അഭിപ്രായ ഐക്യമുള്ള ഒരു നാട്ടിൽ—ന്യൂനപക്ഷത്തിന് ഒരു വിജയം
ജപ്പാനിലെ ഉണരുക! ലേഖകൻ
വടർന്ന ചിരിയുമായി 19-കാരനായ കുനിഹിതോ കോബോയോഷിയും അവന്റെ മാതാപിതാക്കളും ഒസാക്കാ ഹൈക്കോടതിയിലെ പ്രസ് ക്ലബിലേക്കു കടന്നു വന്നപ്പോൾ ഏഴു ടെലിവിഷൻ ക്യാമറകളും ഡസൻ കണക്കിനു വാർത്താലേഖകരും ചെറുപ്പക്കാരനായ ആ ഹർജിക്കാരനെ കാത്തിരിക്കുകയായിരുന്നു. അവർ വാർത്താലേഖകരുടെ ചോദ്യങ്ങൾക്ക് ഉത്തരം കൊടുത്തുകൊണ്ടിരിക്കവേ മുറിക്കുള്ളിൽ തുടർച്ചയായി ക്യാമറാ ഫ്ളാഷുകൾ മിന്നി.
“എന്റെ കേസിൽ പക്ഷപാതരഹിതമായ ഒരു വിധി ലഭിച്ചതിൽ ഞാൻ സന്തുഷ്ടനാണ്,” കുനിഹിതോ പറഞ്ഞു. ആർക്കും, അവരുടെ മതവിശ്വാസത്തെ ഗണ്യമാക്കാതെ ഏതു ഹൈസ്കൂളിലും പ്രവേശനം ലഭിക്കുകയും എവിടേക്കും ജയിപ്പിക്കപ്പെടുകയും എവിടെനിന്നും ബിരുദം നേടാൻ സാധിക്കുകയും ചെയ്യുന്ന ഒരു ലോകം ഉണ്ടായിക്കാണാൻ ഞാൻ ആഗ്രഹിക്കുന്നു.”
കീഴ്ക്കോടതിയായ കോബെ ജില്ലാ കോടതിയുടെ വിധി ഒസാക്കാ ഹൈക്കോടതി മറിച്ചു വിധിക്കുകയും കുനിഹിതോയ്ക്ക് അവന്റെ മതവിശ്വാസത്തെ ഗണ്യമാക്കാതെ വിദ്യാഭ്യാസം നേടാനുള്ള അവകാശം അനുവദിച്ചു കൊടുക്കുകയും ചെയ്തു. അതായിരുന്നു അവൻ തേടിക്കൊണ്ടിരുന്നതും.
വിവാദം
മതപരമായ കാരണങ്ങളാൽ കെൻഡോ (ജാപ്പനീസ് വാൾപ്പയറ്റ്) പരിശീലനത്തിൽ പങ്കെടുക്കാതിരുന്നതിനു കോബെ മുനിസിപ്പൽ ഇൻഡസ്ട്രിയൽ ടെക്നിക്കൽ കോളെജിൽനിന്ന് (ചുരുക്കത്തിൽ കോബെ ടെക് എന്നു പറയും) അവനെ പുറത്താക്കി എന്നതായിരുന്നു ഈ വ്യവഹാരത്തിലെ പ്രശ്നം. അവനു ക്ലാസുകയറ്റം നിഷേധിക്കുകയും അവനെ സ്കൂളിൽനിന്നു പുറത്താക്കുകയും ചെയ്തുകൊണ്ടുള്ള സ്കൂളിന്റെ നടപടികൾ റദ്ദാക്കിക്കൊണ്ട് ഒസാക്കാ ഹൈക്കോടതി തീരുമാനമെടുത്തതിനു തൊട്ടുപിന്നാലെ ഇലക്ട്രിക്കൽ എൻജിനീയറിങ്ങിലുള്ള തന്റെ പഠനം പുനരാരംഭിക്കാനുള്ള ആഗ്രഹം കുനിഹിതോ പ്രകടിപ്പിച്ചു. ഈ അഞ്ചു വർഷ കോളെജിലെ ആദ്യത്തെ മൂന്നു വർഷങ്ങൾ മൂന്നു വർഷത്തെ ഹൈസ്കൂൾ പഠനത്തിനു തുല്യമാണ്.
തന്റെ കായിക വിദ്യാഭ്യാസ ക്ലാസിന്റെ ഭാഗമായി കുനിഹിതോ കെൻഡോ പരിശീലനത്തിൽ പങ്കെടുക്കണമെന്നു കോബെ ടെക് ശഠിച്ചു. എന്നാലും ഒരു യഹോവയുടെ സാക്ഷി ആയതുകൊണ്ട്, അവന്റെ ബൈബിൾ പരിശീലിത മനസ്സാക്ഷി ആയോധനകലാ പരിശീലനത്തിൽ പങ്കെടുക്കാൻ അവനെ അനുവദിച്ചില്ല. വാർത്താസമ്മേളനത്തിലെ വാർത്താലേഖകർക്കു വേണ്ടി കുനിഹിതോ ബൈബിൾ തുറന്നു തന്റെ നിലപാടു വിശദീകരിച്ചു കൊടുത്തു. “അവർ തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചു തീർക്കും; ജാതി ജാതിക്കു നേരെ വാളോങ്ങുകയില്ല; അവർ ഇനി യുദ്ധം അഭ്യസിക്കുകയും ഇല്ല.”—യെശയ്യാവു 2:4.
അങ്ങനെയെങ്കിൽ, മതസ്വാതന്ത്ര്യത്തിനും വിദ്യാഭ്യാസം നേടാനുള്ള അവകാശത്തിന്റെ സംരക്ഷണത്തിനും വേണ്ടി ഒരു യുവ വിദ്യാർഥിക്കു നിയമമാർഗം തേടേണ്ടിവന്നതെന്തുകൊണ്ട്? റ്റ്സുകൂബാ സർവകലാശാലയിലെ പ്രൊഫസർ കോജി തോനോമി ഇങ്ങനെ അഭിപ്രായപ്പെടുന്നു. “ഉദാസീനതയുടെയും ഗ്രാഹ്യക്കുറവിന്റെയും ഫലമായി മതവിശ്വാസികളുടെ വിശ്വാസത്തിന്മേൽ അപ്രതീക്ഷിതമായ നിയന്ത്രണങ്ങളുണ്ടാകാം.” ഗവണ്മെന്റോ സമൂഹമോ മനപ്പൂർവം ഒരു മതത്തെ പീഡിപ്പിക്കുകയില്ലെങ്കിലും അപ്രതീക്ഷിതമായി മതം അടിച്ചമർത്തപ്പെടുന്ന സാഹചര്യങ്ങളുണ്ടാകാം.
ന്യൂനപക്ഷത്തിന്റെ അവകാശത്തിന്മേൽ അത്തരം “അപ്രതീക്ഷിത നിയന്ത്രണങ്ങൾ” ഏർപ്പെടുത്തിയതെന്തിനായിരുന്നു? “കാരണം ജപ്പാനിലെ സമൂഹം ന്യൂനപക്ഷം ഭൂരിപക്ഷത്തിനു വഴങ്ങാൻ നിർബന്ധിതമാകുന്ന ഒരു സാമൂഹികവ്യവസ്ഥയെ താലോലിച്ചു കൊണ്ടിരുന്നു എന്നതാണ്,” ഏവോയാമാ ഗൊക്കൂയിൻ സർവകലാശാലയിലെ പ്രൊഫസർ ഹിതോഷി സെരീസോവ നൽകുന്ന ഉത്തരമതാണ്. സമൂഹത്തോട് അനുരൂപപ്പെടാനുള്ള സമ്മർദം ജപ്പാനിൽ തീർച്ചയായും ശക്തമാണ്.
വ്യത്യസ്തരായവർക്കു ഭ്രഷ്ടു കല്പിക്കുന്ന ഒരു വിദ്യാലയ വ്യവസ്ഥയിൽ ആയിരിക്കുക എന്നതു ചെറുപ്പക്കാരെ സംബന്ധിച്ചിടത്തോളം എളുപ്പമല്ല. എന്തായാലും ഇത് ഒരു മത ന്യൂനപക്ഷത്തിനു മാത്രം ഉത്കണ്ഠ ഉളവാക്കുന്ന വിഷയമല്ല. നമുക്ക് ഈ കേസ് ആദ്യം മുതൽ പരിചിന്തിച്ച് വിവാദത്തിലായിരുന്നതെന്താണെന്നും ഈ തീരുമാനങ്ങൾ പൊതുജനങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്നും നോക്കാം.
ന്യൂനപക്ഷത്തിന്റെ അവകാശങ്ങൾ സ്ഥാപിക്കുന്നു
1990 വരെ കോബെ ടെക് അതിലെ വിദ്യാർഥികൾ ആയോധനകലകൾ പഠിക്കണമെന്നു നിഷ്കർഷിച്ചിരുന്നില്ല. എന്നാൽ ആയോധനകലാപരിശീലനഹാൾ സഹിതം ഒരു ജിംനേഷ്യത്തിന്റെ നിർമാണം പൂർത്തിയായിക്കഴിഞ്ഞപ്പോൾ ഈ വിദ്യാലയം അതിലെ വിദ്യാർഥികൾക്ക് കെൻഡോ പരിശീലനം നിർബന്ധിതമാക്കി. 1990-ൽ ഇവിടത്തെ കായിക വിദ്യാഭ്യാസ വിഭാഗം 16-ാമത്തെ വയസ്സിൽ ഈ സ്കൂളിൽ ചേർന്ന യഹോവയുടെ സാക്ഷികൾക്കു നേരെ തീരെ മയമില്ലാത്ത ഒരു നിലപാടു സ്വീകരിച്ചു. കെൻഡോ പരിശീലനത്തിൽനിന്ന് ഒഴിവാക്കണമെന്ന അവരുടെ അപേക്ഷയ്ക്ക് ഒരു അധ്യാപകന്റെ മറുപടി ഇതായിരുന്നു: “സ്കൂൾ നിങ്ങളോടു ചെയ്യാൻ പറയുന്നതെന്തോ അതു ചെയ്യാൻ കഴിയില്ലെങ്കിൽ സ്കൂൾ വിട്ടു പോവുക!”
തങ്ങളുടെ വിശ്വാസത്തിനു വേണ്ടി ഉറച്ചുനിന്ന സാക്ഷികളായ യുവാക്കൾക്ക് അടുത്ത ഗ്രേഡിലേക്കു ജയിക്കുമെന്ന പ്രത്യാശ മങ്ങിയതായിരുന്നു. “നിങ്ങൾ മറ്റുള്ള [കായികാഭ്യാസ] ഇനങ്ങളിൽ കഠിനപ്രയത്നം ചെയ്താലും നിങ്ങൾക്കു യാതൊരു അംഗീകാരവും കിട്ടുകയില്ല” എന്നു മറ്റൊരധ്യാപകൻ പറഞ്ഞു. മുള കൊണ്ടുള്ളതാണെങ്കിൽപോലും വാളെടുക്കാതെ അഞ്ചു വിദ്യാർഥികൾ ബൈബിൾ ഉപദേശത്തിൽ തങ്ങൾക്കുള്ള വിശ്വാസത്തോടു പറ്റിനിന്നു. അവരിൽ മൂന്നു പേർ യഹോവയുടെ സ്നാപനമേറ്റ സാക്ഷികളായിരുന്നു, രണ്ടു പേർ സ്നാപനമേൽക്കാത്തവരും. പക്ഷേ എല്ലാവരും ബൈബിളിൽ തങ്ങൾക്കുള്ള വിശ്വാസത്തിൽ ഉറച്ചുനിന്നു. അധ്യാപകർ തങ്ങളിൽനിന്നു പകരമായി ആവശ്യപ്പെടുന്ന മറ്റെന്തു സംഗതികളും ചെയ്യാൻ അവർ സന്നദ്ധരായിരുന്നു.
ഈ നിലപാടിന്റെ ഫലമായി അവർക്ക് അടുത്ത ഗ്രേഡിലേക്കുള്ള ക്ലാസുകയറ്റം നിഷേധിക്കപ്പെട്ടു. 1991-ൽ അടുത്ത അധ്യയന വർഷം തുടങ്ങിയപ്പോൾ കായികാധ്യാപകർ, കെൻഡോ പരിശീലനത്തിൽ പങ്കെടുക്കാൻ വിസമ്മതിച്ച അഞ്ചു വിദ്യാർഥികളെയും, അതേ വിശ്വാസമുള്ള പുതുതായി വന്ന ഒൻപതു പേരെയും വിളിച്ചു വരുത്തിയിട്ട് ഇങ്ങനെ പറഞ്ഞു: “നിങ്ങൾക്ക് ഒരു ഗ്രേഡെങ്കിലും മുകളിലേയ്ക്കു പോകണമെന്നുണ്ടെങ്കിൽ നിങ്ങൾ അസാമാന്യമാം വിധം ഉയർന്ന മാർക്കു വാങ്ങേണ്ടതായി വരാൻ പോവുകയാണ്. നിങ്ങളിൽ ആർക്കും തന്നെ അത്തരം മാർക്കുകൾ കിട്ടുകയില്ല.” അധ്യാപകർ വീണ്ടും പറഞ്ഞു: “ഇതു നിർബന്ധിത വിദ്യാഭ്യാസമല്ല. [ജപ്പാനിൽ നിർബന്ധിത വിദ്യാഭ്യാസം ഒന്നാം തരം മുതൽ ഒൻപതാം തരം വരെയാണ്.] ഞങ്ങൾക്കു നിങ്ങളോട് ‘ഇവിടെ നിന്നു പുറത്തു പോകാൻ’ പറയാനാകും.”
സ്കൂളിന്റെ നടപടി തങ്ങളുടെ ആരാധനാ സ്വാതന്ത്ര്യം, വിദ്യാഭ്യാസം നേടാനുള്ള സ്വാതന്ത്ര്യം എന്നീ ഭരണഘടനാപരമായ അവകാശങ്ങളുടെ മേൽ കടന്നുകയറ്റം നടത്തിയിരിക്കുന്നു എന്നു വാദിച്ചുകൊണ്ട് ഈ അഞ്ചു വിദ്യാർഥികൾ സ്കൂളിനെതിരെ കോബെ ജില്ലാ കോടതിയിൽ ഒരു ഹർജി കൊടുത്തു. അതേ സമയം തന്നെ കേസു നടക്കുമ്പോൾ തങ്ങളുടെ പഠനം തുടരുന്നതിനു വേണ്ടി തങ്ങളുടെ ക്ലാസുകയറ്റം നിഷേധിച്ചു കൊണ്ടുള്ള സ്കൂളിന്റെ നടപടി പ്രാബല്യത്തിൽ വരുന്നതു തടയണമെന്നാവശ്യപ്പെട്ടു കൊണ്ട് അവർ കോബെ ജില്ലാ കോടതിയിലും പിന്നീട് ഒസാക്കാ ഹൈക്കോടതിയിലും നിവേദനം സമർപ്പിച്ചു. എന്നാൽ ഈ അപേക്ഷകൾ രണ്ടു കോടതികളും നിരസിച്ചു.
അഞ്ചു വിദ്യാർഥികളിൽ രണ്ടു പേർക്കു വീണ്ടും അടുത്ത അധ്യയനവർഷത്തേക്കു കായികവിദ്യാഭ്യാസത്തിനുള്ള യോഗ്യതകൾ നിഷേധിക്കുകയും അവരെ സ്കൂളിൽനിന്നു പുറത്താക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. തത്ഫലമായി അവരിലൊരാൾ സ്കൂളിന്റെ നിർബന്ധത്തിനു വഴങ്ങി സ്കൂൾ വിട്ടു. അടുത്തയാൾ വിട്ടു പോകാനുള്ള സ്കൂളിന്റെ നിർദേശം സ്വീകരിക്കാൻ വിസമ്മതിച്ചു. ആ വിദ്യാർഥി, കുനിഹിതോ കൊബോയോഷി സ്കൂളിൽനിന്നു പുറത്താക്കപ്പെട്ടു.
ഒരു ഗ്രേഡിൽ രണ്ടു പ്രാവശ്യം തോൽക്കുന്നവരെ “ബിരുദം നേടുമെന്ന യാതൊരു പ്രതീക്ഷയുമില്ലാത്ത പഠനത്തിൽ പിമ്പനായവൻ” എന്ന പേരിൽ സ്കൂളിൽനിന്ന് ഉടനെ പുറത്താക്കാൻ സ്കൂൾ നിയമം അനുശാസിക്കുന്നു. എന്നാൽ കുനിഹിതോ “പഠിക്കാൻ പിമ്പനായിരുന്നോ”? കെൻഡോ പ്രശ്നം കാരണം കായികവിദ്യാഭ്യാസത്തിന് 100-ൽ 48 പോയിന്റു മാത്രം ലഭിച്ച അവൻ പരാജയപ്പെട്ടു. എങ്കിലും എല്ലാ വിഷയങ്ങളിലും കൂടി അവന്റെ ശരാശരി പോയിന്റു നില 90.2 ആയിരുന്നു. 42 വിദ്യാർഥികളുള്ള അവന്റെ ക്ലാസിൽ ഒന്നാമനായിരുന്നു അവൻ! അവൻ നന്നായി പെരുമാറുന്നവനും പഠിക്കാൻ മനസ്സുള്ളവനുമായിരുന്നു.
ഈ പുറത്താക്കൽ നടപടി പ്രാബല്യത്തിൽ വരുന്നതു തടയാൻ കോബെ ജില്ലാ കോടതിയിലും ഒസാക്കാ ഹൈക്കോടതിയിലും നിവേദനങ്ങൾ കൊടുത്തെങ്കിലും ഇരു കോടതികളും അതു നിരസിക്കുകയാണുണ്ടായത്.
ജില്ലാ കോടതിയുടെ തീരുമാനം
ഈ അഞ്ചു വിദ്യാർഥികൾ ഹർജി കൊടുത്ത് ഏകദേശം രണ്ടു വർഷങ്ങൾക്കു ശേഷം 1993 ഫെബ്രുവരി 22-ാം തീയതി, കോബെ ജില്ലാ കോടതി സ്കൂളിനനുകൂലമായി തീരുമാനമെടുത്തു. “കെൻഡോ പരിശീലനത്തിൽ പങ്കെടുക്കണമെന്ന സ്കൂളിന്റെ ആവശ്യം ഒരുതരത്തിൽ ഹർജിക്കാരുടെ ആരാധനാ സ്വാതന്ത്ര്യത്തെ തടയുന്നുവെന്നതു നിഷേധിക്കാനാവില്ല” എന്ന് അധ്യക്ഷം വഹിച്ച ജഡ്ജിയായ തോഡാവോ സുജീ സമ്മതിച്ചു പറഞ്ഞു. പക്ഷേ “സ്കൂളിന്റെ നടപടികൾ ഭരണഘടനയെ ലംഘിച്ചില്ലെന്ന്” അദ്ദേഹം നിഗമനം ചെയ്തു.
വിദ്യാർഥികൾ ഉടൻ തന്നെ ഒസാക്കാ ഹൈക്കോടതിയിൽ അപ്പീൽ കൊടുത്തു. ജില്ലാ കോടതിയുടെ തീരുമാനം ചിന്തിക്കുന്ന അനേകരെയും അലോസരപ്പെടുത്തി. മൈനീച്ചി ഷിംബുൺ എന്ന പത്രത്തിലെ വായനക്കാരുടെ കോളത്തിൽ ഒരാൾ തന്റെ അഭിപ്രായം ഇങ്ങനെ വെളിപ്പെടുത്തി: “‘മതപരമായ കാരണങ്ങൾ നിമിത്തം കെൻഡോ പാഠങ്ങളിൽ പങ്കെടുക്കാതിരിക്കുന്നതിനെ അംഗീകരിച്ചു കൊടുക്കുന്നത് മതനിരപേക്ഷതയുടെ മേലുള്ള കടന്നു കയറ്റ’മാണെന്ന ധാരണയെ കേന്ദ്രീകരിച്ചാണ് ഇത്തവണത്തെ തീരുമാനം. നിരപേക്ഷത എന്നാൽ ഒരു പ്രശ്നത്തിൽ ഇരുകൂട്ടരുടെയും പക്ഷം പിടിക്കാതിരിക്കുക എന്നാണ് അർഥം. എന്നാൽ മതനിരപേക്ഷതയുടെ കാര്യം വരുമ്പോൾ ഭൂരിപക്ഷത്തിന്റെ താത്പര്യങ്ങൾക്കെതിരെ ന്യൂനപക്ഷത്തിന്റെ വിശ്വാസം സംരക്ഷിക്കുക എന്നതാണു പ്രശ്നം. അതുകൊണ്ട് ഈ തീരുമാനം വാസ്തവത്തിൽ മതസ്വാതന്ത്ര്യത്തെ നിഷേധിക്കുന്നു, കോടതി തന്നെ മതനിരപേക്ഷതയുടെ മേൽ കടന്നുകയറ്റം നടത്തിയിരിക്കുന്നു.”
അനേകർ അതിശയിച്ചു പോയി. അവർക്കു തങ്ങളുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാതിരിക്കാൻ കഴിഞ്ഞില്ല. നാൻസാൻ സർവകലാശാലയിലെ ഭരണഘടനാ പ്രൊഫസറായ ഡോ. തൊകേഷി കൊബോയോഷി തന്റെ അഭിപ്രായം ഒസാക്കാ ഹൈക്കോടതിയിലേക്കയച്ചു കൊടുത്തു. അതിലിങ്ങനെ പറയുന്നു: “വിവാദപരമായിരിക്കുന്ന ഈ കേസ് തീർച്ചയായും നമ്മുടെ രാജ്യത്തെ കോടതികളോട് ന്യൂനപക്ഷത്തിന്റെ അവകാശങ്ങളെ സംരക്ഷിക്കുക എന്ന വെല്ലുവിളി അവർ എങ്ങനെ കൈകാര്യം ചെയ്യുമെന്നാരായുകയാണ്. . . .മതം, രാഷ്ട്രം എന്നിവ തമ്മിലുള്ള വേർതിരിവ്, പൊതു വിദ്യാഭ്യാസത്തിലെ നിഷ്പക്ഷ നിലപാട് എന്നിവയുടെ മറപിടിച്ച്, ഭൂരിപക്ഷത്തിന്റെ പൊതു താത്പര്യത്തിന്റെ അടിസ്ഥാനത്തിൽ, ഒരു ന്യൂനപക്ഷത്തിന്റെ മതപരമായ നിലപാടിനോടു സഹിഷ്ണുത പുലർത്താൻ കോളെജ് വിസമ്മതിച്ചിരിക്കുകയാണ്. കീഴ്ക്കോടതി ഇത്തരം നടപടികളെ നിയമപരവും ഭരണഘടനാപരവും എന്നു ചൊല്ലി ആശീർവദിച്ചിരിക്കുകയാണ്. മതപരമെന്നു പൊതുവേ അംഗീകരിക്കപ്പെടുന്നവയുടെ വീക്ഷണത്തിൽ ഒരു ന്യൂനപക്ഷത്തിന്റെ വിശ്വാസങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞില്ലെങ്കിലും അവ ആത്മാർഥമായതാണെങ്കിൽ ആദരിക്കപ്പെടേണ്ടതാണ്. വിശിഷ്യാ, കോടതി ന്യൂനപക്ഷത്തിന്റെ ആത്യന്തിക സംരക്ഷകനാണെന്ന ബോധത്തോടു കൂടി വേണം വിധി കല്പിക്കാൻ.”
സുകൂബോ സർവകലാശാലയിലെ മറ്റൊരു നിയമജ്ഞനായ പ്രൊഫസർ ടെറ്റ്സുവോ ഷിമോമുറോ ഇങ്ങനെ പറഞ്ഞു: “സ്കൂളിന്റെ പക്ഷത്തെ, ഇപ്പോഴും വേരുറച്ചു കിടക്കുന്ന സ്വേച്ഛാധികാര പ്രവണതയാണ് ഈ കേസിലെ ഏറ്റവും അമ്പരപ്പിക്കുന്ന സംഗതി.” മറ്റെന്തെങ്കിലും പരിഹാരമാർഗം വച്ചു നീട്ടാതെ ഒരു വിദ്യാർഥിയെ പുറത്താക്കുന്നത് അധ്യാപകരുടെ ഭാഗത്തെ ഒരു ന്യൂനതയും വിദ്യാർഥിയുടെ ക്ഷേമത്തിലുള്ള താത്പര്യക്കുറവുമാണു വെളിപ്പെടുത്തുന്നത് എന്ന് ഒരു ടെലിവിഷൻ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
കുനിഹിതോയെ തിരിച്ചെടുക്കുന്നതിനായി 1994 ഫെബ്രുവരി 22-ാം തീയതി കോബെ അഭിഭാഷക സംഘടന കോബെ ടെക്കിന്റെ പ്രിൻസിപ്പലിന് ഔദ്യോഗികമായി ഒരു ശുപാർശ നൽകി. കുനിഹിതോയ്ക്ക് ക്ലാസുകയറ്റം നിഷേധിക്കുകയും അവനെ പുറത്താക്കുകയും ചെയ്ത സ്കൂളിന്റെ നടപടി അവന്റെ ആരാധനാസ്വാതന്ത്ര്യത്തിന്റെയും വിദ്യാഭ്യാസം നേടാനുള്ള അവകാശത്തിന്റെയും മേലുള്ള കടന്നുകയറ്റമായിരുന്നുവെന്ന് അതിൽ പ്രസ്താവിക്കപ്പെട്ടു.
പക്ഷപാതരഹിതമായ തീരുമാനം
അപ്പീലിന്മേലുള്ള വാദം കേൾക്കൽ നടന്നുകൊണ്ടിരുന്നപ്പോൾ കുനിഹിതോ ഒഴികെയുള്ള നാലു ഹർജിക്കാരും തങ്ങളുടെ കേസ് പിൻവലിക്കാൻ തീരുമാനിച്ചു. മൂന്നു പേർക്ക് അപ്പോൾ തന്നെ അടുത്ത ഗ്രേഡിലേക്കു പ്രവേശനം ലഭിച്ചിരുന്നതു കൊണ്ടും ഒരാൾ സ്കൂളിൽനിന്നു വിട്ടു പോകാൻ നിർബന്ധിതനായതു കൊണ്ടുമായിരുന്നു അത്. ഇത് തർക്കവിഷയം കുനിഹിതോയോടുള്ള സ്കൂളിന്റെ ഇടപെടലിൽ കേന്ദ്രീകരിക്കുന്നതിൽ കലാശിച്ചു.
എന്നാലും, വിചാരണയുടെ സമയത്ത് എപ്പോഴും ഹാജരായിക്കൊണ്ട് ഈ നാലു മുൻ സഹപാഠികൾ കുനിഹിതോയ്ക്ക് ധാർമിക പിന്തുണ നൽകി. സ്കൂൾ വിട്ടു പോകാൻ നിർബന്ധിതനായ കുട്ടി, കുനിഹിതോയെ തന്റെ നിയമയുദ്ധത്തിൽ പിടിച്ചു നിൽക്കാൻ സഹായിക്കുന്നതിന്, തന്റെ അംശകാല ജോലിയിൽനിന്നു കിട്ടുന്ന തുച്ഛമായ വരുമാനം സ്വരൂപിച്ചുവെച്ച്, ആകെ 1,00,000 യെൻ സംഭാവന നൽകി.
1994 ഡിസംബർ 22-ാം തീയതി കുനിഹിതോ, മറ്റു വിദ്യാർഥികളോടൊപ്പം മുഖ്യ ജഡ്ജി റാസൂകി ഷിമാഡോയുടെ വാക്കുകൾക്കായി കാതോർത്തിരുന്നു.
“ആദ്യത്തെ വിധി റദ്ദാക്കിയിരിക്കുന്നു,” ജഡ്ജി ഷിമോഡോ വിധിച്ചു.
തന്റെ നിർണായകമായ വിധിയിൽ, കെൻഡോ പരിശീലനത്തിൽ പങ്കെടുക്കാൻ വിസമ്മതിച്ചതിനു കുനിഹിതോയ്ക്കുള്ള കാരണങ്ങൾ ആത്മാർഥമായവയായിരുന്നുവെന്ന് അദ്ദേഹം പ്രസ്താവിച്ചു. പൊതുജനങ്ങൾക്കു വേണ്ടിയുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനമെന്ന നിലയിൽ കോബെ ടെക്കിന് അതിലെ വിദ്യാർഥികളോട് വിദ്യാഭ്യാസപരമായ പരിഗണന കാണിക്കാനുള്ള കടപ്പാടുണ്ട് എന്നദ്ദേഹം പറഞ്ഞു. കെൻഡോ പരിശീലനത്തിൽ പങ്കെടുക്കാതിരിക്കുന്നതു കൊണ്ടു കുനിഹിതോയ്ക്കുണ്ടാകുന്ന നഷ്ടം തന്നെ വളരെ വലുതാണെന്നും അവനെ പുറത്താക്കാനുള്ള നടപടി വാസ്തവത്തിൽ വിദ്യാഭ്യാസം നേടാനുള്ള എല്ലാ അവസരങ്ങളും അവനിൽനിന്ന് അപഹരിക്കുന്നതിനു തുല്യമാണെന്നും അദ്ദേഹം പ്രസ്താവിച്ചു.
സ്കൂൾ മറ്റു പരിഹാരമാർഗങ്ങൾ പ്രദാനം ചെയ്യേണ്ടതായിരുന്നുവെന്ന് ജഡ്ജി ഷിമോഡോ വിധിച്ചു. മറ്റു പരിഹാരമാർഗങ്ങൾ പ്രദാനം ചെയ്യുന്നത് യാതൊരു തരത്തിലും ഹർജിക്കാരന്റെ മതത്തെ പിന്താങ്ങുകയോ സഹായിക്കുകയോ മറ്റു വിദ്യാർഥികളെ ആകുലപ്പെടുത്തുകയോ ചെയ്യുകയില്ല എന്നദ്ദേഹം പറഞ്ഞു. “പ്രതിഭാഗം [സ്കൂൾ] ഇതര മാർഗങ്ങൾ ശ്രദ്ധാപൂർവം പരിഗണിച്ചുവെന്നതിനു യാതൊരു തെളിവുമില്ല” ജഡ്ജി പ്രസ്താവിച്ചു. “മറിച്ച്, . . . അവർ കെൻഡോ പരിശീലനത്തിനുള്ള വിസമ്മതത്തെ ഒരിക്കലും വകവച്ചു കൊടുക്കുകയില്ലെന്ന തങ്ങളുടെ നയത്തിൽ ഉറച്ചു നിന്നു. ഇതരമാർഗങ്ങൾ പ്രദാനം ചെയ്യാനുള്ള സാധ്യതകളെപ്പറ്റി ഒന്നു പരിഗണിക്കാൻ ഒരുമ്പെടുക പോലും ചെയ്തില്ല.”
വിധി നിങ്ങളെ ബാധിക്കുന്ന വിധം
ഒരു ന്യൂനപക്ഷ സമുദായത്തിലെ അംഗമായ ഈ ചെറുപ്പക്കാരന്റെ വിജയത്തിൽ നിങ്ങൾ തത്പരരായിരിക്കേണ്ടത് എന്തുകൊണ്ട്? പഴയ വാട്ടർഗേറ്റ് അപവാദത്തിലെ പ്രത്യേക അഭിഭാഷകനായിരുന്ന ആർച്ചിബോൾഡ് കോക്സ് കോടതിയും ഭരണഘടനയും (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ അമേരിക്കയിലെ പതാക വന്ദന പ്രശ്നത്തിൽ, യഹോവയുടെ സാക്ഷികളെപ്പറ്റി സമാനമായ ഒരു ചോദ്യം ചോദിച്ചു. “ആ ചെറിയ ന്യൂനപക്ഷത്തിന്റെ ആത്മീയ സ്വാതന്ത്ര്യത്തെപ്പറ്റി നമ്മൾ ഉത്കണ്ഠപ്പെടേണ്ടതെന്തുകൊണ്ടാണ്?”
ഇതിനുത്തരമായി കോക്സ് പറഞ്ഞു: “ഉത്തരത്തിന്റെ ഒരു ഭാഗം നമ്മുടെ സമൂഹം കുടികൊള്ളുന്ന വ്യക്തിപരമായ അഭിമാനബോധമെന്ന തത്ത്വത്തിൽ, അതായത് യാഥാസ്ഥിതികർക്കും വ്യവസ്ഥാപിത സഭാനിയമങ്ങൾ അംഗീകരിക്കാത്തവർക്കുമുള്ള ഒരു അഭിമാനബോധത്തിൽ ആണ് അടങ്ങിയിരിക്കുന്നത്. മറ്റൊരു ഭാഗം, രാഷ്ട്രത്തിന് യഹോവയുടെ സാക്ഷികളെ നിശ്ശബ്ദരാക്കാമെങ്കിൽ. . . , അടുത്ത ഊഴം നമ്മുടേതായിരിക്കാം എന്ന ബോധത്തിൽ അടങ്ങിയിരിക്കുന്നു.”
കോക്സിനോടു യോജിച്ചു കൊണ്ട് റിയുക്കോക്കോ സർവകലാശാലയിലെ പ്രൊഫസർ തൊകേഷി ഹീറോനോ കെൻഡോ കേസിനെപ്പറ്റി ഇങ്ങനെ പറഞ്ഞു: “അനേകം കോടതികളിൽ തങ്ങളുടെ അവകാശങ്ങൾക്കു വേണ്ടി പൊരുതിയ ശേഷം യഹോവയുടെ സാക്ഷികൾ ഇപ്പോൾ ഐക്യനാടുകളിൽ അനുഭവിക്കുന്നതു പോലെയുള്ള സ്വാതന്ത്ര്യം അവരർഹിക്കുന്നതാണെന്നു ചിന്തകരായ ആളുകൾ കരുതുന്നു. നമ്മുടെ രാജ്യത്തും [ജപ്പാനിൽ] ആരാധനാ സ്വാതന്ത്ര്യം ഇതുപോലുള്ള കേസുകളിലൂടെ സ്ഥാപിക്കപ്പെടുകയും പരിപോഷിപ്പിക്കപ്പെടുകയും ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു.”
യഹോവയുടെ സാക്ഷികൾ തങ്ങളുടെ വിശ്വാസം നിയമപരമായി സംരക്ഷിക്കാനുള്ള എല്ലാ ശ്രമവും നടത്തിയിട്ടുണ്ട്. 20-ാം നൂറ്റാണ്ടിൽ അടിസ്ഥാന മനുഷ്യാവകാശങ്ങളുടെ സ്ഥാപനത്തിനായി അവർ വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. അറിവിൻ പ്രകാരമുള്ള തിരഞ്ഞെടുപ്പു നടത്താനുള്ള രോഗിയുടെ അവകാശം, ദേശീയ പതാകയോട് ഏതു വിധത്തിൽ ആദരവു പ്രകടിപ്പിക്കണമെന്നു തീരുമാനിക്കാനുള്ള ജനങ്ങളുടെ അവകാശം, മറ്റുള്ളവരോടു തന്റെ വിശ്വാസങ്ങളെ കുറിച്ചു സംസാരിക്കാനുള്ള വ്യക്തിയുടെ അവകാശം എന്നിവ ഉയർത്തിപ്പിടിച്ചുകൊണ്ട് യഹോവയുടെ സാക്ഷികൾ അനേകം രാജ്യങ്ങളിൽ മൂർച്ചയേറിയ നിയമ യുദ്ധങ്ങൾ നടത്തിയിട്ടുണ്ട്. ഒസാക്കാ ഹൈക്കോടതിയിലെ വിജയം, ന്യൂനപക്ഷത്തിന്റെ അവകാശങ്ങൾ സ്ഥാപിക്കുന്നതിൽ യഹോവയുടെ സാക്ഷികൾ നൽകിയ സംഭാവനകളുടെ ചരിത്രത്തിൽ മറ്റൊരധ്യായം കൂടി എഴുതിച്ചേർക്കുന്നു.
വ്യത്യസ്ത മൂല്യങ്ങൾ പുലർത്തുന്ന മറ്റുള്ളവരോടുള്ള ആദരവ്
മനുഷ്യാവകാശങ്ങളെ ഉന്നമിപ്പിക്കുക എന്ന പ്രയോജനം കൂടാതെ ന്യൂനപക്ഷത്തിന്റെ വിശ്വാസത്തോടു സഹിഷ്ണുത പുലർത്തുക എന്നതിനു നിങ്ങളുടെ ജീവിതത്തിൽ മറ്റൊരു സ്വാധീനം കൂടിയുണ്ട്. കൊമോസോവാ വനിതാ സർവകലാശാലയിലെ പ്രൊഫസർ കൊനോമാ സൊരൂയാ ഈ കേസിനെ പരാമർശിച്ച് ഇങ്ങനെ പറഞ്ഞു: “ഭരണഘടന അംഗീകരിച്ചിരിക്കുന്ന മതസ്വാതന്ത്ര്യം [വിദ്യാർഥി] വിഭിന്നനാണെന്ന ഒരൊറ്റ കാരണത്താൽ അവഗണിക്കപ്പെട്ടു. ജപ്പാനിൽ വിഭിന്നമായുള്ളതെന്തിനെയും പുറന്തള്ളുക എന്നതു വിപുലവ്യാപകമായിത്തീർന്നിരിക്കുന്നു.”
ഇന്നത്തെ സമുദായത്തിൽ വിഭിന്നമായതിനെ അല്ലെങ്കിൽ സാധാരണമായതിൽനിന്നു വ്യത്യസ്തമായതിനെ പിഴുതെറിയാനുള്ള സമ്മർദം വളരെ ശക്തമാണ്. ജപ്പാനിലെയും മറ്റു രാജ്യങ്ങളിലെയും സ്കൂളുകളിൽ സർവസാധാരണമായ മുട്ടാളത്തം സമുദായത്തിൽ വ്യത്യസ്തത പുലർത്തുന്ന എന്തിനും ഭ്രഷ്ടു കല്പിക്കാനുള്ള പ്രവണതയുടെ ഒരുദാഹരണമാണ്. പൊലീസ് സയൻസിന്റെ ദേശീയ ഗവേഷണസ്ഥാപനം നടത്തിയ ഒരു സർവേയുടെ വെളിച്ചത്തിൽ മുട്ടാളന്മാർ അങ്ങനെ ചെയ്യാനുള്ള കാരണങ്ങളിൽ നല്ലൊരംശവും, അതിനു വിധേയരാകുന്നവരുടെ വ്യത്യസ്തമായ വ്യക്തിത്വവും പ്രവൃത്തികളും ഉൾപ്പെടുന്നതാണെന്ന് സ്കൂളുകളിലെ മുട്ടാളത്തം എന്ന പ്രശ്നത്തെക്കുറിച്ച് അഭിപ്രായം പറഞ്ഞുകൊണ്ട് ടോക്കിയോയിലെ മെട്രോപോളിറ്റൻ പൊലീസിന്റെ സൂപ്രണ്ട് ജനറൽ ഹിറോയോഷിനോ പറഞ്ഞു. അദ്ദേഹം ഇങ്ങനെ ഉപസംഹരിച്ചു: “ജപ്പാനിലെ സമൂഹത്തിൽ ആഴത്തിലെവിടെയോ ഒളിഞ്ഞു കിടന്നിരുന്ന വിചിത്ര സ്വഭാവങ്ങളെ അല്ലെങ്കിൽ മാനസികവും ശാരീരികവുമായി വിഭിന്നമായതിനെ തിരസ്കരിക്കുന്ന ഒരു ദൂഷകഘടകം ഇപ്പോൾ അതിവേഗം പുറത്തു ചാടിക്കൊണ്ടിരിക്കുകയാണ്.”
സമൂഹത്തിൽനിന്നു വ്യത്യസ്തമായതിനെ പുറന്തള്ളാനുള്ള പ്രവണത ജപ്പാനിൽ മാത്രമല്ല, എല്ലായിടത്തും കാണാം. എന്നാലും സമാധാനപരമായ സഹവർത്തിത്വത്തിനുള്ള അടിസ്ഥാനം വ്യത്യസ്ത മൂല്യങ്ങളോടു സഹിഷ്ണുത പുലർത്താനുള്ള പ്രാപ്തിയാണ്. കോബെ ജില്ലാ കോടതിയുടെയും ഒസാക്കാ ഹൈക്കോടതിയുടെയും വിധികൾ ഒരു “തികഞ്ഞ വൈരുദ്ധ്യമാണു സൃഷ്ടിച്ചിരിക്കുന്നത്” എന്ന് അസാഹി ഷിംബൂണിലെ ഒരു മുഖപ്രസംഗം ഇതേക്കുറിച്ചു പറഞ്ഞു. “രണ്ടു വിധികളും രണ്ടു ചിന്താരീതികളെ പ്രതിനിധീകരിക്കുന്നതായി തോന്നുന്നു” എന്ന് ആ പത്രം പറഞ്ഞു, ഒന്ന് മാനേജ്മെൻറിനെ കേന്ദ്രീകരിച്ചുള്ള മർദകഭരണത്തേയും മറ്റേത് വ്യത്യസ്ത മൂല്യങ്ങളോടു സഹിഷ്ണുത പുലർത്തുന്നതിനേയും.
നിങ്ങൾ വ്യത്യസ്ത മൂല്യങ്ങളോടു സഹിഷ്ണുത പുലർത്താൻ സന്നദ്ധരാണോ? മറ്റുള്ളവരുടെ നിലപാടു സംബന്ധിച്ച നിജസ്ഥിതി മനസ്സിലാക്കാൻ നിങ്ങൾ തയ്യാറാണോ? രസകരമെന്നു പറയട്ടെ, ഈ ലേഖനത്തിൽ മുമ്പു പരാമർശിച്ച ആർക്കിബോൾഡ് കോക്സ് ന്യൂനപക്ഷത്തെ പരിഗണിക്കേണ്ടതിന്റെ മറ്റൊരു കാരണം കൂടി കൂട്ടിച്ചേർത്തു. “മാറ്റി വയ്ക്കപ്പെട്ടതോ അടിച്ചമർത്തപ്പെട്ടതിനാൽ എന്നേക്കുമായി നഷ്ടപ്പെട്ടതോ ആയ സത്യം കണ്ടെത്താൻ ചില പ്രത്യേക ന്യൂനപക്ഷങ്ങൾക്കു കഴിഞ്ഞേക്കാമെന്ന ബോധത്തിലാണ് ഉത്തരത്തിന്റെ ഒരു ഭാഗം അടങ്ങിയിരിക്കുന്നത്.”
കോബെ ടെക്, അവർ അടിച്ചമർത്തിയേക്കാമായിരുന്ന സത്യത്തിൽ തത്പരരല്ലെന്നു വ്യക്തമാണ്; അവർ അതിനോടു സഹിഷ്ണുതയോടെയുള്ള ഒരു വീക്ഷണം പുലർത്തിയതുമില്ല. നേരേമറിച്ച്, അവർ ഈ കേസിന് ജപ്പാനിലെ സുപ്രീം കോടതിയിൽ അപ്പീൽ കൊടുത്തിരിക്കുകയാണ്. സുപ്രീം കോടതി ഈ കേസിൽ എങ്ങനെ വിധി കല്പിക്കും? കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.
[14-ാം പേജിലെ ചിത്രം]
കുനിഹിതോയും (നടുവിൽ) ആദ്യത്തെ ഹർജിക്കാരായ മറ്റു നാലു പേരും