കടലിലെ പളുങ്കുകൊട്ടാരങ്ങൾ
കാനഡയിലെ ഉണരുക! ലേഖകൻ
“അതാ, തൊട്ടുമുന്നിൽ ഒരു മഞ്ഞുമല!” ഉത്കണ്ഠാകുലനായ കാവൽക്കാരൻ വിളിച്ചുപറയുന്നു. അതുകേട്ടയുടൻ കപ്പലിന്റെ അമരത്തിരുന്ന ജോലിക്കാർ പ്രവർത്തിച്ചുതുടങ്ങുന്നു. കൂട്ടിയിടിക്കാതിരിക്കാൻവേണ്ടി എൻജിനുകൾ തിരിച്ചുവിടുന്നു. എന്നാൽ വളരെ വൈകിപ്പോയി. കപ്പലിന്റെ വലതുഭാഗത്തായി ഒരു വലിയ വിള്ളലുണ്ടായിരിക്കുന്നു.
വെറും മൂന്നുമണിക്കൂറിനകം ലോകത്തിലെ അന്നത്തെ ഏറ്റവും വലിയ ആഡംബരയാത്രക്കപ്പലിനെ ഉത്തര അറ്റ്ലാൻറിക് സമുദ്രം വിഴുങ്ങിക്കളയുന്നു. 1912 ഏപ്രിൽ 15-ാം തീയതി, യൂറോപ്പിൽനിന്നു വടക്കേ അമേരിക്കയിലേക്കുള്ള തന്റെ കന്നിയാത്രയുടെ അഞ്ചാംദിവസം ജലോപരിതലത്തിൽനിന്നു നാലു കിലോമീറ്റർ ആഴത്തിൽ സമുദ്രത്തിന്റെ അടിത്തട്ടിൽ ടൈറ്റാനിക് വിശ്രമമടയുന്നു. ഉദ്ദേശം 1,500 യാത്രക്കാരും കപ്പൽജോലിക്കാരും കടലിൽ വച്ചു മരണമടയുന്നു.
ആ കൂറ്റൻ മഞ്ഞുകട്ടയുടേതായി എന്താണ് അവശേഷിച്ചത്? കൊള്ളാം, അതിനു യാതൊരു കുലുക്കവുമില്ലായിരുന്നു. അതിന്റെ അഗ്രംമാത്രമേ ടൈറ്റാനിക്കുമായി കൂട്ടിയിടിച്ചിരുന്നുള്ളു. പിറ്റേന്ന്, യാതൊന്നും സംഭവിക്കാത്തമട്ടിൽ വെള്ളത്തിനു കൂടുതൽ ചൂടുള്ള തെക്കുഭാഗത്തേക്ക് അതൊഴുകിനീങ്ങുന്നത് അന്വേഷകർ കണ്ടെത്തി. വിശാലമായ സമുദ്രത്തിലേക്ക് ഉരുകിച്ചേരുന്ന മഞ്ഞുമലയുടെ അന്ത്യം, വളരെവേഗം മറന്നേക്കാം. എന്നാൽ ടൈറ്റാനിക് മുങ്ങിയതു ദാരുണമായ ഒരു സമുദ്രദുരന്തമായി ഇന്നും ഓർമയിൽതങ്ങിനിൽക്കുന്നു.
മഞ്ഞുമലകൾ! അവ വളരെ ആകർഷകവും പ്രൗഢഗംഭീരവുമാണ്, ഒപ്പം തീരെ വഴങ്ങാത്തവയും. നിങ്ങൾ എന്നെങ്കിലും അവയെ അടുത്തുകണ്ട് മനുഷ്യന്റെയും പ്രകൃതിയുടെയും മേൽ അവയ്ക്കുള്ള സ്വാധീനത്തെക്കുറിച്ചു മനസ്സിലാക്കിയിട്ടുണ്ടോ? അവ എന്തുകൊണ്ടാണുണ്ടാകുന്നത്, എങ്ങനെയുണ്ടാകുന്നു, കടലിൽ പോകുന്ന ആളുകളെ മഞ്ഞുമലകൾ മൂലം ഉണ്ടായേക്കാവുന്ന അപകടങ്ങളിൽനിന്നു സംരക്ഷിക്കാൻവേണ്ടി എന്താണു ചെയ്യുന്നത് ഇവയൊക്കെ നിങ്ങൾക്കറിയണോ? (“അന്താരാഷ്ട്ര ഐസ് പട്രോൾ” എന്ന ചതുരം കാണുക.)
ഉത്ഭവവും ജീവിതചക്രവും
മഞ്ഞുമലകൾ ഭീമാകാരങ്ങളായ ശുദ്ധജലമഞ്ഞുകട്ടകൾ പോലെയാണ്. ഉത്തരധ്രുവപ്രദേശത്തും അന്റാർട്ടിക്കയിലുമുള്ള ഹിമാനികളിൽനിന്നും വലിയ ഹിമപ്പരപ്പുകളിൽനിന്നുമാണ് അവ ഉത്ഭവിക്കുന്നത്. അന്റാർട്ടിക്കയിലെ ഹിമപ്പരപ്പിൽനിന്നാണ് ഭൂമിയിലുണ്ടാകുന്ന മഞ്ഞുമലകളുടെ 90 ശതമാനവും ഉത്ഭവിക്കുന്നത് എന്നു നിങ്ങളറിഞ്ഞിരുന്നോ? അവയിലേറ്റവും വലിയവയും അവിടെനിന്നു തന്നെയാണു വരുന്നത്. അവ ജലനിരപ്പിൽനിന്ന് 100 മീറ്റർവരെ ഉയർന്നുനിൽക്കും. 300 കിലോമീറ്ററിലധികം നീളവും 90 കിലോമീറ്ററിലധികം വീതിയും അവയ്ക്കുണ്ടാകാം. വലിയ മഞ്ഞുമലകൾക്ക് 20 ലക്ഷം ടൺ മുതൽ നാലുകോടി ടൺ വരെ ഭാരമുണ്ടാകും. മഞ്ഞുപാളികൾ പോലെതന്നെ, മഞ്ഞുമലകളെല്ലാം വ്യത്യസ്ത ആകൃതിയുള്ളവയാണ്. ചിലതു പരന്നതോ അഗ്രം പരന്നതോ ആയിരിക്കും. മറ്റു ചിലവ ആപ്പിന്റെ ആകൃതിയുള്ളതോ സ്തൂപികാകൃതിയുള്ളതോ കമാനാകൃതിയുള്ളതോ ആയിരിക്കും.
മഞ്ഞുമലകളുടെ ഏഴിലൊന്നുമുതൽ പത്തിലൊന്നുവരെയേ സാധാരണമായി വെള്ളത്തിനു മുകളിലേക്കു കാണാൻ കഴിയൂ. അഗ്രം പരന്ന മഞ്ഞുമലകളുടെ കാര്യത്തിൽ ഇതു പ്രത്യേകിച്ചും സത്യമാണ്. അത് ഒരു ഗ്ലാസിലെ വെള്ളത്തിൽ മഞ്ഞുകട്ട പൊങ്ങിക്കിടക്കുന്നതുപോലെ തന്നെയാണ്. എങ്കിലും ഒരുമഞ്ഞുമലയുടെ വെള്ളത്തിനടിയിലുള്ളതും മുകളിലുള്ളതുമായ ഭാഗങ്ങൾ തമ്മിലുള്ള അനുപാതം അതിന്റെ ആകൃതിയനുസരിച്ചു വ്യത്യാസപ്പെടുന്നു.
ആർട്ടിക് പ്രദേശത്തെ മഞ്ഞുമലകൾ മിക്കപ്പോഴും നിയതമായ ആകൃതിയില്ലാത്തവയും പലഭാഗങ്ങളിലും കൂർത്തുനിൽക്കുന്നവയുമായിരിക്കുമ്പോൾ അന്റാർട്ടിക് പ്രദേശത്തുള്ളവ പൊതുവേ അഗ്രങ്ങളും വശങ്ങളും പരന്നവയായിരിക്കും. ഏറിയകൂറും ഗ്രീൻലാൻഡിനെ ആവരണം ചെയ്യുന്ന വലിയ ഹിമപ്പരപ്പിൽ നിന്നുത്ഭവിക്കുന്ന ആദ്യംപറഞ്ഞവ ഒഴുകി അറ്റ്ലാൻറിക് സമുദ്രത്തിൽകൂടെയുള്ള കപ്പൽപാതകൾ വരെയെത്തിയേക്കാം എന്നുള്ളതുകൊണ്ട് അവയാണ് മനുഷ്യന് ഏറ്റവും വലിയ ഭീഷണി ഉയർത്തുന്നത്.
മഞ്ഞുമലകൾ ഉണ്ടാകുന്നതെങ്ങനെയാണ്? ഭൂമിയുടെ വടക്കേയറ്റത്തും തെക്കേയറ്റത്തുമുള്ള പ്രദേശങ്ങളിൽ ഹിമം, തണുത്തുറയുന്ന മഴവെള്ളം എന്നിവയുടെ ശേഖരം പലപ്പോഴും ഉരുകുകയോ ബാഷ്പീകരിക്കുകയോ ചെയ്യുന്നില്ല. തന്മൂലം കരയുടെ ഉപരിതലത്തിൽ രൂപംകൊള്ളുന്ന ഹിമപാളികൾ ഹിമാനികളായി മാറുന്നു. ഓരോ വർഷം ചെല്ലുമ്പോഴും കൂടുതൽ മഞ്ഞും മഴയും കിട്ടുന്നതനുസരിച്ച് ഈ അടുക്കിനു നിരന്തരം കട്ടികൂടിവരുന്നു. അങ്ങനെ ഗ്രീൻലാൻഡ് പോലെയുള്ള വിശാലമായ പ്രദേശങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ഘനമേറിയ ഹിമപ്പരപ്പുകൾ സംജാതമാകുന്നു. ക്രമേണ ഈ വൻഹിമാനി ഉയർന്ന ചെരിവുകളിൽനിന്നു വളരെ സാവകാശം താഴ്വരകളിലേക്കു തെന്നിനീങ്ങാൻ ഇടയാകത്തക്കവിധം ഈ മഞ്ഞുപാളിക്കു കട്ടിയും ദൃഢതയും ഉണ്ടാകുന്നു. ഇവ അവസാനം സമുദ്രത്തിലെത്തുന്നു. ഈ ഗമനത്തെപ്പറ്റി വിവരിക്കവേ, ബർണാഡ് സ്റ്റോൺഹൗസ് ഉത്തരധ്രുവം, ദക്ഷിണധ്രുവം (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ ഇങ്ങനെ പ്രസ്താവിച്ചു: “ദൃഢതയുള്ള ഐസ് ഇലാസ്തികമാണെങ്കിലും അനായാസം രൂപഭേദം വരുത്താവുന്നതാണ്; സമ്മർദത്തിനു വിധേയമാകുമ്പോൾ ഷഡ്ഭുജാകൃതിയിലുള്ള അവയുടെ ക്രിസ്റ്റലുകൾ ഒരേ വരിയിലാവുന്നു. പിന്നീട് അവ ഒന്നിനു മുകളിൽ ഒന്നായി തെന്നിനീങ്ങുന്നതിന്റെ ഫലമായി, ഹിമാനികളെപ്പറ്റി നമുക്കറിയാവുന്നതുപോലെ, അവ ഒഴുകുകയും താഴേക്കു തെന്നിനീങ്ങുകയും ചെയ്യുന്നു.”
പരുക്കൻ നിലങ്ങളിൽകൂടെ തണുത്ത ശർക്കരപ്പാവുപോലെ വളരെ സാവകാശം നീങ്ങുന്ന ഒരു ഹിമനദി ഒന്നു സങ്കല്പിച്ചുനോക്കൂ. ഇപ്പോൾതന്നെ നെടുനീളത്തിൽ ആഴമേറിയ വിള്ളലുകളുള്ള ഭീമാകാരമായ ഈ മഞ്ഞുകട്ട സമുദ്രതീരത്തോടടുക്കുമ്പോൾ വീണ്ടും സമ്മർദങ്ങൾക്കു വിധേയമാകുന്നതിനാൽ കൗതുകകരമായ ഒരു പ്രതിഭാസം സൃഷ്ടിക്കും. വേലിയേറ്റം, വേലിയിറക്കം. ഉയർന്നുതാഴുന്ന തിരമാലകൾ, ജലാന്തർഭാഗത്തു വച്ചുള്ള അപരദനം എന്നിവയുടെ സംയുക്തഫലമായി 40 കിലോമീറ്ററോളം നീളത്തിൽ സമുദ്രത്തിൽ വരെ എത്തുന്ന ഒരു കൂറ്റൻ ശുദ്ധജലമഞ്ഞുകട്ട ഹിമാനിയിൽനിന്ന് ഊറ്റമായ ശബ്ദത്തോടെ അടർന്നുമാറുന്നു. അങ്ങനെ ഒരു മഞ്ഞുമല ഉണ്ടാകുന്നു! ഒരു നിരീക്ഷകൻ അതിനെ വർണിച്ചത് “ഒഴുകിനടക്കുന്ന പളുങ്കുകോട്ട” എന്നാണ്.
ആർട്ടിക് പ്രദേശത്ത് ഓരോ വർഷവും 10,000-ത്തിനും 15,000-ത്തിനും ഇടക്കു മഞ്ഞുമലകൾ രൂപംകൊള്ളുന്നുണ്ട്. താരതമ്യേന ചുരുങ്ങിയ എണ്ണം മാത്രമേ സമുദ്രത്തിന്റെ തെക്കുഭാഗമായ ന്യൂഫൗണ്ട്ലാൻഡ് തീരത്തെത്തുന്നുള്ളു. അവിടെയെത്തുന്നവയ്ക്ക് എന്തു സംഭവിക്കുന്നു?
മഞ്ഞുമലയുടെ ഗമനം
ഹിമാനികൾ പിളർന്നു മഞ്ഞുമലകൾ ഉണ്ടായിക്കഴിഞ്ഞാൽ അവയിൽ ചിലതിനെ പടിഞ്ഞാറോട്ടും തെക്കോട്ടും അവസാനം മഞ്ഞുമലകളുടെ ഉദ്യാനം എന്ന അപരനാമമുള്ള ലാബ്രഡോർ കടലിലേക്കും തിരിച്ചു വിടുന്നതിനുമുമ്പ് സമുദ്രജലപ്രവാഹങ്ങൾ അവയെ ഒരു നീണ്ട യാത്രക്കായി വഹിച്ചുകൊണ്ടുപോകുന്നു. തങ്ങളുടെ ജന്മസ്ഥലത്തുനിന്ന് ലാബ്രഡോർ, ന്യൂഫൗണ്ട്ലാൻഡ് മേഖലകളിലെ അറ്റ്ലാൻറിക് സമുദ്രത്തിലേക്കുള്ള ഏകദേശം രണ്ടു വർഷം നീണ്ടുനിൽക്കുന്ന പ്രയാണത്തെ അതിജീവിച്ചെത്തുന്ന മഞ്ഞുമലകളുടെ ജീവകാലം വളരെ ഹ്രസ്വമാണ്. ചൂടുകൂടുതലുള്ള ജലത്തിലേക്ക് ഒഴുകിച്ചെല്ലുമ്പോൾ ഉരുകുന്നതിന്റെയും അപരദനം സംഭവിക്കുന്നതിന്റെയും കൂടുതൽ പിളരുന്നതിന്റെയും ഫലമായി അവയ്ക്കു വലിയതോതിൽ ക്ഷയം സംഭവിക്കുന്നു.
പൊതുവേ, പകൽസമയങ്ങളിൽ മഞ്ഞുരുകുകയും വിടവുകളിൽ ജലം ശേഖരിക്കപ്പെടുകയും ചെയ്യുന്നു. രാത്രിയിൽ വെള്ളം ഈ വിടവുകളിൽവച്ചു ഖരീഭവിച്ചു വികസിക്കുന്നതിന്റെ ഫലമായി മഞ്ഞുമലയിൽനിന്നു കഷണങ്ങൾ അടർന്നുമാറുന്നു. ഇത് അതിന്റെ ആകൃതിക്കു മാറ്റം വരുത്തുന്നു. തത്ഫലമായി ഗുരുത്വകേന്ദ്രത്തിനും മാറ്റം വരുന്നു. അതേതുടർന്നു വെള്ളത്തിൽ ഉരുണ്ടുമറിയുന്ന ഹിമപിണ്ഡം തികച്ചും പുതിയൊരു രൂപം പ്രാപിക്കുന്നു.
ഈ പരിവൃത്തി തുടരുകയും ഈ ഹിമക്കോട്ടകൾ പിളർന്നു പിളർന്ന് വീണ്ടും വലിപ്പം കുറയുകയും ചെയ്യുമ്പോൾ അവ ഒരു സാധാരണ വീടിന്റെ വലിപ്പമുള്ള “മഞ്ഞുമലത്തുണ്ടുകൾ” എന്നു വിളിക്കപ്പെടുന്നവ, ഒരു ചെറിയ മുറിയുടെ വലിപ്പമുള്ള “മുരളന്മാർ” എന്നു വിളിക്കപ്പെടുന്നവ എന്നിങ്ങനെ സ്വന്തം മഞ്ഞുമലകളെ സൃഷ്ടിക്കുന്നു. ഒടുവിൽ പറഞ്ഞതിനെ ആ പേരു വിളിക്കുന്നത് തിരമാലകളുടെമേൽ പൊങ്ങിക്കിടക്കുമ്പോൾ അവയുണ്ടാക്കുന്ന ശബ്ദം നിമിത്തമാണ്. ഈ മുരളന്മാരിൽ വലിപ്പം കുറഞ്ഞ ചിലത് തീരത്തിനടുത്തും ഉൾക്കടലുകളിലുമുള്ള ആഴം കുറഞ്ഞ വെള്ളത്തിൽ പോലും തത്തിക്കളിച്ചേക്കാം.
സാഹചര്യങ്ങൾ എന്തൊക്കെയായാലും കൂടുതൽ തെക്കുഭാഗത്തുള്ള വെള്ളത്തിലെ പരിതസ്ഥിതികൾ നിമിത്തം ഈ മഞ്ഞുമലകൾ അതിവേഗം വിഘടിച്ച് ശുദ്ധജലമഞ്ഞുകട്ടയുടെ ചെറുകഷണങ്ങളാകുകയും ക്രമേണ മഹാസമുദ്രത്തിന്റെ ഭാഗമായിത്തീരുകയും ചെയ്യുന്നു. അതുവരെ, എന്തായാലും മഞ്ഞുമലകളെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം.
മഞ്ഞുമലകൾ നമ്മുടെ ജീവിതത്തെ ബാധിക്കുന്ന വിധം
ജീവസന്ധാരണത്തിനു കടലിനെ ആശ്രയിക്കുന്ന മുക്കുവന്മാരുടെ നോട്ടത്തിൽ മഞ്ഞുമലകൾ വെറും ശല്യക്കാരും അപകടകാരികളുമാണ്. “മഞ്ഞുമലകൾ വിനോദസഞ്ചാരികൾക്കു പ്രിയപ്പെട്ടവയായിരിക്കാം, എന്നാൽ മുക്കുവന്മാർക്ക് അവ ഒരു ഭീഷണി തന്നെയാണ്” എന്നാണ് ഒരു മുക്കുവൻ പറഞ്ഞത്. ചിലപ്പോൾ തങ്ങളുടെ വലയിൽ കുടുങ്ങിയതെന്താണെന്നു പരിശോധിക്കുന്ന മുക്കുവന്മാർ കാണുന്നത് വേലിയേറ്റമോ വേലിയിറക്കമോ സമുദ്രജലപ്രവാഹമോ ഒഴുക്കിക്കൊണ്ടുവന്ന ഒരു മഞ്ഞുമല തങ്ങളുടെ വിലപ്പെട്ട വലയേയും അതിൽ കുടുങ്ങിയവയേയും നശിപ്പിച്ചിരിക്കുന്നതാണ്.
മഞ്ഞുമലകൾ ആദരിക്കപ്പെടേണ്ടവയാണ്. “നിങ്ങൾ അവയിൽനിന്നു വേണ്ടത്ര അകലം പാലിക്കണം. തീരെ പ്രവചനാതീതമായവയാണു മഞ്ഞുമലകൾ! ഉയരമുള്ളവയിൽനിന്നു കൂറ്റൻ ഭാഗങ്ങൾ അടർന്നുവരാം, അല്ലെങ്കിൽ അവയുടെ അടിഭാഗത്തു ചെന്നിടിക്കുമ്പോൾ വലിയ കഷണങ്ങൾ അടർന്നു നിങ്ങളുടെ നേർക്കു തെറിച്ചുവരാം. കൂടാതെ മഞ്ഞുമലകൾ തനിയെ കറങ്ങുകയും ഉരുളുകയും ചെയ്യാനിടയുണ്ട്. ഇവയെല്ലാം അവയോടു കൂടുതൽ അടുത്തു യാത്ര ചെയ്യുന്നവർക്ക് ആപത്കരമായേക്കാം!” എന്നാണ് ഒരു പായ്ക്കപ്പലിലെ കപ്പിത്താന്റെ അഭിപ്രായം.
മഞ്ഞുമലകൾ കടൽത്തറകൾ തുടച്ചുമിനുക്കുന്നതാണ് ഉത്കണ്ഠയുളവാക്കുന്ന മറ്റൊരു സംഗതി. ഒരു നിരീക്ഷകൻ ഇങ്ങനെ അഭിപ്രായപ്പെടുന്നു: “ഒരു മഞ്ഞുമലയുടെ അടിഭാഗം കടലിന്റെ അടിത്തട്ടിൽ മുട്ടിയാണു നിൽക്കുന്നതെങ്കിൽ അത് ആഴമുള്ള നീണ്ട ചാലുകൾ കീറുമെന്നു പറയപ്പെടുന്നു. എണ്ണപര്യവേക്ഷണം നടക്കുന്ന പ്രദേശങ്ങളിൽ ഇത്തരം പ്രവർത്തനമുണ്ടായാൽ അത് എണ്ണക്കിണറുകളുടെ മുകളിൽ നിർമിച്ചിരിക്കുന്നവപോലെ, കടൽത്തറയിൽ സ്ഥാപിച്ചിരിക്കുന്ന യന്ത്രോപകരണങ്ങളെ തകർത്തുകളയാനിടയുണ്ട്.”
മഞ്ഞുമലകൾ ഇല്ലാതിരിക്കുകയാണു ഭേദം എന്നു നിങ്ങൾ ഇപ്പോൾ വിചാരിക്കുന്നുണ്ടാവും. എന്നാൽ മഞ്ഞുമലയുടെ കഥ ഒരിക്കലും പൂർണമായി അശുഭകരമല്ല. ഒരു ന്യൂഫൗണ്ട്ലാൻഡുകാരൻ പറഞ്ഞതു കേൾക്കൂ: “വളരെക്കാലം മുമ്പ്, ശീതീകരണം ഒരു സാധാരണസംഗതി അല്ലാതിരുന്ന കാലത്ത് ചില കൊച്ചു തീരദേശഗ്രാമങ്ങളിലെ ആളുകൾ മഞ്ഞുമലയുടെ ചെറിയ കഷണങ്ങൾ പിടിച്ചെടുത്ത് കിണറ്റിലെ വെള്ളത്തിലിടുമായിരുന്നു. വെള്ളം ഐസു പോലെ തണുത്തതാക്കി സൂക്ഷിക്കാൻ വേണ്ടിയായിരുന്നു ഇങ്ങനെ ചെയ്തിരുന്നത്. വീടുകളിൽ ഐസ്ക്രീമുണ്ടാക്കുന്നതിനായി മഞ്ഞുമലയുടെ ചെറിയ കഷണങ്ങൾ അറക്കപ്പൊടിയിട്ട അറകളിൽ സൂക്ഷിച്ചു വെക്കുന്നതു മറ്റൊരു രീതിയായിരുന്നു.”
ഒഴുകിനടക്കുന്ന ഈ കൂറ്റൻ ഹിമപർവതങ്ങളിൽ ആകൃഷ്ടരാകുന്നതു പ്രത്യേകിച്ചും വിനോദസഞ്ചാരികളാണ്. ഈ സമുദ്രരാക്ഷസന്മാരെ വേണ്ടുവോളം കണ്ടാസ്വദിക്കാൻവേണ്ടി ന്യൂഫൗണ്ട്ലാൻഡിന്റെ തീരെ നിരപ്പല്ലാത്ത തീരത്ത് അവർ നിരീക്ഷണസ്ഥലങ്ങൾ തിരയുന്നു. ആ നിമിഷം ഫിലിമിലാക്കുന്നതിന് ക്യാമറകൾ ക്ലിക്കുചെയ്യുന്നു.
മഞ്ഞുമലകളിൽ ഏതാണ്ട് സ്ഥിരമായ അടിസ്ഥാനത്തിൽതന്നെ ശുദ്ധമായ ദാഹജലം ലഭിക്കാനുള്ള സാധ്യതയുണ്ട്. മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തവിധം ജലമലിനീകരണമുള്ള ഇക്കാലത്ത് മഞ്ഞുമലയിൽനിന്നെടുക്കുന്ന വെള്ളം സ്വേദനം (ഡിസ്റ്റിൽ) ചെയ്ത് കുപ്പികളിലാക്കുക എന്നത് സംഭവ്യമായ ഒരു ധീരനടപടി ആയിത്തീർന്നേക്കാം. വൻതോതിൽ ചെയ്യുമ്പോൾ, ഒരു ഭീമാകാരമായ “മഞ്ഞുകട്ട”യുടെ സ്ഥാനം നിർണയിച്ച് അതു സംസ്കരിക്കുന്നതിനായി തുറമുഖത്തെത്തിക്കുക എന്നത് ഒരു നിസ്സാരകാര്യമാണെന്നു തോന്നിയേക്കാം. വാസ്തവത്തിൽ, ആരും തുനിഞ്ഞിറങ്ങാൻ മടിക്കുന്ന ഭീമമായ ഒരു വെല്ലുവിളിയാണ് ഇന്നോളമത്.
യഹോവയുടെ സൃഷ്ടിയിലെ ഒരു അത്ഭുതം
ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവു ചോദിക്കുന്നു: ‘ആരുടെ ഗർഭത്തിൽനിന്നു ഹിമം പുറപ്പെടുന്നു?’ (ഇയ്യോബ് 38:29) എലീഹൂവിന് അറിയാമായിരുന്നു, കാരണം അവൻ മുമ്പ് ഇങ്ങനെ പറഞ്ഞിരുന്നു: ‘ദൈവത്തിന്റെ ശ്വാസംകൊണ്ടു നീർക്കട്ട ഉളവാകുന്നു.’—ഇയ്യോബ് 37:10.
അതുകൊണ്ട് കടലിലെ ഉന്നതങ്ങളായ, വെട്ടിത്തിളങ്ങുന്ന ഈ അത്ഭുതങ്ങൾ കാണുമ്പോൾ നാം അവയെ അവിടെ ആക്കിയ സ്രഷ്ടാവിനെ സ്മരിക്കുന്നു. സങ്കീർത്തനക്കാരനെപ്പോലെ നാം പറയുന്നു: “യഹോവേ, നിന്റെ പ്രവൃത്തികൾ എത്ര പെരുകിയിരിക്കുന്നു! ജ്ഞാനത്തോടെ നീ അവയെ ഒക്കെയും ഉണ്ടാക്കിയിരിക്കുന്നു; ഭൂമി നിന്റെ സൃഷ്ടികളാൽ നിറഞ്ഞിരിക്കുന്നു.” അവൻ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: ‘നിന്റെ പ്രവൃത്തികൾ അത്ഭുതകരമാകുന്നു.’—സങ്കീർത്തനം 104:24; 139:14.
അതേ, യഹോവ വിസ്മയങ്ങൾ സൃഷ്ടിക്കുന്നവനാണ്. അവനെ നന്നായി അറിയാൻ നാമെത്രയധികം ആഗ്രഹിക്കുന്നു! അവന്റെ വചനത്തിൽ ശ്രദ്ധിക്കുന്നതിനാൽ നമുക്കങ്ങനെ ചെയ്യാൻ കഴിയും.—റോമർ 11:33.
[18-ാം പേജിലെ ചതുരം]
അന്താരാഷ്ട്ര ഐസ് പട്രോൾ
ടൈറ്റാനിക് യാത്രക്കപ്പൽദുരന്തത്തിനു ശേഷം, മഞ്ഞുമലകളുടെ സ്ഥാനം നിർണയിക്കുന്നതിനും സമുദ്രത്തിലെ പ്രവാഹങ്ങളുടെയും കാറ്റിന്റെയും ഗതിയെ ആശ്രയിച്ചുള്ള അവയുടെ ചലനങ്ങളെപ്പറ്റി മുൻകൂട്ടിപറയുന്നതിനും പൊതുജനങ്ങൾക്കു മുന്നറിയിപ്പുകൊടുക്കുന്നതിനുംവേണ്ടി 1914-ൽ അന്താരാഷ്ട്ര ഐസ് പട്രോൾ (ഐഐപി) സ്ഥാപിക്കപ്പെട്ടു. കടലിലെ ഈ പളുങ്കുരാക്ഷസന്മാരിൽനിന്നു രക്ഷനേടുക എന്ന ലക്ഷ്യത്തിൽ ഐസിന്റെ എല്ലാ ഗുണങ്ങളെപ്പറ്റിയുമുള്ള അറിവു ശേഖരിക്കാൻ എല്ലാ ശ്രമങ്ങളും ചെലുത്തപ്പെട്ടു. ഇതിനുപയോഗിക്കുന്ന സാങ്കേതികവിദ്യയിൽ വ്യോമയാനങ്ങളിൽനിന്നു മനുഷ്യർ നേരിട്ടും റഡാർ ഉപയോഗിച്ചും നടത്തുന്ന നിതാന്തമായ കാവലും വാണിജ്യക്കപ്പലുകളിൽ നിന്നുള്ള മഞ്ഞുമലകൾ കണ്ടതായുള്ള റിപ്പോർട്ടുകളും ഉപഗ്രഹ ഫോട്ടോഗ്രഫിയും സമുദ്രവിജ്ഞാനം ഉപയോഗിച്ചുള്ള വിശകലനവും പ്രവചനങ്ങളും ഉൾപ്പെടുന്നു.
[16, 17 പേജുകളിലെ ചിത്രം]
സ്തൂപികാകൃതിയിലുള്ളത്
കമാനാകൃതി യിലുള്ളത്
അഗ്രം പരന്നത്