സുവാർത്തയെ നിയമപരമായി സംരക്ഷിക്കൽ
മനുഷ്യർ നഗരങ്ങൾ പണിയുമ്പോൾ മതിലുകളും കെട്ടുന്നു. വിശേഷിച്ചും കഴിഞ്ഞകാലങ്ങളിൽ, ഈ മതിലുകൾ ഒരു സംരക്ഷണം ആയിരുന്നു. അക്രമികൾ മതിൽ തകർക്കുകയോ തുരക്കുകയോ ചെയ്യാതെ സംരക്ഷിക്കുന്നതിന് പടയാളികൾക്ക് അതിന്റെ മുകളിൽനിന്നു പോരാടാനാകുമായിരുന്നു. നഗരവാസികൾക്കു മാത്രമല്ല, മതിലിനുള്ളിൽ അഭയം തേടിയിരുന്ന സമീപ പട്ടണങ്ങളിൽനിന്നുള്ളവർക്കും സംരക്ഷണം ലഭിച്ചിരുന്നു.—2 ശമൂവേൽ 11:20-24; യെശയ്യാവു 25:12.
സമാനമായി, യഹോവയുടെ സാക്ഷികൾ ഒരു മതിൽ—നിയമം കൊണ്ടുള്ള ഒരു സംരക്ഷണ മതിൽ—പണിതിരിക്കുന്നു. സമൂഹത്തിലെ മറ്റുള്ളവരിൽനിന്ന് തങ്ങളെത്തന്നെ ഒറ്റപ്പെടുത്താനല്ല ഈ മതിൽ പണിതുയർത്തിയിരിക്കുന്നത്. എന്തെന്നാൽ യഹോവയുടെ സാക്ഷികൾ സഹവാസപ്രിയത്തിനും മറ്റുള്ളവരോടുള്ള തുറന്ന ഇടപെടലിനും പേരുകേട്ടവരാണ്. മറിച്ച്, അത് എല്ലാ ആളുകൾക്കുമുള്ള അടിസ്ഥാന സ്വാതന്ത്ര്യങ്ങൾ സംബന്ധിച്ച നിയമപരമായ ഉറപ്പിനെ കൂടുതൽ ബലിഷ്ഠമാക്കുന്നു. അതേസമയം, അത് സാക്ഷികളുടെ നിയമപരമായ അവകാശങ്ങൾ സംരക്ഷിക്കുന്നു, അങ്ങനെ അവർക്കു തങ്ങളുടെ ആരാധന സ്വതന്ത്രമായി നിർവഹിക്കാൻ സാധിക്കുന്നു. (മത്തായി 5:14-16 താരതമ്യം ചെയ്യുക.) ഈ മതിൽ തങ്ങളുടെ ആരാധനാ വിധത്തെയും ദൈവരാജ്യത്തെ കുറിച്ചുള്ള സുവാർത്ത പ്രസംഗിക്കുന്നതിനുള്ള തങ്ങളുടെ അവകാശത്തെയും സംരക്ഷിക്കുന്നു. ഈ മതിൽ എന്താണ്, അത് പണിതിരിക്കുന്നത് എങ്ങനെയാണ്?
നിയമം കൊണ്ടുള്ള സംരക്ഷണ മതിൽ പണിയൽ
മിക്ക നാടുകളിലും യഹോവയുടെ സാക്ഷികൾക്കു മതസ്വാതന്ത്ര്യം ഉണ്ടെങ്കിലും, ചില രാജ്യങ്ങളിൽ അവർ അന്യായമായ ആക്രമണത്തിന് ഇരയായിട്ടുണ്ട്. ഒരുമിച്ചുകൂടുന്നതിനോ വീടുതോറും പ്രസംഗിക്കുന്നതിനോ ഉള്ള ആരാധനാ സ്വാതന്ത്ര്യം വെല്ലുവിളിക്കപ്പെട്ടപ്പോഴെല്ലാം, അവർ അതിനെ നിയമപരമായി നേരിട്ടിട്ടുണ്ട്. സാക്ഷികൾ ഉൾപ്പെട്ട കോടതിക്കേസുകൾ ലോകവ്യാപകമായി ആയിരക്കണക്കിന് ഉണ്ട്.a എല്ലാ കേസുകളിലും വിജയം ഉണ്ടായിട്ടില്ല. എന്നാൽ കീഴ്ക്കോടതി അവർക്ക് എതിരായി വിധിച്ചപ്പോൾ അവർ മിക്കപ്പോഴും മേൽക്കോടതിയിൽ അപ്പീൽ കൊടുത്തു. ഫലം എന്തായിരുന്നു?
20-ാം നൂറ്റാണ്ടിലുടനീളം, അനേകം നാടുകളിലെ നിയമ വിജയങ്ങളിലൂടെ സ്ഥാപിക്കപ്പെട്ട ആശ്രയയോഗ്യമായ കീഴ്വഴക്കങ്ങൾ യഹോവയുടെ സാക്ഷികൾ അപ്പീൽ കൊടുത്തിട്ടുള്ള പിൽക്കാല കേസുകൾക്കും പ്രയോജനമായി. ഇഷ്ടികയോ കല്ലോ ഉപയോഗിച്ച് ഒരു മതിൽ പണിയുന്നതുപോലെ, ഈ അനുകൂല വിധികൾ നിയമം കൊണ്ടുള്ള ഒരു സംരക്ഷണ മതിൽ തീർക്കുകയാണ്. ഈ കീഴ്വഴക്ക മതിലിൽനിന്നുകൊണ്ട്, തങ്ങളുടെ ആരാധന നിർവഹിക്കുന്നതിനുള്ള മത സ്വാതന്ത്ര്യത്തിനു വേണ്ടി സാക്ഷികൾ പോരാട്ടം തുടർന്നിരിക്കുന്നു.
ഉദാഹരണത്തിന്, 1943 മേയ് 3-ന് ഐക്യനാടുകളിലെ സുപ്രീം കോടതി വിധി കൽപ്പിച്ച മർഡക്ക് × പെൻസിൽവേനിയ കോമൺവെൽത്ത് കേസ് പരിചിന്തിക്കുക. കോടതിയിൽ ഉന്നയിക്കപ്പെട്ട പ്രശ്നം ഇതായിരുന്നു: യഹോവയുടെ സാക്ഷികൾ മതപരമായ സാഹിത്യങ്ങൾ കൊണ്ടുനടന്നു വിതരണം ചെയ്യുന്നതിന് വാണിജ്യ ലൈസൻസ് ആവശ്യമാണോ? ആ നിബന്ധന തങ്ങൾക്കു ബാധകമല്ലെന്ന് യഹോവയുടെ സാക്ഷികൾ വാദിച്ചു. അവരുടെ പ്രസംഗവേല വാണിജ്യപരമല്ല, ഒരിക്കലും അങ്ങനെ ആയിരുന്നിട്ടില്ല. അവരുടെ ലക്ഷ്യം പണമുണ്ടാക്കുകയല്ല, സുവാർത്ത പ്രസംഗിക്കുകയാണ്. (മത്തായി 10:8; 2 കൊരിന്ത്യർ 2:17) മർഡക്ക് വിധി സാക്ഷികൾക്ക് അനുകൂലമായിരുന്നു. നികുതി അടച്ച് ലൈസൻസ് എടുത്താലേ മതപരമായ സാഹിത്യങ്ങൾ വിതരണം ചെയ്യാനാവൂ എന്ന നിബന്ധന ഭരണഘടനാപരമല്ല എന്ന് കോടതി വിധിച്ചു.b ഒരു പ്രധാനപ്പെട്ട കീഴ്വഴക്കം സൃഷ്ടിച്ചു ഈ വിധി. അതിനുശേഷം സാക്ഷികൾ ഈ വിധി പ്രയോജനപ്പെടുത്തി അനേകം കേസുകളിൽ വിജയം നേടിയിട്ടുണ്ട്. മർഡക്ക് വിധി നിയമം കൊണ്ടുള്ള സംരക്ഷണ മതിലിലെ ഒരു ഈടുള്ള ഇഷ്ടികയായി.
അത്തരം കേസുകൾ സകലരുടെയും മതസ്വാതന്ത്ര്യം സംരക്ഷിക്കാൻ വളരെയേറെ സഹായിച്ചിട്ടുണ്ട്. ഐക്യനാടുകളിൽ പൗരാവകാശ സംരക്ഷണത്തിനു സാക്ഷികൾ ചെയ്തിരിക്കുന്ന സംഭാവനയെക്കുറിച്ച് യൂണിവേഴ്സിറ്റി ഓഫ് സിൻസിനാറ്റി ലോ റിവ്യൂ ഇങ്ങനെ പ്രസ്താവിച്ചു: “ഭരണഘടനാ നിയമത്തിന്റെ പരിണാമത്തിന്മേൽ യഹോവയുടെ സാക്ഷികൾ വളരെ വലിയ സ്വാധീനം ചെലുത്തിയിരിക്കുന്നു, വിശേഷിച്ചും സംസാര സ്വാതന്ത്ര്യത്തിന്റെയും മതസ്വാതന്ത്ര്യത്തിന്റെയും അതിരുകൾ വ്യാപിപ്പിക്കുന്നതിൽ.”
മതിൽ ബലിഷ്ഠമാക്കൽ
ഓരോ നിയമ വിജയവും മതിലിനെ അധികമധികം ബലിഷ്ഠമാക്കി. 1990-കളിൽ യഹോവയുടെ സാക്ഷികൾക്കും ലോകമെമ്പാടുമുള്ള മറ്റു സ്വാതന്ത്ര്യ പ്രേമികൾക്കും പ്രയോജനം ചെയ്ത ഏതാനും കോടതിവിധികൾ പരിചിന്തിക്കുക.
ഗ്രീസ്. തന്റെ മതവിശ്വാസങ്ങൾ മറ്റുള്ളവരെ പഠിപ്പിക്കുന്നതിന് ഒരു ഗ്രീക്കു പൗരനുള്ള അവകാശം 1993 മേയ് 25-ന് യൂറോപ്യൻ മനുഷ്യാവകാശ കോടതി ഉയർത്തിപ്പിടിച്ചു. അത് 84 വയസ്സുകാരനായ മിനോസ് കൊക്കിനാക്കിസ് എന്നയാൾ ഉൾപ്പെട്ട ഒരു കേസ് ആയിരുന്നു. ഒരു യഹോവയുടെ സാക്ഷി എന്ന നിലയിൽ 1938 മുതൽ 60-തിലധികം പ്രാവശ്യം അറസ്റ്റു ചെയ്യപ്പെടുകയും 18 പ്രാവശ്യം ഗ്രീക്കു കോടതികളിൽ ഹാജരാക്കപ്പെടുകയും ചെയ്ത കൊക്കിനാക്കിസിന് 6 വർഷത്തിലധികം തടവിൽ കഴിയേണ്ടിവന്നു. മതപരിവർത്തനം വിലക്കുന്ന, 1930-കളിലെ ഒരു ഗ്രീക്കു നിയമം അനുസരിച്ചായിരുന്നു മുഖ്യമായും അദ്ദേഹം കുറ്റം വിധിക്കപ്പെട്ടത്. 1938 മുതൽ 1992 വരെയുള്ള കാലയളവിൽ ഈ നിയമത്തിന്റെ പേരിൽ 20,000-ത്തോളം പ്രാവശ്യം സാക്ഷികൾ അറസ്റ്റു ചെയ്യപ്പെട്ടിട്ടുണ്ട്. കൊക്കിനാക്കിസിന്റെ മതസ്വാതന്ത്ര്യത്തെ നിഷേധിച്ച ഗ്രീക്കു ഗവൺമെന്റ് അദ്ദേഹത്തിന് 14,400 ഡോളർ നഷ്ടപരിഹാരം കൊടുക്കണമെന്ന് യൂറോപ്യൻ കോടതി ഉത്തരവിട്ടു. യഹോവയുടെ സാക്ഷികൾ തീർച്ചയായും “അറിയപ്പെടുന്ന ഒരു മതം” ആണെന്നും കോടതി അതിന്റെ വിധിന്യായത്തിൽ പ്രഖ്യാപിച്ചു.—1993 സെപ്റ്റംബർ 1 ലക്കം വീക്ഷാഗോപുരത്തിന്റെ 27-31 പേജുകൾ കാണുക.
മെക്സിക്കോ. 1992 ജൂലൈ 16-ന്, മെക്സിക്കോയിൽ മത സ്വാതന്ത്ര്യത്തിന് അനുകൂലമായി ഒരു മഹത്തായ വിധി ഉണ്ടായി. അന്നായിരുന്നു മതപരമായ സ്ഥാപനങ്ങളെയും പരസ്യ ആരാധനയെയും സംബന്ധിച്ച നിയമം പാസ്സാക്കപ്പെട്ടത്. ഈ നിയമത്തിലൂടെ, ആവശ്യമായ രജിസ്ട്രേഷൻ നടത്തിക്കൊണ്ട് മതപരമായ ഒരു കൂട്ടത്തിന് ഒരു മത സ്ഥാപനം എന്ന നിലയിൽ നിയമാംഗീകാരം നേടാവുന്നതാണ്. മുമ്പ്, മറ്റു മതങ്ങളെപ്പോലെ, വാസ്തവത്തിൽ യഹോവയുടെ സാക്ഷികളും അവിടെ ഉണ്ടായിരുന്നു; എന്നാൽ നിയമപരമായി രജിസ്റ്റർ ചെയ്തിരുന്നില്ല. 1993 ഏപ്രിൽ 13-ന് സാക്ഷികൾ രജിസ്ട്രേഷനു വേണ്ടി അപേക്ഷ നൽകി. സന്തോഷകരമെന്നു പറയട്ടെ, 1993 മേയ് 7-ന് അവർ ലാ റേറാറെ ഡെൽ വികിയ, എ. ആർ. എന്നും ലോസ് ടെസ്ററിഗോസ് ഡെ ഹേയോവാ എൻ മെഹിക്കോ, എ.ആർ. എന്നുമായി രജിസ്ററർ ചെയ്യപ്പെട്ടു. ഇവ രണ്ടും മത സ്ഥാപനങ്ങൾ ആണ്.—1994 ജൂലൈ 22 ലക്കം ഉണരുക!യുടെ 12-14 പേജുകൾ കാണുക.
ബ്രസീൽ. 1990 നവംബറിൽ, ബ്രസീലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സെക്യൂരിറ്റി (INSS) ബെഥേലിലെ (യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച് സൗകര്യങ്ങളുടെ പേർ) സ്വമേധയാ ശുശ്രൂഷകർ മേലാൽ മതശുശ്രൂഷകരായി ഗണിക്കപ്പെടില്ലെന്നും അതുകൊണ്ടുതന്നെ അവർ ബ്രസീലിലെ തൊഴിലാളി നിയമത്തിനു കീഴിൽ വരുമെന്നും വാച്ച്ടവർ സൊസൈറ്റിയുടെ ബ്രാഞ്ച് ഓഫീസിനെ അറിയിച്ചു. സാക്ഷികൾ പ്രസ്തുത തീരുമാനത്തിന് എതിരെ അപ്പീൽ നൽകി. 1996 ജൂൺ 7-ന്, ബ്രസീലിലെ അറ്റോർണി ജനറലിന്റെ ഓഫീസിലെ ജുഡീഷ്യൽ അഡ്വൈസറി ഒരു വിജ്ഞാപനം പുറപ്പെടുവിച്ചു. ബെഥേലിലെ ശുശ്രൂഷകരുടെ സ്ഥാനം ലൗകിക തൊഴിലാളികളുടേതുപോലെ അല്ല, നിയമപരമായ മത ശുശ്രൂഷകരുടേതു പോലെയാണെന്ന് അതു പ്രഖ്യാപിച്ചു.
ജപ്പാൻ. 1996 മാർച്ച് 8-ന് ജപ്പാനിലെ സുപ്രീം കോടതി വിദ്യാഭ്യാസവും മതസ്വാതന്ത്ര്യവും സംബന്ധിച്ച പ്രശ്നത്തിൽ നടത്തിയ വിധി ജപ്പാനിലെ എല്ലാവർക്കും പ്രയോജനം ചെയ്യുന്നതായി. ആയോധന പരിശീലന ക്ലാസ്സിൽ സംബന്ധിക്കാൻ വിസമ്മതിച്ചതിന് കുനിഹിതോ കൊബയാഷിയെ കോബെ മുനിസിപ്പൽ ഇൻഡസ്ട്രിയൽ ടെക്നിക്കൽ കോളെജ് പുറത്താക്കിയ നടപടി നിയമവിരുദ്ധമാണ് എന്ന് കോടതി ഐകകണ്ഠ്യേന പ്രഖ്യാപിച്ചു. ജപ്പാനിലെ ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തെ അടിസ്ഥാനമാക്കി സുപ്രീം കോടതി വിധി പ്രഖ്യാപിക്കുന്നത് ഇത് ആദ്യമായിട്ടായിരുന്നു. തന്റെ ബൈബിൾ-പരിശീലിത മനസ്സാക്ഷി അനുസരിച്ച്, പ്രസ്തുത ആയോധന പരിശീലന ക്ലാസ്സിൽ സംബന്ധിക്കുന്നത് ശരിയല്ലെന്ന് ഈ യുവസാക്ഷിക്ക് തോന്നി. “അവർ തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീർക്കും; ജാതി ജാതിക്കു നേരെ വാളോങ്ങുകയില്ല; അവർ ഇനി യുദ്ധം അഭ്യസിക്കയും ഇല്ല” എന്നു പറയുന്ന യെശയ്യാവു 2:4-ൽ കാണുന്നതുപോലുള്ള ബൈബിൾ തത്ത്വങ്ങൾക്കു വിരുദ്ധമായിരുന്നു അത്. ഭാവിയിലെ കേസുകൾക്കെല്ലാം അത് ഒരു കീഴ്വഴക്കമായി.—1996 നവംബർ 1 വീക്ഷാഗോപുരത്തിന്റെ 19-21 പേജുകൾ കാണുക.
1998 ഫെബ്രുവരി 9-ന് ടോക്യോ ഹൈക്കോടതി ചരിത്രപ്രധാനമായ മറ്റൊരു വിധി പുറപ്പെടുവിച്ചു. മിസായെ താക്കേദാ എന്നു പേരായ ഒരു സാക്ഷി ഉൾപ്പെട്ട കേസിൽ വിധി പറയുകയായിരുന്നു കോടതി. ‘രക്തം വർജ്ജിക്കുക’ എന്ന ബൈബിൾ കൽപ്പനയ്ക്കു നിരക്കാത്ത ചികിത്സാരീതി നിരസിക്കാനുള്ള അവരുടെ അവകാശത്തെ കോടതി ഉയർത്തിപ്പിടിച്ചു. (പ്രവൃത്തികൾ 15:28, 29) ഇതിനെതിരെ സുപ്രീംകോടതിയിൽ അപ്പീൽ കൊടുത്തിരിക്കുകയാണ്; ഹൈക്കോടതിയുടെ വിധിയെ മേൽക്കോടതി സ്ഥിരീകരിക്കുമോ എന്നറിയാൻ നമുക്കു കാത്തിരിക്കാം.
ഫിലിപ്പീൻസ്. പതാക വന്ദനത്തിന് ആദരവോടെ വിസമ്മതിച്ചതിന്റെ പേരിൽ സ്കൂളിൽനിന്നു പുറത്താക്കപ്പെട്ട യുവസാക്ഷികൾ ഉൾപ്പെട്ട കേസിൽ 1993 മാർച്ച് 1-ന് ഫിലിപ്പീൻസിലെ സുപ്രീംകോടതി ഐകകണ്ഠ്യേന യഹോവയുടെ സാക്ഷികൾക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചു.
അനുകൂലമായ ഓരോ കോടതിവിധിയും യഹോവയുടെ സാക്ഷികളുടെ മാത്രമല്ല സകലരുടെയും അവകാശങ്ങളെ സംരക്ഷിക്കുന്ന നിയമ മതിലിനെ ബലിഷ്ഠമാക്കുന്ന കൂടുതലായ ഇഷ്ടികയോ കല്ലോ പോലെയാണ്.
മതിലിനെ പരിരക്ഷിക്കൽ
യഹോവയുടെ സാക്ഷികൾക്ക് 153 രാജ്യങ്ങളിൽ നിയമപരമായ രജിസ്ട്രേഷൻ ഉണ്ട്; മറ്റനേകം സംഘടിത മതങ്ങളെപ്പോലെ, അവരും അനേകം സ്വാതന്ത്ര്യങ്ങൾ ആസ്വദിക്കുന്നുണ്ട്. അൽബേനിയ, ബെലാറസ്, ചെക്ക് റിപ്പബ്ലിക്ക്, ജോർജിയ, ഹംഗറി, കസാഖ്സ്ഥാൻ, കിർഗിസ്ഥാൻ, റോമേനിയ, സ്ലൊവാക്യ എന്നിങ്ങനെ പൂർവയൂറോപ്പിലും മുൻ സോവിയറ്റ് യൂണിയനിലുമുള്ള പലയിടങ്ങളിലും പതിറ്റാണ്ടുകളുടെ പീഡനത്തിനും നിരോധനത്തിനും ശേഷം യഹോവയുടെ സാക്ഷികൾക്ക് ഇപ്പോൾ നിയമാംഗീകാരം ലഭിച്ചിരിക്കുന്നു. എന്നിരുന്നാലും, ദീർഘ കാലമായി സുസ്ഥാപിത നീതിന്യായ വ്യവസ്ഥയുള്ള ചില പാശ്ചാത്യ യൂറോപ്യൻ രാജ്യങ്ങൾ ഉൾപ്പെടെ ഇന്ന് ചില രാജ്യങ്ങളിൽ യഹോവയുടെ സാക്ഷികളുടെ അവകാശങ്ങൾ ഗൗരവമാംവിധം വെല്ലുവിളിക്കപ്പെടുകയോ നിഷേധിക്കപ്പെടുകയോ ചെയ്യുകയാണ്. എതിരാളികൾ സാക്ഷികൾക്ക് ‘നിയമംവഴി ദുരിതമുണ്ടാക്കാൻ’ സജീവമായി പ്രവർത്തിക്കുകയാണ്. (സങ്കീർത്തനം 94:20, പി.ഒ.സി. ബൈ.) ഇവർ എങ്ങനെ പ്രതികരിക്കുന്നു?c
യഹോവയുടെ സാക്ഷികൾ എല്ലാ ഗവൺമെന്റുകളുമായും സഹകരിക്കാൻ ആഗ്രഹിക്കുന്നു; എന്നാൽ തങ്ങളുടെ ആരാധന നിർവഹിക്കുന്നതിനുള്ള നിയമപരമായ സ്വാതന്ത്ര്യം ഉണ്ടായിരിക്കാനും അവർ ആഗ്രഹിക്കുന്നു. സുവാർത്ത പ്രസംഗിക്കുന്നതിനുള്ള കൽപ്പന ഉൾപ്പെടെ ദൈവ കൽപ്പനകൾ അനുസരിക്കുന്നത് വിലക്കുന്ന ഏതു നിയമങ്ങളും കോടതിവിധികളും അസാധുവാണെന്ന് അവർക്ക് ഉറച്ച ബോധ്യം ഉണ്ട്. (മർക്കൊസ് 13:10) രമ്യമായ പരിഹാരം സാധ്യമാകുന്നില്ലെങ്കിൽ, യഹോവയുടെ സാക്ഷികൾ പ്രസ്തുത അനീതിക്കെതിരെ കോടതിയിലും ആവശ്യമെങ്കിൽ അപ്പീൽ കോടതികളിലും പോരാടി തങ്ങളുടെ ആരാധന നിർവഹിക്കുന്നതിനുള്ള ദൈവദത്ത അവകാശത്തിന് നിയമ സംരക്ഷണം നേടിയെടുക്കാൻ ശ്രമിക്കും. യഹോവയുടെ സാക്ഷികൾക്ക് ദൈവത്തിന്റെ ഈ വാഗ്ദാനത്തിൽ പരിപൂർണ വിശ്വാസം ഉണ്ട്: “നിനക്കു വിരോധമായി ഉണ്ടാക്കുന്ന യാതൊരു ആയുധവും ഫലിക്കയില്ല.”—യെശയ്യാവു 54:17.
[അടിക്കുറിപ്പുകൾ]
a യഹോവയുടെ സാക്ഷികൾ നടത്തിയിരിക്കുന്ന കോടതിക്കേസുകളുടെ വിശദമായ ചരിത്രം മനസ്സിലാക്കാൻ വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ച യഹോവയുടെ സാക്ഷികൾ—ദൈവരാജ്യ ഘോഷകർ എന്ന പുസ്തകത്തിന്റെ 30-ാം അധ്യായം ദയവായി കാണുക.
b സുപ്രീം കോടതിയുടെതന്നെ ഒരു മുൻവിധിയെ തിരുത്തുന്നതായിരുന്നു മർഡക്ക് വിധി. ജോൺസ് × ഒപെലിക്ക നഗരം കേസിൽ സുപ്രീം കോടതി മുമ്പ് നേർവിപരീതമായ വിധി നടത്തിയിരുന്നു. അലബാമയിലെ ഒപെലിക്ക തെരുവിൽ ലൈസൻസില്ലാതെ സാഹിത്യ വിതരണത്തിൽ ഏർപ്പെട്ടിരുന്ന യഹോവയുടെ സാക്ഷിയായ റോസ്കോ ജോൺസ് കുറ്റക്കാരനാണെന്നു പ്രസ്താവിച്ച കീഴ്ക്കോടതി വിധി 1942-ൽ സുപ്രീം കോടതി ശരിവെച്ചിരുന്നു.
c 8-18 പേജുകളിലെ, “വിശ്വാസത്തെപ്രതി ദ്വേഷിക്കപ്പെടുന്നവർ” “നമ്മുടെ വിശ്വാസത്തിനു വേണ്ടി പ്രതിവാദം നടത്തൽ” എന്നീ ലേഖനങ്ങൾ കാണുക.
[21-ാം പേജിലെ ചതുരം]
യഹോവയുടെ സാക്ഷികളുടെ അവകാശങ്ങൾക്കു വേണ്ടി പ്രതിവാദം നടത്തൽ
യഹോവയുടെ സാക്ഷികളുടെ നേരേ ഉണ്ടായിരിക്കുന്ന പീഡനം നിമിത്തം ലോകവ്യാപകമായി അവർ ന്യായാധിപന്മാരെയും ഗവൺമെന്റ് ഉദ്യോഗസ്ഥന്മാരെയും സമീപിക്കാൻ നിർബന്ധിതരായിരിക്കുന്നു. (ലൂക്കൊസ് 21:12, 13) യഹോവയുടെ സാക്ഷികൾ തങ്ങളുടെ അവകാശങ്ങൾക്കു വേണ്ടി നിയമപരമായി പ്രതിവാദം നടത്താൻ സതീക്ഷ്ണം പ്രവർത്തിച്ചിരിക്കുന്നു. അനേകം രാജ്യങ്ങളിലെ കോടതി വിജയങ്ങൾ യഹോവയുടെ സാക്ഷികളുടെ നിയമപരമായ സ്വാതന്ത്ര്യം സംരക്ഷിക്കാൻ സഹായിച്ചിരിക്കുന്നു, പിൻവരുന്ന അവകാശങ്ങൾ ഉൾപ്പെടെ:
□ വിൽപ്പനക്കാർക്ക് ഏർപ്പെടുത്തുന്നതുപോലുള്ള നിബന്ധനകളില്ലാതെ വീടുതോറും പ്രസംഗിക്കാനുള്ള അവകാശം—മർഡക്ക് × പെൻസിൽവേനിയ കോമൺവെൽത്ത് കേസിൽ ഐക്യനാടുകളിലെ സുപ്രീം കോടതി വിധി (1943); കൊക്കിനാക്കിസ് × ഗ്രീസ് കേസിൽ യൂറോപ്യൻ മനുഷ്യാവകാശ കോടതി (ECHR) (1993).
□ ആരാധനയ്ക്കായി സ്വതന്ത്രമായി കൂടിവരാനുള്ള അവകാശം—മാനുസാക്കിസും കൂട്ടരും × ഗ്രീസ് കേസ് ECHR (1996).
□ ദേശീയ പതാകയോടോ ചിഹ്നത്തോടോ തങ്ങൾക്ക് എങ്ങനെ മനസ്സാക്ഷിപൂർവം ആദരവു കാണിക്കാനാകുമെന്നു തീരുമാനിക്കാനുള്ള അവകാശം—വെസ്റ്റ് വിർജീനിയ സ്റ്റേറ്റ് ബോർഡ് ഓഫ് എഡ്യൂക്കേഷൻ × ബാർനറ്റ്, യു.എസ്. സുപ്രീംകോടതി (1943); ഫിലിപ്പീൻസ് സുപ്രീം കോടതി (1993); ഇന്ത്യയിലെ സുപ്രീംകോടതി (1986).
□ ക്രിസ്തീയ മനസ്സാക്ഷിയെ ലംഘിക്കുന്ന സൈനിക സേവനത്തിനു വിസമ്മതിക്കുന്നതിനുള്ള അവകാശം—യോര്യാതീസ് × ഗ്രീസ് കേസ്. ECHR (1997).
□ തങ്ങളുടെ മനസ്സാക്ഷിയെ ലംഘിക്കാത്ത ചികിത്സകളും മരുന്നുകളും തിരഞ്ഞെടുക്കാനുള്ള അവകാശം—മലറ്റ് × ഷുൽമൻ കേസിൽ കാനഡയിലെ ഒൺടേറിയോ അപ്പീൽ കോടതി (1990); വാച്ച് ടവർ × ഈ.എൽ.എ. കേസിൽ പോർട്ടോറിക്കോയിലെ സാൻ ജൂവാനിലെ ഹൈക്കോടതി (1995); ഫോസ്മിർ × നിക്കോളോ, ന്യൂയോർക്ക്, യു.എസ്.എ., അപ്പീൽ കോടതി (1990).
□ ബൈബിളധിഷ്ഠിത വിശ്വാസങ്ങൾ അനുസരിച്ച് കുട്ടികളെ വളർത്തുന്നതിനുള്ള അവകാശം, കുട്ടികളുടെ സംരക്ഷണ ചുമതലയുമായി ബന്ധപ്പെട്ട കേസുകളിൽ അത്തരം വിശ്വാസങ്ങൾ വെല്ലുവിളിക്കപ്പെടുമ്പോൾപ്പോലും—സാൻ ലൊറാൻ × സൂസി കേസിൽ കാനഡ സുപ്രീം കോടതി (1997); ഹോഫ്മാൻ × ഓസ്ട്രിയ കേസ് ECHR (1993).
□ നിയമ ഏജൻസികൾ ഉണ്ടായിരിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും ഉള്ള അവകാശം; കൂടാതെ അംഗീകാരമുള്ള ഇതര മതങ്ങൾ ഉപയോഗിക്കുന്ന ഏജൻസികൾക്കു ലഭിക്കുന്ന അതേ നികുതി ഇളവുകൾ ലഭിക്കുന്നതിന് ഉള്ള അവകാശവും—ഐക്യനാടുകളിലെ ന്യൂയോർക്കിലെ ജനം × ഹരിങ് കേസിൽ അപ്പീൽ കോടതി (1960).
□ ഏതെങ്കിലും പ്രത്യേക മുഴുസമയ സേവനത്തിൽ നിയമിതർ ആയിരിക്കുന്നവർക്ക് ഇതര മതങ്ങളിലെ മുഴുസമയ മതശുശ്രൂഷകർക്ക് ലഭിക്കുന്ന അതേ നികുതി ഇളവുകൾ ലഭിക്കുന്നതിനുള്ള അവകാശം—ബ്രസീലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സെക്യൂരിറ്റി, ബ്രസീലിയ, (1996).
[20-ാം പേജിലെ ചിത്രം]
മിനോസ് കൊക്കിനാക്കിസും ഭാര്യയും
[20-ാം പേജിലെ ചിത്രം]
കുനിഹിതോ കൊബയാഷി
[19-ാം പേജിലെ ചിത്രത്തിന് കടപ്പാട]
The Complete Encyclopedia of Illustration/J. G. Heck