ഞങ്ങളുടെ വായനക്കാരിൽനിന്ന്
മോർമൻമാർ “മോർമൻ സഭ—എല്ലാ കാര്യങ്ങളുടെയും ഒരു പുനഃസ്ഥാപനമോ?” (നവംബർ 8, 1995) എന്ന ലേഖനം വായിച്ചപ്പോൾ എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. യുദ്ധത്തിൽ ഏർപ്പെടാൻ വിസമ്മതിക്കുന്നതിനാൽ നിങ്ങൾ നിങ്ങളെത്തന്നെ സത്യക്രിസ്ത്യാനികൾ എന്നു വിളിക്കുന്നു. എന്നാൽ രണ്ടാം ലോകമഹായുദ്ധത്തിൽ പോരാടുകയും ഹിറ്റ്ലറിനാൽ പീഡിപ്പിക്കപ്പെട്ടുകൊണ്ടിരുന്ന യഹൂദൻമാരെ സഹായിക്കുകയും ചെയ്ത മോർമൻകാരെ സംബന്ധിച്ച് ഞാൻ അഭിമാനം കൊള്ളുന്നു. ആറു ദശലക്ഷം യഹൂദൻമാർ മരിക്കുന്നതു കൈകെട്ടിയിരുന്നു വീക്ഷിച്ചതല്ലാതെ യഹോവയുടെ സാക്ഷികൾ എന്തു ചെയ്യുകയായിരുന്നു?
ജി. ഡി., ജർമനി
ഐക്യനാടുകളിലെയും ബ്രിട്ടനിലെയും മോർമൻകാർ നാസിസത്തിനെതിരായി പോരാടിയെന്നതു സത്യമാണ്. എന്നാൽ ജർമനിയിൽ അങ്ങനെയായിരുന്നില്ല. ഇംഗ്ലണ്ടിലെ സ്റ്റാഫോർഡ്ഷയർ സർവകലാശാലാ വൈസ്ചാൻസ്ലറും ചരിത്രകാരിയുമായ ക്രിസ്റ്റിൻ കിങിനാലുള്ള “നാസി രാഷ്ട്രവും പുതിയ മതങ്ങളും” എന്ന പുസ്തകം റിപ്പോർട്ടു ചെയ്യുന്നു: “മോർമൻകാർ സായുധ സേവനങ്ങളിൽ അണിചേർന്നു, 1940-ആയതോടെ ജർമൻ പട്ടാളത്തിൽ 600 മോർമൻകാർ ഉണ്ടായിരുന്നു. . . . മോർമനിസത്തിന്റെയും നാഷണൽ സോഷ്യലിസത്തിന്റെയും ‘സമാന്തര ലക്ഷ്യങ്ങൾ’ക്ക് ഊന്നൽ നൽകുന്നതിൽ മോർമൻകാർ തുടർന്നു. . . . ചില മോർമൻ നേതാക്കൻമാർ തങ്ങളുടെ സഭകളെ നാഷണൽ സോഷ്യലിസത്തിന്റെ തത്ത്വങ്ങൾ പഠിപ്പിച്ചുതുടങ്ങി, നാസി നേതാവിനുവേണ്ടി പ്രാർഥനകൾ നടത്തിക്കൊണ്ടും അദ്ദേഹത്തെ സംബന്ധിച്ച് ‘ദിവ്യമായി വിളിക്കപ്പെട്ടവൻ’ എന്ന് പറഞ്ഞുകൊണ്ടും തന്നെ. . . . മോർമൻകാർ നാസികളോടു ചെറുത്തുനിൽപ്പിനു ശ്രമിച്ച, റിപ്പോർട്ടു ചെയ്യപ്പെട്ട രണ്ടു സംഭവങ്ങൾ മാത്രമേ ഉള്ളൂ.” എന്നാൽ ഒരു സമൂഹമെന്ന നിലയിൽ യഹോവയുടെ സാക്ഷികൾ നാസി ഭരണസംവിധാനത്തെ പിന്തുണയ്ക്കാൻ വിസമ്മതിച്ചു. അങ്ങനെ അവർ ഹിറ്റ്ലറിന്റെ ഭരണകൂടത്താലുള്ള ക്രൂരമായ പീഡനത്തിന്റെ ലക്ഷ്യങ്ങളായിത്തീർന്നു. തടങ്കൽപ്പാളയങ്ങളിൽ ആയിരക്കണക്കിനാളുകൾ തടവുശിക്ഷ അനുഭവിക്കുകയും അനേകർ അവിടെവെച്ചു മരിക്കുകയും ചെയ്തു. ഞങ്ങളുടെ 1995 ആഗസ്റ്റ് 22 ലക്കം കാണുക.—പത്രാധിപർ.
ഫോട്ടോ കൂടിക്കുഴയൽ “ശാസ്ത്ര കൽപ്പിതകഥ—നമ്മുടെ ഭാവിയിലേക്കുള്ള ഒരു എത്തിനോട്ടമോ?” (ഡിസംബർ 8, 1995) എന്ന ലേഖന പരമ്പര പൂർണമായും ആസ്വാദ്യമായിരുന്നു. എന്നിരുന്നാലും, 3-ാം പേജിലെ ജൂൾസ് വേണിന്റെ ചിത്രം 19-ാം നൂറ്റാണ്ടിലെ ഒരു ചിത്രകാരനും എഴുത്തുകാരനുമായിരുന്ന വില്യം മോറിസിന്റേതാണെന്ന് തോന്നുമായിരുന്നു.
ആർ. ജി., ഐക്യനാടുകൾ
നിരവധി അനുവാചകർ ഈ തെറ്റ് കണ്ടെത്തി. ഒരു കൈപ്പിഴ സംഭവിച്ചു, ഞങ്ങളുടെ ഫോട്ടോ ഫയലിൽ വില്യം മോറിസിന്റെ ഫോട്ടോയ്ക്കു തെറ്റായ കുറിപ്പ് എഴുതിയിരുന്നു. ആ കൂടിക്കുഴയലിന് ഞങ്ങൾ മാപ്പുചോദിക്കുന്നു.—പത്രാധിപർ.
ഭയഗംഭീരമായ പ്രപഞ്ചം “ഭയഗംഭീരമായ പ്രപഞ്ചം—അതെവിടെനിന്നു വന്നു? (ജനുവരി 22, 1996) എന്ന നിങ്ങളുടെ ലേഖന പരമ്പര വായിച്ചതിനെതുടർന്ന്, പ്രപഞ്ചത്തെക്കുറിച്ച് ഇപ്പോഴുള്ള ശാസ്ത്രീയ ചിന്താഗതി സംബന്ധിച്ചു ഞാൻ കൂടുതൽ വ്യക്തമായ ഒരു ഗ്രാഹ്യം നേടി. നിങ്ങളുടെ അവതരണം, ധാരാളമായ ഡേറ്റാ, ഉറവിടങ്ങൾ, പരാമർശനങ്ങൾ എന്നിവയുടെ സമർഥമായ ഉപയോഗത്താൽ ദീപ്തിമത്താക്കപ്പെട്ടിരുന്നു. നിങ്ങൾ അവതരിപ്പിച്ച വിവരം ഒരു അധ്യാപകനെന്ന നിലയിൽ ഞാൻ നന്നായി ഉപയോഗിക്കും.
എം. പി., ഐക്യനാടുകൾ
സമാനമായ ലേഖനങ്ങൾ ഞാൻ മാസികകളിൽ മിക്കപ്പോഴും വായിച്ചിട്ടുണ്ട്, എന്നാൽ അത്തരം അത്ഭുതങ്ങൾക്കായി ഒരു രൂപസംവിധായകനു മഹത്ത്വം നൽകാൻ അവ എല്ലായ്പോഴും പരാജയപ്പെട്ടിരുന്നു. ആ ശൂന്യത നികത്തുന്നതിന് ആവശ്യമായിരുന്നതു നിങ്ങളുടെ ലേഖനം പ്രദാനം ചെയ്തു.
പി. ബി., ഇറ്റലി
ആ വിവരങ്ങൾ വസ്തുനിഷ്ടം മാത്രമായിരുന്നില്ല വിശ്വാസത്തെ ശക്തീകരിക്കുന്നതുമായിരുന്നു. വിസ്മയാവഹവും ഭയഗംഭീരവുമായ പ്രപഞ്ചത്തിന്റെ കാരണഭൂതനായ ദൈവത്തോടുള്ള നമ്മുടെ വിലമതിപ്പിനെ അത് കെട്ടുപണിചെയ്തു!
സി. എസ്., ഗ്രീസ്
ആ ലേഖനങ്ങൾ വായിക്കുന്നത് യഥാർഥത്തിൽ ആവേശകരമായിരുന്നു. എനിക്ക് 14 വയസ്സുണ്ട്, എനിക്കു പ്രപഞ്ചത്തോട് എല്ലായ്പോഴും അസാധാരണമായ ഒരു ആദരവ് ഉണ്ടായിരുന്നിട്ടുണ്ട്. സൃഷ്ടിയുടെ ഈ സങ്കീർണതയോടുള്ള താരതമ്യത്തിലെ മമനുഷ്യന്റെ അഗണ്യത ഈ ലേഖനങ്ങൾ എന്നെ ബോധ്യപ്പെടുത്തി.
എം. ഡി., പോർച്ചുഗൽ
അസാധാരണ താത്പര്യത്തോടെ ഞാൻ ആ ലേഖനങ്ങൾ വായിച്ചു. ഉണരുക! അത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഞാൻ സന്തുഷ്ടനാണ്. അത്, വിശേഷിച്ചും പുറത്ത് അസംഖ്യം താരാപംക്തികളും അകത്തു ശൂന്യസ്ഥലങ്ങളുമുള്ള, 100 ദശലക്ഷം പ്രകാശവർഷം വലിപ്പമുള്ള “കുമിള”കളുടെ തെളിവ് സംബന്ധിച്ച വിവരം, പ്രപഞ്ചത്തിലെ നിഗൂഢതകളെക്കുറിച്ച് എനിക്കു കൂടുതലായ ഉൾക്കാഴ്ച നൽകി. ഇത് ആധുനിക മഹാസ്ഫോടന സിദ്ധാന്തത്തിന് ഒരു പ്രശ്നം സൃഷ്ടിക്കുന്നു! പ്രപഞ്ചത്തെക്കുറിച്ച് നാം വാസ്തവത്തിൽ എത്ര കുറച്ചാണ് അറിയുന്നത് എന്നത് എന്നിൽ മതിപ്പുളവാക്കുന്നു.
ഡി. കെ., ചെക്ക് റിപ്പബ്ലിക്ക്