സമുദ്രത്തിലെ ഔഷധശാല
കാനഡയിലെ ഉണരുക! ലേഖകൻ
പ്രകൃതിദത്ത ഔഷധങ്ങൾ ഉത്പാദിപ്പിക്കപ്പെടുന്നത് എവിടെ നിന്നാണ്? സംശയലേശമെന്യേ എത്രയും വേഗം ഓർമയിലെത്തുക ഔഷധസസ്യങ്ങളും ചെടികളുമാണ്. എന്നാലും, മെഡിക്കൽ പോസ്റ്റ് എന്ന പ്രസിദ്ധീകരണത്തിൽ ഡോ. മൈക്കിൾ അലൻ തികച്ചും അസാധാരണമായ ഒരു സ്രോതസിൽനിന്ന്, അതായത്, സമുദ്രത്തിൽനിന്നു ലഭിക്കുന്ന ഔഷധങ്ങളെ കുറിച്ചു വിവരിക്കുന്നു.
ചൈനാക്കാർ മത്സ്യങ്ങളിൽ നിന്നെടുത്ത സത്തുകൾ രോഗചികിത്സക്ക് ഉപയോഗിച്ചിരുന്നതിനാൽ ഇതു പുതുമയല്ലെന്നതു വാസ്തവമാണ്. മിക്ക പഴമക്കാർക്കും സാക്ഷ്യപ്പെടുത്താനാവുന്നതുപോലെ, മീനെണ്ണയാണെങ്കിൽ വളരെക്കാലമായി പ്രചാരത്തിലുള്ളതാണ്. എന്നിട്ടും ഔഷധസസ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ സമുദ്രജീവികളുടെ രോഗനിവാരണ ശക്തികളെ കുറിച്ചു വളരെ കുറച്ചു മാത്രമേ അറിയപ്പെടുന്നുള്ളു.
എന്തൊക്കെയായാലും കണ്ടുപിടിച്ചിട്ടുള്ള വിവരങ്ങൾ വളരെ ആകർഷകങ്ങളാണ്. ഉദാഹരണത്തിന് കടൽതവള ഉത്പാദിപ്പിക്കുന്ന ഒരു രാസപദാർഥം ആസ്തമ ചികിത്സയിൽ ഉപയോഗിക്കാൻ കഴിയും. സ്പോഞ്ചിന്റെ ഉള്ളിലുള്ള ന്യൂക്ലിയോസൈഡുകളുടെ സാന്നിധ്യം ഒരു പ്രതിവൈറസ് ഔഷധമായ വൈഡെറബിൻ വികസിപ്പിച്ചെടുക്കാൻ സഹായിച്ചു. തവിട്ടു നിറത്തിലുള്ള ഒരുതരം കടൽപ്പോച്ചകൾ അർബുദ ചികിത്സക്ക് ഉപയോഗിക്കാനാവുന്ന സ്റ്റൈപ്പോഡിയോൺ ഉത്പാദിപ്പിക്കുന്നു. ഇതു കോശവിഭജനത്തെ തടയുന്നതാണ്. ഇതെല്ലാം വെറുമൊരു തുടക്കം മാത്രമാണ്.
രോഗത്തിനുള്ള അന്തിമപരിഹാരം, എന്തായാലും സമുദ്രത്തിലെ ഔഷധശാലയിൽ കണ്ടെത്താൻ കഴിയില്ല. മറിച്ച്, ദൈവത്തിന്റെ ഗവണ്മെൻറിനു മാത്രമേ പുളകപ്രദമായ ഈ പ്രവചനം നിവർത്തിക്കാൻ കഴിയൂ: “എനിക്കു ദീനം എന്നു യാതൊരു നിവാസിയും പറകയില്ല.”—യെശയ്യാവു 33:24.