കഴുകന്മാർ മത്സ്യവിരുന്നുകൾക്കു വന്നെത്തുന്നിടം
അലാസ്കയുടെ വിവിധഭാഗങ്ങൾ, ബ്രിട്ടീഷ്കൊളംബിയ എന്നിവിടങ്ങളിൽനിന്നും വാഷിങ്ടൻ സംസ്ഥാനം പോലെയുള്ള വിദൂരസ്ഥലങ്ങളിൽനിന്നു പോലും വിരുന്നുണ്ണാൻ മനോഹരമായി ചമഞ്ഞൊരുങ്ങി, അവ ആയിരക്കണക്കിനു പറന്നെത്തുന്നു. അത്യധികം ആകർഷണീയതയുള്ള പക്ഷികൾ. വെള്ളത്തലയും താഴേക്കു പറന്നിറങ്ങുമ്പോൾ ഗതിവേഗം കുറയ്ക്കാൻവേണ്ടി വിരിച്ചുപിടിച്ച പകിട്ടേറിയ വെളുത്ത വാൽതൂവലുകളും ചേർന്ന് അവയെ വളരെ വ്യതിരിക്തരാക്കുന്നു. ഇരുണ്ട തവിട്ടുനിറം, ശരാശരി 6 കിലോഗ്രാം തൂക്കം, ആൺപക്ഷികളെക്കാൾ അല്പം വലിപ്പം കൂടിയ പെൺപക്ഷികൾ, മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്നു, ചിറകിന് 1.8 മീറ്റർ മുതൽ 2.4 മീറ്റർ വരെ വിരിവുണ്ട്. പക്ഷേ അവയുടെ സൂക്ഷ്മനേത്രങ്ങൾ ഒരു കിലോമീറ്റർ അകലെ ഒരു മത്സ്യത്തെ കണ്ടുപിടിച്ചാൽ അവയ്ക്കു വായുവിൽകൂടി മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ താഴേക്ക് ഊളിയിട്ട് അതിനെ റാഞ്ചിയെടുക്കാൻ കഴിയും!
ഏതായാലും ചിൽക്കാത്ത് നദിയിലെ വിരുന്നുസത്കാരവേളയിൽ അത്തരം കൗതുകമുണർത്തുന്ന വ്യോമാഭ്യാസപ്രകടനങ്ങളുടെയൊന്നും ആവശ്യമില്ല. അവയുടെ മുഖ്യ ഭക്ഷണമായ സാൽമണുകൾ എവിടേക്കും പോകില്ല. അവ തങ്ങളെ ആരെങ്കിലും വിഴുങ്ങുന്നതും കാത്ത് അവയുടെ മുമ്പിൽ ധാരാളമായി നിരന്നുകിടക്കുകയാണ്. ഈ ഉത്സവമേളങ്ങളെല്ലാം ഇവയ്ക്കായി ഒരുക്കുന്നത് “ലോകത്തിലെ ഏറ്റവും വലിയ വെള്ളക്കഴുകൻ കൂട്ടത്തെയും അവയ്ക്ക് അനിവാര്യമായ ആവാസത്തെയും സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനും” അലാസ്കാ സർക്കാർ 1982-ൽ സ്ഥാപിച്ച അലാസ്കാ ചിൽക്കാത്ത് വെള്ളക്കഴുകൻ സങ്കേതമാണ്.
ഈ സങ്കേതം ചിൽക്കാത്ത്, ക്ലേഹേനി, സിർക്കൂ എന്നീ നദികളുടെ താഴ്വാരങ്ങളിലായി 48,000 ഏക്കർ പ്രദേശത്തു വ്യാപിച്ചുകിടക്കുന്നു. കഴുകന്മാരുടെ അധിവാസത്തിനു സുപ്രധാനമായ പ്രദേശങ്ങൾ മാത്രമേ അതിൽ ഉൾപ്പെടുത്തിയിട്ടുള്ളൂ. ആയിരക്കണക്കിനു കഴുകന്മാർ ഒരുമിച്ചുകൂടുകയും സന്ദർശകർ അവയെ കാണാൻ തടിച്ചുകൂടുകയും ചെയ്യുന്ന പ്രത്യേകമേഖല ഹേൻസ്, ക്ലൂവാൻ എന്നീ പട്ടണങ്ങൾക്കിടക്ക് ചിൽക്കാത്ത് നദി ഹേൻസ് ഹൈവേയെ സ്പർശിച്ചൊഴുകുന്ന എട്ടുകിലോമീറ്റർ തീരപ്രദേശമാണ്.
“അലാസ്കാ ചിൽക്കാത്ത് വെള്ളക്കഴുകൻ സങ്കേതം” എന്നു നാമകരണം ചെയ്തിരിക്കുന്ന ഒരു സർക്കാർ ലഘുലേഖ, നദിയുടെ ഈ എട്ടു കിലോമീറ്റർ ഭാഗത്തിന് പ്രജനനം കഴിഞ്ഞ സാൽമൺ മത്സ്യങ്ങളെക്കൊണ്ട് കഴുകന്മാർക്കു മൃഷ്ടാന്നഭോജനം വിളമ്പാൻ കഴിയുന്നതെങ്ങനെയെന്നു വിവരിക്കുന്നു.
“ശൈത്യകാലമാസങ്ങളിൽ ചിൽക്കാത്ത് നദിയിലെ എട്ടു കിലോമീറ്റർ ഭാഗത്തുള്ള വെള്ളം ഉറയാതെ കിടക്കുന്നതിനു കാരണമായ പ്രകൃതിയിലെ പ്രതിഭാസത്തെ ഒരു ‘എക്കൽത്തുരുത്തു സംഭരണി’ എന്നു വിളിക്കുന്നു. സിർക്കൂ, ക്ലേഹേനി, ചിൽക്കാത്ത് എന്നീ നദികളുടെ സംഗമസ്ഥാനത്ത് ചരൽ, പാറ, മണൽ, ഹിമാനികൾ നിക്ഷേപിക്കുന്ന ചരൽക്കൂനകൾ എന്നിവ അടിഞ്ഞുകൂടി രൂപീകൃതമായിരിക്കുന്ന, പങ്കയുടെ ആകൃതിയിലുള്ള, സിർക്കൂതുരുത്ത് ഒരു വലിയ ജലസംഭരണിയായി വർത്തിക്കുന്നു.”
സാധാരണമായി മറ്റൊരു ജലാശയത്തിലേക്കു പ്രവേശിക്കുമ്പോൾ മന്ദഗതിയിലാകുന്ന ഒരു നദി ചില അവക്ഷിപ്തങ്ങൾ നിക്ഷേപിക്കുന്നതിനാൽ ഒരു ഡെൽറ്റ രൂപീകൃതമാകുന്നു. പക്ഷേ അവിടെയെങ്ങും ജലം കെട്ടിനിൽക്കുന്നില്ല. എന്നാൽ സിർക്കൂ നദി ചിൽക്കാത്ത് നദിയോടു ചേരുന്നിടത്ത് ഭൂമിയുടെ ഉപരിതലത്തിൽ പിളർപ്പുണ്ടാകുകയും ഹിമാനികളുടെ പ്രവർത്തനഫലമായി സമുദ്രനിരപ്പിനെക്കാൾ 230 മീറ്ററിലധികം ആഴത്തിൽ ഒരു വലിയ തടം ഉണ്ടാവുകയും ചെയ്തു. ഹിമാനികൾ പിൻവാങ്ങിയപ്പോൾ അവ നിക്ഷേപിച്ച ചരൽകൂനകൾ അവിടെ അവശേഷിച്ചു. തടത്തിനടിയിലെ പാറയുടെ മുകളിൽ 230 മീറ്റർ ഘനത്തിൽ ശിഥിലമായ, സരന്ധ്രനിക്ഷേപങ്ങൾ ഉണ്ടാകുന്നതുവരെ നദികൾ മണലും ചരലും അതിന്മേൽ നിക്ഷേപിച്ചുകൊണ്ടിരുന്നു.
താരതമ്യേന ചൂടു കൂടുതലുള്ള വസന്തം, ഗ്രീഷ്മം, ശരത്കാലാരംഭം എന്നീ കാലങ്ങളിൽ മഞ്ഞുരുകിയും ഹിമാനികൾ ഉരുകിയും ഉണ്ടാകുന്ന വെള്ളം എക്കൽത്തുരുത്തിലേക്ക് ഒഴുകുന്നു. വെള്ളം പുറത്തേക്ക് ഒഴുകിപ്പോകുന്നതിനുമുമ്പ് ഈ തടം അതിനെ സ്വീകരിക്കുന്നു. അങ്ങനെ ഒരു വലിയ ജലസംഭരണി സംജാതമാകുന്നു. കഴുകൻ സങ്കേത ലഖുലേഖ ഇങ്ങനെ തുടരുന്നു: “മഞ്ഞുകാലം വരുമ്പോൾ അന്തരീക്ഷം തണുക്കുകയും ചുറ്റുമുള്ള വെള്ളം ഉറയുകയും ചെയ്യുന്നു. എന്നാൽ ഈ വലിയ ജലസംഭരണിയിലെ വെള്ളം ചുറ്റുപാടുമുള്ള വെള്ളത്തെക്കാൾ അഞ്ചു ഡിഗ്രി സെൽഷ്യസ് മുതൽ പത്തു ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന ഒരു ഊഷ്മാവു നിലനിർത്തുന്നു. താരതമ്യേന ചൂടുകൂടിയ ഈ വെള്ളം ചിൽക്കാത്ത് നദിയിലേക്ക് ‘അരിച്ചുകടക്കുകയും’ അതിലെ വെള്ളം ഉറയാതെ സൂക്ഷിക്കുകയും ചെയ്യുന്നു.
“ഇവയിലും സമീപത്തുള്ള അരുവികളിലും പോഷകനദികളിലുമായി സാൽമണുകളുടെ അഞ്ചു സ്പീഷീസുകൾ മുട്ടയിടുന്നു. മുട്ടയിടുന്നതിനു വേണ്ടി സാൽമണുകളുടെ കൂട്ടത്തോടെയുള്ള വരവ് വേനലിൽ തുടങ്ങി മഞ്ഞുകാലാരംഭം വരെ നീണ്ടുനിൽക്കുന്നു. മുട്ടയിട്ടതിനുശേഷം അധികം വൈകാതെതന്നെ സാൽമണുകൾ ചത്തുപോകുന്നു. അവയുടെ ശവശരീരങ്ങളാണ് വൻതോതിൽ കഴുകന്മാർക്കുള്ള ഭക്ഷണമാകുന്നത്.”
സാൽമൺസദ്യ ഒക്ടോബറിൽ തുടങ്ങി ഫെബ്രുവരിയിൽ അവസാനിക്കുന്നു. അതുകഴിഞ്ഞാലുടനേതന്നെ ആയിരക്കണക്കിനുള്ള ഈ കഴുകന്മാർ ചുറ്റുമുള്ള ഗ്രാമപ്രദേശങ്ങളിലേക്കു ചിതറിപ്പോകുന്നു. എങ്കിലും ഈ സങ്കേതം വർഷത്തിലുടനീളം 200 മുതൽ 400 വരെ കഴുകന്മാരുടെ പാർപ്പിടമാണ്. അവയ്ക്കു പിടിക്കാൻ കഴിയുന്ന ഏതുതരം മത്സ്യങ്ങൾക്കും പുറമേ ചെറിയ സസ്തനികളും കുളക്കോഴികളും അഴുകിയമാംസവും ആഹാരമാക്കിക്കൊണ്ട് അവ തങ്ങളുടെ ഭക്ഷണത്തിലെ പോരായ്മ നികത്തുന്നു.
വികാരോജ്ജ്വലമായ പ്രേമാഭ്യർഥനകളും നിലനിൽക്കുന്ന “വിവാഹങ്ങളും”
അവയുടേത് ആജീവനാന്ത ദാമ്പത്യമാണ്. 40 വർഷം വരെ ജീവിച്ചിരിക്കുമെങ്കിലും കൂടുകൂട്ടുന്ന കാലത്തു മാത്രമേ സാധാരണമായി ഒരുമിച്ചു താമസിക്കാറുള്ളൂ. ഏപ്രിൽ മുതൽ ഇണയെ ആകർഷിക്കുന്നതിനുവേണ്ടി പലതരം ചേഷ്ടകൾ കാണിച്ചുതുടങ്ങുന്നു. ഇതിൽ “നഖങ്ങൾ ചുരുട്ടിപ്പിടിച്ചു താഴേക്കു കുതിക്കുന്ന കഴുകന്മാർ വായുവിൽ കരണം മറിയുന്നതുപോലെയുള്ള കൗതുകകരമായ പ്രണയപ്രകടനങ്ങൾ ഉൾപ്പെടാം” എന്നാണ് കഴുകന്മാർ—അലാസ്കാ ചിൽക്കാത്ത് വെള്ളക്കഴുകൻ സങ്കേതം എന്ന ലഘുലേഖയുടെ അഭിപ്രായം. അവയ്ക്കെല്ലാം പുറമേ കൈപിടിക്കലും? എന്തൊരു ശൃംഗാരം!
തൊണ്ണൂറ്റിനാലു കൂടുകൾ ഈ സങ്കേതത്തിൽ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. ഇവയിലുള്ള ഒന്നു മുതൽ മൂന്നു വരെ മുട്ടകൾ 34-ഓ 35-ഓ ദിവസങ്ങൾ വരുന്ന അടയിരിപ്പു കാലത്തിനുശേഷം മേയ് അവസാനപകുതിക്കും ജൂൺ ആദ്യപകുതിക്കും ഇടയ്ക്കു വിരിയുന്നു. കുഞ്ഞുങ്ങൾ സെപ്റ്റംബറോടെ കൂടു വിട്ടുപോകുന്നു. പക്ഷേ അവ പുള്ളികളുള്ള തവിട്ടും വെള്ളയും തൂവൽക്കുപ്പായങ്ങൾ കൊണ്ടു തൃപ്തരായേ തീരൂ. നാലോ അഞ്ചോ വർഷം പ്രായമാകുന്നതുവരെ അവയ്ക്കു മനോഹരമായ വെളുത്ത തലകളും വാലുകളും ലഭിക്കുന്നില്ല!
വംശം നിലനിർത്താനുള്ള ഈ കഴുകന്മാരുടെ പോരാട്ടത്തെ സംബന്ധിച്ച ചില വിവരങ്ങളും സങ്കേതം എങ്ങനെ സുരക്ഷിതമായി കണ്ടാസ്വദിക്കാം എന്നതിനു സന്ദർശകർക്കുള്ള ചില നിർദേശങ്ങളും ഈ ലഖുലേഖ നൽകുന്നു:
“അലാസ്കാ ചിൽക്കാത്ത് വെള്ളക്കഴുകൻ സങ്കേതത്തിൽ കഴുകന്മാരുടെ സംരക്ഷണത്തിനായി വേർതിരിച്ചിരിക്കുന്ന 48,000 ഏക്കർ സ്ഥലമാണ് ഉൾപ്പെടുന്നത്. എന്നാൽ കഴുകന്മാർ എക്കാലവും സംരക്ഷിക്കപ്പെട്ടിട്ടില്ല. ഉപദ്രവകാരികളായ ഈ കഴുകന്മാരെ നശിപ്പിക്കുന്നവർക്കു ലഭിക്കുന്ന പ്രതിഫലത്തുകക്കുവേണ്ടി ഒരുകാലത്തു നിയമപരമായിത്തന്നെ വേട്ടക്കാർ അവയെ വേട്ടയാടിക്കൊണ്ടിരുന്നു. ജീവനുള്ള സാൽമണുകൾ, ചെറിയ ജീവികൾ എന്നിവയിൽ കഴുകന്മാർക്കുള്ള അത്യാർത്തി സംബന്ധിച്ചു ലഭിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ 1917-ൽ അലാസ്കയിലെ പ്രാദേശിക നിയമസഭ കഴുകന്മാരെ നശിപ്പിക്കുന്നവർക്ക് ഒരു പ്രതിഫലം വാഗ്ദാനം ചെയ്തു. ഹേയ്ൻസിലെ ഫോർട്ട് വില്യം എച്ച്. സിവാർഡിലെ വിമുക്തഭടന്മാർ അവർ സേവനത്തിലായിരുന്നപ്പോൾ ഓരോ ജോഡി കഴുകൻനഖത്തിനും ലഭിച്ചിരുന്ന 1 ഡോളർ (പിന്നീട് 2 ഡോളറായി ഉയർത്തി) കൂടി ചേർത്ത് തങ്ങളുടെ തുച്ഛമായ ശമ്പളത്തുക മെച്ചപ്പെടുത്തിയിരുന്നതിന്റെ കഥകൾ പറയാറുണ്ട്.
“എന്നാൽ പിന്നീടു നടത്തിയ അന്വേഷണങ്ങളിൽ സാൽമണുകൾ മുട്ടയിടുന്നതിനു വേണ്ടി കൂട്ടമായെത്തുമ്പോൾ കഴുകന്മാർ ഉപദ്രവിക്കുന്നുവെന്ന ആരോപണം അതിശയോക്തിപരമായിരുന്നെന്നു കണ്ടെത്തി. അങ്ങനെ 1953-ൽ പ്രതിഫലത്തുക സംബന്ധിച്ച വാഗ്ദാനം പിൻവലിച്ചു. അതിനോടിടയ്ക്ക് പ്രതിഫലത്തുകക്കുവേണ്ടി 1,28,000-ത്തിനു മേൽ കഴുകന്മാർ വേട്ടയാടപ്പെട്ടു. ഈ ഉത്തരവു നിലവിലിരുന്ന 1940-ൽ ദക്ഷിണപൂർവ അലാസ്കയിലെ കഴുകന്മാരുടെ എണ്ണം 1970-കളിലെ അവയുടെ എണ്ണത്തിന്റെ പകുതിയായിരുന്നെന്നു കണക്കാക്കപ്പെട്ടു.
“1959-ൽ അലാസ്ക ഒരു സംസ്ഥാനമായപ്പോൾ അലാസ്കയിലെ വെള്ളക്കഴുകന്മാർ 1940-ലെ വെള്ളക്കഴുകൻ നിയമത്തിന്റെ നേരിട്ടുള്ള സംരക്ഷണത്തിൻകീഴിലായി. കഴുകനെ കൊല്ലുന്നത് ഒരു ഫെഡറൽ നിയമലംഘനവും ചില പ്രത്യേകസാഹചര്യങ്ങളിലല്ലാതെ ജീവനുള്ളതോ ചത്തതോ ആയ കഴുകനെയോ കഴുകന്റെ ഏതെങ്കിലും ഭാഗമോ (തൂവലുകളുൾപ്പടെ!) കൈവശം വെക്കുന്നതു നിയമവിരുദ്ധവുമാണ്.
“1972-ൽ അലാസ്കാ സംസ്ഥാനനിയമസഭ ഏറ്റവും വലിയ കഴുകൻ കൂട്ടങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനുവേണ്ടി അലാസ്കൻ മത്സ്യമൃഗസംരക്ഷണവകുപ്പിന്റെ മേൽനോട്ടത്തിൽ ചിൽക്കാത്ത് നദി ക്രാന്തിക ആവാസപ്രദേശം (Chilkat River Critical Habitat Area) വേർതിരിച്ചു. കഴുകന്മാരുടെ ആവാസസ്ഥലങ്ങളിൽ അധികഭാഗവും സംരക്ഷണവിധേയമാകാതെ കിടന്നു. ചിൽക്കാത്ത് താഴ്വരയിലെ ഭൂമിയുടെ വിനിയോഗം സംബന്ധിച്ചു പരിസ്ഥിതിവാദികളും വികസനോന്മുഖവിഭാഗവും തമ്മിൽ, നീണ്ട, പതിവായ കടുത്ത പോരാട്ടം നടന്നു. ദേശീയ ഓദബൻ സൊസൈറ്റിയുടെ ഊർജിതമായ പഠനങ്ങൾക്കും സംസ്ഥാനത്തിന്റെ ധനസഹായത്തോടെ നടത്തിയ ഹേയ്ൻസ്/ക്ലുക്ക്വാൻ വിഭവങ്ങളെപ്പറ്റിയുള്ള പഠനത്തിനും ശേഷം മരംവെട്ടുകാർ, മുക്കുവർ, പരിസ്ഥിതിവാദികൾ, വ്യാപാരികൾ, പ്രാദേശിക രാഷ്ട്രീയനേതാക്കൾ എന്നിവരെല്ലാം ചേർന്ന് ഒരു ഒത്തുതീർപ്പിലെത്തി. 1982-ൽ സംസ്ഥാന നിയമസഭ ആ ഒത്തുതീർപ്പ് ഒരു നിയമമാക്കി. അങ്ങനെ 48,000 ഏക്കർ വിസ്തൃതിയുള്ള അലാസ്കാ ചിൽക്കാത്ത് വെള്ളക്കഴുകൻ സങ്കേതം നിലവിൽ വന്നു.
“സങ്കേതത്തിൽ മരംവെട്ടോ ഖനനമോ അനുവദനീയമല്ലെങ്കിലും പഴശേഖരണം, മത്സ്യബന്ധനം നായാട്ട് എന്നിങ്ങനെയുള്ള ഭൂമിയുടെ പരമ്പരാഗത ഉപയോഗങ്ങൾ തുടരുന്നതിൽ തടസ്സമില്ല. പ്രാദേശികനിവാസികൾ, സംസ്ഥാനാധികാരികൾ, ഒരു ജീവശാസ്ത്രജ്ഞൻ എന്നിവരടങ്ങുന്ന ഒരു 12-അംഗ ഉപദേശക സമിതിയുടെ സഹായത്തോടെ അലാസ്കയിലെ പാർക്കുകളുടെ വിഭാഗമാണു സങ്കേതത്തിന്റെ മേൽനോട്ടം വഹിക്കുന്നത്.
“പരിസ്ഥിതിക്കു ഹാനികരമാകാതെ താഴ്വരയിലെ പ്രകൃതി വിഭവങ്ങൾ എങ്ങനെ ഉപയോഗിക്കാം എന്നത് ഇപ്പോഴും നിലവിലുള്ള ഒരു പ്രശ്നമാണ്. ഭൂവിനിയോഗം സംബന്ധിച്ച പ്രശ്നങ്ങൾക്ക് ചിൽക്കാത്ത് താഴ്വരയിൽ ഇപ്പോഴും വാദപ്രതിവാദങ്ങൾക്കു തിരികൊളുത്താൻ കഴിയും. എങ്കിലും കഴുകന്മാരുടെ സംരക്ഷണത്തിനുവേണ്ടിയുള്ള ഒരു മാർഗം പ്രാദേശികമായി കണ്ടെത്തിയെന്നതിൽ സ്ഥലവാസികൾ അഭിമാനം കൊള്ളുന്നു.”
സന്ദർശകർക്കു കഴുകന്മാരെ കാണാൻ വേണ്ടിയുള്ള മുഖ്യനിരീക്ഷണമേഖല ചിൽക്കാത്ത് നദിക്കു സമാന്തരമായി കിടക്കുന്ന ഹേയ്ൻസ് ഹൈവേയുടെ ഓരപ്രദേശമാണ്. അവിടെ ആ ഉദ്ദേശ്യത്തിൽ സജ്ജീകരിച്ചിരിക്കുന്ന നിരീക്ഷണത്തട്ടുകളുമുണ്ട്.
[15-ാം പേജിലെ ഭൂപടം]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
ചിൽക്കാത്ത് നദി ചിൽക്കൂത്ത് നദി
ക്ലേഹേനി നദി ക്ലുക്ക്വാൻ
കഴുകൻ നിരീക്ഷണത്തിനുള്ള സ്ഥലം
(എക്കൽതുരുത്ത്)
▲
▲
ഹേയ്ൻസ് ഹൈവേ
സിർക്കൂ നദി ▼ ചിൽക്കൂത്ത് തടാകം
ചിൽക്കാത്ത് തടാകം ▼
ചിൽക്കാത്ത് നദി ▼ ലൂട്ടാക്ക് കായൽ
താഖിൻ നദി ▼
ഹേയ്ൻസ്
[കടപ്പാട്]
Mountain High Maps™ copyright © 1993 Digital Wisdom, Inc.
[15-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Bald eagles on pages 15-18: Alaska Division of Tourism