യൂറോപ്പിൽ ഒരു സാർവദേശീയ കോടതി എന്തുകൊണ്ട്?
നെതർലൻഡ്സിലെ ഉണരുക! ലേഖകൻ
നെതർലൻഡ്സിന്റെ വടക്കുഭാഗത്തുള്ള ഒരു ഗരാജ് ഉടമയ്ക്കു ദ്രവവാതകം വിൽക്കുന്നതിനുള്ള അനുമതി നിഷേധിക്കപ്പെട്ടു. മോട്ടോർവാഹനങ്ങളുടെ എൻജിനുകൾ, ദ്രവവാതകം ഉപയോഗിച്ചു കത്തിക്കുന്നതാക്കി മാറ്റിയെടുക്കാൻ അദ്ദേഹത്തിന് അനുവാദമില്ലെന്നും ഇത് അർഥമാക്കി. സർക്കാർ ചുമത്തിയ ഈ നിയന്ത്രണത്തിന്റെ കെട്ടഴിക്കുന്നതിനു വേണ്ടി വിവിധ കോടതികളിലായി അദ്ദേഹം ഒരു നീണ്ട നിയമയുദ്ധം തന്നെ നടത്തി. ഇതിനിടയിൽ അദ്ദേഹം പാപ്പരായി.
നെതർലൻഡ്സിലെ കോടതികൾ തനിക്കു നീതി നിഷേധിച്ചെന്നു തോന്നിയപ്പോൾ അദ്ദേഹം സ്ട്രാസ്ബർഗിലുള്ള യൂറോപ്യൻ മനുഷ്യാവകാശ കോടതിയിൽ അപ്പീൽ സമർപ്പിച്ചു. 1985-ൽ യൂറോപ്യൻ കോടതി അദ്ദേഹത്തിനനുകൂലമായി തീർപ്പു കൽപ്പിച്ചു. ഗരാജ് ഉടമ ഈ കോടതിവിധിയെ അതിമഹത്തായ ഒരു ധാർമിക വിജയമായി വീക്ഷിച്ചു. അദ്ദേഹം പറഞ്ഞപ്രകാരം ‘ഇക്കാലമത്രയും തന്റെ ഭാഗത്തായിരുന്നു ശരി എന്ന് ഇതു തെളിയിച്ചു.’
കഴിഞ്ഞ ദശകങ്ങളിലായി യൂറോപ്യൻ മനുഷ്യാവകാശ കോടതിയിൽ തങ്ങളുടെ അപ്പീൽ സമർപ്പിച്ചിട്ടുള്ള യൂറോപ്യൻ രാജ്യങ്ങളിലെ നിരവധി പൗരന്മാരിൽ ഒരാളാണ് ഇദ്ദേഹം. യൂറോപ്പിനകത്തുള്ള വ്യക്തികൾക്കു മാത്രമല്ല ഈ കോടതികളിൽ പരാതി ബോധിപ്പിക്കാവുന്നത്. മറിച്ച് മൗലിക മനുഷ്യാവകാശങ്ങൾ ആദരിക്കപ്പെട്ടിട്ടില്ലെന്നു തോന്നിയാൽ ഒരു രാജ്യത്തിനു മറ്റു രാജ്യങ്ങൾക്കെതിരായും ഇവിടെ പരാതി ബോധിപ്പിക്കാവുന്നതാണ്. സാർവദേശീയ കോടതികളുടെ മുമ്പാകെയുള്ള കേസുകളുടെ എണ്ണത്തിലെ വർധനവ് പൗരന്മാരുടേയും ചില ഗവൺമെന്റുകളുടേയും നീതിക്കു വേണ്ടിയുള്ള അതിയായ ആഗ്രഹത്തെ പ്രതിഫലിപ്പിക്കുന്നു.
യൂറോപ്യൻ മനുഷ്യാവകാശ കോടതി
1950-ൽ യൂറോപ്യൻ കൗൺസിലിൽ സംയോജിക്കപ്പെട്ടവയും റോമിൽ സമ്മേളിച്ചവയുമായ നിരവധി യൂറോപ്യൻ രാജ്യങ്ങൾ തങ്ങളുടെ പൗരന്മാർക്കും തങ്ങളുടെ നീതിന്യായ അധികാരത്തിൻ കീഴിൽ വസിക്കുന്ന വിദേശികൾക്കും ചില അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും ഉറപ്പുവരുത്തുന്നതിനു വേണ്ട ഒരു കരാർ രൂപീകരിക്കുന്നതിനുള്ള തീരുമാനമെടുത്തു. വേറെ ചില അവകാശങ്ങളും കൂട്ടിച്ചേർക്കപ്പെട്ടു. അതേസമയംതന്നെ യൂറോപ്യൻ രാജ്യങ്ങളുടെ ഒരു വലിയ സംഖ്യ, മനുഷ്യാവകാശങ്ങളും അടിസ്ഥാനപരമായ സ്വാതന്ത്ര്യങ്ങളും സംരക്ഷിക്കുന്നതിനുള്ള കാഴ്ചപ്പാടോടെ യൂറോപ്യൻ കരാറിൽ അംഗങ്ങളായി. ഈ അവകാശങ്ങളിൽ ചിലതു ജീവൻ സംരക്ഷിക്കുന്നതും പീഡനം തടയുന്നതുമായി ബന്ധപ്പെട്ടതാണ്. മറ്റുള്ളത് കുടുംബജീവിതം, മതസ്വാതന്ത്ര്യം, ആശയപ്രകടനസ്വാതന്ത്ര്യം, അഭിപ്രായസ്വാതന്ത്ര്യം, സമ്മേളനസ്വാതന്ത്ര്യം, സഹവാസസ്വാതന്ത്ര്യം എന്നിവയുമായി ബന്ധപ്പെട്ടവയാണ്. ഈ മനുഷ്യാവകാശ ലംഘനത്തിന്റെ ഇരകൾക്കു രാജ്യത്തിനെതിരായി യൂറോപ്യൻ കൗൺസിലിന്റെ ജനറൽസെക്രട്ടറിക്കു പരാതി ബോധിപ്പിക്കാവുന്നതാണ്.
കോടതി നിലവിൽവന്നതു മുതൽ 20,000-ത്തിലധികം പരാതികൾ ബോധിപ്പിക്കപ്പെട്ടിട്ടുണ്ട്. ഏതൊക്കെ കേസുകൾ വിചാരണ ചെയ്യണമെന്നു കോടതി എങ്ങനെയാണു തീരുമാനിക്കുന്നത്? ആദ്യം അനുരഞ്ജനത്തിനുള്ള ഒരു നടപടി സ്വീകരിക്കുന്നു. അതു പരാജയപ്പെടുകയും പരാതി നിയമസാധുതയുള്ളതാണെന്നു ബോധ്യപ്പെടുകയും ചെയ്യുന്നപക്ഷം അതു സ്ട്രാസ്ബർഗിലുള്ള യൂറോപ്യൻ മനുഷ്യാവകാശ കോടതിയുടെ മുമ്പാകെ ബോധിപ്പിക്കപ്പെടുന്നു. ഏകദേശം 5 ശതമാനം പരാതികൾ മാത്രമേ കോടതിയുടെ മുമ്പാകെ എത്തുന്നുള്ളൂ. 1995-ന്റെ അവസാനംവരെ കോടതി 554 തീർപ്പുകൾ കൽപ്പിച്ചിട്ടുണ്ട്. ഒരു വ്യക്തിയുടെ പരാതിയിന്മേലുള്ള കോടതിയുടെ തീർപ്പനുസരിക്കാൻ ബന്ധപ്പെട്ട രാജ്യത്തിനു ബാധ്യതയുണ്ടെങ്കിലും ഒരു രാജ്യമോ അല്ലെങ്കിൽ രാജ്യങ്ങളോ പരാതി ബോധിപ്പിക്കുമ്പോൾ ഉളവാകുന്ന സാഹചര്യം ഒരു നിസ്സാര പ്രശ്നമല്ല. അങ്ങനെയുള്ള സാഹചര്യത്തിൽ പ്രതികൂലമായ വിധി ലഭിച്ച രാജ്യം കരാറിന്റെ നിബന്ധനകൾക്കു വഴങ്ങുന്നതിനു പകരം രാഷ്ട്രീയമായ നേട്ടത്തിനു വേണ്ട ഒരു ഗതി സ്വീകരിക്കും. ഹേഗിലുള്ള സാർവദേശീയ നീതിന്യായ കോടതി രാജ്യങ്ങൾ തമ്മിലുള്ള തർക്കങ്ങൾ മാത്രം കൈകാര്യം ചെയ്യുമ്പോൾ യൂറോപ്യൻ കോടതി പൗരന്മാരും രാജ്യങ്ങളും തമ്മിലുള്ള തർക്കങ്ങൾക്കും തീർപ്പു കൽപ്പിക്കുന്നു.
യൂറോപ്പിൽ ആരാധനാ സ്വാതന്ത്ര്യത്തിന് അനുകൂലമായ വിധികൾ
1993-ൽ യൂറോപ്യൻ മനുഷ്യാവകാശ കോടതി ആരാധനാ സ്വാതന്ത്ര്യത്തിന് അനുകൂലമായ രണ്ടു പ്രധാനപ്പെട്ട തീർപ്പുകൾ കൽപ്പിച്ചു. ഗ്രീസിൽ താമസിച്ചിരുന്ന മിനോസ് കൊക്കിനാക്കിസ് ഉൾപ്പെട്ടതായിരുന്നു ആദ്യത്തെ കേസ്. യഹോവയുടെ സാക്ഷികളിൽ ഒരാളെന്ന നിലയിൽ 1938 മുതൽ 60 തവണയിലധികം അദ്ദേഹം അറസ്റ്റ് ചെയ്യപ്പെടുകയും 18 തവണ ഗ്രീക്കു കോടതികളുടെ മുമ്പാകെ ഹാജരാകാൻ നിർബന്ധിതനാവുകയും ചെയ്തിട്ടുണ്ട്. കൂടാതെ ആറു വർഷത്തിലധികം അദ്ദേഹം തടവിൽ ചെലവഴിച്ചിട്ടുണ്ട്.
1993, മെയ് 25-ന് യൂറോപ്യൻ കോടതി, അന്ന് 84 വയസ്സുണ്ടായിരുന്ന മിനോസ് കൊക്കിനാക്കിസിന്റെ മതസ്വാതന്ത്ര്യം ഗ്രീക്കു ഗവൺമെൻറ് ലംഘിച്ചതായി തീർപ്പു കൽപ്പിക്കുകയും 14,400 ഡോളറുകൾ നഷ്ടപരിഹാര തുകയായി നൽകുകയും ചെയ്തു. കൊക്കിനാക്കിസും യഹോവയുടെ സാക്ഷികൾ ഒന്നടങ്കവും തങ്ങളുടെ മതത്തെപ്പറ്റി മറ്റുള്ളവരുമായി ചർച്ച ചെയ്യുമ്പോൾ തന്ത്രപരമായി സമ്മർദം പ്രയോഗിക്കുന്നു എന്ന ഗ്രീക്കു ഗവൺമെൻറിന്റെ വാദത്തെ കോടതി തള്ളിക്കളഞ്ഞു.—കൂടുതൽ വിവരങ്ങൾക്കായി, 1993 സെപ്റ്റംബർ 1 വീക്ഷാഗോപുരത്തിന്റെ, 27-31 പേജുകൾ കാണുക.
രണ്ടാമത്തെ കേസിൽ യൂറോപ്യൻ കോടതി ഓസ്ട്രിയായിലുള്ള ഇംഗ്രിറ്റ് ഹോഫ്മാന് അനുകൂലമായ വിധി പ്രസ്താവിച്ചു. വിവാഹമോചനത്തെത്തുടർന്ന് അവരുടെ രണ്ടു കുട്ടികളുടെ മേലുള്ള രക്ഷാകർത്തൃത്വം അവർക്കു നഷ്ടപ്പെട്ടു. വിവാഹശേഷം അവർ ഒരു യഹോവയുടെ സാക്ഷിയായി എന്ന കാരണത്താലായിരുന്നു അത്. മുമ്പു കീഴ്ക്കോടതികൾ രക്ഷാകർത്തൃത്വം അവരെ ഏൽപ്പിച്ചിരുന്നതാണ്. എന്നാൽ സുപ്രീം കോടതി അത് അവരുടെ കത്തോലിക്കാ ഭർത്താവിനെ ഏൽപ്പിച്ചു. വിവാഹസമയത്ത് കത്തോലിക്കരായിരുന്നെങ്കിൽ തങ്ങളുടെ മതം മാറാൻ ഇരുവരും സമ്മതിക്കാത്ത പക്ഷം കുട്ടികൾ കത്തോലിക്കാമതത്തിൽ തന്നെ വളർത്തപ്പെടണം എന്ന ഓസ്ട്രിയൻ നിയമത്തെ ആധാരപ്പെടുത്തിയാണു കോടതി ഈ നടപടിയെടുത്തത്. അവർ ഒരു സാക്ഷിയായിത്തീർന്നതുകൊണ്ട് കുട്ടികളെ ശരിയായ, ആരോഗ്യാവഹമായ രീതിയിൽ വളർത്തിക്കൊണ്ടുവരാനാവില്ലെന്ന് അവരുടെ മുൻഭർത്താവു തറപ്പിച്ചു പറഞ്ഞു. ഓസ്ട്രിയ മിസ്സിസ് ഹോഫ്മാനോട് അവരുടെ മതത്തിന്റെ പേരിൽ വേർതിരിവു കാട്ടിയതായും കുടുംബത്തെ വളർത്തിക്കൊണ്ടുവരുന്നതിനുള്ള അവരുടെ അവകാശത്തെ ലംഘിച്ചതായും യൂറോപ്യൻ കോടതി 1993 ജൂൺ 23-നു തീർപ്പു കൽപ്പിച്ചു. അവർക്കു നഷ്ടപരിഹാരം നൽകുകയുണ്ടായി.—കൂടുതൽ വിവരങ്ങൾക്കായി, 1993 ഒക്ടോബർ 8 ഉണരുക!-യുടെ [ഇംഗ്ലീഷ്] പേജ് 15 കാണുക.
മതസ്വാതന്ത്ര്യവും ആശയപ്രകടനസ്വാതന്ത്ര്യവും കാംക്ഷിക്കുന്ന ഏവരേയും ഈ തീർപ്പുകൾ ബാധിക്കുന്നു. സാർവദേശീയ കോടതികളിൽ അപ്പീൽ നൽകുന്നതു പൗരന്മാരുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിനു സഹായകമായേക്കാം. നീതിന്യായ വകുപ്പുകളുടെ പരിമിതികൾ മനസ്സിലാക്കുന്നതും ഒരു നല്ല കാര്യമാണ്. അവയ്ക്കു സദുദ്ദേശ്യങ്ങൾ ഉണ്ടെന്നുവരികിലും അവർക്കു നിലനിൽക്കുന്ന സമാധാനമോ മനുഷ്യാവകാശങ്ങളോടു പൂർണമായ ആദരവോ വാഗ്ദാനം ചെയ്യാൻ സാധിക്കില്ല.