ട്രിനിഡാഡ് അത് നാല് ദിവസത്തിനുള്ളിൽ പണിയുന്നു!
“നിങ്ങൾക്ക് ആ സദാ കെട്ടിടം നാല് ദിവസത്തിനുള്ളിൽ പണിയാമെങ്കിൽ, നിങ്ങൾക്ക് വേണ്ടിടത്തോളം ഐസ് ഞാൻ നിങ്ങൾക്ക് സൗജന്യമായി തരാം!” വെറും നാലു ദിവസത്തിനുള്ളിൽ യഹോവയുടെ സാക്ഷികളുടെ തദ്ദേശസഭ സമീപപ്രദേശത്ത് ഒരു രാജ്യഹോൾ പണിയാൻ ശ്രമിക്കുകയാണെന്ന് കേട്ടപ്പോൾ ഐസ് കച്ചവടക്കാരൻ നടത്തിയ വെല്ലുവിളിപരമായ വാഗ്ദാനം അതായിരുന്നു. അവർക്ക് അതിന് സാദ്ധ്യമല്ല എന്ന് പന്തയം വെക്കാനും അയാൾ ഒരുക്കമായിരുന്നു. എന്തു പറഞ്ഞാലും ഇത് ട്രിനിഡാഡാണ്. ഇവിടെ നിർമ്മാണ വ്യവസായത്തിൽ കാലതാമസം വരുത്തുന്നത് സാധാരണയാണ്. മാത്രമല്ല, സിപര്യാ സഭയ്ക്കു 72 അംഗങ്ങൾ മാത്രമേയുള്ളു. യഹോവയുടെ സാക്ഷികൾ പന്തയം വെക്കാത്തതിനാൽ, വിയർക്കുന്ന 300 സന്നദ്ധ വേലക്കാർക്കുവേണ്ടി ശീതളപാനീയങ്ങൾ ഉണ്ടാക്കാൻ ആ കച്ചവടക്കാരനിൽനിന്ന് വേണ്ടിടത്തോളം ഐസ് വാങ്ങി. അതിനുശേഷം അവർ വേലയ്ക്കു പോവുകയും ചെയ്തു—യെശയ്യാവ് 65:11.
അവർക്ക് അത് ചെയ്യാൻ കഴിഞ്ഞോ? കഴിയുമെന്ന് അവർക്ക് അറിയാമായിരുന്നു. എന്തായിരുന്നാലും, കഴിഞ്ഞ ആറുമാസമായി അവർ ഈ പദ്ധതികൾക്കുവേണ്ടി ആസൂത്രണം ചെയ്യുകയായിരുന്നു. ഒരു മാസം മുമ്പ് അടിസ്ഥാനമിട്ടു. അപ്പോൾ ചില പൈപ്പിന്റെയും വൈദ്യുതിയുപകരണങ്ങളുടെയും സ്ഥാപിക്കൽ നടന്നു, ആവശ്യമുള്ള വസ്തുവകകളെല്ലാം പണിസ്ഥലത്ത് സംഭരിച്ചുവെക്കുകയും ചെയ്തു.
ആയിരത്തിത്തൊള്ളായിരത്തി എൺപത്തിയഞ്ച് മെയ് 17, വെള്ളിയാഴ്ച വൈകുന്നേരം വേല തുടങ്ങി. പണിസ്ഥലത്ത് നൂറിലധികം സന്നദ്ധവേലക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ അയൽക്കാർ ജിജ്ഞാസയോടെ നിരീക്ഷിക്കുകയായിരുന്നു. മെയ് 18, ശനിയാഴ്ച സൂര്യൻ ഉദിച്ചപ്പോൾ ചട്ടക്കൂട് പൂർത്തിയാവുകയും മേൽക്കൂരയുടെ ആവരണം തുടങ്ങുകയും ചെയ്തു; കൂടാതെ, കല്പണിക്കാർ കട്ട പണിയാനും തുടങ്ങി. മദ്ധ്യാഹ്നത്തോടെ മേൽക്കൂരയുടെ പണി തീർന്നു, സ്റ്റേജ് സ്ഥാപിക്കുകയും തികച്ചും ഈടുറ്റ ഒരു സൈൻ ബോർഡ് പ്രത്യക്ഷപ്പെടുകയും ചെയ്തു:
രാജ്യഹോൾ നിർമ്മാണം,
നിർമ്മാണ സമയത്തിന്റെ കണക്ക്—4 ദിവസം
മെയ് 18, 19, 25, 26
എന്നാൽ ഈ വേലക്കാർ ആരായിരുന്നു? വേലക്കാരുടെ ഈ സംഘത്തിൽ തികച്ചും വ്യത്യസ്ത പശ്ചാത്തലങ്ങളോടുകൂടിയ ആളുകളായിരുന്നു ഉണ്ടായിരുന്നത്. ഏറെക്കുറെ ശസ്ത്രക്രിയയിലെ കൃത്യതയോടെ പെയ്ൻറു ചെയ്യുന്ന ഒരു യുവ ഡോക്ടർ ഉണ്ടായിരുന്നു. സ്റ്റേജ് പണിയുന്ന ആ സ്ത്രീയെ സംബന്ധിച്ചെന്ത്? അവൾ നിത്യവൃത്തിക്കുവേണ്ടി ഒരു ടാക്സി ഓടിക്കുന്ന ഏകാകിയായ ഒരു മാതാവാണ്. അടുത്ത കാലത്ത് കല്പണി സംബന്ധമായ തന്റെ പഠനം പൂർത്തിയാക്കിയ ഒരു സാങ്കേതിക ബിരുദധാരിയുടെ കൂടെ പണിതുകൊണ്ടിരുന്നത് 40 വർഷമായി വ്യാപാരത്തിലായിരിക്കുന്ന ഒരു കല്പണിക്കാരനാണ്. ഭക്ഷണം പാകം ചെയ്യുന്നതിലും ഓട കുഴിക്കുന്നതിലും കട്ട കൊണ്ടുവരുന്നതിലും ചാന്ത് നിർമ്മിക്കുന്നതിലും ഉൾപ്പെട്ടിരുന്ന നിരവധി സ്ത്രീകളെക്കുറിച്ചും നാം പറയേണ്ടിയിരിക്കുന്നു.
പൊതുജനങ്ങൾ എങ്ങനെയാണ് പ്രതികരിച്ചത്? വെള്ളം തീർന്നുപോവുകയും ചാന്തിന്റെ പണി തുടരുന്നത് അസാദ്ധ്യമാണെന്ന് കാണുകയും ചെയ്തപ്പോൾ അടുത്തുള്ള അഗ്നിശമന വകുപ്പിലെ തലവൻ, ഇവരുടെ പ്രവർത്തനം കണ്ടിട്ട്, രാത്രിയിൽ മൂന്നു പ്രാവശ്യം വെള്ളം നൽകാൻ ഒരു അഗ്നിശമനയന്ത്രം വിട്ടുകൊടുത്തു. ഇവിടെ നടക്കുന്ന കാര്യങ്ങൾ വന്നു കാണാൻ അദ്ദേഹം കൂട്ടുക്കാരെ കൂട്ടിക്കൊണ്ടുവരുകപോലും ചെയ്തു. ഹോൾ ഇരിക്കുന്ന തെരുവിന്റെ മറുവശത്തുള്ള ഒരു സ്ത്രീ തന്റെ വീട്ടിൽ സാധനങ്ങൾ സൂക്ഷിച്ചുവെക്കാൻ ദയാദാക്ഷിണ്യത്തോടെ സാക്ഷികളെ അനുവദിച്ചു. അവൾ ഹോളിൽ നടന്ന ആദ്യയോഗത്തിന് ഹാജരാവുകയും ചെയ്തു.
ആദ്യം പ്രസ്താവിച്ച നമ്മുടെ ഐസ് കച്ചവടക്കാരനെ സംബന്ധിച്ചെന്ത്? രണ്ടാം ദിവസത്തോടെ, ഐസ് മുഴുവൻ ഉപയോഗിച്ചു തീർന്നു. എന്നാൽ അതിനോടകം എന്തെല്ലാം സംഭവിച്ചെന്ന് അയാൾ കാണുകയും കൂടുതൽ ഐസ് വാങ്ങാൻ അയാൾ സാക്ഷികൾക്ക് പണം വാഗ്ദാനം ചെയ്യുകയും ചെയ്തു. അതെ, യഹോവയുടെ സാക്ഷികൾക്ക് അത് ചെയ്യാൻ കഴിയുമെന്ന് ഇപ്പോൾ അയാൾ വിശ്വസിക്കുന്നുണ്ട്! (g86 3/8)