ദരിദ്ര രാഷ്ട്രങ്ങൾ സമ്പന്ന രാഷ്ട്രങ്ങളുടെ ചവറ്റുകൂനകളായിമാറുന്നു
ആർക്കും വേണ്ടാത്ത ഒരു അനാഥക്കുഞ്ഞിനെപ്പോലെ വിഷലിപ്തമായ പാഴ്വസ്തുക്കൾ കപ്പൽതോറും തുറമുഖംതോറും ഒരിടം തേടിയലഞ്ഞിരുന്നു. വിഷലിപ്തമായ റെസിനുകളും കീടനാശിനികളും മറ്റ് അപകടകാരികളായ രാസവസ്തുക്കളും നിറച്ചു വന്ന പതിനോരായിരം വീപ്പകൾ ആഫ്രിക്കയിലെ ജിബൂട്ടിയിൽനിന്ന് വെനെസ്വേലയിലേക്കും അവിടന്നു സിറിയയിലേക്കും പിന്നീടു ഗ്രീസിലേക്കും തിരിച്ചുവിട്ടു. അവസാനം, ചോരാൻ തുടങ്ങിയ വീപ്പകൾ ഒരു കപ്പലിലെ ജോലിക്കാരുടെമേൽ നാശം വിതച്ചു തുടങ്ങി. കപ്പലിലെ വിഷംകാരണം ഒരാൾ മരണമടഞ്ഞു, ബാക്കിയുണ്ടായിരുന്ന മിക്കവർക്കും വീപ്പകളിലെ വിഷവസ്തുക്കളിൽനിന്നു ത്വക്രോഗങ്ങൾ, വൃക്കരോഗങ്ങൾ, ശ്വാസകോശരോഗങ്ങൾ എന്നിവ പിടിപെട്ടു.
അതുപോലെയുള്ള മാരകമായ പാഴ്വസ്തുക്കളും വഹിച്ച് ഭവനമെന്നു പറയാനൊരിടം തേടി കപ്പലുകളും ട്രക്കുകളും തീവണ്ടികളും ഗോളത്തിനു തലങ്ങും വിലങ്ങും പായുകയാണ്. ഒട്ടുമിക്കപ്പോഴും, ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും രോഗത്തിന്റെയും കരാളഹസ്തങ്ങളിലമർന്നു കഴിയുന്ന രാജ്യങ്ങൾ ടൺകണക്കിനു വിഷവസ്തുക്കളും മലിനവസ്തുക്കളും തള്ളാനുള്ള സ്ഥലമായിത്തീരുന്നു. എപ്പോൾ വേണമെങ്കിലും ഒരു പരിസ്ഥിതി വിനാശം സംഭവിക്കാമെന്നു പരിസ്ഥിതിവാദികൾ ഭയക്കുന്നു.
പഴയ പെയിന്റുകൾ, ലായകങ്ങൾ, ടയറുകൾ, ബാറ്ററികൾ, റേഡിയോ ആക്ടീവതയുള്ള പാഴ്വസ്തുക്കൾ, ഈയവും പിസിബി-യും നിറഞ്ഞ കിട്ടം എന്നിവ നിങ്ങൾക്ക് അത്ര ആകർഷകമല്ലായിരിക്കാം, എന്നാൽ ശീഘ്രഗതിയിൽ വളർന്നുകൊണ്ടിരിക്കുന്ന, വ്യാവസായിക പാഴ്വസ്തുവ്യാപാരത്തിൽ അത് ആകർഷകംതന്നെയാണ്. പരിസ്ഥിതി സംബന്ധമായി ഒരു ഗവൺമെൻറ് എത്രത്തോളം കർശനമാകുന്നോ അത്രത്തോളം അവിടത്തെ വിഷലിപ്തമായ വ്യവസായാവശിഷ്ടങ്ങൾ പുറംരാജ്യങ്ങളിലേക്കു തള്ളിവിടും എന്നതാണു വിരോധാഭാസം. “വിഷലിപ്തമായ 20 ദശലക്ഷം ടണ്ണോളം രാസവസ്തുക്കളാണ് ഒന്നൊഴിവാക്കിക്കിട്ടാൻവേണ്ടി വർഷംതോറും” വ്യവസായവത്കൃത രാഷ്ട്രങ്ങളിലെ “തത്ത്വദീക്ഷയില്ലാത്ത” കമ്പനികൾ മൂന്നാംലോകരാജ്യങ്ങളിലേക്കു കയറ്റി അയയ്ക്കുന്നത് എന്നു ദി ഒബ്സേർവർ എന്ന ലണ്ടൻ വാരിക പറഞ്ഞു. നിയമപരമായ പഴുതുകളുടെയും കർശനമല്ലാത്ത നിയമങ്ങളുടെയും ഫലമായി ആയിരക്കണക്കിനു ടൺ വിഷവസ്തുക്കളാണ് ആഫ്രിക്ക, ഏഷ്യ, ലാറ്റിനമേരിക്ക എന്നിവിടങ്ങളിൽ നിക്ഷേപിക്കപ്പെടുന്നത്.
ഈ കമ്പനികൾ പാഴ്വസ്തുക്കൾ കൊണ്ടുപോയിത്തള്ളാൻ ഇത്ര പ്രലോഭിതരാകുന്നതിൽ തെല്ലും അതിശയിക്കാനില്ല! അനുയോജ്യമായ ഇടം തിരഞ്ഞെടുക്കുന്നെങ്കിൽ ചെലവു വളരെ കുറയ്ക്കാൻ കഴിയും. ഇതിനൊരുദാഹരണമാണ് ഒരുകാലത്ത് അമേരിക്കൻ സമുദ്രപര്യടനങ്ങളിലെ അഭിമാനഭാജനമായിരുന്ന നായകക്കപ്പൽ യുണൈറ്റഡ് സ്റ്റേറ്റ്സ്. 1992-ൽ ആഡംബര യാത്രക്കുപയോഗിക്കാനായി പുതുക്കിയെടുക്കാൻവേണ്ടി അതു വാങ്ങി. വെള്ളത്തിൽ കിടക്കുന്ന മറ്റേതു കപ്പലിലേതിനെക്കാളും അധികം ആസ്ബെസ്റ്റോസ് ഒരുപക്ഷേ അതിലുണ്ടായിരുന്നു. അതിലെ ആസ്ബെസ്റ്റോസ് നീക്കം ചെയ്യാൻ അമേരിക്കയിൽ 10 കോടി ഡോളർ ചെലവു വരുമായിരുന്നതുകൊണ്ട് അതു ടർക്കിയിലേക്കു വലിച്ചുകൊണ്ടുപോയി, കാരണം അവിടെ അത് 20 ലക്ഷം ഡോളറിനു ചെയ്യാമായിരുന്നു. എന്നാൽ ടർക്കി ഗവൺമെൻറ് അതിനു വിസമ്മതിച്ചു. കാരണം അർബുദരോഗമുണ്ടാക്കുന്ന 46,000 ചതുരശ്ര മീറ്റർ ആസ്ബെസ്റ്റോസ് ഫൈബർ അവരുടെ രാജ്യത്തു പൊളിച്ചിടാൻ അനുവദിക്കുന്നതു തീർത്തും അപകടകരമായിരുന്നു. അവസാനം, ആ കപ്പൽ പരിസ്ഥിതി നിലവാരങ്ങളിൽ കുറേക്കൂടി അയവുണ്ടായിരുന്ന മറ്റൊരു രാജ്യത്തിലെ തുറമുഖത്തേക്കു വലിച്ചുകൊണ്ടുപോയി.
മാരകമായ പുനഃസംസ്കരണം
വികസ്വര രാജ്യങ്ങളിലെ പാശ്ചാത്യ ബിസിനസുകാർ തങ്ങൾ ദരിദ്രരെ സഹായിക്കുന്നവരാണെന്നു സ്വയം വിചാരിച്ചേക്കാം. യു.എസ്. വാണിജ്യ കേന്ദ്രത്തിലെ ഹാർവി ഓൾട്ടർ വാദിക്കുന്നത് “പാഴ്വസ്തുക്കൾ കയറ്റി അയച്ചു പുനഃസംസ്കരിക്കുന്ന വ്യവസായം ആ രാജ്യങ്ങളിലെ ജീവിതനിലവാരം ഉയർത്തുന്നു” എന്നാണ്. എന്നാൽ വിദേശങ്ങളിലെ അവരുടെ സംഘടനാപരമായ ചില പെരുമാറ്റം പുനരവലോകനം ചെയ്തപ്പോൾ കണ്ടെത്തിയത് ഭൂരിപക്ഷം കേസുകളിലും ജീവിതനിലവാരങ്ങൾ ഉയർത്തുന്നതിനു പകരം ഈ സ്ഥാപനങ്ങൾ “പ്രാദേശിക മിനിമം കൂലിയെക്കാൾ ഒട്ടുംതന്നെ കൂടുതൽ കൊടുക്കാതിരിക്കാനും പരിസ്ഥിതി മലിനീകരണത്തിനും ചിലപ്പോഴൊക്കെ വഞ്ചനാപരമായി വിപണിയിലിറക്കിയിരിക്കുന്നതും അപകടകരവുമായ ഉൽപന്നങ്ങൾ വിൽക്കാനുമാണു ചായ്വു കാണിക്കുന്നത്” എന്നാണ്.
വികസ്വര ലോകത്തെ മലിനീകരണത്തെക്കുറിച്ച് അടുത്തകാലത്തു നടത്തപ്പെട്ട ഒരു ബോധവത്കരണ പരിപാടിയിൽ ജോൺ പോൾ രണ്ടാമൻ പാപ്പാ തന്റെ ഉത്കണ്ഠ പ്രകടമാക്കി. പാപ്പാ ഇങ്ങനെ പറഞ്ഞു: “പരിസ്ഥിതിയെയും ജനങ്ങളുടെ ആരോഗ്യത്തെയും മോശമാക്കുന്നതരം വൃത്തിഹീനമായ സാങ്കേതികവിദ്യകളും പാഴ്വസ്തുക്കളും കയറ്റി അയച്ച് കെട്ടുറപ്പില്ലാത്ത സമ്പദ്വ്യവസ്ഥയും നിയമവ്യവസ്ഥയുമുള്ള ദരിദ്ര രാജ്യങ്ങളിൽനിന്നു സമ്പന്ന രാജ്യങ്ങൾ മുതലെടുക്കുന്നതു മഹാദ്രോഹമാണ്.”
ഇതിനു പറ്റിയ ഒരുദാഹരണമാണു ലോകത്തിൽ ഏറ്റവുമധികം മെർക്കുറി അവശിഷ്ടങ്ങൾ പുനഃസംസ്കരിക്കുന്ന ഇടമായ തെക്കൻ ആഫ്രിക്കയിൽ നടന്നത്. “ആ വൻകരയിലെ ഏറ്റവും വലിയ മലിനീകരണ അപവാദങ്ങളിലൊന്ന്” എന്ന് അറിയപ്പെട്ട ആ സംഭവത്തിൽ വിഷലിപ്തമായ പാഴ്വസ്തുക്കൾ നിമിത്തം ഒരു തൊഴിലാളി മരണമടഞ്ഞു, മറ്റൊരാൾക്കു നീണ്ട ബോധക്ഷയമുണ്ടായി. കൂടാതെ തൊഴിലാളികളിൽ മൂന്നിലൊരു ഭാഗം ഏതെങ്കിലും തരത്തിലുള്ള മെർക്കുറി വിഷബാധയേറ്റു കഷ്ടപ്പെടുന്നതായും പറയപ്പെടുന്നു. ചിലതരം മെർക്കുറി പാഴ്വസ്തുക്കൾ നിർമാർജനം ചെയ്യുന്നതു ചില വ്യവസായ രാഷ്ട്രങ്ങളിലെ ഗവൺമെന്റുകൾ നിരോധിച്ചിരിക്കുകയോ കർശനമായി നിയന്ത്രിച്ചിരിക്കുകയോ ആണ്. ഈ രാജ്യങ്ങളിലൊന്നിലെയെങ്കിലും വ്യാപാരസംഘങ്ങൾ അപകടകാരികളായ വസ്തുക്കൾ ആഫ്രിക്കൻ തീരങ്ങളിലേക്കു കപ്പലിൽ കയറ്റി അയയ്ക്കുന്നുണ്ട്. മൂന്നു വിദേശ കമ്പനികളിൽനിന്നു കൊണ്ടുവന്ന 10,000 ബാരൽ മെർക്കുറി അവശിഷ്ടങ്ങൾ ഒരു പ്ലാൻറിൽ സൂക്ഷിച്ചുവച്ചിരിക്കുന്നതായി ഒരു പരിശോധനാസംഘം കണ്ടെത്തി.
വികസ്വര രാജ്യങ്ങളിലേക്കു സാധനങ്ങൾ പുനഃസംസ്കരണം ചെയ്യാനയയ്ക്കുന്നതാണ് അവിടേക്കു പാഴ്വസ്തുക്കൾ തള്ളുന്നതിനെക്കാൾ മെച്ചമെന്നു തോന്നുന്നു. അതുകൊണ്ടു വിലപ്പെട്ട ഉപോത്പന്നങ്ങളുണ്ടാക്കാം, തൊഴിൽ കൊടുക്കാം, സമ്പദ്വ്യവസ്ഥയും മെച്ചപ്പെടുത്താം. എന്നാൽ തെക്കനാഫ്രിക്കയിൽനിന്നുള്ള, മേൽപ്പറഞ്ഞ റിപ്പോർട്ടു കാണിക്കുന്നതുപോലെ വിനാശകരമായ പരിണതഫലങ്ങളുമുണ്ടാകാം. ഈ വസ്തുക്കളിൽനിന്നു വിലപ്പെട്ട ഉത്പന്നങ്ങൾ വേർതിരിച്ചെടുക്കുമ്പോൾ അതു മലിനീകരണത്തിനും രോഗത്തിനും ചിലപ്പോൾ തൊഴിലാളികളുടെ മരണത്തിനും കാരണമായേക്കാവുന്ന മാരകമായ രാസപദാർഥങ്ങൾ പുറത്തുവിട്ടേക്കാം. ന്യൂ സയൻറിസ്റ്റ് മാസിക ഇങ്ങനെ നിരീക്ഷിക്കുകയുണ്ടായി: “ചപ്പുചവറുകൾ കൊണ്ടുപോയിത്തള്ളാനുള്ള ഒരു മറയായിട്ടാണു ചിലപ്പോഴൊക്കെ പുനഃസംസ്കരണത്തെ ഉപയോഗിക്കുന്നത് എന്നതിൽ യാതൊരു സംശയവുമില്ല.”
ഈ ഉപായത്തെക്കുറിച്ച് യു.എസ്.ന്യൂസ് & വേൾഡ് റിപ്പോർട്ട് വിശദീകരിക്കുന്നത് “വ്യാജ ലേബലൊട്ടിക്കൽ, നിയമപരമായ പഴുതുകൾ, വിദഗ്ധോപദേശത്തിന്റെ അഭാവം എന്നിവ കാരണം, ഓടകളിലെ വിഷലിപ്തമായ ചേറും ചെളിയും ‘ജൈവവള’മായും, കാലഹരണപ്പെട്ട കീടനാശിനികൾ ‘കൃഷിസഹായ’മായും, വിൽക്കുന്ന സാമർഥ്യക്കാരായ പാഴ്വസ്തുവിൽപ്പനക്കാർക്കു വികസ്വര രാജ്യങ്ങൾ എളുപ്പം ഇരകളായിത്തീരുന്നു” എന്നാണ്.
മെക്സിക്കോയിൽ വിദേശ ഉടമസ്ഥതയിലുള്ള മാക്വിലാഡോറസ് അഥവാ ഫാക്ടറികൾ മുളച്ചുവന്നിട്ടുണ്ട്. വിദേശ കമ്പനികളുടെ ഒരു മുഖ്യ ഉദ്ദേശ്യം കർശനമായ മലിനീകരണ നിയമങ്ങളിൽനിന്നു രക്ഷപ്പെടുക എന്നതും കുറഞ്ഞ ശമ്പളക്കാരായ നിരവധി തൊഴിലാളികളെ ഉപയോഗിച്ചു കീശവീർപ്പിക്കുക എന്നതുമാണ്. പതിനായിരക്കണക്കിനു മെക്സിക്കോക്കാർ ജീവിക്കുന്നതു കറുത്തിരുണ്ട മലിന ജലമൊഴുകുന്ന കനാലുകളുടെ ഓരത്തുള്ള ചെറ്റക്കുടിലുകളിലാണ്. “ആടുകൾപോലും കുടിക്കില്ലത്” എന്നാണ് ഒരു സ്ത്രീ പറഞ്ഞത്. അമേരിക്കൻ വൈദ്യസംഘടനയുടെ ഒരു റിപ്പോർട്ട് ഈ അതിർത്തിപ്രദേശത്തെ “സാംക്രമിക രോഗങ്ങളുടെ വിളനിലമായ ഒരു യഥാർഥ ചെളിക്കുണ്ട്” എന്നാണു വിളിച്ചത്.
ചാകുന്നതു കീടങ്ങൾ മാത്രമല്ല
“ഒരു രാഷ്ട്രത്തിന് ഒരു വിഷം സ്വദേശത്തു നിരോധിക്കാനും എന്നാൽ അതു നിർമിച്ച് മറ്റു രാജ്യങ്ങൾക്കു വിൽക്കാനും എങ്ങനെ കഴിയും? ഇതിലെന്തു ധാർമികബോധമാണുള്ളത്?,” കാർത്തൂമിൽനിന്നുള്ള ഒരു കൃഷിശാസ്ത്രജ്ഞനും കീടനാശിനി വിദഗ്ധനുമായ ആരീഫ് ജമാൽ ചോദിച്ചു. ഉത്പാദിപ്പിക്കപ്പെടുന്ന വ്യവസായവത്കൃത രാജ്യത്ത്—“ഉപയോഗിക്കുന്നതിനുള്ളതല്ല” എന്നു മുദ്ര കുത്തിയിരിക്കുന്ന ബാരലുകളുടെ ഫോട്ടോ അദ്ദേഹം കാണിച്ചു. എന്നാൽ അവ സുഡാനിലെ ഒരു വന്യജീവി സംരക്ഷണകേന്ദ്രത്തിൽ കാണപ്പെടുകയുണ്ടായി. അതിനു സമീപം മൃഗങ്ങൾ കൂട്ടമായി ചത്തുകിടക്കുന്നതു കാണാമായിരുന്നു.
ഒരു രാജ്യം “ആഭ്യന്തര ഉപയോഗത്തിനു വിലക്കു കൽപ്പിച്ചിരിക്കുന്നതോ നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്നതോ ലൈസൻസു നൽകാത്തതോ ആയ കീടനാശിനികൾ 500 ദശലക്ഷം പൗണ്ട് ആണു വർഷംതോറും കയറ്റി അയയ്ക്കുന്നത്,” ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. ക്യാൻസറിനു കാരണമാകുന്ന ഡിഡിററി-യുടെ ഒരു വകഭേദമായ ഹെപ്റ്റാക്ലോർ ഭക്ഷ്യവിളകളുടെമേൽ ഉപയോഗിക്കുന്നത് 1978-ൽ നിരോധിച്ചിരുന്നു. എന്നാൽ അതു കണ്ടുപിടിച്ച രാസവസ്തു-വ്യവസായസ്ഥാപനം അതിന്റെ ഉത്പാദനം തുടരുകയാണ്.
കുറഞ്ഞത് 85 വികസ്വര രാജ്യങ്ങളിലെങ്കിലും “വളരെ വിഷാംശമുള്ള കീടനാശിനികൾ” വ്യാപകമായി ലഭ്യമാണെന്നാണ് ഒരു യുഎൻ കണക്കെടുപ്പിൽനിന്നു മനസ്സിലായത്. വർഷംതോറും പത്തു ലക്ഷത്തോളം ആളുകൾ കടുത്ത വിഷബാധയേറ്റു കഷ്ടപ്പെടുകയും 20,000-ത്തോളം പേർ രാസവസ്തുക്കൾ മൂലം മരണമടയുകയും ചെയ്യുന്നുണ്ട്.
പുകയില വ്യവസായം മാരകമായ അത്യാഗ്രഹത്തിന്റെ സാരസംഗ്രഹമാണെന്നു പറയാം. സയൻറിഫിക്ക് അമേരിക്കനിൽ വന്ന “ആഗോള പുകയില പകർച്ചവ്യാധി” എന്ന ലേഖനം ഇങ്ങനെ പ്രസ്താവിക്കുന്നു: “ലോകത്തെമ്പാടും പുകയില സംബന്ധമായുണ്ടാകുന്ന രോഗത്തിന്റെയും മരണത്തിന്റെയും നിരക്കിനെക്കുറിച്ച് എത്ര പറഞ്ഞാലും അധികമാവില്ല.” പുകവലിയാരംഭിക്കുന്നവരുടെ ശരാശരി പ്രായം സദാ കുറഞ്ഞുകൊണ്ടിരിക്കുകയാണ്, പുകവലിക്കുന്ന സ്ത്രീകളുടെ എണ്ണം നാടകീയമായി വർധിച്ചുകൊണ്ടുമിരിക്കുന്നു. കൗശലക്കാരായ പരസ്യക്കാരുമായി കൂട്ടുചേർന്ന് വൻ പുകയിലക്കമ്പനികൾ അൽപ്പ-വികസിത രാജ്യങ്ങളിലെ വൻ വിപണികൾ വിജയകരമായി കീഴടക്കിക്കൊണ്ടിരിക്കുകയാണ്. സമ്പന്നതയിലേക്കുള്ള അവരുടെ പാതയിൽ ശവശരീരങ്ങളുടെയും രോഗബാധിത ശരീരങ്ങളുടെയും ഒരു നീണ്ട നിരതന്നെ കാണാം.a
എങ്കിലും, സകല കമ്പനികളും വികസ്വര രാഷ്ട്രങ്ങളുടെ ക്ഷേമത്തെ വിസ്മരിച്ചുകളയുന്നുവെന്നു പറയാൻ വയ്യ. വികസ്വര രാജ്യങ്ങളിൽ, ന്യായമായും ഉത്തരവാദിത്വപൂർവവും ബിസിനസ് നടത്താൻ ശ്രമിക്കുന്ന ചില കമ്പനികളുണ്ട്. ഉദാഹരണത്തിന്, ഒരു കമ്പനി ആരോഗ്യക്ഷേമത്തിനായും പിന്നെ പിരിഞ്ഞുപോകുമ്പോഴും ആനുകൂല്യങ്ങൾ നൽകുന്നതുകൂടാതെ തങ്ങളുടെ തൊഴിലാളികൾക്ക് അവരർഹിക്കുന്നതിന്റെ മൂന്നിരട്ടി ശമ്പളം നൽകുകയും ചെയ്യുന്നു. മറ്റൊരു കമ്പനി മനുഷ്യാവകാശങ്ങളെപ്രതി ഒരു ശക്തമായ നിലപാടു സ്വീകരിക്കുകയും അവയെ ഹനിച്ചേക്കുമെന്ന കാരണത്താൽ ഡസൻ കണക്കിനു കരാറുകൾ ഉപേക്ഷിക്കുകയും ചെയ്തിട്ടുണ്ട്.
കാപട്യപൂർവം പിൻവാങ്ങൽ
രാഷ്ട്രങ്ങൾക്കിടയിൽ അപകടകരമായ പാഴ്വസ്തുക്കൾ കടത്തുന്നതു നിയന്ത്രിക്കുന്നതിന് 1989-ൽ സ്വിറ്റ്സർലൻഡിലെ ബേസലിൽ ഒരു യുഎൻ കൺവെൻഷൻ കരാർ ഒപ്പിട്ടു. അതു പ്രശ്നം പരിഹരിക്കുന്നതിൽ പരാജയപ്പെട്ടു, അതേ രാഷ്ട്രങ്ങൾ 1994 മാർച്ചിൽചേർന്ന മറ്റൊരു യോഗത്തെപ്പറ്റി ന്യൂ സയിൻറിസ്റ്റ് ഇങ്ങനെ റിപ്പോർട്ടു ചെയ്തു:
“വികസ്വര രാഷ്ട്രങ്ങളുടെ സ്വാഭാവികമായ കോപത്തിനുള്ള പ്രതികരണമായി, ഒഇസിഡി [സാമ്പത്തിക സഹകരണ വികസന സ്ഥാപനം] രാഷ്ട്രങ്ങളിൽനിന്ന് അല്ലാത്ത രാഷ്ട്രങ്ങളിലേക്കുള്ള അപകടകരമായ പാഴ്വസ്തുക്കളുടെ കയറ്റുമതി നിരോധിച്ചുകൊണ്ട് കരാർ വിപുലമാക്കാൻ തീരുമാനിച്ചപ്പോൾ ബേസൽ കൺവെൻഷനിലെ അംഗങ്ങളായിരുന്ന 65 രാഷ്ട്രങ്ങൾ മുന്നോട്ടുള്ള ഒരു സുപ്രധാന പടി സ്വീകരിക്കുകയായിരുന്നു.”
എന്നാൽ രണ്ടാമതെടുത്ത ഈ തീരുമാനം വികസിത രാഷ്ട്രങ്ങൾക്ക് അത്ര പിടിച്ചില്ലെന്നു തോന്നുന്നു. ന്യൂ സയിൻറിസ്റ്റ് തങ്ങളുടെ ഉത്കണ്ഠ ഇങ്ങനെ പ്രകടിപ്പിച്ചു: “അതുകൊണ്ട് യുഎസ്, ബ്രിട്ടൻ, ജർമനി, ഓസ്ട്രേലിയ എന്നീ രാഷ്ട്രങ്ങളെല്ലാം ഈ തീർപ്പിനു തുരങ്കം വയ്ക്കാൻ ശ്രമിക്കുകയാണെന്ന വാർത്ത ഉത്കണ്ഠാജനകമാണ്. യുഎസ് ഗവൺമെൻറിൽനിന്നു ചോർന്ന രേഖകൾ, കരാർ സ്ഥിരീകരിക്കാമെന്നു സമ്മതിക്കുന്നതിനുമുമ്പ് നിരോധനത്തെ ‘പരിഷ്കരി’ക്കാൻ ‘നിശ്ശബ്ദമായ’ നയതന്ത്ര ശ്രമങ്ങൾ നടക്കുന്നതായി വെളിപ്പെടുത്തുന്നു.”
അത്യാഗ്രഹികൾ കണക്കുബോധിപ്പിക്കേണ്ട ഒരു ദിവസം
“അല്ലയോ ധനവാൻമാരേ, നിങ്ങൾക്കു ഭവിക്കാനിരിക്കുന്ന ദുരിതങ്ങൾ നിമിത്തം കരഞ്ഞുമുറയിടുവിൻ!” എന്നു യാക്കോബ് 5:1-ൽ ബൈബിൾ മുന്നറിയിപ്പു നൽകുന്നു. (ജെ. ബി. ഫിലിപ്സിന്റെ ദ ന്യൂ ടെസ്റ്റമെൻറ് ഇൻ മോഡേൺ ഇംഗ്ലീഷ്) കാര്യങ്ങൾ നേരേയാക്കാൻ കഴിവുള്ള ഒരുവനായിരിക്കും കണക്കു ചോദിക്കുക: “യഹോവ സകല പീഡിതൻമാർക്കും വേണ്ടി നീതിയും ന്യായവും നടത്തുന്നു.”—സങ്കീർത്തനം 103:6.
“അവൻ നിലവിളിക്കുന്ന ദരിദ്രനെയും സഹായമില്ലാത്ത എളിയവനെയും വിടുവിക്കുമല്ലോ. എളിയവനെയും ദരിദ്രനെയും അവൻ ആദരിക്കും; ദരിദ്രൻമാരുടെ ജീവനെ അവൻ രക്ഷിക്കും” എന്ന സങ്കീർത്തനം 72:12, 13-ലെ വാക്കുകൾ പെട്ടെന്നുതന്നെ നിവൃത്തിയേറുമെന്നറിഞ്ഞ് കടുത്ത ദാരിദ്ര്യത്തിൽ കഴിയുന്നവർക്ക് ആശ്വാസം കണ്ടെത്താം.
[അടിക്കുറിപ്പ്]
a “ലക്ഷങ്ങളുണ്ടാക്കാൻ ലക്ഷങ്ങളെ കൊല്ലുന്നു” എന്ന 1995, മേയ് 22-ലെ ഉണരുക! കാണുക.
[6-ാം പേജിലെ ചതുരം]
മാറിപ്പോകാൻ വിസമ്മതിക്കുന്ന പാഴ്വസ്തുക്കൾ
“ഉടനെയെങ്ങും പരിഹരിക്കപ്പെടാൻ വ്യക്തമായ യാതൊരു മാർഗവുമില്ലാതെ മാരകമായ ആണവ അവശിഷ്ടങ്ങൾ കുന്നുകൂടുന്നു.” കഴിഞ്ഞ മാർച്ചിൽ ദ ന്യൂയോർക്ക് ടൈംസിലെ ശാസ്ത്രവിഭാഗത്തിന്റെ തലക്കെട്ട് അങ്ങനെയായിരുന്നു. “കുഴിച്ചുമൂടുന്നതാണ് ഏറ്റവും ലളിതമായ പോംവഴി. എന്നാൽ നെവഡയിൽ ഭൂമിക്കടിയിലെ ഒരു നിർദിഷ്ട ചവറ്റുകുഴി പ്ലൂട്ടോണിയം അവശിഷ്ടങ്ങളിൽ നിന്നുണ്ടാകാവുന്ന ആണവ വിസ്ഫോടനത്താൽ കാലക്രമേണ പൊട്ടിത്തെറിച്ചേക്കുമോ എന്നതിനെപ്പറ്റി ശാസ്ത്രജ്ഞർ വാദപ്രതിവാദം നടത്തുകയും ഫെഡറൽ ഏജൻസികൾ അതിനെക്കുറിച്ചു പഠിച്ചുകൊണ്ടിരിക്കുകയും ചെയ്യവേ ആളുകൾ അതിനെയിപ്പോൾ വിമർശിക്കുകയാണ്.”
അധികമുള്ള പ്ലൂട്ടോണിയം ലോകത്തുനിന്നു നീക്കം ചെയ്യുന്നതിനുള്ള അനേകം പദ്ധതികൾ ശാസ്ത്രജ്ഞർ മുന്നോട്ടുവച്ചിട്ടുണ്ട്, എന്നാൽ ചെലവ്, വിവാദങ്ങൾ, ഭയങ്ങൾ എന്നിവ നിമിത്തം ആ പദ്ധതികളൊന്നും ഇപ്പോഴും വെളിച്ചം കണ്ടിട്ടില്ല. അനേർക്കും അരുചികരമായ ഒരു ആശയം അതു കടലിൽ കുഴിച്ചു മൂടുക എന്നതാണ്. കുറച്ചുകൂടി ഭാവനയിൽ മാത്രം ഒതുങ്ങുന്ന ഒരു നിർദേശം അതു ധൂളിയാക്കി സൂര്യനിലേക്കു വിക്ഷേപിക്കുക എന്നതാണ്. ഇനിയും മറ്റൊരു പരിഹാരം റിയാക്ടറുകൾ ഉപയോഗിച്ച് അതു കത്തിച്ചുകളയുക എന്നതാണ്. എന്നാൽ അതു സാധ്യമാകുന്നതിനു “നൂറുകണക്കിനോ ആയിരക്കണക്കിനോ വർഷങ്ങളെടുക്കു”മെന്നതിനാൽ ഇതു തള്ളപ്പെട്ടു.
ഊർജ, പരിസ്ഥിതി ഗവേഷണ സ്ഥാപനത്തിലെ ഡോ. മക്കിജാനി പറഞ്ഞത് “സാങ്കേതികമായി നല്ലതായിരിക്കുന്ന എല്ലാ പരിഹാരങ്ങൾക്കും രാഷ്ട്രീയമായി അതൃപ്തികരമായ വശങ്ങളുണ്ട്, രാഷ്ട്രീയമായി നല്ലതായിരിക്കുന്ന എല്ലാ പരിഹാരങ്ങളും സാങ്കേതികമായി കൊള്ളാത്തതുമാണ്. ഈ പ്രശ്നത്തിനുള്ള മെച്ചമായ ഒരു സമഗ്ര പരിഹാരം ഞങ്ങളുൾപ്പെടെ ആരുടെയും പക്കലില്ല” എന്നാണ്.
ആറു കോടി ഭവനങ്ങൾക്കു വൈദ്യുതി നൽകാൻ—രാജ്യത്തെ വൈദ്യുതിയുടെ 20 ശതമാനം—അമേരിക്കൻ ഐക്യനാടുകളിലുള്ള ന്യൂക്ലിയർ വൈദ്യുത പ്ലാന്റുകളിലെ 107 റിയാക്ടറുകൾ വർഷംതോറും ഉപയോഗിച്ചുതള്ളുന്നതു 2,000 ടൺ ഇന്ധനമാണ്. 1957 മുതലുള്ള അത്തരം ഇന്ധനം അവർ ന്യൂക്ലിയർ പ്ലാന്റുകളിൽത്തന്നെ തത്കാലത്തേക്കു സൂക്ഷിച്ചുവച്ചിരിക്കുകയാണ്. അതു നിർമാർജനം ചെയ്യാനുള്ള ഒരു വഴി ഗവൺമെന്റു കണ്ടെത്തുമെന്ന പ്രതീക്ഷയിൽ ആളുകൾ പതിറ്റാണ്ടുകളായി കാത്തിരുന്നു. ഒൻപതു പ്രസിഡന്റുമാർ അധികാരത്തിലേറി, 18 കോൺഗ്രസുകൾ, ഭൂമിക്കടിയിൽ റേഡിയോ ആക്ടീവതയുള്ള ഈ പാഴ്വസ്തുക്കൾ സൂക്ഷിക്കാനുള്ള ഒരിടം തരപ്പെടുത്താനുള്ള പദ്ധതികളും അന്തിമ സമയപരിധികളും നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ആയിരക്കണക്കിനു വർഷങ്ങളോളം സുരക്ഷിതമായി വയ്ക്കേണ്ട പാഴ്വസ്തുക്കളുടെ അന്തിമ നിർമാർജനം എന്ന പ്രശ്നം ഇപ്പോഴും ബാക്കി നിൽക്കുകയാണ്.
ഇതിനു കടകവിരുദ്ധമായി, പ്രപഞ്ചത്തിലെ വിദൂര നക്ഷത്രങ്ങളിൽ യഹോവയാം ദൈവം പ്രവർത്തിപ്പിക്കുന്ന ലക്ഷക്കണക്കിനു കോടി സംലയന ചൂളകൾ (fusion furnaces) യാതൊരു ഭീഷണിയും മുഴക്കുന്നില്ലെന്നു മാത്രമല്ല, നമ്മുടെ സൂര്യനിൽ അവൻ പ്രവർത്തിപ്പിക്കുന്ന അത്തരമൊരു ചൂള ഭൂമിയിൽ ജീവിതം സാധ്യമാക്കുകയും ചെയ്യുന്നു.
[കടപ്പാട്]
UNITED NATIONS/IAEA
[7-ാം പേജിലെ ചിത്രം]
വിഷലിപ്തമായ രാസപദാർഥങ്ങൾ കുടിക്കാനും അലക്കാനുമുള്ള വെള്ളം മലിനമാക്കുന്നു
[7-ാം പേജിലെ ചിത്രം]
കുട്ടികൾ അപകടകരമോ മാരകമോ ആയ പാഴ്വസ്തുക്കൾക്കിടയിൽ കളിക്കുന്നു