നാം വാർധക്യം പ്രാപിക്കുകയും മരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ട്?
“പ്രായവ്യത്യാസം സംഭവിക്കുന്നത് ഓരോ കോശത്തിനുമുള്ളിലാണെന്ന കണ്ടുപിടിത്തമൊഴിച്ചാൽ വാർധക്യം പ്രാപിക്കുന്നതിന്റെ അടിസ്ഥാന കാരണത്തെക്കുറിച്ച് ഒരു നൂറ്റാണ്ടു മുമ്പ് അറിയാമായിരുന്നതിനെക്കാൾ കൂടുതലൊന്നും ഇന്നു നമുക്കറിയില്ല” എന്നു ഡോ. ലെണാർഡ് ഹേഫ്ലിക്ക് സമ്മതിക്കുന്നു. വാസ്തവത്തിൽ അദ്ദേഹം പറയുന്നത്, “വാർധക്യം പ്രാപിക്കുന്നത് എന്തുകൊണ്ടെന്നതു സംബന്ധിച്ചു നമുക്കു സാധുവായ യാതൊരു കാരണവുമറിയില്ല” എന്നാണ്.
ഒരു ഭ്രൂണത്തിൽ നിന്നെടുത്ത സാധാരണ മനുഷ്യ കോശങ്ങളെ ഏറ്റവും അനുയോജ്യമായ അവസ്ഥകളിൽ കൃത്രിമമായി വളർത്തിയെടുത്തപ്പോൾ ഏതാണ്ട് 50 പ്രാവശ്യത്തെ പുനർവിഭജനത്തിനുശേഷം അവയ്ക്കു മരണം സംഭവിച്ചതായി 30 വർഷം മുമ്പു നടത്തിയ ലബോറട്ടറി പരിശോധനകൾ വെളിപ്പെടുത്തി. നേരേമറിച്ച് വളരെ പ്രായമായ ഒരു വ്യക്തിയിൽ നിന്നെടുത്ത കോശങ്ങൾ വെറും രണ്ടുമുതൽ പത്തുവരെ പ്രാവശ്യം വിഭജിച്ചശേഷം മരിച്ചുപോയി. അതുകൊണ്ട്, ദ നാഷണൽ ജ്യോഗ്രഫിക്ക് സൊസൈറ്റിയുടെ പുസ്തകമായ അവിശ്വസനീയ യന്ത്രം (ഇംഗ്ലീഷ്) ഇങ്ങനെ പറഞ്ഞു: “പരിശോധനാ തെളിവു പിന്തുണയ്ക്കുന്നതു ജനനത്തിങ്കൽത്തന്നെ നമ്മിൽ മരണവും പ്രോഗ്രാം ചെയ്തിട്ടുണ്ടെന്ന ആശയത്തെയാണ്.”
എന്നാൽ ഈ കോശവിഭജനം നിലയ്ക്കുന്നത് ഒഴിച്ചുകൂടാനാവാത്തതാണോ? അല്ല, അങ്ങനെയല്ല. “വാസ്തവത്തിൽ, ഭൂമിയിലെ ജീവനുള്ള വസ്തുക്കളിലെ ആദിമ അവസ്ഥ അജീർണിപ്പായിരുന്നു, [അല്ലാതെ വാർധക്യം പ്രാപിക്കലല്ലായിരുന്നു] എന്നു കാണപ്പെടുന്നു” എന്നു വാർധക്യമെന്ന വിഷയത്തിൽ വിദഗ്ധരായ റോബർട്ട് എം. സാപോൾസ്കി, കാലേബ് ഇ. ഫിഞ്ച് എന്നീ പ്രൊഫസർമാർ അഭിപ്രായപ്പെട്ടു. വിരോധാഭാസമെന്നു പറയട്ടെ, ചില അസാധാരണ മാനുഷ കോശങ്ങൾ പോലും ഇന്നു വാർധക്യം പ്രാപിക്കുന്നില്ല.
ഒരു മനുഷ്യനിൽനിന്നു മറ്റൊരു മനുഷ്യനിലേക്ക് ആദ്യമായി ഹൃദയം മാറ്റിവച്ച ഡോ. ക്രിസ്റ്റ്യാൻ ബെർണാർഡ് എഡിറ്റു ചെയ്ത ശരീര യന്ത്രം (ഇംഗ്ലീഷ്) എന്ന ഗ്രന്ഥം ഇങ്ങനെ വിശദീകരിച്ചു: “പ്രായാധിക്യത്തിന്റെ കാര്യത്തിൽ തത്പരരായ ജീവശാസ്ത്രജ്ഞർക്ക് ‘അമർത്ത്യ കോശങ്ങ’ളുടെ കണ്ടുപിടിത്തം ഒരു വലിയ തലവേദനയായി. എന്നാൽ പിന്നീടു മനസ്സിലായി ആ കോശങ്ങൾ അസാധാരണമായവയായിരുന്നുവെന്ന്.” അതേ, കൃത്രിമ സാഹചര്യത്തിൽ തുടർച്ചയായി വളർത്തപ്പെടുമ്പോൾ ചിലയിനം അർബുദ കോശങ്ങൾക്ക് അനന്തമെന്നു തോന്നിക്കുന്ന ഇരട്ടിക്കലിലൂടെ നിലനിൽക്കാൻ കഴിയും! ദ വേൾഡ് ബുക്ക് എൻസൈക്ലോപീഡിയ ഇങ്ങനെ പറഞ്ഞു: “ഇത്തരം അസാധാരണ കോശങ്ങൾ എങ്ങനെ അതിജീവിക്കുന്നുവെന്നു ശാസ്ത്രജ്ഞർക്കു കണ്ടുപിടിക്കാൻ കഴിഞ്ഞാൽ അവർ കോശത്തിന്റെ ജീർണിക്കൽ പ്രക്രിയ സംബന്ധിച്ച് ഒരു ഉൾക്കാഴ്ച നേടിയേക്കും.” അങ്ങനെ ഇന്ന്, ചിലയിനം അർബുദ കോശങ്ങൾക്ക് ലബോറട്ടറിയിൽ പ്രത്യക്ഷത്തിൽ അനിശ്ചിതമായി പെറ്റുപെരുകാൻ കഴിയുന്നു, എന്നാൽ സാധാരണ കോശം വാർധക്യം പ്രാപിച്ചു മരിക്കുന്നു.
ഒരു തകരാറുപറ്റിയ പ്രക്രിയ
ശരീര യന്ത്രം പറയുന്നതുപോലെ, വാർധക്യം പ്രാപിക്കുന്നതും മരിക്കുന്നതും “[സാധാരണ] കോശത്തിന്റെ പെരുകാനുള്ള കഴിവില്ലായ്മ”യുടെ ഫലമാണോ? അങ്ങനെയാണെങ്കിൽ, പുസ്തകം പറയുന്നത്, “കൃത്യമായി വർധിക്കുന്നതിനുള്ള കഴിവിനെ നിയന്തിക്കുന്ന ഈ പ്രക്രിയ തിരിച്ചറിഞ്ഞു മനസ്സിലാക്കുന്നതു സുപ്രധാനമാണ്. അപ്പോൾ മനുഷ്യായുസ്സ് വർധിപ്പിക്കുന്നതിനുള്ള ഒരു ശ്രമം നടത്താമല്ലോ” എന്നാണ്.
“ഗർഭധാരണംമുതൽ ജനനംവരെയും അതിനുശേഷം ലൈംഗിക പക്വതയിലേക്കും പ്രായപൂർത്തിയിലേക്കും നമ്മെ എത്തിക്കുന്നതുവരെയുമുള്ള അത്ഭുതങ്ങ”ളെക്കുറിച്ചു ഡോ. ഹേഫ്ലിക്ക് സംസാരിച്ചതു നിങ്ങൾ മുൻ ലേഖനത്തിൽനിന്ന് ഓർക്കുമല്ലോ. പിന്നീട് അദ്ദേഹം “ആ അത്ഭുതങ്ങളെ എന്നേക്കും നിലനിർത്തുന്നതിനുള്ള കുറേക്കൂടെ പ്രാഥമികമായ ഒരു പ്രക്രിയ”യെക്കുറിച്ചു പരാമർശിച്ചു.
വർഷങ്ങളായി കൂട്ടായ ശ്രമങ്ങൾ നടത്തിയിട്ടും ജീവനെ എന്നേക്കും നിലനിർത്തുന്നതിനുള്ള ഒരു പ്രക്രിയ കണ്ടുപിടിക്കുന്നതിൽ ശാസ്ത്രജ്ഞർ പരാജയപ്പെട്ടിരിക്കുന്നു. “വാർധക്യം പ്രാപിക്കുന്നതിന്റെ കാരണങ്ങൾ ഒരു രഹസ്യമായി അവശേഷിക്കുന്നു” എന്ന് അവിശ്വസനീയ യന്ത്രം എന്ന പുസ്തകം സമ്മതിക്കുന്നു.
എന്നാൽ വാർധക്യം പ്രാപിക്കുന്നതിന്റെയും മരിക്കുന്നതിന്റെയും കാരണം വാസ്തവത്തിൽ ഒരു രഹസ്യമല്ല. ഉത്തരം ലഭ്യമാണ്.
ഉത്തരം എന്താണ്?
“ഗർഭധാരണംമുതൽ ജനനംവരെ നമ്മെ എത്തിക്കുന്ന അത്ഭുതങ്ങൾ”ക്ക് ഉത്തരവാദിയായവന്റെ, സർവജ്ഞാനിയായ സ്രഷ്ടാവാകുന്ന യഹോവയാം ദൈവത്തിന്റെ പക്കലാണ് ഉത്തരമുള്ളത്. “നിന്റെ പക്കൽ ജീവന്റെ ഉറവുണ്ടല്ലോ” എന്ന് അവനെക്കുറിച്ചു ബൈബിൾ പറയുന്നു. “യഹോവ തന്നേ ദൈവം എന്നറിയുക, അവനാണു നമ്മെ ഉണ്ടാക്കിയത്, നാം സ്വയമല്ല.”—സങ്കീർത്തനം 36:9; 100:3, NW.
ഉദരത്തിലുള്ള നിങ്ങളുടെ വികാസത്തെ, നിങ്ങളെ ഒരു അനുപമ വ്യക്തിയാക്കിത്തീർക്കുന്നതിനുള്ള ചട്ടങ്ങൾ ഒരു പുസ്തകത്തിലെഴുതിയാലെന്നപോലെ, യഹോവയാം ദൈവം എത്ര അത്ഭുതകരമായി പ്രോഗ്രാം ചെയ്തുവെന്ന് ഒന്നാലോചിച്ചു നോക്കൂ! “നീയല്ലോ എന്റെ അന്തരംഗങ്ങളെ നിർമിച്ചതു, എന്റെ അമ്മയുടെ ഉദരത്തിൽ നീ എന്നെ മെടഞ്ഞു,” ഒരു ബൈബിൾ സങ്കീർത്തനക്കാരൻ എഴുതി. ‘ഞാൻ രഹസ്യത്തിൽ ഉണ്ടാക്കപ്പെട്ടപ്പോൾ എന്റെ അസ്ഥികൂടം നിനക്കു മറവായിരുന്നില്ല. ഞാൻ പിണ്ഡാകാരമായിരുന്നപ്പോൾ നിന്റെ കണ്ണു എന്നെ കണ്ടു; അവയെല്ലാം നിന്റെ പുസ്തകത്തിൽ എഴുതിയിരുന്നു.’ (സങ്കീർത്തനം 139:13, 15, 16) അത്ഭുതകരമായി രൂപകൽപ്പന ചെയ്യപ്പെട്ട നമ്മുടെ മാനുഷ ജൈവഘടന കേവലമൊരു യാദൃച്ഛിക സംഭവത്തിന്റെ ഉത്പന്നമല്ലെന്നത് എത്രയോ വ്യക്തം!
പക്ഷേ, നമുക്ക് എന്നേക്കും ജീവിക്കാൻ കഴിയേണ്ടതിന് യഹോവയാം ദൈവം നമ്മെ പൂർണതയോടെയാണു സൃഷ്ടിച്ചതെങ്കിൽപ്പിന്നെ നാം വാർധക്യം പ്രാപിക്കുകയും മരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണ്? ദൈവം ആദ്യ മനുഷ്യനായ ആദാമിനെ ഭൂമിയിലെ ഒരു സുന്ദരമായ ഭവനത്തിലാക്കിയപ്പോൾ നൽകിയ ഒരു വിലക്കിൽനിന്ന് അതിന്റെ ഉത്തരം കണ്ടെത്താവുന്നതാണ്. ദൈവം അവനോടു കൽപ്പിച്ചു: “തോട്ടത്തിലെ സകല വൃക്ഷങ്ങളുടെയും ഫലം നിനക്കു ഇഷ്ടംപോലെ തിന്നാം. എന്നാൽ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിന്റെ ഫലം തിന്നരുതു; തിന്നുന്ന നാളിൽ നീ മരിക്കും.” (ചെരിച്ചെഴുത്തു ഞങ്ങളുടേത്.)—ഉല്പത്തി 2:16, 17.
എന്തു സംഭവിച്ചു? തന്റെ സ്വർഗീയ പിതാവിനെ അനുസരിക്കുന്നതിനു പകരം ആദാം തന്റെ ഭാര്യയായ ഹവ്വായോടൊപ്പം വൃക്ഷത്തിൽനിന്നു ഭക്ഷിക്കുകവഴി അനുസരണക്കേടു കാട്ടി. അവർ സ്വാർഥമായി ഒരു മത്സരിയായ ദൂതന്റെ വ്യാജ വാഗ്ദാനത്തിൽ ആകൃഷ്ടരായി. (ഉല്പത്തി 3:1-6; വെളിപ്പാടു 12:9) അതുകൊണ്ട്, ദൈവം മുന്നറിയിപ്പു നൽകിയിരുന്നതുപോലെ അവർ മരിച്ചു. ആദാമും ഹവ്വായും എന്നേക്കും ജീവിക്കാനുള്ള കഴിവോടെയാണു രൂപകൽപ്പന ചെയ്യപ്പെട്ടതെങ്കിലും അതു ദൈവത്തോടുള്ള അവരുടെ അനുസരണത്തെ ആശ്രയിച്ചിരുന്നു. അനുസരണക്കേടു കാട്ടുകവഴി അവർ പാപം ചെയ്തു. പാപികളെന്നനിലയിൽ അവർ പിന്നീടു തങ്ങളുടെ ശരീരങ്ങളിലെ മരണകരമായ തകരാറു തങ്ങളുടെ സകല സന്തതികളിലേക്കും കൈമാറി. “ഇങ്ങനെ . . . മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു.”—റോമർ 5:12; ഇയ്യോബ് 14:4.
എന്നിരുന്നാലും, ഇതിന്റെ അർഥം വാർധക്യം പ്രാപിക്കലിനെയും മരണത്തെയും കീഴടക്കുന്നതിനുള്ള പ്രത്യാശ ഇല്ലെന്നല്ല. നമ്മുടെ സർവജ്ഞാനിയായ സ്രഷ്ടാവിന് ഏതു ജനിതക ക്രമക്കേടുകളും ശരിപ്പെടുത്തി നമ്മുടെ ജീവനെ എന്നേക്കും നിലനിർത്താനുള്ള ഊർജം തരാൻ കഴിയുമെന്നു വിശ്വസിക്കുക പ്രയാസമായിരിക്കരുത്. എന്നാൽ അവൻ അത് എങ്ങനെ ചെയ്യും? കൂടാതെ നിത്യജീവനെക്കുറിച്ചുള്ള അവന്റെ വാഗ്ദാനങ്ങൾ ആസ്വദിക്കുന്നതിനു നാം എന്തു ചെയ്യണം?