ലോകത്തെ വീക്ഷിക്കൽ
രക്തം വിറ്റുണ്ടാക്കിയ പണം
രക്തപ്പകർച്ചകളിലൂടെയും രക്തോത്പന്നങ്ങളിലൂടെയും ഏതാണ്ട് 2,500 പേർക്ക് എച്ച്ഐവി ബാധിച്ചിരിക്കുന്നുവെന്ന് 1994-ൽ മനസ്സിലാക്കിയപ്പോൾ ജർമനിയിലെ ജനങ്ങൾ അന്ധാളിച്ചുപോയി. (1994 ഏപ്രിൽ 22 ലക്കം ഉണരുക!യുടെ 28-ാം പേജ് കാണുക.) 1995 ജനുവരിയിൽ നടന്ന ഒരു പാർലമെന്റു സംവാദത്തിൽവെച്ച് ഫെഡറൽ ആരോഗ്യ മന്ത്രി രോഗികളുടെ യാതന വർധിപ്പിച്ച പിശകുകൾക്ക് അവരോട് “ഫെഡറൽ ഗവൺമെൻറിന്റെ പേരിൽ ക്ഷമ”ചോദിക്കുകയുണ്ടായെന്ന് സ്യൂറ്റ്ഡെയിച്ചെ റ്റ്സൈറ്റുങ് റിപ്പോർട്ടു ചെയ്യുന്നു. ഔഷധവ്യവസായവും ഡോക്ടർമാരുമാണ് മുഖ്യ ഉത്തരവാദികളെന്നും “രക്തത്തിൽനിന്നുള്ള ഔഷധങ്ങളുടെ ഉത്പാദകൻ” ആയിത്തീരാനുള്ള കഠിന പ്രയത്നംനിമിത്തം ജർമൻ റെഡ് ക്രോസ്സ് അതിന്റെ പ്രതിബിംബത്തെ നശിപ്പിച്ചുവെന്നും സംവാദത്തിൽ പറയുകയുണ്ടായി. “[ഔഷധ വ്യവസായം] അന്ന് കേവലം പണമുണ്ടാക്കുന്നതിനെക്കാൾ കൂടുതലായി ചിന്തിച്ചിരുന്നെങ്കിൽ കുറഞ്ഞത് 700 ഹീമോഫീലിയ രോഗികളെങ്കിലും ഇപ്പോഴും ജീവിച്ചിരിക്കുമായിരുന്നു” എന്ന് മരിച്ചുപോയ ഭർത്താവിൽനിന്നും എച്ച്ഐവി ബാധിച്ച ഒരു സ്ത്രീ വിലപിക്കുകയുണ്ടായി.
പുരോഹിതൻമാർക്ക് ക്ഷാമം
കത്തോലിക്കാ മിഷനറിമാരെ പുറത്തേക്ക് അയയ്ക്കുന്നതിന് ഒരിക്കൽ പേരുകേട്ടിരുന്ന സ്പെയിൻ ഇപ്പോൾ പ്രാദേശിക ആവശ്യങ്ങൾക്ക് വേണ്ടത്ര പുരോഹിതൻമാരെ നൽകാൻ പാടുപെടുകയാണ്. സ്പെയിനിലെ മൊത്തം പുരോഹിതൻമാരിൽ ഓരോ വർഷവും 150 പേർ കുറഞ്ഞുവരുന്നതായി മാഡ്രിഡിലെ പത്രമായ എൽ പേയ്സ് റിപ്പോർട്ടു ചെയ്യുന്നു. ഇപ്പോൾ പേർ ചാർത്തിയിരിക്കുന്ന 2,000 സെമിനാരി വിദ്യാർഥികൾ ഭാവിയിൽ ഇടയവൃത്തിക്കാവശ്യമായ പുരോഹിതൻമാരെന്നനിലയിൽ വേണ്ടത്രയില്ലെന്ന് സഭാധികാരികൾ ഭയപ്പെടുന്നു. കഴിഞ്ഞ വർഷം വെറും 216 പുരോഹിതൻമാർക്കേ പട്ടം ലഭിച്ചുള്ളൂ—1993-ലെക്കാളും 73 പേരുടെ കുറവ്—കൂടാതെ സ്പെയിനിലെ പുരോഹിതവർഗത്തിന്റെ 70 ശതമാനം 50 വയസ്സിനുമേൽ പ്രായമുള്ളവരാണ്. നേരേമറിച്ച്, സ്പെയിനിലെ യഹോവയുടെ സാക്ഷികൾ അടുത്തകാലത്തു തങ്ങളുടെ പയനിയർ നിരയിൽ ഓരോ വർഷവും 300 പേരുടെ വർധനവ് കണ്ടിരിക്കുന്നു. രാജ്യത്തിന്റെ സുവാർത്ത പ്രസംഗിച്ചുകൊണ്ട് ഓരോ മാസവും കുറഞ്ഞത് 90 മണിക്കൂറെങ്കിലും ചെലവഴിക്കുന്ന ശമ്പളം പറ്റാത്ത ശുശ്രൂഷകരാണ് പയനിയർമാർ.
രക്തപ്പകർച്ചാ അപകടങ്ങളേറെ
മലിനരക്തത്തിന് മാരകമായ ബാക്ടീരിയ അണുബാധയ്ക്കിടയാക്കാൻ കഴിയുമെന്നും ആ സൂക്ഷ്മാണുവിനെ അരിച്ചുമാറ്റാൻ പ്രത്യേക മാർഗങ്ങളൊന്നും ഇതുവരെ നിലവിലില്ലെന്നും റെഡ് ക്രോസ്സ് ഡോക്ടർമാർക്കു മുന്നറിയിപ്പുനൽകിയതായി ഓസ്ട്രേലിയയിലെ ദ കാൻബെറ ടൈംസ് പറയുന്നു. ഈ ബാക്ടീരിയാ ബാധയുണ്ടായിരുന്ന രക്തംമൂലം 1980-നും 1989-നും ഇടയ്ക്കുള്ള കാലയളവിൽ ന്യൂ സൗത്ത് വെയിൽസ് സ്റ്റേറ്റിലുള്ള നാലു പേർ മരിച്ചതായി ദ മെഡിക്കൽ ജേണൽ ഓഫ് ഓസ്ട്രേലിയയിലെ ഒരു വിവരണത്തെ പരാമർശിച്ചുകൊണ്ട് ടൈംസ് പറയുന്നു. പത്രലേഖനം കൂടുതലായി ഇങ്ങനെ പ്രസ്താവിച്ചു: “രക്തം തണുത്തുറയാറായിരിക്കുമ്പോൾപോലും യെർസിനിയ എന്റെറൊകൊളിറ്റിക്ക എന്ന ബാക്ടീരിയത്തിന് ഘടകങ്ങൾ വേർതിരിച്ചിട്ടില്ലാത്ത രക്തത്തിന്റെ പായ്ക്കറ്റുകളിൽ അതിവേഗം പെരുകാൻ കഴിയുമെന്നതാണു പ്രശ്നം. രക്തം ദാനം ചെയ്യുന്നതിന് ആഴ്ചകൾക്കു മുമ്പ് ഉദരസംബന്ധമായ രോഗബാധകൾ ഉണ്ടായിരുന്ന ആളുകൾക്കു ചിലപ്പോൾ ഈ സൂക്ഷ്മാണുവിനെ കടത്തിവിടാൻ കഴിയും. രക്തം സ്റ്റോർ ചെയ്തു വെച്ചിരിക്കുമ്പോഴും രക്തപ്പകർച്ചയ്ക്കു മുമ്പും അവ വളരെയധികമായി പെരുകുന്നു. അങ്ങനെ, രക്തം സ്വീകരിച്ച രോഗികൾക്ക് ഈ ബാക്ടീരിയാ വിഷബാധമൂലം പൊടുന്നനെ ബോധക്ഷയമുണ്ടായി മരണം സംഭവിക്കാം.”
കാനഡയിലെ പൊണ്ണത്തടിയൻമാരായ കുട്ടികൾ
“സംഭ്രാന്തരായ മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ സമീകൃതമല്ലാത്തതും അമിത സംസ്കരണം നടത്തിയതും വളരെയധികം കൊഴുപ്പുള്ളതുമായ ഭക്ഷണം തീറ്റിക്കുന്നുവെന്നു പല പോഷകാഹാര വിദഗ്ധരും ശിശുരോഗവിദഗ്ധരും ഗവേഷകരും” പറയുന്നതായി ദ ഗ്ലോബ് ആൻഡ് മെയിൽ റിപ്പോർട്ടു ചെയ്യുന്നു. മാതാപിതാക്കൾ രണ്ടുപേരും ജോലി ചെയ്യുമ്പോൾ പലപ്പോഴും ജീവിതം തിരക്കുപിടിച്ചതാണ്. തീരെക്കുറച്ചു സമയം മാത്രമേ ബാക്കിയുണ്ടാവൂ. ഉണ്ടെങ്കിൽത്തന്നെ കുടുംബത്തിന് ഒന്നിച്ചിരുന്നു പോഷകപ്രദമായ ഭക്ഷണങ്ങൾ കഴിക്കാൻ വേണ്ടത്ര സമയം കാണില്ല. ഫലമോ? വിദഗ്ധരുടെ കണക്കുകൾ അനുസരിച്ച് “വളരെയധികം കൊഴുപ്പ് അടങ്ങിയിട്ടുള്ള ആഹാരം കഴിക്കുകയും അതോടൊപ്പം വ്യായാമമില്ലാതിരിക്കുകയും ചെയ്യുന്നതുകൊണ്ടാണ് കാനഡയിലെ കുട്ടികളുടെ കുറഞ്ഞത് 20 ശതമാനമെങ്കിലും പൊണ്ണത്തടിയുള്ളവരായിരിക്കുന്ന”തെന്ന് ദ ഗ്ലോബ് പറയുന്നു. സമനില ആവശ്യമാണെന്ന് മോൺട്രിയോളിലെ മക്ഗിൽ യൂണിവേഴ്സിറ്റിയിലെ ഭക്ഷണക്രമശാസ്ത്രത്തിന്റെയും പോഷണത്തിന്റെയും സ്കൂളിലെ സഹ പ്രൊഫസറായ ഡോ. സ്റ്റാൻ കൂബോ പറയുന്നു. “തങ്ങളുടെ [കുട്ടികളുടെ] ഭക്ഷണത്തിൽ പാലും പാലുത്പന്നങ്ങളും മാംസ്യവും പഴങ്ങളും പച്ചക്കറികളും നാരുകളും ഉണ്ടെന്ന്” മാതാപിതാക്കൾ “ഉറപ്പുവരുത്തേ”ണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതു സംബന്ധിച്ച ഒരു ഗവേഷകൻ ഇപ്രകാരം ചോദിച്ചു: “നിങ്ങൾ നിങ്ങളുടെ ആരോഗ്യം പരിപാലിച്ചില്ലെങ്കിൽ പിന്നെ എന്താണു പരിപാലിക്കുന്നത്?”
ആസ്ബസ്റ്റോസ് അപകട മുന്നറിയിപ്പു തുടരുന്നു
സുരക്ഷാ അധികാരികളുടെ തെറ്റായ കണക്കുകൂട്ടൽനിമിത്തം ബ്രിട്ടനിലെ ആയിരക്കണക്കിനു കെട്ടിട നിർമാണ ജോലിക്കാർ ആസ്ബസ്റ്റോസുമായി ബന്ധപ്പെട്ട കാൻസറുകൾ മൂലം മരണമടയുമെന്ന് ന്യൂ സയൻറിസ്റ്റ് മാസിക റിപ്പോർട്ടു ചെയ്യുന്നു. വർഷങ്ങൾക്കു മുമ്പ്, അതായത് 1960-കളിൽ ആസ്ബസ്റ്റോസ് നാരുകൾ ആരോഗ്യത്തിനു വിപത്കരമാണെന്ന് മെഡിക്കൽ വിദഗ്ധർ പറഞ്ഞപ്പോൾ വായുവിലുള്ള ഈ നാരുകളുടെ അളവ് പരിമിതപ്പെടുത്തുന്നതിനുള്ള ഫാക്ടറി നിയന്ത്രണങ്ങൾ ബ്രിട്ടീഷ് ഗവൺമെൻറ് ഏർപ്പെടുത്തി. എന്നാൽ ഏറ്റവും അപകടസാധ്യതയുള്ള തൊഴിലാളികൾ ആസ്ബസ്റ്റോസുമായി ബന്ധപ്പെട്ട ഉത്പന്നങ്ങളിൽനിന്നു സംരക്ഷിതരല്ലാതെ ജോലിചെയ്യുന്ന ആശാരിമാർ, ഇലക്ട്രീഷ്യൻമാർ, പ്ലംബർമാർ, ഗ്യാസ് ഫിറ്റർമാർ എന്നിവരാണെന്നു ഗവേഷകർ ഇപ്പോൾ കണ്ടെത്തുന്നു. ഒരിനം ശ്വാസകോശാർബുദം വികസിച്ചുവരാൻ 30 വർഷം എടുക്കുന്നതിനാൽ കുഴപ്പം അടുത്തകാലത്തു മാത്രമാണു കണ്ടുപിടിക്കപ്പെട്ടത്. ഏതു നിർമാണ പരിപാടികളാണ് അല്ലെങ്കിൽ ആസ്ബസ്റ്റോസ് ഉത്പന്നങ്ങളാണ് ഏറ്റവും അപകടകാരികളെന്ന് ഇപ്പോൾ അറിഞ്ഞുകൂടാ. അതിന്റെ ഫലമായി, ആസ്ബസ്റ്റോസ് അടങ്ങിയിട്ടുള്ള ഒരു പദാർഥം കണ്ടെത്തിയാൽ ഏറ്റവുമധികം ജാഗ്രത പുലർത്താനും ആ വസ്തുക്കളെക്കുറിച്ച് അന്വേഷണം നടത്തുകയും വേണ്ടത്ര സംരക്ഷണം പ്രദാനം ചെയ്യുകയും ചെയ്യേണ്ടിയിരിക്കുന്ന തൊഴിലുടമകളോട് തങ്ങളുടെ ഉത്കണ്ഠകൾ റിപ്പോർട്ടുചെയ്യാനും ബ്രിട്ടനിലെ ആരോഗ്യ സുരക്ഷാ സമിതി കെട്ടിട നിർമാണ ജോലിക്കാരെ പ്രോത്സാഹിപ്പിക്കുന്നു.
ആരാണു ജേതാവ്?
“ചൂതാട്ട ബിസിനസിൽ പ്രതിസന്ധിയൊന്നുമില്ല” എന്ന് വേഷാ റിപ്പോർട്ടു ചെയ്യുന്നു. ലോട്ടറികൾക്കും മറ്റിനങ്ങളിലുള്ള ചൂതാട്ടങ്ങൾക്കും വേണ്ടി ബ്രസീലുകാർ വർഷംതോറും ഏതാണ്ട് 400 കോടി (യു.എസ്.) ഡോളർ ചെലവഴിക്കുന്നുവെന്ന് ആ മാസിക പറയുന്നു. അതു ബൃഹത്തായ ഒരു ദേശീയ മോട്ടോർവാഹന വ്യവസായത്തിന്റെ വാർഷിക വരുമാനത്തെക്കാളും കൂടുതലാണ്! ചൂതുകളിയുടെ ആകർഷണീയത അതിന്റെ സാമൂഹിക വശങ്ങളാണെന്നു പറയപ്പെടുന്നു. “ചൂതുകളിയിൽ ഒരുവന് ഭാഗ്യം പരീക്ഷിക്കുന്ന സമയത്ത് അപരിചിതരോടും പരിചയക്കാരോടും സംസാരിക്കാനും തിന്നാനും കുടിക്കാനും ആനന്ദിക്കാനും കഴിയുന്നുവെന്ന്” ആ മാസിക റിപ്പോർട്ടു ചെയ്തു. എന്നാൽ ആരാണു ജേതാവ്? “മറ്റു തരത്തിലുള്ള ചൂതാട്ടത്തിലൊന്നും സ്ഥാപനത്തിന് ഇത്രയധികം ലാഭം ലഭിക്കുന്നില്ല. [ചൂതുകളിയിൽ] ഒരു വട്ടത്തിൽ ജയിക്കുന്ന ആൾക്ക് പന്തയത്തിനു ചെലവാകുന്ന ആകെ പണത്തിന്റെ 45 ശതമാനം മാത്രമേ ലഭിക്കുന്നുള്ളു” എന്ന് ഗണിതശാസ്ത്രജ്ഞനായ ഒസ്വാൾഡ് ഡി സൂസാ ഉറപ്പിച്ചു പറയുന്നു.
പ്രശ്നങ്ങൾ പരിഹാരങ്ങളെ കടത്തിവെട്ടുന്നു
ഇന്ത്യാ ഗവൺമെൻറ് ലോകത്തിലെ ഏറ്റവും വലിയ പോഷകാഹാര പദ്ധതിക്കു പണം മുടക്കുന്നുവെന്നത് ഒരു വസ്തുതയാണെങ്കിലും, ഇന്ത്യയിൽ 25 കോടി ആളുകൾ വ്യത്യസ്ത തരത്തിലുള്ള പോഷകാഹാരക്കുറവ് അനുഭവിക്കുന്നു. ശ്രമങ്ങൾ നടത്തപ്പെടുന്നുണ്ടെങ്കിലും ഇന്ത്യയിലെ കുട്ടികളുടെ 43.8 ശതമാനം മിതമായ രീതിയിൽ മാംസ്യോർജ വികലപോഷണം അനുഭവിക്കുന്നതായി ഐക്യരാഷ്ട്ര ശിശുക്ഷേമനിധിയുടെ ഒരു റിപ്പോർട്ടു പ്രകടിപ്പിക്കുന്നു. കൂടാതെ, 66 ലക്ഷത്തിനു നേരിയ തോതിലുള്ള മന്ദബുദ്ധിയും ചലന വൈകല്യങ്ങളുമുണ്ട്. 22 ലക്ഷം പേരെ ക്രിറ്റിനിസം ബാധിച്ചിരിക്കുന്നു. കൂടാതെ, ജീവകങ്ങളുടെ അപര്യാപ്തതമൂലം ഓരോ വർഷവും 60,000 കുട്ടികൾ അന്ധരായിത്തീരുന്നു. സ്കൂൾ പ്രായമാകാത്ത കുട്ടികളുടെ 56 ശതമാനത്തിന് ഇരുമ്പിന്റെ അപര്യാപ്തതയുണ്ട്. ഗോയിറ്റർ ഉള്ള 4 കോടി ആളുകളിലും കുട്ടികൾ ഉൾപ്പെടുന്നു.
ചളുങ്ങിയ ടിന്നുകളിലെ ആഹാരം വാങ്ങൽ
“പണം ലാഭിക്കാനുള്ള ശ്രമത്തിൽ പലചരക്കു കടക്കാർ ആപത് സാധ്യതയുള്ളവയായി എറിഞ്ഞു കളയേണ്ടിയിരിക്കുന്ന ടിന്നുകൾ വാങ്ങി സൂക്ഷിച്ചു വയ്ക്കുന്നു”വെന്ന് വിന്നിപെഗ് ഫ്രീ പ്രെസ്സ് മുന്നറിയിപ്പു നൽകുന്നു. “ചളുങ്ങിയ പല ടിന്നുകളും സ്വീകാര്യമാണ്. എന്നാൽ ചിലവ സ്വീകാര്യമല്ല. പായ്ക്കു ചെയ്യുന്ന സമയത്ത് ടിന്നുകൾ സാധാരണമായി സുരക്ഷിതമാണ്; പിന്നീടാണു ക്ഷതം സംഭവിക്കുന്നത്,” നഗരത്തിന്റെ ആരോഗ്യ ഡിപ്പാർട്ട്മെൻറിലെ പീറ്റർ പാരിസ് പറഞ്ഞു. ദൂരെക്കളയേണ്ട സാധനങ്ങളുടെ ഹ്രസ്വമായ ഒരു ലിസ്റ്റിൽ, വിളുമ്പുകളിൽ തുരുമ്പുള്ളവയും മുകളിലോ മറ്റു ഭാഗങ്ങളിലോ തുടച്ചാൽ എളുപ്പത്തിൽ പോകാത്ത തരത്തിൽ തുരുമ്പുള്ളവയും കുലുക്കുമ്പോൾ കിരുകിരു ശബ്ദംകേൾക്കുന്നവയും അതുപോലെതന്നെ ഏതെങ്കിലും തരത്തിൽ മുഴച്ചോ വീർത്തോ ഇരിക്കുന്നവയും ചോർച്ചയുള്ളവയും ലേബലില്ലാത്തവയോ കാലാവധി കഴിഞ്ഞ ലേബലുള്ളവയോ ആയതുമായ ടിന്നുകൾ ഉൾപ്പെടുന്നുവെന്ന് നഗരത്തിലെ ആരോഗ്യ ഡിപ്പാർട്ട്മെൻറ് പറയുന്നു. പത്രറിപ്പോർട്ട് ഇപ്രകാരം മുന്നറിയിപ്പു നൽകുന്നു: “ഒരിക്കൽ സീൽ പൊട്ടിച്ചുകഴിഞ്ഞാൽപ്പിന്നെ ടിന്നുകൾ സാൽമൊണെല്ലയ്ക്കും സ്റ്റഫൈലൊകോക്കസിനും ഏറ്റവും പറ്റിയ വിളനിലങ്ങളായിത്തീരുന്നു. ഓരോന്നിനും വയറ്റിളക്കവും ഛർദിയും കൊളുത്തിപ്പിടിത്തവും ഉണ്ടാക്കാൻ കഴിയും.”
താഴ്ന്ന ജനനനിരക്ക്
സാമ്പത്തികവും തൊഴിൽപരവുമായി സുരക്ഷിതത്വമില്ലെന്നുള്ള തോന്നൽ നിമിത്തം കിഴക്കൻ യൂറോപ്പിലെ പല ദമ്പതികളും ഉടനെ കുട്ടികൾ വേണ്ടെന്നു വയ്ക്കുന്നു. ഈ “സുരക്ഷിതത്വമില്ലായ്മ ജനനനിരക്കിലെ കുത്തനെയുള്ള പതനത്തിലേക്കു മാത്രമല്ല, വിവാഹനിരക്കിന്റെ പതനത്തിലേക്കും വന്ധ്യംകരണം നടത്തുന്നതിൽ പത്തിരട്ടിയിലധികം വർധനവിലേക്കും നയിച്ചിരിക്കുന്ന”തായി ദ ന്യൂയോർക്ക് ടൈംസ് അഭിപ്രായപ്പെടുന്നു. “യുദ്ധത്തിന്റെയും പകർച്ചവ്യാധികളുടെയും ക്ഷാമത്തിന്റെയും സമയങ്ങളിലൊഴിച്ച് ഇത്രയും കുത്തനെയുള്ള കുറവ് മുമ്പൊരിക്കലും കണ്ടിട്ടില്ലെന്ന്” ജനസംഖ്യാശാസ്ത്രജ്ഞർ പറഞ്ഞതായി ടൈംസ് കൂട്ടിച്ചേർക്കുന്നു. സമാനമായ ഒരു പ്രവണത കുറയ്ക്കുന്നതിനായി പോളണ്ട്, പോർച്ചുഗൽ, ബെൽജിയം, ലക്സംബർഗ്, ഹംഗറി എന്നിവിടങ്ങളിലെ ഗവൺമെന്റുകൾ കുഞ്ഞുങ്ങളുണ്ടായിരിക്കാനുള്ള ഒരു പ്രേരണയെന്നനിലയിൽ കുറേനാളത്തേക്കു പണം നൽകുകയുണ്ടായി. ജർമനിയിലെ ബ്രൻഡെൻബർഗ് എന്ന സ്റ്റേറ്റിലെ ഗവൺമെൻറ് കുറേക്കൂടെ അടുത്തകാലത്ത് ഓരോ നവജാതശിശുവിനുംവേണ്ടി 650 ഡോളർ കൊടുക്കാൻ തുടങ്ങി.
യുദ്ധത്തിന്റെ നീണ്ടുനിൽക്കുന്ന ഫലങ്ങൾ
വെടിയുണ്ടകളാലും ബോംബുകളാലും കൊല്ലപ്പെടുകയും അംഗഭംഗം സംഭവിക്കുകയും ചെയ്തവരെക്കാളും വളരെയധികം ആളുകൾക്ക് മുൻ യൂഗോസ്ലാവിയയിലെ യുദ്ധത്തിൽ അത്യാഹിതം സംഭവിക്കുകയുണ്ടായി. “തീപിടുത്തങ്ങളും സ്ഫോടനങ്ങളും രാസചോർച്ചകളും പരിസ്ഥിതിയിലേക്കു തുപ്പുന്ന നൂറുകണക്കിനു ടൺ വിഷപദാർഥങ്ങൾക്കു ഗുരുതരമായ ആരോഗ്യ ഫലങ്ങളുണ്ടായിരിക്കു”മെന്ന് അടുത്തകാലത്തെ ഒരു പഠനം വെളിപ്പെടുത്തുന്നതായി ദ മെഡിക്കൽ പോസ്റ്റ് പറയുന്നു. ഈ രാസവസ്തുക്കളും വിഷ ലോഹങ്ങളും നദികളെ മലിനമാക്കുന്നു. അവ ഭൂമിയ്ക്കടിയിലുള്ള ജലത്തെപ്പോലും മലിനമാക്കിയേക്കാം. “മാതാപിതാക്കൾ വിഷ പദാർഥങ്ങളാൽ മലിനമായ വെള്ളം കുടിക്കുന്നതിന്റെ ഫലമായി ജൻമനാ വൈകല്യങ്ങളുള്ള കുട്ടികളുടെ എണ്ണത്തിൽ കാര്യമായ വർധനവ്” ഉണ്ടാകുമെന്നു വിദഗ്ധർ മുന്നറിയിപ്പു നൽകുന്നതായി പോസ്റ്റ് പറയുന്നു.