പോരാട്ടത്തിൽ വിജയം വരിക്കുന്നുണ്ടോ?
“ഈ ഗ്രഹത്തെ പരിരക്ഷിക്കൂ, നമുക്കുള്ള ഒരേ ഒരു ഗ്രഹം ഇതു മാത്രമാണ്.” പ്രകൃതിക്കായുള്ള ലോകവ്യാപക നിധിയുടെ പ്രസിഡൻറായ, ബ്രിട്ടനിലെ ഫിലിപ്പ് രാജകുമാരന്റെ ശ്രദ്ധേയമായ അഭ്യർഥനയായിരുന്നു അത്.
ആയിരക്കണക്കിനു വർഷങ്ങൾക്കു മുമ്പ്, സങ്കീർത്തനക്കാരൻ ഇങ്ങനെ എഴുതി: “സ്വർഗ്ഗം യഹോവയുടെ സ്വർഗ്ഗമാകുന്നു; ഭൂമിയെ അവൻ മനുഷ്യർക്കു കൊടുത്തിരിക്കുന്നു.” (സങ്കീർത്തനം 115:16) നമ്മുടെ ഭവനമായി ഭൂമിയെ ദൈവം നമുക്കു തന്നിരിക്കുന്നു. നാം അതിനെ പരിപാലിക്കേണ്ടതുണ്ട്. അതുതന്നെയാണു പരിസ്ഥിതിശാസ്ത്രം അർഥമാക്കുന്നതും.
“പരിസ്ഥിതിശാസ്ത്രം” (“ecology”) എന്നതിനുള്ള ഇംഗ്ലീഷ് പദത്തിന്റെ അക്ഷരാർഥം “ഭവനത്തെക്കുറിച്ചുള്ള പഠനം” എന്നാണ്.a “പരിരക്ഷണത്തിലൂടെ പ്രതിരോധിക്കുക അല്ലെങ്കിൽ മറുദിശയിൽ തിരിച്ചുവിടുക എന്ന ലക്ഷ്യം മുൻനിർത്തി, ആധുനിക നഗരവത്കരണം പരിസ്ഥിതിയിൽ ഉളവാക്കുന്ന ഹാനികരമായ ഫലങ്ങളെക്കുറിച്ചുള്ള പഠനം” എന്നാണ് ദി അമേരിക്കൻ ഹെറിറ്റേജ് ഡിക്ഷണറി അതിനു നൽകുന്ന ഒരു നിർവചനം. ലളിതമായി പറഞ്ഞാൽ, മനുഷ്യൻ വരുത്തിവെച്ചിരിക്കുന്ന കുഴപ്പം കണ്ടുപിടിച്ച് അവ പരിഹരിക്കുന്നതിനുള്ള വഴികൾ ആരായുകയെന്നതാണു പരിസ്ഥിതിശാസ്ത്രത്താൽ അർഥമാക്കപ്പെടുന്നത്. ഇവ രണ്ടും അത്ര എളുപ്പമുള്ള കാര്യങ്ങളല്ല.
പരിസ്ഥിതിശാസ്ത്രത്തിന്റെ അനിഷേധ്യമായ മൂന്നു പരമാർഥങ്ങൾ
ഗ്രഹവുമായി സമാധാനത്തിലാകൽ (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ ജീവശാസ്ത്രജ്ഞനായ ബാരി കോമണർ, ദുരുപയോഗത്തിനു ഭൂമി ഇത്രയധികം ഇരയായിരിക്കുന്നതിന്റെ കാരണം വിശദീകരിക്കാൻ സഹായിക്കുന്ന ലളിതമായ മൂന്നു പരിസ്ഥിതിശാസ്ത്ര നിയമങ്ങൾ അവതരിപ്പിക്കുന്നു.
ഓരോന്നും മറ്റെല്ലാറ്റിനോടും ബന്ധപ്പെട്ടിരിക്കുന്നു. കേടു ബാധിച്ച ഒരു പല്ല് നമ്മുടെ മുഴു ശരീരത്തെയും ബാധിക്കാവുന്നതുപോലെ, പ്രകൃതിയിലെ ഏതെങ്കിലും ഒരു പ്രത്യേക വിഭവത്തിനു ഹാനിതട്ടിയാൽ അതിനു പാരിസ്ഥിതിക പ്രശ്നങ്ങളുടെ ഒരു പരമ്പരയ്ക്കുതന്നെ തിരികൊളുത്താൻ കഴിയും.
ഉദാഹരണത്തിന്, കഴിഞ്ഞ 40 വർഷക്കാലത്തു നേപ്പാളിലെ ഹിമാലയൻ വനങ്ങളിൽ 50 ശതമാനവും കത്തിക്കുന്നതിനുള്ള വിറകിനു വേണ്ടിയോ തടികൊണ്ടുള്ള ഉത്പന്നങ്ങൾക്കു വേണ്ടിയോ വെട്ടിനശിപ്പിക്കുകയുണ്ടായി. വൃക്ഷങ്ങൾ നീക്കം ചെയ്യപ്പെട്ടതോടെ, തുടർന്നെത്തിയ കാലവർഷത്തിൽ പർവതച്ചെരിവുകളിലെ മണ്ണു വളരെ വേഗം കുത്തിയൊലിച്ചുപോയി. മേൽമണ്ണില്ലാതെ വരുമ്പോൾ പുതിയ മരങ്ങൾക്ക് എളുപ്പത്തിൽ വേരുപിടിക്കാൻ സാധിക്കില്ല. അങ്ങനെ പല പർവതങ്ങളും തരിശായി മാറുന്നു. വനനശീകരണം മൂലം നേപ്പാളിന് ഇപ്പോൾ ഓരോ വർഷവും നഷ്ടപ്പെടുന്നതു ലക്ഷക്കണക്കിനു ടൺ മേൽമണ്ണാണ്. അത്തരം പ്രശ്നങ്ങൾ നേപ്പാളിൽ മാത്രം ഒതുങ്ങുന്നതല്ല.
ബംഗ്ലാദേശിൽ ഒരിക്കൽ വൃക്ഷങ്ങൾ വലിച്ചെടുത്തിരുന്ന കോരിച്ചൊരിയുന്ന മഴവെള്ളം ഇപ്പോൾ നഗ്നമായ പർവതങ്ങളിലൂടെ തീരപ്രദേശങ്ങളിലേക്കു നിർവിഘ്നം പ്രവഹിക്കുന്നു. അവിടെ അവ കൊടുംവിന വരുത്തുന്ന ജലപ്രളയങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. കഴിഞ്ഞ കാലങ്ങളിൽ ബംഗ്ലാദേശിൽ ഗുരുതരമായ വെള്ളപ്പൊക്കമുണ്ടായിരുന്നത് 50 വർഷത്തിലൊരിക്കൽ മാത്രമായിരുന്നു; ഇപ്പോഴത് 4 വർഷം കൂടുമ്പോഴോ അതിൽ കുറഞ്ഞ കാലയളവിലോ ഉണ്ടാകുന്നു.
ലോകത്തിന്റെ മറ്റു ചില ഭാഗങ്ങളിൽ, വനനശീകരണം മരുഭൂവത്കരണത്തിനും പ്രാദേശിക കാലാവസ്ഥയിലെ വ്യതിയാനങ്ങൾക്കും കാരണമായിരിക്കുന്നു. മനുഷ്യൻ ചൂഷണം ചെയ്തുകൊണ്ടിരിക്കുന്ന പ്രകൃതിവിഭവങ്ങളിൽ ഒന്നു മാത്രമാണു വനങ്ങൾ. നമ്മുടെ ബൃഹത്തായ ആവാസവ്യവസ്ഥയുടെ പരസ്പരബന്ധിതമായ ഘടകങ്ങളെക്കുറിച്ചു പരിസ്ഥിതിശാസ്ത്രജ്ഞന്മാർക്ക് ഇപ്പോഴും താരതമ്യേന വളരെ കുറച്ചു മാത്രമേ അറിയാവൂ എന്നതുകൊണ്ട്, സാരമായ ഹാനി തട്ടുന്നതുവരെ ഒരു പ്രശ്നം ശ്രദ്ധിക്കപ്പെടാതെ പോയേക്കാം. മാലിന്യങ്ങൾ നിർമാർജനം ചെയ്യുന്ന കാര്യത്തിൽ അതു സത്യമാണ്. അതു പരിസ്ഥിതിശാസ്ത്രത്തിന്റെ രണ്ടാമത്തെ നിയമത്തെ വ്യക്തമായി എടുത്തുകാട്ടുന്നു.
എല്ലാ വസ്തുക്കളും എവിടെയെങ്കിലും ചെന്നെത്തിയേ പറ്റൂ. മാലിന്യങ്ങൾ നീക്കം ചെയ്യുന്നില്ലെങ്കിൽ ഒരു സാധാരണ ഭവനം എങ്ങനെയിരിക്കുമെന്ന് ഒന്നു സങ്കൽപ്പിച്ചുനോക്കൂ. നമ്മുടെ ഗ്രഹം അത്തരം അടയ്ക്കപ്പെട്ട ഒരു സംവിധാനമാണ്—നമ്മുടെ ചപ്പുചവറുകളെല്ലാം ഒടുവിൽ ഈ ഭൗമഭവനത്തിനു ചുറ്റും എവിടെയെങ്കിലും ചെന്നെത്തിയേ പറ്റൂ. ക്ലോറോഫ്ളൂറോകാർബണുകൾ (സിഎഫ്സി-കൾ) പോലെ പ്രത്യക്ഷത്തിൽ നിരുപദ്രവകരമായ വാതകങ്ങൾപോലും യാതൊരു നാമ്പും അവശേഷിപ്പിക്കാതെ കേവലം വായുവിൽ അലിഞ്ഞില്ലാതാവുന്നില്ലെന്ന് ഓസോൺ പാളിയുടെ ഭാഗികമായ നാശം കാട്ടിത്തരുന്നു. ആകാശം, നദികൾ, സമുദ്രങ്ങൾ എന്നിവിടങ്ങളിലേക്കു തള്ളിവിടപ്പെടുന്ന, സാധ്യതയനുസരിച്ച് അപകടകാരികളായ, നൂറുകണക്കിനു പാദർഥങ്ങളിൽ കേവലം ഒന്നു മാത്രമാണു സിഎഫ്സി-കൾ.
“ജൈവാപക്ഷയം സംഭവിക്കുന്നവ” എന്നു വിളിക്കുന്ന ചില ഉത്പന്നങ്ങൾ കാലക്രമത്തിൽ സ്വാഭാവിക പ്രക്രിയകൾവഴി വിഘടിക്കപ്പെട്ടു സ്വാംശീകരിക്കപ്പെടുന്നു എന്നതു സത്യമാണ്. എന്നാൽ മറ്റു ചില ഉത്പന്നങ്ങൾക്ക് അതു സംഭവിക്കുന്നില്ല. ലോകത്തിലെ കടലോരങ്ങളിൽ പ്ലാസ്റ്റിക് കണ്ടെയ്നറുകൾ ചിന്നിച്ചിതറിക്കിടക്കുന്നതു കാണാം. വരാൻപോകുന്ന അനേകം ദശകങ്ങളിൽ അവ അവിടെത്തന്നെ കിടക്കുകയും ചെയ്യും. വ്യവസായശാലകൾ ഉത്പാദിപ്പിക്കുന്ന, അത്രയൊന്നും കാണപ്പെടാത്ത വിഷമാലിന്യങ്ങൾ എവിടെയോ കൊണ്ടുപോയി കുഴിച്ചുമൂടുകയാണു പതിവ്. കാഴ്ചയിൽനിന്നു മറഞ്ഞുകിടക്കുന്നുവെങ്കിലും, അവ സദാ വിസ്മരിക്കപ്പെട്ടുതന്നെ കിടക്കുമെന്നതിനു യാതൊരു ഉറപ്പുമില്ല. അതിനു ഭൂഗർഭജലത്തിൽ ലയിച്ചുചേർന്ന് മനുഷ്യനും മൃഗങ്ങൾക്കും സാരമായ ആരോഗ്യാപകടങ്ങൾ വരുത്തിവെക്കാൻ കഴിയും. “ആധുനിക വ്യവസായം ഉത്പാദിപ്പിക്കുന്ന രാസപദാർഥങ്ങളെല്ലാം എന്തു ചെയ്യണമെന്നു ഞങ്ങൾക്കറിയില്ല. നമുക്ക് അവയെക്കുറിച്ചുള്ള വിവരങ്ങൾ പോലും സൂക്ഷിച്ചുവെക്കാൻ കഴിയുന്നില്ല” എന്നു ബുഡാപെസ്റ്റിലെ ഹൈഡ്രോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ഒരു ഹംഗേറിയൻ ശാസ്ത്രജ്ഞൻ സമ്മതിച്ചുപറഞ്ഞു.
ഏറ്റവും ആപത്കരമായ പാഴ്വസ്തു, ആണവശക്തി നിലയങ്ങളുടെ ഒരു ഉപോത്പന്നമായ റേഡിയോ ആക്ടീവതയുള്ള മാലിന്യങ്ങളാണ്. കുറെ ആണവ മാലിന്യങ്ങൾ സമുദ്രത്തിൽ തള്ളിയിട്ടുണ്ടെങ്കിലും താത്കാലിക സ്ഥലങ്ങളിൽ ആയിരക്കണക്കിനു ടൺ ആണവ മാലിന്യങ്ങളാണു സംഭരിച്ചുവെച്ചിട്ടുള്ളത്. വർഷങ്ങളായി ശാസ്ത്രീയ ഗവേഷണം നടത്തിയിട്ടും, ആണവ മാലിന്യങ്ങൾ സുരക്ഷിതവും സ്ഥിരവുമായി നീക്കം ചെയ്യുന്നതിനോ സംഭരിച്ചുവെക്കുന്നതിനോ ഉള്ള ഏതെങ്കിലും പരിഹാരമാർഗം കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല, സമീപ ഭാവിയിലെങ്ങും ഒരു പരിഹാരം കാണാൻ പോകുന്നില്ലതാനും. ഈ പാരിസ്ഥിതിക ടൈം ബോംബുകൾ എപ്പോൾ പൊട്ടിത്തെറിക്കുമെന്ന് ആർക്കുമറിയില്ല. തീർച്ചയായും ഈ പ്രശ്നങ്ങൾ തിരോഭവിക്കുകയില്ല—ആ മാലിന്യങ്ങൾക്ക്, വരാനിരിക്കുന്ന നൂറുകണക്കിനോ ആയിരക്കണക്കിനോ വർഷങ്ങളിലേക്ക് അല്ലെങ്കിൽ ദൈവം നടപടിയെടുക്കുന്നതുവരെ ആക്ടീവത ഉണ്ടായിരിക്കും. (വെളിപ്പാടു 11:18) മാലിന്യങ്ങൾ നിർമാർജനം ചെയ്യുകയെന്ന കാര്യത്തോടുള്ള മമനുഷ്യന്റെ അവഗണന പരിസ്ഥിതിശാസ്ത്രത്തിന്റെ മൂന്നാമത്തെ നിയമത്തെക്കുറിച്ചു നമ്മെ അനുസ്മരിപ്പിക്കുകയും ചെയ്യുന്നു.
പ്രകൃതി അതിന്റെ സ്വന്തം മാർഗങ്ങൾ സ്വീകരിക്കട്ടെ. മറ്റു വാക്കുകളിൽ പറഞ്ഞാൽ, താൻ ഏറെ മെച്ചമെന്നു ചിന്തിക്കുന്ന എന്തെങ്കിലും ഉപയോഗിച്ച് പ്രകൃതിയുടെ സംവിധാനങ്ങളെ കടത്തിവെട്ടാൻ തുനിയുന്നതിനുപകരം അവയോടു മനുഷ്യൻ സഹകരിക്കുകയാണു വേണ്ടത്. ചില കീടനാശിനികൾ പ്രസക്തമായ ഉദാഹരണമാണ്. ആദ്യം രംഗപ്രവേശം ചെയ്തപ്പോൾ, കളകളെ നിയന്ത്രിക്കാനും നാശകാരികളായ കീടങ്ങളെ ഫലത്തിൽ ഉന്മൂലനം ചെയ്യാനും അവ കർഷകരെ പ്രാപ്തരാക്കി. വൻ വിളവെടുപ്പുകൾ ഉറപ്പാണെന്നതുപോലെ തോന്നി. എന്നാൽ, പിന്നീടു കാര്യങ്ങളെല്ലാം തകിടംമറിഞ്ഞു. കളകളും കീടങ്ങളും ഓരോരോ കീടനാശിനികളോടുമുള്ള പ്രതിരോധശക്തി വളർത്തിയെടുത്തു. യഥാർഥത്തിൽ കീടനാശിനികൾ കീടങ്ങളുടെ സ്വാഭാവിക ഇരപിടിയൻമാർക്കും വന്യജീവികൾക്കും മനുഷ്യനുതന്നെയും വിഷകരമാണെന്നു വ്യക്തമായി. കീടനാശിനിയുടെ വിഷാംശം ഒരുപക്ഷേ നിങ്ങളെയും ബാധിച്ചിരിക്കാം—എങ്കിൽ നിങ്ങൾ ലോകവ്യാപകമായുള്ള കുറഞ്ഞത് അത്തരം പത്തു ലക്ഷം ബലിയാടുകളിൽ ഒരാളാണ്.
കാലക്രമത്തിൽ, കീടനാശിനികൾ വിളവുത്പന്നങ്ങളെ മെച്ചപ്പെടുത്തുകയില്ലെന്ന വർധിച്ചുവരുന്ന തെളിവാണ് ഒടുവിലത്തെ വിരോധാഭാസം. ഐക്യനാടുകളിൽ കീടനാശിനി വിപ്ലവത്തിനു മുമ്പു തിന്നുനശിപ്പിച്ചിരുന്നതിനെക്കാൾ കൂടുതൽ വിളകളാണ് ഇപ്പോൾ കീടങ്ങൾ തിന്നുനശിപ്പിക്കുന്നത്. സമാനമായി, തെക്കുകിഴക്കേഷ്യയിൽ കീടനാശിനികൾ മേലാൽ നെല്ലിന്റെ വിളവുത്പന്നങ്ങളെ മെച്ചപ്പെടുത്തുന്നില്ലെന്നു ഫിലിപ്പീൻസ് ആസ്ഥാനമാക്കിയുള്ള അന്തർദേശീയ നെല്ലു ഗവേഷണ കേന്ദ്രം കണ്ടെത്തിയിരിക്കുന്നു. വാസ്തവത്തിൽ, കീടനാശിനികളിൽ വളരെയധികം ആശ്രയിക്കാത്ത ഒരു പരിപാടി ഇന്തോനേഷ്യൻ ഗവൺമെൻറ് ഏറ്റെടുത്തു നടത്തുന്നുണ്ട്. കീടനാശിനികളുടെ ഉപയോഗത്തിൽ 65 ശതമാനം കുറവ് ഉണ്ടായിരുന്നിട്ടും 1987 മുതൽ അത് അരിയുടെ ഉത്പാദനത്തിൽ 15 ശതമാനം വർധനവു നേടിയിരിക്കുന്നു. എന്നിരുന്നാലും, ലോകത്തിലെ കർഷകർ ഓരോ വർഷവും കീടനാശിനികൾ വളരെയധികമായി ഉപയോഗിക്കുന്നു.
മേൽ വിവരിച്ച പരിസ്ഥിതിശാസ്ത്രത്തിന്റെ മൂന്നു നിയമങ്ങൾ, കാര്യങ്ങൾ കുഴപ്പത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്നത് എന്തുകൊണ്ടെന്നു വിശദീകരിക്കാൻ സഹായിക്കുന്നു. മറ്റു പ്രധാനപ്പെട്ട ചോദ്യങ്ങളുമുണ്ട്. ഇപ്പോൾത്തന്നെ എന്തുമാത്രം ഹാനി തട്ടിയിരിക്കുന്നു, അതു പരിഹരിക്കാൻ കഴിയുമോ?
എന്തുമാത്രം ഹാനി തട്ടിയിരിക്കുന്നു?
ഇതോടൊപ്പം കൊടുത്തിരിക്കുന്ന ലോകഭൂപടം, (8-9 പേജുകൾ കാണുക) ചില പ്രമുഖ പരിസ്ഥിതി പ്രശ്നങ്ങളെയും അവ ഏറ്റവും രൂക്ഷമായിരിക്കുന്ന സ്ഥലങ്ങളെയും എടുത്തുകാട്ടുന്നു. സ്വാഭാവിക ചുറ്റുപാടുകളുടെ നഷ്ടം അല്ലെങ്കിൽ മറ്റു ഘടകങ്ങൾ ഒരു സസ്യവർഗത്തിന്റെയോ ജന്തുവർഗത്തിന്റെയോ ഉന്മൂലനത്തിനു കാരണമാകുമ്പോൾ മനുഷ്യന് ആ നഷ്ടം പരിഹരിക്കാനാവില്ലെന്നതു സ്പഷ്ടമാണ്. ഓസോൺ പാളിയുടെ നാശം പോലുള്ള മറ്റു കുഴപ്പങ്ങളും ഉണ്ടായിട്ടുണ്ട്. തുടർന്നുകൊണ്ടിരിക്കുന്ന പരിസ്ഥിതി വിനാശം സംബന്ധിച്ചോ? അതു തടയുന്നതിൽ അല്ലെങ്കിൽ കുറഞ്ഞപക്ഷം കുറയ്ക്കുന്നതിൽ പുരോഗതി കൈവരിക്കാൻ സാധിക്കുന്നുണ്ടോ?
പരിസ്ഥിതിക്കു സംഭവിക്കുന്ന വിനാശത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് അളവുകോലുകൾ കൃഷിയും മത്സ്യബന്ധനവുമാണ്. എന്തുകൊണ്ട്? അവയുടെ ഫലദായകത ആരോഗ്യാവഹമായ ഒരു പരിസ്ഥിതിയെയും നമ്മുടെ ജീവൻ ആശ്രയയോഗ്യമായ ഭക്ഷ്യശേഖരത്തെയും ആശ്രയിച്ചിരിക്കുന്നു എന്നതാണ് അതിനു കാരണം.
രണ്ടു മണ്ഡലങ്ങളും അപക്ഷയത്തിന്റെ അടയാളങ്ങൾ കാണിക്കുന്നുണ്ട്. മത്സ്യശേഖരത്തിനു സാരമായ ഹാനി വരുത്താതെ പത്തു കോടി ടൺ മത്സ്യങ്ങളെ പിടിക്കാൻ ലോകത്തിലെ മത്സ്യബന്ധന കപ്പലുകൾക്കു സാധ്യമല്ലെന്ന് ഐക്യരാഷ്ട്ര ഭക്ഷ്യ-കാർഷിക സംഘടന കണക്കാക്കിയിട്ടുണ്ട്. 1989-ൽ ആ പരിധി കവിയുകയുണ്ടായി. അതുകൊണ്ട് പ്രതീക്ഷിച്ചതുപോലെ, തുടർന്നുവന്ന വർഷം ലോകവ്യാപകമായുള്ള മത്സ്യബന്ധനം 40 ലക്ഷം ടൺ കണ്ടു കുറഞ്ഞു. ചില മത്സ്യബന്ധന മേഖലകൾക്കു കനത്ത ശോഷണം സംഭവിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, വടക്കു കിഴക്കൻ അറ്റ്ലാൻറിക്കിൽ മത്സ്യബന്ധനം, കഴിഞ്ഞ 20-ലധികം വർഷംകൊണ്ട് 32 ശതമാനം കണ്ടു കുറഞ്ഞുപോയി. അമിത മത്സ്യബന്ധനം, സമുദ്രമലിനീകരണം, പ്രജനനസ്ഥലങ്ങളുടെ നാശം തുടങ്ങിയവയാണു മുഖ്യ പ്രശ്നങ്ങൾ.
ഞെട്ടിക്കുന്ന ഈ പ്രവണത വിളവുത്പാദനത്തിലും പ്രതിഫലിച്ചുകാണുന്നു. ’60-കളിലും ’70-കളിലും, മെച്ചപ്പെട്ട കാർഷിക ഇനങ്ങൾ, ജലസേചനം, രാസ കീടനാശിനികളുടെയും വളങ്ങളുടെയും വ്യാപകമായ ഉപയോഗം തുടങ്ങിയ കാര്യങ്ങൾ ലോകത്തിലെ ധാന്യ ഉത്പാദനം ഗണ്യമായി വർധിപ്പിച്ചു. ഇപ്പോഴാകട്ടെ, കീടനാശിനികൾക്കും വളങ്ങൾക്കും അവയുടെ ഫലപ്രദത്വം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. മാത്രമല്ല, ജലക്ഷാമവും മലിനീകരണവും കുറഞ്ഞ വിളവെടുപ്പുകൾക്കു നിദാനമായിത്തീർന്നിരിക്കുകയാണ്.
ഓരോ വർഷവും കൂടുതലായി ഏതാണ്ടു പത്തു കോടി ആളുകൾക്കുള്ള ആഹാരം ഉണ്ടാക്കേണ്ടതുണ്ടെങ്കിലും, കഴിഞ്ഞ പതിറ്റാണ്ടിൽ കൃഷിയിടത്തിന്റെ മൊത്തം അളവിൽ കുറവുണ്ടായിരുന്നു. കൃഷിയോഗ്യമായ ഈ സ്ഥലത്തിന് അതിന്റെ വളക്കൂറു നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 20 വർഷങ്ങളിൽ മണ്ണൊലിപ്പു നിമിത്തം കർഷകർക്ക് 50,000 കോടി ടൺ മേൽമണ്ണു നഷ്ടപ്പെട്ടതായി ലോകനിരീക്ഷണ കാര്യാലയം കണക്കാക്കുന്നു. തീർച്ചയായും, ഭക്ഷ്യോത്പാദനം കുറഞ്ഞിരിക്കുന്നു. “ഒരുപക്ഷേ ഇന്നു ലോകത്തിലെ ഏറ്റവും സ്തോഭജനകമായ സാമ്പത്തിക പ്രവണത 1984-നും 1992-നും ഇടയ്ക്കുള്ള കാലഘട്ടത്തിൽ ആളോഹരിയുള്ള ധാന്യോത്പാദനം 6 ശതമാനം കണ്ട് കുറഞ്ഞതായിരിക്കാം” എന്ന് ലോകാവസ്ഥ 1993 (ഇംഗ്ലീഷ്) എന്ന റിപ്പോർട്ട് അഭിപ്രായപ്പെടുന്നു.
പരിസ്ഥിതിയോടുള്ള മമനുഷ്യന്റെ അവഗണനയുടെ ഫലമായി കോടിക്കണക്കിനാളുകളുടെ ജീവൻ ഇപ്പോൾത്തന്നെ വ്യക്തമായും അപകടത്തിലാണ്.
മനുഷ്യനു പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമോ?
എന്താണു കുഴപ്പമെന്നു മനുഷ്യനു കുറച്ചൊക്കെ ഇപ്പോൾ മനസ്സിലാകുന്നുണ്ടെങ്കിലും, അതു പരിഹരിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. 1992-ലെ ഭൗമ ഉച്ചകോടി സമ്മേളനത്തിൽ മുന്നോട്ടു വയ്ക്കപ്പെട്ട സവിസ്തര നിർദേശങ്ങൾ പ്രാബല്യത്തിൽ വരുത്താൻ ഭീമമായ പണം—ചുരുങ്ങിയപക്ഷം 60,000 കോടി ഡോളറെങ്കിലും—മുടക്കേണ്ടതായിവരും എന്നതാണ് ഒന്നാമത്തെ വൈഷമ്യം. യഥാർഥ ത്യാഗങ്ങളും ആവശ്യമായിവരും—അവയിൽ ഉൾപ്പെട്ടിരിക്കുന്നത് കുറച്ചു പാഴാക്കൽ, കൂടുതൽ പുനഃസംസ്കരിക്കൽ, ജലത്തിന്റെയും ഊർജത്തിന്റെയും പരിരക്ഷണം, സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുന്നതിനുപകരം പൊതുവാഹനങ്ങൾ ഉപയോഗിക്കൽ തുടങ്ങിയവയാണ്. എന്നാൽ അവയിൽ ഏറ്റവും ദുഷ്കരമായ മറ്റൊരു സംഗതി കൂടിയുണ്ട്, സ്വന്തം താത്പര്യങ്ങളെക്കുറിച്ചു മാത്രം ചിന്തിക്കുന്നതിനുപകരം ഒരു ഗ്രഹമെന്ന നിലയിൽ ചിന്തിക്കുക എന്നത്. ജല ആവാസവ്യവസ്ഥകളെ പുനഃസ്ഥിതീകരിക്കുന്നതിനുള്ള ഒരു യു.എസ്. കമ്മിറ്റിയുടെ ചെയർമാനായ ജോൺ കാൺസ് ജൂനിയർ ഈ പ്രശ്നത്തെക്കുറിച്ച് ഇങ്ങനെ ചുരുക്കിപ്പറഞ്ഞു: “നമുക്ക് എന്തു ചെയ്യാൻ കഴിയും എന്നതു സംബന്ധിച്ചു ഞാൻ ശുഭാപ്തിവിശ്വാസമുള്ളവനാണ്. നാം എന്തു ചെയ്യും എന്നതു സംബന്ധിച്ചു ഞാൻ ശുഭാപ്തിവിശ്വാസമുള്ളവനല്ല.”
മിക്ക രാജ്യങ്ങളും കണക്കുതീർപ്പിനുള്ള സമയം വെച്ചുതാമസിപ്പിക്കുമാറ്, മൊത്തമായ ഒരു ശുചീകരണത്തിന് ഒടുക്കേണ്ടിവരുന്ന വില വളരെ കനത്തതാണ്. സാമ്പത്തിക പ്രതിസന്ധിയുള്ള ഇക്കാലത്ത്, പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനുള്ള നടപടികളെ വീക്ഷിക്കുന്നതു തൊഴിലുകൾക്കുള്ള ഒരു ഭീഷണിയായും സാമ്പത്തികരംഗത്തിന്മേലുള്ള ഒരു കടിഞ്ഞാണായിട്ടുമാണ്. പ്രവർത്തിക്കുന്നതിനെക്കാൾ വളരെ എളുപ്പമാണു പറയാൻ. ഇന്നുവരെയുള്ള പ്രതികരണത്തെ “ശ്രേഷ്ഠ വാഗ്ദാനങ്ങൾക്കു ശേഷമുള്ള പ്രവർത്തനരാഹിത്യം” എന്നു ഭൂമിയെ പരിപാലിക്കൽ (ഇംഗ്ലീഷ്) എന്ന പുസ്തകം വിവരിക്കുന്നു. എന്നാൽ ഈ അനാസ്ഥയുണ്ടെങ്കിൽകൂടി, സമയം ലഭിച്ചാൽ, പുതിയ സാങ്കേതികവിദ്യക്ക് ഈ ഗ്രഹത്തിന്റെ രോഗങ്ങൾക്ക് ഒരു വേദനാരഹിതമായ പ്രതിവിധി കണ്ടെത്താൻ കഴിയില്ലേ? കഴിയില്ലെന്നു തോന്നുന്നു.
ഒരു സംയുക്ത പ്രസ്താവനയിൽ, യു.എസ്. ദേശീയ ശാസ്ത്ര അക്കാദമിയും ലണ്ടനിലെ റോയൽ സൊസൈറ്റിയും ഇങ്ങനെ തുറന്നുപറഞ്ഞു: “ജനസംഖ്യാ വർധനവിനെക്കുറിച്ചുള്ള ഇപ്പോഴത്തെ പ്രവചനങ്ങൾ സത്യമെന്നു തെളിയുകയും ഈ ഗോളത്തിൽ മമനുഷ്യന്റെ പ്രവർത്തനരീതികൾ മാറ്റം വരാതെ നിലകൊള്ളുകയും ചെയ്യുകയാണെങ്കിൽ, മറുഗതിയിൽ തിരിച്ചുവിടാനാവാത്ത പാരിസ്ഥിതിക അപക്ഷയവും ലോകത്തിലെ മിക്കവരുടെയും ഭാഗധേയമായ തുടർച്ചയായ ദാരിദ്ര്യവും തടയാൻ ശാസ്ത്രത്തിനും സാങ്കേതികവിദ്യക്കും കഴിയില്ല.”
ഒരിടത്തേക്കും നിർമാർജനം ചെയ്യാൻ കഴിയാത്ത ആണവ മാലിന്യം എന്ന സ്തോഭജനകമായ പ്രശ്നം, ശാസ്ത്രം എന്തും ചെയ്യാൻ പോന്ന ഒന്നല്ല എന്നതിന്റെ ഒരു ഓർമിപ്പിക്കലാണ്. ഉയർന്ന അളവിൽ റേഡിയോ ആക്ടീവതയുള്ള മാലിന്യങ്ങൾ എന്നേക്കും സംഭരിച്ചുവെക്കാനുള്ള സുരക്ഷിതമായ സ്ഥലങ്ങൾ ശാസ്ത്രജ്ഞന്മാർ 40 വർഷക്കാലമായി അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ഈ അന്വേഷണം വളരെ ദുഷ്കരമാണെന്നു തെളിഞ്ഞുകൊണ്ടിരിക്കുകയാണ്. കാരണം, ഏറ്റവും നേരത്തെയായാൽപോലും 2040 എന്ന വർഷമാകുന്നതിനു മുമ്പ് അത്തരമൊരു സ്ഥലം തങ്ങൾക്കു കണ്ടെത്താൻ കഴിയില്ലെന്ന് ഇറ്റലി, അർജൻറീന തുടങ്ങിയ രാജ്യങ്ങൾ നിഗമനം ചെയ്തിരിക്കുന്നു. ഈ രംഗത്ത് ഏറ്റവും ശുഭാപ്തിവിശ്വാസമുള്ള രാജ്യമായ ജർമനി അതിന്റെ പദ്ധതികൾക്ക് 2008 എന്ന വർഷത്തോടെ തീർപ്പുകൽപ്പിക്കാനാകുമെന്നു പ്രത്യാശിക്കുന്നു.
ആണവ മാലിന്യം അത്രയ്ക്കും വലിയൊരു പ്രശ്നമായിരിക്കുന്നത് എന്തുകൊണ്ടാണ്? “ഏറ്റവും നല്ല സംഭരണശാലകളിൽനിന്നുപോലും ഒരു നാൾ അപകടകരമായ അളവിൽ റേഡിയോ ആക്ടീവതയുള്ള മാലിന്യങ്ങൾ ചോരുകയില്ല എന്ന് ഏതെങ്കിലും ശാസ്ത്രജ്ഞനോ എഞ്ചിനിയർക്കോ സമ്പൂർണമായ ഉറപ്പു നൽകാൻ സാധിക്കില്ല” എന്നു ഭൂശാസ്ത്രജ്ഞനായ കോൺറാഡ് ക്രൗസ്കോപ്ഫ് വിശദീകരിക്കുന്നു. മാലിന്യം നിർമാർജനം ചെയ്യുന്നതിന്റെ ബുദ്ധിമുട്ടു സംബന്ധിച്ചു നേരത്തെതന്നെ മുന്നറിയിപ്പുകൾ ലഭിച്ചിട്ടും, നാളത്തെ സാങ്കേതികവിദ്യ ഒരു പരിഹാരം കൈവരുത്തുമെന്നു ചിന്തിച്ചുകൊണ്ടു ഗവൺമെൻറുകളും ആണവ വ്യവസായവും കണ്ണടച്ചു മുന്നോട്ടു നീങ്ങുകയാണ്. അവർ പ്രത്യാശിക്കുന്ന ആ നാളെ ഒരിക്കലും വന്നില്ല.
പാരിസ്ഥിതിക പ്രതിസന്ധിക്കു സാങ്കേതികവിദ്യയുടെ പക്കൽ ഉടനടി ഒരു പരിഹാരമില്ലെങ്കിൽ, മറ്റെന്തു തിരഞ്ഞെടുപ്പുകളാണുള്ളത്? ഈ ഗ്രഹത്തെ സംരക്ഷിക്കാൻ കൂട്ടായി പ്രവർത്തിക്കാൻ ഒടുവിൽ ആവശ്യം രാഷ്ട്രങ്ങളെ നിർബന്ധിക്കുമോ?
[അടിക്കുറിപ്പ്]
a ഗ്രീക്കിലെ ഓയിക്കോസ് (വീട്, ഭവനം) എന്ന വാക്കിൽനിന്നും ലോ·ജിയ (പഠനം) എന്ന വാക്കിൽനിന്നും വരുന്നു.
[7-ാം പേജിലെ ചതുരം]
പുതുക്കാവുന്ന ഊർജോറവിടങ്ങൾക്കുള്ള അന്വേഷണം
കറൻറ്കട്ട് ഉണ്ടാവുകയോ എണ്ണവില വർധിക്കുകയോ ചെയ്യുന്നതുവരെ നമ്മിൽ മിക്കവരും ഊർജത്തെ അത്ര വിലമതിക്കാറില്ല. എന്നിരുന്നാലും, മലിനീകരണത്തിന്റെ ഏറ്റവും വലിയ കാരണങ്ങളിലൊന്ന് ഊർജോപഭോഗമാണ്. ഉപയോഗിക്കുന്ന ഊർജത്തിന്റെ ഏറിയ പങ്കും ലഭിക്കുന്നതു വിറകോ ഫോസിൽ ഇന്ധനങ്ങളോ കത്തിക്കുന്നതിൽനിന്നാണ്. ഈ പ്രക്രിയയുടെ ഫലമായി കോടിക്കണക്കിനു ടൺ കാർബൺ ഡൈയോക്സൈഡ് അന്തരീക്ഷത്തിലേക്കു തള്ളപ്പെടുകയും ലോകത്തിലെ വനങ്ങളിൽ നല്ലൊരു പങ്കു നശിപ്പിക്കപ്പെടുകയും ചെയ്യുന്നു.
മറ്റൊരു ഉപാധിയായ ആണവോർജം അധികമധികം അസ്വീകാര്യമായിത്തീർന്നുകൊണ്ടിരിക്കുകയാണ്. കാരണം, അപകടങ്ങളും റേഡിയോ ആക്ടീവതയുള്ള മാലിന്യങ്ങൾ സംഭരിക്കുന്നതിലുള്ള ബുദ്ധിമുട്ടുമാണ്. പകരമാർഗമായി, പുതുക്കാവുന്ന ഊർജോറവിടങ്ങളുണ്ട്. അവയ്ക്കു പ്രകൃതിയിൽ സുലഭമായുള്ള ഊർജോറവിടങ്ങളെ ഉപയോഗപ്പെടുത്താൻ കഴിയുന്നതുകൊണ്ടാണ് അങ്ങനെ അറിയപ്പെടുന്നത്. പ്രധാനമായും ഇത്തരത്തിൽ പെടുന്നത് അഞ്ചിനം ഊർജങ്ങളാണ്.
സൗരോർജം. ചൂടാക്കുന്നതിനു വേണ്ടി ഇത് എളുപ്പത്തിൽ ഉപയോഗപ്പെടുത്താൻ കഴിയും. ഇസ്രായേൽ പോലുള്ള ചില രാജ്യങ്ങളിൽ വെള്ളം ചൂടാക്കുന്നതിനു വേണ്ടി പല വീടുകളിലും സോളാർ പാനലുകളുണ്ട്. വൈദ്യുതി ഉത്പാദിപ്പിക്കാൻ സൂര്യനെ ഉപയോഗിക്കുന്നത് ഏറെ ദുഷ്കരമാണ്. എന്നാൽ വൈദ്യുതി നൽകുന്ന ആധുനിക ഫോട്ടോവോൾട്ടെയിക് സെല്ലുകൾ ഇപ്പോൾത്തന്നെ ഗ്രാമപ്രദേശങ്ങളിലുണ്ട്. അവ ചെലവു കുറഞ്ഞതാണുതാനും.
കാറ്റിന്റെ ശക്തി. ലോകത്തിൽ കാറ്റുള്ള പല ഭാഗങ്ങളിലും കൂറ്റൻ കാറ്റാടിയന്ത്രങ്ങൾ വ്യാപകമാണ്. ഇയോലിയൻ ഊർജം എന്നു വിളിക്കപ്പെടുന്ന ഈ ഊർജത്തിൽനിന്നു ലഭിക്കുന്ന വൈദ്യുതിയുടെ വില വളരെ താണിട്ടുണ്ട്, ചില പ്രദേശങ്ങളിൽ ഇപ്പോൾ അതിന്റെ വില പരമ്പരാഗതമായ ഊർജവിഭവങ്ങളെക്കാൾ കുറവാണ്.
ജലവൈദ്യുതി. ഇപ്പോൾത്തന്നെ ലോകത്തിലെ വൈദ്യുതിയുടെ 20 ശതമാനം ലഭിക്കുന്നതു ജലവൈദ്യുത നിലയങ്ങളിൽനിന്നാണ്. എന്നാൽ ദുഃഖകരമെന്നു പറയട്ടെ, വികസിത രാജ്യങ്ങളിൽ അതിനു സാധ്യതയുള്ള പല സ്ഥലങ്ങളും ഇതിനോടകം ചൂഷണം ചെയ്യപ്പെട്ടുകഴിഞ്ഞു. വമ്പൻ ഡാമുകൾക്കും ഗണ്യമായ പാരിസ്ഥിതിക ഹാനി വരുത്തിവെക്കാൻ കഴിയും. വിശേഷിച്ചും വികസ്വര രാജ്യങ്ങളിൽ, ഏറെ മെച്ചപ്പെട്ട ഒരു പ്രതീക്ഷ ചെറിയ ചെറിയ ജല വൈദ്യുത നിലയങ്ങൾ നിർമിക്കുന്നതാണെന്നു തോന്നുന്നു.
ഭൗമതാപോർജം. ചില രാജ്യങ്ങൾക്ക്, പ്രത്യേകിച്ച് ഐസ്ലൻഡിനും ന്യൂസിലൻഡിനും ഭൂമിക്കടിയിലുള്ള “ഉഷ്ണജല വ്യവസ്ഥ”യിൽനിന്ന് ഊർജം എടുക്കാൻ കഴിഞ്ഞിട്ടുണ്ട്. ഭൂമിക്കടിയിലെ അഗ്നിപർവത പ്രവർത്തനങ്ങൾ വെള്ളത്തെ ചൂടു പിടിപ്പിക്കുന്നു, അതു വീടുകൾ ചൂടാക്കാനും വൈദ്യുതി ഉത്പാദിപ്പിക്കാനും ഉപയോഗിക്കാം. ഇറ്റലി, ഐക്യനാടുകൾ, ജപ്പാൻ, ഫിലിപ്പീൻസ്, മെക്സിക്കോ തുടങ്ങിയ രാഷ്ട്രങ്ങളും പ്രകൃതിയിലെ ഈ ഊർജത്തിന്റെ ഉറവിടങ്ങൾ ഒരളവോളം ഉപയോഗയുക്തമാക്കിയിട്ടുണ്ട്.
വേലിയേറ്റത്തിന്റെ ശക്തി. വൈദ്യുതി ഉത്പാദിപ്പിക്കാൻ ബ്രിട്ടൻ, ഫ്രാൻസ്, റഷ്യ എന്നിവ പോലുള്ള ചില രാജ്യങ്ങൾ സമുദ്രത്തിലെ വേലിയേറ്റങ്ങളെ ഉപയോഗപ്പെടുത്തുന്നുണ്ട്. എന്നിരുന്നാലും, കുറഞ്ഞ ചെലവിൽ അത്തരം ഊർജവിഭവം തരുന്ന പ്രായോഗികമായ സ്ഥലങ്ങൾ ലോകത്തിൽ വളരെ പരിമിതമാണ്.
[8, 9 പേജുകളിലെ ചതുരം/ചിത്രം]
ലോകത്തിലെ പാരിസ്ഥിതികമായ ചില മുഖ്യ പ്രശ്നങ്ങൾ
വനനശീകരണം. ലോകത്തിലെ മിതോഷ്ണമേഖലാ വനങ്ങളുടെ നാലിൽ മൂന്നു ഭാഗവും ഉഷ്ണമേഖലാ വനങ്ങളുടെ പകുതിയും ഇപ്പോൾ നഷ്ടപ്പെട്ടുകഴിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദശകത്തിൽ വനനശീകരണത്തിന്റെ നിരക്ക് ഞെട്ടിക്കുംവിധം വർധിക്കുകയുണ്ടായി. ഓരോ വർഷവും നശിപ്പിക്കപ്പെടുന്ന ഉഷ്ണമേഖലാ വനപ്രദേശത്തിന്റെ വ്യാപ്തി 1,50,000 ചതുരശ്ര കിലോമീറ്ററിനും 2,00,000 ചതുരശ്ര കിലോമീറ്ററിനും ഇടയിലാണെന്ന് ഏറ്റവും പുതിയ കണക്കുകൾ സൂചിപ്പിക്കുന്നു. അതിന് ഉറുഗ്വെ എന്ന രാജ്യത്തിന്റെ അത്രയും ഏകദേശം വലിപ്പം വരുമത്രേ.
വിഷലിപ്തമായ മാലിന്യങ്ങൾ. ഇക്കാലത്തു നിർമിക്കപ്പെടുന്ന 70,000 രാസപദാർഥങ്ങളിൽ പകുതിയും വിഷാംശമുള്ളവയായി തരംതിരിക്കപ്പെട്ടിരിക്കുന്നു. ഐക്യനാടുകൾ മാത്രം പ്രതിവർഷം 24 കോടി ടൺ വിഷലിപ്ത മാലിന്യങ്ങൾ ഉത്പാദിപ്പിക്കുന്നുവത്രേ. ലോകവ്യാപകമായി അതിന്റെ മൊത്തം അളവ് എത്രയെന്നു കണക്കാക്കുക യഥാർഥ വിവരങ്ങളുടെ അഭാവംമൂലം അസാധ്യമാണ്. അതു മാത്രമല്ല, 2000-മാണ്ടാകുമ്പോഴേക്കും താത്കാലിക സ്ഥലങ്ങളിൽ സംഭരിച്ചുവെച്ചിരിക്കുന്ന റേഡിയോ ആക്ടീവതയുള്ള പാഴ്വസ്തുക്കളുടെ അളവ് ഏകദേശം 2,00,000 ടൺ ആയിത്തീരും.
കരയുടെ അപക്ഷയം. ഭൂമിയുടെ കരഭാഗത്തിന്റെ മൂന്നിലൊന്നു ഭാഗം മരുഭൂമിയായിത്തീരുമെന്ന ഭീഷണിയുണ്ട്. ആഫ്രിക്കയുടെ ചില ഭാഗങ്ങളിൽ കേവലം 20 വർഷംകൊണ്ട് സഹാറാ മരുഭൂമിയുടെ വ്യാപ്തി 350 കിലോമീറ്റർ കൂടി വർധിച്ചു. ഇപ്പോൾത്തന്നെ കോടിക്കണക്കിനാളുകളുടെ ജീവനപ്രതീക്ഷ ഭീഷണിയിലാണ്.
ജലദൗർലഭ്യത. ജലക്ഷാമം വളരെയധികമുള്ള സ്ഥലങ്ങളിലാണ് ഏകദേശം 200 കോടിയാളുകൾ വസിക്കുന്നത്. ഈ ക്ഷാമത്തെ രൂക്ഷമാക്കുമാറ്, കിണറുകൾ ആശ്രയിച്ചുനിൽക്കുന്ന ഭൂമിയിലെ ജലപ്പരപ്പിന്റെ അളവു വളരെയധികം താഴുന്നതുകൊണ്ട് ആയിരക്കണക്കിനു കിണറുകൾ വറ്റിക്കൊണ്ടിരിക്കുകയാണ്.
ഉന്മൂലനാശത്തിന്റെ അപകടത്തിലായ ജീവിവർഗങ്ങൾ. എണ്ണം ഏതാണ്ട് ഊഹിച്ചെടുക്കുന്നതാണെങ്കിലും, 2000-ാമാണ്ടോടെ 5,00,000-ത്തിനും 10,00,000-ത്തിനും ഇടയിൽ മൃഗ-സസ്യ-പ്രാണി വർഗങ്ങൾ വംശനാശത്തിന് ഇരയായിത്തീരുമെന്നു ശാസ്ത്രജ്ഞന്മാർ കണക്കാക്കുന്നു.
അന്തരീക്ഷ മലിനീകരണം. ആരോഗ്യഭീഷണി ഉയർത്തുന്ന അളവിലുള്ള ധൂളികൾക്കോ സൾഫർ ഡയോക്സൈഡ്, നൈട്രജൻ ഡയോക്സൈഡ്, കാർബൺ മോണോക്സൈഡ് എന്നിവ പോലുള്ള വിഷവാതകങ്ങൾക്കോ എന്നും വിധേയമാകുന്ന നഗരപ്രദേശങ്ങളിൽ ജീവിക്കുന്ന ആളുകളുടെ എണ്ണം നൂറു കോടിയാണെന്ന് ഐക്യരാഷ്ട്രസംഘടന 1980-ന്റെ ആരംഭത്തിൽ നടത്തിയ ഒരു പഠനം കണ്ടെത്തുകയുണ്ടായി. കഴിഞ്ഞ ദശകത്തിലെ നഗരങ്ങളുടെ ത്വരിതഗതിയിലുള്ള വളർച്ച നിസ്സംശയമായും ഈ പ്രശ്നത്തെ രൂക്ഷമാക്കിയിരിക്കുകയാണ്. മാത്രമല്ല, വർഷന്തോറും അന്തരീക്ഷത്തിലേക്കു തള്ളപ്പെടുന്ന കാർബൺ ഡയോക്സൈഡിന്റെ അളവ് 2,400 കോടി ടൺ ആണ്. ഈ “ഹരിതഗൃഹ വാതകം” ആഗോള താപവർധനവിനു കാരണമാകുമെന്നു ഭയക്കുന്നു.
[ഭൂപടം]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
വനനശീകരണം
വിഷലിപ്തമായ മാലിന്യങ്ങൾ
അന്തരീക്ഷ മലിനീകരണം
ജലദൗർലഭ്യത
അപകടത്തിലായ ജീവിവർഗങ്ങൾ
കരയുടെ അപക്ഷയം
[കടപ്പാട്]
Mountain High Maps™ copyright© 1993 Digital Wisdom, Inc.
Photo: Hutchings, Godo-Foto
Photo: Mora, Godo-Foto