എന്നേക്കും ജീവിക്കാൻ രൂപകൽപ്പന ചെയ്യപ്പെട്ടിരിക്കുന്നു
മനുഷ്യ ശരീരം അത്ഭുതകരമായിട്ടാണു രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതിന്റെ വളർച്ചയും വികാസവും അത്ഭുതംതന്നെയാണ്. “ഭയങ്കരവും അതിശയവുമായി എന്നെ സൃഷ്ടിച്ചിരി”ക്കുന്നു എന്ന് ഒരു പുരാതന എഴുത്തുകാരൻ ഉദ്ഘോഷിച്ചു. (സങ്കീർത്തനം 139:14) മനുഷ്യ ശരീരത്തിന്റെ അത്ഭുതങ്ങളെക്കുറിച്ച് ശരിക്കറിയാവുന്ന ചില ആധുനിക ശാസ്ത്രജ്ഞർ വാർധക്യവും മരണവും ഒരു കടങ്കഥയാണെന്നു മനസ്സിലാക്കുന്നു. നിങ്ങളോ?
“വാർധക്യവുമായി നാം എത്ര നിരന്തരം ഏറ്റുമുട്ടുന്നു, എന്നിട്ടും അധികമാളുകൾ ഒരു സുപ്രധാന ജീവശാസ്ത്ര രഹസ്യമായി അതിനെ കാണാത്തതിൽ ഞാൻ അതിശയിക്കുകയാണ്” എന്നു ഹാർവാർഡ് സർവകലാശാലയിലെ ജീവശാസ്ത്രജ്ഞനായ സ്റ്റീവൻ ഓസ്റ്റഡ് എഴുതി. എല്ലാവർക്കും പ്രായം ചെല്ലുന്നതിനാൽ “[വാർധക്യം] അത്രകണ്ട് ഒരു കടങ്കഥയായി തോന്നുന്നില്ല” എന്ന് ഓസ്റ്റഡ് അഭിപ്രായപ്പെട്ടു. എങ്കിലും, നിങ്ങൾ വാസ്തവത്തിൽ അതിനെക്കുറിച്ചു ചിന്തിച്ചുനോക്കുമ്പോൾ, വാർധക്യം പ്രാപിക്കുന്നതും മരിക്കുന്നതും യുക്തിസഹമായി തോന്നുന്നുവോ?
കഴിഞ്ഞ വർഷം, എങ്ങനെ, എന്തുകൊണ്ട് നാം വാർധക്യം പ്രാപിക്കുന്നു എന്ന തന്റെ ഗ്രന്ഥത്തിൽ ലെണാർഡ് ഹേഫ്ലിക്ക് മനുഷ്യജീവന്റെ അത്ഭുതങ്ങളെക്കുറിച്ചും വളർച്ചയെക്കുറിച്ചും സമ്മതിച്ചുപറഞ്ഞശേഷം ഇങ്ങനെയെഴുതി: “ഗർഭധാരണംമുതൽ ജനനംവരെയും അതിനുശേഷം ലൈംഗിക പക്വതയിലേക്കും പ്രായപൂർത്തിയിലേക്കും നമ്മെ എത്തിക്കുന്നതുവരെയുമുള്ള അത്ഭുതങ്ങൾ നിർവഹിച്ചശേഷം പ്രകൃതി ആ അത്ഭുതങ്ങളെ കേവലം എന്നേക്കും നിലനിർത്തുക എന്ന, പ്രത്യക്ഷത്തിൽ കുറേക്കൂടെ പ്രാഥമികമായ പ്രക്രിയ ഏർപ്പെടുത്തേണ്ടതില്ലെന്നു വെച്ചു. ഈ ഉൾക്കാഴ്ച ജൈവവാർധക്യശാസ്ത്രജ്ഞരെ [വാർധക്യം പ്രാപിക്കുന്നതിന്റെ ജീവശാസ്ത്ര വശങ്ങളെക്കുറിച്ചു പഠിക്കുന്നവർ] പതിറ്റാണ്ടുകളായി അമ്പരപ്പിച്ചിരിക്കുകയാണ്.”
വാർധക്യവും മരണവും നിങ്ങളെയും അമ്പരപ്പിക്കുന്നുണ്ടോ? അവ എന്തുദ്ദേശ്യമാണു നിവർത്തിക്കുന്നത്? ഹേഫ്ലിക്ക് ഇങ്ങനെ പറഞ്ഞു: “ഗർഭധാരണംമുതൽ പ്രായപൂർത്തിയാകുന്നതുവരെയുള്ള എല്ലാ ജീവശാസ്ത്ര സംഭവങ്ങൾക്കും വാസ്തവത്തിൽ ഒരുദ്ദേശ്യമുള്ളതായി കാണാം, എന്നാൽ വാർധക്യത്തിനതില്ല. വാർധക്യം പ്രാപിക്കുന്നത് എന്തിനെന്നു വ്യക്തമല്ല. വാർധക്യത്തിന്റെ ജീവശാസ്ത്രത്തെക്കുറിച്ചു നാം വളരെയധികം മനസ്സിലാക്കിയിട്ടുണ്ടെങ്കിലും . . . ഇപ്പോഴും നാം വാർധക്യത്തിന്റെയും അതിനെത്തുടർന്നുള്ള മരണത്തിന്റെയും ഉദ്ദേശ്യരാഹിത്യം എന്ന ഒഴിവാക്കാനാവാത്ത അനന്തരഫലത്തെ നേരിടേണ്ടതുണ്ട്.”
നാം വാർധക്യം പ്രാപിക്കുകയും മരിക്കുകയും ചെയ്യാതെ ഭൂമിയിൽ എന്നേക്കും ജീവിച്ചിരിക്കണമെന്നു നമ്മെക്കുറിച്ച് ഉദ്ദേശിച്ചിരിക്കാൻ സാധ്യതയുണ്ടോ?
ജീവിക്കാനുള്ള ആഗ്രഹം
എല്ലാവരുംതന്നെ വാർധക്യത്തെയും മരണത്തെയും വെറുക്കുന്നുവെന്നു തീർച്ചയായും നിങ്ങൾക്കറിയാം. വാസ്തവത്തിൽ അവയെക്കുറിച്ചുള്ള ചിന്തതന്നെ അനേകർക്കും ഭയമാണ്. നാമെങ്ങനെ മരിക്കുന്നു (ഇംഗ്ലീഷ്) എന്ന തന്റെ ഗ്രന്ഥത്തിൽ ഡോക്ടർ ഷെർവിൻ ബി. നൂളൻഡ് ഇങ്ങനെയെഴുതി: “നമ്മുടെതന്നെ മരണാവസ്ഥയെ, ശൂന്യമായിരിക്കുന്ന, നാസ്തിയായിരിക്കുന്ന—കേവലം ഒന്നുമില്ലാത്ത—സ്ഥിരമായ അബോധാവസ്ഥ എന്ന ആശയത്തെ, നേരിടാൻ മനഃശാസ്ത്രപരമായി നമ്മിലാരുംതന്നെ ശക്തരാണെന്നു തോന്നുന്നില്ല.” വാർധക്യം പ്രാപിച്ച്, രോഗം വന്ന്, മരിക്കാനാഗ്രഹിക്കുന്ന ആരെയെങ്കിലും നിങ്ങൾക്കറിയാമോ?
ഇനി അഥവാ വാർധക്യവും മരണവും സ്വാഭാവികവും ഏതെങ്കിലുമൊരു ആകമാനപദ്ധതിയുടെ ഭാഗവുമായിരുന്നെങ്കിൽ നാം അവയെ സ്വാഗതം ചെയ്യുമായിരുന്നില്ലേ? പക്ഷേ നാമങ്ങനെ ചെയ്യുന്നില്ല. എന്തുകൊണ്ടില്ല? ഉത്തരത്തിനായി നാം ഉണ്ടാക്കപ്പെട്ട വിധം നോക്കിയാൽ മതി. ബൈബിൾ പറയുന്നു: “[ദൈവം] നിത്യതയും [നമ്മുടെ] ഹൃദയത്തിൽ വെച്ചിരിക്കുന്നു.” (സഭാപ്രസംഗി 3:11, ബയിങ്ടൻ) ഈ അനന്തമായ ഭാവിക്കുവേണ്ടിയുള്ള ആഗ്രഹം നിമിത്തം ആളുകൾ വളരെക്കാലംമുമ്പു മുതൽക്കേ യൗവനത്തിന്റെ ഉറവിടമെന്നു പറയപ്പെടുന്നതിനുവേണ്ടി അന്വേഷിച്ചുകൊണ്ടിരുന്നിട്ടുണ്ട്. അവർ എക്കാലവും യുവത്വത്തിലായിരിക്കാനാഗ്രഹിക്കുന്നു. ഇത്, ദൈർഘ്യമേറിയ ജീവിതത്തിനുള്ള സാധ്യതകൾ നമുക്കുണ്ടോ? എന്ന ചോദ്യമുയർത്തുന്നു.
സ്വയം കേടുപോക്കാൻ രൂപകൽപ്പന ചെയ്യപ്പെട്ടിരിക്കുന്നു
പ്രകൃതിയുടെ ചരിത്രം (ഇംഗ്ലീഷ്) എന്ന മാസികയിൽ ജീവശാസ്ത്രജ്ഞനായ ഓസ്റ്റഡ് ഈ സാധാരണ വീക്ഷണം അവതരിപ്പിച്ചു: “നാം യന്ത്രങ്ങളെക്കുറിച്ചു ചിന്തിക്കുന്നതുപോലെതന്നെയാണു നമ്മെയും മറ്റു മൃഗങ്ങളെയുംകുറിച്ചു ചിന്തിക്കാൻ പ്രവണത കാട്ടുന്നത്: തേയ്മാനം കേവലം ഒഴിവാക്കാനാവാത്തതാണെന്ന്.” എന്നാൽ അതു ശരിയല്ല. “ജീവികൾ അടിസ്ഥാനപരമായി യന്ത്രങ്ങളിൽനിന്നു വ്യത്യസ്തമാണ്, അവ സ്വയം കേടു പോക്കുന്നവയാണ്: മുറിവുകളുണങ്ങുന്നു, അസ്ഥികൾ കൂടിച്ചേരുന്നു, രോഗങ്ങൾ സുഖപ്പെടുന്നു,” ഓസ്റ്റഡ് പറഞ്ഞു.
അതുകൊണ്ട്, നാമെന്തുകൊണ്ടു വാർധക്യം പ്രാപിക്കുന്നു? എന്ന വിഷമിപ്പിക്കുന്ന ചോദ്യമുയരുന്നു. ഓസ്റ്റഡ് ചോദിച്ചതുപോലെ, “അപ്പോൾപ്പിന്നെ എന്തുകൊണ്ടാണു [ജീവികൾ] യന്ത്രങ്ങളുടേതുപോലെ അതേ തേയ്മാനങ്ങൾക്കു വിധേയമാകുന്നത്?” ശരീരകലകൾ സ്വയം മാറ്റിസ്ഥാപിക്കപ്പെടുന്നതുകൊണ്ട് അവയ്ക്ക് എന്തുകൊണ്ട് അത് എന്നേക്കും തുടർന്നുകൂടാ?
ഡിസ്കവർ മാസികയിൽ പരിണാമവാദിയായ ജീവശാസ്ത്രജ്ഞൻ യാരെദ് ഡയമണ്ട് സ്വയം കേടുപോക്കാനുള്ള ജീവികളുടെ വിസ്മയകരമായ പ്രാപ്തിയെക്കുറിച്ചു ചർച്ച ചെയ്യുകയുണ്ടായി. അദ്ദേഹം ഇങ്ങനെയെഴുതി: “നമ്മുടെ ശരീരത്തു നടക്കുന്ന ഹാനി നിയന്ത്രിക്കുന്നതിന്റെ ഏറ്റവും ദൃശ്യമായ ഉദാഹരണം നമ്മുടെ ത്വക്കിനുണ്ടാകുന്ന ക്ഷതം നീക്കി മുറിവുണക്കുന്നതാണ്. നമുക്കു കഴിയുന്നതിനെക്കാൾ വളരെ മെച്ചപ്പെട്ട ഫലങ്ങൾ നേടാൻ അനേകം മൃഗങ്ങൾക്കു കഴിയും: പല്ലികൾക്ക് അറ്റുപോയ വാലുകളും നക്ഷത്രമത്സ്യത്തിനും ഞണ്ടുകൾക്കും തങ്ങളുടെ കാലുകളും കടൽവെള്ളരിക്കകൾക്കു തങ്ങളുടെ കുടലുകളും പുനരുത്പാദിപ്പിക്കാൻ കഴിയും.”
പല്ലിന്റെ മാറ്റിസ്ഥാപിക്കലിനെക്കുറിച്ചു ഡയമണ്ട് ഇങ്ങനെ പ്രസ്താവിച്ചു: “മനുഷ്യർക്കു രണ്ടു സെറ്റു പല്ലു വളരുന്നു, ആനയ്ക്ക് ആറു സെറ്റ്, സ്രാവിന്റെ ജീവിതകാലത്ത് അനിശ്ചിത എണ്ണം.” എന്നിട്ട് അദ്ദേഹം ഇങ്ങനെ വിശദീകരിച്ചു: “ക്രമമായ മാറ്റിസ്ഥാപിക്കൽ സൂക്ഷ്മമായ അളവിലും നടക്കുന്നുണ്ട്. ഏതാനും ദിവസങ്ങൾ കൂടുമ്പോൾ നമ്മുടെ കുടലിന്റെ ഉൾഭിത്തിയിലെ കോശങ്ങളും രണ്ടു മാസത്തിലൊരിക്കൽ നമ്മുടെ മൂത്രസഞ്ചിയുടെ ഉൾഭിത്തിയിലുള്ളവയും നാലു മാസത്തിലൊരിക്കൽ നമ്മുടെ ചുവന്ന രക്താണുക്കളും മാറ്റിസ്ഥാപിക്കപ്പെടുന്നു.
“തന്മാത്രാ തലത്തിൽ പറഞ്ഞാൽ, നമ്മുടെ പ്രോട്ടീൻ തന്മാത്രകൾ ഓരോ പ്രോട്ടീന്റെയും പ്രത്യേകതയനുസരിച്ചുള്ള നിരക്കിൽ നിരന്തരം മാറ്റത്തിനു വിധേയമായിക്കൊണ്ടിരിക്കുകയാണ്; അതുകൊണ്ട് കേടുപറ്റിയ തന്മാത്രകൾ ശരീരത്തിൽ കുന്നുകൂടുന്നതു നാം ഒഴിവാക്കുന്നു. അതുകൊണ്ട് നിങ്ങളുടെ പ്രിയതമന്റെ/പ്രിയതമയുടെ ആകാരം ഒരു മാസം മുമ്പത്തേതുമായി താരതമ്യം ചെയ്താൽ അവനിൽ/അവളിൽ യാതൊരു മാറ്റവും കാണില്ലായിരിക്കും, എന്നാൽ ആ പ്രിയ ശരീരത്തിനു രൂപം നൽകുന്ന അനേകം വ്യതിരിക്ത തന്മാത്രകൾ വ്യത്യസ്തമാണ്.”
ശരീരത്തിലെ മിക്ക കോശങ്ങളെയും പുതുതായുണ്ടാകുന്നവ കാലാകാലങ്ങളിൽ മാറ്റിസ്ഥാപിക്കുകയാണ്. എന്നാൽ മസ്തിഷ്കത്തിലെ ന്യൂറോണുകൾപോലുള്ള ചില കോശങ്ങൾ ഒരിക്കലും മാറ്റിസ്ഥാപിക്കപ്പെടുന്നില്ല. എന്നാൽ ഹേഫ്ലിക്ക് ഇങ്ങനെ വിശദീകരിച്ചു: “കോശത്തിന്റെ ഓരോ ഭാഗവും മാറ്റിസ്ഥാപിക്കപ്പെട്ടാൽ അതു പിന്നെ പഴയ കോശമേയല്ല. ജനിച്ചപ്പോൾ . . . നിങ്ങളിലുണ്ടായിരുന്ന ന്യൂറോണുകൾ ഇന്നും അതേ കോശങ്ങൾതന്നെയാണെന്നു തോന്നിയേക്കാം. എന്നാൽ വാസ്തവത്തിൽ നിങ്ങളുടെ ജനനസമയത്ത് അവയുടെ ഘടകങ്ങളായിരുന്ന അനേകം തന്മാത്രകളുടെ സ്ഥാനത്തു പുതിയ തന്മാത്രകൾ ഉണ്ടായിരിക്കാം. അതുകൊണ്ട് അവിഭജിത കോശങ്ങളുടെ കാര്യത്തിൽ നിങ്ങൾ ജനിച്ചപ്പോഴുണ്ടായിരുന്ന അതേ കോശങ്ങളായിരിക്കില്ല ഇപ്പോഴുള്ളത്!” ഇതിന്റെ കാരണം കോശങ്ങളുടെ ഘടകങ്ങൾ മാറ്റിസ്ഥാപിക്കപ്പെടുന്നുവെന്നതാണ്. അതുകൊണ്ട് തത്ത്വത്തിൽ, ശരീരഘടകങ്ങൾ മാറ്റിസ്ഥാപിക്കുകവഴി നമുക്ക് എന്നേക്കും ജീവിക്കാൻ കഴിയും!
“ഗർഭധാരണംമുതൽ ജനനംവരെ നമ്മെ കൊണ്ടെത്തിക്കുന്ന അത്ഭുതങ്ങളെ”ക്കുറിച്ചു ഡോ. ഹേഫ്ലിക്ക് സംസാരിച്ചുവെന്നോർക്കുക. അവയിൽ ചിലത് ഏവയാണ്? അവ നാം ഹ്രസ്വമായി പരിശോധിക്കുമ്പോൾ, “ആ അത്ഭുതങ്ങളെ കേവലം എന്നേക്കും നിലനിർത്തുക എന്ന, പ്രത്യക്ഷത്തിൽ കുറേക്കൂടെ പ്രാഥമികമായ പ്രക്രിയ” എന്ന് അദ്ദേഹം വിളിച്ചതു നടപ്പിൽ വരുത്തുന്നതിന്റെ സാധ്യതകളെക്കുറിച്ചു പരിഗണിക്കുക.
കോശം
പ്രായപൂർത്തിയായ ഒരു വ്യക്തിയിൽ ഏതാണ്ട് ഒരു കോടി കോടി കോശങ്ങളുണ്ട്, അവയിലോരോന്നും ദുർഗ്രാഹ്യമാംവിധം സങ്കീർണമാണ്. അതിന്റെ സങ്കീർണത ദൃഷ്ടാന്തീകരിക്കുന്നതിന്, ന്യൂസ്വീക്ക് മാസിക ഒരു കോശത്തെ കോട്ടകെട്ടിയ ഒരു നഗരത്തോടുപമിച്ചു. ആ മാസിക ഇങ്ങനെ പറഞ്ഞു: “വൈദ്യുതപ്ലാന്റുകൾ കോശത്തിന്റെ ഊർജം ഉത്പാദിപ്പിക്കുന്നു. ഫാക്ടറികൾ സുപ്രധാന രാസവ്യവസായ യൂണിറ്റുകളായ പ്രോട്ടീനുകൾ ഉത്പാദിപ്പിക്കുന്നു. സങ്കീർണമായ ഗതാഗത സംവിധാനങ്ങൾ കോശത്തിനുള്ളിലും പുറത്തും പ്രത്യേക രാസവസ്തുക്കളെ ഒരു സ്ഥലത്തുനിന്നു മറ്റൊരു സ്ഥലത്തേക്കു നയിക്കുന്നു. കൊത്തളങ്ങളിലുള്ള കാവൽഭടൻമാർ കയറ്റിറക്കുമതി ചെയ്യുന്ന കമ്പോളത്തെ നിയന്ത്രിക്കുകയും അപകട സൂചനകൾ വല്ലതുമുണ്ടോയെന്നറിയാൻ പുറംലോകത്തെ നിരീക്ഷിക്കുകയും ചെയ്യുന്നു. ശിക്ഷണം ലഭിച്ച ജൈവിക സേനകൾ അക്രമികളെ പിടിക്കാൻ തയ്യാറായി നിൽക്കുന്നു. ഒരു കേന്ദ്രീകൃത ജനിതക ഗവണ്മെൻറ് ക്രമസമാധാനം നിലനിർത്തുന്നു.”
നിങ്ങൾ—നിങ്ങളിലെ ഏകദേശം ഒരു കോടി കോടി കോശങ്ങൾ—എങ്ങനെ ഉരുത്തിരിഞ്ഞുവെന്നു പരിശോധിക്കുക. നിങ്ങളുടെ പിതാവിന്റെ ബീജം നിങ്ങളുടെ മാതാവിന്റെ ഒരു അണ്ഡകോശവുമായി സംയോജിച്ചപ്പോൾ നിങ്ങൾ ഒരു ഏകകോശമായി തുടക്കമിട്ടു. ആ സംയോഗസമയത്ത്, അന്തിമമായി നിങ്ങളെ—തികച്ചും പുതുതും അനുപമവുമായ ഒരു മനുഷ്യനെ—ഉത്പാദിപ്പിച്ച പുതുതായുണ്ടായ കോശത്തിന്റെ ഡിഎൻഎ-യിൽ (ഡി ഓക്സിറൈബോന്യൂക്ലിക്ക് ആസിഡ് എന്നതിന്റെ ചുരുക്കം) പദ്ധതികളെല്ലാം തയ്യാറാക്കപ്പെട്ടു. ഡിഎൻഎ-യ്ക്കുള്ളിലെ നിർദേശങ്ങളെല്ലാം “എഴുതിയാൽ, 600 പേജുള്ള ആയിരം പുസ്തകങ്ങൾ നിറയുമെന്നു” പറയപ്പെടുന്നു.
കാലക്രമത്തിൽ ആ ആദ്യ കോശം രണ്ടായും നാലായും എട്ടായും അങ്ങനെ വിഭജിക്കാൻ തുടങ്ങി. 270-ഓളം ദിവസങ്ങൾക്കു ശേഷം—ആ കാലഘട്ടത്തിനുള്ളിൽ നിങ്ങളുടെ മാതാവിന്റെയുള്ളിൽ ഒരു ശിശുവിനു രൂപം നൽകാൻ ആയിരക്കണക്കിനു കോടി വിവിധ തരം കോശങ്ങൾ വികാസം പ്രാപിച്ചു—അവസാനം നിങ്ങൾ ജനിച്ചു. ആ ആദ്യത്തെ കോശത്തിൽ നിങ്ങളെ എങ്ങനെ ഉണ്ടാക്കണമെന്ന വിശദമായ നിർദേശങ്ങളോടുകൂടിയ പുസ്തകങ്ങളടങ്ങിയ ഒരു വലിയ മുറിയുണ്ടായിരുന്നതുപോലുണ്ട്. എന്നാൽ അതുപോലെതന്നെ വിസ്മയകരമായ ഒരു വസ്തുതയാണ് ഈ സങ്കീർണമായ നിർദേശങ്ങൾ ഓരോ പുതിയ കോശത്തിനും കൈമാറപ്പെട്ടുവെന്നത്. അതേ, നിങ്ങളുടെ ശരീരത്തിലെ ഓരോ കോശത്തിനും ആ ബീജസംയോഗം നടന്ന ആദ്യത്തെ അണ്ഡത്തിലടങ്ങിയ അതേ വിവരങ്ങളെല്ലാം ഉണ്ടെന്നത് അതിശയംതന്നെ!
ഇതുകൂടി പരിഗണിക്കുക. എല്ലാ തരത്തിലുമുള്ള കോശങ്ങളെ ഉത്പാദിപ്പിക്കാനുള്ള വിവരങ്ങൾ ഓരോ കോശത്തിനും ഉള്ളതിനാൽ ഹൃദയകോശങ്ങൾ ഉണ്ടാക്കാനുള്ള സമയം വന്നപ്പോൾ മറ്റെല്ലാ കോശങ്ങളും ഉണ്ടാക്കാനുള്ള നിർദേശങ്ങൾ അമർച്ച ചെയ്യപ്പെട്ടതെങ്ങനെ? ഒരു ശിശുവിനെ നിർമിക്കാനുള്ള അടിസ്ഥാനരേഖകളടങ്ങിയ ഒരു അലമാര കൈവശമുള്ള ഒരു കോൺട്രാക്റ്ററെപ്പോലെ പ്രവർത്തിച്ചുകൊണ്ട് ഒരു കോശം ഫയലുകൾ സൂക്ഷിക്കുന്ന തന്റെ അലമാരയിൽനിന്ന് ഹൃദയകോശങ്ങൾ ഉണ്ടാക്കാനുള്ള അടിസ്ഥാനരേഖ തിരഞ്ഞെടുത്തിരിക്കണം. മറ്റൊരു കോശം നാഡീകോശങ്ങൾ ഉണ്ടാക്കാനുള്ള നിർദേശങ്ങളടങ്ങിയ ഒരു വ്യത്യസ്ത അടിസ്ഥാനരേഖ തിരഞ്ഞെടുത്തിരിക്കണം, ഇനിയും മറ്റൊന്ന് കരളിന്റെ കോശങ്ങൾ നിർമിക്കാനുള്ളത് എടുത്തിരിക്കണം, അങ്ങനെ പോകുന്നു. തീർച്ചയായും, പിന്നെയും വിശദീകരിക്കപ്പെടാതെപോകുന്ന, ഒരു പ്രത്യേക തരം കോശത്തെ നിർമിക്കാനുള്ള നിർദേശങ്ങൾ തിരഞ്ഞെടുക്കാനും അതേസമയംതന്നെ മറ്റെല്ലാ നിർദേശങ്ങളെയും അമർച്ച ചെയ്യാനും ഒരു കോശത്തിനുള്ള ഈ പ്രാപ്തി “ഗർഭധാരണംമുതൽ ജനനംവരെ നമ്മെ കൊണ്ടെത്തിക്കുന്ന” അനേകം “അത്ഭുതങ്ങ”ളിൽ ഒന്നുമാത്രമാണ്.
എന്നാൽ അതിനെക്കാൾ വളരെയധികം ഉൾപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന്, താളാനുഗതമായി ചുരുങ്ങാൻതക്കവണ്ണം ഹൃദയകോശങ്ങൾ ഉത്തേജിപ്പിക്കപ്പെടേണ്ടതുണ്ട്. അതുകൊണ്ട്, ശരീരം ഏർപ്പെട്ടിരിക്കുന്ന പ്രവർത്തനത്തിൽ അതിനെ നിലനിർത്താനാവശ്യമായ കൃത്യമായ നിരക്കിൽ ഹൃദയം സ്പന്ദിക്കാനുതകുന്ന വൈദ്യുത ആവേഗം ഉത്പാദിപ്പിക്കാനുള്ള ഒരു സങ്കീർണ സംവിധാനം ഹൃദയത്തിനുള്ളിൽ ആവിഷ്കരിക്കപ്പെട്ടു. സത്യമായും രൂപകൽപ്പനയിലെ ഒരത്ഭുതം തന്നെ! ഹൃദയത്തെക്കുറിച്ച് “അതു മനുഷ്യൻ ഇന്നോളം രൂപകൽപ്പന ചെയ്തിട്ടുള്ള ഏതു തരം യന്ത്രത്തെക്കാളും ഏറെ മികവുറ്റതാണ്” എന്നു ഡോക്ടർമാർ പറഞ്ഞിരിക്കുന്നത് ഒട്ടും അതിശയമല്ല.
മസ്തിഷ്കം
അതിലും വലിയ ഒരു വിസ്മയമാണു മസ്തിഷ്കത്തിന്റെ വികാസം—മനുഷ്യനെന്ന അത്ഭുതത്തിന്റെ ഏറ്റവും നിഗൂഢ ഭാഗം. ബീജസംയോഗം നടന്നു മൂന്നാഴ്ചകൾക്കു ശേഷം മസ്തിഷ്ക കോശങ്ങൾ രൂപം പ്രാപിക്കാൻ തുടങ്ങുന്നു. അവസാനം ന്യൂറോണുകൾ എന്നു വിളിക്കപ്പെടുന്ന 10,000 കോടി നാഡീകോശങ്ങൾ—ക്ഷീരപഥത്തിലുള്ള നക്ഷത്രങ്ങളുടെ അത്രയും എണ്ണം—കൂടിച്ചേർന്ന് ഒരു മനുഷ്യ മസ്തിഷ്കമായിത്തീരുന്നു.
“ഇവയ്ക്കോരോന്നിനും മസ്തിഷ്കത്തിൽത്തന്നെയുള്ള മറ്റു 10,000-ത്തോളം ന്യൂറോണുകളിൽനിന്നു വിവരങ്ങൾ കിട്ടുന്നു, ഒരായിരം എണ്ണത്തിനു സന്ദേശങ്ങൾ അയയ്ക്കുകയും ചെയ്യുന്നു,” ടൈം മാസിക പറയുന്നു. പരസ്പരസന്ധികൾ സ്ഥാപിക്കാനുള്ള സാധ്യതകൾ നിരീക്ഷിച്ചശേഷം നാഡീശാസ്ത്രജ്ഞനായ ജെറൾഡ് ഇഡൽമൻ ഇങ്ങനെ പറഞ്ഞു: “മസ്തിഷ്കത്തിൽനിന്ന് ഒരു തീപ്പെട്ടിക്കൊള്ളിയിലെ മരുന്നിന്റെ വലിപ്പത്തിലുള്ള ഒരു ഭാഗമെടുത്താൽ അതിൽ ഒരു നൂറു കോടി സന്ധികൾ കാണാം. അവയ്ക്കു തമ്മിൽ തമ്മിൽ സ്ഥാപിക്കാൻ കഴിയുന്ന സന്ധികളുടെ എണ്ണം വിവരിക്കുന്നതിനു ചിന്തിക്കാൻകൂടി അസാധ്യമായ ഒരു സംഖ്യ വേണ്ടിവരും—പത്തിനു പിന്നാലെ ലക്ഷക്കണക്കിനു പൂജ്യമിട്ടാൽ കിട്ടുന്ന സംഖ്യ.”
ഇതു മസ്തിഷ്കത്തിന് എത്രമാത്രം കഴിവു പ്രയോഗിക്കാനുള്ള സാധ്യതയാണു നൽകുന്നത്? “ലോകത്തിലെ ഏറ്റവും വലിയ ഗ്രന്ഥശാലകളിലുള്ള അത്രയും, ഏതാണ്ടു രണ്ടു കോടിയോളം ഗ്രന്ഥസമാഹാരങ്ങൾ നിറയെ” വിവരങ്ങളാണു മനുഷ്യന്റെ മസ്തിഷ്കത്തിന് ഉൾക്കൊള്ളാൻ കഴിയുന്നത് എന്നു കാൾ സാഗൻ എന്ന ജ്യോതിശ്ശാസ്ത്രജ്ഞൻ പറഞ്ഞു. ജോർജ് ലെണാർഡ് എന്ന എഴുത്തുകാരൻ അതിലുമപ്പുറം കടന്ന് ഇങ്ങനെ ഉദ്ഘോഷിച്ചു: “ഒരുപക്ഷേ, വാസ്തവത്തിൽ അവിശ്വസനീയമായ ഒരു ഊഹം നമുക്കു നിർദേശിക്കാൻ കഴിഞ്ഞേക്കും: മസ്തിഷ്കത്തിന്റെ ആത്യന്തിക സർഗാത്മക ശേഷി വാസ്തവത്തിൽ അനിശ്ചിതമായിരിക്കാം.”
അതുകൊണ്ട് പിൻവരുന്ന പ്രസ്താവനകൾ കേട്ടു നാം അതിശയിച്ചുപോകരുത്: “പ്രപഞ്ചത്തിൽ നാം ഇതുവരെ കണ്ടുപിടിച്ചിട്ടുള്ളതിൽ വച്ചേറ്റവും സങ്കീർണമായ സംഗതിയാണു മസ്തിഷ്കം” എന്നു തന്മാത്രാ ജീവശാസ്ത്രജ്ഞനും ഡിഎൻഎ-യുടെ ഭൗതിക ഘടന കണ്ടുപിടിച്ചതിലൊരാളുമായ ജയിംസ് വാട്ട്സൺ പറഞ്ഞു. തലച്ചോറിനെ കമ്പ്യൂട്ടറുമായി താരതമ്യം ചെയ്യാനിഷ്ടപ്പെടാത്ത നാഡീശാസ്ത്രജ്ഞനായ റിച്ചാർഡ് റെസ്റ്റാക്ക് പറഞ്ഞത്, “അറിയപ്പെടുന്ന പ്രപഞ്ചത്തിലെങ്ങും മസ്തിഷ്കത്തോടു പരോക്ഷമായിപ്പോലും സാമ്യമുള്ള ഒന്നുമില്ലെന്ന വസ്തുത അതിന്റെ അതുല്യത പ്രകടമാക്കുന്നു” എന്നാണ്.
നമ്മിലോരോരുത്തരും ജീവിതകാലത്തു നമ്മുടെ മസ്തിഷ്കത്തിന്റെ കഴിവിന്റെ ഒരു ചെറിയ അംശം മാത്രമേ ഉപയോഗിക്കുന്നുള്ളുവെന്നും, ഒരു കണക്കനുസരിച്ച് അതു 1/10,000 അംശം അഥവാ 1 ശതമാനത്തിന്റെ 1/100 അംശമാണെന്നും നാഡീശാസ്ത്രജ്ഞർ പറയുന്നു. ഒന്നാലോചിച്ചു നോക്കൂ. ഒരിക്കലും പൂർണമായി ഉപയോഗിക്കേണ്ടതില്ലായിരുന്നെങ്കിൽ ഇത്ര അത്ഭുതകരമായ സാധ്യതകളുള്ള ഒരു തലച്ചോറു നമുക്കു തരുമെന്നതു യുക്തിക്കു നിരക്കുന്നതാണോ? അനന്തമായ പഠനശേഷിയുള്ള മനുഷ്യർ വാസ്തവത്തിൽ എന്നേക്കും ജീവിക്കാൻ രൂപകൽപ്പന ചെയ്യപ്പെട്ടിരുന്നുവെന്നതു യുക്തിസഹമല്ലേ?
അതു സത്യമാണെങ്കിൽ നാമെന്തുകൊണ്ടു വാർധക്യം പ്രാപിക്കുന്നു? എവിടെയാണു പിശകു പറ്റിയത്? തെളിവുകളനുസരിച്ച്, നമ്മുടെ ശരീരങ്ങൾ എന്നേക്കും നിലനിൽക്കാനാണു രൂപകൽപ്പന ചെയ്യപ്പെട്ടിരുന്നതെങ്കിലും 70-ഓ 80-ഓ വർഷങ്ങൾക്കുശേഷം നാം എന്തുകൊണ്ടാണു മരിക്കുന്നത്?
[7-ാം പേജിലെ രേഖാചിത്രം]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
കോശം—രൂപകൽപ്പനയിലെ ഒരു അത്ഭുതം
കോശസ്തരം
കോശത്തിനുള്ളിലേക്കു കടക്കുന്നതിനെയും കോശത്തിൽനിന്നു പുറത്തുപോകുന്നതിനെയും നിയന്ത്രിക്കുന്ന ആവരണം
മർമം
ഇരട്ടഭിത്തിയുള്ള ഒരു ആവരണത്തിനുള്ളിൽ അടയ്ക്കപ്പെട്ടിരിക്കുന്ന ഇതാണു കോശത്തിന്റെ പ്രവർത്തനങ്ങൾക്കു മാർഗനിർദേശം നൽകുന്ന നിയന്ത്രണ കേന്ദ്രം
റൈബോസോമുകൾ
പ്രോട്ടീനുകളുടെ രൂപത്തിൽ അമിനോ ആസിഡുകൾ സമ്മേളിച്ചിരിക്കുന്ന ഘടകങ്ങൾ
ക്രോമസോമുകൾ
അവയിലാണു കോശത്തിന്റെ ഡിഎൻഎ, അതിന്റെ ആകമാന ജനിതക പദ്ധതി, ഉൾക്കൊണ്ടിരിക്കുന്നത്.
മർമകം
റൈബോസോമുകൾ സമ്മേളിച്ചിരിക്കുന്ന സ്ഥലം
അന്തർദ്രവ്യജാലിക
ഇവ സ്തരപാളികളാണ്, ഇവയിൽ പറ്റിപ്പിടിച്ചിരിക്കുന്ന റൈബോസോമുകൾ ഉത്പാദിപ്പിക്കുന്ന പ്രോട്ടീനുകൾ സൂക്ഷിച്ചുവയ്ക്കുകയോ കടത്തിക്കൊണ്ടുപോകുകയോ ചെയ്യുന്നു (ചില റൈബോസോമുകൾ കോശത്തിൽ സ്വതന്ത്രമായി ഒഴുകി നടക്കും)
മൈറ്റോകോൺട്രിയ
കോശത്തിന് ഊർജം നൽകുന്ന എറ്റിപി തന്മാത്രകളുടെ ഉത്പാദന കേന്ദ്രങ്ങൾ
ഗോൾഗി വസ്തു
കോശം ഉത്പാദിപ്പിക്കുന്ന പ്രോട്ടീനുകൾ സംഭരിച്ചു വിതരണം ചെയ്യുന്ന, സ്തരംകൊണ്ടുള്ള ഒരു കൂട്ടം അമർന്നിരിക്കുന്ന സഞ്ചികൾ
സെൻട്രിയോളുകൾ
മർമത്തിനു സമീപം സ്ഥിതി ചെയ്യുന്ന ഇവ കോശ പുനരുത്പാദനത്തിൽ പ്രധാന പങ്കു വഹിക്കുന്നു