വിദ്യാലയത്തിലെ പ്രശ്നങ്ങളെ തരണം ചെയ്യാൻ നിങ്ങളുടെ കുട്ടിയെ സഹായിക്കുക
വഷളായിക്കൊണ്ടിരിക്കുന്ന ലോകാവസ്ഥകൾ നമ്മെ ഏവരെയും ബാധിക്കുന്നു, നമ്മുടെ കുട്ടികളെയും. നമ്മുടെ നാളിൽ “ഇടപെടാൻ പ്രയാസമുള്ള ദുർഘടസമയങ്ങൾ ഇവിടെ ഉണ്ടായി”രിക്കുമെന്നും “ദുഷ്ട മനുഷ്യരും കാപട്യക്കാരും അടിക്കടി അധഃപതിക്കു”മെന്നും ദൈവവചനമായ ബൈബിൾ കൃത്യമായിത്തന്നെ മുൻകൂട്ടിപ്പറഞ്ഞു. (2 തിമോത്തി 3:1-5, 13, NW) അതുകൊണ്ട് ഇന്നത്തെ വിദ്യാഭ്യാസം, മാതാപിതാക്കൾ വിരളമായി മാത്രം അനുഭവിച്ചിട്ടുള്ള സ്ഥിതിവിശേഷങ്ങളാൽ നിറഞ്ഞതാണ്. അത്തരം അവസ്ഥകളോടാണ് കുട്ടികൾ മല്ലടിക്കുന്നത്. അവയെ തരണം ചെയ്യുന്നതിനു കുട്ടികളെ സഹായിക്കാൻ മാതാപിതാക്കൾക്ക് എന്തു ചെയ്യാൻ കഴിയും?
സമപ്രായക്കാരുടെ സമ്മർദം
മിക്ക കുട്ടികളും ചിലയവസരങ്ങളിൽ സമപ്രായക്കാരിൽനിന്നുള്ള സമ്മർദം നേരിടാറുണ്ട്. ഒരു യുവ ഫ്രഞ്ച് വിദ്യാർഥി ഇപ്രകാരം വിലപിക്കുന്നു: “മാതാപിതാക്കളും സമൂഹവും തങ്ങളാലാവതു ചെയ്യുന്നു, എന്നാൽ അതു പോരാ. അക്രമവാസനയുള്ള യുവാക്കൾ മററു യുവാക്കളെ ചൊൽപ്പടിക്കു നിർത്തുന്നു. . . . തങ്ങളുടെ കുട്ടികളെ നിയന്ത്രിക്കാത്ത മാതാപിതാക്കൾ മാതാപിതാക്കളേയല്ല.”
ഉത്തരവാദിത്വബോധമുള്ള മാതാപിതാക്കൾ, സമപ്രായക്കാരിൽനിന്നുള്ള സമ്മർദത്തെ ചെറുത്തുനിൽക്കാനാവശ്യമായ ആന്തരിക ശക്തി പ്രദാനം ചെയ്യുന്ന ആത്മീയ ഗുണങ്ങൾ വളർത്തിയെടുക്കാൻ തങ്ങളുടെ കുട്ടികളെ സഹായിക്കുന്നു. ഒരു പിതാവ് വിശദീകരിക്കുന്നു: “ആത്മാഭിമാനം വളർത്തിയെടുക്കാൻ ഞങ്ങളുടെ കുട്ടികളെ സഹായിക്കുന്നതിന് ഞങ്ങൾ ആത്മാർഥമായ ശ്രമം നടത്താറുണ്ട്. അതുകൊണ്ട് തങ്ങളുടെ സമപ്രായക്കാരുടെ അംഗീകാരം ആവശ്യമാണെന്ന് അവർക്കു തോന്നുകയില്ല. അവരെ സംബന്ധിച്ചിടത്തോളം മററു കുട്ടികളെപ്പോലെയായിരിക്കുന്നതു പ്രധാനമല്ലെങ്കിൽ വേണ്ട എന്നു പറയേണ്ടപ്പോൾ അങ്ങനെ പറയുക കൂടുതൽ എളുപ്പമാണെന്ന് അവർ മനസ്സിലാക്കും.” വിഷമകരമായ സ്ഥിതിവിശേഷത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്നു കുട്ടികളെ പഠിപ്പിക്കാൻ കുട്ടികളുടെ റോൾകളിയിൽ ഏർപ്പെടാൻ ഈ പിതാവ് സമയം മാററിവെക്കുന്നു. ഉയർന്നുവന്നേക്കാവുന്ന പ്രയാസകരമായ സ്ഥിതിവിശേഷങ്ങൾ അഭിനയിച്ചുകൊണ്ടും അവയെ വിജയപ്രദമായി തരണം ചെയ്യാനുള്ള വഴികൾ പ്രകടിപ്പിച്ചുകാണിച്ചുകൊണ്ടുമാണ് ഇത് നടത്തുന്നത്. പിന്തുണ നൽകുന്ന ഒരു മാതാവ്⁄പിതാവ് ആയിരിക്കുക. ആത്മവിശ്വാസം വളർത്തിയെടുക്കാൻ നിങ്ങളുടെ കുട്ടിയെ സഹായിക്കുക.
അശ്ലീലഭാഷ
ലോകമെമ്പാടും സാൻമാർഗിക നിലവാരങ്ങൾ അധഃപതിക്കവേ അശ്ലീലഭാഷ സർവസാധാരണമായിക്കൊണ്ടിരിക്കുകയാണ്. ഒട്ടുമിക്ക രാജ്യങ്ങളിലും ഏററവുമധികം ആളുകൾ ടിവി നിരീക്ഷിക്കുന്ന സമയത്തു പോലും അത്തരം അശ്ലീലം ടെലിവിഷനിൽ കൂടെക്കൂടെ കേൾക്കുന്നു. ഈ വിധത്തിൽ സ്കൂൾ കളിസ്ഥലങ്ങൾ, ഇടനാഴികൾ, ക്ലാസ്സ്മുറികൾ തുടങ്ങിയ ഇടങ്ങളിൽ വൃത്തികെട്ട സംസാരം മാറെറാലികൊള്ളുകയാണ്.
ചില അധ്യാപകർ സ്വന്തം അശ്ലീലഭാഷയെയും ശാപവചനങ്ങളെയും ന്യായീകരിക്കുന്നു. വിദ്യാർഥികൾക്ക് അത്തരം സംസാരത്തോട് തങ്ങളുടെ സ്വന്തമായ മനോഭാവങ്ങൾ രൂപപ്പെടുത്താൻ കഴിയുമെന്നത്രേ അവരുടെ വാദം. എന്നാൽ അത്തരമൊരു നയം ഈ തരംതാണ പദപ്രയോഗങ്ങൾ സ്വീകാര്യമായ അനുദിന സംസാരത്തിന്റെ ഒരു ഭാഗമാക്കിത്തീർക്കാനേ കുട്ടികളെ സഹായിക്കുകയുള്ളൂ.
അത്തരം വാക്കുകൾ കുടുംബത്തിനുള്ളിൽ പറയാൻ പാടില്ലാത്തത് എന്തുകൊണ്ടെന്ന് ജ്ഞാനമുള്ള ഒരു പിതാവ് ദയാപുരസ്സരം വിശദീകരിക്കും. കുട്ടി പഠിക്കാൻ പോകുന്ന പാഠപുസ്തകങ്ങൾ ഏതു തരത്തിലുള്ളതാണെന്നു മനസ്സിലാക്കാൻ സ്കൂൾ സിലബസ് പരിശോധിച്ചുകൊണ്ട് അശ്ലീലഭാഷ എന്ന പ്രശ്നത്തെ അദ്ദേഹത്തിനു പ്രതിരോധിക്കാൻ കഴിയും. തിരഞ്ഞെടുക്കപ്പെടുന്ന ഏതെങ്കിലും സാഹിത്യകൃതികളിൽ അശ്ലീലഭാഷ അടങ്ങിയിരിക്കുകയോ അവ അസാൻമാർഗികതയെ പ്രകീർത്തിക്കുകയോ ചെയ്യുന്നെങ്കിൽ അതിനുപകരം സ്വീകാര്യമായ ഉള്ളടക്കമുള്ള മറെറാരു പുസ്തകം തിരഞ്ഞെടുക്കാൻ കുട്ടിയുടെ അധ്യാപകനോട് അദ്ദേഹത്തിന് അഭ്യർഥിക്കാൻ കഴിയും. സമനിലയോടെയുള്ള ഒരു സമീപനം ന്യായയുക്തതയുടെ ലക്ഷണമായിരിക്കും.—ഫിലിപ്പിയർ 4:5.
അസാൻമാർഗികതയും മയക്കുമരുന്നുകളും
“ഭവനത്തിൽവെച്ച് [ലൈംഗിക വിദ്യാഭ്യാസം] എന്ന വിഷയത്തെക്കുറിച്ചു സംസാരിക്കാൻ നാണമോ വിഷമമോ” ഉള്ളതായി പല മാതാപിതാക്കളും സമ്മതിക്കുന്നുവെന്ന് സർവേകൾ വെളിപ്പെടുത്തുന്നു. പകരം അതു സംബന്ധിച്ചു കൃത്യമായ വിവരങ്ങൾ കുട്ടികൾക്കു പ്രദാനം ചെയ്യാൻ അവർ സ്കൂളുകളെ ആശ്രയിക്കുന്നു. അനുഭവസമ്പന്നനായ ഒരു അധ്യാപകൻ പറയുന്നതനുസരിച്ച് കൗമാരപ്രായ ഗർഭധാരണങ്ങളുടെ വൻ വർധനവ് “ഗർഭനിരോധനത്തെ സംബന്ധിച്ച സങ്കേതിക അറിവിനെക്കാൾ ധാർമികതയോടാണ് കൂടുതലും ബന്ധപ്പെട്ടിരിക്കുന്നത്” എന്ന് ലണ്ടനിലെ ദ സൺഡേ ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. തങ്ങളുടെ കുട്ടികൾ നിലനിർത്താൻ മാതാപിതാക്കൾ പ്രതീക്ഷിക്കുന്ന നടത്ത സംബന്ധിച്ച മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ ഏററവും പററിയ സ്ഥാനത്തായിരിക്കുന്നത് അവർ തന്നെയാണ്.
മയക്കുമരുന്നു ദുരുപയോഗത്തിന്റെ കാര്യത്തിലും അതു സത്യമാണ്. മാതാപിതാക്കളുടെ മാർഗനിർദേശമില്ലായ്മ പ്രശ്നത്തെ കൂടുതൽ വഷളാക്കുന്നതേയുള്ളൂ. “കുട്ടിക്ക് കുടുംബജീവിതം എത്രയധികം അനാകർഷകമായി തോന്നുന്നുവോ അത്രയധികം വലുതായിരിക്കും അതിനു പകരമായി ഒന്ന് സ്വയം കണ്ടെത്താനുള്ള പ്രവണത. മയക്കുമരുന്ന് [ഉപയോഗിക്കുന്നതാണ്] മിക്കപ്പോഴും അതിലൊന്ന്” എന്ന് ഫ്രാങ്കോസ്കോപ്പി 1993 അഭിപ്രായപ്പെടുന്നു. “ഒരു മാതാവോ പിതാവോ ആയിരിക്കുക എന്നത് ദുഷ്കരമാണ്, നിങ്ങൾ നിരന്തരം ജാഗ്രത പുലർത്തേണ്ടതുണ്ട്; എന്തോ കുഴപ്പമുണ്ടെന്നു മാതാപിതാക്കളെ ജാഗരൂകരാക്കുന്ന ഒരു മാർഗമാണ് മിക്കപ്പോഴും മയക്കുമരുന്നുകൾ. ഒരു കൗമാരപ്രായക്കാരന് തന്റെ മാതാവ് അല്ലെങ്കിൽ പിതാവ് തനിക്കു ശ്രദ്ധ തരുന്നില്ല എന്നു തോന്നുന്നപക്ഷം അവനു മയക്കുമരുന്നുകൾ കൊടുത്താൽ, തന്റെ പ്രശ്നങ്ങൾക്ക് അത്ഭുതകരമായ ഒരു പരിഹാരമാണ് അവയെന്ന് അവനു തോന്നിയേക്കാം” എന്ന് ടോക്സിക്കോമാനി ഏ പ്രേവാൺസിയോൺ ഴോനെസ് (മയക്കുമരുന്നുപയോഗവും യുവാവിന്റെ സംരക്ഷണവും) എന്ന സ്ഥാപനത്തിന്റെ പ്രസിഡൻറായ മീഷ്ലീൻ ഷാബാൻ-ഡെൽമ സമ്മതിക്കുന്നു.
താനും ഭാര്യയും കൗമാരപ്രായക്കാരിയായ തങ്ങളുടെ കുട്ടിയുടെ വിദ്യാഭ്യാസത്തിൽ എങ്ങനെ യഥാർഥമായ താത്പര്യമെടുക്കുന്നുവെന്ന് കാനഡയിലെ ഒരു പിതാവു വിശദീകരിക്കുന്നു: “ഞങ്ങൾ നേഡിനെ കാറിൽ സ്കൂളിൽ കൊണ്ടുവിടുകയും അവിടെനിന്നു തിരികെ കൊണ്ടുവരികയും ചെയ്യുന്നു. തിരികെ വരുമ്പോൾ ഞങ്ങൾ മിക്കപ്പോഴും സംഭാഷണം തുടങ്ങുന്നു, അവളുടെ ദിവസം എങ്ങനെയായിരുന്നുവെന്ന് അതു വെളിപ്പെടുത്തും. അൽപ്പം ഗൗരവസ്വഭാവമുള്ള എന്തെങ്കിലും ഞങ്ങൾ കണ്ടുപിടിച്ചാൽ, അപ്പോൾ ഞങ്ങൾ അതേക്കുറിച്ച് അവളോടു സംസാരിക്കുകയോ അത്താഴസമയത്ത് അല്ലെങ്കിൽ കുടുംബചർച്ചയുടെ സമയത്ത് ഈ വിഷയം വീണ്ടും എടുത്തിടുകയോ ചെയ്യും.” സമാനമായി നിങ്ങൾക്കും നിങ്ങളുടെ കുട്ടിയോട് യഥാർഥമായ താത്പര്യവും സ്നേഹവും പ്രകടമാക്കാൻ കഴിയും, ആശയവിനിമയ മാർഗങ്ങൾ തുറന്നിട്ടുകൊണ്ട്.
ഉപദ്രവിക്കലും അക്രമവും
“വിദ്യാലയ പ്രശ്നങ്ങളിലെ ഏററവും വഞ്ചകമായ ഒന്നാണ്” ഉപദ്രവിക്കൽ എന്ന് മോറീൻ ഓക്കണർ സ്കൂൾ ജീവിതത്തിൽ നിങ്ങളുടെ കുട്ടിയെ സഹായിക്കാൻ കഴിയുന്ന വിധം [ഇംഗ്ലീഷ്] എന്ന ഗ്രന്ഥത്തിൽ പ്രസ്താവിക്കുന്നു. “അതിന്റെ ഇരകൾക്ക് അത് വളരെയധികം യാതന വരുത്തിവെക്കുന്നുണ്ടെങ്കിലും അവർ മിക്കപ്പോഴും അതിനെക്കുറിച്ച് ഒരു മുതിർന്ന വ്യക്തിയോടു പറയാൻ മടിയുള്ളവരാണ്. കാരണം ഒരു ‘കൂട്ടിക്കൊടുപ്പുകാരൻ’ എന്ന പേര് കിട്ടുമോ എന്ന ഭയം അവർക്കുണ്ട്” എന്നും ഗ്രന്ഥകാരി അഭിപ്രായപ്പെടുന്നു.
ഉപദ്രവിക്കുന്നതിനെ സാധാരണ പെരുമാററമായി ചില അധ്യാപകർ വീക്ഷിക്കാറുണ്ട്. എന്നാൽ മററു പലരും അധ്യാപകനായ പീററ് സ്ററീഫൻസണോട് യോജിക്കുന്നു. ഉപദ്രവിക്കുന്നത് “ഒരുതരം ഹീനമായ പെരുമാററ”മാണെന്ന് അദ്ദേഹം വിശ്വസിക്കുകയും “അതു തുടരാൻ അനുവദിക്കുന്നത് ഉപദ്രവിക്കുന്നവരെ സംബന്ധിച്ചിടത്തോളം നല്ലതല്ല” എന്ന് ഉറപ്പിച്ചു പറയുകയും ചെയ്യുന്നു.
നിങ്ങളുടെ കുട്ടി ഒരു ഉപദ്രവിയുടെ ഇരയായിത്തീരുന്നെങ്കിൽ നിങ്ങൾക്ക് എന്തു ചെയ്യാനാകും? “ആദ്യത്തെ ഉപരോധമാർഗം [ഇരകളുടെ] എത്തുപാടിലുള്ള മുതിർന്നവരാണ്,” ഓക്കണർ എഴുതുന്നു. അനുകമ്പയുള്ള ഒരു അധ്യാപകനോട് കാര്യങ്ങൾ തുറന്നു സംസാരിക്കുക. അക്രമാസക്തമായ പെരുമാററത്തെ അസ്വീകാര്യമായി നിങ്ങൾ രണ്ടുപേരും കണക്കാക്കുന്നതായി ഇതു നിങ്ങളുടെ കുട്ടിക്ക് ഉറപ്പു നൽകും. ഉപദ്രവിക്കുന്നതിനെതിരെ മിക്ക വിദ്യാലയങ്ങളും വ്യക്തമായ ഒരു നയം സ്വീകരിച്ചിട്ടുണ്ട്. അധ്യാപകർ ഇതു ക്ലാസ്സിൽ തുറന്നു ചർച്ച ചെയ്യുകയും ചെയ്യാറുണ്ട്.
നതലി തന്റെ മതത്തിന്റെ പേരിൽ ഉപദ്രവക്കാരുടെ ഒരു ഇരയായിത്തീർന്നു. അവൾ വിവരിക്കുന്നു: “ഒരു യഹോവയുടെ സാക്ഷി ആയിരുന്നതു നിമിത്തം ഞാൻ അപമാനിക്കപ്പെട്ടിരുന്നു. ചിലപ്പോൾ എന്റെ സാധനങ്ങൾ നശിപ്പിക്കപ്പെട്ടിരുന്നു.” ഈ പ്രശ്നത്തിന് ഒരു പരിഹാരമുണ്ടാക്കാൻ അവൾ കാര്യങ്ങൾ മാതാപിതാക്കളോടു തുറന്നു സംസാരിച്ചു. ഇക്കാര്യം അധ്യാപകരോടു പറയാൻ അവർ അവളോടു നിർദേശിച്ചു. അവൾ അങ്ങനെതന്നെ ചെയ്തു. “എന്നെ ഉപദ്രവിച്ചിരുന്ന സഹപാഠികളിൽ രണ്ടുപേരുടെ മാതാപിതാക്കൾക്കു ഫോൺ ചെയ്യാൻ ഞാൻ മുൻകൈ എടുത്തു. അവരോട് പ്രശ്നം വിശദീകരിക്കാൻ എനിക്കു കഴിഞ്ഞതുകൊണ്ട് ഇപ്പോൾ കാര്യങ്ങൾ വളരെ മെച്ചമാണ്. ഇപ്രകാരം ഞാൻ അധ്യാപകരുടെയും സഹപാഠികളിൽ മിക്കവരുടെയും വിശ്വാസമാർജിച്ചു,” അവൾ കൂട്ടിച്ചേർക്കുന്നു.
ചിലപ്പോൾ തങ്ങളുടെ കുട്ടി ഉപദ്രവത്തിനിരയാകുന്നവനല്ല, പിന്നെയോ ഉപദ്രവിക്കുന്നവൻ ആണെന്നു മാതാപിതാക്കൾ കണ്ടെത്തിയേക്കാം. അത്തരമൊരു സാഹചര്യത്തിൽ വീട്ടിൽ എന്താണു സംഭവിക്കുന്നത് എന്ന് അവർ സൂക്ഷ്മമായി പരിശോധിക്കണം. ലണ്ടനിലെ ദ ടൈംസ് ഇപ്രകാരം റിപ്പോർട്ടു ചെയ്യുന്നു: “കൂടുതൽ വ്യക്തമായ വിധത്തിൽ അക്രമാസക്ത പെരുമാററമുള്ള കുട്ടികൾ, സാധാരണമായി മാതാപിതാക്കൾ പ്രശ്നങ്ങൾ ന്യായമായി പരിഹരിക്കാത്ത കുടുംബങ്ങളിൽനിന്നാണു വരുന്നത്.” അതിങ്ങനെ കൂട്ടിച്ചേർക്കുകയും ചെയ്യുന്നു: “അക്രമാസക്തമായ പെരുമാററം പഠിച്ചെടുത്ത ഒരു പ്രക്രിയയാണ്.”
ചില സ്ഥലങ്ങളിൽ അക്രമം വളരെ വിപുലവ്യാപകമാണ്. രാഷ്ട്രീയ അസ്വസ്ഥത വിദ്യാഭ്യാസത്തെ ഏറെക്കുറെ അസാധ്യമാക്കിത്തീർക്കുമ്പോൾ നിഷ്പക്ഷതയെ വിലയേറിയതായി കരുതുന്ന കുട്ടികൾ ചിലപ്പോൾ വീട്ടിൽ കഴിഞ്ഞുകൂടുന്നത് ജ്ഞാനമാണെന്നു കണ്ടെത്തിയിട്ടുണ്ട്. കുഴപ്പം പൊട്ടിപ്പുറപ്പെടുന്നത് അവർ സ്കൂളിലായിരിക്കുമ്പോഴാണെങ്കിൽ അവർ ആരുമറിയാതെ ഒഴിഞ്ഞുമാറുകയും കാര്യങ്ങൾ ശാന്തമാകുന്നതുവരെ വീട്ടിൽ കഴിയുകയും ചെയ്യുന്നു.
മോശമായ അധ്യാപനം
മോശമായ അധ്യാപനം പ്രശ്നങ്ങൾ സൃഷ്ടിക്കുമ്പോൾ നിങ്ങളുടെ കുട്ടിയും കുട്ടിയുടെ അധ്യാപകരും തമ്മിലുള്ള നല്ല ആശയവിനിമയത്തിനു സഹായകമായി വർത്തിക്കാൻ കഴിയും. “പഠിക്കുന്ന കാര്യം സംബന്ധിച്ച് ക്രിയാത്മകമായ ഒരു മനോഭാവം ഉണ്ടായിരിക്കാൻ ഞങ്ങൾ എല്ലായ്പോഴും ഞങ്ങളുടെ മകളെ പ്രോത്സാഹിപ്പിക്കാറുണ്ട്,” ഒരു ദമ്പതികൾ അഭിപ്രായപ്പെടുന്നു. എന്നാൽ അധ്യാപകർ ഒരു വിഷയം രസകരമാക്കിത്തീർക്കാൻ പരാജയപ്പെടുമ്പോൾ കുട്ടികൾക്കു പെട്ടെന്നുതന്നെ അതിൽ താത്പര്യം നഷ്ടപ്പെടുന്നു. ഇതു നിങ്ങളുടെ കുട്ടിയുടെ കാര്യത്തിൽ ശരിയാണെങ്കിൽ, അധ്യാപകനോട് സ്വകാര്യമായി സംസാരിക്കാൻ എന്തുകൊണ്ട് അവനെ പ്രോത്സാഹിപ്പിച്ചുകൂടാ?
ഉത്തരം നൽകുമ്പോൾ പാഠത്തിലെ മുഖ്യാശയം ഗ്രഹിക്കാനും പഠിപ്പിച്ച കാര്യം എങ്ങനെ ഉപയോഗിക്കാമെന്നു പഠിക്കാനും എളുപ്പമായ ചോദ്യങ്ങൾ തയ്യാറാക്കാൻ നിങ്ങളുടെ കുട്ടികളെ സഹായിക്കുക. എന്നിരുന്നാലും, ഇതു മാത്രം പഠനവിഷയത്തിൽ യഥാർഥവും നിലനിൽക്കുന്നതുമായ ഒരു താത്പര്യം ഉറപ്പു നൽകുന്നില്ല. കൂടുതലും മാതാപിതാക്കളെന്ന നിലയിലുള്ള നിങ്ങളുടെ ദൃഷ്ടാന്തത്തെ ആശ്രയിച്ചാണിരിക്കുന്നത്. നിങ്ങളുടെ കുട്ടിയോടൊത്തു പാഠങ്ങൾ ചർച്ച ചെയ്തുകൊണ്ട് നിങ്ങൾ അവർക്കുവേണ്ടി കരുതുന്നുവെന്ന് പ്രകടമാക്കുക. അധ്യാപകൻ നിയമിക്കുന്ന ഗവേഷണ വിഷയങ്ങളിൽ അവരെ സഹായിക്കുക.
ഭിന്നിച്ച കുടുംബങ്ങളിൽനിന്നു വരുന്ന, അല്ലെങ്കിൽ ദുരുപയോഗം ചെയ്യപ്പെടുകയോ അവഗണനയ്ക്ക് ഇരയാകുകയോ ചെയ്യുന്ന കുട്ടികൾ സ്കൂളിലുണ്ട്. അവർക്കു മിക്കപ്പോഴും ആത്മവിശ്വാസവും ആത്മാഭിമാനവും കുറവായിരിക്കും. നല്ല സാഹചര്യങ്ങളിൽനിന്നു വരുന്ന കുട്ടികളുമായി അവർ ഇടപഴകുന്നു. സ്കൂളിൽ ഉയർന്നുവന്നേക്കാവുന്ന പ്രശ്നങ്ങളെ വിജയപ്രദമായി തരണം ചെയ്യാൻ തങ്ങൾ തുടർച്ചയായി സഹായം നൽകേണ്ടതുണ്ടെന്ന് മിക്ക മാതാപിതാക്കളും തിരിച്ചറിയുന്നു. എന്നാൽ മാതാപിതാക്കൾ അധ്യാപകരുമായി ഇടപെടുന്നതു സംബന്ധിച്ചോ? അവർ എങ്ങനെയുള്ള ഒരു ബന്ധമാണ് നട്ടുവളർത്തേണ്ടത്, എപ്രകാരം?
[7-ാം പേജിലെ ചതുരം]
നിങ്ങളുടെ കുട്ടി ഒരു ഉപദ്രവിയുടെ ഇരയാണോ?
തങ്ങളുടെ കുട്ടിയിൽ ബാഹ്യമായ അടയാളങ്ങൾ വല്ലതുമുണ്ടോ എന്നറിയാൻ കുട്ടിയെ നിരീക്ഷിക്കാൻ വിദഗ്ധർ മാതാപിതാക്കളെ ഉപദേശിക്കാറുണ്ട്. അവനോ അവളോ സ്കൂളിൽ പോകാനുള്ള മടി കാണിക്കുന്നുണ്ടോ, സഹപാഠികളെ ഒഴിവാക്കുന്നുണ്ടോ, മുറിവുകളോ കീറിയ വസ്ത്രങ്ങളോ സഹിതം വീട്ടിൽ വരാറുണ്ടോ?
കൃത്യമായി എന്താണു സംഭവിച്ചതെന്നു നിങ്ങളോടു പറയാൻ കുട്ടിയെ പ്രോത്സാഹിപ്പിക്കുക. ഉപദ്രവമേൽക്കുന്നതാണോ വാസ്തവത്തിൽ പ്രശ്നം എന്നു മനസ്സിലാക്കാൻ ഇതു സഹായിക്കും. അത് ഒരു പ്രശ്നമാണെങ്കിൽ അനുകമ്പയുള്ള ഒരു അധ്യാപകനുമായി ഈ വിഷയം സംസാരിക്കുക.
ആശ്രയിക്കാൻ കൊള്ളാവുന്ന സഹപാഠികളോടൊത്തു കഴിയാനും മററുള്ളവർക്ക് ഉപദ്രവിക്കാൻ കഴിയുന്ന സ്ഥലങ്ങളും സന്ദർഭങ്ങളും ഒഴിവാക്കാനും നിർദേശിച്ചുകൊണ്ട് പ്രശ്നത്തെ തരണം ചെയ്യാൻ നിങ്ങളുടെ കുട്ടിയെ സഹായിക്കുക. നല്ല നർമബോധവും തുറന്നു സംസാരിച്ചു വിഷമസാഹചര്യത്തെ അകററാൻ കഴിയുന്നതെങ്ങനെയെന്ന അറിവും ഉള്ള ഒരു കുട്ടി ഉപദ്രവത്തിൽനിന്നു മിക്കപ്പോഴും ഒഴിവാകും.
വളരെയധികം ഉത്കണ്ഠപ്പെടരുത്, പ്രതികാരം ചെയ്യാൻ പ്രോത്സാഹിപ്പിക്കുകയുമരുത്.