മാതാപിതാക്കളേ—നിങ്ങളുടെ കുട്ടിയുടെ വക്താവായിരിക്കുക
മാതാപിതാക്കൾ തങ്ങളുടെ മക്കൾക്കായി ഏററവും നല്ലതാണ് കാംക്ഷിക്കുന്നത്. തീർച്ചയായും ക്രിസ്തീയ അപ്പോസ്തലനായ പൗലോസ്, മക്കളെ ദൈവത്തിന്റെ ശിക്ഷണത്തിൽ വളർത്തിക്കൊണ്ടുവരാൻ പിതാക്കൻമാരെ പ്രബോധിപ്പിച്ചു. (എഫെസ്യർ 6:4) പുരാതന നാളിലെ ശലോമോൻ രാജാവ് ചെറുപ്പക്കാരെ ഇപ്രകാരം ഉപദേശിച്ചു: “അപ്പനും അമ്മയും നിന്നോടു പറയുന്നതിനു ശ്രദ്ധ കൊടുക്കുക. അവരുടെ പഠിപ്പിക്കൽ നിന്റെ സ്വഭാവത്തെ മെച്ചപ്പെടുത്തും.”—സദൃശവാക്യങ്ങൾ 1:8, 9, ററുഡേയ്സ് ഇംഗ്ലീഷ് വേർഷൻ.
വിദ്യാഭ്യാസത്തിനു വേണ്ടി മാതാപിതാക്കൾ ചെയ്യുന്ന ക്രമീകരണത്തിൽ സ്കൂളുകളുടെ സ്ഥാനം എവിടെയാണ്? മാതാപിതാക്കളും സ്കൂളധ്യാപകരും തമ്മിലുള്ള ബന്ധം എന്തായിരിക്കണം?
മാതാപിതാക്കളുടെയും അധ്യാപകരുടെയും റോളുകൾ
“മാതാപിതാക്കളാണ് . . . തങ്ങളുടെ കുട്ടികളുടെ അതിപ്രധാനപ്പെട്ട അധ്യാപകർ” എന്ന് ഭവനാന്തരീക്ഷത്തിൽ സ്കൂൾ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചുള്ള ഒരു പഠനറിപ്പോർട്ടിന്റെ ഗ്രന്ഥകാരിയായ ഡോറിൻ ഗ്രാൻറ് തറപ്പിച്ചു പറയുന്നു. എന്നാൽ ഒരു പിതാവ്⁄മാതാവ് എന്നനിലയിൽ അക്കാര്യം അംഗീകരിക്കാൻ നിങ്ങൾക്ക് അൽപ്പം പ്രയാസമായിരിക്കാം.
നിങ്ങൾ സ്കൂളിൽ പോയിരുന്ന കാലത്തെക്കാൾ ഇപ്പോൾ പഠിപ്പിക്കൽ രീതികൾക്ക് വളരെയധികം മാററം വന്നിട്ടുള്ളതായി നിങ്ങൾ മനസ്സിലാക്കിയേക്കാം. ഇപ്പോൾ സ്കൂളുകൾ മുമ്പ് അറിയപ്പെടാതിരുന്ന വിഷയങ്ങൾ പഠിപ്പിക്കുന്നുണ്ട്. മാധ്യമങ്ങളെക്കുറിച്ചുള്ള പഠനം, ആരോഗ്യ വിദ്യാഭ്യാസം, മൈക്രോഇലക്ട്രോണിക്സ് തുടങ്ങിയ കാര്യങ്ങൾ. സ്കൂളുമായി അധികമൊന്നും ബന്ധം പുലർത്താതിരിക്കാൻ ഇതു ചില മാതാപിതാക്കളെ പ്രേരിപ്പിച്ചിട്ടുണ്ട്. “തങ്ങളുടെ കുട്ടിയുടെ അധ്യാപകരോടു സംസാരിക്കുന്നത്, വളരെ നല്ല ആത്മവിശ്വാസമുള്ള വ്യക്തിക്കുപോലും താൻ വെറും അഞ്ചു വയസ്സു പ്രായവും നാലടി ഉയരവുമുള്ളയാളാണെന്നുള്ള തോന്നലുളവാക്കാൻ കഴിയും. മുതിർന്ന രണ്ടു വ്യക്തികളെപ്പോലെ പ്രശ്നങ്ങളും ഉത്കണ്ഠകളും ചർച്ച ചെയ്യുന്നതിനു പകരം ചിലർ കുട്ടികളെപ്പോലെ പെരുമാറുന്നു” എന്ന് സ്കൂൾ ജീവിതത്തിൽ നിങ്ങളുടെ കുട്ടിയെ സഹായിക്കുക [ഇംഗ്ലീഷ്] എന്ന ഗ്രന്ഥത്തിൽ ഡോ. ഡേവിഡ് ലൂയിസ് എഴുതുന്നു.
തീർച്ചയായും, ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ മാത്രമേ ചില മാതാപിതാക്കൾ തങ്ങളുടെ കുട്ടികളുടെ അധ്യാപകരെ ചെന്നു കാണാറുള്ളൂ. അപ്പോഴാണെങ്കിലോ മിക്കവാറും പരാതിപ്പെടാനും. എന്നിരുന്നാലും, അധ്യാപകരോടു സഹകരിക്കുകവഴി തങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനു മാതാപിതാക്കൾക്കു വിലപ്പെട്ട സംഭാവന നൽകാൻ കഴിയും. പല മാതാപിതാക്കളും അങ്ങനെ ചെയ്യുന്നുമുണ്ട്.
സ്കൂളിൽവെച്ചു നിങ്ങളുടെ കുട്ടി എന്തു പഠിക്കുന്നു എന്നു പരിശോധിക്കാനും അതിൽ താത്പര്യമെടുക്കാനും മാതാപിതാക്കൾ എന്ന നിലയിലുള്ള നിങ്ങളുടെ ഉത്തരവാദിത്വം നിങ്ങളോട് ആവശ്യപ്പെടുന്നു. എന്തുകൊണ്ടാണിത്? എന്തുകൊണ്ടെന്നാൽ അധ്യാപകർ, തൊഴിൽപ്പരമായി നിങ്ങളുടെ ധാർമിക ഏജൻറൻമാരായി സേവിക്കുന്നു. അവർ പിന്തുടർന്നുപോരുന്ന മൂല്യങ്ങൾ അവർ പഠിപ്പിക്കുന്ന വിദ്യാർഥികളെ ബാധിക്കുന്നു. കാരണം അനുകരണയോഗ്യരായ മാതൃകകളായാണ് കുട്ടികൾ അധ്യാപകരെ വീക്ഷിക്കുന്നത്. മിക്ക അധ്യാപകരും തങ്ങളുടെ കുട്ടികളുടെ മാതാപിതാക്കളിൽനിന്നുള്ള സഹകരണം സ്വാഗതം ചെയ്യാറുണ്ട്.
തെക്കൻ ജർമനിയിൽനിന്നുള്ള ഒരു ഹെഡ്മാസ്ററർ മാതാപിതാക്കൾക്ക് ഇപ്രകാരം എഴുതി: “മുമ്പത്തെ ഏതൊരു വർഷത്തെക്കാളുമധികമായി കുട്ടികളുടെ മുഴു കൂട്ടവും, പ്രത്യേകിച്ചും സ്കൂളിൽ പോയിത്തുടങ്ങുന്ന കുട്ടികൾ [ജർമനിയിൽ ആറു വയസ്സിൽ], വളരെയധികം മനസ്സു തഴമ്പിച്ചവരും ദുഷ്ടരും മോശമായി വളർത്തപ്പെട്ടവരുമാണ്. തീർത്തും നിയന്ത്രണമില്ലാത്തവരാണ് പലരും, എവിടെയാണു പരിധിവയ്ക്കേണ്ടതെന്ന് അവർക്കറിയില്ല; അവർക്കു യാതൊരു കുററബോധവുമില്ല; അങ്ങേയററം സ്വാർഥരും സാമൂഹികവിരുദ്ധരും ആണവർ; പ്രത്യക്ഷ കാരണം കൂടാതെ അവർ അക്രമസ്വഭാവമുള്ളവരായിത്തീരുന്നു, [മററുള്ളവരെ] തൊണ്ടയ്ക്കു കുത്തിപ്പിടിക്കുകയും തൊഴിക്കുകയും ചെയ്യുന്നു അവർ.”
ഈ അധ്യാപകൻ തുടർന്ന് ഇപ്രകാരം പറഞ്ഞു: “ഇതിന്റെ ഫലമായി ഞങ്ങൾക്കു വളരെയധികം കഷ്ടപ്പാടുണ്ടെങ്കിലും പരാതിപ്പെടാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. എന്നാൽ, എന്തെല്ലാം ശ്രമങ്ങൾ നടത്തിയാലും സ്കൂളിലുള്ളവർ മാത്രം നിരൂപിച്ചാൽ കുട്ടികളെ പഠിപ്പിക്കാനും അവരെ വളർത്തിക്കൊണ്ടുവരാനും സാധ്യമല്ല എന്നു നമ്മൾ തിരിച്ചറിയേണ്ടിയിരിക്കുന്നു. പ്രിയ മാതാപിതാക്കളേ, നിങ്ങളുടെ കുട്ടികളുടെ വ്യക്തിത്വവികാസം സംബന്ധിച്ചും പെരുമാററ നിലവാരങ്ങൾ പഠിപ്പിക്കുന്നതു സംബന്ധിച്ചും നിങ്ങൾക്കുള്ള ഉത്തരവാദിത്വം ടെലിവിഷനോ തെരുവിനോ അടിയറവു വെക്കാതെ അവരെ വളർത്തിക്കൊണ്ടുവരേണ്ടതിനു നിങ്ങൾതന്നെ മുൻകൈ എടുക്കാൻ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്ന് ഞങ്ങൾക്കു തോന്നുന്നു.”—ചെരിച്ചെഴുത്ത് ഞങ്ങളുടേത്.
സഹകരണത്തിനായുള്ള അത്തരം അഭ്യർഥനകൾ അധ്യാപകർ നടത്തുമ്പോൾ പോലും പല മാതാപിതാക്കളും സഹായിക്കാൻ വിമുഖതയുള്ളവരാണ്. ഡേവിഡ് ലൂയിസ് ഇപ്രകാരം അവകാശപ്പെടുന്നു: “അവർ കരുതലില്ലാത്തവരോ വളരെ തിരക്കുള്ളവരോ ആത്മവിശ്വാസമില്ലാത്തവരോ ആയതുകൊണ്ടല്ല, പിന്നെയോ ഒരു കുട്ടി ക്ലാസ്സിൽ എത്ര നന്നായി പഠിച്ചാലും അല്ലെങ്കിൽ എത്ര മോശമായി പഠിച്ചാലും അവർ വളർന്നുവരുന്നതിനോട് അതു ബന്ധപ്പെട്ടിരിക്കുന്നില്ലെന്നും എല്ലാ കാര്യങ്ങളെയും നിശ്ചയിക്കുന്നത് ജീനുകളാണെന്നുമുള്ള അവരുടെ ഉറച്ച വിശ്വാസം നിമിത്തമാണ്.” എന്നാൽ ഈ ആശയം അശേഷം സത്യമല്ല.
ഭവനത്തിലെ പ്രശ്നങ്ങൾ കുട്ടിയുടെ ക്ലാസ്സിലെ പഠനത്തെ ബാധിക്കുന്നതുപോലെതന്നെ ഭവനത്തിലെ നല്ല ജീവിതത്തിന് സ്കൂളിൽനിന്നു പരമാവധി പ്രയോജനം നേടാൻ ഒരു കുട്ടിയെ സഹായിക്കാൻ കഴിയും. “വിദ്യാഭ്യാസപരമായ വിജയത്തിനും പരാജയത്തിനും സ്കൂളിനെക്കാൾ വളരെയേറെ ഉത്തരവാദിത്വം വഹിക്കുന്നത് ഭവനാന്തരീക്ഷമാണ്” എന്ന് ഒരു വിദ്യാഭ്യാസ സർവേ നിഗമനത്തിലെത്തുന്നു. സ്കൂൾ ജീവിതത്തിൽ നിങ്ങളുടെ കുട്ടിയെ സഹായിക്കാൻ കഴിയുന്ന വിധം [ഇംഗ്ലീഷ്] എന്ന പുസ്തകം ഇപ്രകാരം സമ്മതിക്കുന്നു: “തങ്ങളുടെ മനോഭാവം—അടുത്തില്ലെങ്കിലും തങ്ങളുടെ താത്പര്യവും പ്രോത്സാഹനവും പിന്തുണയും—കുട്ടികളുടെ പുരോഗതിക്കു സർവപ്രധാനമായിരിക്കാൻ കഴിയുമെന്ന് ഏററവും തിരക്കുള്ള മാതാവ് അല്ലെങ്കിൽ പിതാവു പോലും തിരിച്ചറിയണം.”
അപ്പോൾ നിങ്ങളുടെ കുട്ടിയുടെ അധ്യാപകരുമായി നിങ്ങൾക്ക് എങ്ങനെ നല്ല സഹകരണം ആർജിക്കാൻ കഴിയും?
നിങ്ങളുടെ കുട്ടിയുടെ വക്താവായിരിക്കുക
(1) നിങ്ങളുടെ കുട്ടി സ്കൂളിൽ പഠിക്കുന്ന വിഷയത്തിൽ സജീവമായ ഒരു താത്പര്യം പ്രകടമാക്കുക. തുടങ്ങാൻ പററിയ ഏററവും നല്ല സമയം നിങ്ങളുടെ കുട്ടി സ്കൂളിൽ പോകാൻ തുടങ്ങുമ്പോഴാണ്. കൗമാരപ്രായക്കാരെക്കാളധികം കുറെക്കൂടെ പ്രായംകുറഞ്ഞ കുട്ടികളാണ് പൊതുവേ മാതാപിതാക്കളുടെ സഹായം സ്വീകരിക്കാറുള്ളത്.
നിങ്ങളുടെ കുട്ടികളോടൊപ്പമിരുന്നു പുസ്തകങ്ങൾ വായിക്കുക. “ഔപചാരിക പഠനത്തിന്റെ ഏതാണ്ട് 75 ശതമാനവും നടക്കുന്നത് വായനയിലൂടെയാണ്” എന്ന് ഡേവിഡ് ലൂയിസ് അഭിപ്രായപ്പെടുന്നു. നിങ്ങളുടെ കുട്ടിയുടെ ഒഴുക്കോടെ വായിക്കാനുള്ള പ്രാപ്തി വളർത്തിയെടുക്കുന്നതിൽ ഇപ്രകാരം നിങ്ങൾക്കു പ്രമുഖമായ ഒരു പങ്കു വഹിക്കാൻ കഴിയും. വായിക്കാൻ വീട്ടിൽവെച്ചു സഹായം ലഭിച്ചിട്ടുള്ള കുട്ടികളുടെ പുരോഗതി, സ്കൂളിൽവെച്ചു വിദഗ്ധ അധ്യാപകരിൽനിന്നു സഹായം ലഭിച്ചിട്ടുള്ള കുട്ടികളെക്കാൾ മെച്ചമാണെന്ന് ഗവേഷണം സൂചിപ്പിക്കുന്നു.
അതുപോലെതന്നെ നല്ല കയ്യെഴുത്ത് അഭ്യസിക്കുന്നതിലും ഗണിതം പഠിക്കുന്നതിലും നിങ്ങൾക്കു കുട്ടിയെ സഹായിക്കാനാകും. “അടിസ്ഥാന ഗണിതം പഠിക്കുന്ന കാര്യത്തിൽ സഹായിക്കാൻ നിങ്ങൾ ഒരു ഗണിതശാസ്ത്ര പ്രതിഭ ആയിരിക്കേണ്ടതില്ല” എന്ന് അധ്യാപകനായ റെറഡ് റാഗ് അഭിപ്രായപ്പെടുന്നു. തീർച്ചയായും ഈ മണ്ഡലങ്ങളിൽ നിങ്ങൾക്കുതന്നെ എന്തെങ്കിലും പോരായ്മയുണ്ടെങ്കിൽ അതു നിങ്ങളുടെ കുട്ടി പഠിക്കുന്ന വിഷയത്തിൽ യഥാർഥ താത്പര്യം എടുക്കുന്നതിന് ഒരു തടസ്സമായിരിക്കരുത്.
(2) പാഠ്യപദ്ധതിയെക്കുറിച്ചു നിങ്ങളുടെ കുട്ടിയുടെ അധ്യാപകനോട് ആരായുക. സ്കൂളിന്റെ പ്രോസ്പെക്ടസ് വായിച്ചുനോക്കി നിങ്ങളുടെ കുട്ടി എന്താണു പഠിക്കാൻ പോകുന്നതെന്നു കണ്ടുപിടിക്കുക. സ്കൂൾ വർഷം തുടങ്ങുന്നതിനു മുമ്പ് അങ്ങനെ ചെയ്യുന്നത് പ്രശ്നങ്ങളുള്ള മണ്ഡലങ്ങൾ സംബന്ധിച്ചു നിങ്ങളെ ജാഗരൂകരാക്കും. പിന്നീട്, മാതാപിതാക്കളെന്ന നിലയിലുള്ള നിങ്ങളുടെ ആഗ്രഹങ്ങൾ എത്രത്തോളം ആദരിക്കപ്പെടുമെന്നു ചർച്ച ചെയ്യാൻ അധ്യാപകനെ സന്ദർശിക്കുന്നത് നല്ല സഹകരണത്തിനു വഴിയൊരുക്കും. അധ്യാപകർക്കു മാതാപിതാക്കളുമായി പരിചയപ്പെടാൻ വേദിയൊരുക്കുന്നതിന് സ്കൂൾ സംഘടിപ്പിക്കുന്ന യോഗങ്ങൾ പ്രയോജനപ്പെടുത്തുക. മാതാപിതാക്കൾക്കു സ്കൂൾ സന്ദർശിക്കാൻ കഴിയുന്ന പ്രത്യേക ദിവസങ്ങളിൽ അവിടം സന്ദർശിച്ച് നിങ്ങളുടെ കുട്ടിയുടെ അധ്യാപകരുമായി സംസാരിക്കുക. അത്തരം സമ്പർക്കങ്ങൾ അമൂല്യമെന്നു തെളിയും, പ്രത്യേകിച്ചും പ്രശ്നങ്ങൾ ഉയർന്നുവരുമ്പോൾ.
(3) നിങ്ങളുടെ കുട്ടിയുടെ ഐശ്ചിക വിഷയങ്ങൾ തിരഞ്ഞെടുക്കാൻ സഹായിക്കുക. നിങ്ങളുടെ കുട്ടിയുടെ ഇഷ്ടാനിഷ്ടങ്ങൾ അറിഞ്ഞിരിക്കുക. മൂല്യവത്തായ ലാക്കുകളെക്കുറിച്ചു സംസാരിക്കുക. സാധ്യമായ ഏതെല്ലാം ഐശ്ചിക വിഷയങ്ങൾ ഉണ്ടെന്നു കണ്ടുപിടിക്കാൻ അധ്യാപകരുടെ ഉപദേശം തേടുക. വിഷയങ്ങൾ തിരഞ്ഞെടുക്കുന്നതിൽ മാർഗനിർദേശം തരാൻ അവർക്കു കഴിയും.
നല്ല ആശയവിനിമയത്തിലൂടെ മോശമായ വികാരങ്ങൾ ഒഴിവാക്കാൻ കഴിയും. അനേകം സ്കൂളുകളും ഉന്നത വിദ്യാഭ്യാസം നേടാൻ മിടുക്കരായ കുട്ടികളുടെമേൽ സമ്മർദം ചെലുത്തുന്നു. എന്നാൽ ക്രിസ്തീയ ശുശ്രൂഷയെ തങ്ങളുടെ ജീവിതവൃത്തിയായി തിരഞ്ഞെടുക്കുന്ന വിദ്യാർഥികൾ സാധാരണമായി ദീർഘകാല യൂണിവേഴ്സിററി വിദ്യാഭ്യാസം ഏറെറടുക്കാറില്ല. പകരം അനുബന്ധ വിദ്യാഭ്യാസം അവർ തിരഞ്ഞെടുക്കുന്നെങ്കിൽ സാമ്പത്തികമായി കഴിഞ്ഞുപോകാൻ തങ്ങളെ സജ്ജരാക്കുന്ന വിഷയങ്ങൾ അവർ കൂടുതൽ ഇഷ്ടപ്പെടുന്നു. പഠിപ്പിക്കാൻ തങ്ങൾ ശ്രമിച്ചിട്ടുള്ള സകലത്തിന്റെയും ഒരു നിരസ്സനമായി മനസ്സാക്ഷിബോധമുള്ള അധ്യാപകർ ഇതിനെ ചിലപ്പോൾ തെററിദ്ധരിച്ചേക്കാം. നിങ്ങളുടെ കുട്ടിയുടെ തിരഞ്ഞെടുത്ത മണ്ഡലത്തിൽ അവനായി തുറന്നുകിടക്കുന്ന അധികവിദ്യാഭ്യാസത്തിന്റെ സാധ്യതകളെക്കുറിച്ചു അധ്യാപകരോടു ക്ഷമാപൂർവം വിശദീകരിക്കുന്നത്, ക്രിസ്തീയ മാതാപിതാക്കൾ അവരുടെ കുട്ടികളുടെ പഠനം മുന്നോട്ടു കൊണ്ടുപോകാൻ ആഗ്രഹിക്കുന്നവരാണെന്ന് അധ്യാപകർക്ക് ഉറപ്പുകൊടുക്കും.a
ഉചിതമായ സമീപനം
വിജയപ്രദമായ പങ്കാളിത്തങ്ങൾ നല്ല ആശയവിനിമയത്തിലാണ് അടിസ്ഥാനപ്പെട്ടിരിക്കുന്നതെന്ന് ഓർത്തിരിക്കുന്നപക്ഷം നിങ്ങളുടെ കുട്ടിയുടെ വിദ്യാഭ്യാസകാര്യത്തിൽ വളരെ ഉത്കണ്ഠയും തലവേദനയും നിങ്ങൾക്ക് ഒഴിവാക്കാനാകും.—“മാതാപിതാക്കളും അധ്യാപകരും തമ്മിലുള്ള നല്ല ആശയവിനിമയത്തിലേക്കുള്ള പടികൾ” എന്ന ശീർഷകത്തിലുള്ള ചതുരം കാണുക.
പരാതിപ്പെടുകയും വിമർശിക്കുകയും ചെയ്യുന്നതിനു പകരം അധ്യാപകരോട് ആലോചന ചോദിച്ചുകൊണ്ടും അവരുമായി സഹകരിച്ചുകൊണ്ടും നിങ്ങളുടെ കുട്ടിയുടെ വക്താവായിരിക്കുക. അങ്ങനെ ചെയ്യുമ്പോൾ സ്കൂളിൽനിന്ന് ഏററവുമധികം പ്രയോജനം നേടാൻ അതു കുട്ടിയെ സഹായിക്കും.
[അടിക്കുറിപ്പുകൾ]
a ക്രിസ്തീയ ശുശ്രൂഷ തങ്ങളുടെ ജീവിതവൃത്തിയായി തിരഞ്ഞെടുക്കുകയും മുഴുസമയ ശുശ്രൂഷകരായി പ്രവർത്തിക്കുകയും ചെയ്യുന്ന യഹോവയുടെ സാക്ഷികൾക്ക് രണ്ടാഴ്ചത്തെ പയനിയർ സേവനസ്കൂളിൽ സംബന്ധിക്കുന്നതിനുള്ള അവസരമുണ്ട്. പിന്നീട് ചിലർ വാച്ച്ടവർ ഗിലെയാദ് ബൈബിൾ സ്കൂൾ നടത്തുന്ന അഞ്ചുമാസത്തെ മിഷനറി പരിശീലന കോഴ്സിൽ പ്രവേശനം നേടാൻ യോഗ്യരാകുന്നു. ഈ സ്കൂളാണ് മിഷനറിമാരായി അവരെ സജ്ജരാക്കുന്നത്.
[10-ാം പേജിലെ ചതുരം]
മാതാപിതാക്കളും അധ്യാപകരും തമ്മിലുള്ള നല്ല ആശയവിനിമയത്തിലേക്കുള്ള പടികൾ
1. നിങ്ങളുടെ കുട്ടിയുടെ അധ്യാപകരുമായി പരിചയപ്പെടുക.
2. ഏതെങ്കിലും പരാതികൾ ഉന്നയിക്കുന്നതിനു മുമ്പു നിങ്ങളുടെ വസ്തുതകൾ രണ്ടുവട്ടം പരിശോധിക്കുക.
3. നിങ്ങൾ പ്രക്ഷുബ്ധനോ കോപിഷ്ഠനോ ആണെങ്കിൽ, അധ്യാപകനോടു സംസാരിക്കുന്നതിനു മുമ്പായി കോപാവസ്ഥയ്ക്കു മാററം വരുത്തുക.
4. അധ്യാപകനുമായി കൂടിക്കാണുന്നതിനു മുമ്പ്, നിങ്ങൾ ചോദിക്കാൻ ആഗ്രഹിക്കുന്ന ചോദ്യങ്ങൾ എഴുതിയിടുകയും നേടാൻ നിങ്ങൾ പ്രത്യാശിക്കുന്ന ലാക്കുകൾ പട്ടികപ്പെടുത്തുകയും ചെയ്യുക.
5. നിങ്ങളുടെ നിലപാടെന്തെന്ന് ഉറപ്പായും വ്യക്തമായും പ്രസ്താവിക്കുക. എന്നിട്ട് എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ അവ തരണം ചെയ്യുന്നതിന് എന്തു പ്രായോഗിക നടപടികൾ സ്വീകരിക്കാൻ കഴിയുമെന്നു കാണുന്നതിന് അധ്യാപകനുമായി സഹകരിക്കുക.
6. നിങ്ങളെത്തന്നെ അധ്യാപകന്റെ സ്ഥാനത്തു നിർത്തുക. അദ്ദേഹത്തിന്റെ സ്ഥാനത്താണെങ്കിൽ നിങ്ങൾ എന്തു ചെയ്യുമെന്നു സ്വയം ചോദിക്കുക. തൃപ്തികരമായ പരിണതഫലം നേടാൻ ഇതു നിങ്ങളെ സഹായിക്കും.
7. ശ്രദ്ധവെച്ചു കേൾക്കുകയും ഉചിതമായിരിക്കുമ്പോൾ സംസാരിക്കുകയും ചെയ്യുക. ചില കാര്യങ്ങൾ നിങ്ങൾക്കു മനസ്സിലാകുന്നില്ലെങ്കിൽ ചോദ്യങ്ങൾ ചോദിക്കാൻ ഭയപ്പെടേണ്ടതില്ല. പറയുന്ന കാര്യത്തോട് നിങ്ങൾ വിയോജിക്കുന്നെങ്കിൽ, അത് എന്തുകൊണ്ടെന്നു മര്യാദപൂർവം വിശദീകരിക്കുക.
—ഡോക്ടർ ഡേവിഡ് ലൂയിസിന്റെ സ്കൂൾ ജീവിതത്തിൽ നിങ്ങളുടെ കുട്ടിയെ സഹായിക്കുക എന്ന പുസ്തകത്തെ അധികരിച്ചത്.
[9-ാം പേജിലെ ചിത്രം]
നിങ്ങളുടെ കുട്ടിയോടൊപ്പമിരുന്നു വായിക്കുക
[9-ാം പേജിലെ ചിത്രം]
സ്കൂൾ പാഠ്യപദ്ധതി സംബന്ധിച്ചു ചർച്ച ചെയ്യാൻ അധ്യാപകരെ സന്ദർശിക്കുക
[9-ാം പേജിലെ ചിത്രം]
ഐശ്ചിക വിഷയങ്ങൾ തിരഞ്ഞെടുക്കാൻ നിങ്ങളുടെ കുട്ടിയെ സഹായിക്കുക