എന്താണു കല?
സ്പെയിനിലെ ഉണരുക! ലേഖകൻ
ഇന്നോളം നിങ്ങൾ കണ്ടിട്ടുള്ളതിൽ ഏറ്റവും മനോഹരമായ ദൃശ്യമേതാണ്? അത് ഉഷ്ണമേഖലാപ്രദേശത്തെ ഒരു സൂര്യാസ്തമയമായിരുന്നോ, അതോ മഞ്ഞുമൂടിയ ഒരു പർവതനിരയോ? അല്ലെങ്കിൽ മരുഭൂമിയിൽ ധാരാളമായി കണ്ട പുഷ്പങ്ങളോ? അതുമല്ലെങ്കിൽ ശരത്കാലത്തു കാട്ടിൽ കാണുന്ന പ്രൗഢ വർണങ്ങളോ?
ഭൂമിയുടെ സൗന്ദര്യം നമ്മെ വശീകരിച്ചിട്ടുള്ള ഏതെങ്കിലുമൊരു പ്രത്യേക നിമിഷത്തെ നമ്മിൽ മിക്കവരും താലോലിക്കുന്നു. സാധിക്കുന്നപക്ഷം, നമ്മുടെ ഒഴിവുകാലങ്ങൾ പറുദീസാസമാനമായ ചുറ്റുപാടുകളിൽ ചെലവഴിക്കാനാണു നാം ഇഷ്ടപ്പെടുന്നത്. ഏറ്റവും സ്മരണീയമായ ദൃശ്യങ്ങൾ ഫിലിമിൽ പകർത്താനും നാം ശ്രമിക്കും.
അടുത്ത പ്രാവശ്യം നിങ്ങൾ അപങ്കിലമായ ആ മഹത്ത്വത്തിലേക്ക് ഉറ്റുനോക്കുമ്പോൾ, ചില ചോദ്യങ്ങൾ പരിചിന്തിക്കാവുന്നതാണ്. ചിത്രപ്രദർശനശാലയിൽ വെച്ചിരിക്കുന്ന ഓരോ ചിത്രത്തിലും “അജ്ഞാതൻ” എന്നു കുറിച്ചിരിക്കുന്നുവെങ്കിൽ എന്തോ ഒരു കുറവുള്ളതായി നിങ്ങൾക്കു തോന്നുകയില്ലേ? പ്രദർശനത്തിനു വെച്ചിരിക്കുന്ന ചിത്രങ്ങളുടെ ഗുണവും മനോഹാരിതയും നിങ്ങളുടെ മനസ്സിൽ ശരിക്കും സ്ഥാനംപിടിക്കുന്നുവെങ്കിൽ, അതു വരച്ച കലാകാരൻ ആരെന്നറിയാൻ നിങ്ങൾ ആഗ്രഹിക്കുകയില്ലേ? ഭൂമിയിലെ മനോഹരങ്ങളായ വിസ്മയങ്ങളെ സൃഷ്ടിച്ച കലാകാരനെ അവഗണിച്ചുകൊണ്ട് അവയെക്കുറിച്ചു ചിന്തിക്കുന്നതിൽ നാം തൃപ്തരായിരിക്കണമോ?
പ്രകൃതിയിൽ കല എന്നു പറയുന്ന ഒരു സംഗതിയില്ലെന്ന്, അഥവാ കലയ്ക്കു മനുഷ്യന്റെ സർഗാത്മക വാസനയും വ്യാഖ്യാനവും ആവശ്യമാണെന്ന്, അവകാശപ്പെടുന്നവർ ഉണ്ടെന്നുള്ളതു സത്യമാണ്. എന്നിരുന്നാലും, കലയെ സംബന്ധിച്ച അത്തരം ഒരു നിർവചനം ഒരുപക്ഷേ വളരെ ഇടുങ്ങിയതാവാം. കൃത്യമായി പറഞ്ഞാൽ എന്താണു കല?
കലയെ നിർവചിക്കൽ
എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന വിധത്തിൽ കലയെ നിർവചിക്കുക എന്നത് ഏറെക്കുറെ അസാധ്യമാണ്. എന്നാൽ ഏതാണ്ടൊരു നല്ല വിശദീകരണം വെബ്സ്റ്റേഴ്സ് നയന്ത് ന്യൂ കൊളീജിയേറ്റ് ഡിക്ഷണറിയിൽ കാണാം. “പ്രത്യേ[കിച്ചും] സുന്ദരവസ്തുക്കളുടെ ഉത്പാദനത്തിൽ വൈദഗ്ധ്യത്തിന്റെയും സർഗാത്മക ഭാവനയുടെയും ബോധപൂർവകമായ ഉപയോഗ”മാണു കലയെന്ന് അതു പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഒരു കലാകാരനു വൈദഗ്ധ്യവും സർഗാത്മക ഭാവനയും ആവശ്യമാണെന്നു നമുക്കു പറയാൻ കഴിയും. കലാകാരൻ ഈ രണ്ട് അഭിരുചികളും പ്രായോഗികതലത്തിൽ കൊണ്ടുവരുമ്പോൾ, മറ്റുള്ളവർക്ക് ആനന്ദമോ ആകർഷണീയതയോ തോന്നുന്ന ഒരു സംഗതി നിർമിക്കാൻ അയാൾക്കു കഴിയുന്നു.
വൈദഗ്ധ്യത്തിന്റെയും ഭാവനയുടെയും പ്രകടനങ്ങൾ മനുഷ്യരുടെ കലാസൃഷ്ടികളിൽ മാത്രം ഒതുങ്ങുന്നുവോ? അതോ, അവ നമുക്കു ചുറ്റുമുള്ള പ്രകൃതിയിലും പ്രകടമാണോ?
കാലിഫോർണിയയിലെ ഉയരമുള്ള കാറ്റാടിമരങ്ങളും പസഫിക്കിൽ വ്യാപിച്ചുകിടക്കുന്ന പവിഴപ്പുറ്റുകളും മഴക്കാടുകളിലെ ഊറ്റമായ വെള്ളച്ചാട്ടങ്ങളും ആഫ്രിക്കൻ സാവന്നാപ്രദേശത്തെ പ്രൗഢമായ കാലിക്കൂട്ടവുമെല്ലാം പല വിധങ്ങളിൽ മനുഷ്യവർഗത്തിന് “മോണാ ലിസ”യെക്കാൾ വിലയുള്ളതാണ്. അക്കാരണത്താൽ, യു.എസ്.എ.-യിലെ റെഡ്വുഡ് ദേശീയ പാർക്ക്; അർജൻറീന/ബ്രസീലിലെ ഇഗ്വസൂ വെള്ളച്ചാട്ടം; ഓസ്ട്രേലിയയിലെ ഗ്രേറ്റ് ബാരിയർ പവിഴപ്പുറ്റ്; ടാൻസാനിയയിലെ സെറംഗറ്റി ദേശീയ പാർക്ക് തുടങ്ങിയവ മനുഷ്യവർഗത്തിന്റെ “ലോകപൈതൃക”ത്തിന്റെ ഭാഗമായി യുനെസ്കോ (ഐക്യരാഷ്ട്ര വിദ്യാഭ്യാസ-ശാസ്ത്ര-സാംസ്കാരിക സംഘടന) വേർതിരിച്ചിരിക്കുകയാണ്.
ഈ പ്രകൃതി നിക്ഷേപങ്ങളെ മനുഷ്യനിർമിത വസ്തുക്കളുടെ കൂട്ടത്തിൽപ്പെടുത്തിയിരിക്കുകയാണ്. എന്തുകൊണ്ട്? ഇതിന്റെ ലക്ഷ്യം “അന്യാദൃശ്യമായ സാർവത്രിക മൂല്യ”മുള്ള എന്തിനെയും സംരക്ഷിക്കുക എന്നതാണ്. ഇന്ത്യയിലെ താജ് മഹലിന്റെ സൗന്ദര്യമായാലും ശരി യു.എസ്.എ.-യിലെ ഗ്രാൻഡ് കാന്യന്റെ സൗന്ദര്യമായാലും ശരി വരുംതലമുറകൾക്കു വേണ്ടി അതു സംരക്ഷിക്കേണ്ടതുണ്ടെന്നു യുനെസ്കോ വാദിക്കുന്നു.
എന്നാൽ സർഗാത്മക വൈദഗ്ധ്യം കാണാൻ നിങ്ങൾ ഒരു ദേശീയ പാർക്കിൽ പോകേണ്ട ആവശ്യമില്ല. നിങ്ങളുടെ ശരീരംതന്നെ അതിനൊരു മകുടോദാഹരണമാണ്. പുരാതന ഗ്രീസിലെ കൊത്തുപണിക്കാർ കലാവൈശിഷ്ട്യത്തിന്റെ മൂർത്തിമത്ഭാവമായി വീക്ഷിച്ചതു മനുഷ്യരൂപത്തെയാണ്. കഴിവതും പൂർണമായി അതിനെ ചിത്രീകരിക്കാൻ അവർ യത്നിക്കുകയും ചെയ്തു. ശരീരത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ചു നമുക്ക് ഇപ്പോഴുള്ള അറിവിൽ നിന്നുതന്നെ, അതിന്റെ സൃഷ്ടിക്കും രൂപകൽപ്പനയ്ക്കും ആവശ്യമായ സമ്പൂർണ കഴിവിനെ അതിലും കൂടുതൽ വിലമതിക്കാൻ നമുക്കു കഴിയും.
സർഗാത്മക ഭാവന സംബന്ധിച്ചോ? ആടുന്ന മയിലിന്റെ ഭംഗിയാർന്ന പീലികൾ, മൃദുലമായ ഒരു റോസാപുഷ്പം, അല്ലെങ്കിൽ വെട്ടിത്തിളങ്ങുന്ന ഹമ്മിങ്ബേർഡിന്റെ ചടുല നടനം കാണുക. തീർച്ചയായും, അത്തരം കലാവൈഭവം, കാൻവാസിലോ ഫിലിമിലോ പകർത്തപ്പെടുന്നതിനു മുമ്പും കലതന്നെയായിരുന്നു. റ്റാക്കാ ലില്ലിയുടെ മൃദുല കേസരങ്ങളാൽ ജിജ്ഞാസപൂണ്ട്, അതിന്റെ ഉദ്ദേശ്യമെന്തെന്നു നാഷണൽ ജിയോഗ്രഫിക്കിന്റെ ഒരു എഴുത്തുകാരൻ ഒരു ശാസ്ത്രജ്ഞനോടു ചോദിച്ചു. “അവ ദൈവത്തിന്റെ ഭാവനയെ വെളിപ്പെടുത്തുന്നു” എന്നതായിരുന്നു അദ്ദേഹത്തിന്റെ ലളിതമായ മറുപടി.
പ്രകൃതിയിൽ വൈദഗ്ധ്യവും സർഗാത്മക ഭാവനയും ധാരാളമുണ്ടെന്നു മാത്രമല്ല, അവ മനുഷ്യ കലാകാരന്മാർക്കു പ്രചോദനത്തിന്റെ ഒരു നിരന്തര ഉറവും കൂടിയായിരുന്നിട്ടുണ്ട്. ഓഗസ്റ്റെ റോഡിൻ എന്ന പ്രഖ്യാത ഫ്രഞ്ച് ശിൽപ്പി ഇങ്ങനെ പറഞ്ഞു: “കലാകാരൻ പ്രകൃതിയുടെ രഹസ്യം സൂക്ഷിപ്പുകാരനാണ്. പുഷ്പങ്ങൾ കാണ്ഡങ്ങളുടെ മനോജ്ഞമായ വളവുകളിലൂടെയും അവയുടെ സൂനങ്ങളിലെ യോജിപ്പുള്ള സൂക്ഷ്മനിറഭേദങ്ങളിലൂടെയും അയാളോടു സംഭാഷിക്കുന്നു.”
പ്രകൃതിസൗന്ദര്യത്തെ പകർത്താൻ ശ്രമിച്ചപ്പോഴുള്ള തങ്ങളുടെ പരിമിതികളെക്കുറിച്ചു പല കലാകാരന്മാരും തുറന്നു സമ്മതിച്ചിട്ടുണ്ട്. “യഥാർഥ കലാസൃഷ്ടി ദിവ്യപൂർണതയുടെ ഒരു നിഴൽ മാത്രമാണ്” എന്ന് എക്കാലത്തെയും ഏറ്റവും വലിയ കലാകാരന്മാരിൽ ഒരുവൻ എന്നറിയപ്പെടുന്ന മൈക്കിളാഞ്ചലോ തുറന്നുപറഞ്ഞു.
ശാസ്ത്രജ്ഞരും കലാകാരന്മാരും പ്രകൃതിയുടെ സൗന്ദര്യത്തിൽ അത്ഭുതസ്തബ്ധരായേക്കാം. ഗണിത ഭൗതികശാസ്ത്രത്തിലെ ഒരു പ്രൊഫസറായ പോൾ ഡേവിസ് ദൈവമാനസം (ഇംഗ്ലീഷ്) എന്ന പുസ്തകത്തിൽ ഇങ്ങനെ വിശദീകരിക്കുന്നു: “സാധാരണമായി കടുത്ത നിരീശ്വരവാദികൾക്കുപോലും പ്രകൃതിയോടുള്ള ഭക്ത്യാദരവ് എന്നൊന്ന്, അതിന്റെ വ്യാപ്തിയിലും സൗന്ദര്യത്തിലും നിഗൂഢതയിലുമുള്ള വിസ്മയവും അവയോടുള്ള ആദരവും, ഉണ്ട്. ആ ആദരവ് മതപരമായ ഭയഭക്തിയോടു ബന്ധപ്പെട്ടതാണ്.” അതു നമ്മെ എന്തു പഠിപ്പിക്കണം?
കലാവൈഭവത്തിനു പിന്നിലെ കലാകാരൻ
കലാകാരന്റെ കല മനസ്സിലാക്കാനും ആസ്വദിക്കാനും വേണ്ടി ഒരു കലാവിദ്യാർഥി അയാളെക്കുറിച്ചു പഠിക്കുന്നു. കലാകാരന്റെ ഒരു പ്രതിഫലനമാണ് ആ കലാസൃഷ്ടിയെന്ന് ആ വിദ്യാർഥി തിരിച്ചറിയുന്നു. പ്രകൃതിയിലെ കലയും അതിന്റെ നിർമാതാവായ സർവശക്തനാം ദൈവത്തിന്റെ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുന്നു. “അവന്റെ അദൃശ്യസ്വഭാവം . . . സൃഷ്ടവസ്തുക്കളിൽ സ്പഷ്ടമായി കാണപ്പെടുന്നു” എന്നു പൗലോസ് അപ്പോസ്തലൻ വിശദീകരിച്ചു. (റോമാക്കാർ 1:20, ഓശാന ബൈബിൾ) അതു മാത്രമോ, ഭൂമിയുടെ നിർമാതാവ് അജ്ഞാതനല്ല. തന്റെ നാളിൽ ഏഥൻസിലുണ്ടായിരുന്ന തത്ത്വജ്ഞാനികളോടു പൗലോസ് പറഞ്ഞതുപോലെ, “[ദൈവം] നമ്മിൽ ആർക്കും അകന്നിരിക്കുന്നവനല്ല.”—പ്രവൃത്തികൾ 17:27.
ദൈവത്തിന്റെ സൃഷ്ടിയിൽ കാണുന്ന കല ഉദ്ദേശ്യരഹിതമോ യാദൃച്ഛികമോ അല്ല. അതു നമ്മുടെ ജീവിതത്തെ ധന്യമാക്കുന്നതു കൂടാതെ, ഏറ്റവും വലിയ കലാകാരനായ, അഖിലാണ്ഡ രൂപസംവിധായകനായ, യഹോവയാം ദൈവത്തിന്റെ വൈദഗ്ധ്യങ്ങളെയും ഭാവനയെയും മഹത്ത്വത്തെയും വിളിച്ചോതുന്നു. ആ പരമോന്നത കലാകാരനെ അടുത്തറിയാൻ ഈ കലയ്ക്കു നമ്മെ എങ്ങനെ സഹായിക്കാൻ കഴിയുമെന്ന് അടുത്ത ലേഖനം പരിചിന്തിക്കും.
[3-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Musei Capitolini, Roma