ലോകത്തെ വീക്ഷിക്കൽ
വത്തിക്കാനിലെ ഒരു “പരസ്പരവൈരുദ്ധ്യം”
“പരിശുദ്ധ പിതാവേ, എന്തുകൊണ്ടാണു വത്തിക്കാൻ ഇപ്പോഴും സിഗരറ്റു വിൽക്കുന്നത്?” റോമിലെ പുരോഹിതൻമാരുമായുള്ള പാപ്പായുടെ വാർഷിക ദർശനവേളയിൽ ജോൺ പോൾ രണ്ടാമനോട് ഒരു പുരോഹിതൻ ചോദിച്ചു. അദ്ദേഹം എന്നിട്ട് ഇങ്ങനെ തുടർന്നു: “ആരോഗ്യത്തിനു ഹാനികരമായിരിക്കുന്നതിനു പുറമേ ഈ വ്യാപാരം ആരോഗ്യ സംരക്ഷണത്തിനും നമ്മുടെ ഇടയവേലക്കും അനുകൂലമായി അങ്ങു തുടർച്ചയായി നടത്തുന്ന അഭ്യർഥനയ്ക്കും വിരുദ്ധമാണല്ലോ.” 76 വയസ്സുള്ള ഉഗോ മേസീനി പുരോഹിതനെ സംബന്ധിച്ചിടത്തോളം, “പുകവലി ആരോഗ്യത്തിനു ഹാനികരം” എന്നു പ്രസ്താവിച്ചുകൊണ്ട് വത്തിക്കാൻ പുകയിലയും സിഗരറ്റുകളും വിൽക്കുന്നു എന്ന വസ്തുത പാപ്പായുടെ സന്ദേശത്തോടുള്ള ഒരു “എതിർസാക്ഷ്യ”വും ഒരു “പരസ്പര വൈരുദ്ധ്യവുമാണ്.” പുകയിലയുടെ കാര്യത്തിൽ തന്റെ “മനഃസാക്ഷി ശുദ്ധമാണ്” എന്നു പാപ്പാ പ്രതിവചിച്ചതായി റോമിലെ ഇൽ മെസ്സാജേറോ റിപ്പോർട്ടു ചെയ്തു. എന്നിരുന്നാലും, വത്തിക്കാന്റെ സിഗരറ്റു വിൽപ്പനയെക്കുറിച്ചു പ്രസ്തുത വകുപ്പിന്റെ മേൽവിചാരണയുള്ള കർദിനാളുമായി സംസാരിക്കാമെന്ന് അദ്ദേഹം വാക്കു കൊടുത്തു.
“സാത്താന്റെ നൂറ്റാണ്ട്”
“ഈ നൂറ്റാണ്ടിലെ അതിദാരുണമായ സംഗതികൾ പരിശോധിക്കുമ്പോൾ, ഇതു സാത്താന്റെ നൂറ്റാണ്ടായിരുന്നു” എന്നു ന്യൂയോർക്ക് ടൈംസിന്റെ ഒരു മുഖപ്രസംഗത്തിൽ പറയുന്നു. “മതത്തിന്റെയും വർഗത്തിന്റെയും സമൂഹത്തിന്റെയും പേരിൽ ലക്ഷക്കണക്കിനു മനുഷ്യരെ കൊല്ലുന്നതിൽ ആളുകൾ ഇത്രമാത്രം സാമർഥ്യവും താത്പര്യവും മനുഷ്യ ചരിത്രത്തിൽ മുമ്പൊരിക്കലും കാട്ടിയിട്ടില്ല.” തെളിവെന്നോണം അത് 50 വർഷം മുമ്പു വെളിച്ചത്തായ ഔഷ്വിറ്റ്സ് മരണപ്പാളയത്തെക്കുറിച്ചു പരാമർശിക്കുന്നു. ഈ ജർമൻ തടങ്കൽപ്പാളയത്തിന്റെ വിമോചകർ കണ്ടതു തീപ്പെട്ടിക്കൊള്ളിപ്പരുവത്തിലുള്ള അടിമവേലക്കാരെയും ഭ്രാന്തന്മാർക്കായുള്ള ലബോറട്ടറി പരിശോധനകളിൽ അംഗവിച്ഛേദം ഭവിച്ച കുട്ടികളെയും ഒരുകാലത്തു ദിവസവും 20,000 പേരെ വച്ച് ഒടുക്കിക്കൊണ്ടിരുന്ന നാലു ഗ്യാസ് ചേംബറുകളുടെയും ശവദാഹ ചൂളകളുടെയും അവശിഷ്ടങ്ങളുമാണ്” എന്നു മുഖപ്രസംഗത്തിൽ പറഞ്ഞു. തങ്ങൾ കണ്ട “കരിക്കട്ടപോലെ കുന്നുകൂടിക്കിടന്ന ശവശരീരങ്ങളും 43,000 ജോഡി ഷൂസുകളും മനുഷ്യമുടിയുടെ കൂമ്പാരങ്ങളും” അവരുടെ മനസ്സുകളിൽ മായാതെ കിടന്നു. അവരുടെ ഓർമയിൽ മായാതെ കിടന്നു. എന്നിട്ട് അത് ഇങ്ങനെ കൂട്ടിച്ചേർത്തു: “ഔഷ്വിറ്റ്സ് ഇന്നും സുബോധത്തിനും ധാരണയ്ക്കുമപ്പുറമാണ്.”
ഭക്ഷ്യക്ഷാമം പ്രതീക്ഷിക്കപ്പെടുന്നു
“സാങ്കേതിക വിദ്യയ്ക്കു സമൂലപരിവർത്തനം വരുത്താനുള്ള ഒരു വൻ പദ്ധതിയില്ലാത്തപക്ഷം നമുക്ക് അതിരൂക്ഷമായ പ്രശ്നങ്ങളുണ്ടാകുമെന്നത് ഏറെക്കുറെ തീർച്ചയാണ്” എന്ന് ഈജിപ്തിൽനിന്നുള്ള ഒരു വികസന ഉദ്യോഗസ്ഥനും ലോകബാങ്കിന്റെ ഒരു വൈസ് പ്രസിഡന്റുമായ ഇസ്മായീൽ സെരാഗെൾഡിൻ പറയുന്നു. അടിസ്ഥാന ഭക്ഷ്യവസ്തുക്കളുടെ വർധിച്ചുവരുന്ന ആവശ്യം സംബന്ധിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്. ഏഷ്യയിലെയും ആഫ്രിക്കയിലെയും ജനപ്പെരുപ്പം ഏറ്റവും കൂടുതലുള്ള ചില ഭാഗങ്ങളിലെ വിഭവങ്ങളെ ഈ ആവശ്യം അതിക്രമിക്കുകയാണ്. “ഇനി എന്തൊക്കെ ചെയ്താലും, അടുത്ത 20 വർഷംകൊണ്ട് ഇവിടെ 200 കോടി [ജനങ്ങൾ]കൂടിയുണ്ടാവും, അതിൽ 95 ശതമാനം പേരും ഏറ്റവും ദരിദ്ര രാജ്യങ്ങളിലായിരിക്കും” എന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 25 വർഷങ്ങളിൽ അടിസ്ഥാന ധാന്യ വിളവുകളിൽ നാടകീയമായ വർധനവുകൾ ഉണ്ടായിരുന്നിട്ടുണ്ടെങ്കിലും പരിസ്ഥിതിസംബന്ധവും ജീവശാസ്ത്രസംബന്ധവുമായ പരിമിതികൾ കാരണം കൂടുതലായ നേട്ടങ്ങൾ കൈവരിക്കുക വളരെ ബുദ്ധിമുട്ടായിക്കൊണ്ടിരിക്കുകയാണ്. കൂടുതൽ ആക്രമണകാരികളായ കീടങ്ങളും ചെടികൾക്കുണ്ടാകുന്ന രോഗങ്ങളും മണ്ണിന്റെ ഗുണക്കുറവുമെല്ലാം നേട്ടങ്ങൾക്കു ഭീഷണിയുയർത്തുന്ന മറ്റു ഘടകങ്ങളാണ്. ലോകനിരീക്ഷണ സ്ഥാപനം ഇതിനോടു യോജിക്കുന്നു. “പരിസ്ഥിതിപരമായി അസ്ഥിരമായ ഒരു സാമ്പത്തിക പാതയിലാണു ലോകമെന്നതിനുള്ള ഏതാനും ചില തെളിവുകൾമാത്രമാണു കുറഞ്ഞുവരുന്ന മത്സ്യബന്ധനവും ഭൂമിക്കടിയിലെ താഴുന്ന ജലനിരപ്പും പക്ഷികളുടെ കുറഞ്ഞുവരുന്ന എണ്ണവും വൻ ചൂടുകാറ്റുകളും ശോഷിച്ചുവരുന്ന ധാന്യശേഖരവും” എന്ന് അതിന്റെ 1995-ലെ ലോകാവസ്ഥ എന്ന റിപ്പോർട്ടു പറയുന്നു.
പ്രായവും പഥ്യവും
50-നു മേൽ പ്രായമുള്ളവർ വണ്ണംവെക്കുന്ന കാര്യത്തിൽ മധ്യവയസ്കരെപ്പോലെ ഭയപ്പെടേണ്ടതില്ലായിരിക്കാം എന്നു ഗവേഷകർ ഇപ്പോൾ പറയുന്നതായി ദ ടൈംസ് ഓഫ് ലണ്ടൻ റിപ്പോർട്ടു ചെയ്യുന്നു. ഉദാഹരണത്തിന്, ഉപഭോക്തൃ സംഘടനാ മാസികയുടെ പത്രാധിപരായ ഡേവിഡ് ഡിക്കിൻസൺ പറയുന്നതു ശ്രദ്ധിക്കൂ: “പൊക്കവും തൂക്കവും തമ്മിലുള്ള അനുപാതം കൂടുതലായിരിക്കുന്നവർക്കു വണ്ണക്കൂടുതലാണെന്നും അവർ വണ്ണം കുറയ്ക്കേണ്ടതാണെന്നുമുള്ള ഉപദേശം തെറ്റാണ്. വണ്ണം കുറയ്ക്കുന്നതു പൊക്ക-തൂക്ക അനുപാതത്തെ ബാധിച്ചാലും ഇല്ലെങ്കിലും ആരോഗ്യത്തെ ബാധിച്ചേക്കാം. 50-നു മേലുള്ള മിക്കവരും വണ്ണം കുറയ്ക്കേണ്ടതില്ല.” പോഷക-പഥ്യ പ്രൊഫസറായ ടോം സാന്റേഴ്സ് വിശദീകരിക്കുന്നു: “വണ്ണത്തോടു ബന്ധപ്പെട്ട ആരോഗ്യാപകടങ്ങളെ മിക്കപ്പോഴും പെരുപ്പിച്ചുകാട്ടാറുണ്ട്. അതു പ്രമേഹത്തിന്റെയും സന്ധിവാതത്തിന്റെയും അപകടം വർധിപ്പിക്കുകതന്നെ ചെയ്യും, എന്നാൽ വണ്ണക്കൂടുതലുകൊണ്ടുള്ള ആരോഗ്യാപകടങ്ങൾ തുച്ഛമാണ്. സ്ത്രീകളുടെ കാര്യത്തിൽ അതു മേന്മ കൈവരുത്തുകപോലും ചെയ്തേക്കാം.” ഇനിയും ആരോഗ്യ വകുപ്പിലെ ഡോ. മാർട്ടിൻ വൈസ്മാന്റെ ഉപദേശമിതാണ്: “ഏതു പ്രായത്തിലായാലും അധികം വണ്ണിച്ചോ മെലിഞ്ഞോ പോകാതിരിക്കുന്നതു വളരെ പ്രധാനമാണ്. ബോധപൂർവം ഭക്ഷണം കഴിക്കുകയും സജീവമായിരിക്കുകയും ചെയ്യുന്നതാണ് ഇതിനുള്ള ഉത്തമ മാർഗം, എന്നാൽ പ്രായമാകുംതോറും വണ്ണിച്ചിരിക്കുന്നതാണു മെലിഞ്ഞിരിക്കുന്നതിനെക്കാൾ ഭേദം.”
അനുഗ്രഹമായിത്തീർന്ന അപകടമോ?
1992 ജനുവരിയിൽ ഒരു വടക്കൻ ശാന്തസമുദ്രക്കൊടുങ്കാറ്റിൽപ്പെട്ട ഒരു കപ്പലിന്റെ മേൽത്തട്ടിൽനിന്ന് 29,000 കളിപ്പാട്ടങ്ങൾ—താറാവ്, ആമ, നീർനായ്, തവള—കയറ്റിയ ഒരു കണ്ടെയ്നർ വെള്ളത്തിൽ വീണു. ഈ അപകടം ശാസ്ത്രജ്ഞർക്ക് ഒരു അനുഗ്രഹമായിത്തീർന്നു. രണ്ടു വർഷം മുമ്പു കടലിൽ വീണ 61,000 നൈക്ക് ഷൂസുകളിൽനിന്നു വ്യത്യസ്തമായി ഈ കനംകുറഞ്ഞ കളിപ്പാട്ടങ്ങൾ ഏതാണ്ടു പൂർണമായിത്തന്നെ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നതിനാൽ കാറ്റും ജലപ്രവാഹവും ഇവയെ ഒഴുക്കിക്കൊണ്ടുപോകുന്നു. ഇതു വടക്കൻ ശാന്തസമുദ്രത്തിരമാലകളെക്കുറിച്ചു പഠിക്കുന്ന സമുദ്രശാസ്ത്രജ്ഞരെ തങ്ങളുടെ പഠനത്തിൽ കാറ്റിന്റെ സ്വാധീനംകൂടി ഉൾപ്പെടുത്താൻ സഹായിച്ചിരിക്കുന്നു. കളിപ്പാട്ടങ്ങളിൽ ആദ്യത്തെ കുറെയെണ്ണം ദക്ഷിണപൂർവ അലാസ്കയുടെ തീരങ്ങളിൽ പ്രത്യക്ഷപ്പെട്ടുതുടങ്ങിയത് അപകടം സംഭവിച്ച് പത്തു മാസം കഴിഞ്ഞാണ്. പിന്നത്തെ പത്തുമാസംകൊണ്ട് 400 എണ്ണംകൂടി അലാസ്കാ ഉൾക്കടലിന്റെ 850 കിലോമീറ്റർ ദൈർഘ്യമുള്ള തീരത്തണഞ്ഞു. 13 സെന്റീമീറ്റർ മാത്രം നീളമുള്ള ഈ കളിപ്പാട്ടങ്ങൾ ഹോങ്കോങ്ങിൽനിന്നു യു. എസ്. എ.-യിലെ വാഷിങ്ടണിലുള്ള ടക്കോമായിലേക്കു കൊണ്ടുപോകുകയായിരുന്നു. അതിൽ കുറച്ചെണ്ണം കാലക്രമേണ ബെറിങ് കടലിടുക്കു കടന്ന് ഐസിൽ പൊതിഞ്ഞ് ആർട്ടിക്ക് സമുദ്രം കുറുകെ കടന്ന് ഉത്തര അറ്റ്ലാൻറിക്കിൽ ചെന്നെത്തുമെന്നു പ്രതീക്ഷിക്കപ്പെടുന്നു.
പോളിയോയുടെമേൽ ഭാഗിക വിജയം
പോളിയോ എന്നു വിളിക്കുന്ന പരാലിറ്റിക്ക് പോളിയോമൈലിറ്റിസ് ചരിത്രത്തിലുടനീളം ഒരു കോടിയാളുകളെ കൊല്ലുകയോ തളർത്തുകയോ ചെയ്തിട്ടുണ്ട്. അതു പുരാതന ഈജിപ്തുകാരുടെയും ഗ്രീസുകാരുടെയും റോമാക്കാരുടെയും കാലഘട്ടങ്ങളിലെ കൊത്തുപണികളിൽ വരെ ചിത്രീകരിച്ചിട്ടുണ്ട്. ഏറിയപങ്കും കുട്ടികളെ ബാധിക്കുന്ന ഇതു ശ്വാസംമുട്ടിച്ചാണ് മരണത്തിനോ തളർവാതത്തിനോ ഇടയാക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ ഒരു വിഭാഗമായ പാൻ അമേരിക്കൻ ആരോഗ്യ സംഘടന പറയുന്നതനുസരിച്ച്, പോളിയോ പശ്ചിമാർധഗോളത്തിൽനിന്നു തുടച്ചുനീക്കപ്പെട്ടിരിക്കുകയാണ്. റിപ്പോർട്ടു ചെയ്യപ്പെട്ട അവസാനത്തെ കേസ് 1991-ൽ പെറുവിലെ ഒരു കുട്ടിയുടേതായിരുന്നു. ആ കുട്ടിക്ക് ഒരു കാലിൽ രോഗം ബാധിച്ചെങ്കിലും മരണത്തെ അതിജീവിച്ചു. എന്നിരുന്നാലും ഇതു ലോകവ്യാപകമായി 1977-ൽ തുടച്ചുനീക്കപ്പെട്ട മസൂരി പോലെയല്ല. പോളിയോ വൈറസ് ഇപ്പോഴും മറ്റു മേഖലകളിൽ കാണപ്പെടുന്നുണ്ട്. അതുകൊണ്ട് അന്യദേശത്തുനിന്നു വന്നുപാർക്കുന്നവരിലൂടെയോ സഞ്ചാരത്തിലൂടെയോ അമേരിക്കകളിലേക്ക് അതു വീണ്ടും വന്നേക്കാം. അവസാനമായി പൂർത്തീകരിച്ച റിപ്പോർട്ടു കാണിച്ചത് ആ വർഷം 10,000 പോളിയോ കേസുകളുണ്ടായിരുന്നെന്നാണ്. അതിനെ പൂർണമായി കീഴടക്കുന്നതുവരെ ആ രോഗത്തിനെതിരെ പ്രതിരോധ കുത്തിവെയ്പ് തുടരണമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
തയ്വാന്റെ ഒറാങ്ങുട്ടൻ വൈഷമ്യം
തയ്വാനിലെ അധികാരികൾ ഒരു അസാധാരണ പ്രശ്നത്തെ അഭിമുഖീകരിക്കുകയാണ്: ഒറാങ്ങുട്ടാനെ ഒരു “ഉത്തമ സഹകാരി”യായി ഒരു ടെലിവിഷൻ പരിപാടിയിൽ അവതരിപ്പിച്ചതിൽപ്പിന്നെ 1986-ൽ അതിനെ ഓമനമൃഗമാക്കുന്നത് ഒരു ഫാഷനായതിനാൽ അവയെ ഇനി എന്തുചെയ്യും. ഏകദേശം ആയിരം ഒറാങ്ങുട്ടാൻ കുഞ്ഞുങ്ങളെ രാജ്യത്തു കൊണ്ടുവന്ന് ഓമനമൃഗങ്ങളായി വിറ്റെന്നാണു ന്യൂ സയിൻറിസ്റ്റിൽ റിപ്പോർട്ടു ചെയ്തിരിക്കുന്നത്. ഇപ്പോൾ ലൈംഗിക പക്വതയിലെത്തുകയും അതിന്റെ സ്വഭാവം സ്ഥിരതയില്ലാത്തതും ആക്രമണപരവുമാകുന്നതനുസരിച്ച് അവ നൂറുകണക്കിന് ഉപേക്ഷിക്കപ്പെടുകയാണ്. അവ ഏകാന്ത ജീവികളായതിനാലും ഗൊറില്ലാകൾക്കും ചിമ്പാൻസികൾക്കും ഉള്ളതുപോലെ ഒരു കൂട്ടത്തോടു ചേരേണ്ടതിന്റെ പ്രശ്നമില്ലാത്തതുകൊണ്ടും ഇണക്കിയെടുത്ത ഒറാങ്ങുട്ടാൻമാരെ കാട്ടിൽക്കൊണ്ടു തിരികെ വിടാം. എന്നാൻ ഈ ഓമനമൃഗങ്ങൾക്കു ഹെപ്പറ്റൈറ്റിസ്-ബി-യും ക്ഷയവും പോലുള്ള മനുഷ്യ രോഗങ്ങൾ പിടിപെട്ടതിനാൽ ഇതിനോടകംതന്നെ വംശനാശത്തെ നേരിടുന്ന കാട്ടിലെ ഒറാങ്ങുട്ടാൻമാർക്കു ഭീഷണിയാകും. അനവധിയെണ്ണത്തെ ഒടുക്കിക്കളയേണ്ടിവന്നേക്കാം, കാരണം ഒറ്റപ്പെട്ട മൃഗക്കൂട്ടിൽ ശേഷിച്ച ജീവിതകാലം കഴിച്ചുകൂട്ടാൻ ഇട്ടേക്കുന്നതിനെക്കാൾ ഏറെ ദയ അതാണെന്നാണു ചിലർ കരുതുന്നത്.
ടൊറന്റോയിലെ തെരുവു പിള്ളേർ
ടൊറന്റോ നഗരത്തിലൂടെ സ്ഥിരം 10,000-ത്തോളം തെരുവു പിള്ളേർ കടന്നുപോകുന്നതായി അധികാരികൾ പറയുന്നു. “ഈ സംഖ്യ കഴിഞ്ഞ പതിറ്റാണ്ടിൽ കുതിച്ചുയർന്നിരിക്കുന്നു”വെന്നു ദ ടൊറന്റോ സ്റ്റാർ റിപ്പോർട്ടു ചെയ്യുന്നു. “ദുരുപയോഗം മുതൽ അനുസരിക്കാൻ തങ്ങൾ കൂട്ടാക്കാത്ത മാതാപിതാക്കളുടെ നിയമങ്ങൾവരെയാണു തെരുവുപിള്ളേരിലധികവും കാരണമായി പറയുന്നത്. മയക്കുമരുന്നുകളുടെയും അക്രമത്തിന്റെയും വേശ്യാവൃത്തിയുടെയും മണിക്കൂറുകളോളം നീണ്ടുനിൽക്കുന്ന വിരസതയുടെയും ഒരു ലോകത്തെക്കുറിച്ചാണ് അവർക്കു പറയാനുള്ളത്.” ടൊറന്റോയിലെ തെരുവുപിള്ളേരിൽ 54 ശതമാനം വേശ്യാവൃത്തിയിലേർപ്പെടുന്നതായി കണക്കാക്കിയിരിക്കുന്നു. അഞ്ചിലൊന്നു പെൺപിള്ളേർ ഗർഭിണികളാകും, 80 ശതമാനം പേർ മയക്കുമരുന്നുകളോ മദ്യമോ ഉപയോഗിക്കുന്നു, 67 ശതമാനം പേർ ദുരുപയോഗം ചെയ്യപ്പെട്ടിരിക്കുന്നു, 43 ശതമാനം ആത്മഹത്യക്കു ശ്രമിച്ചിട്ടുണ്ട്. “തെരുവുജീവിതം ആകർഷകവും ആവേശജനകവുമാണെന്ന് ആരെങ്കിലും പറഞ്ഞാൽ അതു വിശ്വസിക്കരുത്. അതു മരണംപോലെയാണ്, ജീവിതമേയല്ല” എന്ന് ഒരു യുവാവു പറഞ്ഞു. “മയക്കുമരുന്നുകളുടെയും വേശ്യാവൃത്തിയുടെയും കുതിച്ചുയരുന്ന കുറ്റകൃത്യത്തിന്റെയും തുടർന്നുപോകുന്ന ഒരു ജീവിതത്തിൽനിന്ന് ചിലർക്കു മുക്തി കണ്ടെത്താൻ കഴിയുന്നില്ല; പ്രായവും ജ്ഞാനവും ഏറെയുള്ള മറ്റു ചിലർ ഒരു വിദ്യാഭ്യാസവും ജോലിയും നേടാൻ ശ്രമിക്കുന്നു” എന്നു സ്റ്റാർ കൂട്ടിച്ചേർക്കുന്നു.
ആ പല്ലു രക്ഷിക്കാമെന്നോ!
അബദ്ധത്തിൽ ഒരു പല്ലു പറിഞ്ഞുപോയാൽ അതു കളയരുത്, യുസി ബേർക്കെലി വെൽനസ് ലെറ്റർ നൽകിയ ഉപദേശമാണത്. “30 മിനിറ്റിനകം ദന്തഡോക്ടറെ സമീപിക്കുന്നപക്ഷം അതു വിജയകരമായി തിരികെ പിടിപ്പിക്കാൻ 50 ശതമാനം സാധ്യതയുണ്ടെന്നു ഗവേഷണം പ്രകടമാക്കുന്നു.” നിങ്ങൾ എന്തു ചെയ്യണം? കഴിയുന്നത്ര ശാന്തമായിരിക്കാൻ ശ്രമിക്കണം. പല്ലിന്റെ മകുടത്തിൽ പിടിച്ച് ചെറുചൂടുവെള്ളത്തിൽ ഉലെച്ചുകഴുകുക—അതു തേച്ചുകഴുകരുത്. നിങ്ങളുടെ സന്ദർശനത്തെക്കുറിച്ചു ദന്തഡോക്ടറോടു വിളിച്ചുപറയുക, എന്നിട്ട് ഡോക്ടർ അരുതെന്നു പറയുന്നില്ലെങ്കിൽ പല്ലു സൂക്ഷിച്ച് അതിന്റെ പൊഴിയിലേക്ക് ഇറക്കി വയ്ക്കണം. പല്ല് അവിടെ പിടിച്ചിരിക്കേണ്ടതിന് വൃത്തിയുള്ള ഒരു തുണിയോ കൈലേസോ ഉപയോഗിച്ച് അത് അഞ്ചു മിനിറ്റു നേരത്തേക്കു കടിച്ച് അമർത്തിപ്പിടിക്കുക. പിന്നെ ഡോക്ടറെ കാണുന്നതുവരെ പല്ലു സാമാന്യം ശക്തമായിത്തന്നെ അമർത്തിവച്ചിരിക്കണം. പല്ല് ഉടനടി തിരികെ വയ്ക്കാൻ കഴിയുന്നില്ലെങ്കിൽ അതു വായ്ക്കകത്തെ ഉമിനീരിൽ മുക്കിവയ്ക്കുക. അതു വിഴുങ്ങിയേക്കാമെന്നു ഭയക്കേണ്ട കൊച്ചുകുട്ടികളുടെ കാര്യത്തിൽ അതെടുത്ത് ഒരു പ്ലാസ്റ്റിക്ക് ബാഗിലോ കപ്പിലോ കുറച്ചു പാലോ ഉപ്പിട്ട വെള്ളമോ എടുത്ത് അതിൽ മുക്കിവയ്ക്കുക. ദീർഘനേരം കഴിഞ്ഞുപോയാലും ദന്തവൈദ്യന്റെ പക്കൽ പോകുന്നതാണു നല്ലത്, എന്തു ചെയ്യണമെന്ന് അദ്ദേഹം തീരുമാനിക്കട്ടെ. “ഒരു പല്ലു രക്ഷിക്കുന്നതു തീർച്ചയായും ശ്രമത്തിനു തക്ക ഫലമുള്ളതാണ്,” റിപ്പോർട്ടു പറയുന്നു.