ഒരു മികച്ച വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന സംഗതികൾ
അടുത്തയിടെ ദ ന്യൂയോർക്ക് ടൈംസ് അതിന്റെ മുൻപേജിൽ തന്നെ 16 വയസ്സുള്ള ലതോയാ എന്ന ഹൈസ്കൂൾ വിദ്യാർഥിനിയുടെ കഥ പ്രസിദ്ധീകരിച്ചു. 11 വയസ്സുണ്ടായിരുന്നപ്പോൾ സ്വന്തം പിതാവ് അവളെ മർദിക്കാനും ലൈംഗികമായി ദ്രോഹിക്കാനും തുടങ്ങി എന്നവൾ പറഞ്ഞു. മയക്കുമരുന്നുകൾ ഉപയോഗിക്കുമായിരുന്ന അവളുടെ അമ്മ കുടുംബത്തെ ഉപേക്ഷിച്ചുപോയിരുന്നു. “വീട്, കക്കൂസുപോലുമില്ലാത്ത ഉപേക്ഷിക്കപ്പെട്ട ഒരു കെട്ടിടം അഥവാ അവൾ കിടന്നുറങ്ങാൻ വല്ലാതെ ഭയപ്പെട്ടിരുന്ന ഒരു മുറി ആയിരുന്നു”വെന്ന് ആ പത്രം വിശദീകരിച്ചു. എന്നാൽ ലതോയാ വ്യത്യസ്തയായിരുന്നു. ഇതെല്ലാമായിരുന്നിട്ടും ഈ വർഷാരംഭത്തിൽ അവൾ തന്റെ ഹൈസ്കൂളിലെ, കുട്ടികൾക്കുവേണ്ടിയുള്ള നാഷണൽ ഓണർ സൊസൈറ്റി എന്ന സംഘടനയുടെ പ്രസിഡണ്ടായിരുന്നു, ഉപരിപഠനക്ലാസുകളിൽ ബി ഗ്രേഡ് നിലനിർത്തുകയും ചെയ്തു.
മോശമായ പരിതസ്ഥിതികളിൽനിന്നാണു വരുന്നതെങ്കിലും വിദ്യാലയത്തിൽ നല്ല പ്രകടനം കാഴ്ചവയ്ക്കാൻ ഒരു കുട്ടിയെ സഹായിക്കാൻ എന്തിനു കഴിയും? പലപ്പോഴും നല്ല വിദ്യാഭ്യാസത്തിനുവേണ്ട ഒരടിസ്ഥാനഘടകം വിദ്യാർഥിയിൽ ഉത്തരവാദിത്വപൂർവം താത്പര്യമെടുക്കുന്ന, പിന്തുണ നൽകുകയും കുട്ടിയുടെ വിദ്യാഭ്യാസകാര്യങ്ങളിൽ കൂടുതൽ ഉൾപ്പെട്ടിരിക്കുകയും ചെയ്യുന്ന മുതിർന്ന ഒരാൾ—കുട്ടിയുടെ സ്വന്തം മാതാപിതാക്കളിലൊരാളോ രണ്ടുപേരുംകൂടിയോ ആയാൽ നന്ന്—ഉണ്ടായിരിക്കുക എന്നതാണ്. ഒരു മുതിർന്ന ഹൈസ്കൂൾ വിദ്യാർഥിനിക്ക് ഇതു വളരെ പ്രാധാന്യമുള്ളതായി തോന്നിയതുകൊണ്ട് അവൾ ഹൃദയപൂർവം ഇങ്ങനെ പറഞ്ഞു: “രക്ഷാകർത്താക്കളുടെ പിന്തുണയുണ്ടെങ്കിൽ മാത്രമേ കുട്ടികൾക്കു വിദ്യാലയത്തിൽ പിടിച്ചുനിൽക്കാൻ സാധിക്കുകയുള്ളൂ.”
ഒട്ടുമുക്കാലും അധ്യാപകർ ഇതിനോടു യോജിക്കുന്നു. “നല്ല പ്രകടനം കാഴ്ചവയ്ക്കുന്നവരും ഈ വിദ്യാഭ്യാസവ്യവസ്ഥയിൽനിന്നു ജയിച്ചുപോകുന്നവരുമായ ഓരോ വിദ്യാർഥിക്കും—അങ്ങനെയുള്ളവർ ധാരാളമുണ്ട്—അവരുടെ ഓരോ ചുവടുകൾക്കും തുണനിന്ന ഒരു രക്ഷിതാവുണ്ടായിരിക്കും” എന്ന് ന്യൂയോർക്ക് നഗരത്തിലെ ഒരധ്യാപകൻ ഉറപ്പിച്ചു പറഞ്ഞു.
രക്ഷാകർത്തൃ പിന്തുണ, ഒരു സുപ്രധാന ഘടകം
കഴിഞ്ഞ വർഷം റീഡേഴ്സ് ഡൈജസ്റ്റ് “ചില വിദ്യാർഥികൾ മറ്റുള്ളവരെക്കാൾ നല്ലപ്രകടനം കാഴ്ചവയ്ക്കുന്നതെന്തുകൊണ്ടാണ്?” എന്ന ചോദ്യത്തെക്കുറിച്ചു പഠനം നടത്തി. “കെട്ടുറപ്പുള്ള കുടുംബങ്ങൾ കുട്ടികൾക്കു വിദ്യാലയങ്ങളിൽ ഒരനുകൂല ഘടകമായിത്തീരുന്നു” എന്നതായിരുന്നു അവരെത്തിച്ചേർന്ന നിഗമനങ്ങളിലൊന്ന്. അത്തരം കുടുംബങ്ങളിലെ മാതാപിതാക്കൾ തങ്ങളുടെ കുട്ടികൾക്കു വാത്സല്യപൂർണമായ ശ്രദ്ധ നൽകുകയും ഉചിതമായ മൂല്യങ്ങളും ലക്ഷ്യങ്ങളും അവരിൽ വളർത്തിയെടുക്കുകയും ചെയ്യുന്നു. എന്നാൽ ഒരു രക്ഷാകർത്താവു പറഞ്ഞു: “വിദ്യാലയത്തിൽ നടക്കുന്ന കാര്യങ്ങൾ എന്താണെന്നറിയില്ലെങ്കിൽ നിങ്ങൾക്കു ശരിയായ മാർഗനിർദേശം കൊടുക്കാനാവില്ല.”
അതറിയാനുള്ള ഒരു നല്ല മാർഗം വിദ്യാലയം സന്ദർശിക്കുക എന്നതാണ്. പതിവായി സന്ദർശനങ്ങൾ നടത്താറുള്ള ഒരു മാതാവ് എഴുതി: “മോളുടെ സ്കൂളിന്റെ ഇടനാഴികളിൽകൂടി നടക്കുമ്പോൾ അശ്ലീലച്ചുവയുള്ള അസഭ്യസംസാരം കേൾക്കാം. എവിടെ നോക്കിയാലും കുട്ടികൾ പ്രേമാവേശത്തോടെ ചുംബിക്കുകയും തഴുകുകയും ചെയ്യുന്നതു കാണാം—ഒരു സിനിമയായിരുന്നെങ്കിൽ തീർച്ചയായും അതിനെ ‘മുതിർന്നവർക്കുമാത്രം’ എന്ന വിഭാഗത്തിൽ പെടുത്തിയേനേ.” ഇക്കാലത്ത് മികച്ച വിദ്യാഭ്യാസം ലഭിക്കുക എന്നതും സദാചാരപരമായ ഒരു ജീവിതം നയിക്കുക എന്നതും കുട്ടികളെ സംബന്ധിച്ചിടത്തോളം എത്ര പ്രയാസമാണെന്നതു വിലമതിക്കാൻ അത്തരം സന്ദർശനങ്ങൾ നിങ്ങളെ സഹായിച്ചേക്കാം.
അമേരിക്കയിലെ അധ്യാപകൻ 1994 (ഇംഗ്ലീഷ്) എന്ന പ്രസിദ്ധീകരണത്തിന്റെ അഭിപ്രായം ശ്രദ്ധേയമാണ്: “അധ്യാപകരുമായുള്ള വ്യക്തിപരമായ കൂടിക്കാഴ്ചകൾ, രക്ഷാകർത്തൃയോഗങ്ങൾ അല്ലെങ്കിൽ അധ്യാപക-രക്ഷാകർത്തൃ യോഗങ്ങൾ, സ്കൂൾസന്ദർശനങ്ങൾ എന്നിവ തങ്ങളുടെ മാതാപിതാക്കൾക്കു വളരെ വിരളമായേ ഉള്ളൂവെന്ന് അക്രമത്തിനിരയായ കുട്ടികൾ പറയാനുള്ള എല്ലാ സാധ്യതകളുമുണ്ട്.”
മാതാപിതാക്കളുടെ ഭാഗത്തുനിന്ന് ആവശ്യമായിരിക്കുന്നതെന്താണെന്ന് ഉത്കണ്ഠാകുലയായ ഒരു മാതാവു വെളിപ്പെടുത്തി. അവരുടെ വാക്കുകൾ: “അവിടെ ചെല്ലുക! നിങ്ങളുടെ കുട്ടി പഠിക്കുന്ന കാര്യങ്ങൾ എന്താണെന്നറിയുന്നതിൽ നിങ്ങൾ തത്പരരാണെന്നു സ്കൂൾ അധികാരികൾ മനസ്സിലാക്കട്ടെ. ഞാൻ പതിവായി സ്കൂൾ സന്ദർശിക്കുകയും ക്ലാസുകൾ നടക്കുമ്പോൾ ഒരു സന്ദർശകയെന്നനിലയിൽ അവിടെയിരിക്കുകയും ചെയ്യുന്നു.” കുട്ടിയുടെ വക്താവായിരിക്കുന്നതിന്റെ മൂല്യത്തെയാണു മറ്റൊരമ്മ ഊന്നിപ്പറഞ്ഞത്. അവർ ഇങ്ങനെ വിശദീകരിച്ചു: “ഒരു ദിവസം എന്റെ കുട്ടികൾ ഒരു ഗുണദോഷകനോടു സംസാരിക്കുന്നതിനുവേണ്ടി സ്കൂളിലെ ഓഫീസിൽ ചെന്നപ്പോൾ അവരെ തീർത്തും അവഗണിക്കുകയാണുണ്ടായത്. എന്നാൽ പിറ്റേദിവസം കുട്ടി എന്നെയും കൂട്ടിക്കൊണ്ടുചെന്നപ്പോൾ അവർ എന്നെയും എന്റെ കുട്ടിയെയും സഹായിക്കാൻ വളരെ ഉത്സുകത കാണിച്ചു.”
നാല് ആൺമക്കളുള്ള ഈ അമ്മ കുട്ടിയുടെ വിദ്യാഭ്യാസത്തെ നേരിട്ടു ബാധിക്കുന്ന കലാലയപ്രവർത്തനങ്ങളിൽ താത്പര്യമെടുക്കേണ്ടതിന്റെ പ്രാധാന്യവും എടുത്തുപറഞ്ഞു. “അധ്യാപക-രക്ഷാകർത്തൃ യോഗങ്ങൾ, ശാസ്ത്രമേള തുടങ്ങി മാതാപിതാക്കളെ ക്ഷണിച്ചിട്ടുള്ളതോ കുട്ടികൾ പങ്കെടുക്കുന്നതോ ആയ ഏതു പരിപാടിക്കും സന്നിഹിതരാവുക. ഇതു നിങ്ങളുടെ കുട്ടിയുടെ അധ്യാപകരുമായി കൂടിക്കാഴ്ച നടത്താൻ അവസരങ്ങളൊരുക്കുന്നു. കുട്ടിയുടെ വിദ്യാഭ്യാസത്തെ അവന്റെ ജീവിതത്തിലെ ഒരു പ്രധാനഭാഗമായി നിങ്ങൾ കണക്കാക്കുന്നു എന്ന് അവർ മനസ്സിലാക്കണം. അധ്യാപകർ അതു മനസ്സിലാക്കിക്കഴിയുമ്പോൾ നിങ്ങളുടെ കുട്ടിക്കുവേണ്ടി സമയം മാറ്റിവയ്ക്കാനും അധികം ശ്രമം ചെലുത്താനും അവർ കൂടുതൽ തത്പരരായിരിക്കും.”
അധ്യാപകരുമായുള്ള സഹകരണം
രക്ഷാകർത്താക്കൾക്ക് അധ്യാപകരുമായി ബന്ധപ്പെടാനുള്ള പ്രത്യേക അവസരങ്ങൾ സ്കൂളുകൾ പട്ടികപ്പെടുത്തുമ്പോൾ അത്തരം വൈകുന്നേരങ്ങളിൽ തങ്ങൾക്ക് അതിലും പ്രാധാന്യമുള്ള കാര്യങ്ങൾ ചെയ്യാനുണ്ടെന്നു മാതാപിതാക്കൾക്കു തോന്നിയേക്കാം. എന്നാൽ നിങ്ങളുടെ കുട്ടികളെ മികച്ച വിദ്യാഭ്യാസം നേടാൻ സഹായിക്കാൻ ശ്രമിക്കുന്നവരുടെ അടുക്കൽ പോവുക എന്നതിനെക്കാൾ പ്രാധാന്യമുള്ളതായി മറ്റെന്താണുള്ളത്? നല്ല അധ്യാപക-രക്ഷാകർതൃ സഹകരണം അത്യന്താപേക്ഷിതമാണ്!
റഷ്യയിൽ അധ്യാപക-രക്ഷാകർതൃ സഹകരണത്തിന്റെ ഉന്നമനത്തിനായി ഒരു നല്ല ക്രമീകരണമുണ്ട്. എല്ലാ സ്കൂൾനിയമനങ്ങളും ഡ്നൈവ്നീക് എന്നു വിളിക്കപ്പെടുന്ന ഒന്നിൽ രേഖപ്പെടുത്തുന്നു—ഇത് ദൈനംദിന പ്രവർത്തനങ്ങളുടെ ഒരു രേഖയാണ്, ഒപ്പം ഒരു കലണ്ടറുമുണ്ടായിരിക്കും. വിദ്യാർഥികൾ എല്ലാ ക്ലാസ്ദിവസങ്ങളിലും അവരവരുടെ ഡ്നൈവ്നീക് കൊണ്ടുവരികയും അധ്യാപകൻ ആവശ്യപ്പെടുന്നപക്ഷം അതു കാണിക്കുകയും വേണം. വിദ്യാർഥികൾ ഡ്നൈവ്നീക് രക്ഷിതാക്കളെയും കാണിച്ചിരിക്കണം, രക്ഷിതാക്കൾ ഓരോ ആഴ്ചയിലും അതിൽ ഒപ്പിടുകയും വേണം. സ്കൂൾപ്രായത്തിലുള്ള കുട്ടികളുള്ള മോസ്കോക്കാരനായ വീക്ടർ ലബാഷൊവ് എന്ന പിതാവിന്റെ അഭിപ്രായത്തിൽ, “ഈ വിവരങ്ങൾ തങ്ങളുടെ കുട്ടികൾക്കു ലഭിക്കുന്ന നിയമനങ്ങൾ, അവരുടെ ഗ്രേഡുകൾ എന്നിവ സംബന്ധിച്ചു പരിചിതരായിരിക്കാൻ രക്ഷിതാക്കളെ സഹായിക്കുന്നു.”
രക്ഷിതാക്കൾ തങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസകാര്യത്തിൽ താത്പര്യമെടുക്കുന്നില്ലെന്നത് ഇക്കാലത്ത് അധ്യാപകരുടെ പതിവു പരാതിയാണ്. കുട്ടികൾ വിദ്യാഭ്യാസപരമായി മോശമായ പ്രകടനമാണു കാഴ്ചവയ്ക്കുന്നതെന്നു രക്ഷിതാക്കളെ ധരിപ്പിച്ചുകൊണ്ട് താനൊരിക്കൽ 63 കത്തുകളെഴുതിയതായി ഐക്യനാടുകളിലെ ഒരു ഹൈസ്കൂൾ അധ്യാപകൻ പറഞ്ഞു. വെറും മൂന്നുപേർ മാത്രമേ പ്രതികരണമായി അദ്ദേഹവുമായി ബന്ധപ്പെട്ടുള്ളു!
അതു തികച്ചും ദുഃഖകരം തന്നെ! മാതാപിതാക്കൾ അവരുടെ കുട്ടിയുടെ വിദ്യാഭ്യാസകാര്യത്തിൽ ആഴത്തിൽ ഉൾപ്പെടണം. അതു പ്രഥമമായും അവരുടെ ഉത്തരവാദിത്വമാണ്. “ഔപചാരികവിദ്യാഭ്യാസത്തിന്റെ പ്രഥമലക്ഷ്യം ചുമതലാബോധമുള്ള പക്വമതികളായ ചെറുപ്പക്കാരെ വളർത്തിയെടുക്കുന്നതിൽ മാതാപിതാക്കളെ പിന്തുണക്കുക എന്നതാണ്” എന്നു പറഞ്ഞുകൊണ്ട് ഒരു വിദ്യാഭ്യാസവിദഗ്ധൻ ഇതു കൃത്യമായിത്തന്നെ പ്രസ്താവിച്ചു.
അതുകൊണ്ട്, തങ്ങളുടെ കുട്ടിയുടെ അധ്യാപകരെ പരിചയപ്പെടാൻ രക്ഷിതാക്കാൾ മുൻകൈയെടുക്കണം. ഒരു രക്ഷിതാവു പറഞ്ഞതുപോലെ, “അധ്യാപകർക്ക് എപ്പോൾ വേണമെങ്കിലും നിങ്ങളെ വിളിക്കാനുള്ള സ്വാതന്ത്ര്യം തോന്നണം.” മാത്രവുമല്ല, അധ്യാപകർ തങ്ങളുടെ കുട്ടിയെപ്പറ്റി തുറന്നു സംസാരിക്കുന്നതിനെ രക്ഷിതാക്കൾ സ്വാഗതം ചെയ്യുകയും പ്രോത്സാഹിപ്പിക്കുകപോലും വേണം. എന്റെ കുട്ടിയെക്കൊണ്ടു നിങ്ങൾക്കെന്തെങ്കിലും പ്രശ്നമുണ്ടോ? അവൻ ആദരവുള്ളവനാണോ? അവൻ എല്ലാ ക്ലാസുകൾക്കും ഹാജരാകുന്നുണ്ടോ? അവൻ കൃത്യസമയത്തുതന്നെ എത്തുന്നുണ്ടോ? എന്നിങ്ങനെയുള്ള കാര്യമാത്രപ്രസക്തമായ ചോദ്യങ്ങൾ രക്ഷിതാക്കൾ അവരോടു ചോദിക്കണം.
അധ്യാപകൻ നിങ്ങളുടെ കുട്ടിയെക്കുറിച്ചു ഹിതകരമല്ലാത്ത എന്തെങ്കിലും പറയുകയാണെങ്കിലോ? അത് അസത്യമാണെന്നു വിചാരിക്കരുത്. വീട്ടിലോ ആരാധനാസ്ഥലത്തോ ഒക്കെ മാന്യമായ ജീവിതം നയിക്കുന്നുവെന്നു തോന്നുന്ന പല ചെറുപ്പക്കാരും വാസ്തവത്തിൽ ഒരു കപടജീവിതമാണു നയിക്കുന്നത് എന്നതാണു ഖേദകരമായ ഒരു വസ്തുത. അതുകൊണ്ട് അധ്യാപകർ പറയുന്നത് ആദരപൂർവം ശ്രദ്ധിക്കുക, അവർ പറയുന്നതെന്താണെന്നു പരിശോധിച്ചുനോക്കുക.
കുട്ടി വീട്ടിലെത്തുമ്പോൾ
നിങ്ങൾ രക്ഷിതാക്കൾ, ജോലികഴിഞ്ഞു വീട്ടിലെത്തുമ്പോൾ നിങ്ങൾക്ക് എന്താണു തോന്നാറ്? തളർന്നവശരാണോ? നിരാശരാണോ? നിങ്ങളുടെ കുട്ടികൾക്ക് വിദ്യാലയത്തിൽനിന്നു തിരിച്ചെത്തുമ്പോൾ അതിലും മോശമായ വികാരങ്ങളായിരിക്കാം ഉള്ളത്. അതുകൊണ്ട് ഒരു പിതാവ് ഇങ്ങനെ പ്രോത്സാഹിപ്പിച്ചു: “വീട്ടിലെത്തുക എന്നത് അവരിഷ്ടപ്പെടുന്ന ഒരു സംഗതിയാക്കി മാറ്റുക. ഒരുപക്ഷേ വളരെ ദുഷ്കരമായ ഒരു ദിവസത്തെയായിരിക്കും അവർ നേരിട്ടത്.”
സാധിക്കുമ്പോഴെല്ലാം, കുട്ടി വരുന്ന സമയത്തു രക്ഷിതാവു വീട്ടിലുണ്ടായിരിക്കുന്നതു തീർച്ചയായും നല്ലതായിരിക്കും. ഒരമ്മയുടെ അഭിപ്രായത്തിൽ “കുട്ടികളോടു സംസാരിക്കാൻ നിങ്ങൾ സ്ഥലത്തില്ലെങ്കിൽ എന്തു നടക്കുന്നു എന്നതിനെപ്പറ്റി അവർക്കു നിങ്ങളോടു പറയാൻ സാധിക്കില്ല. അതുകൊണ്ട് കുട്ടികൾ വീട്ടിലെത്തുമ്പോൾ അവിടെ ഉണ്ടായിരിക്കാൻ ഞാൻ പരമാവധി ശ്രമിക്കുന്നു.” തന്റെ കുട്ടി എന്തു ചെയ്യുന്നു എന്നതു മാത്രമല്ല, അവരുടെ ചിന്തകളും വികാരങ്ങളും എന്താണെന്നുകൂടി ഒരു രക്ഷിതാവു മനസ്സിലാക്കണം. അതു മനസ്സിലാക്കുന്നതിനു ധാരാളം സമയവും ശ്രമവും വേണമെന്നു മാത്രമല്ല, സാവധാനം ചുഴിഞ്ഞിറങ്ങി കണ്ടുപിടിക്കുകയും വേണം. (സദൃശവാക്യങ്ങൾ 20:5) ദിവസേനയുള്ള ആശയവിനിയമം സുപ്രധാനമാണ്.
“ഏതൊരു ദിവസമെടുത്താലും അന്നെല്ലാം പ്രതിസന്ധിയിലായ ഒരു വിദ്യാലയവ്യവസ്ഥയുടെ മൂല്യങ്ങൾ നിങ്ങളുടെ കുട്ടിയിലേക്കു പകർന്നിട്ടുണ്ടായിരിക്കാം” എന്ന് ന്യൂയോർക്ക് നഗരത്തിലെ ഒരു പ്രൈമറി സ്കൂൾ അധ്യാപകൻ അഭിപ്രായപ്പെട്ടു. അതുകൊണ്ട് അദ്ദേഹം ഇങ്ങനെ പ്രോത്സാഹിപ്പിച്ചു: “നിങ്ങളുടെ കുട്ടിയുടെ ഹൃദയത്തിൽ വികാസം പ്രാപിക്കുന്നതെന്താണ് എന്നുള്ളതിനെപ്പറ്റി ജാഗ്രതയുള്ളവരായിരിക്കുക. നിങ്ങൾ എത്ര ക്ഷീണിതരായിരുന്നാലും അതു ഗണ്യമാക്കാതെ മനസ്സുതുറന്നു സംസാരിക്കാൻ അവനെ അനുവദിക്കുക. തെറ്റായ മൂല്യങ്ങൾമാറ്റി അവയുടെ സ്ഥാനത്തു ശരിയായവ പ്രതിഷ്ഠിക്കുക.”—സദൃശവാക്യങ്ങൾ 1:5.
അതുപോലെ, പരിചയസമ്പന്നനായ ഒരു ഹൈസ്കൂളധ്യാപകന്റെ ഉപദേശമിതാണ്: “സ്കൂളിൽ എന്തു നടന്നു എന്നു വെറുതെ ചോദിക്കുന്നതിനുപകരം ആ ദിവസത്തെക്കുറിച്ചും അന്നത്തെ പ്രവർത്തനങ്ങളെക്കുറിച്ചും പ്രസക്തമായ കുറിക്കുകൊള്ളുന്ന ചോദ്യങ്ങൾ ചോദിക്കുന്നതായിരിക്കും പ്രയോജനകരം. ഇത് മയമില്ലാത്ത രീതിയിലോ ചുഴിഞ്ഞിറങ്ങി കണ്ടുപിടിക്കാൻ ശ്രമിക്കുന്നതുപോലെയോ ആയിരിക്കേണ്ടതില്ല. നേരേമറിച്ച്, കുട്ടിയോടു സാധാരണ സംസാരിക്കുന്ന രീതിയിൽ തന്നെയായിരിക്കണം.”
യു.എസ്. വിദ്യാഭ്യാസ സെക്രട്ടറിയായ റിച്ചാർഡ് ഡബ്ലിയു. റിലേ ഇങ്ങനെ പ്രോത്സാഹിപ്പിച്ചു: “മദ്യം, മയക്കുമരുന്നുകൾ എന്നിവകൊണ്ടുള്ള അപകടങ്ങൾ, നിങ്ങളുടെ കുട്ടികൾക്കുണ്ടായിരിക്കാൻ നിങ്ങളാഗ്രഹിക്കുന്ന മൂല്യങ്ങൾ എന്നിവയെപ്പറ്റി അവരോടു നേരിട്ടു സംസാരിക്കുക. അത്തരം വ്യക്തിപരമായ സംഭാഷണങ്ങൾ നിങ്ങൾക്ക് അസ്വസ്ഥതയുളവാക്കിയേക്കാമെങ്കിലും അവരുടെ ജീവൻ രക്ഷിക്കാനുതകിയേക്കാം.”
ഒരു രക്ഷിതാവ്, പ്രത്യേകിച്ചും ക്രിസ്തീയ സഭയിൽ ഉത്തരവാദിത്വങ്ങളുള്ള ഒരാൾ ഒരിക്കലും കുട്ടികൾ പറയുന്നതു കേൾക്കാൻ സമയമില്ലാത്തതുപോലെ താൻ തിരക്കിലാണെന്ന ഒരു പ്രതീതി ഉളവാക്കരുത്. അവർ പറയുന്നതു കേൾക്കുന്നത് അരോചകമായി തോന്നിയാൽപോലും നിങ്ങളുടെ മുഖഭാവത്തിൽനിന്നും പെരുമാറ്റത്തിൽനിന്നും അവർ നിങ്ങളോടു തുറന്നു സംസാരിക്കുന്നതിൽ നിങ്ങൾ സന്തുഷ്ടനാണെന്ന് അവരറിയണം. ഇതാ ഒരു വിദ്യാർഥിനിയുടെ നിർദേശം: “നിങ്ങളുടെ കുട്ടി സ്കൂളിലെ മയക്കുമരുന്നുപയോഗം, ലൈംഗികത തുടങ്ങിയവയെക്കുറിച്ചൊക്കെ സംസാരിക്കുമ്പോൾ ഞെട്ടിപ്പോകരുത്.”
കുടുംബജീവിതത്തിലെ തകർച്ച മൂലം “അനാഥന്മാർ” എന്ന ഗണത്തിൽ പെടുത്താവുന്ന അനേകർ ഇക്കാലത്തുണ്ട്. (ഇയ്യോബ് 24:3; 29:12; സങ്കീർത്തനം 146:9) സഹായമാവശ്യമുള്ള ഒരു ചെറുപ്പക്കാരനെ സഹായിക്കാൻ കഴിയുന്ന ആരെങ്കിലും മിക്കവാറും ക്രിസ്തീയ സഭക്കുള്ളിൽ ഉണ്ടാവും. അതിനു സാധിക്കുന്ന ഒരാളാണോ നിങ്ങൾ?
പഠനശീലവും ചുമതലാബോധവും വളർത്തിയെടുക്കുക
യുവജനങ്ങളിലധികംപേരും സ്കൂൾജോലികൾ ചെയ്യുന്ന കാര്യത്തിൽ മുഖവുരയിൽ പരാമർശിച്ച ലതോയായുടെയത്ര അർപ്പിതരല്ല. ഭൂരിപക്ഷത്തിനും പഠനത്തിൽ നല്ല പ്രോത്സാഹനം ആവശ്യമാണ്. ന്യൂയോർക്ക് നഗരത്തിലെ വിദ്യാലയങ്ങളുടെ മുൻചാൻസലറായിരുന്ന ജോസഫ് ഫെർണാണ്ടസ് തന്റെ കുട്ടികളെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ഞങ്ങളുടെ വീട്ടിൽ നിർബന്ധ പഠനസമയങ്ങളുണ്ടായിരുന്നു. ഞങ്ങൾ കുട്ടികൾക്കു പുസ്തകങ്ങൾ വാങ്ങിക്കൊടുത്തു. വായനശാലയിൽ പോകാൻ അവരെ പ്രോത്സാഹിപ്പിച്ചു, സ്കൂൾഹാജർ, മറ്റു സ്കൂൾപ്രവർത്തനങ്ങൾ എന്നിവയ്ക്കു മുൻഗണന കൊടുത്തു”
മറ്റൊരു സ്കൂൾ അധികാരി പറഞ്ഞു: “നാമിന്നു കുട്ടികൾക്കു ചുറ്റും സൃഷ്ടിച്ചിരിക്കുന്ന ടെലിവിഷൻ, ചലച്ചിത്രങ്ങൾ, വീഡിയോകൾ, റോഡുവക്കിലെ കടകൾ എന്നിവയുടെ ആവരണത്തിനു പകരം പുസ്തകങ്ങൾ, കഥകൾ എന്നിവയുടെ ആവരണം സൃഷ്ടിക്കണം.” കുട്ടികൾ ഗൃഹപാഠം ചെയ്യുമ്പോൾ മാതാപിതാക്കൾക്ക് എന്തെങ്കിലും വായിച്ചുകൊണ്ടോ സ്വന്തമായ പഠനം നടത്തിക്കൊണ്ടോ അടുത്തെവിടെയെങ്കിലും ഉണ്ടായിരിക്കാനുള്ള ക്രമീകരണം ചെയ്യാൻ കഴിയും. നിങ്ങൾ വിദ്യാഭ്യാസത്തിനു വില കല്പിക്കുന്നുണ്ടെന്ന് അതുവഴി നിങ്ങളുടെ കുട്ടികൾക്കു മനസ്സിലാകും.
പല വീടുകളിലും പഠനത്തിന് ഏറ്റവും വലിയ വെല്ലുവിളിയായിരിക്കുന്നതു ടെലിവിഷനാണ്. ഒരു വിദ്യാഭ്യാസവിദഗ്ധൻ പറഞ്ഞതിങ്ങനെയാണ്: “18 വയസ്സാകുന്നതോടെ ചെറുപ്പക്കാർ ക്ലാസ്മുറിയിൽ 11,000 മണിക്കൂറും ടെലിവിഷൻ കണ്ടുകൊണ്ട് 22,000 മണിക്കൂറും ചെലവഴിച്ചിരിക്കും.” മാതാപിതാക്കൾ തന്നെ ടെലിവിഷൻ കാണുന്നതു വല്ലപ്പോഴുമാക്കിക്കൊണ്ട് കുട്ടികൾ അതു കാണുന്നതിനെ പരിമിതപ്പെടുത്തേണ്ടതായി വന്നേക്കാം. അതിനുപുറമേ, നിങ്ങളുടെ കുട്ടികളോടൊപ്പം എന്തെങ്കിലും പഠിക്കാൻ സമയം ചെലവഴിക്കുക. ഒരുമിച്ചു വായിക്കുക. ഗൃഹപാഠം പരിശോധിക്കാൻ ഓരോ ദിവസവും സമയം പട്ടികപ്പെടുത്തുക.
തയ്യാറായിച്ചെല്ലാനുള്ള പല നിയമനങ്ങളും വിദ്യാലയത്തിൽനിന്നു കുട്ടികൾക്കു ലഭിക്കും. അതെല്ലാം അവർ കൃത്യമായി ചെയ്യുന്നുണ്ടോ? കുടുംബത്തിലെ ഉത്തരവാദിത്വങ്ങളിൽ ശ്രദ്ധിക്കാൻ നിങ്ങൾ അവരെ പഠിപ്പിച്ചിട്ടുണ്ടെങ്കിൽ അവർ അതു ചെയ്തേക്കാം. ഇതു ചെയ്യാനുള്ള ഏറ്റവും നല്ല മാർഗം അവർക്കൊരു പ്രത്യേക ദിനചര്യ ഏല്പിച്ചുകൊടുക്കുക എന്നതാണ്. എന്നിട്ട് ഒരു നിർദിഷ്ട പട്ടികയനുസരിച്ച് അവർ അതു നിർവഹിക്കണമെന്നു നിബന്ധന വയ്ക്കുക. അത്തരം ഒരു പരിശീലനം കൊടുക്കുന്നതിനു നിങ്ങളുടെ ഭാഗത്തുനിന്നു വളരെയേറെ ശ്രമം വേണ്ടിവരുമെന്നതു വാസ്തവമാണ്. എന്നാൽ അതവരെ വിദ്യാലയത്തിലും ഭാവിജീവിതത്തിലും വിജയംവരിക്കാനാവശ്യമായ ചുമതലാബോധം അഭ്യസിപ്പിക്കും.
വിദ്യാർഥികളുടെ അർപ്പണബോധം, ഒരു സുപ്രധാനഘടകം
ആരംഭത്തിൽ പരാമർശിച്ച ലതോയായെപ്പറ്റി പിൻവരുന്നപ്രകാരം പറഞ്ഞപ്പോൾ മാർഗോപദേശകനായ ആർതർ കിർസൻ മികച്ച വിദ്യാഭ്യാസത്തിനുള്ള മറ്റൊരു പ്രധാന ഘടകം ചൂണ്ടിക്കാട്ടി: “വീട്ടിൽ നടന്ന ഏറ്റവും വലിയ സംഭവങ്ങളിലൊന്നിനു തൊട്ടുപിന്നാലെയാണു ഞാനവളെ ആദ്യമായി കണ്ടുമുട്ടുന്നത്. [തന്റെ അച്ഛനിൽനിന്ന് എന്നാരോപിക്കപ്പെടുന്ന ദ്രോഹത്താൽ] മാന്തിക്കീറിയ മുഖവുമായി ആ കുട്ടി ഇരിക്കുന്നു. അവൾ വേവലാതിപ്പെടുന്നതായി ഞാൻ കണ്ടിട്ടുള്ളത് തന്റെ സ്കൂൾപഠനത്തെക്കുറിച്ചു മാത്രമായിരുന്നു.
അതേ, മികച്ച വിദ്യാഭ്യാസത്തിനുവേണ്ട ഒരടിസ്ഥാനഘടകം പഠനത്തിൽ കുട്ടിക്കുള്ള തീവ്രമായ അർപ്പണമനോഭാവമാണ്. ന്യൂയോർക്ക് നഗരത്തിലുള്ള ഒരു യുവാവിന്റെ അഭിപ്രായമിതാ: “ഇക്കാലത്ത് വിദ്യാലയങ്ങളിൽനിന്നു പ്രയോജനം നേടുന്നതിന് ആത്മപ്രേരണയും അച്ചടക്കവും വളർത്തിയെടുക്കുക എന്നതു പൂർണമായും വിദ്യാർഥികളെ ആശ്രയിച്ചാണിരിക്കുന്നത്.”
ഉദാഹരണത്തിന്, തന്റെ കുട്ടിയുടെ വിദ്യാഭ്യാസത്തെപ്പറ്റി വ്യാകുലപ്പെട്ട ഒരു മാതാവിനോട് അധ്യാപകൻ പറഞ്ഞതിതാണ്: “നിങ്ങൾ വിഷമിക്കേണ്ട ശ്രീമതി സ്മിത്ത്. ജസ്റ്റിൻ വളരെ മിടുക്കനാണ്. അവന് അക്ഷരത്തെറ്റുകൂടാതെ എഴുതാൻ പഠിക്കേണ്ട ആവശ്യം വരില്ല. അതൊക്കെ ചെയ്യാൻ അവനൊരു സെക്രട്ടറി ഉണ്ടാവും.” കുട്ടി എത്ര മിടുക്കനാണെങ്കിലും, വ്യക്തമായ രചന, വായിക്കാവുന്ന തരത്തിലുള്ള കൈയക്ഷരം, ശരിയായ അക്ഷരവിന്യാസം എന്നിവയുൾപ്പടെ എഴുതാനും വായിക്കാനുമുള്ള കഴിവു നേടുക എന്നതു പ്രധാനമാണ്.
“യാതൊരു പ്രസക്തിയുമില്ലെന്നു കാണുന്ന എന്തെങ്കിലും പഠിക്കാൻ ആരും ഒരിക്കലും ശ്രമിക്കരുത്” എന്നു പ്രശസ്ത മനഃശാസ്ത്രജ്ഞനായ കാൾ റോജേഴ്സ് തീർത്തുപറഞ്ഞപ്പോൾ ചില വിദ്യാഭ്യാസവിദഗ്ധർക്ക് എതിർക്കാൻ കഴിഞ്ഞില്ലെന്നത് ഉദ്വേഗജനകമായ വസ്തുതയാണ്. അദ്ദേഹത്തിന്റെ പ്രസ്താവനയിൽ എന്താണു പിശക്? എല്ലാവർക്കുമറിയാവുന്നതുപോലെതന്നെ, കുട്ടികളോടു പഠിക്കാൻ പറയുന്ന കാര്യങ്ങൾക്ക് ഭാവിയിലേക്ക് എന്തു മൂല്യമാണുള്ളതെന്നു മുൻകൂട്ടിക്കാണാൻ പലപ്പോഴും കുട്ടിക്കു കഴിയുന്നില്ല. മിക്കപ്പോഴും അതിന്റെ മൂല്യം ഭാവിജീവിതത്തിലെ തിരിച്ചറിയുന്നുള്ളു. വ്യക്തമായും, ഇന്ന്, മികച്ച വിദ്യാഭ്യാസം ലഭിക്കാൻ കുട്ടികൾ സ്വയം അർപ്പണമനോഭാവമുള്ളവരായിരിക്കണം!
ഒൻപതാംതരത്തിൽ പഠിക്കുന്ന 14-കാരിയായ സിൻഡി അത്തരം അർപ്പണമനോഭാവം പ്രകടിപ്പിക്കുന്ന ഒരു ചെറുപ്പക്കാരിയെന്ന നിലയിൽ നല്ല മാതൃകയാണ്. അവൾ വിശദീകരിച്ചു: “സ്കൂൾ വിട്ടുകഴിഞ്ഞും ഞാൻ അവിടെ നിന്ന് അധ്യാപകരുമായി സംസാരിച്ച് അവരെ പരിചയപ്പെടുന്നു. കുട്ടികളിൽനിന്ന് അവരെന്താണാഗ്രഹിക്കുന്നതെന്നു മനസ്സിലാക്കാൻ ഞാൻ ശ്രമിക്കുന്നു.” അവൾ ക്ലാസിൽ ശ്രദ്ധിച്ചിരിക്കുകയും ഗൃഹപാഠങ്ങൾക്കു മുൻഗണന കൊടുക്കുകയും ചെയ്യുന്നു. ക്ലാസുകൾ ശ്രദ്ധിക്കുമ്പോഴായാലും വായിക്കുമ്പോഴായാലും വിജയപ്രദരായ വിദ്യാർഥികൾക്ക് നല്ല കുറിപ്പുകളെടുക്കാൻവേണ്ടി പേനയും പെൻസിലും കരുതിവയ്ക്കുന്ന ശീലമുണ്ടായിരിക്കും.
മികച്ച വിദ്യാഭ്യാസം നേടാൻ അത്യന്താപേക്ഷിതമായ മറ്റൊരു ഘടകം മോശമായ കൂട്ടുകെട്ടുകൾ ഒഴിവാക്കാനുള്ള ദൃഢനിശ്ചയമാണ്. സിൻഡി വിവരിക്കുന്നു: “മികച്ച സദാചാരമൂല്യങ്ങളുള്ള ആരെയെങ്കിലും കിട്ടാൻ വേണ്ടി ഞാനെപ്പോഴും തിരയുന്നു. ഉദാഹരണമായി, ഇന്നയാൾ മയക്കുമരുന്നുപയോഗിക്കുകയും അവിഹിത ലൈംഗികബന്ധങ്ങളിലേർപ്പെടുകയും ചെയ്യുന്നതിനെപ്പറ്റി അവർ എന്തു വിചാരിക്കുന്നു എന്നു ഞാനവരോടു ചോദിക്കും. ‘അതിലെന്താണു തെറ്റ്?’ എന്നോ മറ്റോ ആണ് അവരുടെ മറുപടിയെങ്കിൽ അവർ സഹവസിക്കാൻ പറ്റിയവരല്ലെന്നു ഞാൻ തിരിച്ചറിയുന്നു. എന്നാൽ ആരെങ്കിലും അത്തരം പെരുമാറ്റങ്ങളോടു തികഞ്ഞ വെറുപ്പു കാണിക്കുകയും അവൾ വ്യത്യസ്തയായിരിക്കാനാഗ്രഹിക്കുന്നുവെന്നു പറയുകയുമാണെങ്കിൽ ഉച്ചഭക്ഷണസമയത്ത് എന്നോടൊപ്പം ഇരിക്കാൻ ഞാനവളെ തിരഞ്ഞെടുക്കും.”
ഇന്ന് മികച്ച വിദ്യാഭ്യാസം ലഭിക്കുന്നതിൽ തീർച്ചയായും അനേകം വെല്ലുവിളികൾ അടങ്ങിയിരിക്കുന്നു. എന്നാൽ വിദ്യാർഥികളും രക്ഷിതാക്കളും അടിസ്ഥാന സംഗതികൾ പ്രയോഗത്തിൽ വരുത്തുകയാണെങ്കിൽ അത്തരം വിദ്യാഭ്യാസം സാധ്യമാണ്. മികച്ച വിദ്യാഭ്യാസം നേടാൻ നിങ്ങളെ വളരെയധികം സഹായിക്കുന്ന മറ്റൊരു ക്രമീകരണത്തെക്കുറിച്ച് അടുത്തതായി നമുക്കു പരിചിന്തിക്കാം.
[7-ാം പേജിലെ ചതുരം]
അമിതലാളനയോ സ്നേഹപൂർവകമായ ശിക്ഷണമോ?
കൊച്ചുകുട്ടികളെ അമിതമായി ലാളിക്കുന്നത് ആപത്താണെന്നു ബൈബിൾ മുന്നറിയിപ്പു നൽകുന്നു. (സദൃശവാക്യങ്ങൾ 29:21) അതിനു ചേർച്ചയിൽ അമേരിക്കൻ അധ്യാപക ഫെഡറേഷന്റെ പ്രസിഡണ്ടായ ആൽബർട്ട് ശങ്കർ ഇങ്ങനെ പറഞ്ഞു: “എല്ലാകാര്യങ്ങളും കുട്ടികൾ പറയുന്നതുപോലെ തന്നെ ചെയ്തുകൊടുക്കുകയാണെങ്കിൽ തങ്ങൾ കുട്ടികൾക്കുവേണ്ടി എല്ലാം നന്നായി ചെയ്യുന്നുവെന്നു വിചാരിക്കുന്ന മാതാപിതാക്കളുണ്ട്. അതു തെറ്റാണെന്നു നമുക്കറിയാം.”
അത്തരം ലാളന തെറ്റാണെന്നു കുട്ടികളിൽപോലും പലർക്കും അറിയാം. ഈ വർഷത്തിന്റെ തുടക്കത്തിൽ ഒരു മസാച്ചുസെറ്റ്സ് പത്രം ഇങ്ങനെ റിപ്പോർട്ടു ചെയ്തു: “വെസ്റ്റ് സ്പ്രിങ്ഫീൽഡിലെ, ആറാംതരം മുതൽ പന്ത്രണ്ടാംതരം വരെയുള്ള 1572 വിദ്യാർഥികളെ ഉൾപ്പെടുത്തി നടത്തിയ ഒരു സർവേയിൽ ആ പ്രായത്തിലുള്ള വിദ്യാർഥികളുടെയിടയിലെ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗത്തിനു പിന്നിൽ ഏററവും എടുത്തുപറയത്തക്കതായിട്ടുള്ള ഒരു കാരണം സമപ്രായക്കാരിൽനിന്നുള്ള സമ്മർദമല്ല, മറിച്ച് ‘രക്ഷിതാക്കളുടെ അനുവാദാത്മകത’യാണെന്നു കണ്ടെത്തിയിരിക്കുന്നു.”
അത്തരം അമിതലാളന ലൈംഗിക അരാജകത്വം എന്ന മഹാമാരിക്കു വളംവെച്ചുകൊടുത്തിരിക്കുന്നു. അതേ, ശിക്ഷണം കൊടുക്കുന്നതിൽ പരാജയപ്പെട്ടാൽ അതു കുടുംബത്തിന്റെ അപമാനത്തിൽ കലാശിക്കുന്നുവെന്നു ബൈബിൾ പറയുന്നു.—സദൃശവാക്യങ്ങൾ 29:15.
[10-ാം പേജിലെ ചതുരം]
രക്ഷിതാക്കൾക്കു ചെയ്യാൻ കഴിയുന്നത്
✔ നിങ്ങളുടെ കുട്ടിയുടെ സ്കൂളിനെപ്പറ്റിയും അതിന്റെ ലക്ഷ്യങ്ങളെപ്പറ്റിയും നിങ്ങൾ മുറുകെപ്പിടിക്കുന്ന മൂല്യങ്ങളോടും വിശ്വാസങ്ങളോടും അവർക്കുള്ള മനോഭാവത്തെപ്പറ്റിയും അറിയുക.
✔ നിങ്ങളുടെ കുട്ടിയുടെ അധ്യാപകരുമായി പരിചയപ്പെട്ട് അവരുമായി പ്രയോജനകരമായ ഒരു നല്ല ബന്ധം വളർത്തിയെടുക്കാൻ ശ്രമിക്കുക.
✔ നിങ്ങളുടെ കുട്ടിയുടെ ഗൃഹപാഠങ്ങളിൽ ആഴമായ താത്പര്യമെടുക്കുക. അവനോടൊപ്പം വായിക്കുന്നതു പതിവാക്കുക.
✔ നിങ്ങളുടെ കുട്ടി ടിവി-യിൽ കാണുന്ന കാര്യങ്ങളെയും എത്രമാത്രം കാണുന്നു എന്നതിനെയും നിയന്ത്രിക്കുക.
✔ നിങ്ങളുടെ കുട്ടിയുടെ ഭക്ഷണശീലങ്ങൾ നിരീക്ഷിക്കുക. പോഷകാംശം കുറഞ്ഞ ആഹാരം കഴിക്കുന്നത് ശ്രദ്ധകേന്ദ്രീകരിക്കാനുള്ള അവന്റെ പ്രാപ്തിയെ പ്രതികൂലമായി ബാധിച്ചേക്കാം.
✔ നിങ്ങളുടെ കുട്ടി വേണ്ടത്ര ഉറങ്ങുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. ക്ഷീണിതരായ കുട്ടികൾക്കു നന്നായി പഠിക്കാൻ കഴിയില്ല.
✔ എല്ലാനിലയിലും മെച്ചപ്പെട്ട സുഹൃത്തുക്കളെ തിരഞ്ഞെടുക്കാൻ നിങ്ങളുടെ കുട്ടിയെ സഹായിക്കാൻ ശ്രമിക്കുക.
✔ കുട്ടിയുടെ ഉത്തമ സുഹൃത്തായിരിക്കുക. അവനു ലഭിക്കാവുന്ന, പക്വതയുള്ള എല്ലാ സുഹൃത്തുക്കളുടെയും ആവശ്യം അവനുണ്ട്.
കുട്ടികൾക്കു ചെയ്യാൻ കഴിയുന്നത്
✔ നിങ്ങളുടെ മാതാപിതാക്കളുടെ സഹായത്തോടെ വിദ്യാഭ്യാസപരമായ ലക്ഷ്യങ്ങൾക്കും അവ നേടിയെടുക്കാനുള്ള മാർഗങ്ങൾക്കും വ്യക്തമായ രൂപം നൽകുക. ആ ലക്ഷ്യങ്ങളെപ്പറ്റി നിങ്ങളുടെ അധ്യാപകരുമായി സംസാരിക്കുക.
✔ അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹായത്തോടെ നിങ്ങളുടെ പാഠ്യവിഷയങ്ങൾ ശ്രദ്ധാപൂർവം തിരഞ്ഞെടുക്കുക. ഐശ്ചികകോഴ്സുകൾ പൊതുവേ എളുപ്പമുള്ളവയാണെങ്കിലും ഏറ്റവും മെച്ചപ്പെട്ടവയല്ല.
✔ അധ്യാപകരുമായി ഒരു നല്ലബന്ധം വളർത്തിയെടുക്കാൻ ശ്രമിക്കുക. അവർ നിങ്ങളിൽനിന്ന് എന്തു പ്രതീക്ഷിക്കുന്നു എന്നു മനസ്സിലാക്കുക. നിങ്ങളുടെ പുരോഗതിയെപ്പറ്റിയും പ്രശ്നങ്ങളെപ്പറ്റിയും അവരോടു സംസാരിക്കുക.
✔ ക്ലാസിൽ നന്നായി ശ്രദ്ധിക്കുക. ശിഥിലീകരണപ്രവണതകളിലേക്കു ചായരുത്.
✔ സുഹൃത്തുക്കളെ ബുദ്ധിപൂർവം തിരഞ്ഞെടുക്കുക. അവർക്ക് സ്കൂളിലെ നിങ്ങളുടെ പുരോഗതിയെ സഹായിക്കാനോ തടസ്സപ്പെടുത്താനോ കഴിയും.
✔ നിങ്ങളുടെ ഗൃഹപാഠവും മറ്റു നിയമനങ്ങളും നിങ്ങൾക്കു ചെയ്യാവുന്നതിന്റെ പരമാവധി നന്നായി ചെയ്യുക. നിങ്ങളുടെ സമയം അവയ്ക്കുവേണ്ടി പ്രയോജനകരമായ രീതിയിൽ ഉപയോഗിക്കുക. സഹായം ആവശ്യമെങ്കിൽ രക്ഷിതാക്കളോടോ പക്വതയുള്ള മറ്റു മുതിർന്നവരോടോ ചോദിക്കുക.
[8-ാം പേജിലെ ചിത്രം]
നിങ്ങളുടെ കുട്ടിയെക്കുറിച്ച് ഒരധ്യാപകനു പരാതികളുണ്ടെങ്കിൽ ആദരവോടെ അതു കേൾക്കുക
[9-ാം പേജിലെ ചിത്രം]
എല്ലാ ദിവസവും നിങ്ങളുടെ കുട്ടിയോടു സ്കൂളിനെപ്പറ്റി ചോദിക്കുക