ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ നമുക്കു പ്രയോജനം ചെയ്യുന്ന വിധം
1 യഹോവയുടെ ജനം വ്യതിരിക്തമായ ഒരു പദവി ആസ്വദിക്കുന്നു. അവർക്കു ദിവ്യാധിപത്യ പ്രബോധനം ലഭിക്കുന്നു എന്നതാണത്. (യെശ. 54:13; യോഹ. 6:45) എന്നാൽ നാം അതിൽനിന്ന് എത്രത്തോളം പ്രയോജനം നേടുന്നുവെന്നത്, പ്രധാനമായും നാം നടത്തുന്ന ശ്രമത്തെ ആശ്രയിച്ചിരിക്കുന്നു. ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിനു നിങ്ങളുടെ ആത്മീയതയുടെമേലുള്ള ക്രിയാത്മക ഫലങ്ങൾ തിരിച്ചറിയാൻ നിങ്ങൾക്കു കഴിയുന്നുണ്ടോ?
2 വിലമതിപ്പ് തുളുമ്പുന്ന പ്രതികരണങ്ങൾ: പ്രസംഗ ഗുണങ്ങളുടെ സമഗ്രമായ പഠനം, വയലിൽ കൂടുതൽ ഫലപ്രദമായി പ്രവർത്തിക്കാൻ സഭയെ സഹായിച്ചിരിക്കുന്നതായി അനേകം സ്കൂൾ മേൽവിചാരകന്മാർ നിരീക്ഷിച്ചിരിക്കുന്നു. കൂടുതലായി, ബൈബിൾ വായനയിൽനിന്നുള്ള വിശേഷാശയങ്ങളിൽ പങ്കുപറ്റാൻ സദസ്സിന് അവസരമുള്ളതിനാൽ ഏറെപ്പേരും ബൈബിൾവായനയ്ക്കുള്ള പട്ടിക പിൻപറ്റുന്നതായി ഒരു സ്കൂൾ മേൽവിചാരകൻ കണ്ടെത്തി. ഇപ്പോൾ 2-ാം നമ്പർ നിയമനം നടത്തുന്ന വിധത്തെക്കുറിച്ചും അനേകം സഹോദരന്മാർക്കു നല്ല അഭിപ്രായമാണുള്ളത്. ആമുഖമോ ഉപസംഹാരമോ തയ്യാറാക്കേണ്ട ആവശ്യം ഇല്ലാത്തതിനാൽ വായനഭാഗത്തു ശ്രദ്ധകേന്ദ്രീകരിക്കാൻ കഴിയുന്നതു പ്രയോജനകരമാണെന്ന് അവർ പറയുന്നു. ഇപ്പോൾ ഈ നിയമനം ലഭിക്കുന്നവർ തങ്ങളുടെ വായനപ്രാപ്തി മെച്ചപ്പെടുത്തുന്നതിൽ ഏകാഗ്രമായി ശ്രദ്ധിക്കുന്നു.—1 തിമൊ. 4:13.
3 എല്ലാവർക്കും പ്രയോജനം നേടാം: അഭിപ്രായങ്ങൾ പറഞ്ഞുകൊണ്ട് യോഗങ്ങളിൽ പങ്കുപറ്റുന്നത് നമുക്കു സന്തോഷം പകരുന്നു. (സദൃ. 15:23) വാചാ പുനരവലോകനത്തിനുള്ള ചോദ്യങ്ങൾ കാലേകൂട്ടി ലഭിക്കുന്നതിനാൽ, നന്നായി തയ്യാറായിക്കൊണ്ട് അതിൽ അനായാസം പങ്കുപറ്റാൻ നമുക്കു സാധിക്കുന്നു. തന്നെയുമല്ല, വീക്ഷാഗോപുരത്തിന്റെ 2004 ജനുവരി 1 മുതലുള്ള ചില ലക്കങ്ങളിൽ ബൈബിൾ പുസ്തകങ്ങളിൽനിന്നുള്ള വിശേഷാശയങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നു. ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിലെ നിയമിത ബൈബിൾ വായനഭാഗവുമായി ഒത്തുപോകുംവിധമാണ് അവ മാസികയിൽ പ്രത്യക്ഷപ്പെടുന്നത്. ബൈബിൾ വായനയിൽനിന്നുള്ള വിശേഷാശയങ്ങൾ നടത്തുമ്പോൾ പരിപുഷ്ടിപ്പെടുത്തുന്ന അഭിപ്രായങ്ങൾ പറയാൻ ഈ ലേഖനങ്ങൾ അനേകരെ സഹായിച്ചിരിക്കുന്നു.
4 സ്കൂളിൽ പേർ ചാർത്തിയിട്ടുള്ള എല്ലാവർക്കും നിയമനങ്ങൾക്കായി തയ്യാറാകാനും അവ അവതരിപ്പിക്കാനും ഉള്ള പ്രത്യേക പദവിയുണ്ട്. സ്കൂൾ മേൽവിചാരകൻ പ്ലാറ്റ്ഫോമിൽനിന്നു നൽകുന്ന അഭിനന്ദനങ്ങൾ നമുക്കേവർക്കും പ്രയോജനം ചെയ്യും. യോഗങ്ങൾക്കുശേഷം ഓരോ വിദ്യാർഥിക്കും അദ്ദേഹം സ്വകാര്യമായി സഹായകമായ ബുദ്ധിയുപദേശങ്ങൾ നൽകുകയും ചെയ്തേക്കാം. ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക എന്ന പുസ്തകത്തിൽ ഓരോ അധ്യായത്തിന്റെയും ഒടുവിൽ, പ്രസംഗ ഗുണങ്ങൾ മെച്ചപ്പെടുത്താനായി നൽകിയിരിക്കുന്ന ‘അഭ്യാസങ്ങൾ’ കൂടുതലായ സഹായം പ്രദാനം ചെയ്യുന്നു.
5 സ്കൂൾ നടക്കുമ്പോഴും അതിനുശേഷവും നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തുന്ന പ്രായോഗികവും തിരുവെഴുത്തുപരവും ആയ ആശയങ്ങൾ നിങ്ങളുടെ ശുശ്രൂഷാസ്കൂൾ പാഠപുസ്തകത്തിൽ കുറിച്ചിടുക. പഠിച്ച കാര്യങ്ങളെക്കുറിച്ചു ധ്യാനിക്കുകയും ദിവ്യാധിപത്യ വിദ്യാഭ്യാസം നിങ്ങളുടെ ആത്മീയതയെ കരുപ്പിടിപ്പിക്കുന്നത് എങ്ങനെയെന്നു പരിചിന്തിക്കുകയും ചെയ്യുക.