ഭൂമി നമുക്കുള്ള ദൈവത്തിന്റെ സമ്മാനം
“ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.” ഭൂമി “വളരെ നല്ലതു” എന്നും അവൻ പറഞ്ഞു. (ഉല്പത്തി 1:1, 31) ഉപയോഗശൂന്യമായ പാഴ്വസ്തുക്കളുടെ കൂമ്പാരങ്ങൾ അതിനെ വിരൂപമാക്കിയില്ല; ചവറ്റുകൂനകൾ അതിനെ മലിനമാക്കിയില്ല. മനുഷ്യവർഗത്തിന് ഒരു സുന്ദര സമ്മാനം കൈമാറ്റം ചെയ്യപ്പെട്ടു: “സ്വർഗ്ഗം യഹോവയുടെ സ്വർഗ്ഗമാകുന്നു; ഭൂമിയെ അവൻ മനുഷ്യർക്കു കൊടുത്തിരിക്കുന്നു.”—സങ്കീർത്തനം 115:16.
ഭൂമിയെ സംബന്ധിച്ച തന്റെ ഉദ്ദേശ്യമെന്തെന്നു യെശയ്യാവു 45:18-ൽ അവൻ പറയുന്നു: “ആകാശത്തെ സൃഷ്ടിച്ച യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു—അവൻതന്നേ ദൈവം; അവൻ ഭൂമിയെ നിർമ്മിച്ചുണ്ടാക്കി; അവൻ അതിനെ ഉറപ്പിച്ചു; വ്യർത്ഥമായിട്ടല്ല അവൻ അതിനെ സൃഷ്ടിച്ചതു; പാർപ്പിന്നത്രേ അതിനെ നിർമ്മിച്ചതു:—ഞാൻ തന്നേ യഹോവ; വേറൊരുത്തനും ഇല്ല.”
ഭൂമിയെ സംബന്ധിച്ച മനുഷ്യന്റെ ഉത്തരവാദിത്വമെന്താണെന്ന് അവൻ വളരെ വ്യക്തമായി പറയുന്നു—“വേല ചെയ്വാനും അതിനെ കാപ്പാനും.”—ഉല്പത്തി 2:15.
യഹോവ മാതൃക വയ്ക്കുന്നു. അവൻ ഭൂമിയെ പരിപാലിക്കുന്നു. ഭൂമിയിലെ സകല ജീവജാലങ്ങളും ആശ്രയിക്കുന്ന, പ്രധാനപ്പെട്ട വസ്തുക്കളെ, പുനഃസംസ്കരിക്കുന്നതാണ് അതിനുള്ള ഒരു മാർഗം. സയൻറിഫിക് അമേരിക്കന്റെ ഒരു പ്രത്യേക പതിപ്പിൽ ഈ പരിവൃത്തികളിൽ പലതിനെക്കുറിച്ചും ലേഖനങ്ങളുണ്ടായിരുന്നു. ഭൂമിയിലെ ഊർജപരിവൃത്തി, ജൈവമണ്ഡലത്തിലെ ഊർജപരിവൃത്തി, ജലപരിവൃത്തി, ഓക്സിജൻപരിവൃത്തി, കാർബൺപരിവൃത്തി, നൈട്രജൻപരിവൃത്തി, ധാതുപരിവൃത്തി എന്നിവ അതിൽപ്പെട്ടവയായിരുന്നു.
ഭൂമി—അത്ഭുതകരവും മനോഹരവും
സുപ്രസിദ്ധ ജീവശാസ്ത്രജ്ഞനായ ലൂയിസ് തോമസ് ഡിസ്കവർ എന്ന ശാസ്ത്ര മാസികയിൽ ഭൂമിയെ മുക്തകണ്ഠം പ്രശംസിച്ചുകൊണ്ട് ഇങ്ങനെയെഴുതി:
“മുഴുപ്രപഞ്ചത്തിലും നാമിന്നോളം അറിഞ്ഞിട്ടുള്ളതിൽവച്ചേറ്റവും വിചിത്രമായ ഘടന, വികാരഭരിതമാക്കുന്ന അത്ഭുതം, മനസ്സിലാക്കാനുള്ള നമ്മുടെ സകല ശ്രമങ്ങളെയും മറികടക്കുന്ന, പ്രപഞ്ചത്തിലെ ഏറ്റവും വലിയ ശാസ്ത്രപ്രഹേളിക—അതാണു ഭൂമി. സ്വയം ഓക്സിജൻ നിർമിക്കുകയും ശ്വസിക്കുകയും ചെയ്യുന്ന, തനിക്കാവശ്യമുള്ള നൈട്രജനെ വായുവിൽനിന്നു സ്വന്തം മണ്ണിലേക്കു സ്വീകരിക്കുന്ന, സ്വന്തം ഉപരിതലത്തിലുള്ള മഴവനങ്ങളിൽ തന്റേതായ കാലാവസ്ഥ സൃഷ്ടിക്കുന്ന, ചുണ്ണാമ്പു പാറകൾ, പവിഴപ്പുറ്റുകൾ, പുതിയ ജൈവപാളികളുടെ അടിയിലായി കിടക്കുന്ന മുൻജൈവരൂപങ്ങളുടെ ഫോസിലുകൾ എന്നിങ്ങനെയുള്ള ജീവാംശങ്ങളെ ഗോളത്തിനു ചുറ്റുമായി പരസ്പരം ബന്ധിപ്പിച്ചുകൊണ്ടു സ്വന്തം പുറന്തോടുണ്ടാക്കുന്ന, സ്വന്തം അന്തരീക്ഷമാകുന്ന നീലക്കുമിളയാൽ കവചിതമായി സൂര്യനു ചുറ്റും ഒഴുകിനീങ്ങുന്ന അതിമനോഹരമായ ഈ വസ്തു എത്ര വിചിത്രവും മനോഹരവും നമ്മെ അത്ഭുതസ്തബ്ധരാക്കുന്നതുമാണെന്നു നാം മനസ്സിലാക്കിത്തുടങ്ങുന്നതേയുള്ളൂ.”
മനുഷ്യനും അസംഖ്യം കോടി മറ്റു ജീവികൾക്കുംവേണ്ടി എന്നേക്കും നിലനിൽക്കാനായി സൃഷ്ടിക്കപ്പെട്ടിരിക്കുന്ന ഒരു ഭവനമാകുന്ന ഭൂമി മനുഷ്യവർഗത്തിന് ഒരു മനോഹര സമ്മാനമായി തുടരാൻ യഹോവ ചെയ്തിരിക്കുന്ന കരുതലുകളിൽ ഏതാനും ചിലതു മാത്രമാണ് ഇവ. സങ്കീർത്തനം 104:5 പറയുന്നു: “അവൻ ഭൂമിയെ അതൊരിക്കലും ഇളകിപ്പോകാതവണ്ണം അതിന്റെ അടിസ്ഥാനത്തിന്മേൽ സ്ഥാപിച്ചിരിക്കുന്നു.” ഭൂമിയുടെ സ്ഥിരതയെക്കുറിച്ചു മറ്റൊരു നിശ്വസ്ത സാക്ഷി പറഞ്ഞത്, “ഒരു തലമുറ പോകുന്നു; മറ്റൊരു തലമുറ വരുന്നു; ഭൂമിയോ എന്നേക്കും നില്ക്കുന്നു” എന്നാണ്.—സഭാപ്രസംഗി 1:4.
സൂര്യനു ചുറ്റുമുള്ള ഭ്രമണപഥത്തിലൂടെ ഒഴുകിനീങ്ങുന്ന നയനമനോഹരമായ ഈ ലോല ഗോളത്തെക്കുറിച്ച് അതിനെ വലംവച്ചിട്ടുള്ള ബഹിരാകാശ സഞ്ചാരികൾ വളരെ വാചാലമായി സംസാരിക്കുകയും മനുഷ്യവർഗം അതിന്റെ മനോഹാരിതയെ വിലമതിച്ച് അതിനെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ഊന്നിപ്പറയുകയും ചെയ്തിട്ടുണ്ട്. ശൂന്യാകാശത്തുനിന്നു ഭൂമിയെ ആദ്യമായി ദർശിച്ചപ്പോൾ ബഹിരാകാശസഞ്ചാരിയായ എഡ്ഗാർ മിച്ചെൽ ഹൂസ്റ്റനിലേക്ക് ഈ റേഡിയോ സന്ദേശമയച്ചു: “അതു . . . നിഗൂഢതയെന്ന കനത്തിരുണ്ട സമുദ്രത്തിലൊരു കൊച്ചു മുത്തുപോലെ, . . . സാവധാനം കറങ്ങുന്ന വെള്ള മൂടുപടംകൊണ്ട് ആവരണം ചെയ്തിരിക്കുന്ന തിളങ്ങുന്ന ഒരു ശുഭ്രനീല രത്നംപോലുണ്ട്.” ബഹിരാകാശസഞ്ചാരിയായ ഫ്രാങ്ക് ബോൺമേൻ പറഞ്ഞത്, “എത്ര സുന്ദരമായ ഒരു ഗ്രഹത്തിലാണു നാം ജീവിക്കുന്നത്. . . . നമുക്കുള്ളതു നമുക്കെന്തുകൊണ്ടാണു വിലമതിക്കാൻ കഴിയാത്തത് എന്നതാണ് ഒട്ടും പിടികിട്ടാത്ത സംഗതി” എന്നാണ്. ചന്ദ്രനിലേക്കു പറന്ന അപ്പോളോ 8-ലെ ബഹിരാകാശസഞ്ചാരികളിലൊരാൾ ഇങ്ങനെ പറഞ്ഞു: “ഞങ്ങൾ പ്രപഞ്ചത്തിലെല്ലാം നോക്കിയിട്ടും നിറത്തിന്റെ ഒരംശം കണ്ടതു ഭൂമിയിൽ മാത്രമാണ്, മറ്റെവിടെയുമില്ല. അവിടെ ഞങ്ങൾക്ക് ആഴിയുടെ പ്രൗഢ നീലിമയും കരയുടെ തവിട്ടുനിറവും മേഘങ്ങളുടെ വെളുപ്പും കാണാമായിരുന്നു. . . . ആകാശത്തെവിടെയും കണ്ണോടിച്ചിട്ടു കണ്ട ഏറ്റവും മനോഹരവസ്തു അതായിരുന്നു. ഇവിടെയുള്ളവർ തങ്ങൾക്കുള്ളത് എന്താണെന്നു മനസ്സിലാക്കുന്നില്ല.”
ആ പ്രസ്താവന സത്യമാണെന്നു വസ്തുതകൾ കാണിക്കുന്നു—തങ്ങൾക്കുള്ള നിധിയെന്താണെന്നു ജനം വാസ്തവത്തിൽ തിരിച്ചറിയുന്നില്ല. ദൈവത്തിൽനിന്നുള്ള ഈ സമ്മാനത്തെ സംരക്ഷിക്കുന്നതിനുപകരം മനുഷ്യർ അതിനെ മലിനമാക്കുകയും നശിപ്പിക്കുകയുമാണ്. ബഹിരാകാശസഞ്ചാരികൾ ഇതും കാണുകയുണ്ടായി. മനുഷ്യൻ ഭൗമാന്തരീക്ഷത്തിനു വരുത്തിയിരിക്കുന്ന നാശം ശൂന്യാകാശത്തുനിന്നു നോക്കുമ്പോൾ “ഞെട്ടിക്കുന്ന”താണെന്നു പറഞ്ഞുകൊണ്ട് സ്പേസ് ഷട്ടിൽ ചലെഞ്ചറിന്റെ കന്നിപ്പറക്കലിലെ കമാൻഡറായിരുന്ന പോൾ വീറ്റ്സ് തുടരുന്നു: “ഈ ലോകം അതിവേഗം ചാരവർണത്തിലുള്ള ഒരു ഗ്രഹമായി മാറിക്കൊണ്ടിരിക്കുന്നു എന്നതാണു വേദനാകരമായ സംഗതി. ഇതിൽ നമുക്കുള്ള സന്ദേശമെന്താണ്? നാം സ്വന്തം കൂടു നശിപ്പിക്കുന്നു.” ഈ “അന്ത്യനാളുകളിൽ” നശീകരണത്തിന്റെ ആക്കം വിപത്കരമാംവിധം കൂടിയിരിക്കുകയാണ്. ഭൂമിയെ നശിപ്പിക്കുന്നവർക്കെതിരെ യഹോവ കൽപ്പിച്ചിരിക്കുന്ന വിധി അവൻ “ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പി”ക്കുമെന്നാണ്.—വെളിപ്പാടു 11:18.
ദൈവത്തിന്റെ സമ്മാനത്തിനർഹരല്ലാത്ത ഒരു നന്ദികെട്ട സമുദായം
ജഡത്തിന്റെ കടിഞ്ഞാൺ പൊട്ടിച്ചെറിയാൻവേണ്ടി ആത്മീയ മൂല്യങ്ങളെ ചവിട്ടിമെതിച്ചിരിക്കുന്ന ഒരു ഭൗതികത്വ സമുദായമാണിത്. നമ്മുടെ ഈ കാലഘട്ടത്തിന്റെ സ്വഭാവമായിത്തീർന്നുകൊണ്ട് കൊടികുത്തിവാഴുന്ന ഞാൻ-ഒന്നാമൻ എന്ന സ്വാർഥതാമനോഭാവം സന്തുഷ്ടവും സംതൃപ്തികരവുമായ ജീവിതത്തിനുവേണ്ടി യഹോവ നൽകിയിരിക്കുന്ന പ്രായോഗിക മാർഗനിർദേശങ്ങളെ തള്ളിക്കളഞ്ഞിരിക്കുകയാണ്.
നാം ജീവിക്കുന്ന വിനാശകരമായ കാലത്തെ കൃത്യമായി വർണിക്കുന്നതാണു 2 തിമോത്തി 3:1-5 [NW]. അവിടെ ഇങ്ങനെ പറയുന്നു: “അന്ത്യനാളുകളിൽ ഇടപെടാൻ പ്രയാസമേറിയ ദുർഘട സമയങ്ങൾ ഇവിടെ ഉണ്ടായിരിക്കും എന്നറിയുക. എന്തുകൊണ്ടെന്നാൽ മനുഷ്യർ സ്വസ്നേഹികളും പണസ്നേഹികളും പൊങ്ങച്ചക്കാരും അഹങ്കാരികളും ദൂഷകന്മാരും മാതാപിതാക്കളെ അനുസരിക്കാത്തവരും നന്ദിയില്ലാത്തവരും അവിശ്വസ്തരും സ്വാഭാവികപ്രിയമില്ലാത്തവരും യോജിപ്പിലെത്താൻ മനസ്സില്ലാത്തവരും ഏഷണിക്കാരും ആത്മനിയന്ത്രണമില്ലാത്തവരും ഉഗ്രന്മാരും നന്മപ്രിയമില്ലാത്തവരും ദ്രോഹികളും വഴങ്ങാത്തവരും നിഗളത്താൽ ചീർത്തവരും ദൈവപ്രിയരായിരിക്കുന്നതിനെക്കാൾ ഉല്ലാസപ്രിയരും ദൈവികഭക്തിയുടെ ഒരു രൂപം മാത്രമുള്ളവരും അതിന്റെ ശക്തിയില്ലാത്തവരും ആയിരിക്കും. അങ്ങനെയുള്ളവരിൽനിന്ന് ഒഴിഞ്ഞുനിൽക്കുക.”
വാണിജ്യവ്യവസ്ഥിതി ഉപഭോക്തൃതാത്പര്യങ്ങളെ ഊട്ടിവളർത്തുകയാണ്, പരസ്യമാണ് അതിന്റെ കളിത്തോഴി. കൊള്ളാവുന്ന അനേകം പരസ്യങ്ങളുണ്ട്; എന്നാൽ കൊള്ളാത്തവയുമുണ്ട് അനേകം. ഈ രണ്ടാമതു പറഞ്ഞവ എറിക് ക്ലാർക്കിന്റെ ആവശ്യങ്ങൾ സൃഷ്ടിക്കുന്നവർ എന്ന പുസ്തകത്തിലെ നിരീക്ഷണത്തോടു ചേരുന്നതാണ്: “വഹിക്കാൻ കഴിയാത്തവർക്കു വേണ്ടാത്ത സാധനങ്ങൾ വിൽക്കാൻ മാത്രമല്ല, അന്യായമായ വില ഈടാക്കാനും പരസ്യങ്ങൾ സഹായിക്കുന്നു.” വേൾഡ് വാച്ച് മാസികയിൽ അലൻ ഡോണിങ് പറഞ്ഞത്, “പരസ്യക്കാർ വിൽക്കുന്നത് ഉത്പന്നങ്ങളല്ല, മറിച്ച് തങ്ങളുടെ ഉത്പന്നങ്ങളെ മനസ്സിന്റെ അടങ്ങാത്ത മോഹങ്ങളുമായി കോർത്തിണക്കിക്കൊണ്ട് ജീവിതശൈലികളും മനോഭാവങ്ങളും സങ്കൽപ്പങ്ങളുമാണ്” എന്നാണ്. നമുക്കുള്ളതിൽ നാം അതൃപ്തരാവണം വേണ്ടാത്തതിനെ നാം ആഗ്രഹിക്കണം, ഇതാണു പരസ്യങ്ങളുടെ ലക്ഷ്യം. അടക്കാനാവാത്ത ഒരു വിശപ്പ് അതു സൃഷ്ടിക്കുന്നു; അതു ക്ഷയിപ്പിക്കുന്നതരം അമിത ഉപഭോഗത്തിലേക്കു നയിക്കുന്നു; അതു വ്യാപകമായി ഭൂമിയെ മലിനീകരിക്കുന്ന അവശിഷ്ടങ്ങളുടെ കൂനകൾ സൃഷ്ടിക്കുന്നു. അതിന്റെ വഞ്ചനാത്മകമായ സ്വാധീനം കടുത്ത ദാരിദ്ര്യത്തിൽ കഴിയുന്നവരുടെ ക്ഷീണിച്ച ഹൃദയങ്ങളിലേക്കുപോലും നുഴഞ്ഞുകയറുന്നു. ആളുകളെ കൊല്ലുകയോ രോഗികളാക്കുകയോ ചെയ്യുന്നതായി അറിയാവുന്ന വസ്തുക്കൾ അനവധി പരസ്യക്കാർ പ്രലോഭിപ്പിച്ചു വിപണനം നടത്തുന്നു.
പ്രധാനപ്പെട്ട സംഗതി ദൈവവുമായുള്ള നമ്മുടെ നിലയാണ്, കാരണം സഭാപ്രസംഗി 12:13 പറയുന്നത് ഇതാണ്: “എല്ലാറ്റിന്റെയും സാരം കേൾക്കുക; ദൈവത്തെ ഭയപ്പെട്ടു അവന്റെ കല്പനകളെ പ്രമാണിച്ചുകൊൾക; അതു ആകുന്നു സകല മനുഷ്യർക്കും വേണ്ടുന്നതു.” അപ്രകാരം ചെയ്യുന്നവർ യഹോവയുടെ ശുദ്ധമായ പറുദീസയിൽ ജീവിക്കാൻ യോഗ്യത പ്രാപിക്കും! യേശു വാഗ്ദത്തം ചെയ്തു: “ഇതിങ്കൽ ആശ്ചര്യപ്പെടരുതു; കല്ലറകളിൽ ഉള്ളവർ എല്ലാവരും അവന്റെ ശബ്ദം കേട്ടു, നന്മ ചെയ്തവർ ജീവന്നായും തിന്മ ചെയ്തവർ ന്യായവിധിക്കായും പുനരുത്ഥാനം ചെയ്വാനുള്ള നാഴിക വരുന്നു.”—യോഹന്നാൻ 5:28, 29.
ദൈവത്തിന്റെ സമ്മാനം വിലമതിക്കപ്പെടുമ്പോൾ
അത് എത്ര അവിശ്വസനീയമാംവിധം മഹനീയമായ ഒരു ഭൂമിയായിരിക്കും! അതേക്കുറിച്ചു യഹോവ നമുക്ക് ഈ വിസ്മയകരമായ വിവരണം നൽകിയിരിക്കുന്നു: “ഞാൻ [യോഹന്നാൻ] പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടു; ഒന്നാമത്തെ ആകാശവും ഒന്നാമത്തെ ഭൂമിയും ഒഴിഞ്ഞുപോയി; സമുദ്രവും ഇനി ഇല്ല. അവൻ [ദൈവം] അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു [“പൂർവകാര്യങ്ങൾ,” NW] കഴിഞ്ഞുപോയി.”—വെളിപ്പാടു 21:1, 4.
ചവറ്റുകൂനകൾ, വിഷലിപ്ത പാഴ്വസ്തുക്കൾ, ഉപയോഗശൂന്യമായ തങ്ങളുടെ വസ്തുക്കൾ മറ്റുള്ളവരുടെമേൽ തള്ളിവിടുന്നവർ എന്നിങ്ങനെയുള്ള സകല പൂർവകാര്യങ്ങളും പൊയ്പോയിരിക്കും. അപ്പോൾ ഭൂമിയിൽ ജീവനോടെയിരിക്കുന്ന ഏക ജനം തങ്ങളുടെ അയൽവാസികളെ തങ്ങളെപ്പോലെതന്നെ സ്നേഹിക്കുന്നവരും, യഹോവ നൽകിയിരിക്കുന്ന ഭൂമിയെന്ന സമ്മാനം നിമിത്തം അവനെ സ്തുതിക്കുന്നവരും ഭൂമിയെ പറുദീസാവസ്ഥയിൽ നിലനിർത്തി അതിനെ സംരക്ഷിക്കാൻ ഇഷ്ടപ്പെടുന്നവരും ആയിരിക്കും.—മത്തായി 22:37, 38; 2 പത്രൊസ് 3:13.
[11-ാം പേജിലെ ചതുരം]
ഭൗതികത്വത്തിലെ മിഥ്യ
“സകല ദ്രവ്യാഗ്രഹവും സൂക്ഷിച്ചു ഒഴിഞ്ഞുകൊൾവിൻ; ഒരുത്തന്നു സമൃദ്ധിയുണ്ടായാലും അവന്റെ വസ്തുവകയല്ല അവന്റെ ജീവന്നു ആധാരമായിരിക്കുന്നതു” എന്ന മുന്നറിയിപ്പു മുഴക്കിയപ്പോൾ യേശു ഒരു സത്യം വെട്ടിത്തുറന്നു പറയുകയായിരുന്നു. (ലൂക്കൊസ് 12:15) നമുക്ക് ഉള്ളതിലല്ല, നാം ആരാണ് എന്നതിലാണു പ്രസക്തി. ജീവിതാവേശത്തിന്റെ തിരത്തള്ളലിൽ—പണം സമ്പാദിക്കൽ, വസ്തുവകകൾ സ്വരുക്കൂട്ടൽ, ജഡം അഭിലഷിക്കുന്ന സകല സുഖങ്ങൾക്കും വേണ്ടിയുള്ള പരക്കംപാച്ചിൽ എന്നിവയിൽ പെട്ട് ജീവിതം നാം പരമാവധി ആസ്വദിക്കുകയാണ്, ഒന്നും നഷ്ടപ്പെടുത്തുന്നില്ല എന്നു ചിന്തിക്കാൻ എളുപ്പമാണ്. എന്നാൽ അപ്പോൾ നമുക്കു നഷ്ടമാകുന്നതു ജീവിതത്തിനു നൽകാൻ കഴിയുന്ന ഏറ്റവും നല്ല സംഗതിയായിരിക്കും.
ജീവിതം വഴുതിപ്പോകുമ്പോൾ മാത്രമേ നമുക്കു നഷ്ടമായതെന്തെന്നു നാം മനസ്സിലാക്കൂ. ജീവിതം വളരെ ഹ്രസ്വമാണെന്നു—അപ്രത്യക്ഷമാകുന്ന മഞ്ഞ്, അൽപ്പമായ പുക, ഒരു ഉച്ഛ്വാസം, നീങ്ങിപ്പോകുന്ന ഒരു നിഴൽ, ഉണങ്ങിപ്പോകുന്ന പച്ചപ്പുല്ല്, വാടിപ്പോകുന്ന ഒരു പുഷ്പം എന്നിവപോലെയാണെന്നു—ബൈബിൾ പറയുന്നതിലെ സത്യം നാം മനസ്സിലാക്കുന്നു. അത് എവിടെപ്പോയി? നാമെന്തു ചെയ്തു? നാം ഇവിടെ ആയിരുന്നത് എന്തിനാണ്? ഇത്രമാത്രമേയുള്ളോ? വെറും മായയോ, കാറ്റിനു പിന്നാലെയുള്ള ഒരോട്ടം മാത്രമോ?—ഇയ്യോബ് 14:2; സങ്കീർത്തനം 102:3, 11; 103:15, 16; 144:4; യെശയ്യാവു 40:7; യാക്കോബ് 4:14.
ആശുപത്രിയിലെ മരണക്കിടക്കയിൽ കിടന്ന് ഒരാൾ ജനാലയിലൂടെ, വെയിലിൽ കുളിച്ചുനിൽക്കുന്ന ഒരു മലയോരം, ഇടകലർന്നുനിൽക്കുന്ന പുല്ലും കളയും, വിടർന്നുവരുന്ന കുറച്ചു പുഷ്പങ്ങൾ, ഏതാനും വിത്തുകൾക്കായി ചികയുന്ന ഒരു കുരുവി എന്നിങ്ങനെയുള്ള അത്ര ശ്രദ്ധിക്കേണ്ടതില്ലാത്ത ഒരു രംഗം വീക്ഷിക്കുന്നു. എന്നാൽ മരിച്ചുകൊണ്ടിരിക്കുന്ന വ്യക്തിക്ക് അതു സുന്ദരമാണ്. വളരെയധികം അർഥമാക്കുന്ന എത്രയെത്ര കൊച്ചു കൊച്ചു സന്തോഷങ്ങളാണു തനിക്കു നഷ്ടമായത് എന്നു ചിന്തിക്കാൻ ഒരു ദുഃഖാഭിലാഷം അയാളെ പ്രേരിപ്പിക്കുന്നു. എല്ലാം മാത്രക്കകം കടന്നുപോയതുപോലെ!
ബൈബിളിലെ ഗ്രീക്കു തിരുവെഴുത്തുകൾ അതു വളരെ ലളിതമായി ഇങ്ങനെ അവതരിപ്പിക്കുന്നു: “ഇഹലോകത്തിലേക്കു നാം ഒന്നും കൊണ്ടുവന്നിട്ടില്ല; ഇവിടെനിന്നു യാതൊന്നും കൊണ്ടുപോകുവാൻ കഴിയുന്നതുമില്ല. ഉണ്മാനും ഉടുപ്പാനും ഉണ്ടെങ്കിൽ മതി എന്നു നാം വിചാരിക്ക.” (1 തിമൊഥെയൊസ് 6:7, 8) എബ്രായ തിരുവെഴുത്തുകൾ കുറേക്കൂടെ വെട്ടിത്തുറന്നു പറയുന്നു: “അവൻ അമ്മയുടെ ഗർഭത്തിൽനിന്നു പുറപ്പെട്ടുവന്നതുപോലെ നഗ്നനായി തന്നേ മടങ്ങിപ്പോകും; തന്റെ പ്രയത്നത്തിന്റെ ഫലമായിട്ടു അവൻ കയ്യിൽ ഒരു വസ്തുവും കൊണ്ടുപോകയില്ല.”—സഭാപ്രസംഗി 5:15.
[8-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
NASA photo