ഞങ്ങളുടെ വായനക്കാരിൽ നിന്ന്
കാണാതാകുന്ന കുട്ടികൾ “കാണാതാകുന്ന കുട്ടികൾ—ഈ ദുരന്തം എന്നവസാനിക്കും?” (ഫെബ്രുവരി 8, 1995) എന്ന ലേഖന പരമ്പര വായിച്ചുകഴിഞ്ഞപ്പോഴേക്കും എന്റെ കവിളിലൂടെ കണ്ണീർ ഒഴുകുകയായിരുന്നു. ആ ലേഖനങ്ങളിൽ വിവരിച്ച ചില അനുഭവങ്ങൾ എന്റേതിനോടു സമാനമായിരുന്നു. സഹിക്കാനുള്ള ശക്തി നൽകിയതിനു ഞാൻ യഹോവയ്ക്കു നന്ദി പറയുന്നു. ആളുകൾ മേലാൽ അത്തരം തിൻമകൾ അനുഭവിക്കാത്ത ഒരു പറുദീസയെക്കുറിച്ചുള്ള പ്രത്യാശ അവന്റെ വചനത്തിലൂടെ എനിക്കു ലഭിച്ചിരിക്കുന്നു.
റ്റി. ഒ., ബ്രസീൽ
ജപ്പാൻകാരനായ തടവുകാരൻ “‘ആറ്റംബോംബ്’ എന്റെ പിതാവിനെ ‘തടവിൽനിന്നു പുറത്തുചാടിച്ചു’” എന്ന ലേഖനത്തിന്റെ വായന എനിക്കു പ്രോത്സാഹനമേകി. (ഒക്ടോബർ 8, 1994) ഞാൻ അടുത്തകാലത്തു സ്നാപനമേറ്റ ഒരു ക്രിസ്ത്യാനിയാണ്. ഞാൻ പരിശോധനയിൻ കീഴിൽ നിർമലത നിലനിർത്തുമോയെന്ന് പലപ്പോഴും അതിശയിച്ചിട്ടുണ്ട്. കറ്റ്സുവോ മ്യൂറയുടെ പാറ സമാനമായ വിശ്വാസത്തെക്കുറിച്ചു വായിച്ചപ്പോൾ ശക്തമായ വികാരങ്ങൾ എന്റെയുള്ളിൽ നുരഞ്ഞുപൊന്തി. എന്റെ വിശ്വാസത്തിൽ എന്താണു കുറവുള്ളതെന്നു മനസ്സിലാക്കാൻ അതെന്നെ സഹായിച്ചു—യഹോവയാം ദൈവത്തെ ഞാൻ എന്റെ വിശ്വാസത്തിന്റെ ഉറവാക്കേണ്ടതുണ്ടെന്നുള്ളതുതന്നെ.
കെ. റ്റി., ജപ്പാൻ
ജനിതകം സ്കൂളിൽ ഞങ്ങൾ ജനിതക കോഡിനെക്കുറിച്ചു ചർച്ചചെയ്യുകയായിരുന്നു. “മനുഷ്യ ജനിതകം—നിങ്ങളെ ‘നിങ്ങൾ’ ആക്കുന്നത്” (മാർച്ച് 22, 1995) എന്ന വിഷയത്തെപ്പറ്റിയുള്ള മാസിക എന്റെ അഭ്യാസ ബുക്കിൽ വെച്ചുകൊണ്ടുപോകാനുള്ള അവസരമായി ഞാൻ അതിനെ കണ്ടു. ഞങ്ങളുടെ സയൻസ് ടീച്ചർ എന്നോടൊപ്പം ലേഖനം വിശകലനം ചെയ്തു. ഒരു ജീവശാസ്ത്ര പണ്ഡിതയായ താൻ വർഷങ്ങളോളം ഡിഎൻഎ-യെക്കുറിച്ചു പഠനം നടത്തിയിട്ടുണ്ടെങ്കിലും ആ ലേഖനം അത്രമാത്രം ഗഹനമായിരിക്കുന്നതിൽ തനിക്കു മതിപ്പുതോന്നിയെന്ന് അവർ എന്നോടു പറഞ്ഞു.
പി. എൻ., ഇറ്റലി
ഒരു സങ്കീർണ വിഷയം സുഗ്രാഹ്യമായ പദങ്ങളിൽ എങ്ങനെ വിശദീകരിക്കാമെന്ന് ആ ലേഖനങ്ങൾ കാണിച്ചുതന്നു. ജീവശാസ്ത്ര ക്ലാസ്സിൽ ഞാൻ പഠിച്ചുകൊണ്ടിരിക്കുന്ന വിഷയം കൂടുതൽ നന്നായി മനസ്സിലാക്കാൻ അതെന്നെ പ്രാപ്തയാക്കി. എന്നാൽ, ലേഖകൻ, പ്രസാധകൻ തുടങ്ങിയ പരാമർശ വിവരങ്ങൾ നിങ്ങൾ നൽകാത്തതുകൊണ്ട് ലേഖനത്തിലെ ഉദ്ധരണികൾ എനിക്ക് ഉപയോഗപ്പെടുത്താൻ കഴിയുന്നില്ല.
എം. ജി., ജർമനി
സ്ഥല പരിമിതി നിമിത്തം സാങ്കേതികവും ശാസ്ത്രീയവുമായ ആനുകാലിക പത്രികകൾ മിക്കപ്പോഴും ചെയ്യുന്നതുപോലെ ലൗകിക പരാമർശങ്ങളുടെ ലിസ്റ്റുകൾ സാധാരണമായി ഞങ്ങൾ പ്രസിദ്ധീകരിക്കാറില്ല. “ഉണരുക!” പ്രൊഫഷണലായിട്ടുള്ളവർക്കുവേണ്ടി മാത്രമുള്ളതായിരിക്കാതെ പൊതുജനങ്ങൾക്കുവേണ്ടി എഴുതുന്നതാകയാൽ ഗ്രന്ഥസൂചകമായ അത്തരം വിവരങ്ങളിൽ താരതമ്യേന കുറച്ചുപേർക്കേ താത്പര്യമുണ്ടായിരിക്കുകയുള്ളൂ എന്നാണു ഞങ്ങളുടെ അനുമാനം.—പത്രാധിപർ
സ്വവർഗസംഭോഗം ഞാനൊരു ശുശ്രൂഷാദാസനും പയനിയറും, അതായത് ഒരു മുഴുസമയ ശുശ്രൂഷകനുമായിട്ടു സേവനം അനുഷ്ഠിക്കുന്നു. സ്വവർഗസംഭോഗത്തെപ്പറ്റിയുള്ള “യുവജനങ്ങൾ ചോദിക്കുന്നു . . .” ലേഖനങ്ങൾ എനിക്കുവേണ്ടി എഴുതിയതുപോലെ തോന്നുന്നു! (ഫെബ്രുവരി 8, ഫെബ്രുവരി 22, മാർച്ച് 22, 1995) എന്റെ കൗമാരപ്രായത്തിന്റെ ആദ്യവർഷങ്ങളിലും മധ്യവർഷങ്ങളിലും ഞാൻ സ്വവർഗസംഭോഗത്തെക്കുറിച്ച് അന്വേഷണം നടത്തി. ഞാൻ അതു നിർത്തിയെങ്കിലും അന്നുമുതൽ ഈ വികാരങ്ങളോടു പോരാടുന്നതു വിഷമകരമായി ഞാൻ കണ്ടെത്തി. എന്നാൽ ഈ ലേഖനങ്ങൾ വായിച്ചതോടെ എന്റെ വികാരങ്ങൾ ഒടുവിൽ എനിക്കു മനസ്സിലായി. പോരാട്ടം തുടരുന്നതിനുള്ള സഹായം എനിക്കു ലഭിച്ചിരിക്കുന്നു!
പേരു പറയുന്നില്ല, ഡെൻമാർക്ക്
താരുണ്യം മുതൽതന്നെ എനിക്കു സ്വവർഗസംഭോഗ വികാരങ്ങൾ ഉണ്ടായിട്ടുണ്ട്. ഞാൻ ഒരു ക്രിസ്ത്യാനിയായി വളർത്തപ്പെട്ടതുകൊണ്ട് ഈ വികാരങ്ങൾ എന്നെ സംബന്ധിച്ചിടത്തോളം യഥാർഥത്തിൽ സംഭ്രാന്തി ജനിപ്പിക്കുന്നതായിരുന്നു. എനിക്കു വളരെയധികം ലജ്ജയും സംഭ്രാന്തിയും തോന്നിയതുകൊണ്ട് എനിക്ക് ഒരിക്കലും ആരിലും ആശ്രയം കണ്ടെത്താൻ കഴിഞ്ഞില്ല, എന്റെ സ്വന്തം മാതാപിതാക്കളിൽപ്പോലും. ഞാൻ ഇപ്പോൾ സുന്ദരിയായ ഒരു സ്ത്രീയെ വിവാഹം കഴിച്ചിരിക്കുന്നു. എങ്കിലും ഇടയ്ക്കിടയ്ക്കു തെറ്റായ ആഗ്രഹങ്ങൾ എനിക്കുണ്ടാകാറുണ്ട്. ഒടുവിൽ ഭാര്യയോടു ഞാൻ എന്റെ രഹസ്യം പറഞ്ഞു. സഭാ മൂപ്പൻമാരുമായി സംസാരിക്കാൻ അവൾ എന്നെ പ്രോത്സാഹിപ്പിച്ചു. അവർ വളരെയധികം മനസ്സിലാക്കുന്നവരും പിന്തുണ നൽകുന്നവരും ആയിരുന്നു. ഈ വികാരങ്ങളുമായി മല്ലടിക്കുന്ന ഏതൊരാളോടും എനിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് ഇതായിരിക്കും: അത് ഒരു രഹസ്യമായി വയ്ക്കരുത്. നിങ്ങളുടെ ഇണയോടോ മാതാപിതാക്കളോടോ ഒരു മൂപ്പനോടോ ആശ്രയിക്കാവുന്ന ഒരു സുഹൃത്തിനോടോ അതു പറയുക—അത് ഉള്ളിൽ ഒതുക്കിവെക്കരുത്.
പേരു പറയുന്നില്ല, ഐക്യനാടുകൾ
ബാല്യംമുതൽ ഞാൻ ലൈംഗിക ദുഷ്പെരുമാറ്റം അനുഭവിച്ചിട്ടുണ്ട്. സ്നേഹമോ വാത്സല്യമോ ഒന്നും ഒരിക്കലും എനിക്കു ലഭിച്ചിട്ടില്ല. ഞാൻ സ്വവർഗസംഭോഗം ഒരു ശീലമാക്കി. എന്നാൽ സ്വവർഗസംഭോഗപരമായ മനോഭാവങ്ങൾ ഉളവാക്കുന്ന ലജ്ജ, വേദന, ദുഃഖം, നിരാശ എന്നിവ യുവജനങ്ങൾ ഒന്നു മനസ്സിലാക്കിയിരുന്നെങ്കിൽ അവർ അവയിൽനിന്ന് ഓടിപ്പോകുമായിരുന്നു. ഈ വിഷയത്തെക്കുറിച്ചു സംസാരിക്കുന്നതുതന്നെ പലരും ഒഴിവാക്കുന്നു, എന്നാൽ നിങ്ങൾ അതു വ്യക്തമായ രീതിയിൽ കൈകാര്യം ചെയ്തു. അത്തരം വിഷയങ്ങൾ പ്രസിദ്ധീകരിക്കുന്നതിനു ഞാൻ നിങ്ങൾക്ക് അകമഴിഞ്ഞ നന്ദി പറയുന്നു.
പേരു പറയുന്നില്ല, ബ്രസീൽ