യുവജനങ്ങൾ ചോദിക്കുന്നു. . .
എല്ലാവരും വിവാഹിതരാകുന്നു, എനിക്കെന്തുകൊണ്ടു കഴിയുന്നില്ല?
“വിവാഹം കഴിച്ചെങ്കിൽ എന്നു ഞാൻ ആഗ്രഹിക്കുന്നു. അങ്ങനെയെങ്കിൽ ഞാൻ സന്തോഷമുള്ളവളായിരിക്കുമായിരുന്നു.”—ഷെറിൽ.a
വിവാഹം കഴിക്കാനുള്ള ആഗ്രഹം സ്വാഭാവികം മാത്രമാണ്. എതിർലിംഗവർഗത്തിൽപ്പെട്ടവർ തമ്മിലുള്ള സ്വാഭാവികമായ ഒരു ആകർഷണം ദൈവം പുരുഷനും സ്ത്രീക്കും നൽകുകയുണ്ടായി. ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള സ്ഥിരമായ ബന്ധം എന്നനിലയിലാണ് അവൻ വിവാഹം ഏർപ്പെടുത്തിയത്.—ഉല്പത്തി 1:27, 28; 2:21-24.
അപ്പോൾപ്പിന്നെ, നിങ്ങൾ ഇതുവരെയും വിവാഹിതരായിട്ടില്ലെങ്കിൽ ഒട്ടൊക്കെ നൈരാശ്യവും, പുറന്തള്ളപ്പെട്ടു എന്ന തോന്നൽപോലും ഉണ്ടായേക്കാമെന്നതു മനസ്സിലാക്കാവുന്നതേയുള്ളൂ—വിശേഷിച്ചു നിങ്ങളുടെ സമപ്രായക്കാരിൽ പലരും ഇപ്പോൾത്തന്നെ വിവാഹജീവിതത്തിലേക്കു പ്രവേശിച്ചിട്ടുണ്ടെങ്കിൽ. സദുദ്ദേശ്യമുള്ള സുഹൃത്തുക്കൾക്കു സമ്മർദം വർധിപ്പിക്കാൻ കഴിയും. റ്റിന ഇപ്രകാരം പറയുന്നു: “ഞാൻ 24 വയസ്സുള്ളവളും ഏകാകിയുമാണ്. ഇപ്പോൾ ഞാൻ ആരുമായും ഡേറ്റിങ്ങിലേർപ്പെടുന്നില്ല. ഞാൻ വിവാഹിതയാകാത്തതിനെക്കുറിച്ചു മറ്റുള്ളവരെല്ലാം വളരെയധികം ഉത്കണ്ഠയുള്ളവരായിരിക്കുന്നതായി തോന്നുന്നു, അതെന്നെ വിഷമിപ്പിക്കുന്നു. എനിക്കു വിവാഹത്തിനുള്ള സാധ്യതയില്ലെന്നോ എന്തെങ്കിലും കുഴപ്പമുണ്ടെന്നോ തോന്നാൻ അവർ ഇടയാക്കുന്നു.”
ഏകാകിത്വം തങ്ങളെ സന്തുഷ്ടിയിൽനിന്നു വേർതിരിക്കുന്ന ഒരു മതിൽപോലെയാണെന്ന്, കീഴടക്കാനാവാത്ത ഒരു പ്രതിബന്ധംപോലെയാണെന്ന്, ചിലർക്കു തോന്നിത്തുടങ്ങിയേക്കാം. ഓരോ വർഷവും കടന്നുപോകുമ്പോൾ ആ മതിലിന്റെ മുകളിൽ മറ്റൊരു നിര ഇഷ്ടികകൂടി ചേർക്കപ്പെടുന്നതുപോലെ അനുഭവപ്പെടുന്നു. തനിക്ക് ആകർഷണീയതയോ അഭികാമ്യതയോ ഇല്ലെന്ന് ഒരു യുവാവിനോ യുവതിക്കോ തോന്നിത്തുടങ്ങിയേക്കാം. ഇറ്റലിയിലുള്ള റോസാനാ എന്നു പേരുള്ള ഒരു യുവതി ഇപ്രകാരം പറയുന്നു: “പലപ്പോഴും എനിക്ക് ഏകാന്തത തോന്നുന്നു, ഒപ്പം ഞാൻ പ്രയോജനമില്ലാത്തവളാണെന്നും; വിവാഹം കഴിക്കുന്നതിനുള്ള ഒരു സാധ്യതയും എനിക്ക് ഇല്ലാത്തതായി തോന്നുന്നു.” യുവാക്കൻമാർക്കും സമാനമായ തോന്നലുകൾ ഉണ്ടാകാവുന്നതാണ്. ഉദാഹരണത്തിന്, സുഹൃത്തുക്കളെല്ലാം വിവാഹിതരായിക്കഴിഞ്ഞപ്പോൾ അവർ കൂടുതൽ ശ്രദ്ധയാകർഷിക്കുന്നവരും ലോക പരിജ്ഞാനികളും ആയിത്തീർന്നതായി ഫ്രാങ്കിനു തോന്നിത്തുടങ്ങി. വിവാഹം കഴിച്ചാൽ തനിക്കും അങ്ങനെയാകാമെന്ന് അവൻ ചിന്തിച്ചു തുടങ്ങി.
നിങ്ങളും സമാനമായ രീതിയിൽ ചിന്തിക്കുന്നുവോ? ഏകാകിയായിരിക്കുന്നപക്ഷം നിങ്ങൾക്ക് എന്തെങ്കിലും കുഴപ്പമുണ്ടെന്നോ അല്ലെങ്കിൽ എന്നും ഏകാകിയായിത്തന്നെ കഴിയേണ്ടിവന്നേക്കുമോ എന്നോ ചില സമയങ്ങളിൽ നിങ്ങൾ സംശയിക്കുന്നുവോ?
വിവാഹം—സങ്കൽപ്പവും യാഥാർഥ്യവും തമ്മിൽ
ഒന്നാമതായി, വിവാഹം താനേ സന്തുഷ്ടിയിലേക്കുള്ള കവാടം തുറക്കുന്നുവെന്നുള്ള പൊതുവായ വിശ്വാസത്തെക്കുറിച്ചു നമുക്കൊന്നു പരിശോധിക്കാം. വിവാഹത്തിന് ഒരുവനെ സന്തുഷ്ടനാക്കാൻ കഴിയും, പലപ്പോഴും അത് അങ്ങനെതന്നെയാണ് എന്നതു സത്യമാണ്. എന്നാൽ, കേവലം വിവാഹിതനായിരിക്കുന്നത് ഒരുവനെ സന്തുഷ്ടനാക്കുന്നില്ല. ഏറ്റവും നല്ല വിവാഹങ്ങൾ പോലും ഒരളവുവരെ “ജഡത്തിൽ കഷ്ടത” വരുത്തുന്നു. (1 കൊരിന്ത്യർ 7:28) തുടർച്ചയായ ആത്മത്യാഗത്തിലൂടെയും കഠിന യത്നത്തിലൂടെയും മാത്രമേ വിവാഹ സന്തുഷ്ടി കൈവരികയുള്ളൂ. ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യനായ യേശുക്രിസ്തു ഏകാകിയായിരുന്നുവെന്നതു രസാവഹമാണ്. ആരെങ്കിലും അവനെ അസന്തുഷ്ടനെന്നു വിളിക്കുമോ? തീർച്ചയായും ഇല്ല! യഹോവയുടെ ഇഷ്ടം ചെയ്തതിൽനിന്നാണ് അവനു സന്തോഷം ലഭിച്ചത്.—യോഹന്നാൻ 4:34.
വിവാഹം ഏകാന്തതയ്ക്കുള്ള പരിഹാരം ഉറപ്പുനൽകുന്നുവെന്നതാണ് മറ്റൊരു സങ്കൽപ്പം. അത് അങ്ങനെയല്ല! വിവാഹിതനായ ഒരു ക്രിസ്ത്യാനി ഇപ്രകാരം വിലപിച്ചു: “എന്റെ ഭാര്യ ഒരിക്കലും എന്നിൽ വിശ്വാസം അർപ്പിക്കുകയോ എന്നോട് അർഥവത്തായ ഒരു സംഭാഷണം നടത്തുകയോ ചെയ്തിട്ടില്ല, ഒരിക്കലും!” സമാനമായി ചില ക്രിസ്തീയ ഭാര്യമാരും തങ്ങളുടെ ഭർത്താക്കൻമാർ സംഭാഷണം നടത്താൻ പരാജയപ്പെടുന്നതായും തങ്ങളേക്കാളധികം ജോലിയിലും സുഹൃത്തുക്കളിലും കൂടുതൽ താത്പര്യം കാണിക്കുന്നതായും പരാതിപ്പെട്ടിട്ടുണ്ട്. ദുഃഖകരമെന്നു പറയട്ടെ, വിവാഹിതരായിരുന്നിട്ടും ഏകാന്തത അനുഭവിക്കുന്നതു വളരെ സാധാരണമായ ഒരു സംഗതിയാണ്.
പിന്നെ, വിവാഹത്തെ കുടുംബപ്രശ്നങ്ങളിൽനിന്നു രക്ഷനേടുന്നതിനുള്ള പഴുതായി കാണുന്നവരുമുണ്ട്. വിവാഹിതയായ ഒരു യുവതി ഇപ്രകാരം പറയുന്നു: “വളർന്നുവരാൻ മാതാപിതാക്കൾ എനിക്കൊരവസരം തരേണ്ടതായിരുന്നുവെന്ന് എനിക്കു തോന്നുന്നു. എന്നാൽ ഒരു കാമുകനുണ്ടായിരിക്കാനോ കൂട്ടുകാരോടൊത്തു പുറത്തുപോകാനോ അവർ എന്നെ അനുവദിച്ചില്ല. . . . മാതാപിതാക്കൾ എനിക്കൊരു അവസരം തന്നിരുന്നെങ്കിൽ 16-ാം വയസ്സിൽ ഞാൻ വിവാഹം കഴിക്കുകയില്ലായിരുന്നുവെന്ന് ഞാൻ വിചാരിക്കുന്നു. എന്നാൽ ഞാൻ വലുതായെന്ന് അവർക്കു കാണിച്ചുകൊടുക്കാൻ ആഗ്രഹിച്ചു.”
വീട്ടിലെ ജീവിതം വളരെ നിയന്ത്രിതമാണെന്നു നിങ്ങൾക്കു തോന്നിയേക്കാം. എന്നാൽ ഒരുവന്റെ വ്യക്തിപരമായ സ്വാതന്ത്ര്യത്തെ വലിയ അളവിൽ കുറച്ചുകളയുന്ന ഉത്തരവാദിത്വങ്ങൾ വിവാഹം ആനയിക്കുന്നു. ഒരു ജോലി ഉണ്ടായിരിക്കുക, ബില്ലുകൾ അടയ്ക്കുക, വീടിന്റെയും വാഹനങ്ങളുടെയും കേടുപോക്കുക, പാചകം ചെയ്യുക, ശുചീകരണം നടത്തുക, വസ്ത്രം അലക്കുക, ഒരുപക്ഷേ കുട്ടികളെ വളർത്തുകപോലും ചെയ്യുക എന്നിവയിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നതെന്നു ചിന്തിക്കുക! (സദൃശവാക്യങ്ങൾ 31:10-31; എഫെസ്യർ 6:4; 1 തിമൊഥെയൊസ് 5:8) മുതിർന്നവരുടെ ഈ ഉത്തരവാദിത്വങ്ങളെ അഭിമുഖീകരിക്കുമ്പോൾ പല യുവാക്കളും അന്ധാളിച്ചു പോകുന്നു.
വിവാഹം ജനപ്രീതിക്കുള്ള താക്കോലാണെന്നും ചിലർ വിശ്വസിക്കുന്നു. എന്നാൽ നിങ്ങൾ വിവാഹിതനായതുകൊണ്ടു മാത്രം മറ്റുള്ളവർ നിങ്ങളുടെയോ നിങ്ങളുടെ ഇണയുടെയോ സൗഹൃദം അഭിലഷിക്കുമെന്നതിനു യാതൊരു ഉറപ്പുമില്ല. നിങ്ങൾ വിവാഹിതനായാലും ഏകാകിയായാലും ശരി, ദയാലുവും ഉദാരമതിയും നിസ്വാർഥനും ആണെങ്കിൽ ആളുകൾ നിങ്ങളെ ഇഷ്ടപ്പെടും. (സദൃശവാക്യങ്ങൾ 11:25) ദമ്പതികളായിരിക്കുന്നത് വിവാഹം കഴിച്ച സുഹൃത്തുക്കളോട് ഒത്തുപോകുന്നത് അൽപ്പംകൂടെ എളുപ്പമാക്കിത്തീർക്കുന്നുവെങ്കിലും, തങ്ങൾ “ഏക ദേഹ”മാണെന്ന കാര്യം ഒരു ഭാര്യയും ഭർത്താവും ഓർമിക്കേണ്ടതുണ്ട്. (ഉല്പത്തി 2:24) സുഹൃത്തുക്കളുമായിട്ടല്ല, പിന്നെയോ തങ്ങൾ പരസ്പരം എങ്ങനെ ഒത്തുപോകുന്നു എന്നതിലായിരിക്കണം അവരുടെ മുഖ്യ താത്പര്യം.
വിവാഹത്തിനു സജ്ജനോ?
തീർച്ചയായും, ഈ ആശയങ്ങളുടെ ന്യായയുക്തത നിങ്ങൾ മനസ്സിലാക്കുമ്പോൾപോലും ഇടയ്ക്കിടയ്ക്ക് നിങ്ങൾക്കു നിരാശ തോന്നാവുന്നതാണ്. ഒരു പുരാതന സദൃശവാക്യം അതിനെക്കുറിച്ച് ഇപ്രകാരം പറയുന്നു: “ആശാവിളംബനം ഹൃദയത്തെ ക്ഷീണിപ്പിക്കുന്നു.” (സദൃശവാക്യങ്ങൾ 13:12) ഉദാഹരണത്തിന്, യുവാവായ ടോണി താൻ ഏകാകിയായിരുന്നതു നിമിത്തം നിരാശയുടെ വക്കിലെത്തിയതായി സ്വയം കണ്ടെത്തി. ആരെവേണമെങ്കിലും വിവാഹം കഴിക്കാൻ താൻ സജ്ജനാണെന്ന് അവൻ വിചാരിച്ചുതുടങ്ങി. അതുപോലെതന്നെ സാൻഡ്ര എന്ന പെൺകുട്ടിക്ക് പൊട്ടിമുളയ്ക്കുന്ന പ്രേമത്തെക്കുറിച്ചു മനസ്സിലാക്കുമ്പോഴെല്ലാം നിരാശ തോന്നി; തന്റെ ഊഴം എന്നു വരുമെന്ന് അവൾ അതിശയിച്ചു.
വിഷാദത്തിന്റെ പടുകുഴിയിൽ വീഴാൻ നിങ്ങൾ സ്വയം അനുവദിക്കുംമുമ്പ് നിങ്ങളോടുതന്നെ ചോദിക്കുക, ‘ഞാൻ യഥാർഥത്തിൽ വിവാഹത്തിനു സജ്ജനാണോ?’ തുറന്നു പറഞ്ഞാൽ, നിങ്ങളൊരു കൗമാരപ്രായക്കാരനാണെങ്കിൽ ഉത്തരം തീർച്ചയായും ഒരു ഉറച്ച ഇല്ല എന്നായിരിക്കും! ഐക്യനാടുകളിൽ മിക്ക കൗമാരവിവാഹങ്ങളും അഞ്ചു വർഷത്തിനുള്ളിൽ തകരുന്നു.b തീർച്ചയായും, ചില യുവാക്കൾ തങ്ങളുടെ പ്രായം വെച്ചുനോക്കുമ്പോൾ അസാധാരണമായ പക്വതയുള്ളവരായിരുന്നേക്കാം, അവർക്കു തങ്ങളുടെ വിവാഹത്തിൽ വിജയിക്കാനും കഴിഞ്ഞേക്കാം. എന്നാൽ നിങ്ങൾ വിവാഹിതനാകണമെന്ന് അത് അവശ്യം അർഥമാക്കുന്നില്ല. വിവാഹജീവിതത്തിന്റെ ഉത്തരവാദിത്വങ്ങൾ ഏൽക്കാൻ നിങ്ങൾ സജ്ജനാണോ എന്നതു സംബന്ധിച്ച് ആത്മാർഥപൂർവം പരിചിന്തിച്ചുവോ?
സത്യസന്ധമായ ഒരു ആത്മപരിശോധന വളരെയധികം കാര്യങ്ങൾ വെളിപ്പെടുത്തുന്നതായി തെളിഞ്ഞേക്കാം. ഉദാഹരണത്തിന്, എത്രമാത്രം പക്വതയും ഉത്തരവാദിത്വബോധവുമുള്ളവനാണ് നിങ്ങൾ? നിങ്ങൾക്കു പണം സൂക്ഷിക്കാൻ കഴിയുമോ, അതോ കിട്ടുന്നയുടനെ അതു ചെലവഴിച്ചുതീർക്കുന്നുവോ? നിങ്ങൾ ബില്ലുകൾ കൃത്യസമയത്ത് അടയ്ക്കുന്നുണ്ടോ? സ്ഥിരമായ ഒരു ജോലി ഉണ്ടായിരിക്കാനും കുടുംബം നടത്തിക്കൊണ്ടുപോകാനും നിങ്ങൾ പ്രാപ്തനാണോ? നിങ്ങൾ മറ്റുള്ളവരുമായി അതായത് സഹജോലിക്കാർ, മാതാപിതാക്കൾ തുടങ്ങിയവരുമായി നന്നായി പൊരുത്തപ്പെട്ടു പോകുന്നുവോ, അതോ അവരുമായി എല്ലായ്പോഴും വഴക്കടിക്കുന്നുവോ? അങ്ങനെയെങ്കിൽ ഒരു വിവാഹപങ്കാളിയുമായി പൊരുത്തപ്പെട്ടുപോകുന്നതു വളരെ പ്രയാസകരമായി നിങ്ങൾ കണ്ടെത്തിയേക്കാം.
നിങ്ങൾ ഇപ്പോഴും കൗമാരത്തിലാണെങ്കിൽ, ഒരു നല്ല ഭാര്യയോ ഭർത്താവോ ആയിത്തീരുന്നതിനാവശ്യമായ പക്വതയും സ്ഥിരതയും കൈവരിക്കുന്നതിനു നിങ്ങൾക്കു കുറെ വർഷത്തെക്കൂടെ അനുഭവപരിചയം ആവശ്യമാണെന്നു തീർച്ചയായും കണ്ടെത്തിയേക്കാം. ഈ വസ്തുത മനസ്സിലാക്കുന്നതു നിങ്ങളുടെ പ്രതീക്ഷകൾ പുനഃക്രമീകരിക്കുന്നതിനും വിവാഹത്തെ ഒരു ഭാവി സാധ്യതയായി വീക്ഷിക്കുന്നതിനും നിങ്ങളെ സഹായിച്ചേക്കാം. ഇത് കുറഞ്ഞത് ഇപ്പോഴത്തേക്കെങ്കിലും നിങ്ങളുടെ ഏകാകിത്വ അവസ്ഥയെക്കുറിച്ചു “ഹൃദയത്തിൽ” കൂടുതൽ “സ്ഥിരതയുള്ളവ”രായിരിക്കാൻ നിങ്ങളെ സഹായിച്ചേക്കാം.—1 കൊരിന്ത്യർ 7:37.
ഉചിതമായ തയ്യാറെടുപ്പ്
എന്നാൽ, നിങ്ങൾ “നവയൗവനം” പിന്നിട്ടിരിക്കുന്നതായി വിശ്വസിക്കുകയും വിവാഹം കഴിക്കാൻ തയ്യാറാണെന്നു വിചാരിക്കുകയും ചെയ്യുന്നെങ്കിലെന്ത്? സാധ്യതയുള്ള വിവാഹ ഇണകൾ കുറവായിരിക്കുകയും നിങ്ങൾ ആരിലെങ്കിലും താത്പര്യം പ്രകടമാക്കുമ്പോഴെല്ലാം നിരാകരിക്കപ്പെടുകയും ചെയ്യുന്നെങ്കിൽ അതു നിരാശപ്പെടുത്തുന്നതായിരിക്കാൻ കഴിയും. എന്നാൽ നിങ്ങൾ അഭിലഷണീയനല്ലെന്ന് ഇത് അവശ്യം അർഥമാക്കുന്നുവോ? ഒട്ടുമില്ല. താൻ പ്രേമിച്ച ഒരു പെൺകിടാവിന്റെ പ്രേമം ആർജിക്കാൻ ശലോമോൻ രാജാവിനു കഴിഞ്ഞില്ല—ജീവിച്ചിരുന്നിട്ടുള്ളതിൽവെച്ച് ഏറ്റവും ധനികനും ജ്ഞാനിയുമായ മനുഷ്യരിൽ ഒരാളായിരുന്നു അദ്ദേഹം! എന്തായിരുന്നു പ്രശ്നം? അദ്ദേഹത്തോടു പ്രേമ വികാരങ്ങൾ തോന്നാൻ തക്കവണ്ണം പെൺകുട്ടിയുടെ ഹൃദയം കേവലം ചായ്വു കാണിച്ചില്ല എന്നതുതന്നെ. (ഉത്തമഗീതം 2:7) സമാനമായി, നിങ്ങളുമായി യഥാർഥത്തിൽ പൊരുത്തത്തിലായിരിക്കുന്ന ഒരാളെ നിങ്ങൾ ഇതുവരെ കണ്ടുമുട്ടിയിട്ടില്ലായിരിക്കാം.
ആരെയെങ്കിലും ആകർഷിക്കാൻ തക്കവണ്ണം നിങ്ങൾ തീരെ സൗന്ദര്യമില്ലാത്തയാളാണെന്നു നിങ്ങൾക്കു തോന്നുന്നുവോ? സൗന്ദര്യത്തിന് അതിന്റേതായ പ്രയോജനങ്ങളുണ്ടെന്നുള്ളതു സത്യംതന്നെ, എന്നാൽ അത് എല്ലാമല്ല. നിങ്ങൾക്കറിയാവുന്ന വിവാഹിത ദമ്പതികളെക്കുറിച്ചു ചിന്തിച്ചുനോക്കുമ്പോൾ എല്ലാ പൊക്കത്തിലും ആകൃതിയിലും ആകർഷകത്വത്തിലുമുള്ള ആളുകൾ അവരുടെയിടയിൽ ഉണ്ടെന്നുള്ളതു സത്യമല്ലേ? മാത്രമല്ല, യഥാർഥ ദൈവഭയമുള്ള ഒരാളുടെ മുഖ്യ ചിന്ത നിങ്ങളുടെ “ഹൃദയത്തിന്റെ ഗൂഢമനുഷ്യൻ” എങ്ങനെയുള്ളതാണ് എന്നതായിരിക്കും.—1 പത്രൊസ് 3:4.
തീർച്ചയായും നിങ്ങൾ നിങ്ങളുടെ ശാരീരിക ആകാരം അവഗണിക്കാൻ പാടില്ല; ഏറ്റവും ഭംഗിയായി കാണപ്പെടാൻ ശ്രമം ചെയ്യുന്നത് ന്യായവത്തായ സംഗതി മാത്രമാണ്. അലസമായ വസ്ത്രധാരണവും ചമയവും മറ്റുള്ളവർക്കു നിങ്ങളെക്കുറിച്ചു തെറ്റായ ധാരണ നൽകും.c കൂടാതെ, നന്നായി സംഭാഷണം നടത്താനുള്ള കഴിവുകേടോ നിങ്ങളുടെ വ്യക്തിത്വത്തിലെ വൈകല്യങ്ങളോ നിങ്ങളെ അറിയാൻ ഇടയാകുന്നതിനു മുമ്പുതന്നെ മറ്റുള്ളവർക്കു നിങ്ങളോട് അനിഷ്ടം തോന്നാൻ ഇടയാക്കും. ഈ വശങ്ങളിൽ ഏതാനും ക്രമീകരണങ്ങൾ വരുത്തേണ്ടത് ആവശ്യമായിരിക്കുന്നപക്ഷം, പക്വതയുള്ള ഒരു സുഹൃത്തിനോ മാതാപിതാക്കളിൽ ഒരാൾക്കോ നിങ്ങളോട് അതു പറയാൻ കഴിയും. സത്യം വേദനാജനകമായിരിക്കാം. എന്നാൽ അതു സ്വീകരിക്കുന്നതു ക്രമീകരണങ്ങൾ വരുത്താനും അങ്ങനെ മറ്റുള്ളവർക്കു കൂടുതൽ ആകർഷണീയനായ വ്യക്തിയായിരിക്കാനും ഒരുപക്ഷേ നിങ്ങളെ സഹായിച്ചേക്കാം.—സദൃശവാക്യങ്ങൾ 27:6.
എന്നിരുന്നാലും, അന്തിമ വിശകലനത്തിൽ ഒരു വ്യക്തിയെന്ന നിലയിലുള്ള നിങ്ങളുടെ വിലയോ മൂല്യമോ നിർണയിക്കപ്പെടുന്നതു നിങ്ങൾ വിവാഹിതനാണോ അല്ലയോ എന്നതിന്റെ അടിസ്ഥാനത്തിലല്ല. ദൈവം നിങ്ങളെ എങ്ങനെ വീക്ഷിക്കുന്നു എന്നതാണു യഥാർഥത്തിൽ മൂല്യവത്തായ സംഗതി. അവൻ “ഹൃദയത്തെ നോക്കുന്നു.” (1 ശമൂവേൽ 16:7) അതുകൊണ്ടു വിവാഹിതനാകുന്നതല്ല, യഹോവയുടെ അംഗീകാരം നേടുന്നതായിരിക്കണം നിങ്ങളുടെ ശ്രദ്ധാകേന്ദ്രം. ആദ്യം പറഞ്ഞ സംഗതി നിങ്ങളുടെ ചിന്തകളെയും സംഭാഷണത്തെയും ഭരിക്കാതിരിക്കാൻ ശ്രമം നടത്തുക. നിങ്ങളുടെ സഹവാസങ്ങൾ, സംഗീതത്തിന്റെ തിരഞ്ഞെടുപ്പ്, വിനോദം എന്നിവ ശ്രദ്ധാപൂർവം നിരീക്ഷിക്കുക.
വിവാഹം കഴിക്കാനുള്ള ആഗ്രഹം വിട്ടുമാറാതിരുന്നേക്കാമെന്നതു സത്യംതന്നെ, എന്നാൽ വെപ്രാളം പിടിക്കരുത്. ക്ഷമ പ്രകടമാക്കുക. (സഭാപ്രസംഗി 7:8) നിങ്ങളുടെ ഏകാകിത്വത്തെ ഒരു ശാപമായി വീക്ഷിക്കുന്നതിനു പകരം ഏകാകിത്വം പ്രദാനം ചെയ്യുന്ന സ്വാതന്ത്ര്യത്തെയും ശ്രദ്ധാശൈഥില്യം കൂടാതെ ദൈവത്തെ ആരാധിക്കുന്നതിന് അതു പ്രദാനം ചെയ്യുന്ന അവസരങ്ങളെയും മുഴുവനായി പ്രയോജനപ്പെടുത്തുക. (1 കൊരിന്ത്യർ 7:33-35, 38) തക്കസമയത്തു നിങ്ങളുടെ വിവാഹം നടന്നുകൊള്ളും—ഒരുപക്ഷേ നിങ്ങൾ വിചാരിക്കുന്നതിലും നേരത്തെ തന്നെ.
[അടിക്കുറിപ്പുകൾ]
a ചില പേരുകൾ മാറ്റിയിട്ടുണ്ട്.
b 1995, ഏപ്രിൽ 22 ലക്കത്തിലെ “യുവജനങ്ങൾ ചോദിക്കുന്നു . . . വളരെ പെട്ടെന്നു വിവാഹിതരായി—ഞങ്ങൾക്കു വിജയിക്കാൻ സാധിക്കുമോ?” എന്ന ലേഖനം കാണുക.
c ഈ സംഗതികൾ സംബന്ധിച്ച പ്രത്യേക നിർദേശങ്ങൾക്കുവേണ്ടി വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് ഇൻഡ്യ പ്രസിദ്ധീകരിച്ച യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും എന്ന പുസ്തകത്തിന്റെ 10-ഉം 11-ഉം അധ്യായങ്ങൾ കാണുക.
[26-ാം പേജിലെ ചിത്രം]
സമപ്രായക്കാർ വിവാഹിതരാകുമ്പോൾ പുറന്തള്ളപ്പെട്ടു എന്ന തോന്നൽ ഉണ്ടാകുക എളുപ്പമാണ്