മോർമൻ സഭ—എല്ലാ കാര്യങ്ങളുടെയും ഒരു പുനഃസ്ഥാപനമോ?
യുട്ടയിലെ സോൾട്ട് ലേക്ക് സിറ്റിയിലെ മോർമൻ ദേവാലയത്തെ തങ്ങളുടെ വിശ്വാസത്തിന്റെ ഒരു അഭിമാന പ്രതീകമായിട്ടാണ് എൽഡിഎസ് (പിൽക്കാല പുണ്യവാളൻമാർ) കണക്കാക്കുന്നത്. സ്ഥിരോത്സാഹം, കുടുംബ മൂല്യങ്ങൾ, സാമ്പത്തിക സ്വയം പര്യാപ്തത എന്നിവയാണ് മോർമൻ മുദ്രാവാക്യങ്ങൾ. പേരെഴുതിയ ലാപ്പൽ ബാഡ്ജ് കുത്തിയ മോർമൻ മിഷനറിമാർ ലോകമെമ്പാടും പരിചിതമായ ഒരു കാഴ്ചയാണ്. എന്നാൽ മോർമൻമാർക്കു പവിത്രമായിരിക്കുന്ന ചില ആന്തരിക സംഗതികൾ പുറത്തുള്ളവരിൽനിന്നും മറച്ചുവെച്ചിരിക്കുന്നു. അതുകൊണ്ട് സഭ വികാരം ആളിക്കത്തിക്കുന്ന അപവാദങ്ങളുടെ ലക്ഷ്യകേന്ദ്രമായി നിലനിൽക്കുന്നു. എന്നിരുന്നാലും നിഷ്പക്ഷമായ ഒരു വിലയിരുത്തൽ അസഭ്യ കഥകളിലല്ല പിന്നെയോ വസ്തുതകളിലായിരിക്കണം അടിസ്ഥാനപ്പെട്ടിരിക്കേണ്ടത്. വളരെയധികം ദ്രോഹവിധേയമായിരിക്കുന്ന ഈ മതത്തെക്കുറിച്ച് നമുക്കെന്തു പഠിക്കാൻ കഴിയും?
ജോസഫ് സ്മിത്തിന്റെ സഭ ഇന്ന്
തങ്ങളുടെ മതം, പൗരോഹിത്യത്തോടും മതാചാരങ്ങളോടും കൂടെയുള്ള സത്യ സഭയുടെ പുനഃസ്ഥാപനമാണെന്ന് മോർമൻമാർ വിശ്വസിക്കുന്നു. അതുകൊണ്ട് പിൽക്കാല പുണ്യവാളൻമാരുടെ യേശുക്രിസ്തുവിന്റെ സഭ എന്നാണ് അതിന്റെ ഔദ്യോഗിക പേര്. മോർമൻ സഭയിൽ പുരോഹിതൻമാരും അയ്മേനികളുമായുള്ള വിഭജനമില്ല. പകരം 12 വയസ്സ് തുടങ്ങി യോഗ്യതയുള്ള ഓരോ ആൺ അംഗവും സഭയുടെ വിവിധ ചുമതലകൾ ഏറ്റെടുത്തേക്കാം. 16 വയസ്സാകുമ്പോൾ പൗരോഹിത്യം പ്രാപിക്കുകയും ചെയ്യുന്നു.
സഭയിലെ മിക്ക സ്ഥാനപദവികളും ശമ്പളമില്ലാത്തതാണ്. തങ്ങളുടെ പ്രാദേശിക ആരാധക സംഘം അഥവാ വാർഡ് സ്പോൺസർ ചെയ്യുന്ന പല പരിപാടികളിലും എൽഡിഎസ് കുടുംബങ്ങൾ ചേരുന്നു. ഒരു ആരാധക സംഘത്തിന്റെ തലത്തിൽ സഭയുടെ സുസംഘടിത കാര്യങ്ങളുടെ മേൽനോട്ടം വഹിക്കുന്നത് മൂപ്പൻമാരും ബിഷപ്പുമാരും ഒരു കൂട്ടം വാർഡുകൾ ഉൾപ്പെടുന്ന പ്രാദേശിക അധികാരമേഖലയുടെ (ഡിസ്ട്രിക്റ്റ്) പ്രസിഡന്റുമാരുമാണ്. സോൾട്ട് ലേക്ക് സിറ്റിയിലെ 12 അപ്പോസ്തലൻമാരുടെ ഒരു ആലോചനസമിതിക്കാണു ലോകവ്യാപകമായി അധികാരമുള്ളത്. ആത്യന്തികമായി, അധ്യക്ഷതാ കോറം അഥവാ പ്രഥമ അധ്യക്ഷത എന്നു വിളിക്കപ്പെടുന്ന സഭയുടെ അധ്യക്ഷതാധികാരം രൂപീകരിക്കുന്നതു പ്രവാചകനും സിദ്ധനും വെളിപ്പെടുത്തുന്നവനും എന്ന നിലയിൽ ആദരിക്കപ്പെടുന്ന സഭയുടെ പ്രസിഡന്റും രണ്ട് ഉപദേശകരും ആണ്.
ഭക്തരായ മോർമൻമാരുടെ ജീവിതത്തെ അനേകം അനുശാസിത ആചാരങ്ങൾ സ്വാധീനിക്കുന്നു. അനുതാപത്തെയും അനുസരണത്തെയും അർഥമാക്കുന്ന സ്നാനം എട്ടു വയസ്സാകുമ്പോഴാണു നടക്കുന്നത്. കഴുകലും അഭിഷേകം ചെയ്യലും വിശ്വാസിയെ ശുദ്ധീകരിക്കുകയും അർപ്പിതനാക്കുകയും ചെയ്യുന്നു. ദേവാലയത്തിലെ അംഗമാകുന്ന ചടങ്ങിൽ ഉടമ്പടികളുടെ അല്ലെങ്കിൽ വാഗ്ദാനങ്ങളുടെ ഒരു പരമ്പരതന്നെ ഉൾപ്പെടുന്നു. ഇതിനുശേഷം എല്ലായ്പോഴും ധരിക്കാനുള്ള ഒരു പ്രത്യേക ദേവാലയ അടിവസ്ത്രവും ലഭിക്കുന്നു, തിൻമയിൽനിന്നുള്ള സംരക്ഷണവും എടുത്ത രഹസ്യ പ്രതിജ്ഞകളുടെ ഓർമിപ്പിക്കലുമായാണ് അതു ധരിക്കുന്നത്. കൂടാതെ, കുടുംബബന്ധം സ്വർഗത്തിലും അറ്റുപോകാതിരിക്കത്തക്കവണ്ണം മോർമൻ ദമ്പതികൾ ഒരു മതചടങ്ങിലൂടെ “എന്നേക്കുമായി” വിവാഹം നടത്തുന്നു. സ്വർഗത്തിലും കുട്ടികളെ ഉത്പാദിപ്പിക്കുന്നതിൽ ദമ്പതികൾ തുടർന്നേക്കാം.
“അലസത എന്ന ശാപം നീക്കം ചെയ്യാനാ”യി സ്ഥാപിക്കപ്പെട്ട ക്ഷേമ പരിപാടിക്ക് മോർമൻ സഭ പ്രശംസ നേടിയിരിക്കുന്നു. പ്രാദേശിക അംഗങ്ങളാണ് അതിന്റെ സാമ്പത്തിക ചെലവു വഹിക്കുന്നത്. അവർ ഒരു മാസം രണ്ടു നേരത്തെ ഭക്ഷണം കഴിക്കാതിരുന്ന് ആ പണം സഭയ്ക്കു സംഭാവന ചെയ്യുന്നു. കൂടാതെ അവരുടെ വരുമാനത്തിൽനിന്നും കർശനമായി ദശാംശം വാങ്ങുന്നു. മോർമൻ മിഷനറിമാരെ പിന്തുണയ്ക്കുന്നതിനുള്ള ഫണ്ടുകൾ അവരുടെ കുടുംബവും സുഹൃത്തുക്കളും പ്രദാനം ചെയ്യുന്നു. സാധാരണമായി ഇവർ ഏതാണ്ടു രണ്ടു വർഷത്തോളം സേവനമനുഷ്ഠിക്കുന്ന ചെറുപ്പക്കാരായ സ്ത്രീപുരുഷൻമാരാണ്.
ആത്മത്യാഗം, അടുത്തബന്ധമുള്ള കുടുംബങ്ങൾ, പൗര ധർമങ്ങൾ എന്നിവയാണ് മോർമൻ ജീവിതത്തിന്റെ സവിശേഷതകൾ. എന്നാൽ മോർമൻ വിശ്വാസങ്ങൾ സംബന്ധിച്ചെന്ത്?
മോർമൻമാരും ബൈബിളും
“ശരിയായവിധത്തിൽ പരിഭാഷപ്പെടുത്തിയിരിക്കുന്നിടത്തോളം ബൈബിൾ ദൈവവചനമാണെന്നു ഞങ്ങൾ വിശ്വസിക്കുന്നു” എന്ന് മോർമന്റെ വിശ്വാസപ്രമാണങ്ങളുടെ എട്ടാം പ്രമാണം പറയുന്നു. എന്നാൽ അത് ഇപ്രകാരം കൂട്ടിച്ചേർക്കുന്നു: “മോർമന്റെ പുസ്തകവും ദൈവത്തിന്റെ വചനമാണെന്നു ഞങ്ങൾ വിശ്വസിക്കുന്നു.” എങ്കിലും മറ്റു തിരുവെഴുത്തുകളുടെ ആവശ്യം എന്താണ്? എന്നു പലരും അതിശയിക്കുന്നു.
മൂപ്പനായ ബ്രൂസ് ആർ. മകോങ്കി ഇപ്രകാരം സ്ഥിരീകരിച്ചു: “ബൈബിളിനോട് [മോർമൻമാരുടെ] അത്രയും ഉയർന്ന ആദരവു കാണിക്കുന്നവർ ഭൂമിയിൽ ആരുമില്ല. . . . എന്നാൽ രക്ഷക്കാവശ്യമായ എല്ലാ സംഗതികളും ബൈബിളിൽ അടങ്ങിയിട്ടുണ്ടെന്ന് . . . ഞങ്ങൾ വിശ്വസിക്കുന്നില്ല.” വ്യത്യസ്തമായ അനേക മതവിഭാഗങ്ങളും സഭകളും “ബൈബിളിന്റെ അപര്യാപ്തതയ്ക്കു സാക്ഷ്യം വഹിക്കുന്നു”വെന്ന് പ്രസിഡന്റായ ഗോർഡൻ ബി. ഹിങ്ക്ലി മോർമൻമാരെ സംബന്ധിച്ചെന്ത്? (ഇംഗ്ലീഷ്) എന്ന ലഘുലേഖയിലെഴുതി.
ഭാഗങ്ങൾ നീക്കം ചെയ്തതായും പരിഭാഷയിൽ തെറ്റുകൾ കടന്നുകൂടിയിട്ടുള്ളതായുമുള്ള ആരോപണം നിമിത്തം എൽഡിഎസ് ലേഖകർ ബൈബിളിന്റെ ആശ്രയയോഗ്യത സംബന്ധിച്ച് ആഴമായ സംശയങ്ങൾ പ്രകടിപ്പിക്കുന്നു. മോർമൻ അപ്പോസ്തലനായ ജയിംസ് ഇ. തൽമാജ് വിശ്വാസപ്രമാണങ്ങളുടെ ഒരു പഠനം (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ ഇപ്രകാരം പ്രോത്സാഹിപ്പിക്കുന്നു: “അപ്പോൾ വായനക്കാരൻ സത്യവും മനുഷ്യരുടെ തെറ്റുകളും വിവേചിച്ചറിയുന്നതിനുള്ള ആത്മാവിന്റെ വെളിച്ചം തേടിക്കൊണ്ട് ഭയഭക്തിയോടും പ്രാർഥനാപൂർവകമായ ശ്രദ്ധയോടുംകൂടി ബൈബിൾ വായിക്കാൻ ഇടയാകട്ടെ.” ഒരു ആദിമ മോർമൻ അപ്പോസ്തലനായ ഓർസൻ പ്രാറ്റ് ഒരു പടികൂടി മുമ്പോട്ടു പോയി: “ദുഷിപ്പിക്കപ്പെടാത്ത ഒരു വാക്യമെങ്കിലും ബൈബിളിൽ കാണുമോയെന്ന് ആർക്കറിയാം?”
എന്നിരുന്നാലും ഈ വിവാദപ്രശ്നം സംബന്ധിച്ചുള്ള എല്ലാ വസ്തുതകളും മോർമൻമാർക്ക് അറിയാമെന്നു തോന്നുന്നില്ല. ബൈബിൾ പാഠപുസ്തകം വർഷങ്ങളായി പകർത്തിയെഴുതുകയും പരിഭാഷപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നുള്ളതു സത്യമാണ്. എങ്കിലും സാരാംശത്തിലുള്ള അതിന്റെ ശുദ്ധിയുടെ തെളിവ് അമ്പരപ്പിക്കുന്നതാണ്. ആയിരക്കണക്കിനുവരുന്ന ആദിമകാല എബ്രായ, ഗ്രീക്ക് കൈയെഴുത്തു പ്രതികൾ ബൈബിളിന്റെ കൂടുതൽ അടുത്തകാലത്തെ പ്രതികളുമായി സസൂക്ഷ്മം താരതമ്യംചെയ്തു നോക്കിയിട്ടുണ്ട്. ഉദാഹരണത്തിന്, പൊ.യു.മു. രണ്ടാം നൂറ്റാണ്ടിലെ യെശയ്യാവിന്റെ ചാവുകടൽ ചുരുൾ ആയിരത്തിലധികം വർഷം കഴിഞ്ഞെഴുതിയ ഒരു കൈയെഴുത്തുപ്രതിയുമായി താരതമ്യം ചെയ്തു നോക്കി. ഗുരുതരമായ തെറ്റുകൾ കയറിക്കൂടിയിരുന്നോ? പ്രത്യുത, കണ്ടെത്തിയ കുറച്ചു പൊരുത്തക്കേടുകൾ “പ്രധാനമായും എഴുതിയപ്പോൾ വിട്ടുപോയതുകൊണ്ടോ അക്ഷരവിന്യാസത്തിലുള്ള മാറ്റങ്ങൾക്കൊണ്ടോ ഉള്ളതാണെ”ന്ന് ഒരു പണ്ഡിതന്റെ വിശകലനം പ്രസ്താവിച്ചു.a
ഒരായുഷ്കാലത്തെ തീവ്രമായ പഠനത്തിനുശേഷം മുൻ ബ്രിട്ടീഷ് മ്യൂസിയം ഡയറക്ടറായ സർ ഫ്രെഡെറിക് കെനിയൻ ഇപ്രകാരം സാക്ഷീകരിച്ചു: “ക്രിസ്ത്യാനിക്ക് മുഴു ബൈബിളും കൈയിൽ പിടിച്ചുകൊണ്ട് സാരാംശ കാര്യങ്ങൾക്കു നഷ്ടം ഭവിക്കാതെ നൂറ്റാണ്ടുകളിലുടനീളം തലമുറകൾ കടന്നുവന്നിട്ടുള്ള ദൈവത്തിന്റെ സത്യ വചനമാണ് തന്റെ കൈയിലിരിക്കുന്നതെന്നു ഭയമോ സംശയമോ കൂടാതെ പറയാൻ കഴിയും.” അങ്ങനെ, സങ്കീർത്തനക്കാരന്റെ വാക്കുകൾ ഇന്നും സത്യമാണ്: “കർത്താവിന്റെ വചനങ്ങൾ ശുദ്ധമായ വചനങ്ങൾ ആകുന്നു: ഭൂമിയിലെ ഉലയിൽ ഉരുക്കി ഏഴു പ്രാവശ്യം ശുദ്ധിചെയ്ത വെള്ളിപോലെ തന്നേ.” (സങ്കീർത്തനം 12:6, ജയിംസ് രാജാവിന്റെ ഭാഷാന്തരം, KJ) നമുക്ക് ഇതിലധികം വാസ്തവത്തിൽ ആവശ്യമുണ്ടോ?
2 നെഫൈ 29:6-ൽ മോർമന്റെ പുസ്തകം ഇപ്രകാരം പറഞ്ഞുകൊണ്ട് അധിക്ഷേപിക്കുന്നു: “ഞങ്ങൾക്കൊരു ബൈബിളുണ്ട്, ഞങ്ങൾക്ക് വേറെ ബൈബിളൊന്നും ആവശ്യമില്ല എന്നു പറയുന്ന നിങ്ങൾ മടയൻമാരാണ്.” എന്നിരുന്നാലും അനേകം മോർമൻമാർ ബൈബിളിലെ ഗലാത്യർ 1:8-ലെ (KJ) അപ്പോസ്തലനായ പൗലോസിന്റെ ദൃഢമായ ഈ വാക്കുകൾ പരിചിന്തിച്ചിട്ടുണ്ട്: “ഞങ്ങൾ നിങ്ങളോടു പ്രസംഗിച്ചതല്ലാതെ ഏതെങ്കിലും ഒരു സുവിശേഷം ഞങ്ങളോ സ്വർഗത്തിൽനിന്നുള്ള ഒരു ദൂതനോ നിങ്ങളോടു പ്രസംഗിച്ചാൽ അവൻ ശപിക്കപ്പെടട്ടെ.”
ബൈബിളിൽ പ്രഖ്യാപിച്ചിരിക്കുന്നതിനെക്കാളും കൂടുതലായ കാര്യങ്ങളൊന്നും പുതിയ തിരുവെഴുത്തിൽ ഇല്ലെന്നും എന്നാൽ അത് ബൈബിളിലെ കാര്യങ്ങൾ വ്യക്തമാക്കുന്നതും അങ്ങനെ അതിലെ കുറവുകൾ നികത്തുന്നതും മാത്രമാണെന്നും എൽഡിഎസ് പണ്ഡിതർ വിശദീകരിക്കുന്നു. ബ്രിഗാം യങ് യൂണിവേഴ്സിറ്റിയുടെ പ്രസിഡന്റായ റെക്സ് ഇ. ലീ ഇപ്രകാരം എഴുതുന്നു: “രണ്ടും തമ്മിൽ യാതൊരു വൈരുദ്ധ്യവുമില്ല. ബൈബിളും മോർമന്റെ പുസ്തകവും ഒരേ രക്ഷാ പദ്ധതിയാണു പഠിപ്പിക്കുന്നത്.” ഈ പുസ്തകങ്ങൾ തമ്മിൽ യോജിപ്പുണ്ടോ? രക്ഷ സംബന്ധിച്ച മോർമന്റെ പദ്ധതി പരിചിന്തിക്കുക.
“ഇപ്പോൾ ദൈവം എങ്ങനെയായിരിക്കുന്നുവോ അതുപോലെ മനുഷ്യൻ ആയിത്തീർന്നേക്കാം”
“നാം ഓർമിക്കുന്നില്ലെങ്കിലും ഈ ജീവിതത്തിനുമുമ്പ് നാം ആത്മാക്കളായി ജീവിച്ചിരുന്നു” എന്ന് ലീ വിശദീകരിക്കുന്നു. നിത്യമായ ഉയർച്ച സംബന്ധിച്ച എൽഡിഎസ് വിശ്വാസമനുസരിച്ച് കർശനമായ അനുസരണത്തിലൂടെ മനുഷ്യന് ദൈവമായി, ദൈവത്തെപ്പോലുള്ള ഒരു സ്രഷ്ടാവായി, തീരാവുന്നതാണ്. ജോസഫ് സ്മിത്ത് ഇപ്രകാരം പ്രസ്താവിച്ചു: “ഒരിക്കൽ ദൈവവും നാമിപ്പോൾ ആയിരിക്കുന്നതുപോലെയായിരുന്നു, അവൻ അങ്ങു സ്വർഗങ്ങളിൽ സിംഹാസനസ്ഥനായിരിക്കുന്ന ഉയർത്തപ്പെട്ട ഒരു മനുഷ്യനാണ്. സ്വയം ദൈവങ്ങളായിരിക്കേണ്ടത് എങ്ങനെയെന്നു നിങ്ങൾ മനസ്സിലാക്കാൻ ഇടയായിരിക്കുന്നു, . . . നിങ്ങൾക്കു മുമ്പുണ്ടായിരുന്ന ദൈവങ്ങളെല്ലാം മനസ്സിലാക്കിയതുപോലെതന്നെ.” മോർമൻ പ്രവാചകനായ ലോറെൻസോ സ്നോ ഇപ്രകാരം പറഞ്ഞു: “ഒരിക്കൽ ദൈവം മനുഷ്യൻ ഇപ്പോൾ ആയിരിക്കുന്നതുപോലെയായിരുന്നു; ഇപ്പോൾ ദൈവം എങ്ങനെയായിരിക്കുന്നുവോ അതുപോലെ മനുഷ്യൻ ആയിത്തീർന്നേക്കാം.”
അത്തരമൊരു ഭാവി ബൈബിളിന്റെ താളുകളിൽ പ്രസ്താവിച്ചിട്ടുണ്ടോ? രേഖപ്പെടുത്തിയിട്ടുള്ള ദൈവത്വം സംബന്ധിച്ച ഒരേ ഒരു വാഗ്ദാനം ഏദെൻ തോട്ടത്തിൽ പിശാചായ സാത്താൻ നടത്തിയ പൊള്ളയായ വാഗ്ദാനമാണ്. (ഉല്പത്തി 3:5) ദൈവം ആദാമിനെയും ഹവ്വായെയും ഭൂമിയിൽ ജീവിക്കാനായി സൃഷ്ടിച്ചുവെന്നും ഇവിടെ സന്തോഷത്തോടെ നിത്യമായി ജീവിക്കുന്ന പൂർണതയുള്ള ഒരു മനുഷ്യകുടുംബത്തെ ഉത്പാദിപ്പിക്കാൻ അവൻ അവരോട് ആജ്ഞാപിച്ചെന്നും ബൈബിൾ കാണിക്കുന്നു. (ഉല്പത്തി 1:28; 3:22; സങ്കീർത്തനം 37:29; യെശയ്യാവു 65:21-25) ആദാമിന്റെ മനഃപൂർവമുള്ള അനുസരണക്കേട് ലോകത്തിലേക്കു പാപത്തെയും മരണത്തെയും ആനയിച്ചു.—റോമർ 5:12.
ആദ്യ ആത്മാക്കളായ ആദാമും ഹവ്വായും പാപം ചെയ്യാതിരുന്നിരുന്നെങ്കിൽ അവർക്ക് കുട്ടികളില്ലാതെ അസന്തുഷ്ടരായി പറുദീസയിൽ ഒറ്റയ്ക്കു കഴിയേണ്ടി വരുമായിരുന്നെന്ന് മോർമന്റെ പുസ്തകം പറയുന്നു. അതുകൊണ്ട് ആദ്യത്തെ വിവാഹ ദമ്പതികളുടെ പാപം സംബന്ധിച്ച അതിന്റെ ഭാഷ്യത്തിൽ ലൈംഗിക ബന്ധവും പ്രസവവും ഉൾപ്പെട്ടിരുന്നു. “മനുഷ്യൻ സ്ഥിതിചെയ്യുന്നതിനുവേണ്ടി ആദാം പാപം ചെയ്തു; സന്തോഷമുണ്ടായിരിക്കുന്നതിനുവേണ്ടി മനുഷ്യൻ സ്ഥിതിചെയ്യുന്നു.” (2 നെഫൈ 2:22, 23, 25) അങ്ങനെ സ്വർഗത്തിലെ ആത്മാക്കൾ പാപപൂർണമായ ഭൂമിയിൽ ജീവിക്കുന്നതിനുള്ള അവസരം—പൂർണതയ്ക്കും ദൈവത്വത്തിനും അത്യാവശ്യമായിരിക്കുന്ന ഒരു പടി—നോക്കിപ്പാർത്തിരിക്കുന്നതായി പറയപ്പെടുന്നു. എൽഡിഎസ് മാസികയായ എൻസൈൻ ഇപ്രകാരം പറയുന്നു: “ആദാമിന്റെയും ഹവ്വായുടെയും പ്രവൃത്തിയെ ഞങ്ങൾ നിന്ദയോടെയല്ല, പിന്നെയോ വലിയ വിലമതിപ്പോടെയാണു വീക്ഷിക്കുന്നത്.”
ജോസഫ് സ്മിത്തിന്റെ സഹോദര പ്രപൗത്രനായ ജോസഫ് ഫീൽഡിംഗ് സ്മിത്ത് ഇപ്രകാരം പറയുന്നു: “[മനുഷ്യൻ ആത്മസൃഷ്ടിയായി സ്ഥിതിചെയ്തിരുന്നു എന്ന] ഈ പഠിപ്പിക്കൽ ബൈബിളിൽ വ്യക്തമായ രീതിയിൽ വിവേചിക്കാൻ കഴിയുന്നില്ല . . . എന്തുകൊണ്ടെന്നാൽ സ്പഷ്ടവും അമൂല്യവുമായ അനേകം കാര്യങ്ങൾ ബൈബിളിൽനിന്നെടുത്തു മാറ്റിയിരിക്കുന്നു.” അദ്ദേഹം കൂടുതലായി ഇങ്ങനെ പ്രസ്താവിക്കുന്നു: “ഈ വിശ്വാസം 1833 മേയ് 6-ന് സഭയ്ക്കു ലഭിച്ച ഒരു വെളിപ്പാടിൽ അടിസ്ഥാനപ്പെട്ടതാണ്.” അതുകൊണ്ട് ബൈബിളിന്റെ അധികാരത്തെ അംഗീകരിക്കുമ്പോൾത്തന്നെ, വിയോജിപ്പുണ്ടാകുന്ന സമയത്തു നിർബന്ധമായും എൽഡിഎസ് പഠിപ്പിക്കൽ അവരുടെ പ്രവാചകൻമാരുടെ വാക്കുകൾക്കു കൂടുതൽ പ്രാധാന്യം കൽപ്പിക്കുന്നു.
മോർമന്റെ പുസ്തകം—വിശ്വാസത്തിന്റെ ആണിക്കല്ല്
“ഭൂമിയിലെ മറ്റേതു പുസ്തകത്തെക്കാളും ശരിയായതും ഞങ്ങളുടെ മതത്തിന്റെ ആണിക്കല്ലും” എന്ന് ജോസഫ് സ്മിത്ത് മോർമന്റെ പുസ്തകത്തെ പ്രകീർത്തിച്ചു. അദ്ദേഹത്തിന്റെ ലിഖിതങ്ങളുടെ സ്രോതസ്സ് ഒരു കൂട്ടം സ്വർണ തകിടുകൾ ആയിരുന്നതായി പറയപ്പെട്ടു. ആ തകിടുകൾ കണ്ടതായി പതിനൊന്ന് മോർമൻമാർ സാക്ഷ്യം പറഞ്ഞു. എന്നിരുന്നാലും എഴുത്തു പൂർത്തിയായപ്പോൾ തകിടുകൾ സ്വർഗത്തിലേക്ക് എടുക്കപ്പെട്ടെന്ന് സ്മിത്ത് പറഞ്ഞു. അങ്ങനെ, മൂലഗ്രന്ഥത്തിന്റെ വിശകലനത്തിന് അവ ലഭ്യമല്ല.
തകിടുകളിലെ ചില എഴുത്തുകളുടെ ഒരു പകർപ്പു കാണിച്ചപ്പോൾ ആധികാരികമാണെന്നും കൃത്യമായ പരിഭാഷയാണെന്നും അവയെക്കുറിച്ചു പറഞ്ഞ ചാൾസ് അന്തൊൻ എന്ന പ്രൊഫസറെക്കുറിച്ച് മഹത്തായ വിലയുള്ള മുത്ത് (ഇംഗ്ലീഷ്) (പേജ് 20-ലെ ചതുരം കാണുക) പറയുന്നു. എന്നാൽ തകിടുകളുടെ ഉത്ഭവത്തെക്കുറിച്ചു പറഞ്ഞപ്പോൾ അദ്ദേഹം തന്റെ അഭിപ്രായം പിൻവലിച്ചെന്നു വിവരണം പറയുന്നു. എന്നിരുന്നാലും ആ തകിടുകളുടെ ഭാഷ പരിഭാഷപ്പെടുത്തുന്നതിനുള്ള വരം തനിക്കു മാത്രമേയുള്ളൂവെന്നും “ആ പരിജ്ഞാനം ലോകത്തിന് ഇല്ലെ”ന്നുമുള്ള സ്മിത്തിന്റെ അവകാശവാദവുമായി ഈ കഥ ചേർച്ചയിലല്ലാത്തതായി കാണുന്നു. വായിക്കാനോ അതുവഴി പരിഭാഷപ്പെടുത്താനോ കഴിയാത്ത ഒരു ഗ്രന്ഥം ശരിയാണെന്ന് പ്രൊഫസർ അന്തൊന് സ്ഥിരീകരിക്കാൻ കഴിയുമായിരുന്നോ?
ജോസഫ് സ്മിത്തിന്റെ നാളിൽത്തന്നെ പ്രാചീനമായി കരുതിയിരുന്ന ഷേക്സ്പിയറൻ ഇംഗ്ലീഷിലുള്ള ജയിംസ് രാജാവിന്റെ ബൈബിൾ ഭാഷാന്തരത്തിൽനിന്നു മോർമന്റെ പുസ്തകം വിപുലമായി ഉദ്ധരിക്കുന്നു. പുസ്തകങ്ങളിൽവെച്ച് “ഏറ്റവും ശരിയായ” ഈ മോർമന്റെ പുസ്തകം തെറ്റുകൾ നിറഞ്ഞതെന്ന ആരോപണമുള്ളതും സ്മിത്ത് പിന്നീട് പരിഷ്കരണത്തിനായി ഏറ്റെടുത്തതുമായ ബൈബിൾ പരിഭാഷയിൽനിന്നു കുറഞ്ഞത് 27,000 വാക്കുകളെങ്കിലും അതേപടി പകർത്തിയിരിക്കുന്നതു ചില വായനക്കാരെ അസ്വസ്ഥരാക്കിയിരിക്കുന്നു.—പേജ് 24-ലെ ചതുരം കാണുക.
മോർമന്റെ പുസ്തകത്തിന്റെ ആദ്യ പ്രതിയും ഇപ്പോഴത്തെ പ്രതികളും തമ്മിൽ താരതമ്യം ചെയ്തു നോക്കുമ്പോൾ പല മോർമൻമാർക്കും ഒരു അതിശയകരമായ വസ്തുത വെളിപ്പെടുന്നു—അതായത് “ദൈവത്തിന്റെ വരത്താലും ശക്തിയാലും . . . പരിഭാഷപ്പെടുത്തിയിരിക്കുന്ന”തായി പറയപ്പെടുന്ന ഈ പുസ്തകംതന്നെ വ്യാകരണത്തിലും അക്ഷരവിന്യാസത്തിലും സാരാംശത്തിലുമുള്ള അനേകം മാറ്റങ്ങൾക്കു വിധേയമായിട്ടുണ്ട്. ഉദാഹരണത്തിന്, “നിത്യപിതാവി”ന്റെ വ്യക്തിത്വം സംബന്ധിച്ച് വ്യക്തമായ ആശയക്കുഴപ്പമുണ്ട്. ആദ്യത്തെ പതിപ്പ് 1 നെഫൈ 13:40-ൽ പറയുന്നതനുസരിച്ച് “ദൈവത്തിന്റെ കുഞ്ഞാട് നിത്യപിതാവാണ്.” എന്നാൽ “ദൈവത്തിന്റെ കുഞ്ഞാട് നിത്യപിതാവിന്റെ പുത്രൻ ആണെ”ന്ന് പിന്നീടുള്ള പതിപ്പുകൾ പറയുന്നു. (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) മോർമന്റെ പുസ്തകത്തിന്റെ 1830-ലെ രണ്ടു മൂല കൈയെഴുത്തുപ്രതികൾ ഇപ്പോഴും നിലവിലുണ്ട്. പിൽക്കാല പുണ്യവാളൻമാരുടെ യേശുക്രിസ്തുവിന്റെ പുനഃസംഘടിത സഭയുടെ കൈവശമുള്ള, രണ്ടു മൂലഗ്രന്ഥങ്ങളിൽ ഒരെണ്ണത്തിൽ വരികൾക്കിടയിൽ “പുത്രൻ” എന്ന പദം കൂട്ടിച്ചേർത്തിട്ടുണ്ട്.
എൽഡിഎസ് പണ്ഡിതനായ ലിൻഡൻ ഡബ്ലിയൂ. കുക്ക് എഴുതിയ ജോസഫ് സ്മിത്ത് പ്രവാചകന്റെ വെളിപ്പാടുകൾ (ഇംഗ്ലീഷ്) എന്ന പുസ്തകത്തിന്റെ ആമുഖത്തിൽ പഠിപ്പിക്കലും ഉടമ്പടികളും (ഇംഗ്ലീഷ്) എന്ന മോർമൻ തിരുവെഴുത്തിനെ സംബന്ധിച്ച് ഇപ്രകാരം വിശദീകരിക്കുന്നു: “പ്രസിദ്ധീകരണത്തിനായി വെളിപ്പാടുകൾ ക്രമീകരിക്കുന്നതിനു നിയമിതരായ കമ്മറ്റികൾ ചില വെളിപ്പെടുത്തലുകൾ പരിഷ്കരിച്ചതുകൊണ്ട് മൂലഗ്രന്ഥത്തിൽ വന്നിട്ടുള്ള ശ്രദ്ധേയമായ കൂട്ടിച്ചേർക്കലുകളും നീക്കംചെയ്യലുകളും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.” അത്തരത്തിലുള്ള ഒരു മാറ്റം കൽപ്പനകളുടെ പുസ്തകം 4:2-ൽ കാണാൻ കഴിയും. അത് സ്മിത്തിനെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “അവന് പുസ്തകം പരിഭാഷപ്പെടുത്താനുള്ള വരമുണ്ട് . . . മറ്റൊരു വരവും ഞാൻ അവനു കൊടുക്കില്ല.” എന്നാൽ ഈ വെളിപ്പാട് 1835-ൽ പഠിപ്പിക്കലും ഉടമ്പടികളും എന്ന പുസ്തകത്തിൽ വീണ്ടും അച്ചടിക്കപ്പെട്ടപ്പോൾ ഇങ്ങനെയാണു വായിച്ചത്: “അതു തീരുന്നതുവരെ ഞാൻ നിനക്കു മറ്റൊരു വരവും നൽകില്ല.”—5:4.
ചരിത്ര പ്രഹേളികകൾ
പൊ.യു.മു. 600-ൽ ഏതാണ്ട് 20 യഹൂദൻമാർ യെരുശലേമിൽനിന്ന് അമേരിക്കയ്ക്കു പോയെന്നും 30 വർഷത്തിൽ കുറഞ്ഞ സമയംകൊണ്ട് അവർ വർധിച്ചുപെരുകുകയും രണ്ടു ജനതകളായി വിഭജിക്കുകയും ചെയ്തുവെന്നുമുള്ള സംഗതിയോടു യോജിക്കുക വിഷമകരമായി ചിലർ കണ്ടെത്തുന്നു! (2 നെഫൈ 5:28) എത്തിച്ചേർന്ന് 19 വർഷത്തിനുള്ളിൽ ഈ ചെറിയ സംഘം “ശലോമോന്റെ ആലയത്തിനു സമാനമായ” ഒരു ആലയം പണിതതായി കരുതപ്പെടുന്നു. “അതിന്റെ പണി കെങ്കേമമായിരുന്നു”—തീർച്ചയായും ഒരു ബൃഹത്തായ ജോലി തന്നെ! ഏഴു വർഷം നീണ്ടുനിന്ന യെരുശലേമിലെ ശലോമോന്റെ ആലയത്തിന്റെ പണിക്ക് ഏതാണ്ട് 2,00,000 തൊഴിലാളികളും കരകൗശലപ്പണിക്കാരും മേൽനോട്ടക്കാരും വേണ്ടിവന്നു.—2 നെഫൈ 5:16; 1 രാജാക്കന്മാർ 5, 6 താരതമ്യം ചെയ്യുക.
ശരിയായ കാലഗണനാ ക്രമത്തിലല്ലാത്തതായി കാണുന്ന ചില സംഭവങ്ങളെക്കുറിച്ച് മോർമന്റെ പുസ്തകം ശ്രദ്ധാപൂർവം വായിക്കുന്നവർ കുഴച്ചിലിലായിട്ടുണ്ട്. ഉദാഹരണത്തിന്, പ്രവൃത്തികൾ 11:26 ഇപ്രകാരം പറയുന്നു: “ശിഷ്യൻമാർക്ക് അന്ത്യോക്ക്യയിൽവച്ച് ആദ്യം ക്രിസ്ത്യാനികൾ എന്ന പേർ ലഭിച്ചു.” (KJ) എന്നാൽ പൊ.യു.മു. 73-ലെ സംഭവങ്ങൾ വിവരിക്കുന്നതായി അവകാശപ്പെടുന്ന അൽമ 46:15 പറയുന്നതനുസരിച്ച് ക്രിസ്തു ഭൂമിയിലേക്കു വരുന്നതിനുമുമ്പുതന്നെ അമേരിക്കയിൽ ക്രിസ്ത്യാനികൾ ഉണ്ടായിരുന്നു.
മോർമന്റെ പുസ്തകം പഠിപ്പിക്കൽപരമായ ഒരു പ്രബന്ധം എന്നതിനെക്കാളും ഒരു ചരിത്രാഖ്യാനമായിട്ടാണു പ്രത്യക്ഷമാകുന്നത്. “സംഭവിക്കാനിടയായിത്തീർന്നു” എന്ന പദപ്രയോഗം ആധുനിക പതിപ്പിൽ ഏതാണ്ട് 1,200 പ്രാവശ്യമുണ്ട്—1830-ലെ പതിപ്പിൽ ഏതാണ്ട് 2,000 പ്രാവശ്യവും. ബൈബിളിൽ പരാമർശിച്ചിട്ടുള്ള പല സ്ഥലങ്ങളും ഇപ്പോഴും സ്ഥിതിചെയ്യുന്നുണ്ട്. എന്നാൽ മോർമന്റെ പുസ്തകത്തിൽ പേരു പറയപ്പെട്ടിരിക്കുന്ന ജിംജിമ്നൊയും സീസ്രോമും പോലുള്ള എല്ലാ സ്ഥലങ്ങളുടെയും സ്ഥാനങ്ങൾ അജ്ഞാതമാണ്.
വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലുടനീളം ആളുകൾ വ്യാപകമായി കുടിയേറിപ്പാർത്തതിനെക്കുറിച്ച് മോർമന്റെ കഥ പറയുന്നു. ഹെലമൻ 3:8 ഇപ്രകാരം വായിക്കുന്നു: “അവർ മുഴു ഭൂമിയുടെയും ഉപരിതലത്തെ നിറയ്ക്കത്തക്കവണ്ണം . . . വർധിച്ചുപെരുകാനും വ്യാപിക്കാനും ഇടയായിത്തീർന്നു.” മോർമൻ 1:7 പറയുന്നതനുസരിച്ച് പ്രദേശം “കെട്ടിടങ്ങൾക്കൊണ്ടു നിറഞ്ഞു.” എന്നാൽ വിസ്തൃതമായ ഈ നാഗരികതകളുടെ അവശിഷ്ടങ്ങൾ എവിടെയെന്നു പലയാളുകളും അതിശയിക്കുന്നു. സ്വർണ നാണയങ്ങൾ, വാളുകൾ, പരിചകൾ, മാർക്കവചം തുടങ്ങിയ നെഫൈറ്റ് കലാവസ്തുക്കളെവിടെ?—അൽമ 11:4; 43:18-20.
അത്തരം ചോദ്യങ്ങൾ പരിചിന്തിക്കുമ്പോൾ മോർമൻ വിശ്വാസികൾ റെക്സ് ഇ. ലീ എന്ന മോർമന്റെ പിൻവരുന്ന വാക്കുകൾ ഗൗരവമായി പരിഗണിക്കേണ്ടതുണ്ട്: “സഭയ്ക്ക് അതിന്റെ ഇരട്ടപ്പേരു ലഭിച്ചത് ഏതു പുസ്തകത്തിൽനിന്നാണോ ആ പുസ്തകത്തിന്റെ അടിസ്ഥാനത്തിലാണ് മോർമൻ മതത്തിന് ആധികാരികത ഉണ്ടോ ഇല്ലയോ എന്നു തെളിയുന്നത്.” വികാരസാന്ദ്രമായ ഒരു പ്രാർഥനാ അനുഭവത്തിനു പകരം തിരുവെഴുത്തിന്റെ ഉറച്ച പരിജ്ഞാനത്തിൽ അധിഷ്ഠിതമായ ഒരു വിശ്വാസം ആത്മാർഥതയുള്ള മോർമൻമാർക്കും—അതുപോലെതന്നെ ക്രിസ്ത്യാനികളെന്ന് അവകാശപ്പെടുന്ന എല്ലാവർക്കും—ഒരു വെല്ലുവിളി ഉയർത്തുന്നു.
പുനഃസ്ഥാപനത്തിന്റെ അടിസ്ഥാനം
തന്റെ നാളിലെ വഴക്കടിക്കുന്ന മതവിഭാഗങ്ങളെ നിരാകരിക്കാൻ ജോസഫ് സ്മിത്തിനെ ഇടയാക്കിയത് അദ്ദേഹത്തിന്റെ ചുറ്റുമുണ്ടായിരുന്ന ആത്മീയമായ പ്രക്ഷുബ്ധതയാണ്. അദ്ദേഹത്തിനുമുമ്പും അദ്ദേഹത്തിന്റെ കാലത്തും അദ്ദേഹത്തിനു ശേഷവുമുള്ള ആദരവുള്ള മറ്റു പുരുഷൻമാർ സത്യവിശ്വാസത്തിലേക്കു തിരിഞ്ഞിട്ടുണ്ട്.
സത്യക്രിസ്ത്യാനിത്വത്തിന്റെ മാതൃക എന്താണ്? “നിങ്ങൾ അവന്റെ ചുവടുകൾ പിന്തുടരാൻ ഒരു മാതൃക”വെച്ചത് ക്രിസ്തുവല്ലയോ? (1 പത്രോസ് 2:21, KJ) യേശുക്രിസ്തുവിന്റെ ജീവിതം എൽഡിഎസ് ദൈവശാസ്ത്രത്തിന് കടക വിരുദ്ധമായി നിൽക്കുന്നു. യേശു ഒരു സന്ന്യാസി അല്ലാതിരിക്കെത്തന്നെ അവന്റെ ലളിതമായ ജീവിതം പണമോ മഹിമയോ രാഷ്ട്രീയ സ്വാധീനമോ നേടാനുള്ള അത്യാർത്തിയിൽനിന്നു മുക്തമായിരുന്നു. “ലോകത്തിന്റേത് അല്ലാ”യിരുന്നതുകൊണ്ട് അവൻ പീഡിപ്പിക്കപ്പെട്ടു. (യോഹന്നാൻ 17:16, KJ) ക്രിസ്തുവിന്റെ ശുശ്രൂഷയുടെ പരമപ്രധാന ലക്ഷ്യം തന്റെ പിതാവായ യഹോവയെ മഹിമപ്പെടുത്തുകയും അവന്റെ നാമം വിശുദ്ധീകരിക്കുകയും ചെയ്യുക എന്നതായിരുന്നു. യേശുവിന്റെ യഥാർഥ ശിഷ്യൻമാരെ സംബന്ധിച്ചും അതുതന്നെ സത്യമാണ്. അവർ തങ്ങളുടെ സ്വന്തം രക്ഷയ്ക്ക് രണ്ടാമത്തെ സ്ഥാനമേ നൽകുന്നുള്ളൂ.
യേശു ദൈവവചനം പഠിപ്പിക്കുകയും അതിൽനിന്നു ധാരാളമായി ഉദ്ധരിക്കുകയും അതനുസരിച്ചു ജീവിക്കുകയും ചെയ്തു. ബ്രീഗാം യങ് ബൈബിളിനെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ഞങ്ങൾ ഈ പുസ്തകത്തെ ഞങ്ങളുടെ വഴികാട്ടിയായി, പ്രവർത്തനവിധിയായി സ്വീകരിക്കുന്നു; ഇതിനെ ഞങ്ങൾ ഞങ്ങളുടെ വിശ്വാസത്തിന്റെ അടിസ്ഥാനമായി സ്വീകരിക്കുന്നു. അത് രക്ഷയിലേക്കുള്ള വഴി ചൂണ്ടിക്കാണിക്കുന്നു.” (പ്രസംഗങ്ങളുടെ ആനുകാലിക പത്രിക, ഇംഗ്ലീഷ്, വാല്യം XIII, പേജ് 236) അതുകൊണ്ട് അദ്ദേഹം ഇപ്രകാരം ഉദ്ബോധിപ്പിച്ചു: “ബൈബിളെടുക്കുക, പിൽക്കാല പുണ്യവാളന്മാരുടെ മതത്തെ അതുമായി താരതമ്യം ചെയ്യുക, ആ പരിശോധനയെ അത് അതിജീവിക്കുമോയെന്നു നോക്കുക.” (ബ്രിഗാം യങ്ങിന്റെ പ്രസംഗങ്ങൾ, ഇംഗ്ലീഷ്) മോർമൻ വിശ്വാസം മാത്രമല്ല, പിന്നെയോ ക്രിസ്ത്യാനിയെന്ന് അവകാശപ്പെടുന്ന എല്ലാ മതങ്ങളും ഈ പരിശോധനയ്ക്കു വിധേയമാകണം. എന്തുകൊണ്ടെന്നാൽ യേശു ഇപ്രകാരം പറഞ്ഞു: “സത്യാരാധകർ പിതാവിനെ ആത്മാവിലും സത്യത്തിലും തീർച്ചയായും ആരാധിക്കും.”—യോഹന്നാൻ 4:23, KJ.
[അടിക്കുറിപ്പുകൾ]
a കൂടുതലായ വിവരങ്ങൾക്കായി വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ച ബൈബിൾ—ദൈവത്തിന്റെ വചനമോ അതോ മനുഷ്യന്റേതോ? (ഇംഗ്ലീഷ്) എന്ന പുസ്തകം കാണുക.
[20-ാം പേജിലെ ചതുരം]
മോർമൻ വിശുദ്ധ ലിഖിതങ്ങൾ
ബൈബിളിനും മോർമന്റെ പുസ്തകത്തിനും പുറമേ പിൽക്കാല പുണ്യവാളൻമാർ അനേകം മറ്റു ലിഖിതങ്ങളും അംഗീകരിച്ചിട്ടുണ്ട്.
പഠിപ്പിക്കലും ഉടമ്പടികളും: ഇതു മുഖ്യമായും ദൈവത്തിൽനിന്നുള്ള വെളിപ്പാടുകൾ എന്നു ജോസഫ് സ്മിത്ത് വിളിച്ച കാര്യങ്ങളുടെ ഒരു സമാഹാരമാണ്. പഠിപ്പിക്കൽപരവും ചരിത്രപരവുമായ വികാസങ്ങൾ ആവശ്യമാക്കിത്തീർത്തതനുസരിച്ച് ഇവ ഇടയ്ക്കിടയ്ക്കു പരിഷ്കരിച്ചിട്ടുണ്ട്.
മഹത്തായ വിലയുള്ള മുത്ത്: ജോസഫ് സ്മിത്ത് പരിഷ്കരണങ്ങൾ നടത്തിയ ബൈബിൾ പുസ്തകമായ ഉൽപ്പത്തിയും മത്തായി 24-ാം അധ്യായവും കൂടാതെ സ്മിത്തിന്റെ വ്യക്തിപരമായ ചരിത്രവും ഈ പുസ്തകത്തിൽ ഉൾക്കൊള്ളുന്നു. ഒരു പപ്പൈറസിന്റെ സ്മിത്ത് പരിഭാഷയുമുണ്ട് അതിൽ. ആ പപ്പൈറസ് 1835-ൽ സ്മിത്ത് വാങ്ങിയതായിരുന്നു. ഒരു പുരോഹിതൻ അബ്രഹാമിനെ യാഗപീഠത്തിൽ ബലിയർപ്പിക്കാൻ ശ്രമിച്ചപ്പോൾ ഒരു ദൂതൻ അദ്ദേഹത്തെ രക്ഷിച്ച വിധത്തെക്കുറിച്ചു പറയുന്ന അത് അബ്രഹാമിന്റെ സ്വന്തം എഴുത്താണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. 1967-ൽ ഈ പപ്പൈറസ് വീണ്ടും കണ്ടുപിടിക്കുകയും ഈജിപ്ഷ്യൻ പൗരാണികതയെക്കുറിച്ചു പഠനം നടത്തുന്ന അനേകർ അതു പരിശോധിക്കുകയും ചെയ്തു. “ജോസഫ് സ്മിത്തിന്റേതെന്നു പറയപ്പെടുന്ന പരിഭാഷയുടെ ഒറ്റ വാക്കിനുപോലും ഈ എഴുത്തിന്റെ ഉള്ളടക്കവുമായി യാതൊരു സാമ്യവുമില്ലാത്ത”തായി അവർ കണ്ടെത്തിയെന്ന് ഒരു റിപ്പോർട്ടു പറഞ്ഞു. അത് ഒടുവിൽ ബുക്ക് ഓഫ് ബ്രീതിങ്സ് ആയിരുന്നുവെന്നു തെളിഞ്ഞു, മരിച്ചവരെ സംസ്കരിക്കുമ്പോൾ കൂടെ വെക്കുന്ന ഒരു ഈജിപ്ഷ്യൻ ശവസംസ്കാര രേഖ. “തടാകം” എന്നതിന്റെ ഈജിപ്ഷ്യൻ ചിത്രയെഴുത്തു പരിഭാഷപ്പെടുത്തുന്നതിന് സ്മിത്ത് 136 ഇംഗ്ലീഷ് പദങ്ങൾ ഉപയോഗിച്ചതായി സ്മിത്തിന്റെ മൂല കൈയെഴുത്തുപ്രതി കാണിക്കുന്നു.
ബൈബിളിന്റെ ജോസഫ് സ്മിത്ത് പരിഭാഷ: 1830-ൽ സ്മിത്ത്, ജയിംസ് രാജാവിന്റെ ബൈബിൾ ഭാഷാന്തരത്തിന്റെ പരിഷ്കരണം തുടങ്ങി. അത് അദ്ദേഹത്തിന് ഒരിക്കലും പൂർത്തിയാക്കാൻ കഴിഞ്ഞില്ല. അദ്ദേഹം ഏതാണ്ട് 3,400 വാക്യങ്ങൾ പരിഷ്കരിക്കുകയും വളരെയധികം കാര്യങ്ങൾ കൂട്ടിച്ചേർക്കുകയും ചെയ്തു. “തിരഞ്ഞെടുക്കപ്പെട്ട ഒരു സിദ്ധ”നെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ സ്വന്തം വരവിനെക്കുറിച്ചുള്ള ഉൽപ്പത്തിയുടെ അവസാനഭാഗത്തെ ഒരു പ്രവചനവും ഇതിലുൾപ്പെടുന്നു. ഈ കൈയെഴുത്തു പ്രതിയെ ശരിയായ ഒന്നായി അംഗീകരിക്കുന്നുവെങ്കിലും അത് ബ്രിഗാം യങ്ങിന്റെ അനുഗാമിയല്ലാഞ്ഞ സ്മിത്തിന്റെ വിധവയുടെ പക്കലായിരുന്നതിനാൽ സോൾട്ട് ലേക്ക് ചർച്ച് അതിൽനിന്നു വിരളമായേ ഉദ്ധരിക്കുന്നുള്ളൂ.
കൂടുതലായ “നിശ്വസ്ത” പഠിപ്പിക്കലുകൾ: ഏതൊരു സമയത്തും ജീവിച്ചിരിക്കുന്ന സഭയുടെ പ്രവാചകൻ അവ കൈമാറിയേക്കാം. അതിനു വിശുദ്ധ ബൈബിളിന്റെയത്രയും തന്നെ ആധികാരികതയുമുണ്ട്. 1844-ൽ കിങ് ഫോളെറ്റിനുവേണ്ടി നടത്തിയ പ്രസംഗം ഒരുദാഹരണമാണ്. സ്മിത്ത്, കിങ് ഫോളെറ്റ് എന്ന മൂപ്പനുവേണ്ടി ഈ ശവസംസ്കാര പ്രസംഗം നടത്തി. അതിൽ അദ്ദേഹം ദൈവമായിത്തീർന്ന മനുഷ്യനെക്കുറിച്ചും മനുഷ്യനായിത്തീർന്ന ദൈവത്തെക്കുറിച്ചുമുള്ള പഠിപ്പിക്കൽ വിശദീകരിച്ചു. സ്മിത്തും യങ്ങും 19-ാം നൂറ്റാണ്ടിലെ മറ്റു മോർമൻ അധികാരികളും നടത്തിയ പ്രസംഗങ്ങളുടെ ഒരു സമാഹാരമായ പ്രസംഗങ്ങളുടെ ആനുകാലിക പത്രികയിൽ അതു കാണാം.
[21-ാം പേജിലെ ചതുരം]
മോർമൻ ദൈവ കുടുംബം
ദൈവം: ദൈവങ്ങളുടെയെല്ലാം പിതാവ്, അവന് അസ്ഥിയും മാംസവുമുള്ള ഒരു ശരീരമുണ്ട്.—പഠിപ്പിക്കലും ഉടമ്പടികളും 130:22.
എലോഹിം: ചിലപ്പോൾ ഒരു വ്യക്തിയെ പരാമർശിക്കുന്നു. ഭൂമിയെ സംഘടിപ്പിച്ച ദൈവങ്ങളുടെ സമിതിയായും അവ വർണിക്കപ്പെടുന്നു.—പഠിപ്പിക്കലും ഉടമ്പടികളും 121:32; മഹത്തായ വിലയുള്ള മുത്ത്, അബ്രഹാം 4:1; പ്രസംഗങ്ങളുടെ ആനുകാലിക പത്രിക, വാല്യം 1, പേജ് 51.
യേശു: മുഴു ഭൂമിയുടെയും ദൈവവും സ്രഷ്ടാവുമായ രക്ഷകൻ.—3 നെഫൈ 9:15; 11:14.
യഹോവ: പഴയനിയമത്തിൽ യേശുവിന്റെ പേര്.—മോർമൻ 3:22-ഉം മൊറോണി 10:34-ഉം മോർമന്റെ പുസ്തകത്തിന്റെ ഇൻഡക്സും താരതമ്യം ചെയ്യുക.
ത്രിത്വം: അസ്ഥിയും മാംസവുമുള്ള പിതാവും പുത്രനും പിന്നെ പരിശുദ്ധാത്മാവും ഉൾപ്പെട്ട, വേറിട്ടതും വ്യതിരിക്തവുമായ മൂന്ന് ആത്മവ്യക്തികളുടെ ദൈവശിരസ്സ്.—അൽമ 11:44; 3 നെഫൈ 11:27.
ആദാം: സൃഷ്ടിക്രിയയിലെ യേശുവിന്റെ സഹായി. ബ്രിഗാം യങ് ഇപ്രകാരം പ്രസ്താവിച്ചു: “നമ്മുടെ പിതാവായ ആദാം ഏദെൻ തോട്ടത്തിലേക്കു വന്നു . . . തന്റെ ഭാര്യമാരിൽ ഒരാളായ ഹവ്വായെയും കൊണ്ടുവന്നു. . . . അവനാണു നമ്മുടെ പിതാവും ദൈവവും.” (പ്രസംഗങ്ങളുടെ ആനുകാലിക പത്രിക, വാല്യം 1, പേജ് 50, 1854 പതിപ്പ്) തന്റെ പാപത്തിനുശേഷം ആദാം ഭൂമിയിലെ ഒന്നാമത്തെ ക്രിസ്ത്യാനിയായിത്തീർന്നു. (മഹത്തായ വിലയുള്ള മുത്ത്, മോസസ് 6:64-66; എൻസൈൻ, ജനുവരി 1994, പേജ് 11) അവൻ “നാളുകളിൽ പുരാതന”നും (പഠിപ്പിക്കലും ഉടമ്പടികളും 116) യേശുവിന്റെ അക്ഷരാർഥത്തിലുള്ള ശാരീരിക പിതാവുമാണ്.—പ്രസംഗങ്ങളുടെ ആനുകാലിക പത്രിക, വാല്യം 1, പേജ് 51.
മീഖായേൽ: പ്രധാന ദൂതനായ ആദാമിന്റെ മറ്റൊരു പേര്.—പഠിപ്പിക്കലും ഉടമ്പടികളും 107:54.
[23-ാം പേജിലെ ചതുരം]
മോർമൻമാരും ദേശീയതയും രാഷ്ട്രീയവും
മോർമൻ വിശ്വാസമനുസരിച്ച് പ്രവാചകനും സിദ്ധനും വെളിപ്പെടുത്തുന്നവനുമായിരുന്ന ജോസഫ് സ്മിത്ത്, മേയറും ഖജാൻജിയും ലഫ്റ്റനൻറ്-ജനറലും യു.എസ്. പ്രസിഡൻറ് സ്ഥാനാർഥിയും കൂടിയായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വം പിന്തുടർന്നുകൊണ്ട് അനേകം മോർമൻമാർ ഉത്സാഹഭരിതരായ രാഷ്ട്രീയ പ്രവർത്തകരാണ്. സഭ അതിന്റെ അമേരിക്കൻ പൈതൃകത്തെക്കുറിച്ച് അഭിമാനം കൊള്ളുന്നു. യു.എസ്. ഭരണഘടനയുടെ എഴുത്തിനെ ദൈവം നയിച്ചതായി അവർ അവകാശവാദം ഉന്നയിക്കുകയും ചെയ്യുന്നു. ബ്രിഗാം യങ് ഇപ്രകാരം പറഞ്ഞു: “ദൈവത്തിന്റെ രാജ്യം ഭരണമേറ്റെടുക്കുമ്പോൾ ഐക്യനാടുകളുടെ പതാക സ്വാതന്ത്ര്യത്തിന്റെയും തുല്യാവകാശങ്ങളുടെയും കൊടിമരത്തിൽ യാതൊരു കളങ്കമോ നിന്ദയോ ഇല്ലാതെ അഭിമാനത്തോടെ പാറിപ്പറക്കും.”
വിശ്വാസപ്രമാണങ്ങളുടെ 12-ാം പ്രമാണം ഇപ്രകാരം പ്രസ്താവിക്കുന്നു: “നിയമത്തെ അനുസരിക്കുന്നതിലും അതിനെ ആദരിക്കുന്നതിലും ഉയർത്തിപ്പിടിക്കുന്നതിലും രാജാക്കൻമാർക്കും പ്രസിഡന്റുമാർക്കും ഭരണാധികാരികൾക്കും മജിസ്ട്രേറ്റുമാർക്കും കീഴ്പെട്ടിരിക്കുന്നതിൽ ഞങ്ങൾ വിശ്വസിക്കുന്നു.” അവരുടെ കീഴ്പെടൽ എത്രത്തോളം പോകുന്നു? ഐക്യനാടുകൾ ഒന്നാം ലോകമഹായുദ്ധത്തിൽ ഏർപ്പെട്ടപ്പോൾ മൂപ്പനായ സ്റ്റീവെൻ എൽ. റിച്ചാർഡ്സ് ഇപ്രകാരം സ്ഥിരീകരിച്ചു പറഞ്ഞു: “ഐക്യനാടുകളുടെ ഗവൺമെൻറിനോട് പിൽക്കാല പുണ്യവാളൻമാരുടെ യേശുക്രിസ്തുവിന്റെ സഭയെക്കാളും വിശ്വസ്തരായിരിക്കുന്ന ആളുകളില്ല.” “പൊരുതുമ്പോൾ നാം ദൈവത്തിന്റെ ശക്തിയാൽ വിജയംവരിക്കും” എന്ന് മറ്റൊരു മൂപ്പൻ പറഞ്ഞു.
12-ാം പ്രമാണം പോർക്കളത്തിന്റെ മറുഭാഗത്തും ഒരുപോലെ ബാധകമായിരുന്നു. സ്റ്റാഫോർഡ്ഷൈർ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ ക്രിസ്റ്റീൻ ഇ. കിങ് ഇപ്രകാരം എഴുതി: “തങ്ങളുടെ രാജ്യത്തിനുവേണ്ടി ആയുധങ്ങളേന്താനും അവളുടെ വിജയത്തിനുവേണ്ടി പ്രാർഥിക്കാനും ജർമനിയിലെ മോർമൻമാർ പ്രോത്സാഹിപ്പിക്കപ്പെട്ടു.” തങ്ങൾ ബ്രിട്ടനിലെയും അമേരിക്കയിലെയും മോർമൻ സഹോദരങ്ങളോടല്ല, ഗവൺമെൻറ് പ്രതിനിധികളോടാണു പൊരുതുന്നതെന്നു സഭ പറഞ്ഞു. “ഈ വ്യത്യാസം വളരെ നിസ്സാരമാണെങ്കിലും ജർമൻ മോർമൻമാരുടെ ധാർമികവും മതപരവുമായ സംശയങ്ങൾ ശമിപ്പിക്കാൻ അത് ഉതകി.”
ഹിറ്റ്ലർ അധികാരം പിടിച്ചെടുത്തപ്പോൾ പൂർണഹൃദയത്തോടെയുള്ള പിന്തുണയെന്ന മോർമൻ നയം തുടർന്നു. “നാസികൾക്ക് മോർമൻ സഭയിൽനിന്നുള്ള എതിർപ്പോ വിമർശനത്തിന്റെ തെളിവോ ഉണ്ടായില്ലെന്ന്” ഡോ. കിങ് എഴുതി. വർഗീയ പരിശുദ്ധിക്കും ദേശഭക്ഷിക്കും മോർമൻമാർ നൽകിയ ഊന്നൽ സഭയ്ക്ക് വളരെയധികം ഉപകരിച്ചു. കൂടാതെ പല മോർമൻമാർക്കും “തങ്ങളുടെ വിശ്വാസവും മൂന്നാം റെയ്ക്കിന്റെ രാഷ്ട്രീയവും തമ്മിലുള്ള ബന്ധങ്ങൾ വ്യക്തമായി.” അനേകം മോർമൻമാർ ഹിറ്റ്ലറെ ധിക്കരിക്കാൻ ധൈര്യം കാട്ടിയപ്പോൾ അവർക്ക് മോർമൻ അധികാരികളിൽനിന്നു യാതൊരു പിന്തുണയും ലഭിച്ചില്ല. “സഭ ദേശഭക്തിയും വിശ്വസ്തതയും പ്രകടിപ്പിക്കുകയും നാസി ഗവൺമെൻറിന്റെമേലുള്ള ഏതൊരു ആക്രമണത്തെയും അപലപിക്കുകയും ചെയ്തു.” നാസികൾ വധിച്ച ഒരു വിമതന് അദ്ദേഹത്തിന്റെ മരണശേഷം സഭ ഭ്രഷ്ടുകൽപ്പിക്കുകപോലും ചെയ്തു.b
മോർമന്റെ പുസ്തകത്തിലെ അൽമാ 26:32-ൽ പ്രകീർത്തിച്ചിരിക്കുന്ന ആളുകളിൽനിന്നും എത്രയോ വ്യത്യസ്തം: “അവർ തങ്ങളുടെ ശത്രുവിനെ കൊല്ലുന്നതിനു പകരം തങ്ങളുടെ ജീവൻ ബലിയർപ്പിച്ചിരുന്നു; തങ്ങളുടെ സഹോദരങ്ങളോടുള്ള സ്നേഹം മൂലം അവർ തങ്ങളുടെ യുദ്ധായുധങ്ങളെ ഭൂമിയിൽ ആഴത്തിൽ കുഴിച്ചുമൂടി.”
യേശു പീലാത്തോസിനോട് ഇങ്ങനെ ന്യായവാദം ചെയ്തു: “എന്റെ രാജ്യം ഈ ലോകത്തിന്റേതായിരുന്നെങ്കിൽ എന്നെ യഹൂദൻമാരുടെ കയ്യിൽ ഏൽപ്പിക്കാതെവണ്ണം എന്റെ ദാസൻമാർ പോരാടുമായിരുന്നു.” (യോഹന്നാൻ 18:36, ജയിംസ് രാജാവിന്റെ ഭാഷാന്തരം) ദൈവത്തിന്റെ സ്വന്തം പുത്രനെ സംരക്ഷിക്കുന്നതിന് അവന്റെ ശിഷ്യൻമാർ ആയുധങ്ങൾ എടുക്കാൻ പാടില്ലായിരുന്നു, അപ്പോൾ ഗവൺമെന്റുകൾ തമ്മിലുള്ള യുദ്ധത്തിലെ കാര്യം പറയാനുമില്ല. അവർ തങ്ങളുടെ ശത്രുക്കളെപ്പോലും സ്നേഹിക്കേണ്ടിയിരുന്നു.—മത്തായി 5:44; 2 കൊരിന്ത്യർ 10:3, 4.
വ്യക്തികളെന്നനിലയിലും സംഘമെന്നനിലയിലും ഉറച്ച നിഷ്പക്ഷത പിടിച്ചുകൊണ്ടിട്ടുള്ള സത്യക്രിസ്ത്യാനികൾ ഇന്നുണ്ട്. പിതൃദേശത്തെ അമ്മമാർ (ഇംഗ്ലീഷ്) എന്ന പുസ്തകം ഇപ്രകാരം പറഞ്ഞു: “യഹോവയുടെ സാക്ഷികൾ അവരുടെ തുടക്കം മുതൽതന്നെ ഏതൊരു രാജ്യത്തിൽനിന്നും ദൃഢമായി വിട്ടുനിന്നു.” അതുകൊണ്ട് ഹിറ്റ്ലറുടെ ഭീകരവാഴ്ചയുടെ സമയത്ത് “പ്രായോഗികമായി പറഞ്ഞാൽ അവരിലോരോ വ്യക്തിയും നാസി രാഷ്ട്രത്തെ ഏതെങ്കിലും തരത്തിൽ അനുസരിക്കുന്നതു സ്പഷ്ടമായും നിരസിച്ചു.”
യഹോവയുടെ സാക്ഷികളിൽ ആയിരക്കണക്കിനുപേർ രക്തസാക്ഷിത്വം വഹിച്ചെങ്കിലും അവർ യേശുവിന്റെ വാക്കുകൾ ഗൗരവമായി എടുത്തു: “നിങ്ങൾക്ക് പരസ്പരം സ്നേഹമുണ്ടെങ്കിൽ അതിനാൽ നിങ്ങൾ എന്റെ ശിഷ്യൻമാരാണെന്ന് എല്ലാ മനുഷ്യരും അറിയും.”—യോഹന്നാൻ 13:35, KJ.
[അടിക്കുറിപ്പുകൾ]
b 1948-ൽ ഹെൽമൂട്ട് ഹൂബ്നെറിനെ പുനഃസ്ഥിതീകരിച്ചു.
[24-ാം പേജിലെ ചതുരം]
ബൈബിളും മോർമൻ ലിഖിതങ്ങളും—വൈപരീത്യങ്ങളുടെ ഒരു പഠനം
ബൈബിൾ: കൃത്യ സ്ഥലം അറിയാൻ പാടില്ലെങ്കിലും സാധ്യതയനുസരിച്ച് ഏദെൻ തോട്ടം യൂഫ്രട്ടീസ് നദിയുടെ സമീപത്തുള്ള മെസൊപ്പൊട്ടേമിയൻ പ്രദേശത്തായിരുന്നു.—ഉല്പത്തി 2:11-14.
പഠിപ്പിക്കലും ഉടമ്പടികളും: ഏദെൻ തോട്ടം യു.എസ്.എ.-യിലെ മിസ്സോറിയിലുള്ള ജാക്ക്സൻ കൗണ്ടിയിലായിരുന്നു.—പഠിപ്പിക്കലും ഉടമ്പടികളും 57, പ്രസിഡൻറ് ജെ. എഫ്. സ്മിത്ത് വിവരിച്ച പ്രകാരം.
ബൈബിൾ: ദേഹി മരിക്കുന്നു.—യെഹെസ്കേൽ 18:4; പ്രവൃത്തികൾ 3:23.
മോർമന്റെ പുസ്തകം: “ദേഹിക്ക് ഒരിക്കലും മരിക്കാൻ കഴിയില്ല.”—അൽമ 42:9.
ബൈബിൾ: യേശു ബേത്ലഹേമിൽ ജനിച്ചു.—മത്തായി 2:1-6.
മോർമന്റെ പുസ്തകം: യേശു യെരുശലേമിൽ ജനിക്കേണ്ടിയിരുന്നു.—അൽമ 7:10.
ബൈബിൾ: യേശു പരിശുദ്ധാത്മാവിനാൽ ജനിപ്പിക്കപ്പെട്ടു.—മത്തായി 1:20.
പ്രസംഗങ്ങളുടെ ആനുകാലിക പത്രിക: യേശു പരിശുദ്ധാത്മാവിനാലല്ല ജനിപ്പിക്കപ്പെട്ടത്. ആദാം മറിയയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതുനിമിത്തം അവൻ ജഡത്തിൽ ഉരുവായി.—പ്രസംഗങ്ങളുടെ ആനുകാലിക പത്രിക, വാല്യം 1, പേജുകൾ 50-1.
ബൈബിൾ: പുതിയ യെരുശലേം സ്വർഗത്തിലായിരിക്കും.—വെളിപ്പാടു 21:2.
മോർമന്റെ പുസ്തകം: യു.എസ്.എ.-യിലെ മിസ്സോറിയിൽ ആളുകൾ ഭൗമികമായ പുതിയ യെരുശലേം പണിയുന്നതായിരിക്കും.—3 നെഫൈ 21:23, 24; പഠിപ്പിക്കലും ഉടമ്പടികളും 84:3, 4.
ബൈബിൾ: ബൈബിളെഴുത്തുകാർ ദൈവത്തിന്റെ ചിന്തകൾ എഴുതാൻ നിശ്വസ്തരാക്കപ്പെട്ടു.—2 പത്രൊസ് 1:20, 21.
മോർമന്റെ പുസ്തകം: അതിന്റെ പ്രവാചകൻമാർ സ്വന്തം പരിജ്ഞാനമനുസരിച്ച് എഴുതിയിരിക്കുന്നതായി പറയപ്പെട്ടിരിക്കുന്നു.—1 നെഫൈ 1:2, 3; ജേക്കബ് 7:26.
ബൈബിൾ: യേശുവിന്റെ മരണത്തോടെ ദശാംശം കൊടുക്കലുൾപ്പെടെ മോശൈക ന്യായപ്രമാണം അവസാനിച്ചു. സംഭാവനകൾ സ്വമേധയാ ഉള്ളവയായിരിക്കണം, നിർബന്ധത്താലായിരിക്കരുത്.—2 കൊരിന്ത്യർ 9:7; ഗലാത്യർ 3:10-13, 24, 25; എഫെസ്യർ 2:15.
പഠിപ്പിക്കലും ഉടമ്പടികളും: “വാസ്തവത്തിൽ അത് . . . എന്റെ ജനത്തിന്റെ ദശാംശം കൊടുക്കലിനുവേണ്ടിയുള്ള ഒരു ദിവസമാണ്; എന്തുകൊണ്ടെന്നാൽ ദശാംശം കൊടുക്കുന്നവൻ (അവന്റെ [കർത്താവിന്റെ] വരവിങ്കൽ) ദഹിപ്പിക്കപ്പെടുകയില്ല.”—പഠിപ്പിക്കലും ഉടമ്പടികളും 64:23.
[25-ാം പേജിലെ ചിത്രം]
സോൾട്ട്ലേക്ക് സിററിയിലെ മോർമൻ ദേവാലയത്തിനു മുകളിലുള്ള മൊറോണിയുടെ പ്രതിമ