ഇന്നത്തെ നമ്മുടെ ലോകത്തിന്റെ സ്ഥിതിയെന്ത്?
നിങ്ങൾക്ക് 1945-ലെ സംഭവങ്ങൾ ഓർക്കാൻമാത്രം പ്രായമുണ്ടെങ്കിൽ നിലവാരങ്ങൾക്കും ധാർമികതത്ത്വങ്ങൾക്കും എന്തെങ്കിലും മാറ്റം വന്നിരിക്കുന്നതായി നിങ്ങൾ കണ്ടിട്ടുണ്ടോ? ഏറെ സ്വാതന്ത്ര്യം വാഗ്ദാനം ചെയ്യുന്നതായി കരുതപ്പെടുന്ന “പുത്തൻ ധാർമികത”യെ ലക്ഷങ്ങൾ ആശ്ലേഷിച്ചിരിക്കുന്നു. എന്നാൽ എന്തു വിലയൊടുക്കിക്കൊണ്ട്?
രണ്ടാം ലോകമഹായുദ്ധകാലത്ത് യു.എസ്. നാവികസേനയിൽ സേവിച്ച ഒരു 70-കാരൻ ഇങ്ങനെ പ്രസ്താവിച്ചു: “1940-കളിൽ ആളുകൾക്ക് ഇന്നത്തെക്കാളധികം ആശ്രയത്വമുണ്ടായിരുന്നു. അന്ന് അയൽവാസികൾ പരസ്പരം സഹായിച്ചിരുന്നു. കാലിഫോർണിയയിൽ ഞങ്ങൾ താമസിച്ചിരുന്നിടത്ത് ഞങ്ങൾക്കു വാതിലുകൾ പൂട്ടുകപോലും വേണ്ടായിരുന്നു. തെരുവു കുറ്റകൃത്യമില്ലായിരുന്നു, സ്കൂളുകളിൽ സായുധ അക്രമത്തെക്കുറിച്ചു കേട്ടുകേൾവി പോലുമില്ലായിരുന്നു. അക്കാലത്തിനുശേഷം ആശ്രയത്വം തീർത്തും അപ്രത്യക്ഷമായിരിക്കുകയാണ്.” നിങ്ങളുടെ സ്ഥലത്തെ സ്ഥിതിയെന്താണ്? ന്യൂയോർക്കു നഗരത്തിൽ 14 വയസ്സിനു മേലുള്ള കൗമാരപ്രായക്കാരിൽ പാതിപ്പേർ ആയുധങ്ങൾ കൊണ്ടുനടക്കുന്നുവെന്നു റിപ്പോർട്ടുണ്ട്. ചില സ്കൂളുകളിൽ കത്തികൾ, കാർട്ടൺ മുറിക്കുന്ന ബ്ലെയ്ഡുകൾ, തോക്കുകൾ എന്നിവ കൊണ്ടുവരുന്നതു തടയാൻ മെറ്റൽ ഡിറ്റക്റ്ററുകൾ ഉപയോഗിക്കുന്നു. വർഷംതോറും ഐക്യനാടുകളിൽ പത്തു ലക്ഷം കൗമാരപ്രായക്കാരാണു ഗർഭിണികളാകുന്നത്, അതിൽ മൂന്നിലൊന്നു ഗർഭച്ഛിദ്രം നടത്തുന്നു. ചെറുപ്പക്കാരായ കൗമാരപ്രായക്കാരികൾ ഇപ്പോൾത്തന്നെ അമ്മമാരായിരിക്കുകയാണ്—ശിശുക്കളുള്ള കുട്ടികൾ.
സ്ത്രീ, പുരുഷ സ്വവർഗസംഭോഗികളുടെ ശക്തമായ ഒരു വിഭാഗം തങ്ങളുടേതായ ജീവിതരീതി വളരെ ഫലപ്രദമായി വളർത്തിയെടുത്തിരിക്കുകയാണ്, തൻമൂലം അധികമധികം ആളുകൾ അതിനു മൗനാനുവാദം നൽകുകയും അതു പകർത്തുകയും ചെയ്തിരിക്കുകയാണ്. എന്നാൽ എയ്ഡ്സുപോലെ ലൈംഗികമായി പകരുന്ന രോഗങ്ങൾ കാരണം മറ്റുള്ളവരോടൊപ്പം അവരും രോഗത്തിലൂടെയും മരണത്തിലൂടെയും വലിയ വിലയൊടുക്കിയിരിക്കുകയാണ്. ഈ എയ്ഡ്സു ബാധ സ്വാഭാവിക ഭോഗികളുടെയും മയക്കുമരുന്നു ദുരുപയോഗം നടത്തുന്നവരുടെയും ഇടയിലേക്കും പടർന്നുപിടിച്ചിരിക്കുകയാണ്. അത് ആഫ്രിക്കയിലൂടെയും യൂറോപ്പിലൂടെയും വടക്കേ അമേരിക്കയിലൂടെയും ഒരു മാരകമായ ചാലു കീറിയിരിക്കുകയാണ്, അതിന്റെ അവസാനമൊട്ടു കാണുന്നുമില്ല.
രഹസ്യജീവിതത്തിന്റെ ഒരു ചരിത്രം ഇങ്ങനെ പറയുന്നു: “അക്രമം, മദ്യപാനം, മയക്കുമരുന്ന്: ഇവയാണു സ്വീഡിഷ് സമൂഹത്തിന്റെ വിലക്ഷണ പെരുമാറ്റത്തിന്റെ പ്രമുഖ രൂപങ്ങൾ.” ആ പ്രസ്താവന പാശ്ചാത്യ ലോകത്തിലെ മിക്ക രാജ്യങ്ങളുടെയും കാര്യത്തിൽ സത്യമാണ്. മതപരമായ മൂല്യങ്ങൾ തകർന്നടിഞ്ഞതോടെ ധാർമിക അധഃപതനത്തിന്റെ ഒരു തിരത്തള്ളൽ ഉണ്ടായി, അനേകം പുരോഹിതർക്കിടയിൽപ്പോലും.
മയക്കുമരുന്നു ദുരുപയോഗം—അന്നും ഇന്നും
1940-കളിൽ പാശ്ചാത്യ ലോകത്തെ സാമാന്യ ജനത്തിനു മയക്കുമരുന്നു ദുരുപയോഗത്തെക്കുറിച്ച് അത്രയൊന്നും അറിവുണ്ടായിരുന്നില്ല. ഉവ്വ്, മോർഫീനെക്കുറിച്ചും കറുപ്പിനെക്കുറിച്ചും കൊക്കെയിനെക്കുറിച്ചുമൊക്കെ ആളുകൾ കേട്ടിരുന്നു, എന്നാൽ താരതമ്യേന വളരെ കുറച്ചു പേരേ അതു ദുരുപയോഗം ചെയ്തിരുന്നുള്ളൂ. ഇന്നുള്ളതുപോലെ മയക്കുമരുന്നു രാജാക്കൻമാരോ മയക്കുമരുന്നു കച്ചവടക്കാരോ ഒന്നും അന്നില്ലായിരുന്നു. തെരുക്കോണുകളിൽ മയക്കുമരുന്നടിച്ച് ആരും കിടക്കാറില്ലായിരുന്നു. എന്നാൽ ഇന്ന്, 1995-ൽ, സ്ഥിതിയെന്താണ്? ഞങ്ങളുടെ വായനക്കാരിലനേകർക്കും തങ്ങളുടെ അയൽവക്കങ്ങളിലെ അനുഭവങ്ങളിൽനിന്ന് അതിന്റെ ഉത്തരമറിയാം. മയക്കുമരുന്നിനോടു ബന്ധപ്പെട്ട കൊലപാതകങ്ങൾ ലോകത്തിലെ പ്രമുഖ നഗരങ്ങളിലെ നിത്യസംഭവമായി മാറിയിരിക്കുകയാണ്. ശക്തരായ മയക്കുമരുന്നു രാജാക്കന്മാരുടെ സ്വാധീനത്തിലാണു രാഷ്ട്രീയക്കാരും ന്യായാധിപൻമാരും. തൻമൂലം തങ്ങളോടു സഹകരിക്കാത്ത, സ്വാധീനമുള്ള ഏതു വ്യക്തിയെയും കൊന്നുകളയാൻ മയക്കുമരുന്നു രാജാക്കൻമാർക്കു കഴിയും. കൊളംബിയയുടെയും അവിടത്തെ മയക്കുമരുന്നു ബന്ധങ്ങളുടെയും അടുത്ത കാലത്തെ ചരിത്രം ഇതിനുള്ള തെളിവാണ്.
ഐക്യനാടുകളിൽ മാത്രം വർഷംതോറും ഏതാണ്ടു 40,000 ജീവനാണു മയക്കുമരുന്നുകൾ കൊയ്തെടുക്കുന്നത്. ആ പ്രശ്നം തീർച്ചയായും 1945-ൽ ഉണ്ടായിരുന്നില്ല. മയക്കുമരുന്നു ദുരുപയോഗം ഇല്ലാതാക്കാൻ ഗവൺമെന്റുകൾ പതിറ്റാണ്ടുകളോളം ശ്രമിച്ചതിനുശേഷവും ന്യൂയോർക്കു നഗരത്തിലെ ഒരു മുൻ പൊലീസ് കമ്മിഷണറായ പാട്രിക് മർഫി വാഷിങ്ടൺ പോസ്റ്റിനു വേണ്ടി “മയക്കുമരുന്നിനെതിരെയുള്ള യുദ്ധം അവസാനിച്ചിരിക്കുന്നു—മയക്കുമരുന്നു ജയിച്ചു” എന്ന തലക്കെട്ടിൽ ഒരു ലേഖനമെഴുതിയതിൽ അതിശയിക്കാനില്ല! “മയക്കുമരുന്നു കച്ചവടമാണ് [ഐക്യനാടുകളിലെ] ഏറ്റവും ലാഭകരമായ ബിസിനസുകളിൽ ഒന്ന്, കാരണം, ഈ വർഷത്തെ ലാഭം 15,000 കോടി വരെയെത്തിയേക്കാം.” ഈ പ്രശ്നം അതിഭയങ്കരവും അപരിഹാര്യവുമായി കാണപ്പെടുന്നു. മയക്കുമരുന്നു ദുരുപയോഗത്തിനുമുണ്ടു വർധിച്ചുവരുന്ന കക്ഷിഗണങ്ങൾ. മറ്റനേകം ദുർഗുണങ്ങളുടെയും കാര്യത്തിലെന്നപോലെ അതിന്റെയും കാര്യത്തിൽ അവർ ആസക്തരാണ്. അനവധി രാഷ്ട്രങ്ങളുടെ സമ്പദ്വ്യവസ്ഥയെ പിന്താങ്ങുന്ന ഒരു വ്യവസായമാണ് ഇത്.
സാമ്പത്തികശാസ്ത്ര പ്രൊഫസർ ജോൺ കെ. ഗാൾബ്രെയ്ത് സംതൃപ്തിയുടെ സംസ്കാരം (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ ഇങ്ങനെയെഴുതി: “മയക്കുമരുന്നിടപാട്, വിവേചനാരഹിതമായ വെടിവെയ്പ്, മറ്റു കുറ്റകൃത്യങ്ങൾ, ക്ഷയിക്കുന്ന കുടുംബബന്ധങ്ങൾ, കുടുംബശിഥിലീകരണം എന്നിവയെല്ലാം ദൈനംദിന ജീവിതത്തിന്റെ ഘടകങ്ങളായിത്തീർന്നിരിക്കുകയാണ്.” നിരവധി പ്രമുഖ അമേരിക്കൻ നഗരങ്ങളിലെ ന്യൂനപക്ഷ സമുദായങ്ങൾ “ഭീകരതയുടെയും നിരാശയുടെയും കേന്ദ്രമായി മാറിയിരിക്കുകയാണ്.” അദ്ദേഹം ഇങ്ങനെ തുടർന്നു, “ഇതിലും കൂടുതൽ വിദ്വേഷവും സാമൂഹിക അശാന്തിയും പ്രതീക്ഷിക്കാവുന്നതേയുള്ളൂ.” അതെന്തുകൊണ്ട്? കാരണം അദ്ദേഹം പറയുന്നു. സമ്പത്തുള്ളവർ സമ്പന്നരാകുന്നു, പെരുകി വരുന്ന “താഴെക്കിടയിലുള്ളവർ,” പാവങ്ങൾ, പിന്നെയും പാപ്പരാകുന്നു.
സാർവദേശീയ കുറ്റകൃത്യത്തിന്റെ നീരാളിപ്പിടുത്തം
കുറ്റകൃത്യസംഘങ്ങൾ തങ്ങളുടെ സ്വാധീനം ലോകത്തൊട്ടാകെ വ്യാപിപ്പിക്കുകയാണെന്നതിനുള്ള തെളിവു വർധിച്ചുവരികയാണ്. വർഷങ്ങളായി, “ഉപവിഭാഗങ്ങ”ളോടുകൂടിയ സംഘടിത കുറ്റകൃത്യ സംഘങ്ങൾക്ക് ഇറ്റലിക്കും ഐക്യനാടുകൾക്കുമിടയിൽ ബന്ധങ്ങളുണ്ടായിരുന്നു. “അന്താരാഷ്ട്രീയ അളവിലെത്തിയ . . . സംഘടിത കുറ്റകൃത്യങ്ങൾ അതിരുകളെ ഭേദിച്ച് ഒരു സാർവത്രിക ശക്തിയായിത്തീരുകയാണെന്നു യുഎൻ സെക്രട്ടറി ജനറൽ ബൂട്രോസ് ബൂട്രോസ്-ഖാലി മുന്നറിയിപ്പു നൽകിയിരിക്കുകയാണ്. യൂറോപ്പിലും ഏഷ്യയിലും ആഫ്രിക്കയിലും അമേരിക്കയിലും അന്ധകാരത്തിന്റെ ശക്തികൾ സജീവമാണ്, ഒരു സമൂഹവും അതിൽനിന്നു വിമുക്തമല്ല.” അദ്ദേഹം ഇങ്ങനെയും കൂട്ടിച്ചേർത്തു: “അന്താരാഷ്ട്രീയ കുറ്റകൃത്യം . . . സാർവദേശീയ ജനാധിപത്യ ക്രമത്തിന്റെ അടിത്തറകൾക്കുതന്നെ തുരങ്കം വയ്ക്കുകയാണ്. [അതു] ബിസിനസ് രംഗത്തെ വിഷലിപ്തമാക്കുന്നു, രാഷ്ട്രീയ നേതാക്കളെ ദുഷിപ്പിക്കുന്നു, മനുഷ്യാവകാശങ്ങളെ കാറ്റിൽ പറത്തുന്നു.”
ഭൂപടത്തിനു മാറ്റം വന്നിരിക്കുന്നു
20-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ഉണ്ടായ ഏറ്റവും വലിയ രണ്ടു സംഭവങ്ങൾ കോളനി വാഴ്ചയുടെ തകർച്ചയും കിഴക്കൻ യൂറോപ്പിലെ കമ്മ്യുണിസത്തിന്റെ വീഴ്ചയും ആയിരുന്നെന്നു ചെക്ക് റിപ്പബ്ലിക്ക് പ്രസിഡൻറ് വക്ലാവ് ഹാവെൽ യു.എസ്.എ.-യിലെ ഫിലഡെൽഫിയായിൽവച്ചു നടത്തിയ ഒരു പ്രസംഗത്തിൽ പറഞ്ഞു. 1945-ലെ ഒരു ഭൂപടവും 1995-ലെ ഒരു ഭൂപടവും തമ്മിൽ താരതമ്യം ചെയ്താൽ ലോകരംഗത്തുണ്ടായ സംക്ഷോഭങ്ങൾ പെട്ടെന്നു മനസ്സിലാകും, പ്രത്യേകിച്ചും ആഫ്രിക്കയിലും ഏഷ്യയിലും യൂറോപ്പിലും.
ഈ രണ്ടു കാലഘട്ടത്തിലെയും രാഷ്ട്രീയ സ്ഥിതി ഒന്നു താരതമ്യം ചെയ്തുനോക്കൂ. ഇവയ്ക്കിടയിലെ 50 വർഷങ്ങൾക്കുള്ളിൽ കമ്മ്യുണിസം അതിന്റെ ഉച്ചകോടിയിലെത്തിയെങ്കിലും മിക്ക മുൻ കമ്മ്യുണിസ്റ്റു രാജ്യങ്ങളിലും അവർ അധികാരഭ്രഷ്ടരാകുകയാണുണ്ടായത്. ആ രാഷ്ട്രങ്ങളിൽ ഏകാധിപത്യത്തിന്റെ സ്ഥാനത്ത് ഏതെങ്കിലും തരത്തിലുള്ള “ജനാധിപത്യ”മാണിപ്പോൾ. എന്നിരുന്നാലും, അനേകം ജനങ്ങൾ തങ്ങളുടെ സമൂഹം വാണിജ്യാധിഷ്ഠിത സമ്പദ്വ്യവസ്ഥയിലേക്കു മാറിയതിന്റെ ഫലങ്ങൾ അനുഭവിക്കുകയാണ്. തൊഴിലില്ലായ്മ വ്യാപകമാണ്, മിക്കപ്പോഴും പണത്തിനു മൂല്യവുമില്ല. 1989-ൽ റഷ്യൻ റൂബിളിന്റെ മൂല്യം 1.61 (യു.എസ്.) ഡോളറിനു തുല്ല്യമായിരുന്നു. ഇതെഴുതുന്ന സമയത്ത്, 4,300-ലധികം റൂബിൾ വേണം ഒരു ഡോളറിനു തുല്യമാകാൻ!
ഇന്ന്, ഏതാണ്ടു നാലു കോടിയോളം റഷ്യാക്കാർ ദാരിദ്ര്യ രേഖയ്ക്കു താഴെയാണു ജീവിക്കുന്നത് എന്ന് ആധുനിക പക്വത (ഇംഗ്ലീഷ്) എന്ന മാസിക റിപ്പോർട്ടു ചെയ്തു. “ഞങ്ങൾക്കൊന്നു മരിക്കാൻപോലും വകയില്ല. കാരണം, ഞങ്ങൾക്കു ശവസംസ്കാരം നടത്താൻ കഴിവില്ല” എന്ന് ഒരു റഷ്യാക്കാരി പറഞ്ഞു. ചുരുങ്ങിയ ചെലവിലുള്ള ഒരു ശവസംസ്കാരത്തിനുപോലും ഏതാണ്ടു 4,00,000 റൂബിൾ മുടക്കു വരും. സംസ്കരിക്കപ്പെടാത്ത ശവങ്ങൾ മൃതഗൃഹത്തിൽ കുന്നുകൂടുകയാണ്. അതേസമയംതന്നെ, ഐക്യനാടുകളിൽ 3.6 കോടിയിലധികം അമേരിക്കക്കാർ ദാരിദ്ര്യ രേഖയ്ക്കു താഴെയാണു ജീവിക്കുന്നതെന്നോർക്കണം!
ഗാർഡിയൻ വീക്ക്ലിയുടെ ധനകാര്യ എഴുത്തുകാരൻ വിൽ ഹട്ടൻ കിഴക്കൻ യൂറോപ്പിന്റെ പ്രശ്നങ്ങളെക്കുറിച്ചെഴുതി. “ഉത്കണ്ഠയുടെ യുഗത്തിലേക്കു പ്രവേശിക്കുവിൻ” എന്ന തലക്കെട്ടിൻ കീഴെ അദ്ദേഹം ഇങ്ങനെ പ്രസ്താവിച്ചു: “കമ്മ്യുണിസത്തിന്റെ തകർച്ചയും 18-ാം നൂറ്റാണ്ടു മുതൽ റഷ്യ അതിന്റെ ഏറ്റവും കുറഞ്ഞ വലിപ്പത്തിലേക്കു ചുരുങ്ങിയതും രണ്ടു വൻ സംഭവങ്ങളാണ്, അവ സൂചിപ്പിച്ച വസ്തുതകൾ ഇന്നും സ്പഷ്ടമായി മനസ്സിലാകുന്നില്ല.” മുൻ സോവിയറ്റു സാമ്രാജ്യത്തിന്റെ സ്ഥാനത്ത് 25 പുതിയ രാഷ്ട്രങ്ങളാണിപ്പോൾ. “കമ്മ്യുണിസത്തിന്റെ തകർച്ചയെ അഭിവാദനം ചെയ്തു നടത്തിയ ആ വിജയാഘോഷം ഇപ്പോൾ ഭാവിയെക്കുറിച്ചുള്ള വർധിച്ചുകൊണ്ടിരിക്കുന്ന ഉത്കണ്ഠയായി മാറിയിരിക്കുകയാണ്. . . . സാമ്പത്തിക, രാഷ്ട്രീയ അരാജകത്വത്തിലേക്കുള്ള വീഴ്ചക്ക് എന്നത്തെക്കാളും സാധ്യത ഏറെയാണ്—അപ്പോൾ പാശ്ചാത്യ യൂറോപ്പിനെ അതു ബാധിക്കില്ലെന്നു പറയാൻ വയ്യ” എന്ന് അദ്ദേഹം പറയുന്നു.
ഇത്ര അശുഭകരമായ ഒരു വീക്ഷണമുള്ളപ്പോൾ “ജനാധിപത്യവും വാണിജ്യാധിഷ്ഠിത സമ്പദ്വ്യവസ്ഥയും നടപ്പിലാക്കാനുള്ള കേവല ആഹ്വാനത്തെക്കാൾ മെച്ചമായ ഒരു മാർഗനിർദേശമാണു ലോകത്തിനാവശ്യം—പക്ഷേ അങ്ങനെയൊന്നു കിട്ടാനില്ല” എന്നും പറഞ്ഞു ഹട്ടൻ തന്റെ ലേഖനം അവസാനിപ്പിക്കുന്നതിൽ ഒട്ടും അതിശയമില്ല. അതുകൊണ്ട്, പരിഹാരത്തിനായി രാഷ്ട്രങ്ങൾക്ക് എങ്ങോട്ടു തിരിയാൻ കഴിയും? അടുത്ത ലേഖനം ഉത്തരം നൽകും.
[10-ാം പേജിലെ ചതുരം/ചിത്രം]
യുഎൻ—1945 മുതൽ
1945-ൽ രൂപംകൊണ്ട യുഎൻ ഇത്രയും യുദ്ധങ്ങളുണ്ടായിട്ടും അവയെ തടയാൻ അശക്തരായിരുന്നത് എന്തുകൊണ്ട്? “സമാധാനത്തിനുള്ള ഒരു അജണ്ട” എന്ന തന്റെ പ്രസംഗത്തിൽ സെക്രട്ടറി-ജനറൽ ബൂട്രോസ് ബൂട്രോസ്-ഖാലി ഇങ്ങനെ പ്രസ്താവിച്ചു: “രക്ഷാസമിതിയിൽ ചെയ്യപ്പെട്ട വീറ്റോ വോട്ടുകളുടെ ആധിക്യം കാരണം—279 എണ്ണം—ഈ പ്രതിസന്ധികൾ കൈകാര്യം ചെയ്യുന്നതിൽ ഐക്യരാഷ്ട്രങ്ങൾ അശക്തരാക്കപ്പെട്ടു. ഈ വീറ്റോ വോട്ടുകളുടെ ആധിക്യം വ്യക്തമായി കാണിക്കുന്നത് ആ കാലഘട്ടത്തിലെ [മുതലാളിത്ത ഗവൺമെന്റുകളും കമ്മ്യുണിസ്റ്റു ഗവൺമെന്റുകളും തമ്മിലുണ്ടായിരുന്ന ശീതസമര കാലത്തെ] വിഭജിതാവസ്ഥയെയാണ്.”
രാഷ്ട്രങ്ങൾക്കിടയിൽ സമാധാനം നിലനിർത്താൻ യുഎൻ ശ്രമിക്കാഞ്ഞിട്ടാണോ? അതു ശ്രമിച്ചിട്ടുണ്ട്, എന്നാൽ അതു വലിയ വിലയൊടുക്കിക്കൊണ്ടായിരുന്നു. “1945-നും 1987-നുമിടയിൽ പതിമൂന്നു സമാധാന യജ്ഞങ്ങൾ നടത്തിയിരുന്നു; അതിനുശേഷവും 13 എണ്ണം നടന്നു. 1992 ജനുവരി വരെ ഐക്യരാഷ്ട്രങ്ങളുടെ കൊടിക്കൂറയ്ക്കു കീഴിൽ പട്ടാളക്കാരായും പൊലീസുകാരായും സാധാരണക്കാരായും ഏകദേശം 5,28,000 പേർ സേവനമർപ്പിച്ചു. സംഘടനയ്ക്കുള്ള ഈ സേവനത്തിനിടയിൽ 43 രാജ്യങ്ങളിൽ നിന്നുള്ള അവരിൽ 800-ലധികം പേർ മരണമടഞ്ഞു. ഈ യജ്ഞങ്ങൾക്കു വേണ്ടിവന്ന ചെലവ് 1992 ആയപ്പോഴേക്കും 830 കോടി വരെയെത്തി.”
[കടപ്പാട്]
Tank and missile: U.S. Army photo
[11-ാം പേജിലെ ചതുരം]
ടെലിവിഷൻ
ഉദ്ബോധിപ്പിക്കുന്നതോ അതോ വഴിപിഴപ്പിക്കുന്നതോ?
1945-ൽ താരതമ്യേന വളരെക്കുറച്ചു വീടുകളിലേ ടിവി ഉണ്ടായിരുന്നുള്ളൂ. അതും അതിന്റെ ആരംഭദശയിലെ ബ്ലാക്ക് ആൻറ് വൈറ്റ് ചിത്രങ്ങളിലായിരുന്നു. ടി വി ഇന്നു വികസിത ലോകത്തെ എല്ലാ ഭവനങ്ങളിലും വികസ്വര ലോകത്തെ എല്ലാ ഗ്രാമങ്ങളിലും അന്യായമായി കടന്നുവരുന്ന, ആരും ഗൗനിക്കാതെവിടുന്ന, ഒരു കള്ളനാണ്. കുറച്ചു പരിപാടികളൊക്കെ വിദ്യാഭ്യാസപരവും കെട്ടുപണി ചെയ്യുന്നതുമാണെങ്കിലും അധികപങ്കും ധാർമിക മൂല്യങ്ങളെ തരംതാഴ്ത്തുന്നതും പൊതുജനത്തിന്റെ ഏറ്റവും അധമമായ അഭിരുചികളെ തൃപ്തിപ്പെടുത്തുന്നവയുമാണ്. വീഡിയോയിൽ വരുന്ന സിനിമകളുടെ ജനസമ്മതി പരിശോധിച്ചാൽ അശ്ലീലത്തെയും എ-പടങ്ങളെയും മുതലെടുക്കുന്നതായി കാണാം. അതാണെങ്കിലോ, നല്ല അഭിരുചികളുടെയും ആരോഗ്യാവഹമായ ധാർമികതത്ത്വങ്ങളുടെയും ശവപ്പെട്ടിക്കു വയ്ക്കുന്ന മറ്റൊരു ആണിയും.
[9-ാം പേജിലെ ചിത്രം]
വിയറ്റ്നാമിലേതുപോലത്തെ യുദ്ധങ്ങൾ 1945-നു ശേഷം രണ്ടു കോടി ജനങ്ങളുടെ ജീവനൊടുക്കിയിരിക്കുന്നു
[8-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Patrick Frilet/Sipa Press
[8-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Luc Delahaye/Sipa Press