നേതൃത്വം വഹിക്കുന്ന മേൽവിചാരകന്മാർ—ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ മേൽവിചാരകൻ
1 പ്രസംഗിക്കുന്നതിലും പഠിപ്പിക്കുന്നതിലും കഠിനമായി അധ്വാനിക്കുന്ന, നമ്മുടെ ആദരവും സഹകരണവും അർഹിക്കുന്ന, ആത്മീയമായി പ്രായമുള്ള ഒരു പുരുഷനാണ് ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ മേൽവിചാരകൻ. (1 തിമൊ. 5:17) എന്താണ് അദ്ദേഹത്തിന്റെ ചുമതലകൾ?
2 രാജ്യഹാളിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ ലൈബ്രറിയുടെ ചുമതല അദ്ദേഹത്തിനാണ്. യോഗ്യതയുള്ള സകലരെയും സ്കൂളിൽ പേർ ചാർത്താൻ പ്രോത്സാഹിപ്പിക്കുന്നതിൽ അദ്ദേഹം വലിയ താത്പര്യം കാണിക്കുന്നു. ഓരോ സ്കൂൾ സെഷനും മൂന്നാഴ്ച മുമ്പെങ്കിലും, ചിട്ടയോടെ തന്നെ നിയമനങ്ങൾ നൽകാൻ കഴിയത്തക്കവണ്ണം കൃത്യമായ ഒരു രേഖ സൂക്ഷിക്കുന്നുവെന്ന് അദ്ദേഹം ഉറപ്പു വരുത്തുന്നു. അദ്ദേഹം സഭയിലുള്ളവരെ നന്നായി അറിഞ്ഞിരിക്കേണ്ടതുണ്ട്, ഓരോ വിദ്യാർഥിയെയും അയാളുടെ പ്രാപ്തികളെയും കുറിച്ച് അദ്ദേഹത്തിന് നല്ല അറിവ് ഉണ്ടായിരിക്കണം. സ്കൂൾ പട്ടിക തയ്യാറാക്കുന്നതിൽ തന്നെ സഹായിക്കാൻ മറ്റൊരു സഹോദരനെ അദ്ദേഹത്തിന് ഉപയോഗിക്കാമെങ്കിലും, യോഗഭാഗങ്ങൾ ഉചിതമായി നിയമിച്ചു കൊടുക്കുന്നതിൽ സ്കൂൾ മേൽവിചാരകന്റെ വ്യക്തിപരമായ മേൽനോട്ടം ഉണ്ടായിരിക്കണം.
3 സ്കൂളിൽ ഫലപ്രദമായി പഠിപ്പിക്കുന്നതിന്, നിയമിത ഭാഗങ്ങൾ നന്നായി പഠിച്ചുകൊണ്ട് സ്കൂൾ മേൽവിചാരകൻ ഓരോ വാരത്തിലും ഉത്സാഹപൂർവം തയ്യാറാകേണ്ടതുണ്ട്. പാഠ്യവിഷയങ്ങൾ സംബന്ധിച്ച് സഭയിൽ ഉള്ളവരുടെ ഉത്സാഹം വർധിപ്പിക്കാനും നിയമിത ഭാഗങ്ങൾ കൃത്യമായിത്തന്നെ ഉൾപ്പെടുത്തിയിരിക്കുന്നു എന്ന് നിർണയിക്കാനും എഴുത്തു പുനരവലോകനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള മുഖ്യ ആശയങ്ങൾ എടുത്തു കാണിക്കാനും അത്തരം തയ്യാറാകൽ അദ്ദേഹത്തെ സഹായിക്കുന്നു.
4 ഓരോ വിദ്യാർഥി പ്രസംഗത്തിനു ശേഷവും സ്കൂൾ മേൽവിചാരകൻ വിദ്യാർഥിയെ അഭിനന്ദിക്കുകയും ഒരു പ്രസംഗ ഗുണം നല്ലതായിരുന്നതിന്റെ അല്ലെങ്കിൽ ഒന്നിന് പുരോഗതി ആവശ്യമായിരിക്കുന്നതിന്റെ കാരണം വിശദീകരിക്കുകയും ചെയ്യുന്നു. സ്കൂളിലെ നിയമനങ്ങൾ നിർവഹിക്കാൻ ആർക്കെങ്കിലും കൂടുതലായ സഹായം ആവശ്യമാണെങ്കിൽ, സ്കൂൾ മേൽവിചാരകനോ അദ്ദേഹം നിയമിക്കുന്ന ആൾക്കോ വ്യക്തിഗത സഹായം നൽകാനാകും.
5 ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ മേൽവിചാരകന്റെയും അദ്ദേഹത്തിന്റെ നിർദേശത്തിനു കീഴിൽ സേവിക്കുന്ന മറ്റു ബുദ്ധ്യുപദേശകരുടെയും കഠിന വേലയിൽനിന്ന് പൂർണ പ്രയോജനം നേടുന്നതിനു നാം സ്കൂളിൽ പതിവായി സംബന്ധിക്കേണ്ടതുണ്ട്. നാം നമ്മുടെ നിയമനങ്ങൾ നിർവഹിക്കുകയും നമുക്കു ലഭിക്കുന്നതും അതുപോലെതന്നെ മറ്റു വിദ്യാർഥികൾക്കു നൽകപ്പെടുന്നതുമായ ബുദ്ധ്യുപദേശങ്ങൾ ബാധകമാക്കുകയും വേണം. അങ്ങനെ ചെയ്യുമ്പോൾ, പരസ്യമായും വീടുതോറും രാജ്യ സന്ദേശം അവതരിപ്പിക്കാനുള്ള നമ്മുടെ പ്രാപ്തി അനുക്രമം മെച്ചപ്പെട്ടുകൊണ്ടിരിക്കും.—പ്രവൃ. 20:20; 1 തിമൊ. 4:13, 15.