ലോകമെമ്പാടുമുള്ള ഫലപ്രദമായ ഒരു സ്കൂൾ
ഇത് തിരഞ്ഞെടുക്കപ്പെട്ട ചുരുക്കം ചിലർക്കുമാത്രം പങ്കെടുക്കാവുന്ന ചെലവേറിയ ഏതെങ്കിലും സ്വകാര്യസ്കൂളോ പേരെടുത്ത ഏതെങ്കിലും സർവകലാശാലയോ അല്ല. ഈ സ്കൂൾ വിദ്യാർഥികളിൽനിന്നു ഫീസ് ഈടാക്കുന്നില്ല. ഇതിന്റെ ക്ലാസുകൾ നടക്കുന്നതു മിക്കവാറും നിങ്ങളുടെ സമീപപ്രദേശത്തെവിടെയെങ്കിലും ആയിരിക്കും. ഇതിന്റെ പേര് ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ എന്നാണ്, യഹോവയുടെ സാക്ഷികളുടെ യോഗസ്ഥലങ്ങളിലാണ് ഇതു നടക്കുന്നത്. ലോകവ്യാപകമായി ഏതാണ്ടു 50 ലക്ഷം പേർ ഇതിൽ പങ്കെടുക്കുന്നു.
‘ഇതിൽ ചേരാനുള്ള നിബന്ധനകൾ എന്തെല്ലാമാണ്? സ്കൂളിൽ എന്താണു പഠിപ്പിക്കുന്നത്? അതു നടത്തപ്പെടുന്നതെങ്ങനെയാണ്? ആളുകൾക്ക് അതിൽനിന്നു പ്രയോജനം ലഭിക്കുന്നതെങ്ങനെ?’ ഇങ്ങനെയൊക്കെ നിങ്ങൾ ചോദിച്ചേക്കാം.
നിബന്ധനകൾ
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിൽ പങ്കെടുക്കാൻ എല്ലാവർക്കും സ്വാഗതമുണ്ടെങ്കിലും അതിൽ ചേരുന്നവർ അതിന്റെ അടിസ്ഥാന പാഠപുസ്തകമായ ബൈബിളിന്റെ പഠിപ്പിക്കലുകളോടു യോജിക്കുന്നവരായിരിക്കണം. അവർ ധാർമികത സംബന്ധിച്ച ബൈബിളിന്റെ നിബന്ധനകൾക്കനുസരിച്ചു ജീവിതം നയിക്കുന്നവരായിരിക്കണം. അതുകൊണ്ട് വിദ്യാർഥികൾ അധാർമികജീവിതം നയിക്കുന്നവരായിരിക്കാൻ പാടില്ല. അവർ കള്ളന്മാർ, മദ്യപാനികൾ, പരസംഗക്കാർ, പുകയില ഉപയോഗിക്കുന്നവർ എന്നിങ്ങനെയുള്ളവർ ആയിരിക്കാൻ പാടില്ല.—1 കൊരിന്ത്യർ 6:9-11.
ഇന്നത്തെ അനേകം സ്കൂളുകൾ വസ്ത്രധാരണം സംബന്ധിച്ച നിയമങ്ങളെ കാറ്റിൽ പറത്തിയിരിക്കുന്നു. എന്നാൽ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിൽ ചേർന്നിട്ടുള്ള വിദ്യാർഥികൾ വൃത്തിയുള്ള മാന്യമായ വേഷം ധരിക്കുന്നവരായിരിക്കേണ്ടതാണ്. (1 തിമൊഥെയൊസ് 2:9, 10) ഈ സ്കൂളിന് പ്രായത്തിന്റെ കാര്യത്തിൽ യാതൊരു നിബന്ധനകളുമില്ല. 90 കഴിഞ്ഞ സ്ത്രീപുരുഷന്മാർ ചെയ്യുന്നതുപോലെ തന്നെ എഴുതാനും വായിക്കാനും അറിയാവുന്ന നാലോ അഞ്ചോ വയസ്സുള്ള കൊച്ചുകുട്ടികളും ഈ സ്കൂളിൽ ചേരുകയും ക്രമമായി നിയമനങ്ങൾ കൈകാര്യം ചെയ്യുകയും ചെയ്യുന്നു.
ഘടനയും പാഠ്യപദ്ധതിയും
എല്ലാവർക്കും പങ്കെടുക്കാനുള്ള സൗകര്യത്തിന് ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിന്റെ 45 മിനിറ്റു നേരത്തെ ക്ലാസുകൾ ഒട്ടുമിക്കപ്പോഴും മധ്യവാരത്തിലെ ഏതെങ്കിലും വൈകുന്നേരങ്ങളിലാവും നടത്തുക. സ്കൂൾ അധ്യാപകന്റെ ചുരുക്കമായ സ്വാഗതാശംസകൾക്കുശേഷം, സ്കൂളിന്റെ ഏതെങ്കിലും ഒരു പാഠ്യപുസ്തകത്തെ ആസ്പദമാക്കി അന്നത്തെ ആദ്യപ്രസംഗകൻ 10 മുതൽ 15 മിനിറ്റുവരെ നീണ്ടു നിൽക്കുന്ന ഒരു പ്രസംഗം അവതരിപ്പിക്കുന്നു. അതിനുശേഷം അദ്ദേഹം താൻ നടത്തിയ പ്രസംഗ ഭാഗത്തിന്റെ മൂന്നുമിനിറ്റു മുതൽ അഞ്ചുമിനിറ്റു വരെ ദൈർഘ്യമുള്ള ഒരു വാച്യപുനരവലോകനം നടത്തുന്നു.
അടുത്തതായി, യോഗ്യതയുള്ള ഒരധ്യാപകൻ വാരംതോറും ബൈബിൾ വായനക്കായി നിയമിച്ചിരിക്കുന്ന ഭാഗത്തുനിന്നുള്ള സവിശേഷാശയങ്ങൾ അവലോകനം ചെയ്യും. ഇതു മിക്കവാറും ബൈബിളിലെ രണ്ടോ മൂന്നോ നാലോ അധ്യായങ്ങളിൽനിന്ന് എടുത്തതായിരിക്കും. ഈ പുനരവലോകനത്തിന് ആറു മിനിറ്റ് എടുക്കാം. വാരംതോറുമുള്ള ഈ ഗൃഹപാഠനിയമനം കൃത്യമായി ചെയ്യുന്ന വിദ്യാർഥികൾ കുറേ കാലംകൊണ്ടു ബൈബിൾ മുഴുവനും വായിച്ചു തീർക്കും.
ബൈബിളിൽനിന്നുള്ള സവിശേഷാശയങ്ങൾക്കുശേഷം മൂന്നു വിദ്യാർഥികൾ അഞ്ചുമിനിറ്റു വീതമുള്ള മൂന്ന് അവതരണങ്ങൾ നടത്തുന്നു. ഗൃഹപാഠമെന്ന നിലയിൽ ബൈബിൾവായനക്കായി നിയമിച്ചിരിക്കുന്നതിൽനിന്നുള്ള ഒരു ഭാഗത്തിന്റെ വായനയാണ് ഇതിലൊന്ന്. മറ്റു രണ്ട് അവതരണങ്ങൾ സ്കൂൾ പാഠഭാഗങ്ങളെ ആസ്പദമാക്കിയുള്ളവയായിരിക്കും. ക്ലാസുകൾക്കുള്ള തയ്യാറെടുപ്പെന്നനിലയിൽ ഈ ഭാഗങ്ങൾ വായിക്കാൻ എല്ലാ വിദ്യാർഥികളെയും പ്രോത്സാഹിപ്പിക്കുന്നു. ഓരോ വിദ്യാർഥിയും തന്റെ നിയമിതഭാഗം നിർവഹിച്ചുകഴിയുമ്പോൾ സ്കൂളധ്യാപകൻ അവരെ അഭിനന്ദിക്കുകയും മിക്കപ്പോഴും മെച്ചപ്പെടാൻ ആവശ്യമായ നിർദേശങ്ങൾ കൊടുക്കുകയും ചെയ്യുന്നു.
സ്കൂളധ്യാപകന്റെ ബുദ്ധ്യുപദേശങ്ങൾ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ ഗൈഡ്ബുക്ക് എന്ന പ്രസിദ്ധീകരണത്തെ ആസ്പദമാക്കിയുള്ളതായിരിക്കും. എല്ലാ വിദ്യാർഥികളും അതു ശ്രദ്ധാപൂർവം പഠിക്കാൻ പ്രതീക്ഷിക്കപ്പെടുന്നു. വിദ്യാർഥി തന്റെ അടുത്ത നിയമനത്തിൽ ഏതെങ്കിലും ഒരു പ്രസംഗഗുണത്തിൽ പുരോഗമിക്കുന്നതിനായി ഗൈഡ്ബുക്കിലെ “സദസ്യരോടുള്ള സമ്പർക്കവും കുറിപ്പുകളുപയോഗിക്കലും,” “അനുയോജ്യമായ ദൃഷ്ടാന്തങ്ങൾ,” “ആവർത്തനത്തിന്റെയും ആംഗ്യങ്ങളുടെയും ഉപയോഗം,” “അർഥം ഊന്നിപ്പറയലും ഉച്ചനീചത്വവും” എന്നിവപോലെയുള്ള ഏതെങ്കിലും ഒരധ്യായം പുനരവലോകനം ചെയ്യാൻ അയാളോടാവശ്യപ്പെട്ടേക്കാം.
ഇതിനുപുറമേ, ചില സമുദായങ്ങളിൽ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിന്റെ ഭാഗമായി സാക്ഷരതക്കും വായനാപ്രാപ്തി മെച്ചപ്പെടുത്തുന്നതിനും വേണ്ടിയുള്ള ക്ലാസുകൾ കൂടി നടത്തുന്നുണ്ട്. ഇത്തരം സാക്ഷരതാക്ലാസുകളിൽകൂടി പതിനായിരക്കണക്കിനാളുകൾ വായിക്കാൻ പഠിക്കുകയോ വായനാപ്രാപ്തി മെച്ചപ്പെടുത്തുകയോ ചെയ്തിട്ടുണ്ട്. ഉദാഹരണത്തിന്, 1946-നും 1994-നും ഇടയ്ക്കുള്ള കാലഘട്ടത്തിൽ മെക്സിക്കോയിൽ 1,27,000-ത്തിലേറെപ്പേരെ സാക്ഷരരാകാൻ സഹായിച്ചിരിക്കുന്നു.
ലക്ഷങ്ങളെ സഹായിക്കുന്നു
ലോകത്തുടനീളം, തങ്ങളുടെ കുട്ടികൾക്കു മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകുന്നതിനുള്ള രക്ഷാകർത്താക്കളുടെ ശ്രമങ്ങളെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പിന്തുണച്ചിട്ടുണ്ട്. “വിവരങ്ങൾക്കു വേണ്ടി ഗവേഷണം ചെയ്യാനും എന്റെ അവതരണങ്ങൾ മുൻകൂട്ടി പരിശീലിച്ചുനോക്കാനും ഞാൻ പഠിച്ചു” എന്ന് പതിനാറുകാരനായ മറൈയാ പറഞ്ഞു. ഇപ്പോൾ ഹൈസ്കൂളിൽ എനിക്കു ലഭിക്കുന്ന നിയമനങ്ങൾ വളരെ അനായാസകരമാണ്.
ഏഴാമത്തെ വയസ്സിൽ ശുശ്രൂഷാസ്കൂളിൽ ചേർന്ന പതിനഞ്ചുകാരനായ മാത്യുവിന്റെ അഭിപ്രായമിതാണ്: “വിദ്യാഭ്യാസപരമായ നേട്ടങ്ങളുടെ കാര്യത്തിൽ എനിക്ക് എന്റെ സമപ്രായക്കാരെ അപേക്ഷിച്ച് ഒരു വലിയ മേന്മയുണ്ട്. പഠിക്കാനും ശ്രദ്ധിക്കാനുമുള്ള കഴിവുകളും ഫലപ്രദമായി പ്രസംഗങ്ങൾ നടത്താനുള്ള പാടവവും ഞാൻ ആർജിച്ചിട്ടുണ്ട്.” അവന്റെ സഹോദരനായ 17-കാരൻ ഫിൽ ഇങ്ങനെ കൂട്ടിച്ചേർത്തു: “ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ എന്നിൽ കൂടുതൽ ആത്മവിശ്വാസം ഉളവാക്കിയിരിക്കുന്നു. ഒരു നിയമനം കിട്ടിയാൽ അതു കൈകാര്യം ചെയ്യാൻ കഴിയും എന്നെനിക്കറിയാം.”
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ മുതിർന്നവരേയും വിദ്യ അഭ്യസിപ്പിച്ചിട്ടുണ്ട്. തന്റെ തൊഴിൽസ്ഥാപനത്തിന്റെ നടത്തിപ്പുകാരുടെ മുമ്പാകെ കാര്യകാരണസഹിതം വസ്തുതകൾ അവതരിപ്പിക്കുക എന്ന ലക്ഷ്യം പോലും സാക്ഷാത്കരിച്ച മൈക്കിൾ എന്നയാൾ പറയുന്നതു കേൾക്കൂ: “ശുശ്രൂഷാസ്കൂളിൽ ചേർന്നപ്പോൾ എനിക്കു വലിയ പേടിയായിരുന്നു. ഇപ്പോൾ എനിക്കു പേടിയേ ഇല്ല. ലജ്ജയുടെ പുറംതോടു പൊട്ടിച്ചു പുറത്തുവരാൻ എനിക്കു വേണ്ടിയിരുന്ന സുരക്ഷിതമായ അന്തരീക്ഷവും അറിവും വൈദഗ്ധ്യങ്ങളും വ്യക്തിപരമായ പ്രോത്സാഹനവും ആ സ്കൂളിൽനിന്നു ലഭിച്ചു.” ഒരു പിതാവ് ഇങ്ങനെ പറഞ്ഞു: “ചെറുപ്പമായിരുന്നപ്പോൾ എനിക്കു പഠിക്കാൻ കഴിയാതെപോയ അവസരങ്ങളിലെ നഷ്ടം ഞാൻ ഇപ്പോൾ നികത്തിയതായി എനിക്കു തോന്നുന്നു.”
ലാറ്റിനമേരിക്കയിലെ ഒരു ചെറിയ ഗ്രാമത്തിൽ, വിദ്യാഭ്യാസവകുപ്പിലെ അംഗങ്ങൾ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിൽ സന്നിഹിതരായി. തദ്ദേശവാസിയായ ഒരാളുടെ പ്രസംഗം ശ്രദ്ധിച്ചിട്ട് സന്ദർശകരിലൊരാളായ ഒരു സ്കൂൾ പ്രിൻസിപ്പൽ ഇങ്ങനെ അതിശയം കൂറി: “ഒരു നിരക്ഷരനെന്നു ഞങ്ങൾക്കു ശരിക്കറിയാവുന്ന ഈ മനുഷ്യൻ സ്പാനിഷിൽ [തന്റെ മാതൃഭാഷയിലല്ലാതെ] സംഭാഷണം നടത്തുക എന്നത് അസംഭവ്യമാണ്, അതും ഒരു സദസ്സിനു മുൻപിൽ, പക്ഷേ അയാൾ അതാണു ചെയ്യുന്നത്.”
അതേ, ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ ലോകത്തിലെ ഏറ്റവും മെച്ചപ്പെട്ട സ്കൂളുകളിലൊന്നു തന്നെ! ചെറുപ്പക്കാരെയും മുതിർന്നവരെയും ഒരു മെച്ചപ്പെട്ട വിദ്യാഭ്യാസം നേടുന്നതിൽ സഹായിക്കാൻ അതിനു കഴിയും. ഒരു യുവാവു പറഞ്ഞതിങ്ങനെയാണ്: “ഈ സ്കൂളിൽ ചേരണമെന്നു വിചാരിക്കുന്ന ഏതൊരാളും എത്രയും വേഗം ചേരാൻ ഞാൻ നിർദേശിക്കുകയാണ്.”
[13-ാം പേജിലെ ചിത്രം]
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ ലക്ഷങ്ങളെ മികച്ച വിദ്യാഭ്യാസം നേടാൻ സഹായിക്കുന്നു