നമ്മുടെ ഗ്രഹത്തെ രക്ഷിക്കാനുള്ള പോരാട്ടം
സ്പെയിനിലെ ഉണരുക! ലേഖകൻ
റഷ്യയിലെ കാരാബാഷ് എന്ന നഗരത്തിൽ വസിക്കുന്ന യൂറിക്ക് രണ്ടു കുട്ടികളുണ്ട്, അവർ രണ്ടുപേരും രോഗബാധിതരാണ്. യൂറിക്ക് ഉത്കണ്ഠയുണ്ടെങ്കിലും അയാൾ ആശ്ചര്യപ്പെടുന്നില്ല. “ഇവിടെ ആരോഗ്യമുള്ള കുട്ടികളാരുമില്ല” എന്ന് അദ്ദേഹം വിശദീകരിക്കുന്നു. കാരാബാഷിലെ ജനങ്ങൾ വിഷബാധയ്ക്ക് ഇരയാകുകയാണ്. അവിടെയുള്ള ഒരു ഫാക്ടറി പ്രതിവർഷം 1,62,000 ടൺ മലിനവസ്തുക്കളാണു വായുവിലേക്കു തുപ്പുന്നത്—അവിടത്തെ ഓരോ പുരുഷനും സ്ത്രീക്കും കുട്ടിക്കും 9 ടൺ വീതം മലിനവസ്തുക്കൾ. ആർട്ടിക് വൃത്തത്തിന്റെ വടക്കുള്ള കോളാ ഉപദ്വീപിലെ നിക്കെൽ, മോഞ്ചെഗോർസ്ക് എന്നിവിടങ്ങളിലുള്ള, “ലോകത്തിലെ ഏറ്റവും വലുതും ഏറ്റവും പഴകിയതുമായ നിക്കൽ ഉരുക്കുശാലകൾ . . . ഓരോ വർഷവും റഷ്യയിലുള്ള മറ്റേതു ഫാക്ടറിയെക്കാളും കടുപ്പം കൂടിയ ലോഹപദാർഥങ്ങളും സൾഫർ ഡയോക്സൈഡും വായുവിലേക്കു തള്ളിവിടുന്നു.”—ദ ന്യൂയോർക്ക് ടൈംസ്.
മെക്സിക്കോ നഗരത്തിലെ വായു അതിനെക്കാൾ ഒട്ടുംതന്നെ ആരോഗ്യപ്രദമല്ല. ആ നഗരത്തിലെ സമ്പന്ന പ്രദേശങ്ങളിൽപോലും 5-ൽ 4 ദിവസവും കുട്ടികൾ രോഗികളാണെന്നു ഡോ. മാർഗരിറ്റ കാസ്റ്റിയെഹോസ് നടത്തിയ ഒരു സർവേ കണ്ടെത്തുകയുണ്ടായി. “അവരെ സംബന്ധിച്ചിടത്തോളം രോഗികളാകുക എന്നത് ഒരു സാധാരണ സംഭവമായി മാറിയിരിക്കുകയാണ്,” അവർ അഭിപ്രായപ്പെട്ടു. അതിന്റെ പ്രമുഖ കാരണങ്ങളിലൊന്ന്, നഗരത്തിലെ തെരുവുകളിലൂടെ നിറഞ്ഞൊഴുകുന്ന ആയിരക്കണക്കിനു വാഹനങ്ങൾ പുറത്തുവിടുന്ന, എങ്ങും വ്യാപിക്കുന്ന, ഹിമധൂമികയാണെന്ന് അവർ പറയുന്നു. ലോകാരോഗ്യ സംഘടന നിർദേശിക്കുന്ന ഏറ്റവും കൂടിയ അളവിനെക്കാളും നാലിരട്ടി കൂടുതലാണ് അവിടെ ഓസോണിന്റെ അളവ്.
ഓസ്ട്രേലിയയിൽ ഈ അപകടം ദൃശ്യമല്ലെങ്കിലും വളരെ മാരകമാണ്. സ്കൂളിലെ കളിസ്ഥലത്തു കുട്ടികൾ ഓടിക്കളിക്കുമ്പോൾ അവർക്ക് ഇപ്പോൾ തൊപ്പികൾ വെക്കേണ്ടതായിവരുന്നു. ദക്ഷിണാർധ ഗോളത്തിൽ സംരക്ഷണാത്മക കവചമായ ഓസോണിനു സംഭവിച്ചിരിക്കുന്ന വൻ ശോഷണം, ഓസ്ട്രേലിയക്കാർ സൂര്യനെ ഒരു സുഹൃത്തായിട്ടല്ല, മറിച്ച് ഒരു ശത്രുവായിട്ടു വീക്ഷിക്കാൻ കാരണമായിരിക്കുന്നു. ചർമാർബുദം അവർക്കിടയിൽ ഇപ്പോൾതന്നെ മൂന്നിരട്ടി വർധിച്ചിരിക്കുന്നു.
ലോകത്തിന്റെ മറ്റു ചില ഭാഗങ്ങളിൽ, വേണ്ടത്ര വെള്ളം കണ്ടെത്തുക എന്നത് ഒരു അനുദിന വെല്ലുവിളിയാണ്. ആമാലിയായ്ക്ക് 13 വയസ്സുണ്ടായിരുന്നപ്പോഴാണു വരൾച്ച മൊസാംബിക്കിനെ ബാധിച്ചത്. ആദ്യത്തെ വർഷം വെള്ളം കഷ്ടിച്ച് ആവശ്യത്തിനുണ്ടായിരുന്നു, അതിനടുത്ത വർഷം അതുപോലുമില്ലാതായി. പച്ചക്കറി വിളകൾ ഉണങ്ങിക്കരിഞ്ഞു. ആമാലിയായ്ക്കും കുടുംബത്തിനും കാട്ടുപഴങ്ങൾ തിന്നേണ്ടിവന്നു, അമൂല്യമായ വെള്ളം കണ്ടെത്താൻ അവർക്കു മണൽനിറഞ്ഞ പുഴച്ചാലുകളിൽ കുഴിക്കേണ്ടതായും വന്നു.
ഇന്ത്യയിലെ രാജസ്ഥാൻ എന്ന സംസ്ഥാനത്തു വളരെ വേഗം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നതു കാലികളെ മേയ്ക്കുന്ന സ്ഥലമാണ്. ഒരു നാടോടി വർഗക്കാരനായ ഫാഗ്യുവിന് ആ പ്രദേശത്തെ കർഷകരുമായി കൂടെക്കൂടെ തർക്കങ്ങളിൽ ഏർപ്പെടേണ്ടതായി വരുന്നു. തന്റെ ചെമ്മരിയാടുകളുടെയും കോലാടുകളുടെയും പറ്റത്തിനു മേയുന്നതിന് അയാൾക്കു സ്ഥലം കണ്ടെത്താൻ കഴിയുന്നില്ല. ഫലഭൂയിഷ്ഠമായ സ്ഥലം കമ്മിയായിരിക്കുന്നതിനാൽ, കർഷകരും നാടോടികളും തമ്മിൽ നൂറ്റാണ്ടുകളായി നിലനിന്നിരുന്ന സമാധാനപരമായ സഹവർത്തിത്വം താറുമാറായിരിക്കുകയാണ് അവിടെ.
ആഫ്രിക്കയിലെ സഹാറാ മരുഭൂമിയുടെ ദക്ഷിണ അറ്റത്തുള്ള, കുറച്ചൊക്കെ മഴ ലഭിക്കുന്ന, സാഹിൽ എന്ന വിശാലമായ പ്രദേശത്തെ അവസ്ഥ അതിലുമേറെ മോശം. വനനശീകരണത്തിന്റെയും അതേത്തുടർന്നുള്ള വരൾച്ചയുടെയും ഫലമായി മൃഗങ്ങളെല്ലാം നശിച്ചുപോകുകയും അനേകം ചെറുകിടഭൂമികൾ വ്യാപ്തി കൂടിവരുന്ന മരുഭൂമിയുടെ മണലിനടിയിൽ മൂടപ്പെടുകയും ചെയ്തിരിക്കുന്നു. “ഞാൻ ഇനി കൃഷി ചെയ്യില്ല” എന്ന് ഏഴാം തവണയും തന്റെ ചാമകൃഷി നശിക്കുന്നതു കണ്ട നൈജറിലെ ഒരു ഫുലാനി കർഷകൻ ശപഥം ചെയ്തു. തിന്നാൻ പുല്ലില്ലാത്തതുകൊണ്ട് അയാളുടെ കന്നുകാലികൾ നേരത്തെതന്നെ ചത്തൊടുങ്ങിയിരുന്നു.
വർധിച്ചുവരുന്ന ഭീഷണി
സമീപകാലത്തെ വരൾച്ചകൾ, പാഴായിപ്പോയ വിളവെടുപ്പുകൾ, ഒന്നിനു പുറകെ മറ്റൊന്നായി ഓരോ നഗരങ്ങളെയും വീർപ്പുമുട്ടിക്കുന്ന മലിനമായ വായു എന്നിവയ്ക്കെല്ലാം പിന്നിൽ അമംഗളസൂചകമായ ഒരു കാര്യം ഒളിഞ്ഞുകിടപ്പുണ്ട്. അവയൊക്കെ രോഗഗ്രസ്തമായ ഒരു ഗ്രഹത്തിന്റെ ലക്ഷണങ്ങളാണ്, മനുഷ്യൻ അതിൻമേൽ കുന്നുകൂട്ടുന്ന ആവശ്യങ്ങളുമായി പൊരുത്തപ്പെടാൻ മേലാൽ അതിനാവില്ല.
നമ്മുടെ അതിജീവനത്തിന്, ശ്വസിക്കുന്ന വായു, കഴിക്കുന്ന ആഹാരം, കുടിക്കുന്ന വെള്ളം എന്നിവയെക്കാൾ പ്രധാനമായി ഭൂമിയിൽ മറ്റൊന്നുമില്ല. ജീവനെ നിലനിർത്തുന്ന ഈ അടിസ്ഥാന ഘടകങ്ങളെ മനുഷ്യൻതന്നെ നിഷ്ഠുരമായി മലിനപ്പെടുത്തിക്കൊണ്ടിരിക്കുകയോ അൽപ്പാൽപ്പമായി നശിപ്പിച്ചുകൊണ്ടിരിക്കുകയോ ആണ്. ഇപ്പോൾത്തന്നെ, ചില രാജ്യങ്ങളിൽ പരിസ്ഥിതിയുടെ അവസ്ഥ ജീവനെ ഭീഷണിപ്പെടുത്തുന്നതായിത്തീർന്നിരിക്കുന്നു. മുൻ സോവിയറ്റ് പ്രസിഡൻറ് അതേക്കുറിച്ചു വ്യക്തമായി പറഞ്ഞതുപോലെ, “പരിസ്ഥിതി നമ്മുടെ കഴുത്തിനു പിടിച്ചിരിക്കുകയാണ്.”
ആ ഭീഷണി നിസ്സാരമായി എടുക്കേണ്ട ഒന്നല്ല. ലോകജനസംഖ്യ സ്ഥിരമായി വർധിച്ചുകൊണ്ടിരിക്കുകയാണ്. പരിമിത വിഭവങ്ങൾക്കു വേണ്ടിയുള്ള ആവശ്യങ്ങളും പെരുകുന്നു. “നമ്മുടെ ഭാവിയുടെ നേർക്കുള്ള ഭയങ്കരമായ ഭീഷണി സൈനിക കടന്നാക്രമണമല്ല, പിന്നെയോ നമ്മുടെ ഗ്രഹത്തിന്റെ പാരിസ്ഥിതിക വിനാശമാണ്” എന്നു ലോകനിരീക്ഷണ കാര്യാലയത്തിന്റെ പ്രസിഡൻറായ ലെസ്റ്റർ ബ്രൗൺ അടുത്തകാലത്തു പറയുകയുണ്ടായി. ഒരു ദുരന്തം ഒഴിവാക്കാനാവശ്യമായ കാര്യങ്ങൾ നടക്കുന്നുണ്ടോ?
ഈ ഗ്രഹത്തെ രക്ഷിക്കാനുള്ള പോരാട്ടം
തനിക്കു മദ്യപാനപ്രശ്നമൊന്നുമില്ലെന്ന് ഉറച്ചുവിശ്വസിക്കുന്ന ഒരു മദ്യാസക്തനെ സഹായിക്കുക എന്നതു ദുഷ്കരമാണ്. സമാനമായി, നമ്മുടെ ഗ്രഹത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിലുള്ള ആദ്യ പടി രോഗബാധയുടെ വ്യാപ്തി തിരിച്ചറിയുക എന്നതാണ്. സമീപ വർഷങ്ങളിലെ ശ്രദ്ധേയമായ പരിസ്ഥിതി വിജയം സാധ്യതയനുസരിച്ചു വിദ്യാഭ്യാസമാണ്. നമ്മുടെ ഭൂമി വിഭവശൂന്യമായിത്തീരുകയും മലീമസമാക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നുവെന്നും അതു സംബന്ധിച്ച് എന്തെങ്കിലും ചെയ്യേണ്ടതുണ്ടെന്നും ഇന്നു മിക്കയാളുകൾക്കും നല്ലവണ്ണം അറിയാം. ഇപ്പോൾ പാരിസ്ഥിതിക വിനാശമുയർത്തുന്ന ഭീഷണി ന്യൂക്ലിയർയുദ്ധ ഭീഷണിയെക്കാൾ വളരെ വലുതാണ്.
ലോകനേതാക്കൾ ഈ പ്രശ്നങ്ങൾ സംബന്ധിച്ച് അജ്ഞരൊന്നുമല്ല. 1992-ൽ നടന്ന ഭൗമ ഉച്ചകോടി സമ്മേളനത്തിൽ ഏതാണ്ട് 118 രാഷ്ട്രത്തലവൻമാർ സംബന്ധിക്കുകയുണ്ടായി. അന്തരീക്ഷത്തെയും ഭൂമിയിലെ കുറഞ്ഞുവരുന്ന വിഭവങ്ങളെയും സംരക്ഷിക്കാൻ ആ ഉച്ചകോടിയിൽവെച്ച് ഏതാനും നടപടികൾ കൈക്കൊള്ളുകയുമുണ്ടായി. മിക്ക രാജ്യങ്ങളും ഒരു കാലാവസ്ഥാ സന്ധിയിൽ ഒപ്പുവെച്ചു. സമീപ ഭാവിയിൽ കാർബണിന്റെ മൊത്ത നിർഗമനം സ്ഥിരമാക്കുക എന്ന ഉദ്ദേശ്യത്തോടെ, കാർബൺ നിർഗമനങ്ങളിലുള്ള മാറ്റങ്ങളെക്കുറിച്ചു റിപ്പോർട്ടു ചെയ്യാനുള്ള ഒരു സംവിധാനം സ്ഥാപിക്കാമെന്ന് ആ രാജ്യങ്ങൾ അതിൽ സമ്മതിച്ചു. നമ്മുടെ ഗ്രഹത്തിലെ ജൈവവൈവിധ്യം (biodiversity)—സസ്യ, ജന്തു വർഗങ്ങളുടെ മൊത്തം എണ്ണം—സംരക്ഷിക്കാനുള്ള വഴികളും അവർ പരിചിന്തിച്ചു. ലോകത്തിലെ വനങ്ങൾ സംരക്ഷിക്കുന്ന കാര്യത്തിൽ യോജിപ്പിലെത്താൻ കഴിഞ്ഞില്ലെങ്കിലും ആ ഉച്ചകോടി സമ്മേളനം രണ്ടു രേഖകൾ സൃഷ്ടിക്കുകതന്നെ ചെയ്തു—“റയോ പ്രഖ്യാപന”വും രാജ്യങ്ങൾക്ക് “താങ്ങാവുന്ന വികസനം” എങ്ങനെ നേടിയെടുക്കാം എന്നതു സംബന്ധിച്ചുള്ള മാർഗനിർദേശങ്ങൾ അടങ്ങിയ “അജണ്ട 21”-ഉം.
പരിസ്ഥിതിവാദിയായ അലൻ ഹമ്മോൺഡ് ചൂണ്ടിക്കാട്ടുന്നതുപോലെ, “റയോയിൽവെച്ചു കൈക്കൊണ്ട പ്രതിബദ്ധതകൾ പാലിക്കപ്പെടുമോ—തടിച്ച അക്ഷരത്തിലുള്ള വാക്കുകൾ, വരും മാസങ്ങളിലും വർഷങ്ങളിലും പ്രവർത്തനങ്ങളിലേക്കു നയിക്കുമോ—എന്നതായിരിക്കും നിർണായകമായ പരിശോധന.”
എന്നിരുന്നാലും, മുന്നോട്ടുള്ള ഒരു സുപ്രധാന പടി 1987-ലെ മോൺട്രിയൽ പ്രോട്ടോക്കോൾ ആയിരുന്നു. ഒരു നിയത സമയപരിധിക്കുള്ളിൽ ക്ലോറോഫ്ളൂറോകാർബണുകളുടെ (സിഎഫ്സി-കൾ) ഉപയോഗം ഘട്ടം ഘട്ടമായി നിർത്താനുള്ള ഒരു അന്താരാഷ്ട്ര ഉടമ്പടിയാണ് അതിൽ ഉൾപ്പെട്ടിരുന്നത്.a എന്തുകൊണ്ടാണ് ഈ ഉത്കണ്ഠ? എന്തുകൊണ്ടെന്നാൽ, ഭൂമിക്കു സംരക്ഷണം നൽകുന്ന ഓസോൺ പാളിയുടെ ത്വരിതഗതിയിലുള്ള അപക്ഷയത്തിനു കാരണം സിഎഫ്സി-കൾ ആണെന്നു പറയപ്പെടുന്നു. ഭൗമാന്തരീക്ഷത്തിന്റെ മേൽത്തട്ടിലുള്ള ഓസോൺ സൂര്യനിൽനിന്നു വരുന്ന അൾട്രാവയലറ്റ് രശ്മികളെ അരിച്ചു കടത്തിവിടുന്നതിൽ വളരെ നിർണായകമായ ഒരു പങ്കു വഹിക്കുന്നു. ആ രശ്മികൾക്കു ചർമാർബുദവും തിമിരവും ഉണ്ടാക്കാൻ കഴിയും. അത് ഓസ്ട്രേലിയയിൽ മാത്രം ഒതുങ്ങുന്ന ഒരു പ്രശ്നമല്ല. ഉത്തരാർധഗോളത്തിലെ ചില മിതോഷ്ണമേഖലാ പ്രദേശങ്ങൾക്കുമീതെ ശൈത്യകാലത്ത് ഓസോണിന്റെ അളവിൽ 8 ശതമാനം കുറവുള്ളതായി അടുത്തകാലത്തു ശാസ്ത്രകാരന്മാർ കണ്ടെത്തുകയുണ്ടായി. ഇതിനോടകംതന്നെ രണ്ടു കോടി ടൺ സിഎഫ്സി-കളാണു മുകളിലേക്ക്, സ്ട്രാറ്റോസ്ഫിയറിലേക്ക് ഉയർന്നു പോയിട്ടുള്ളത്.
അന്തരീക്ഷത്തിന്റെ വിപത്കരമായ ഈ മലിനീകരണത്തെ അഭിമുഖീകരിക്കവേ, ലോകരാഷ്ട്രങ്ങൾ തങ്ങളുടെ ഭിന്നതകളെ മാറ്റിവെച്ചുകൊണ്ട് ഒരു നിർണായക നടപടിയെടുത്തു. അപകടത്തിലായ ജീവിവർഗങ്ങളെ സംരക്ഷിക്കാനും അൻറാർട്ടിക്കയെ പരിരക്ഷിക്കാനും വിഷലിപ്തമായ പാഴ്വസ്തുക്കളുടെ കടത്തൽ നിയന്ത്രിക്കാനും മറ്റ് അന്താരാഷ്ട്ര നടപടികളും മുന്നോട്ടുവന്നുകൊണ്ടിരിക്കുകയാണ്.
പല രാജ്യങ്ങളും അവയുടെ നദികൾ ശുദ്ധമാക്കാനും (ഇംഗ്ലണ്ടിലെ തംസ് നദിയിലേക്ക് ഇപ്പോൾ സാൽമൺ മത്സ്യങ്ങൾ തിരികെ വന്നിട്ടുണ്ട്) വായൂമലിനീകരണം നിയന്ത്രിക്കാനും (ഏറ്റവും മോശമായി ഹിമധൂമിക ഉണ്ടായിരുന്ന ഐക്യനാടുകളിലെ നഗരങ്ങളിൽ അത് 10 ശതമാനം കുറഞ്ഞിട്ടുണ്ട്) പരിസ്ഥിതിക്കു ദോഷം വരുത്താത്ത ഊർജവിഭവങ്ങൾ ഉപയോഗപ്പെടുത്താനും (ഐസ്ലൻഡിലെ 80 ശതമാനം വീടുകളും ചൂടാക്കുന്നതു ഭൗമതാപോർജം ഉപയോഗിച്ചാണ്) അവയുടെ പ്രകൃതി പൈതൃകം (കോസ്ററ റിക്കയും നമീബിയയും അവയുടെ മൊത്തം കരഭാഗത്തിന്റെ ഏതാണ്ട് 12 ശതമാനം ദേശീയ പാർക്കുകളാക്കി മാറ്റിയിരിക്കുകയാണ്) സംരക്ഷിക്കാനുമുള്ള നടപടികൾ കൈക്കൊള്ളുകയാണ്.
മനുഷ്യർ അപകടത്തെ ഗൗരവമായി എടുക്കുന്നു എന്നതിന്റെ തെളിവാണോ ഈ നല്ല സൂചനകളെല്ലാം? താമസിയാതെ നമ്മുടെ ഗ്രഹം വീണ്ടുമൊരിക്കൽ കൂടി നല്ല ആരോഗ്യസ്ഥിതിയിലേക്കു തിരിച്ചുവരുമോ? പിൻവരുന്ന ലേഖനങ്ങൾ ആ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ പ്രദാനം ചെയ്യും.
[അടിക്കുറിപ്പ്]
a എയ്റോസോൾ സ്പ്രേകൾ, ശീതീകരണസംവിധാനം, എയർകണ്ടീഷനിങ് യൂണിറ്റുകൾ, ശുചീകരണ വസ്തുക്കൾ, ഫോം ഇൻസുലേഷന്റെ നിർമാണം തുടങ്ങിയവയിലൊക്കെ സിഎഫ്സി-കൾ വ്യാപകമായി ഉപയോഗിച്ചുവരുന്നു. 1994 ഡിസംബർ 22 ലക്കം ഉണരുക!യിലെ “നമ്മുടെ അന്തരീക്ഷത്തിനു ഹാനിതട്ടുമ്പോൾ” എന്ന ലേഖനം കാണുക.