുസരിച്ച് അത്തരം യോഗങ്ങൾ നടത്തുന്നവർ വധശിക്ഷയ്ക്കു വിധിക്കപ്പെടാനുള്ള സാധ്യത നിലനിൽക്കെയാണ് അവർ അപ്രകാരം ചെയ്തത്. പിന്നീടു തിരിച്ചു പരിവർത്തനം ചെയ്യാൻ കഴിഞ്ഞേക്കും എന്നു കരുതി ചില ഹ്യൂഗനോട്ടുകൾ തങ്ങളുടെ വിശ്വാസം തള്ളിപ്പറഞ്ഞു. അത്തരം പരിവർത്തിതർ കത്തോലിക്കാ മതം ആചരിച്ചത് ഉപരിപ്ലവമായിട്ടാണ്. അത് പിന്നീടുള്ള തലമുറകളിലേക്കു കൈമാറപ്പെടുകയും ചെയ്തു.
മതപരിവർത്തനങ്ങൾ ഉറപ്പാക്കാൻ ഗവൺമെന്റ് ശ്രമിച്ചു. പുതിയ പരിവർത്തിതർക്ക് ജോലികൾ കിട്ടണമെങ്കിൽ, പള്ളിയിലെ അവരുടെ ഹാജർ കുറിച്ചിരുന്ന ഇടവക പുരോഹിതൻ ഒപ്പിട്ട, കത്തോലിക്കാ സഭാ അംഗത്വം സാക്ഷ്യപ്പെടുത്തുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണമായിരുന്നു. കുട്ടികളെ മാമ്മോദീസാ മുക്കി കത്തോലിക്കരായി വളർത്തിക്കൊണ്ടു വന്നില്ലെങ്കിൽ അവരെ മാതാപിതാക്കളിൽ നിന്ന് അകറ്റുമായിരുന്നു. വിദ്യാലയങ്ങൾ കത്തോലിക്കാ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കണമായിരുന്നു. “പുസ്തക [ബൈബിൾ] ജനത”യ്ക്കു—പ്രൊട്ടസ്റ്റന്റുകാരെ അങ്ങനെയാണ് വിളിച്ചിരുന്നത്—വേണ്ടി കത്തോലിക്കാ അനുകൂല മത ഗ്രന്ഥങ്ങൾ നിർമിക്കാനുള്ള ശ്രമങ്ങൾ നടന്നു. ഗവൺമെന്റ് പത്തു ലക്ഷം പുസ്തകങ്ങൾ അച്ചടിച്ച് കൂടുതൽ ആളുകൾ മതപരിവർത്തനം ചെയ്ത പ്രദേശങ്ങളിലേക്കു കയറ്റി അയച്ചു. സമ്മർദ നടപടികൾ തികച്ചും അതിരുകടന്നവ ആയിരുന്നു. ദൃഷ്ടാന്തത്തിന്, രോഗശയ്യയിൽ ആയിരിക്കുന്ന ഒരുവൻ കത്തോലിക്കരുടെ അന്ത്യകൂദാശ സ്വീകരിക്കാൻ വിസമ്മതിക്കുകയും പിന്നീടു സുഖം പ്രാപിക്കുകയും ചെയ്താൽ അയാൾക്കു ജീവപര്യന്തം ജയിൽ ശിക്ഷയോ കപ്പലിൽ തണ്ടുവലിയോ വിധിച്ചിരുന്നു. പിന്നീട്, അയാൾ മരിക്കുമ്പോൾ ശവശരീരം ഉച്ഛിഷ്ടം പോലെ വലിച്ചെറിയുകയും അയാളുടെ വസ്തുവകകൾ കണ്ടുകെട്ടുകയും ചെയ്തിരുന്നു.
ചില ഹ്യൂഗനോട്ടുകൾ സായുധ ചെറുത്തുനിൽപ്പിലേക്കു തിരിഞ്ഞു. മതഭ്രാന്തിനു പേരുകേട്ട സേവൻ പ്രദേശത്ത് കാമസാർഡുകൾ എന്നു വിളിക്കപ്പെട്ടിരുന്ന ഹ്യൂഗനോട്ടുകൾ 1702-ൽ കലാപം ഉണ്ടാക്കി. കാമസാർഡുകളുടെ പതിയിരിപ്പ് ആക്രമണത്തിനും രാത്രികാല ആക്രമണത്തിനും മറുപടിയായി ഗവൺമെന്റ് സൈന്യങ്ങൾ ഗ്രാമങ്ങൾ ചുട്ടു ചാമ്പലാക്കി. കുറേ കാലത്തേക്ക് ഹ്യൂഗനോട്ടുകളുടെ ആക്രമണം ഇടയ്ക്കിടെ ഉണ്ടായെങ്കിലും 1710-ഓടെ ലൂയി പതിനാലാമന്റെ ശക്തമായ സൈന്യം കാമസാർഡുകളെ തകർത്തു തരിപ്പണമാക്കി.
ഫ്രാൻസിൽനിന്നുള്ള ഒളിച്ചോട്ടമായിരുന്നു ഹ്യൂഗനോട്ടുകളുടെ മറ്റൊരു പ്രതികരണ രീതി. ഈ പലായനം യഥാർഥ ചിതറിപ്പോക്ക് എന്നു വിളിക്കപ്പെട്ടു. വിട്ടുപോയപ്പോൾ മിക്ക ഹ്യൂഗനോട്ടുകളും നിർധനരായിരുന്നു. കാരണം അവരുടെ വസ്തുവകകൾ രാഷ്ട്രം കണ്ടുകെട്ടിയിരുന്നു. ആ സമ്പത്തിന്റെ ഒരു ഭാഗം കത്തോലിക്കാ സഭയ്ക്കാണ് ലഭിച്ചത്. അതുകൊണ്ട് ഓടിപ്പോക്ക് അത്ര എളുപ്പമായിരുന്നില്ല. പുറത്തേക്കുള്ള വഴികളിൽ കാവൽ ഏർപ്പെടുത്തിയും കപ്പലുകൾ പരിശോധിച്ചും ഫ്രഞ്ച് ഗവൺമെന്റ് അതിനോടു സത്വരം പ്രതികരിച്ചു. ഫ്രാൻസിൽനിന്നു പോകുന്ന കപ്പലുകൾ കടൽക്കൊള്ളക്കാർ തട്ടിയെടുത്തിരുന്നു. കാരണം രക്ഷപ്പെട്ടു പോകുന്നവരെ പിടിച്ചുകൊടുത്താൽ അവർക്കു പ്രതിഫലം ലഭിക്കുമായിരുന്നു. ഒളിച്ചോടവേ പിടിക്കപ്പെട്ട ഹ്യൂഗനോട്ടുകൾ കടുത്ത ശിക്ഷയെ അഭിമുഖീകരിച്ചിരുന്നു. ഓടിപ്പോകാൻ പദ്ധതിയിടുന്നവരുടെ പേരുകളും സഞ്ചാര മാർഗങ്ങളും കണ്ടുപിടിക്കാൻ സമുദായത്തിന് ഉള്ളിൽത്തന്നെ പ്രവർത്തിച്ചിരുന്ന ചാരന്മാർ നടത്തിയ ശ്രമം അവസ്ഥ കൂടുതൽ വഷളാക്കി. കത്തുകൾ പിടിച്ചെടുക്കൽ, വ്യാജ രേഖകൾ ചമയ്ക്കൽ, ഗൂഢാലോചന നടത്തൽ എന്നിവ അന്ന് സർവസാധാരണം ആയിരുന്നു.
സ്വാഗതം അരുളുന്ന ഒരു അഭയസ്ഥാനം
ഫ്രാൻസിൽനിന്നുള്ള ഹ്യൂഗനോട്ടുകളുടെ പലായനവും ആതിഥേയ രാജ്യങ്ങളിൽ അവർക്കു ലഭിച്ച സ്വാഗതവും റഫ്യൂജ് എന്ന് അറിയപ്പെട്ടു. ഹ്യൂഗനോട്ടുകൾ ഹോളണ്ട്, സ്വിറ്റ്സർലൻഡ്, ജർമനി എന്നീ രാജ്യങ്ങളിലേക്കു പലായനം ചെയ്തു. പിൽക്കാലത്ത് ചിലർ സ്കാൻഡിനേവിയ, അമേരിക്ക, അയർലൻഡ്, വെസ്റ്റ് ഇൻഡീസ്, ദക്ഷിണാഫ്രിക്ക, റഷ്യ എന്നിവിടങ്ങളിലേക്കു പോയി.
അനവധി യൂറോപ്യൻ രാജ്യങ്ങൾ ഹ്യൂഗനോട്ടുകളുടെ കുടിയേറ്റം പ്രോത്സാഹിപ്പിച്ചു കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങൾ നടത്തി. സൗജന്യ പൗരത്വം, നികുതി ഒഴിവ്, വ്യവസായ-തൊഴിൽ സംഘടനകളിലെ അംഗത്വം എന്നിവ ആയിരുന്നു നൽകപ്പെട്ട പ്രോത്സാഹന വാഗ്ദാനങ്ങളിൽ ചിലത്. ചരിത്രകാരിയായ എലിസബത്ത് ലാബ്രൂസ് പറയുന്നത് അനുസരിച്ച് ഹ്യൂഗനോട്ടുകളിൽ ഭൂരിഭാഗം പേരും “അസാധാരണ ധാർമിക മൂല്യം കൈമുതലായുള്ള പരിശ്രമശാലികളും ഊർജസ്വലരുമായ ചെറുപ്പക്കാരായ പ്രജകൾ” ആയിരുന്നു. അങ്ങനെ ഫ്രാൻസിന് അതിന്റെ പ്രതാപത്തിന്റെ ഉച്ചകോടിയിൽ, അനേകം തൊഴിലുകളിൽ, നിപുണരായ തൊഴിലാളികളെ നഷ്ടമായി. അതേ, “വസ്തുവകകൾ, ധനം, സാങ്കേതിക വിദ്യകൾ” എന്നിവ വിദേശത്തേക്കു നീങ്ങി. ഹ്യൂഗനോട്ടുകൾക്ക് അഭയം വാഗ്ദാനം ചെയ്തതിൽ മത-രാഷ്ട്രീയ ഘടകങ്ങളും ഒരു പങ്കു വഹിച്ചിരുന്നു. എന്നാൽ ഈ കുടിയേറ്റത്തിന്റെ ദീർഘകാല ഫലങ്ങൾ എന്തൊക്കെ ആയിരുന്നു?
നാന്റിസ് ശാസനത്തിന്റെ റദ്ദാക്കലും തത്ഫലമായുള്ള പീഡനവും പ്രതികൂലമായ രാജ്യാന്തര പ്രതികരണത്തിന് ഇടയാക്കി. ഫ്രഞ്ചു വിരുദ്ധ വികാരങ്ങൾ മുതലെടുത്ത് നെതർലൻഡ്സിന്റെ ഭരണാധിപനാകാൻ വില്യം ഓഫ് ഓറഞ്ചിനു സാധിച്ചു. ഹ്യൂഗനോട്ട് ഓഫീസർമാരുടെ സഹായത്താൽ അദ്ദേഹം കത്തോലിക്കനായ ജയിംസ് രണ്ടാമനെ സ്ഥാനഭ്രഷ്ടനാക്കിക്കൊണ്ട് ഗ്രേറ്റ് ബ്രിട്ടനിലെയും രാജാവായി. ചരിത്രകാരനായ ഫിലിപ്പി ഷൂട്ടർ പറയുന്നു: “ജയിംസ് രണ്ടാമനെ സ്ഥാനഭ്രഷ്ടനാക്കാനും ഓഗസ്ബർഗ് സഖ്യം രൂപീകരിക്കാനുമുള്ള പ്രധാന കാരണം ലൂയി പതിനാലാമന്റെ പ്രൊട്ടസ്റ്റന്റു നയമായിരുന്നു. . . . ഫ്രഞ്ച് മേധാവിത്വം ഇംഗ്ലീഷ് മേധാവിത്വത്തിനു വഴിമാറിക്കൊടുത്തതിലേക്കു നയിച്ച ഒരു വഴിത്തിരിവ് ആയിരുന്നു [ഈ] സംഭവങ്ങൾ.”
സാംസ്കാരിക രംഗത്ത് ഹ്യൂഗനോട്ടുകൾ യൂറോപ്പിൽ സുപ്രധാനമായൊരു പങ്കു വഹിച്ചു. ജ്ഞാനപ്രകാശന തത്ത്വചിന്തയ്ക്കും സഹിഷ്ണുതയുടേതായ ആശയങ്ങൾക്കും രൂപം നൽകാൻ സഹായിച്ച സാഹിത്യങ്ങൾ ഉത്പാദിപ്പിക്കാൻ തങ്ങൾക്കു പുതുതായി ലഭിച്ച സ്വാതന്ത്ര്യം അവർ വിനിയോഗിച്ചു. ദൃഷ്ടാന്തത്തിന്, പ്രകൃതിദത്ത അവകാശങ്ങളുടെ ആശയം പ്രചരിപ്പിച്ച ഇംഗ്ലീഷ് തത്ത്വചിന്തകനായ ജോൺ ലോക്കിന്റെ കൃതികൾ ഒരു ഫ്രഞ്ച് പ്രൊട്ടസ്റ്റന്റുകാരൻ പരിഭാഷപ്പെടുത്തി. മറ്റ് പ്രൊട്ടസ്റ്റന്റ് എഴുത്തുകാർ മനസ്സാക്ഷി സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തിന് ഊന്നൽ നൽകി. ഭരണകർത്താക്കളോടുള്ള അനുസരണം ആപേക്ഷികമാണെന്നും ജനങ്ങളുമായുള്ള കരാർ അവർ ലംഘിക്കുന്നെങ്കിൽ അവരെ അനുസരിക്കേണ്ടന്നുമുള്ള ആശയം വികാസം പ്രാപിച്ചു. അങ്ങനെ, ചരിത്രകാരനായ ചാൾസ് റീഡ് വിശദീകരിക്കുന്നതു പോലെ നാന്റിസ് ശാസനം റദ്ദാക്കിയതായിരുന്നു “ഫ്രഞ്ചു വിപ്ലവത്തിന്റെ പ്രകടമായ കാരണങ്ങളിൽ ഒന്ന്.”
പാഠങ്ങൾ പഠിച്ചോ?
പീഡനം വിപരീത ഫലങ്ങൾ ഉളവാക്കിയതും വേണ്ടപ്പെട്ട അനേകം ആളുകളെ രാഷ്ട്രത്തിനു നഷ്ടമായതും നിമിത്തം ലൂയി പതിനാലാമൻ രാജാവിന്റെ സൈനിക ഉപദേഷ്ടാവായിരുന്ന മാർക്വിസ് ദെ വോബാൻ നാന്റിസ് ശാസനം പുനഃസ്ഥാപിക്കാൻ രാജാവിനെ ഉദ്ബോധിപ്പിച്ചുകൊണ്ട് ഇങ്ങനെ പ്രസ്താവിച്ചു: “ഹൃദയങ്ങളെ പരിവർത്തനം ചെയ്യിക്കൽ ദൈവത്തിനു മാത്രം ഉള്ളതാണ്.” എന്നാൽ ആ പാഠം ഉൾക്കൊണ്ട് തീരുമാനം മാറ്റാൻ ഫ്രഞ്ച് ഗവൺമെന്റ് തയ്യാറാകാതിരുന്നത് എന്തുകൊണ്ടാണ്? അത് രാഷ്ട്രത്തെ ദുർബലപ്പെടുത്തുമോ എന്ന് രാജാവു ഭയപ്പെട്ടതായിരുന്നു ഒരു കാരണം. കൂടുതലായി, 17-ാം നൂറ്റാണ്ടിൽ ഫ്രാൻസിൽ നിലവിലിരുന്ന കത്തോലിക്കാ നവീകരണവും മതപരമായ അസഹിഷ്ണുതയും അനുവദിച്ചു കൊടുക്കുന്നത് അവസരോചിത സംഗതി ആയിരുന്നു.
“ഒരു സമൂഹത്തിന് ബഹുവിശ്വാസം എത്രത്തോളം അനുവദിക്കാനും സഹിക്കാനും കഴിയും?” എന്നു ചോദിക്കാൻ ആ റദ്ദാക്കലിനെ ചുറ്റിപ്പറ്റിയുള്ള സംഭവങ്ങൾ ചിലരെ പ്രേരിപ്പിച്ചു. തീർച്ചയായും “അധികാരത്തിനു വേണ്ടിയുള്ള തന്ത്രങ്ങളെയും അവയിലെ അധാർമികത”യെയുംപറ്റി ചിന്തിക്കാതെ ഹ്യൂഗനോട്ടുകളുടെ ചരിത്രത്തെക്കുറിച്ച് ചിന്തിക്കാനാവില്ലെന്ന് ചരിത്രകാരന്മാർ അഭിപ്രായപ്പെട്ടിരിക്കുന്നു. വംശീയമായും മതപരമായും വളരെയേറെ വൈജാത്യങ്ങൾ ഉള്ള ഇന്നത്തെ സമൂഹങ്ങളിൽ സഭാപ്രേരിത രാഷ്ട്രീയത്തിന് ജനങ്ങളുടെ ഉത്തമ താത്പര്യങ്ങളെക്കാൾ പ്രാധാന്യം ലഭിക്കുമ്പോൾ എന്തു സംഭവിക്കുന്നു എന്നതിന്റെ അസുഖകരമായ ഓർമിപ്പിക്കലാണ് സ്വാതന്ത്ര്യത്തിലേക്കുള്ള ഹ്യൂഗനോട്ടുകളുടെ പലായനം.
[അടിക്കുറിപ്പുകൾ]
a 28-ാം പേജിലെ ചതുരം കാണുക.
[28-ാം പേജിലെ ചതുരം]
ഡ്രഗൂണുകൾ
ഭയപ്പെടുത്തിയുള്ള മതപരിവർത്തനം
ചിലർ ഡ്രഗൂണുകളെ “ഉത്തമ മിഷനറിമാ”രായി കരുതി. എന്നാൽ ഹ്യൂഗനോട്ടുകളുടെ ഇടയിൽ അവർ വിതച്ചത് പരിഭ്രാന്തി ആയിരുന്നു. അവർ വരുന്നതായി കേട്ടപ്പോൾത്തന്നെ മുഴു ഗ്രാമങ്ങളും കത്തോലിക്കാ മതത്തിലേക്കു പരിവർത്തനം ചെയ്ത സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഈ ഡ്രഗൂണുകൾ ആരായിരുന്നു?
ഹ്യൂഗനോട്ടുകളെ ഭയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അവരുടെ വീടുകളിൽ കയറി താമസിച്ചിരുന്ന സായുധ പട്ടാളക്കാർ ആയിരുന്നു ഡ്രഗൂണുകൾ. ഡ്രഗൂണുകളെ ഈ വിധത്തിൽ ഉപയോഗിച്ചത് ഡ്രഗണേഡ് എന്ന് അറിയപ്പെടുന്നു. കുടുംബങ്ങളുടെ ഭാരം വർധിപ്പിക്കാനായി അവയുടെ വരുമാനത്തിന് ആനുപാതികം ആയതിലും അധികം പേരെ വീടുകളിലേക്ക് അയച്ചിരുന്നു. കുടുംബങ്ങളോട് മൃഗീയമായി പെരുമാറാനും അവരുടെ ഉറക്കം കെടുത്താനും വസ്തുവകകൾ നശിപ്പിക്കാനും ഡ്രഗൂണുകൾക്ക് അധികാരം ഉണ്ടായിരുന്നു. വീട്ടുകാർ പ്രൊട്ടസ്റ്റന്റ് വിശ്വാസം തള്ളിപ്പറഞ്ഞാൽ ഡ്രഗൂണുകൾ വിട്ടുപോകുമായിരുന്നു.
വളരെ ഏറെ ഹ്യൂഗനോട്ടുകൾ ഉണ്ടായിരുന്ന പശ്ചിമ ഫ്രാൻസിലെ പോയിട്ടൂവിൽ മതപരിവർത്തനം നടത്താനായി 1681-ൽ ഡ്രഗൂണുകളെ ഉപയോഗിച്ചു. ഏതാനും മാസത്തിനുള്ളിൽ 30,000 മുതൽ 35,000 വരെ ആളുകൾ പരിവർത്തനം ചെയ്തു. ഹ്യൂഗനോട്ടുകൾ വസിച്ചിരുന്ന മറ്റു സ്ഥലങ്ങളിലും 1685-ൽ ഇതേ മാർഗം തന്നെ ഉപയോഗിച്ചു. ഏതാനും മാസങ്ങൾക്കുള്ളിൽ 3,00,000-ത്തിനും 4,00,000-ത്തിനും ഇടയ്ക്ക് ആളുകൾ തങ്ങളുടെ വിശ്വാസം തള്ളിപ്പറഞ്ഞു. ചരിത്രകാരനായ ഷാൻ കേന്യാറുടെ അഭിപ്രായം അനുസരിച്ച് ഡ്രഗൂണുകളുടെ വിജയം “[സഹിഷ്ണുതാപരമായ നാന്റിസ് ശാസനത്തിന്റെ] റദ്ദാക്കൽ അനിവാര്യമാക്കിത്തീർത്തു, കാരണം അത് ഇപ്പോൾ സാധ്യമാണെന്നു തോന്നി.”
[കടപ്പാട]
© Cliché Bibliothèque Nationale de France, Paris
[25-ാം പേജിലെ ചിത്രം]
1689-ലെ ഈ പ്രഖ്യാപനം മത മർദനത്തിൽനിന്നു വിടുതൽ അന്വേഷിച്ച ഫ്രഞ്ച് പ്രൊട്ടസ്റ്റന്റുകാർക്ക് അഭയമായി ഉതകി
[കടപ്പാട]
By permission of The Huguenot Library, Huguenot Society of Great Britain and Ireland, London
[26-ാം പേജിലെ ചിത്രം]
നാന്റിസ് ശാസനത്തിന്റെ റദ്ദാക്കൽ, 1685 (റദ്ദാക്കൽ ശാസനത്തിന്റെ ആദ്യ പേജാണ് കാണിച്ചിരിക്കുന്നത്)
[കടപ്പാട]
Documents conservés au Centre Historique des Archives nationales à Paris
[26-ാം പേജിലെ ചിത്രം]
അനേകം പ്രൊട്ടസ്റ്റന്റ് ദേവാലയങ്ങൾ നശിപ്പിക്കപ്പെട്ടു
[കടപ്പാട]
© Cliché Bibliothèque Nationale de France, Paris