ക്രിസ്മസ്—അതിന്റെ ഉത്ഭവം
ഇറ്റലിയിലെ ഉണരുക! ലേഖകൻ
ക്രിസ്മസ് ആഘോഷം ബൈബിളിൽ വേരൂന്നിയതല്ലെന്ന് 1993-ലെ ക്രിസ്മസിനു വെറും മൂന്നു ദിവസം മുമ്പ് ജോൺ പോൾ രണ്ടാമൻ പാപ്പാ സമ്മതിച്ചുപറയുകയുണ്ടായി. ഡിസംബർ 25-ാം തീയതിയെക്കുറിച്ച് പാപ്പാ ഇപ്രകാരം സമ്മതിച്ചുപറഞ്ഞു: “മകര സംക്രാന്തിയുമായി ഏകകാലികമായി വരത്തക്കവണ്ണം ആ പുരാതന പുറജാതി ദിവസത്തിൽ ‘അജയ്യനായ സൂര്യന്റെ’ ജന്മദിനം കൊണ്ടാടിയിരുന്നു.” അപ്പോൾ, ക്രിസ്മസ് എങ്ങനെയാണ് ആരംഭിച്ചത്? പാപ്പാ ഇപ്രകാരം തുടർന്നു: “ആ ആഘോഷത്തിന്റെ സ്ഥാനത്ത് യഥാർഥത്തിലുള്ള ഒരേയൊരു സൂര്യനായ യേശുക്രിസ്തുവിന്റെ ആഘോഷം കൊണ്ടാടുന്നതു സയുക്തികവും സ്വാഭാവികവുമാണെന്നു ക്രിസ്ത്യാനികൾക്കു തോന്നി.”
എഴുത്തുകാരനായ നെലോ അജെല്ലൊ ലാ റിപ്പബ്ലിക്കയിൽ ഇങ്ങനെ എഴുതി: “മറ്റു വാക്കുകളിൽ പറഞ്ഞാൽ, സാങ്കൽപ്പികവും കെട്ടിച്ചമച്ചതുമായ ഒരു തെറ്റായ തീയതിയിലാണു യേശു ജനിച്ചതെന്ന് ആരോ പ്രഖ്യാപിച്ചു.” എപ്പോഴാണ് ഈ കെട്ടിച്ചമയ്ക്കൽ നടന്നത്? വത്തിക്കാനിൽനിന്നുള്ള ഒരു പത്രക്കുറിപ്പ് ഇപ്രകാരം പ്രസ്താവിച്ചു: “ക്രിസ്മസ് ആദ്യമായി ആഘോഷിക്കപ്പെട്ടത് [പൊ.യു.] 354-ൽ ആണ്.”
നവജാതനായ യേശുവിനെ സന്ദർശിക്കാൻ വേണ്ടിയുള്ള വിദ്വാൻമാരുടെ വരവിന്റെ ഓർമ കൊണ്ടാടുന്ന, ജനുവരി 6-ാം തീയതിയിലെ ക്രിസ്തുപ്രസന്നതിരുനാളിനെ സംബന്ധിച്ചെന്ത്? പത്രക്കുറിപ്പ് ഇപ്രകാരം തുടർന്നു പറഞ്ഞു: “യേശുവിന്റെ ജനനം കൊണ്ടാടാൻ ഡിസംബർ 25 റോമാക്കാർ വിശേഷദിവസമായി തിരഞ്ഞെടുത്തതുപോലെ, ജനുവരി 6-ന്റെ തിരഞ്ഞെടുപ്പിലും പുറജാതീയ വാർഷികത്തിന്റെ സ്വാധീനമുണ്ടെന്നു നമുക്കു വിശ്വസിക്കാൻ വളരെയധികം തെളിവുണ്ട്. വാസ്തവത്തിൽ, അലക്സാണ്ട്രിയയിൽ ജനുവരി 5-നും 6-നും ഇടയ്ക്കുള്ള രാത്രിയിൽ പുറജാതീയർ എയോൺ ദേവന്റെ (കാലത്തിന്റെയും നിത്യതയുടെയും ദേവൻ) ജന്മദിനം കൊണ്ടാടാറുണ്ടായിരുന്നു. . . . സഭ ഈ ആഘോഷത്തെ ക്രിസ്തീയവൽക്കരിക്കാൻ ആഗ്രഹിച്ചു എന്നു തോന്നുന്നു.”
സത്യാരാധനയെ പുറജാതി ആചാരങ്ങളുമായി കൂട്ടിക്കലർത്താൻ യേശു ഒരിക്കലും തന്റെ അനുഗാമികളെ അധികാരപ്പെടുത്തിയില്ല. പകരം “ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും” ഉപദേശിക്കാനാണ് അവൻ അവരോടു പറഞ്ഞത്. (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) (മത്തായി 28:19, 20) കൂടാതെ, തന്റെ നാളിലെ മതനേതാക്കൻമാരുമായി ഏറ്റുമുട്ടിയപ്പോൾ യേശു അവരോടു ചോദിച്ചു: “പാരമ്പര്യം സംരക്ഷിക്കാനായി നിങ്ങൾ ദൈവകൽപ്പന ലംഘിക്കുന്നതെന്തിനാണ്?” (മത്തായി 15:3, പുതിയ സാർവദേശീയ ഭാഷ്യം, ഇംഗ്ലീഷ്) ഇന്നു പുറജാതീയ ആചാരങ്ങൾ നിലനിർത്തിക്കൊണ്ടുപോകുന്ന നാമധേയ ക്രിസ്ത്യാനികളെക്കുറിച്ച് അതേ ചോദ്യംതന്നെ ചോദിക്കാവുന്നതാണ്.