നമ്മുടെ നാളിൽ ഏറ്റവുമധികം അവഗണിക്കപ്പെടുന്ന കലാകാരൻ
“പ്രകൃതി ദൈവത്തിന്റെ കലയാണ്.”—17-ാം നൂറ്റാണ്ടിലെ ഒരു ഭിഷഗ്വരനായിരുന്ന സർ തോമസ് ബ്രൗൺ
ലിയനാർഡോ ഡാവിഞ്ചി, റെംബ്രാൻഡ്റ്റ്, വാൻ ഗോ—ഇവ ദശലക്ഷങ്ങൾക്കു സുപരിചിതമായ പേരുകളാണ്. അവർ വരച്ച യഥാർഥ ചിത്രങ്ങളൊന്നും നിങ്ങൾ ഒരിക്കലും കണ്ടിട്ടില്ലായിരിക്കാമെങ്കിലും, അവർ വലിയ കലാകാരന്മാരായിരുന്നുവെന്നു നിങ്ങൾക്കറിയാം. ഒരർഥത്തിൽ, അവരുടെ കല അവരെ അനശ്വരരാക്കിത്തീർത്തു.
അവർ നിഗൂഢമായ മന്ദസ്മിതവും മനസ്സിനെ ആഴത്തിൽ സ്പർശിക്കുന്ന ഛായാചിത്രവും സൃഷ്ടിസൗന്ദര്യത്തിന്റെ ഒരംശവും കാൻവാസിൽ പകർത്തി. അത് ഇപ്പോഴും കാഴ്ചക്കാരന്റെ ഭാവനയുടെമേൽ സ്വാധീനം ചെലുത്തുന്നു. അവർക്കും നമുക്കും തമ്മിൽ നൂറ്റാണ്ടുകളുടെ വിടവുണ്ടെങ്കിലും, അവരെ വശീകരിച്ചതു നമ്മെയും വശീകരിക്കുന്നു.
നമ്മൾ കലാകാരന്മാരോ കലാനിരൂപകന്മാരോ അല്ലായിരിക്കാം, എന്നാൽപോലും കലാശ്രേഷ്ഠത നമുക്കു തിരിച്ചറിയാൻ കഴിയും. നാം വിലമതിക്കുന്ന കലാസൃഷ്ടിയെ ചമച്ച കലാകാരനെപ്പോലെ നമുക്കും ഒരു സൗന്ദര്യബോധമുണ്ട്. വർണം, രൂപം, ഡിസൈനുകൾ എന്നിവ ഗ്രഹിക്കാനുള്ള നമ്മുടെ പ്രാപ്തിയെ നാം കാര്യമായെടുക്കാതിരുന്നേക്കാം. എന്നാൽ അവ നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. കണ്ണിന് ആനന്ദം പകരുന്ന വസ്തുക്കൾകൊണ്ടോ ചിത്രങ്ങൾകൊണ്ടോ നമ്മുടെ ഭവനങ്ങൾ അലങ്കരിക്കാൻ നാം ഇഷ്ടപ്പെടുന്നുവെന്നുള്ളതിൽ യാതൊരു സംശയവുമില്ല. അഭിരുചികൾ വിഭിന്നമായിരുന്നേക്കാമെങ്കിലും, മനുഷ്യവർഗത്തിൽ മിക്കവർക്കുമുള്ള ഒരു ദാനമാണു സൗന്ദര്യാവബോധം. അതു സ്രഷ്ടാവിനോടു നമ്മെ കൂടുതൽ അടുപ്പിക്കാൻ കഴിയുന്ന ഒരു ദാനമാണുതാനും.
സൗന്ദര്യമെന്ന ദാനം
മനുഷ്യരെ മൃഗങ്ങളിൽനിന്നു വേർതിരിക്കുന്ന അനേകം ഗുണങ്ങളിൽ ഒന്നാണു സൗന്ദര്യബോധം. “കലാവാസനയുള്ള ഒരു മൃഗമെന്നു വേണമെങ്കിൽ മനുഷ്യനെ നിർവചിക്കാം” എന്നാണ് സൂമാ ആർട്ടിസ്—ഇസ്റ്റോറിയ ഹെനറൽ ഡെൽ ആർട്ടെ (സമഗ്ര കലാപ്രബന്ധം—ഒരു പൊതു കലാചരിത്രം) എന്ന കൃതി ചൂണ്ടിക്കാട്ടുന്നത്. മൃഗങ്ങളിൽനിന്നു വ്യത്യസ്തരായതുകൊണ്ട് നാം പ്രകൃതിയെ കാണുന്നതു വ്യത്യസ്തമായ വീക്ഷണകോണത്തിലൂടെയാണ്. മനോഹരമായ ഒരു സൂര്യാസ്തമയത്തെ ഒരു നായ വിലമതിക്കുമോ?
നമ്മെ ആ വിധത്തിൽ നിർമിച്ചത് ആരാണ്? “ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു” എന്നു ബൈബിൾ വിശദീകരിക്കുന്നു. (ഉല്പത്തി 1:27) നമ്മുടെ ആദ്യ മാതാപിതാക്കൾ ദൈവത്തെപ്പോലായിരുന്നു എന്നല്ല അതിനർഥം. മറിച്ച്, ദൈവം തനിക്കുതന്നെയുള്ള ഗുണങ്ങൾ അവർക്കു നൽകി. അവയിലൊന്നു സൗന്ദര്യം ആസ്വദിക്കാനുള്ള കഴിവാണ്.
ദുർഗ്രാഹ്യമായ ഏതോ പ്രക്രിയവഴി മനുഷ്യമസ്തിഷ്കം സൗന്ദര്യത്തെ ഗ്രഹിക്കുന്നു. ആദ്യംതന്നെ, നമ്മുടെ ശ്രദ്ധ ആകർഷിക്കുന്ന വസ്തുക്കളുടെ ശബ്ദം, ഗന്ധം, നിറം, രൂപം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ നമ്മുടെ ഇന്ദ്രിയങ്ങൾ തലച്ചോറിലേക്ക് അയയ്ക്കുന്നു. എന്നാൽ, നമുക്കു ചുറ്റും എന്തു നടക്കുന്നു എന്നു മാത്രം നമ്മോടു പറയുന്ന ആ വൈദ്യുത-രാസ സംജ്ഞകളുടെ ആകെത്തുകയെക്കാൾ വളരെ കവിഞ്ഞതാണു സൗന്ദര്യം. നാം ഒരു മരത്തെയോ പുഷ്പത്തെയോ പക്ഷിയെയോ കാണുന്നത് ഒരു മൃഗം അവയെ കാണുന്നപോലെയല്ല. അവ നമുക്ക് ഉടനടി യാതൊരു പ്രായോഗിക പ്രയോജനവും ചെയ്യുന്നില്ലെങ്കിലും, അവ ഒരു സുഖം പ്രദാനം ചെയ്യുന്നുണ്ട്. അവയിലുള്ള കലാപരമായ മൂല്യം തിരിച്ചറിയാൻ നമ്മുടെ മസ്തിഷ്കം നമ്മെ സഹായിക്കുന്നു.
ഈ കഴിവു നമ്മുടെ വികാരങ്ങളെ സ്പർശിക്കുകയും ജീവിതത്തെ ധന്യമാക്കുകയും ചെയ്യുന്നു. പല വർഷങ്ങൾക്കുമുമ്പ് നവംബർ മാസത്തിലെ ഒരു സായാഹ്നത്തിൽ, വിദൂരത്തുള്ള ഒരു തടാകക്കരെ നിന്നുകൊണ്ടു സൂര്യാസ്തമയം നിരീക്ഷിച്ചത് സ്പെയിനിൽ താമസിക്കുന്ന മേരി വളരെ നന്നായി ഓർക്കുന്നുണ്ട്. അവൾ ഇങ്ങനെ പറയുന്നു: “അന്യോന്യം ഒച്ചയുണ്ടാക്കിക്കൊണ്ടു കൊക്കുകൾ പറ്റംപറ്റമായി എന്റെ നേർക്കു പറന്നുവന്നു. ആയിരക്കണക്കിനു പക്ഷികൾ എട്ടുകാലിയുടെ ആകൃതിയിൽ ചെമ്മാനത്തുകൂടി മുന്നോട്ടു നീങ്ങി. റഷ്യയിൽനിന്നും സ്കാൻഡിനേവിയയിൽനിന്നുമുള്ള അവയുടെ വാർഷിക ദേശാടനയാത്രയാണ് അവയെ സ്പെയിനിലെ ഈ വിശ്രമസ്ഥലങ്ങളിൽ കൊണ്ടെത്തിച്ചത്. ഞാൻ കരഞ്ഞുപോകത്തക്കവണ്ണം ആ അനുഭവം അത്രയ്ക്കു ഹൃദ്യമായിരുന്നു.”
സൗന്ദര്യമെന്ന ദാനം എന്തിന്?
പല ആളുകളെയും സംബന്ധിച്ചിടത്തോളം സൗന്ദര്യബോധം വിരൽ ചൂണ്ടുന്നത്, ബുദ്ധിശക്തിയുള്ള സൃഷ്ടികൾ തന്റെ കലാവൈഭവം ആസ്വദിക്കാനാഗ്രഹിക്കുന്ന സ്നേഹവാനായ ഒരു സ്രഷ്ടാവിന്റെ അസ്തിത്വത്തിലേക്കാണ്. നമ്മുടെ സൗന്ദര്യബോധം സ്നേഹവാനായ ഒരു സ്രഷ്ടാവിൽ ആരോപിക്കുന്നത് എത്രയോ ഉചിതവും തൃപ്തികരവുമാണ്. “ദൈവം സ്നേഹം തന്നേ” എന്നു ബൈബിൾ വിശദീകരിക്കുന്നു, സ്നേഹത്തിന്റെ അന്തഃസത്ത പങ്കുവയ്ക്കലാണ്. (1 യോഹന്നാൻ 4:8; പ്രവൃത്തികൾ 20:35) സൃഷ്ടിപരമായ തന്റെ കല നമ്മളുമായി പങ്കുവെക്കുന്നതിൽ യഹോവ സന്തോഷം കാട്ടിയിരിക്കുന്നു. ഒരു ഉത്കൃഷ്ട സംഗീതം ഒരിക്കലും കേൾപ്പിക്കാതിരിക്കുകയോ മനോജ്ഞമായ ഒരു ചിത്രം ഒരിക്കലും കാണിക്കാതിരിക്കുകയോ ചെയ്യുന്നുവെങ്കിൽ അതിന്റെ സൗന്ദര്യം നഷ്ടമായിപ്പോകും. കലയെ ഉളവാക്കിയിരിക്കുന്നത് അതു പങ്കുവെക്കുന്നതിനും ആസ്വദിക്കുന്നതിനും വേണ്ടിയാണ്—കാഴ്ചക്കാരില്ലെങ്കിൽ അതു ചൈതന്യമില്ലാത്തതായിത്തീരും.
ഒരു ഉദ്ദേശ്യത്തോടെയാണ്—പങ്കുവെക്കുന്നതിനും ആസ്വദിക്കുന്നതിനും വേണ്ടിയാണ്—യഹോവ മനോഹരമായ വസ്തുക്കൾ സൃഷ്ടിച്ചത്. വാസ്തവത്തിൽ, “ഉല്ലാസം” എന്നർഥമുള്ള ഏദൻ എന്നായിരുന്നു നമ്മുടെ ആദ്യ മാതാപിതാക്കളുടെ വിപുലമായ പറുദീസോദ്യാനത്തെ വിളിച്ചിരുന്നത്. ദൈവം ഭൂമിയെ തന്റെ കലാവൈഭവംകൊണ്ടു നിറയ്ക്കുക മാത്രമല്ല, അതു ദർശിക്കാനും ആസ്വദിക്കാനുമുള്ള കഴിവു മനുഷ്യവർഗത്തിന് അവൻ കൊടുക്കുകയും ചെയ്തിരിക്കുന്നു. സൗന്ദര്യത്തിന്റെ എത്ര വലിയ ഒരു ശേഖരമാണു കാണാനുള്ളത്! പോൾ ഡേവീസ് അഭിപ്രായപ്പെട്ടതുപോലെ, “രസകരവും ഉത്പാദനക്ഷമവുമായ ഒരു പ്രപഞ്ചത്തെ ഉളവാക്കാൻ ചിലപ്പോൾ പ്രകൃതി ‘വഴിവിട്ടു പ്രവർത്തിച്ചതുപോലെ’ തോന്നുന്നു.” പ്രപഞ്ചം രസകരവും ഉത്പാദനക്ഷമവുമെന്നു നാം കണ്ടെത്തുന്നു. കാരണം, അതേക്കുറിച്ചു പഠിക്കാനും അത് ആസ്വദിക്കാനുമുള്ള പ്രാപ്തിയോടെ നമ്മെ സൃഷ്ടിക്കാൻ യഹോവ ‘വഴിവിട്ടു പ്രവർത്തിച്ചിരിക്കുന്നു.’
പ്രകൃതിസൗന്ദര്യത്തിനും അതിനെ പകർത്തുന്നതിനും കൊടുക്കുന്ന അംഗീകാരം എല്ലാത്തരം സംസ്കാരങ്ങളിലും, ഗുഹാ കലാകാരന്മാർമുതൽ യഥാതഥകലാകാരന്മാർവരെ (Impressionists) സാധാരണമാണെന്നുള്ളത് അതിശയകരമല്ല. ആയിരക്കണക്കിനു വർഷങ്ങൾക്കു മുമ്പ്, വടക്കൻ സ്പെയിനിലെ നിവാസികൾ കാന്റേബ്രിയയിലെ അൽറ്റാമിറ ഗുഹകളിൽ മൃഗങ്ങളുടെ വ്യക്തവും സവിസ്തരവുമായ ചിത്രങ്ങൾ വരയ്ക്കുകയുണ്ടായി. നൂറിലധികം വർഷങ്ങൾക്കു മുമ്പ് യഥാതഥകലാകാരന്മാർ തങ്ങളുടെ സ്റ്റുഡിയോകളിൽനിന്നു പുറത്തുവന്നു പുഷ്പങ്ങൾ നിറഞ്ഞ ഒരു വയലിലെ ശോഭയേറിയ പ്രകാശമോ വെള്ളത്തിൽ മാറിക്കൊണ്ടിരിക്കുന്ന ഡിസൈനുകളോ പകർത്താൻ ശ്രമിച്ചു. കൊച്ചുകുട്ടികൾപോലും മനോഹരമായ വസ്തുക്കൾ സംബന്ധിച്ചു ബോധമുള്ളവരാണ്. വാസ്തവത്തിൽ, ചായപ്പെൻസിലുകളും കടലാസും കൊടുത്താൽ അവരിൽ മിക്കവരും തങ്ങളുടെ ഭാവനയെ ആകർഷിക്കുന്നതായി കാണുന്ന എന്തും വരയ്ക്കും.
ഇക്കാലത്ത്, തങ്ങളിൽ മതിപ്പുളവാക്കിയ ഒരു മനോഹര ദൃശ്യം ഓർത്തിരിക്കാൻ മുതിർന്ന പലരും ഫോട്ടോയെടുക്കാൻ ഇഷ്ടപ്പെടുന്നു. എന്നാൽ ഒരു ക്യാമറയുടെ ആവശ്യം ഇല്ലാതെപോലും പതിറ്റാണ്ടുകൾക്കു മുമ്പു കണ്ട മനോഹരദൃശ്യങ്ങൾ ഓർത്തിരിക്കാൻ നമ്മുടെ മനസ്സുകൾക്കു കഴിവുണ്ട്. വ്യക്തമായും, മഹത്ത്വമാർന്ന വിധത്തിൽ ദൈവം അലങ്കരിച്ചിരിക്കുന്ന നമ്മുടെ ഭൗമിക ഭവനത്തെ ആസ്വദിക്കാനുള്ള പ്രാപ്തിയോടെയാണ് അവൻ നമ്മെ ഉണ്ടാക്കിയിരിക്കുന്നത്. (സങ്കീർത്തനം 115:16) എന്നിരുന്നാലും, ദൈവം നമുക്കു സൗന്ദര്യബോധം തന്നിരിക്കുന്നതിനു മറ്റൊരു കാരണം കൂടിയുണ്ട്.
‘അവന്റെ ഗുണങ്ങൾ വ്യക്തമായി കാണപ്പെടുന്നു’
പ്രകൃതിയിലെ കലാവൈഭവത്തോടുള്ള നമ്മുടെ വിലമതിപ്പു നാം ആഴമുള്ളതാക്കവേ, സ്രഷ്ടാവിനെ അറിയാൻ അതിനു നമ്മെ സഹായിക്കാനാകും. അവന്റെ കൈവേലകളാണു നമുക്കും ചുറ്റും. ഗലീലയിലെമ്പാടും വളരുന്ന കാട്ടുപൂക്കളെ അടുത്തു വീക്ഷിക്കാൻ ഒരു സന്ദർഭത്തിൽ യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞു. “വയലിലെ താമര എങ്ങനെ വളരുന്നു എന്നു നിരൂപിപ്പിൻ; അവ അദ്ധ്വാനിക്കുന്നില്ല, നൂൽനൂൽക്കുന്നതുമില്ല. എന്നാൽ ശലോമോൻപോലും തന്റെ സർവ്വമഹത്വത്തിലും ഇവയിൽ ഒന്നിനോളം ചമഞ്ഞിരുന്നില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു” എന്ന് അവൻ പറഞ്ഞു. (മത്തായി 6:28, 29) നിസ്സാരമായ ഒരു കാട്ടുപൂവിന്റെ സൗന്ദര്യം, മനുഷ്യരുടെ ആവശ്യങ്ങൾ സംബന്ധിച്ചു ദൈവം ഉദാസീനത കാട്ടുന്നവനല്ല എന്നു നമുക്കു കാട്ടിത്തരുന്നു.
ഒരു വ്യക്തിയെ അയാളുടെ “ഫലങ്ങളാൽ” അഥവാ പ്രവൃത്തികളാൽ വിലയിരുത്താൻ കഴിയുമെന്നും യേശു പറഞ്ഞു. (മത്തായി 7:16-20) അതുകൊണ്ട്, ദൈവത്തിന്റെ കലാസൃഷ്ടി അവന്റെ വ്യക്തിത്വം സംബന്ധിച്ച് ഉൾക്കാഴ്ച പ്രദാനം ചെയ്യുമെന്നുള്ളതു പ്രതീക്ഷിക്കാവുന്നതേയുള്ളൂ. ‘ലോകസൃഷ്ടിയുടെ ആരംഭംമുതൽ വ്യക്തമായി കാണാൻ കഴിയുന്ന അവന്റെ ഗുണങ്ങ’ളിൽ ചിലത് എന്തൊക്കെയാണ്?—റോമർ 1:20.
“യഹോവേ, നിന്റെ പ്രവൃത്തികൾ എത്ര പെരുകിയിരിക്കുന്നു! ജ്ഞാനത്തോടെ നീ അവയെ ഒക്കെയും ഉണ്ടാക്കിയിരിക്കുന്നു” എന്ന് സങ്കീർത്തനക്കാരൻ ഉദ്ഘോഷിച്ചു. (സങ്കീർത്തനം 104:24) ഭൂമിയിലെ സസ്യമൃഗജാലങ്ങൾക്കു “നിറം പകരാൻ” ദൈവം ഉപയോഗിച്ചിരിക്കുന്ന നിറങ്ങളിൽപോലും അവന്റെ ജ്ഞാനം കാണാം. “നിറം മനസ്സിനും കണ്ണുകൾക്കും നല്ല സുഖം പ്രദാനം ചെയ്യുന്നു” എന്ന് കോളറെ ഡിസെൻയോ എഡ് എസ്റ്റേയ്റ്റിക്ക നെൽആർട്ടെ ഗ്രാഫിക്ക (നിറം—സവിസ്തര കലയിലെ ഡിസൈനും സൗന്ദര്യവും) എന്ന തങ്ങളുടെ ഗ്രന്ഥത്തിൽ ഫാബ്രിസും ജെർമാനിയും ചൂണ്ടിക്കാട്ടുന്നു. എവിടെയും ചേർച്ചയുള്ള നിറങ്ങളും വൈരുദ്ധ്യമുള്ള നിറങ്ങളും കണ്ണിന് ആനന്ദവും മനസ്സിനു സുഖവും പ്രദാനം ചെയ്യുന്നു. എന്നാൽ ഏറ്റവുമധികം ശ്രദ്ധേയമായിരിക്കുന്നത് കടുംവർണപ്രഭ ഉളവാക്കുന്ന, മഴവില്ലിന്റേതു മാതിരി കടുംനിറത്തിലുള്ള, വർണഫലങ്ങളായിരിക്കാം.—ജ്ഞാനപൂർവകമായ ഡിസൈനിങ്ങിന്റെ ശ്രദ്ധേയമായ ഒരു സാക്ഷ്യംതന്നെ.
മഴവിൽവർണങ്ങൾ പ്രത്യേകിച്ചും ഹമ്മിങ്ബേർഡുകളിൽ സാധാരണമാണ്.a അവയുടെ തൂവലുകളെ ഇത്ര ശോഭയുള്ളതാക്കിത്തീർക്കുന്നത് എന്താണ്? അവയുടെ മേൽഭാഗത്തുള്ള മൂന്നിലൊന്നു തൂവലുകൾ, ഒരു പ്രിസത്തെപോലെ, സൂര്യപ്രകാശത്തെ മഴവില്ലിന്റേതുപോലുള്ള നിറങ്ങളായി വിഘടിപ്പിക്കുന്നു. മാണിക്യം, ഇന്ദ്രനീലം, മരതകം എന്നിങ്ങനെ ഹമ്മിങ്ബേർഡുകൾക്കുള്ള സാധാരണ പേരുകൾ രത്നംപോലുള്ള ഈ പക്ഷികളെ അണിയിക്കുന്ന വെട്ടിത്തിളങ്ങുന്ന ചെമപ്പ്, നീല, പച്ച എന്നീ നിറങ്ങൾക്കു സാക്ഷ്യം വഹിക്കുന്നു. “ഈ അപൂർവ ജീവികളുടെ പ്രൗഢമായ ആകർഷണീയതയുടെ ഉദ്ദേശ്യമെന്താണ്?” എന്നു ഹമ്മിങ്ബേർഡ്സ് എന്ന തന്റെ പുസ്തകത്തിൽ സാറാ ഗുഡ്വിൻ ചോദിക്കുന്നു. “ശാസ്ത്രത്തിനു നിർണയിക്കാൻ കഴിയുന്നിടത്തോളം, കാഴ്ചക്കാരനിൽ വിസ്മയം ഉളവാക്കാനല്ലാതെ അതിനു യാതൊരു ഉദ്ദേശ്യവുമില്ല,” അവർ മറുപടി പറയുന്നു. തീർച്ചയായും യാതൊരു മനുഷ്യ കലാകാരനും അത്തരമൊരു ചായപ്പലക ഇന്നോളം കയ്യിലേന്തിയിട്ടേയില്ല!
ഇടിനാദംപോലുള്ള ശബ്ദത്തോടെ നിപതിക്കുന്ന വെള്ളച്ചാട്ടങ്ങളിലും ഇളകിവരുന്ന തിരമാലകളിലും കടലിൽ നുരച്ചുപൊന്തുന്ന പതയിലും ഉഗ്രശക്തിയോടെ ആഞ്ഞടിക്കുന്ന കാറ്റത്തു ചാഞ്ചാടുന്ന ഉത്തുംഗശൃംഗങ്ങളായ മരങ്ങളിലും ദൈവത്തിന്റെ ശക്തി നമുക്കു ദർശിക്കാൻ കഴിയും. ശക്തിമത്തായ ഈ കലാവൈഭവം പ്രശാന്തമായ ഒരു രംഗംപോലെതന്നെ മതിപ്പുളവാക്കുന്നതാണ്. പ്രസിദ്ധ അമേരിക്കൻ പ്രകൃതിശാസ്ത്രജ്ഞനായ ജോൺ മൂയിർ ഒരിക്കൽ കൊടുങ്കാറ്റ് കാലിഫോർണിയയിലുള്ള സിയെരാ നെവേദയിലെ ഒരു കൂട്ടം ഡഗ്ലസ് ഫർ മരങ്ങളിൽ ഉളവാക്കിയ ഫലത്തെക്കുറിച്ചു വർണിക്കുകയുണ്ടായി:
“താരതമ്യേന ഇളപ്പമായിരുന്നുവെങ്കിലും, ഏതാണ്ട് 100 അടി ഉയരമുണ്ടായിരുന്ന അവ എളുപ്പം വളയുന്നവയും മേൽഭാഗം ഇലകളാൽ സമൃദ്ധവുമായിരുന്നു. അവ വന്യമായ ഉന്മാദത്താൽ ആടിയുലഞ്ഞുകൊണ്ടിരുന്നു. . . . വണ്ണം കുറഞ്ഞ മേൽഭാഗം ശക്തമായ പേമാരിയിൽ ചാഞ്ചാടിക്കൊണ്ടിരുന്നു. അവ മുന്നോട്ടും പിന്നോട്ടും വട്ടത്തിലും ആടിയുലഞ്ഞുകൊണ്ടിരുന്നു. കൂടാതെ വർണിക്കാനാവാത്തവിധം തിരശ്ചീനമായും ലംബമായും വളഞ്ഞുകൊണ്ടുമിരുന്നു.” ആയിരക്കണക്കിനു വർഷങ്ങൾക്കു മുമ്പ് സങ്കീർത്തനക്കാരൻ പറഞ്ഞതുപോലെ ‘കൊടുങ്കാറ്റ് യഹോവയെ സ്തുതിക്കുന്നു’—അത് അവന്റെ അനിതരസാധാരണമായ ശക്തിയുടെ ഒരു മാതൃക നമുക്കു പ്രദാനം ചെയ്യുന്നു.—സങ്കീർത്തനം 148:7, 8.
ജപ്പാൻകാരെ സംബന്ധിച്ചടത്തോളം ഒരു പക്ഷി ദീർഘകാലം സ്നേഹത്തിന്റെ പ്രതീകമായിരുന്നു. അതു മനോജ്ഞമായ ജാപ്പനീസ് കൊക്കാണ്. ഇണയോടൊത്തുള്ള അതിന്റെ നൃത്തം ബാലേപോലെ ചലനചാരുതയാർന്നതാണ്. പക്ഷികളായ ഈ നർത്തകർ വളരെയധികം വിലമതിക്കപ്പെടുന്നു. അതുകൊണ്ട് ജപ്പാനിൽ അതിനെ തരംതിരിച്ചിരിക്കുന്നത് “പ്രകൃതിയുടെ പ്രത്യേക സ്മാരകം” എന്നാണ്. കൊക്കുകൾ ആയുഷ്കാലം മുഴുവനും ഇണകളോടൊത്തു കഴിയുകയും 50-ഓ അതിലധികമോ വർഷം ജീവിക്കുകയും ചെയ്യുന്നതുകൊണ്ടു ജപ്പാൻകാർ അതിനെ കണക്കാക്കുന്നതു ദാമ്പത്യവിശ്വസ്തതയുടെ മകുടോദാഹരണമായിട്ടാണ്.
ദൈവസ്നേഹത്തിന്റെ കാര്യത്തിലോ? രസകരമെന്നു പറയട്ടെ, യഹോവ തന്റെ വിശ്വസ്തരെ സംരക്ഷിക്കുന്നതിനെ ബൈബിൾ താരതമ്യം ചെയ്യുന്നത് ഒരു തള്ളപ്പക്ഷി അതിന്റെ കുഞ്ഞുങ്ങളെ ചിറകിലേറ്റി സംരക്ഷിക്കുന്നതിനോടാണ്. “കൂടിളക്കി കുഞ്ഞുങ്ങൾക്കുമേൽ ചിറകുവിരിച്ചു പറക്കയും ചിറകിൽ അവയെ സംവഹിക്കുകയും ചെയ്യുന്ന” കഴുകനെക്കുറിച്ച് ആവർത്തനം 32:11 (ഓശാന ബൈബിൾ) പറയുന്നു. കൂടുവിട്ടു പറക്കാൻ കുഞ്ഞുങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയാണു തള്ളക്കഴുകൻ ഇതെല്ലാം ചെയ്യുന്നത്. സാധാരണ കാണാറില്ലെങ്കിലും, കഴുകന്മാർ അവയുടെ കുഞ്ഞുങ്ങളെ ചിറകിലേറ്റിക്കൊണ്ടു സഹായിച്ചതായുള്ള കേസുകൾ റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്.—സങ്കീർത്തനം 17:8.
നമുക്കു ചുറ്റുമുള്ള പ്രകൃതിയെ നാം കുറേക്കൂടെ അടുത്തു വീക്ഷിക്കുമ്പോൾ, ദൈവത്തിന്റെ വ്യക്തിത്വത്തിന്റെ വശങ്ങളെ വെളിപ്പെടുത്തുന്ന ചില തത്ത്വങ്ങൾ പ്രവർത്തനത്തിലിരിക്കുന്നതായി നാം കാണുന്നു.
വൈവിധ്യമാണ് ജീവിതത്തിന്റെ ആസ്വാദനം
ദൈവത്തിന്റെ കൈവേലയിൽ കാണുന്ന വൈവിധ്യം വളരെ പ്രത്യക്ഷമായ ഒരു സംഗതിയാണ്. പല തരത്തിലുള്ള സസ്യങ്ങളും പക്ഷിമൃഗാദികളും പ്രാണികളും അമ്പരപ്പിക്കുന്നതാണ്. ഉഷ്ണമേഖലാപ്രദേശത്തെ വെറും രണ്ടര ഏക്കർ സ്ഥലത്ത് 300 വ്യത്യസ്തതരം വൃക്ഷങ്ങളും 41,000 തരം പ്രാണികളും കണ്ടേക്കാം; മൂന്നു ചതുരശ്ര കിലോമീറ്ററിൽ 1,500 തരം ചിത്രശലഭങ്ങൾ കണ്ടേക്കാം; ഒരൊറ്റ മരംതന്നെ 150 തരം വണ്ടുകൾക്കു പാർപ്പിടമായിരിക്കാം! ശരിക്കും ഒരുപോലിരിക്കുന്ന രണ്ടാളുകളില്ല, അതുതന്നെ ഓക്കുമരത്തിന്റെയോ പുലികളുടെയോ കാര്യത്തിലും പറയാൻ കഴിയും. മനുഷ്യ കലാകാരന്മാർ വളരെയധികം വിലമതിക്കുന്ന ഒരു ഗുണമായ തനിമ പ്രകൃതിയുടെ ഒരു അവിഭാജ്യ ഘടകമാണ്.
തീർച്ചയായും, പ്രകൃതിയിലെ കലയുടെ ഏതാനും വശങ്ങളെക്കുറിച്ചു നാം ചെറുതായൊന്നു പ്രതിപാദിക്കുകയേ ചെയ്തിട്ടുള്ളൂ. അതിനെ കൂടുതൽ അടുത്തു വീക്ഷിക്കുകവഴി, ദൈവത്തിന്റെ വ്യക്തിത്വത്തിന്റെ പല വശങ്ങളും നമുക്കു വിവേചിച്ചറിയാൻ കഴിയും. എന്നാൽ അങ്ങനെ ചെയ്യുന്നതിന്, നാം നമ്മുടെ ദൈവദത്ത കലാവബോധം ഉപയോഗപ്പെടുത്തേണ്ടതുണ്ട്. ഏറ്റവും വലിയ കലാകാരന്റെ കല ആസ്വദിക്കാൻ എങ്ങനെ പഠിക്കാം?
[അടിക്കുറിപ്പുകൾ]
a അമേരിക്കൻ ഉഷ്ണമേഖലാ പ്രദേശത്തെ കടുംനീല ശലഭംപോലുള്ള അനേകം ചിത്രശലഭങ്ങൾക്ക് അവയുടെ തൂവലുകളിൽ കടുംവർണത്തിലുള്ള ശൽക്കങ്ങളുണ്ട്.
[7-ാം പേജിലെ ചതുരം]
നമ്മെ ഇവിടെ ആക്കിവെച്ചത് ആരെന്ന് നാമറിയേണ്ടതുണ്ട്
ബൈബിൾ പരിഭാഷകനായ റൊണാൾഡ് നോക്സ് ഒരിക്കൽ ജോൺ സ്കോട്ട് ഹാൽഡേൻ എന്ന ഒരു ശാസ്ത്രജ്ഞനുമായി ദൈവശാസ്ത്രപരമായ ചർച്ചയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. “ലക്ഷക്കണക്കിനു ഗ്രഹങ്ങളുള്ള പ്രപഞ്ചത്തിൽ, ചുരുങ്ങിയപക്ഷം അവയിലൊന്നിലെങ്കിലും ജീവൻ ഉണ്ടായിരിക്കാൻ സാധ്യതയില്ലേ?” എന്ന് ഹാൽഡേൻ ന്യായവാദം ചെയ്തു.
നോക്സ് ഇങ്ങനെ പ്രതിവചിച്ചു: “സാർ, ഇംഗ്ലണ്ടിലെ ഡിറ്റക്റ്റീവുകൾ നിങ്ങളുടെ ലഗ്ഗേജ് വണ്ടിയിൽ ഒരു ശവശരീരം കണ്ടെത്തിയാൽ, ‘ലോകത്തിൽ ലക്ഷക്കണക്കിനു ലഗ്ഗേജ് വണ്ടികളുണ്ട്—തീർച്ചയായും അവയിൽ ഏതെങ്കിലുമൊന്നിൽ ഒരു ശവശരീരം കാണും’ എന്നു നിങ്ങൾ പറയുമോ? അങ്ങനെ പറഞ്ഞാൽപോലും അതവിടെ ഇട്ടത് ആരാണെന്ന് അവർ അറിയാനാഗ്രഹിക്കുമെന്നു ഞാൻ കരുതുന്നു.”—സ്മരണാസംഭവങ്ങളടങ്ങിയ കൊച്ചു തവിട്ടുപുസ്തകം, ഇംഗ്ലീഷ്.
നമ്മുടെ ജിജ്ഞാസയെ തൃപ്തിപ്പെടുത്തുന്നതിലുപരി, നമ്മെ ഇവിടെ ആക്കിവെച്ചവനെക്കുറിച്ച് അറിയുന്നതിനു മറ്റൊരു കാരണമുണ്ട്—അവന് അർഹമായ ബഹുമതി കൊടുക്കാൻ. അന്യായമായി കുറ്റപ്പെടുത്തുന്ന ഒരു വിമർശകൻ നല്ല കഴിവുള്ള ഒരു കലാകാരന്റെ കലാസൃഷ്ടി, പെയിൻറ് കടയിൽ നടന്ന ഒരു അപകടം പോലെയാണെന്നു പറഞ്ഞാൽ അദ്ദേഹം എങ്ങനെ പ്രതികരിക്കും? അതുപോലെ, സ്രഷ്ടാവിന്റെ കലാവിരുതിനെ അന്ധമായ യാദൃച്ഛിക സംഭവമെന്ന് ആരോപിക്കുന്നത് അവനു വരുത്തുന്ന എന്തൊരു അപമാനമായിരിക്കും?
[കടപ്പാട്]
Courtesy of ROE/Anglo-Australian Observatory, photograph by David Malin
[8-ാം പേജിലെ ചിത്രങ്ങൾ]
പറക്കുന്ന കൊക്കുകൾ
സ്പെയിനിലെ അൽറ്റാമിറയിലുള്ള ഗുഹാചിത്രങ്ങൾ
[9-ാം പേജിലെ ചിത്രങ്ങൾ]
ഡോൾഫിനുകൾ, ഹമ്മിങ്ബേർഡുകൾ, വെള്ളച്ചാട്ടങ്ങൾ—ഇവയെല്ലാം വലിയ കലാകാരന്റെ വ്യക്തിത്വത്തിന്റെ വശങ്ങൾ വെളിപ്പെടുത്തുന്നു
[കടപ്പാട്]
Godo-Foto
G. C. Kelley, Tucson, AZ
Godo-Foto